ദിവാസികളെ നശിപ്പിച്ചത് ഭൂപരിഷ്‌കരണമാണെന്നും സമൂഹത്തിന്റെ ബാക്കി തുറകളിലുള്ളവർക്കെല്ലാം പട്ടയം ലഭിച്ചപ്പോൾ യഥാർഥ അവകാശികളായ ആദിവാസികള്‍ക്ക് അത് നിഷേധിക്കപ്പെടുകയായിരുന്നുവെന്നു ആദിവാസി ഗോത്ര മഹാസഭ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സി.കെ. ജാനു. ആദിവാസികള്‍ക്ക് വിവരവും വിദ്യാഭ്യാസവുമില്ല, അതിനാല്‍ അവര്‍ ഭൂമി വില്‍ക്കും എന്ന മുടന്തൻന്യായം പറഞ്ഞുള്ള നീതി നിഷേധമാണ് ആദിവാസികൾക്ക് നേരിടേണ്ടി വന്നതെന്നും സി.കെ ജാനു അഭിമുഖത്തിൽ പറഞ്ഞു.

To advertise here,

ആര്‍ത്തവം എന്നത് മോശം കാര്യമല്ല എന്നതാണ്  അന്നും ഇന്നും തന്റെ നിലപാടെന്നും എന്‍.ഡി.എയിലെ ഒരു ഘടകക്ഷിയായാലും തനിക്ക് തൻറേതായ  തീരുമാനവും അഭിപ്രായവുമുണ്ടാവുമെന്നും സി.കെ. ജാനു ശബരിമല വിഷയത്തെ മുൻനിർത്തി പ്രതികരിച്ചു. ജാഥ തൊഴിലാളികളും പോസ്റ്ററൊട്ടിക്കുന്നവരും ആയി മാത്രമാണ് ഇടതു- വലതു മുന്നണികൾ  ആദിവാസികളെ എന്നും പരിഗണിച്ചത്. മുന്നണി എന്ന നിലയില്‍ പരിഗണിക്കാനുള്ള മനസ്സ് കാണിച്ചത് എന്‍.ഡി.എയാണ്. ഈ രണ്ട് മുന്നണികളുടെയും അവഗണന മൂലമാണ് എന്‍.ഡി.എയിലേക്ക് പോവേണ്ടി വന്നതെന്നും  ജാനു പറഞ്ഞു

ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നാണ് തീരുമാനമെന്നും രാഷ്ട്രീയ ആലോചനയോ കൂടിക്കാഴ്ചകളോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജാനു കൂട്ടിച്ചേർത്തു

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങൾ അടുത്ത കാലത്തായി വല്ലാതെ പെരുകിയിട്ടുണ്ട്. പക്ഷേ, ഭൂരിപക്ഷ സമൂഹത്തിന്റെ നിവൃത്തികേടുമായി ചേര്‍ത്തുനിര്‍ത്തിയാണ് അതെപ്പോഴും സംസാരിച്ചു കേട്ടിട്ടുള്ളത്. ആദിവാസി സമൂഹത്തെ എങ്ങനെയാണ് ഈ വന്യജീവി പ്രശ്‌നം ബാധിച്ചിട്ടുള്ളത്.

ആദിവാസികള്‍ ഈ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ സമൂഹത്തിന് അതൊരു പ്രശ്‌നമാവുന്നില്ല എന്നതാണ് വലിയ പ്രശ്‌നം. ആദിവാസിയേതര വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് മൃഗങ്ങള്‍ മൂലം ജീവഹാനി സംഭവിച്ചാല്‍ അത് കേരളത്തിലെ എല്ലാ ആളുകളുടെയും പ്രശ്‌നമെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടുകയും പരിഗണിക്കുകയും ചെയ്യുന്നു എന്ന അവസ്ഥയുണ്ട്. ആദിവാസികളുടെ ഇടയിലുണ്ടാവുന്ന ഇത്തരം ജീവഹാനികള്‍ അത് അവിടം കൊണ്ടു തീര്‍ന്നുപോകുന്ന അവസ്ഥയാണ്. കാടിനോടു ചേര്‍ന്നു ജീവിക്കുന്നവരില്‍ കൂടുതലും ആദിവാസികളാണ്. ഞാന്‍ നടത്തിയ അന്വേഷണത്തിൽ അഞ്ച് വര്‍ഷത്തിനിടെ ആറളം ഫാമില്‍ മാത്രം 13 ആദിവാസികളാണ് മരിച്ചത്. ഇതൊന്നും വാര്‍ത്ത പോലുമാകുന്നില്ല. ജനാര്‍ദ്ദനന്‍ എന്ന ആദിവാസി റോഡില്‍ കൂടി നടന്നുപോകുന്നതിനിടെയാണ് ആന തുമ്പിെൈക്ക കൊണ്ട് നിലത്തടിച്ചു കൊല്ലുന്നത്. ഭാര്യ നേരത്തെ മരിച്ചുപോയതാണ്. രണ്ട് കുട്ടികള്‍ അനാഥരാണ്. ജോലി ലഭിക്കുംവരെ പഠനവും സംരക്ഷണവും കൊടുക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അനാഥാലയത്തില്‍ കൊണ്ടു പോയി വിടൂ എന്നാണ് പറഞ്ഞത്. ഒരു കുട്ടി പത്തിലും ഒരു കുട്ടി പ്ലസ്ടുവിലുമാണ്. ഇതൊന്നും വാര്‍ത്തയാവുന്നില്ല. മനുഷ്യ-മൃഗ സംഘര്‍ഷങ്ങളില്‍ തന്നെ വേര്‍തിരിവ് കാണുന്ന ഈ വ്യവസ്ഥിതിയാണ് ആദ്യം ഇല്ലാതാവേണ്ടത്. 

