
സാമൂഹിക നവോത്ഥാനത്തോടൊപ്പം വികസിച്ചതാണ് കേരളത്തിലെ യുക്തിവാദപ്രസ്ഥാനം. തികഞ്ഞ മനുഷ്യസ്നേഹമായിരുന്നു അതിന്റെ അടിത്തറ. വെറുപ്പിന്റെ ഭാഷ അവര്‍ ഉപയോഗിച്ചില്ല. അക്കാല യുക്തിവാദലോകത്തെ തിളക്കമുള്ള സാന്നിധ്യമായിരുന്നു ജോസഫ് ഇടമറുക്. ഒരു തലമുറയെ അദ്ദേഹം യുക്തിവാദത്തിലേക്ക് കൊണ്ടുവന്നു. പിതാവിന്റെ വഴിയില്‍ മകന്‍ സനലും സഞ്ചരിച്ചു. ഇടമറുകിനെപ്പോലെ ധീരമായ ചോദ്യങ്ങള്‍ ഉയര്‍ത്തി. പക്ഷേ, ചോദ്യങ്ങള്‍ സ്വീകരിക്കപ്പെടുന്ന രാഷ്ട്രീയകാലമായിരുന്നില്ല അത്. അതിനാല്‍ സനലിന് ഇന്ത്യ വിടേണ്ടി വന്നു. നിലവില്‍ ഫിന്‍ലന്‍ഡിലിരുന്ന് ഇന്ത്യന്‍ യുക്തിവാദസംഘത്തിന്റെ സാരഥ്യം വഹിക്കുകയാണ് അദ്ദേഹം. പലായനത്തിന്റെ ഒരു പതിറ്റാണ്ടിനിപ്പുറം ഇന്ത്യ എത്ര മാറി, ഇന്ത്യയില്‍ നിരീശ്വരവാദികളുടെ ഭാവിയെന്ത് എന്നീ വിഷയങ്ങളില്‍ അദ്ദേഹം സംസാരിക്കുന്നു.
മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ട ശേഷമാണല്ലോ താങ്കള്‍ രാജ്യം വിടുന്നത്. വധഭീഷണി ഭയന്ന് ഫിന്‍ലന്‍ഡിലേക്ക് കടന്നിട്ട് ഒരു പതിറ്റാണ്ടാവുന്നു. ആ കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. ഫിന്‍ലന്‍ഡിലെ യുക്തിവാദ ജീവിതം എങ്ങനെ പോകുന്നു.
Also Read
2012ല്‍ മുംബൈയിലെ വിലെ പാര്‍ലെയിലെ ഒരു കത്തോലിക്ക പള്ളിയില്‍ ക്രിസ്തുവിന്റെ പ്രതിമയില്‍ നിന്ന് വെള്ളം ഇറ്റു വീഴുന്നു എന്നൊരു പ്രചരണം ശക്തിപ്രാപിച്ചു. പള്ളി അധികാരികള്‍ തന്നെ ടെലിവിഷന്‍കാരെയും പത്രക്കാരെയും വിളിച്ച് അറിയിച്ചതോടെ വന്‍ജനക്കൂട്ടം അങ്ങോട്ടേക്ക് ഒഴുകാന്‍ തുടങ്ങി. ഇത് അസംബനന്ധമാണെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അത്ഭുതം കാണാന്‍ പള്ളി അധികാരികള്‍ ക്ഷണിച്ചു. അത് കക്കൂസിലെ പൈപ്പ് പൊട്ടിയ വെള്ളമായിരുന്നു എന്ന് പിന്നീട് ടെലിവിഷന്‍ പരിപാടിയില്‍ ചിത്രങ്ങളും തെളിവുകളും സഹിതം ഞാന്‍ വിശദീകരിച്ചു. മുംബൈയിലെ ഒരു ബിഷപ്പ് ഈ പരിപാടി നിര്‍ത്തണമെന്ന് ടെലിവിഷന്‍ ചാനലിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അംഗീകരിച്ചില്ല. ഒരു കൂട്ടം ആളുകള്‍ കുറുവടിയുമായി ടെലിവിഷന്‍ സ്റ്റുഡിയോ വളഞ്ഞു. വളരെ ബുദ്ധിമുട്ടിയാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. അടുത്ത ദിവസങ്ങളിലായി ഏതാണ്ട് 27 വ്യത്യസ്ത പോലീസ് സ്റ്റേഷനുകളില്‍ എനിക്കെതിരെ മതനിന്ദാ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. കത്തോലിക്ക സഭയെ കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിച്ച് മാപ്പ് ചോദിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും എന്നറിയിച്ചെങ്കിലും മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയതോടെ എന്റെ ജീവന് ഭീഷണിയായി. മൂന്നുമാസത്തോളം പല സ്ഥലങ്ങളിലായി ഒളിച്ചു താമസിക്കേണ്ടി വന്നു. വധഭീഷണിയുള്ളതുകൊണ്ടു ഡല്‍ഹിയിലെ വീട്ടില്‍ സുരക്ഷിതനാവില്ലെന്നും മാറിനില്‍ക്കണമെന്നും ഉപദേശിച്ചത് ഇന്റലിജന്‍സാണ്. അമേരിക്കയിലും ബ്രിട്ടനിലും ഫിന്‍ലന്‍ഡിലുമുള്ള യുക്തിവാദി സുഹൃത്തുക്കള്‍ക്ക് കത്തയച്ചു. ബ്രിട്ടീഷ് വിസ കിട്ടാന്‍ 15 ദിവസമെങ്കിലും വേണ്ടിവരും എന്ന സ്ഥിതിയായിരുന്നു. അമേരിക്കയിലെ സുഹൃത്ത് ബൈപാസ് കഴിഞ്ഞ് ആശുപത്രിയിലായിരുന്നു. ഫിന്‍ലന്‍ഡില്‍ നിന്നുള്ള സുഹൃത്ത് ഒരു ദിവസത്തിനുള്ളില്‍ തന്നെ വിസയും മറ്റു കാര്യങ്ങളും ശരിയാക്കി. ഇന്ത്യയില്‍ നിന്ന് ഫിന്‍ലന്‍ഡിലേക്ക് താമസം മാറുക എന്ന പദ്ധതി അന്ന് എനിക്കുണ്ടായിരുന്നില്ല. അതിനാല്‍ ഡല്‍ഹിക്കുള്ള റിട്ടേണ്‍ ടിക്കറ്റുമായാണ് ഫിന്‍ലന്‍ഡിലേക്ക് വന്നത്. സുരക്ഷിത്വ പ്രശ്‌നം കാരണം ടിക്കറ്റ് പല തവണ നീട്ടി. ഒടുവില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ നരേന്ദ്ര ദബോല്‍ക്കറുമായി സംസാരിച്ചിരുന്നു. മുംബൈയിലെത്തിയാലുള്ള കാര്യങ്ങള്‍ ക്രമീകരിക്കുന്നത് നരേന്ദ്ര ദബോല്‍ക്കറാണ്. ആ സംഭാഷണം കഴിഞ്ഞ് നാലു ദിവസത്തിനു ശേഷമാണ് പ്രഭാതസവാരിക്കു പോവുമ്പോള്‍ അദ്ദേഹം വധിക്കപ്പെടുന്നത്. അങ്ങനെ ടിക്കറ്റ് വീണ്ടും കാന്‍സല്‍ ചെയ്യുകയും ഫിന്‍ലന്‍ഡിലെ പെര്‍മനന്റ് റസിഡന്‍സ് പെര്‍മിറ്റ് എടുത്ത് സ്ഥിരതാമസമാക്കുകയായിരുന്നു.
ഫിന്‍ലന്‍ഡ് തിരഞ്ഞെടുക്കാനുള്ള കാരണമെന്താണ്.