അധിനിവേശ സസ്യങ്ങള്‍ വെച്ച്പിടിപ്പിച്ചും മറ്റുമുള്ള വനംവകുപ്പിന്റെ വനവത്കരണ പദ്ധതികള്‍ അവിടുത്തെ ആവാസ വ്യവസ്ഥയെയും ആദിവാസി ജീവിതത്തെയും എത്രത്തോളം ബാധിച്ചിട്ടുണ്ട്. ?

വനവത്കരണ പദ്ധതികള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ആദിവാസി ജീവിതങ്ങളെയാണ്. പാരമ്പര്യമായി കാടുകളില്‍ നിന്നാണ് ഭക്ഷ്യവിഭവങ്ങള്‍ ആദിവാസികള്‍ ശേഖരിച്ചിരുന്നത്. തേക്ക്, യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ ഏകവിള കൃഷി രീതി വന്നതോടെ ആദിവാസികള്‍ ആശ്രയിച്ചിരുന്ന കാട്ടുവിഭവങ്ങള്‍ ഇല്ലാതായി. മൃഗങ്ങളുടെ അതിജീവനത്തെയും അത് ബാധിച്ചു. മനുഷ്യരില്‍ പോഷകാഹാരക്കുറവായി അത് പ്രകടമായി. മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്ന അവസ്ഥ സൃഷ്ടിച്ചു. കൃഷി സ്ഥലത്തേക്ക് മൃഗമിറങ്ങിയത് കര്‍ഷകരുടെ ഉപജീവനത്തെയും ബാധിക്കുന്ന അവസ്ഥയിലെത്തിച്ചു. 

കാട്ടുപന്നികളില്‍ നിന്നുള്ള കൃഷിനാശം നിലവില്‍ സര്‍വസാധാരണമാണ്. കാട്ടിലെ കുറുക്കന്‍മാര്‍ കാട്ടുപന്നികളുടെ വംശവര്‍ധനവ് നിയന്ത്രിക്കുന്ന ജൈവവ്യവസ്ഥയെക്കുറിച്ച് ആത്മകഥയില്‍ പരാമര്‍ശിച്ചു കണ്ടിട്ടുണ്ട്. എങ്ങനെയാണ് കാട്ടുപന്നികളുടെ എണ്ണത്തെ കുറുക്കന്‍ നിയന്ത്രിച്ചു നിര്‍ത്തിയത്. നിലവില്‍ കുറുക്കന്‍മാരുടെ വംശനാശത്തിലേക്കെത്തിച്ച ഘടകങ്ങള്‍ എന്തെല്ലാമാണ്..?

കൃഷിരീതിയുടെ മാറ്റമാണ് കുറുക്കന്‍മാരുടെ വംശനാശത്തിലേക്കെത്തിച്ചത്. കുറുക്കന്‍ ഏറ്റവും കൂടുതല്‍ തിന്നുന്നത് പാടത്തുള്ള ഞണ്ടാണ്. പാടത്തെ പാരമ്പര്യ നെല്‍കൃഷി ഒഴിവാക്കി ഇഞ്ചിയും വാഴയും കൃഷി ചെയ്യാന്‍ തുടങ്ങി പാടവരമ്പില്‍ തെങ്ങും കവുങ്ങും സ്ഥാനം പിടിച്ചു. ഇത് ഞെണ്ടിന്റെ നിലനില്‍പിനെ ബാധിച്ചു. ഇഞ്ചി പോലുള്ളവയുടെ കൂമ്പുകള്‍ ഞെണ്ടുകള്‍ കടിച്ചു പൊട്ടിക്കുന്നത് ഒഴിവാക്കാന്‍ കൃഷിക്കാര്‍ ഫ്യൂരിഡാന്‍ പോലുള്ള മാരകവിഷങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അത് ഞണ്ടിനെ തിന്നുന്ന കുറുക്കന്‍മാരുടെ നിലനില്‍പിനെയും ബാധിച്ചു. ഇതാണ് പ്രധാനമായും കുറുക്കന്‍മാരുടെ വംശനാശത്തിലേക്കെത്തിച്ചത്. കാട്ടുപന്നികള്‍ക്ക് ഒറ്റ പ്രസവത്തില്‍ 10 കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്. കുറുക്കന്‍മാര്‍ പന്നിയുടെ കുഞ്ഞുങ്ങളെ ആഹാരമാക്കാറുണ്ട്. എന്നാൽ കുറുക്കൻമാരുടെ വംശനാശം പന്നികളുടെ വംശവര്‍ധനവിലേക്ക് നയിക്കുകയും പ്രസവത്തിലെ പത്തു കുഞ്ഞുങ്ങളും വലുതായി അവ വീണ്ടും സന്താനോത്പാദനം നടത്തി വംശവര്‍ധനവിലേക്ക് എത്തിക്കുകയായിരുന്നു. കുറുക്കനുണ്ടായിരുന്നെങ്കിൽ പന്നിയുടെ ശല്യം ഇതുപോലെ കൂടില്ലായിരുന്നു. ഓരോ ജീവികള്‍ക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ വലിയ പങ്കുണ്ട്. അത് തിരിച്ചറിയാതെയാണ് മനുഷ്യരുടെ മുന്നോട്ടുപോക്ക്. മറ്റ് ജീവികളുടെ വംശനാശം മനുഷ്യര്‍ക്കു നേരെയുള്ള ഭീഷണി കൂടിയാണെന്ന് നമ്മൾ  മനസ്സിലാക്കേണ്ടതുണ്ട്. 

placeholder
സി.കെ ജാനു പഴയകാല ചിത്രം

വന്യജീവി സംഘര്‍ഷങ്ങളുടെ കാരണങ്ങളിലേക്ക് പോകുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത് കാടു കയ്യേറിയതുകൊണ്ടും വനവിഭവങ്ങള്‍ ഇല്ലാതായതുകൊണ്ടുമാണ് മൃഗങ്ങള്‍ നാട്ടിലേക്കു വരുന്നതെന്നാണ്. ചില വിദഗ്ധരും ഉദ്യോഗസ്ഥരും പറയുന്നത് കാടുകളില്‍ ഇവയ്ക്ക് അനുകൂലമായ സാഹചര്യമായതിനാല്‍ എണ്ണം ക്രമാതീതമായി പെരുകിയതാണ് പ്രശ്‌നങ്ങളിലേക്കെത്തിച്ചതെന്നാണ്. ഈ വിഷയത്തില്‍ ആദിവാസികളുടെ നിരീക്ഷണമെന്താണ്..?

കാട്ടിലെ ജീവികളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. എന്നാൽ അത് മാത്രമല്ല കാരണം. 1970-ല്‍ ഉണ്ടായിരുന്ന വന വിസ്തീര്‍ണത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഇന്നില്ല. മൃഗങ്ങള്‍ക്കുള്ള രണ്ട് ഭാഗം കാടു നഷ്ടപ്പെട്ടതോടെ ചില തുരുത്തുകളിലേക്ക് അവര്‍ കേന്ദ്രീകരിച്ചു. വനവിസ്തൃതിയെ നിലനിര്‍ത്തി, മോണോ കള്‍ച്ചര്‍ കൃഷിരീതി മാറ്റിയാല്‍ ഗുണമുണ്ടാവും. യൂക്കാലിപ്റ്റസ്, അക്കേഷ്യ പോലുള്ള മരത്തിന്റെ ഇലകള്‍ വീഴുന്ന സ്ഥലത്ത് എണ്ണമയമുണ്ടാകും. അവിടെ സാധാരണ വളരുന്ന പുല്‍ക്കൊടി പോലും കിളിർക്കില്ല. എന്നാൽ വനത്തിന്റെ വിസ്തീര്‍ണം കുറഞ്ഞത് ആദിവാസികള്‍ക്ക് നല്‍കിയത് കൊണ്ടാണെന്നു വരെ പറയുന്നവരുണ്ട്. അവരോട് പറയാനുള്ളത് ആദിവാസികളാണ് വനത്തെ നിലനിര്‍ത്തുന്നത്. വലിയ മരങ്ങളെ വെട്ടാതെ, ദൈവമായി കണ്ടുള്ള ജീവിതരീതി പിന്തുടരുന്നവരാണ് ആദിവാസികള്‍. ഇടുക്കി പോലുള്ള വലിയ മലമ്പ്രദേശങ്ങളില്‍ തോട്ടങ്ങളും വലിയ വീടുകളും ധാരാളമുണ്ട്. അപ്പോൾ  മൃഗങ്ങള്‍ സ്വാഭാവികമായ ചില തുരുത്തുകളില്‍ കേന്ദ്രീകരിക്കും. ഇതാണ് മനുഷ്യ-മൃഗ സംഘര്‍ഷങ്ങളിലേക്കെത്തുന്നത്. മനുഷ്യന്‍ അവരുടെ അവകാശത്തിന് വേണ്ടി പോരാടുന്ന പോലെ മൃഗങ്ങളും പോരാടും. കൃത്യമായ പഠനങ്ങളാണ് നടക്കേണ്ടത്. 

ടൂറിസം വലിയ രീതിയിലുള്ള വികസനം കൊണ്ടു വന്നിട്ടുണ്ട് വയനാടിന്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിനോദ സ‍്ചാരികളുടെ കടന്നു വരവ്. ജില്ലയിലേക്ക് പണമെത്തിക്കുന്നുണ്ട്. ടൂറിസം ആദിവാസകള്‍ക്കെന്ത് വികസനമാണ് കൊണ്ടുവന്നത്. 