അമേരിക്കയിലെ യുക്തിവാദി നേതാവ് പോള്‍ കുർട്സിനും1 ബ്രിട്ടനിലെ സുഹൃത്ത് റോബർട്ട ഈഗിളിനും2 ഡൽഹിയിൽ നിന്ന് മാറേണ്ടതിന്റെ ആവശ്യകത മുൻനിർത്തി കത്തെഴുതിയിരുന്നു. എത്രയും പെട്ടെന്ന് വരിക എന്ന് പറഞ്ഞ് റോബർട്ട് ഈഗിൾ കത്തെഴുതിയെങ്കിലും ബ്രിട്ടീഷ് വിസ കിട്ടാന്‍ 15 ദിവസമെങ്കിലും വേണ്ടി വരും എന്ന സ്ഥിതിയായിരുന്നു. അമേരിക്കയിലെ സുഹൃത്ത് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലായിരുന്നു. ഫിന്‍ലന്‍ഡിലെ യുക്തിവാദി സുഹൃത്ത് പെക്കാ ഐലോയുടെ കത്ത് വേഗമെത്തി. അദ്ദേഹം ഒരു ദിവസത്തിനുള്ളില്‍ തന്നെ വിസയും മറ്റു കാര്യങ്ങളും ശരിയാക്കി. ഫിന്‍ലൻഡിലെ വിദ്യാഭ്യാസ ഡയറക്ടറാണ് പെക്കാ എലോ. UNESCO-യില്‍ അഫിലിയേറ്റ് ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ആ സ്ഥാപങ്ങളില്‍ ലെക്ചര്‍ നല്‍കുക എന്ന ജോലി സ്വീകരിച്ചുകൊണ്ടാണ് ഞാന്‍ ഫിന്‍ലൻഡിൽ റെസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷിച്ചത്. ഉടനെ കിട്ടുകയും ചെയ്തു. പലരും കരുതുന്നതുപോലെ അഭയാര്‍ഥി ആവുകയോ അസൈലം തേടുകയോ ഒന്നും ചെയ്തില്ല. പെക്ക ഇരുപത്തഞ്ചിലേറെ വര്‍ഷം പഴക്കമുള്ള സുഹൃത്തും ഫിന്‍ലൻഡിലെ ഒരു പ്രധാന യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റും ആയിരുന്നു. 2014 ജനുവരി 19-ന് അദ്ദേഹം മരിച്ചു. പെക്ക ആണ് ഫിന്‍ലൻഡിലെ അധ്യാപന ജോലി ശരിയാക്കിയത്. അദ്ദേഹത്തിന്റെ ഗസ്റ്റ് അപാര്‍ട്മെന്റിലാണ് ആദ്യത്തെ വര്‍ഷം എന്റെ താമസം
ഫിന്‍ലന്‍ഡില്‍ മതനിന്ദ ഇന്ത്യയിലേതു പോലെ കുറ്റകരമാണോ. എത്ര യുക്തിവാദി സൗഹൃദമാണാ രാജ്യം.
യൂറോപ്പിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും പണ്ട് ക്രിസ്തുമത വിശ്വാസം പിന്തുടരുന്ന രാജ്യങ്ങളായിരുന്നല്ലോ. യുകെയിലും ജര്‍മനിയിലുമെല്ലാം മതനിന്ദ നിയമം നിലനില്‍ക്കുന്നുണ്ടെെങ്കിലും പ്രായോഗിക തലത്തില്‍ ഇതൊന്നും ഉപയോഗിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല അഭിപ്രായസ്വാതന്ത്ര്യം പൂര്‍ണമായും നിലനില്‍ക്കുന്നുണ്ട് ഈ രാജ്യങ്ങളില്‍. ഫിന്‍ലന്‍ഡില്‍ ആകെയുള്ള ജനസംഖ്യയുടെ 67 ശതമാനം പേരും ദൈവത്തില്‍ വിശ്വസിക്കുന്നവരല്ല എന്നാണ് യൂറോ ബാരോമീറ്റര്‍ പഠനം സൂചിപ്പിക്കുന്നത്. ദൈവവിശ്വാസം അധികമാര്‍ക്കുമില്ലാത്തതിനാല്‍ അത് വിമര്‍ശിക്കപ്പെടേണ്ട സംഗതിപോലുമല്ല ഇവിടെ. ഫിന്‍ലന്‍ഡില്‍ താമസമാക്കിയ ശേഷം ക്രിസ്തുമതം പിന്തുടരുന്ന ഒരാളെ കാണുന്നത് രണ്ട് വര്‍ഷത്തിനു ശേഷമാണ്. അതിനാല്‍ ഇവിടെ യുക്തിവാദ സംഘങ്ങളുടെ പ്രവര്‍ത്തനം നാസ്തികതയോ ദൈവനിഷേധ പ്രചാരണമോ അല്ല. പകരം സ്റ്റേറ്റും മതവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന അവസാനത്തെ ഘടകങ്ങളെയും മാറ്റുക എന്നതാണ്. മതങ്ങളെ നിരോധിക്കണമെന്നല്ല പകരം അത് തീര്‍ത്തും സ്വകാര്യമായ കാര്യമായിരിക്കണം എന്ന നയവും പൊതുബോധവുമാണിവിടെയുള്ള യുക്തിവാദികള്‍ സംസാരിക്കുന്നത്. ആ ധാരണ മതങ്ങള്‍ പോലും സ്വീകരിച്ചു എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ വലിയ പോരാട്ടങ്ങള്‍ നടത്തേണ്ട ആവശ്യകത അവിടെ ഇല്ലെന്നാണോ
ഇവിടെ ജനം രണ്ട് ശതമാനം ചര്‍ച് ടാക്‌സ് അടക്കണമെന്ന നിയമമുണ്ടായിരുന്നു. ഇപ്പോളത് അതാത് സഭകളിലെ ആളുകള്‍ മാത്രം കൊടുത്താല്‍ മതി എന്ന നിലയിലേക്ക് നിയമഭേദഗതിയായി. ഫിന്‍ലന്‍ഡില്‍ സഭകള്‍ക്ക് പണം ശേഖരിക്കാന്‍ അനുമതിയില്ല. ഏതെങ്കിലും പ്രത്യേക കാര്യത്തിന് പണം ശേഖരിക്കാന്‍ പോലീസിന്റെയോ സര്‍ക്കാരിന്റെയോ അനുമതി വാങ്ങേതുണ്ട്. ഈ രണ്ട് ശതമാനം നികുതി സര്‍ക്കാരാണ് അവര്‍ക്ക് ശേഖരിച്ചു നല്‍കുന്നത്. പക്ഷെ പകരം സൗജന്യം ശവസംസ്‌കാരമുള്‍പ്പെടെയുള്ള സേവനങ്ങള്‍ അവര്‍ സമൂഹത്തിന് നല്‍കണം. പള്ളിയെന്നത് മതസ്ഥാപനമല്ല പകരം സാമൂഹിക സ്ഥാപനമാണിവിടെ. സംസ്‌കാരം നടത്തലാണ് അവരുടെ പ്രധാന പണി. കല്ല്യാണം വേണ്ടവര്‍ക്ക് അതും ചെയ്തു കൊടുക്കും. മാത്രവുമല്ല പള്ളി സ്ഥലം ആര് ചോദിച്ചാലും വാടകക്ക് കൊടുത്തിരിക്കണം എന്ന വ്യവസ്ഥയുണ്ട്. നമ്മുടെ നാട്ടിലെ പോലെ കല്ലറ വ്യവസായം ഇവിടെയില്ല. രണ്ട് ശതമാനം ടാക്‌സ് നല്‍കുന്ന സഭയിലെ അംഗങ്ങള്‍ക്ക് ഫ്യൂണറല്‍ ഹൗസ് സൗജന്യമായി കൊടുത്തിരിക്കണം. മറ്റ് മതത്തിലുള്ളവര്‍ക്കും നാസ്തികര്‍ക്കും പള്ളിവളപ്പ് 300 യൂറോ വാടക നല്‍കി ഉപയോഗിക്കാം. യുക്തിവാദിയായ എന്റെ സുഹൃത്ത് അസുഖം വന്ന് മരിച്ചപ്പോള്‍ അടുത്തുള്ള പള്ളിയുടെ ഫ്യൂണറല്‍ ഹോം വാടകക്കെടുത്ത് സെക്കുലര്‍ ഇവന്റായാണ് സംസ്‌കാരം നടത്തിയത്. ഒരു പുരോഹിതന്‍ പോലും ആ വഴിക്ക് വന്നില്ല. മതമെന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ തകര്‍ക്കുക പ്രായോഗികമല്ല. പകരം അതിനെ പരമാവധി മതേതരവത്കരിക്കുക എന്ന പ്രക്രിയ ആണ് ഇവിടെ നടക്കുന്നത്.

ഫിൻലൻഡിന്റെ പ്രസിഡന്റായിരുന്നു.
|By FinnishGovernment |
commons.wikimedia.org/w/index.php?curid=123953426
അവിടെ വ്യക്തിനിയമങ്ങളുണ്ടോ. അതോ യൂണിഫോം സിവില്‍ കോഡാണോ നിലനില്‍ക്കുന്നത്.
എല്ലാവര്‍ക്കും ഒരേ നിയമമാണ്. അതിനു മുന്നില്‍ എല്ലാവരും തുല്യരായിക്കണം. ഫിന്‍ലന്‍ഡില്‍ എന്നല്ല ഒരു സ്‌കാന്‍ഡിനേവിയന്‍ രാജ്യത്തും ഒരു വിവേചനവും അനുവദിച്ചിട്ടില്ല. 18 വയസ്സായ ഒരു മകളോട് നീ കുട്ടിയല്ലേ എന്ന തരത്തില്‍ വരെ പറയുന്നത് ഒഫന്‍സാണ്. വയസ്സായ ആളുകളെ പ്രായത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നത് വരെ വിവേചനമായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഫിന്നിഷ് പ്രസിഡന്റ് എൺപതുകളോടടുത്തെത്തിയപ്പോഴാണ് സ്ഥാനമൊഴിഞ്ഞത്. ബഹുഭൂരിപക്ഷം എത്തിസ്റ്റുകളാണെങ്കിലും വിശ്വാസത്തിന്റെ പേരില്‍ വിമര്‍ശിക്കുമെങ്കിലും ആരെയും പരിഹസിക്കില്ല.