ഉള്‍ക്കാട്ടിനകത്ത് പാവപ്പെട്ട ആദിവാസികള്‍ക്ക് വീടു പണിയാനാവില്ല. പക്ഷേ, റിസോര്‍ട്ട് പണിയാം എന്നതാണ് അവസ്ഥ. അതെന്ത് ഏര്‍പ്പാടാണ്. പാരമ്പര്യമായി കാടിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരെ അവിടെ നിന്നിറക്കി കാടിനുള്ളില്‍ റിസോര്‍ട്ട് പണിയാന്‍ അനുവദിക്കുന്നത് നീതി യുക്തമാണോ. 

കേരളത്തില്‍ ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട് അസമത്വം കുറക്കുന്നതില്‍ ഭൂപരിഷ്‌കരണം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതു വികസനത്തിലും സാമൂഹിക മുന്നേറ്റത്തിലും ഭൂപരിഷ്‌കരണം വലിയ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷെ മുഖ്യധാരാ സമൂഹത്തിന് ലഭിച്ചതൊന്നും ഭൂപരിഷ്‌കരണം ആദിവാസി സമൂഹത്തിന് കൊണ്ടു വന്ന് തന്നില്ലെന്ന് എപ്പോഴും പറയുന്ന ഒരാളാണ് താങ്കള്‍. എന്തുകൊണ്ടാണ്. 

ആദിവാസികളെ നശിപ്പിച്ചത് ഭൂപരിഷ്‌കരണമാണെന്ന് ഞാന്‍ പറയും. പാരമ്പര്യമായി പ്രകൃതിയില്‍ ജീവിച്ചിരുന്ന, അവിടുന്ന വിഭവങ്ങള്‍ ശേഖരിച്ചവരാണ് ആദിവാസികള്‍. പട്ടയം എന്ന പ്രക്രിയ ഭരണ സംവിധാനത്തില്‍ വന്നതോടെ ആദിവാസികള്‍ അവഗണിക്കപ്പെടുകയാണുണ്ടായത്. സമൂഹത്തിന്റെ ബാക്കി തുറകളിലുള്ളവർക്കെല്ലാം പട്ടയം ലഭിച്ചപ്പോൾ യഥാർഥ അവകാശികളായ ആദിവാസികള്‍ക്കത് നിഷേധിക്കപ്പെടുകയായിരുന്നു. അന്നു സര്‍ക്കാര്‍ പറഞ്ഞ ന്യായമാണ് ഏറ്റവും ആദിവാസി വിരുദ്ധവുമായത്. ആദിവാസികള്‍ക്ക് വിവരവും വിദ്യാഭ്യാസവുമില്ല അതിനാല്‍ അവര്‍ ഭൂമി വില്‍ക്കും എന്നതായിരുന്നു ന്യായം. എന്തൊരു നീതി നിഷേധമാണ്. ഞാനൊക്കെ സമരം ചെയ്തിട്ട് ആയിരക്കണക്കിന് പേർക്ക് ഭൂമി കിട്ടിയിട്ടുണ്ട്. എന്നാല്‍ പട്ടയം മേള എന്ന് പറഞ്ഞ് നടക്കുന്ന സംഭവങ്ങളില്‍ ആദിവസികള്‍ക്ക് പട്ടയം നല്‍കാതെ കൈവശ രേഖ നല്‍കുകയും ആദിവാസികളല്ലാത്തവര്‍ക്ക് പട്ടയം നല്‍കുന്ന രീതിയുമാണ് കണ്ടിരുന്നത്. കൈവശ രേഖ വെച്ച് കരമടക്കാനോ ലോണടക്കാനോ കുഞ്ഞുങ്ങളെ പഠിപ്പിക്കാനോ പറ്റില്ല. കൃഷിനാശമുണ്ടായാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ വരെ കരമടച്ച രസീതി വേണം. ഭൂപരിഷ്‌കരണത്തിലേക്ക് വന്നപ്പോള്‍ ആദവാസികള്‍ക്ക് പട്ടയമില്ലാത്തിനാല്‍ തന്നെ പട്ടയമില്ലാത്ത ഭൂമിയെല്ലാം മിച്ച ഭൂമിയായി സര്‍ക്കാര്‍ കണക്കാക്കി. ആദിവാസികളുടെ ഭൂമി ആദ്യമായി  പിടിച്ചെടുക്കുന്നതും സര്‍ക്കാരാണ്. അതിനു ശേഷമേ കുടിയേറ്റ കര്‍ഷകര്‍ വരുന്നുള്ളൂ.  കേരളത്തിലെ മുഴുവന്‍ ഭൂമിയും ഭൂപരിഷ്‌കരണത്തില്‍ ഇടം നേടാതെ പോയതും വലിയ ന്യൂനതയാണ്. അമ്പലത്തിന്‍രെ ഭൂമികള്‍, പള്ളിയുടെ ഭൂമികള്‍ ട്രസ്റ്റിന്റെ ഭൂമി, തോട്ടം ഭൂമി എന്നിവയൊന്നും ഭൂപരിഷ്‌കരണത്തില്‍ ഉള്‍പ്പെടുത്തിയില്ല. പകരം പാവപ്പെട്ട മനുഷ്യരുടെ ഭൂമി ഉൾപ്പെടുത്തുകയും ചെയ്തു. ഭൂപരിഷ്‌കരണമാണ് ആദിവാസി ഭൂരഹിതരെ സൃഷ്ടിച്ചത്. എന്നിട്ട് അഞ്ച് സെന്റ് കുടികിടപ്പവകാശം നല്‍കി പരിഹസിച്ചു. പ്രത്യേക വിഭാഗത്തിനായി ലക്ഷം വീട് പോലെയുള്ള കോളനി എന്ന സമ്പ്രദായം ഊട്ടിയുറപ്പിക്കുക എന്ന പാതകവും ഭൂപരിഷ്‌കരണത്തിന്റെ തുടർച്ചയായി സംഭവിച്ചു.