സോഷ്യല്‍ ഡെമോക്രാസി സിസ്റ്റമാണ് ഫിന്‍ലന്‍ഡിലും മറ്റ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും. സാമൂഹിക ക്ഷേമമാണ് അതിന്റെ അടിത്തറ. ഒരു പൗരന്‍ ജനിച്ചുകഴിഞ്ഞാല്‍ അവരുടെ ക്ഷേമം സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. സോഷ്യലിസ്റ്റ് സങ്കല്‍പങ്ങളില്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ചെയ്തത് ഉത്പാദനോപകരണങ്ങള്‍ മുഴുവന്‍ സ്‌റ്റേറ്റ് നടത്തിക്കൊണ്ടു പോവുക, എല്ലാവരും അതിന്റെ കീഴില്‍ ജോലി ചെയ്യുക എന്നതിനു പകരമായി മിക്‌സഡ് ഇക്കണോമിയാണ്. അതായത് കോര്‍പറേറ്റ് സെക്ടര്‍ സജീവമാണെങ്കിലും അത് നിയന്ത്രിതമാണ്. കുത്തകവത്കരണം സമ്മതിക്കില്ല. പ്രൊഗ്രസീവ് ടാക്‌സിങ് ആയതിനാൽ കൂടുതല്‍ ലാഭമുണ്ടാക്കിയാല്‍ അത് സര്‍ക്കാര്‍ കൊണ്ടുപോകും. ലോകത്തിലെ ഒട്ടുമിക്ക കോര്‍പറേറ്റ് സ്ഥാപനങ്ങളും അവരുടെ ബ്രാഞ്ചുകളും ഇവിടെയുണ്ട്. മൈക്രോസോഫ്റ്റ് അടക്കമുള്ളവയുടെ കേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയാണ് നിലനിൽക്കുന്നതെങ്കിലും നിയന്ത്രിതമായി സാമൂഹിക ക്ഷേമത്തിലൂന്നിയാണ് ഇവിടെ മുതലാളിത്തം നിലകൊള്ളുന്നത്. എത്ര സമ്പാദിച്ചാലും ലാഭമുണ്ടാക്കിയാലും മുതലാളിക്ക് കൂടുതല്‍ കിട്ടില്ല. മുഴുവനും സര്‍ക്കാര്‍ കൊണ്ടു പോകും. പക്ഷെ അതിവിടെ പരാതിയായി മാറാത്തത് വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാണിവിടെ എന്നുള്ളതുകൊണ്ടാണ്. ഒന്നാം ക്ലാസ് മുതല്‍ പിഎച്ച്ഡി വരെ സൗജന്യമാണ്. ഒരു തരത്തിലുമുള്ള എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ ഇവിടെ ആര്‍ക്കും തടസ്സപ്പെടുന്നില്ല. കോര്‍പറേറ്റ് സെക്ടറില്‍ ഇന്‍ഷുറന്‍സ് പ്രോത്സഹാഹിപ്പിക്കുന്നുണ്ട്. എല്ലാവരുടേതും ഇന്‍ഷുവേഡാണ്. പക്ഷെ മെഡിക്കല്‍ കെയര്‍ ഇവിടെ സൗജന്യമാണ്. ഓരോ പ്രദേശത്തും ഹെല്‍്തത് ക്ലിനിക്കുണ്ട്. ടെക്കനോ സാവിയാണ് എല്ലാവരും തന്നെ. എല്ലാവര്‍ക്കും ആരോഗ്യ ആപ് ഉണ്ട്. ഒരു നഴ്‌സ് നമ്മുടെ നിലവിലെ ആരോഗ്യ സ്ഥിതി ആപ്പിലൂടെ പറയും. നിങ്ങളുടെ ബ്ലഡ് ടെസ്റ്റ് ഇത്രാം തീയതിയാണ് അതിനു പോവണം എന്നൊക്കെ പറഞ്ഞ് നമുക്ക് കത്ത് വരും. ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ പിരിയോഡിക്കലി ടെസ്റ്റ് ചെയ്യണം. അതിന് നമുക്ക് മെമ്മോ വരും. അത് നമ്മള്‍ ചെയ്തുകൊള്ളണം. പോയില്ലെങ്കില്‍ ഫൈന്‍ കിട്ടും. സൗകര്യങ്ങള്‍ സര്‍ക്കാര്‍ തരുമ്പോള്‍ നമ്മള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം എന്നതാണ് നയം. സംശയങ്ങളുണ്ടെങ്കില്‍ ആപ്പില്‍ നഴ്‌സിനോട് ചോദിച്ചാല്‍ നഴ്‌സ് ഡോക്ടറോട് ചോദിച്ച് ഉത്തരം തരും. 24 മണിക്കൂറിനകം മറുപടി ലഭിക്കും. എമര്‍ജന്‍സി വന്നാല്‍ സ്റ്റേറ്റ് നിങ്ങളെ നോക്കും. വാര്‍ധക്യത്തെ കുറിച്ച് ആര്‍ക്കും ഭയമില്ല. അവര്‍ക്ക് വീട്ടില്‍ സർവീസ് കിട്ടും. ഒരു 90 വയസ്സുകാരനെ ഞാന്‍ കാണാന്‍ പോയിരുന്നു. വീല്‍ച്ചെയറിലാണ് ജീവിതം. ഒറ്റയ്ക്ക്. എല്ലാ ദിവസവും രാവിലെ വളണ്ടിയര്‍ വന്ന് ഹോട്ട്മീല്‍ നല്‍കും. മൂന്ന് ദിവസത്തെക്കുള്ള കോൾഡ്മീൽ ഫ്രഡ്ജിനകത്ത് വെച്ച് പോകും. ആഴ്ചയിലൊരിക്കല്‍ വന്ന് കുളിപ്പിക്കും. ബെഡ്ഷീറ്റും മാറ്റും. ഇതൈാക്കെ സൗജന്യമായാണ് നല്‍കുന്നത്. ഓരോ മുനിസിപ്പാലിററിയും നേരിട്ടാണ് നല്‍കുന്നത്. ഒരു തരത്തിലുള്ള അഴിമതിയും ഇല്ലാത്ത രാജ്യമാണ്. അതിനാല്‍ ടാക്‌സില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് സര്‍ക്കാര്‍ ഇതെല്ലാം ചെയ്തു നല്‍കുന്നത്. കണ്ണിന് കാഴ്ചയില്ലാത്ത ഒരമ്മയെ എല്ലാ ദിവസവും കെയറര്‍ കുളിപ്പിക്കാനായി വരും. കെയര്‍ ഹോമിലേക്ക് പോവേണ്ട ആവശ്യമില്ല. പകല്‍ കംപാനിയന്‍ഷിപ് നല്‍കാന്‍ വേറൊരാള്‍ വരും. കൂടെ ഇരിക്കും. കാല്‍ തിരുമ്മി കൊടുക്കും. മുഖം ക്രീമിട്ട് പറയുന്നതിനനുസരിച്ച് മസാജ് ചെയ്യും. അവരുടെ ജീവിതത്തിലെ ആനന്ദകരമായ കാലഘട്ടമാണ് വാര്‍ധക്യം എന്നവര്‍ പറയും. സ്വയം സിന്‍ഡ്രല്ല പോലെ എന്നവര്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് ലക്ഷം വരെ അവര്‍ക്ക് പെന്‍ഷനും കിട്ടന്നുണ്ട്.
വെറുതെയല്ല ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി നിലകൊള്ളുന്നത്.
അതേ. കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ഭയമില്ല. വാര്‍ധക്യത്തെ കുറിച്ച് ഭയമില്ല. ചികിത്സയോർത്ത് ഭയമില്ല. ഇനി ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ തന്നെ എത്രയും പെട്ടെന്ന് ലീഗലായി വേര്‍പെടാം. സൗജന്യമായ സേവനമാണ് അതിനും. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോള്‍ ഫിന്‍ലന്‍ഡ് ഒരു ദരിദ്രരാജ്യമായിത്തീര്‍ന്നിരുന്നു. ഇത് അന്നാട്ടിലെ ആത്മഹത്യ തോത് വര്‍ധിപ്പിച്ചു. എന്നാൽ രാജ്യം മാനസികാരോഗ്യത്തെ ഗൗരവമായി തന്നെ കണ്ടു. കുട്ടി സ്‌കൂളില്‍ അസാധാരണമായി പെരുമാറിയാല്‍ കുട്ടിക്ക് ഉടന്‍ കൗണ്‍സിലിങ് ലഭിക്കും. അതിനാല്‍ ഭാവിയെ കുറിച്ചുള്ള പേടി ഈ രാജ്യത്തെ മനുഷ്യർക്ക് കുറവാണ്
ഇത്ര നല്ല ശ്രദ്ധ ഓരോ വ്യക്തിക്കും കൊടുക്കാന്‍ കഴിയുന്നത് ജനസംഖ്യ കുറവായതു കൊണ്ടുമല്ലേ.