കാടിനോടും മൃഗങ്ങളോടും മല്ലടിച്ച് മലേറിയ പോലുള്ള മാരക രോഗങ്ങളെ അതിജീവിച്ച് തടിവിയര്‍പ്പാക്കി മാറ്റിയ അധ്വാന വിഭാഗമായാണ് കുടിയേറ്റ കര്‍ഷകര്‍ എപ്പോഴും വായിക്കപ്പെടുന്നത്. എന്നാല്‍ മദ്യം നല്‍കി ആദിവാസി പുരുഷന്‍മാരെ മയക്കി അവരുടെ ഭൂമി ചുളുവില്‍ തട്ടിയെടുത്ത ഒരു കറുത്ത ചരിത്രം അവര്‍ക്കുണ്ടെന്ന് താങ്കളുടെ അടിമമക്ക പുസ്തകത്തില്‍ പറയുന്നുണ്ട് അതേ പറ്റി സംസാരിക്കാമോ.... 

ഈ വിഷയം കേരളം അധികം ചര്‍ച്ച ചെയ്യില്ല. ഭാര്യയും മക്കളുമായും  വരുന്ന ഒരു കുടിയേറ്റ കര്‍ഷകന്‍ പത്തേക്കര്‍ കാടാണ് വെട്ടിപ്പിടിക്കുന്നത്. ഈ ചെറു കുടുംബം മാത്രമാണ് അതിന്റെ ഗുണഭോക്താക്കള്‍. കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം കൊടുത്തത് സര്‍ക്കാരാണ്. ഈ ഭൂമി പോവുന്നതിന്റെ പ്രധാന ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണ്. എനനാല്‍ പി്‌ന്നീട് വന്ന രാഷ്ട്രീയക്കാര്‍ ആദിവാസികള്‍ക്കെതിരേ കുടിയേറ്റ കര്‍ഷകരെയും കുടിയേറ്റ കര്‍ഷകര്‍ക്കെതിരേ ആദിവാസികളെയും സംഘടിതരാക്കുകയായിരുന്നു. ആട്ടിന്‍കൂട്ടത്തെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ സ്വഭാവമാണ് എല്ലാ കാലത്തും സര്‍ക്കാരുകള്‍ കാണിച്ചത്.

placeholder
കോവിഡ് കാലത്താണ് സി.കെ ജാനു ഡ്രൈവിങ് പഠിക്കുന്നത്. ഇന്ന് സ്വന്തമായി വാഹനം വാങ്ങി ടാക്സി വണ്ടിയായി ഓടിക്കുന്നതാണ് ഉപജീവന മാർഗ്ഗങ്ങളിലൊന്ന് 

സ്വന്തമായി കാറോടിച്ചാണ് ഇന്ന് താങ്കൾ കേരളം മുഴുവന്‍ സഞ്ചരിക്കുന്നത്. കോവിഡ് കാലത്തായിരുന്നല്ലോ കാര്‍ ഓടിക്കാന്‍ പഠിച്ചതും. ആദിവാസി നേതാവ് കാറു വാങ്ങിയതിനെയും കാറോടിക്കുന്നതിനെയും നല്ല വേഷം ധരിക്കുന്നതിനെയും, വിദേശത്ത പോവുന്നതിനെയും  മുന്‍വിധിയോടെ കണ്ട് വിമര്‍ശിക്കുന്ന ഒരു വിഭാഗമുണ്ട് സമൂഹത്തില്‍ അവരുടെ വേട്ടയാടലുകളെ എങ്ങനെയാണ് നേരിട്ടത്.

ജനിച്ചതു മുതല്‍ എനിക്കെതിരേ മോശം പ്രചരണം കേള്‍ക്കുന്നയാളാണ് ഞാന്‍. മറ്റുള്ളവര്‍ എന്നെ കുറിച്ച് എന്ത് മോശം പറഞ്ഞാലും എന്നെ ബാധിക്കാറില്ല. വലിയ ലോകത്തെ ചെറിയ ജീവിതമാണ് നമ്മുടേത്. നാമോമോരുത്തരും പിറവിയെടുക്കുമ്പോൾ നമ്മില്‍ കല്‍പിതമായിരിക്കുന്ന ചില ഉത്തരവാദിത്വങ്ങളുണ്ട്. അത് പ്രയോജനപ്പെടുത്തുക എന്നതാണ് എന്റെ മനോഭാവം. ലോകത്തുള്ള മുഴുവന്‍ സംവിധാനം നമ്മുടേതും കൂടിയാണ്. നല്ല സാരിയുടുത്താല്‍ ചുരിദാറിട്ടാലൊക്കെ വേറെ എവിടെ നിന്നോ പണമോ ഉപഹാരമോ എനിക്ക് കിട്ടുന്നു എന്ന രീതിയില്‍ പറയുന്നവരുണ്ട്. സ്വന്തമായി വണ്ടിയെടുത്തതുതന്നെ വണ്ടിയോടിച്ച് വരുമാനം കണ്ടെത്താനാണ്. വയനാട്ടില്‍ ടാക്‌സിയായി ഞാന്‍ വണ്ടിയോടിക്കാറുണ്ട്. നമ്മള്‍ നമുക്ക് വേണ്ടി പലപ്പോഴും ജീവിക്കില്ല. എന്നാൽ അയല്‍ക്കാരും മീഡിയയും പയുന്നതോർത്ത് പേടിച്ച് ജീവിക്കാൻ ഞാനൊരുക്കമല്ല.. ആയിരം കുടത്തിന്റെ വായ കെട്ടിയാലും മനുഷ്യന്‍രെ വായ മൂടിക്കെട്ടാനാവില്ല എന്ന് ആലോചിച്ച് ഇതൊന്നും മൈൻഡ് ആക്കാതെ നടക്കുക എന്നതാണ് ഞാൻ ചെയ്യുന്നത്.

ആദിവാസികള്‍ക്കായി പ്രവർത്തനത്തിനിറങ്ങിയപ്പോള്‍ എത്രയോ മൈലുകളോളം കാട്ടിടവഴികളിലൂടെ രാത്രി ഒറ്റയ്ക്ക് നടന്നു പോവേണ്ടി വന്നിട്ടുണ്ട് സി.കെ. ജാനുവിന്. വന്യ ജീവികളില്‍ നിന്നല്ല ആദിവാസിയേതര മനുഷ്യരില്‍ നിന്നാണ് ജാനു അടക്കമുള്ള ആദിവാസി സമൂഹം ഭീഷണികള്‍ നേരിട്ടുള്ളതെന്ന് താങ്കളുടെ ജീവിതം വായിച്ചപ്പോള്‍ തോന്നിയിട്ടുണ്ട്. പോരാട്ടങ്ങളിലൂടെ കടന്നു പോവുന്ന മനുഷ്യരില്‍ പുരുഷന്‍ നേരിടുന്നതിനേക്കാൾ വലിയ പ്രതിബന്ധങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാറുണ്ട്. ആദിവാസി സ്ത്രീയെന്ന തലത്തിലുള്ള താങ്കളുടെ അതിജീവനം എത്രത്തോളം കാഠിന്യമേറിയതായിരുന്നു...

1920-ല്‍ നടന്ന ഞങ്ങളുടെ സമരം ഉറങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. അല്ലാതെ ഭക്ഷണം വേണമെന്നോ വിദ്യാഭ്യാസം വേണമെന്നോ പറഞ്ഞുകൊണ്ടായിരുന്നില്ല. ഉറങ്ങാൻ പോലും അനുവദിക്കാത്തവിധമുള്ള അടിമപ്പണിക്കെതിരേയുള്ളതായിരുന്നു ആ സമരം. ആ സമരത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് സ്ത്രീകളായിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ കേരള ചരിത്രത്തില്‍ ആ സമരം അടയാളപ്പെടുത്തപ്പെടാതെ പോയത്. പുരുഷ മേധാവിത്വം നമ്മുടെ സമൂഹത്തിലുണ്ടെന്നത് വാസ്തവമാണ്. ഇത്തരം വേദികളിലൊന്നും ആദിവാസികള്‍ കടന്നു വരരുത് എന്നൊരു സാമൂഹിക വ്യവസ്ഥിതി സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാൽ സ്ത്രീകള്‍ ഇതിനെയെല്ലാം തമസ്‌കരിച്ച് മുന്നോട്ടു വരണം. സ്ത്രീ ലോകത്തിന്റെ നട്ടെല്ലെന്നാണ് പറയുന്നത്. പ്രത്യുത്പാദന ശേഷിയുള്ളത് സ്ത്രീക്കാണ്. സ്ത്രീയുള്ളതു കൊണ്ടാണ് ഗ്രാമവും സമൂഹവുമെല്ലാം ഉണ്ടാവുന്നത്. അപ്പോള്‍ ഉയര്‍ന്നു നില്‍ക്കേണ്ടത് സ്ത്രീയാവണമായിരുന്നു. പക്ഷെ അത് സംഭവിച്ചില്ല. സ്ത്രീ എന്ന നിലയിലുള്ള പ്രശ്‌നങ്ങള്‍ ഞാന്‍ മരിക്കും വരെ ഉണ്ടാകും. വരാനുള്ളതു വരട്ടെ ന്നെ ആത്മവിശ്വാസത്തിലാണ് എന്റെ ജീവിതം.