അതും യാഥാര്‍ഥ്യമാണ്. കേരളത്തിന്റെ നാലിരട്ടി വലിപ്പമുണ്ടെങ്കിലും 55 ലക്ഷം പേരെ ഉള്ളൂ. നമ്മുടെ ഒരു ജില്ലയുടെ ജനസംഖ്യയേ വരൂ ഫിൻലൻഡിൽ. മാത്രവുമല്ല രാജ്യത്തിന്റെ 50 ശതമാനവും വനമാണ്. ഫിന്‍ലൻഡിൽ 10,000ലധികം തടാകങ്ങളുണ്ട്. വൃത്തിയുള്ള കുട്ടനാടില്‍ ചെല്ലുന്ന പോലുണ്ടാവും. ആയിരക്കണക്കിന് ദ്വീപുകളാണ്. ഇതൊരു വലിയ ആര്‍ക്കിപലാഗോ ആണ്. ജനസംഖ്യ കുറവാണെങ്കിലും ജനവാസ മേഖല കുറവാണ്.

ജനസംഖ്യ കുറയുന്നത് ജിഡിപി വളർച്ചയെ ബാധിക്കുമെന്നതിനാൽ ചൈനയെയും കാനഡയെയും പോലുള്ള രാജ്യങ്ങളെയെല്ലാം ആശങ്കപ്പെടുത്തുന്നുണ്ട് അതിനാൽ അവരിപ്പോൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ്. ജനസംഖ്യ കുറയുന്നതിൽ ഫിൻലൻഡിൽ ആശങ്കകളൊന്നുമില്ലേ..
ഫിന്‍ലന്‍ഡ് നിലവിൽ ജനസംഖ്യാവർധനവിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പഠിക്കാനും ജോലി ചെയ്യാനും കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കുട്ടികലുടെ എണ്ണം കൂട്ടുന്നതിന് പിന്തുണ നല്‍കുന്നു. കുട്ടിയുണ്ടാവുമ്പോള്‍ ശമ്പളത്തോടു കൂടി അച്ഛനും അമ്മയക്കും മെറ്റേർണിറ്റി ലീവ് നല്‍കും. അതും മൂന്ന് കൊല്ലത്തേക്കു. ലീവാരെടുക്കണെന്ന് അവർക്ക് തീരുമാനിക്കാം. അച്ഛൻ വേണോ അമ്മ വേണോ അതോ ഷെയര്‍ ചെയ്യമോ എന്ന തീരുമാനം അവർക്ക് വിടും. നവജാത ശിശുക്കൾക്കുള്ള പാഡുകള്‍ പോലും വാങ്ങിക്കണ്ട. അത് തപാലില്‍ വരും. കുട്ടി ഓരോ പ്രായമെത്തുമ്പോഴും ബേബി ട്രോളറും കിട്ടും. അത് ഉപയോഗ ശേഷം തിരിച്ചു കൊടുക്കാം.
ജനനം വിദ്യാഭ്യാസം ആരോഗ്യം വാർധക്യം തുടങ്ങി എല്ലാം സ്റ്റേറ്റ് നോക്കുന്ന വെല്‍വെഫയര്‍ സ്റ്റേറ്റ് ആയത് കൊണ്ട് തന്നെ രാജ്യം വിട്ടു പോകുന്നവരും ഫിൻലൻഡിൽ കുറവായിരിക്കില്ലേ.