നിലവിലെ വ്യവസ്ഥിതിയോട് കലഹിക്കുന്ന സ്ത്രീകളെയെല്ലാം സ്ലട്ട് ഷെയിം ചെയ്യുന്ന ഒരു വിഭാഗമുണ്ട്. രാത്രി കാലങ്ങളില്‍ പല സ്ഥലങ്ങളിലും പോകുന്നതിനാല്‍ മോശമായ വാക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടോ. അതിനെ എങ്ങനെയാണ് അതിജീവിച്ചത്...

വേശ്യയെന്ന് സ്ത്രീയെ പറയുമ്പോള്‍ അതിലുള്‍പ്പെട്ട പുരുഷന്‍മാര്‍ ഒഴിവാക്കപ്പെടുന്നു. എനിക്കറിയുന്ന ഭൂരിഭാഗം ലൈംഗിക തൊഴിലാളികളും അവര്‍ക്കിഷ്ടപ്പെട്ട് കൊണ്ടല്ല ഈ പണിക്കു പോവുന്നത്. പക്ഷെ കുറ്റം എന്നും സ്ത്രീക്ക് മാത്രമാണ്. വേശ്യ വിളി ഭയന്ന് പിന്നാപമ്പുറത്തേക്ക് ഒതുങ്ങുന്ന എത്രയോ സ്ത്രീകളുണ്ട് നമ്മുടെ സമൂഹത്തില്‍. ഈ വിളിക്കുന്നതിന്റെ ഉദ്ദേശം തന്നെ ഒതുക്കുക എന്നതാണ്. ആ രീതിയില്‍ അവരുടെ ഉദ്ദേശ ലക്ഷ്യം നടപ്പിലാക്കാനുള്ള കണ്ണിയായി നാം മാറരുത്. വേശ്യ വിളി കേട്ട് ഒതുങ്ങുമ്പോള്‍ വിളിച്ചവനല്ലേ വിജയിക്കുന്നത്. അതിന് നാം അനുവദിക്കരുത്. ആര്‍ത്തവം ലോകത്തിന്റെ അടയാളമാണ്. പ്രകൃതിയുടെ അനുഗ്രഹമാണ്. അത് അന്തസ്സില്ലാത്തകാര്യമാക്കി മാറ്റിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. അത് ശരിയല്ല.

placeholder
2016-ൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയ സി.കെ ജാനുവിന്റെ പ്രചാരണത്തിനായി സ്മൃതി ഇറാനി എത്തിയപ്പോൾ

ആര്‍ത്തവവുമായി ബന്ധപ്പെട്ട് സംസാരിച്ചതു കൊണ്ട് ഒരു ചോദ്യം തീര്‍ച്ചയായും ചോദിക്കേണ്ടതുണ്ടന്ന് തോന്നുന്നു. ശബരിമലയില്‍ കയറാനുള്ള സുപ്രീം കോടതി വിധിയെ മാനിക്കാതെ സത്രീകളെ ശബരിമലയില്‍ കയറ്റാതിരിക്കാനുള്ള പ്രക്ഷോഭത്തിനു മുന്‍കൈയ്യെടുത്തവരാണ് ബിജെപി. ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടെടുത്ത ബിജെപിയുടെ ഭാഗമായ എന്‍ഡിഎയില്‍ സഖ്യകക്ഷിയായി തുടരുകയാണ് താങ്കളുടെ പാര്‍ട്ടി..

ഞാന്‍ എന്‍.ഡി.എയിലെ ഒരു ഘടകക്ഷിയാണ്. ഏത് പാര്‍ട്ടിയില്‍ പോയാലും എനിക്ക് എന്റേതായ തീരുമാനവും അഭിപ്രായവുമുണ്ടാവും. ഏതെങ്കിലും ഒരു കക്ഷിക്കൊപ്പം പോയതു കൊണ്ട് എന്റെ അഭിപ്രായവും വ്യക്തിത്വും അസ്തിത്വവും ഒന്നും മാറില്ല.  എനിക്കെന്റേതായ നിലപാടും തീരുമാനവുമുണ്ട്. ആര്‍ത്തവമെന്നത് മോശം കാര്യമല്ലെന്നതാണ്  അന്നും ഇന്നും എന്റെ നിലപാട്. ആര്‍ത്തവമാണ് സമൂഹത്തെയും സംവിധാനത്തെയും നിലനിര്‍ത്തുന്നത്. അത് അയിത്തമല്ല, അഭിമാനമാണ് അന്തസ്സമാണ്...

തങ്ങള്‍ അടിമപ്പണി ചെയ്‌തോളാം എന്ന് ആദിവാസികളെ കൊണ്ട് വള്ളിയൂരമ്മയുടെ മുന്നില്‍ വെച്ച് സത്യം ചെയ്യിക്കുന്ന ഒരാചാരത്തെ കുറിച്ച് ആത്മകഥയില്‍ പറയുന്നുണ്ടല്ലോ. ദൈവം എന്നത് എത്രത്തോളം ചൂഷണോപാധിയാണ് എന്നതിനുള്ള ദൃഷ്ടാന്തമാണ് ആ ആചാരം എന്നും താങ്കളതില്‍ പറയുന്നുണ്ട്. ആരാധാനാലയങ്ങളെ ഉപയോഗിച്ചു കൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ ധാരാളമായി നടന്നു കൊണ്ടിരിക്കുകയാണല്ലോ. അതിനെ എങ്ങനെ നോക്കി ക്കാണുന്നു

1957-ല്‍ ഇടതുപക്ഷം വന്നപ്പോള്‍ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് അവര്‍ക്കൊപ്പം ഞാനടക്കമുള്ള ആദിവാസികള്‍ നിലകൊണ്ടത്. 57-ല്‍ അധികാരത്തില്‍ വന്നിട്ടും അടിമവ്യവസ്ഥിതി നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 70-കളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നതോടെയാണ് അതവസാനിക്കുന്നത്. ഇപ്പോള്‍ അടിമക്കച്ചവടം ഇല്ല. അന്നതിനെതിരേ വലിയ സമരം നടത്തിയവരില്‍ ഒരാള്‍ വര്‍ഗ്ഗീസാണ്. അദ്ദേഹം മരിക്കുന്ന വര്‍ഷമാണ് ഞാന്‍ ജനിക്കുന്നത്. അടിമകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ അദ്ദേഹത്തെ ഇടതുപക്ഷം പുറത്താക്കിയതിനു ശേഷമാണ് അദ്ദേഹം നക്‌സലിസത്തിലേക്ക് വരുന്നത്.

ഞാന്‍ ബ്രാഹ്‌മണനായി ജനിച്ചിരുന്നെങ്കില്‍ എന്ന് പറഞ്ഞ നടനാണ് തൃശ്ശൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി. ഇടതുപക്ഷത്തിനും മറ്റ് പാര്‍ട്ടികള്‍ക്കുമില്ലാത്ത ആദിവാസി സ്‌നേഹം എന്‍.ഡി.എക്കുണ്ട് എന്ന വിശ്വാസത്തിലാണോ അവര്‍ക്കൊപ്പം നില്‍ക്കുന്നത്

ഞങ്ങളെ സംബന്ധിച്ച് കേരളത്തില്‍ ഇടതും വലതും മുന്നണികളാണല്ലോ പരിഗണിക്കപ്പെടേണ്ടിയിരുന്നത്. പതിറ്റാണ്ടുകളായി അവര്‍ക്കൊപ്പമാണല്ലോ ആദിവാസി വിഭാഗങ്ങള്‍ നിലകൊണ്ടിരുന്നതും. എന്നാല്‍ ആ രീതിയിലുള്ള പരിഗണന ഈ രണ്ട് മുന്നണികളും ഒരു കാലത്തും ആദിവാസി വിഭാഗങ്ങള്‍ക്ക് കൊടുക്കുന്നില്ല. ജാഥ തൊഴിലാളികളും പോസ്റ്ററൊടടിക്കുന്നവരും ആയി മാത്രമാണ് ഇവരെല്ലാം ഇപ്പഴും ആദിവാസികളെ പരിഗണിക്കുന്നത്. മുന്നണി എന്ന നിലയില്‍ പരിഗണിക്കാനുള്ള മനസ്സ് കാണിച്ചത് എന്‍.ഡി.എയാണ്. ഈ രണ്ട് പ്രസ്ഥാനത്തിന്റെയും അവഗണന മൂലമാണ് എന്‍.ഡി.എയിലേക്ക് പോവേണ്ടി വന്നത്. കോണ്‍ഗ്രസ്സും മാര്‍ക്‌സിസ്റ്റുമായിരുന്നു എന്നെപ്പോലുള്ളവരെ പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ പരിഗണിക്കുന്നില്ല എന്ന് മാത്രമല്ല അവഗണിക്കുകയാണ് ചെയ്തതത്രയും. ഒരു കാര്യത്തിനും അടുപ്പിക്കുന്നില്ല. പരമാവധി അകറ്റി നിര്‍ത്തുകയാണ്. എന്‍.ഡി.എ. മാത്രമാണ് ഞങ്ങളെ അംഗീകരിക്കാന്‍ തയ്യാറായത്. 

ലോക്‌സഭാ ഇലക്ഷന്‍ വരുവാണല്ലോ, മത്സരത്തിനുണ്ടോ

മത്സരിക്കില്ല എന്നാണ് എന്റെ തീരുമാനം. പക്ഷെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകുമ്പോള്‍ വ്യക്തി അഭിപ്രായങ്ങള്‍ അല്ലല്ലോ പരിഗണിക്കുക. എന്നാല്‍ അത്തരത്തിലൊരു രാഷ്ട്രീയ ആലോചനയോ കൂടിക്കാഴ്ചകളോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.