റിട്ടയര്‍ ചെയ്തവര്‍ ചൂടുള്ളതും ചെലവു കുറഞ്ഞ രാജ്യങ്ങളിലേക്കും ഭാഗികായി താമസം മാറ്റും. ഇവിടെ ഡ്യൂവൽ സിറ്റിസൻഷിപ്പ് പ്രശ്നമല്ല. ഫിൻലൻഡിൽ ശക്തമായ മഞ്ഞുവീഴ്ചയുണ്ട്. അതിനാൽ മഞ്ഞു വീഴ്ച ഇല്ലാത്ത സ്‌പെയിനിലേക്ക് ചിലർ പോകും. ഭാഗികമായി അവിടെയും ഇവിടെയുമായി അവര്‍ ജീവിതം ചെലവഴിക്കും. രണ്ടിടത്തും വീടുണ്ടാവും. ഇരട്ടപൗരത്വം അംഗീകരിച്ചതിനാൽ മറ്റൊരു രാജ്യത്തെ സിറ്റിസന്‍ഷിപ്പുണ്ടെങ്കിലും ഇവിടുത്തേത് നഷ്ടപ്പെടില്ല. പലരും വാര്‍ധക്യത്തില്‍ അവര്‍ തിരിച്ചു വരും. ഇതുപോലൊരു കെയര്‍ എവിടെയും കിട്ടില്ലല്ലോ.
ഫിന്‍ലന്‍ഡിലെ ജീവിതത്തില്‍ മതിമറന്നോ... ഇന്ത്യയിലേക്കിനിയില്ലേ?
എന്റെ സഹോദരി വിവാഹം കഴിച്ചിരിക്കുന്നത് സ്വീഡിഷുകാരനെയാണ്. എനിക്ക് വേണമെങ്കില്‍ അങ്ങോട്ട് പോകാം. പക്ഷേ, എന്റെ കര്‍മ്മമണ്ഡലം ഇന്ത്യയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പിന്നെ ഡല്‍ഹിയിലെ എന്റെ ജീവിതം ഏതാണ്ട് ഇതു പോലെതന്നെയായിരുന്നു. അതില്‍ നിന് വ്യത്യാസമുള്ള സംഗതികളൊന്നും ഇപ്പോഴില്ല.
പത്ത് വര്‍ഷം മുമ്പ് താങ്കളുണ്ടായിരുന്നപ്പോഴത്തെ ജീവിതസാഹചര്യമല്ല ഡല്‍ഹിയിലിപ്പോള്‍. ആചാരവും വിശ്വാസവുമെല്ലാം ഭരണത്തിലും രാഷ്ട്രീയത്തിലും തൊഴിലിടത്തിലും പ്രകടമായുണ്ട്. ഈ പത്ത് വര്‍ഷം കൊണ്ട് ഇന്ത്യയെത്ര സഞ്ചരിച്ചു. ആ പത്ത് വര്‍ഷം കൊണ്ട് ഫിന്‍ലന്‍ഡ് എത്ര സഞ്ചരിച്ചു...
അതിദാരിദ്ര്യ മേഖലയില്‍ ഒട്ടേറെ ആള്‍ക്കാര്‍ തുടരുമ്പോഴും ഉദാരീകരണ നിയമങ്ങളിലെ മാറ്റം മൂലം വലിയൊരു സംഘമാളുകള്‍ ഇന്ത്യയില്‍ മധ്യവര്‍ഗത്തിലേക്ക് നീങ്ങുന്നുണ്ട്. ഉത്പന്നങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ള ഇന്ത്യക്കാരുടെ ഇപ്പോഴുള്ള സംഖ്യ ആകെയുള്ള അമേരിക്കന്‍ ജനസംഖ്യയെക്കാള്‍ കൂടുതലാണ്. ഈ വലിയ മാറ്റത്തോടൊപ്പം ശാസ്ത്ര ബോധം വേണ്ടത്ര മുന്നോട്ടു പോയിട്ടില്ല. ഇത് നഗരജീവിതത്തിലേക്ക് വന്ന, സാമ്പത്തികശേഷി മെച്ചപ്പെട്ട ആള്‍ക്കാര്‍ക്കിടയില്‍ അന്ധവിശ്വാസവും ക്ഷിപ്രവിശ്വാസ ശീലവും കൂട്ടി. മതവുമായി ബന്ധപ്പെട്ട ദേശീയബോധം ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു. മുമ്പ് അതി ദരിദ്ര രാജ്യമായിരുന്ന ഫിന്‍ലൻഡിൽ ഇന്ന് അതിദാരിദ്ര്യത്തിലോ ദാരിദ്ര്യത്തില്‍ പോലുമോ ആരുമില്ല. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ അത്രമേല്‍ ഭദ്രമാണ്. മതത്തിന്റെ സ്വാധീനം പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. പ്രൊട്ടസ്റ്റന്റ് സഭ ഇപ്പോഴും നിലവിലുണ്ടെങ്കിലും ദൈനംദിന ജീവിതത്തില്‍ അതിന് യാതൊരു സ്വാധീനവും ഇല്ല.
1995ല്‍ ഞങ്ങള്‍ യുക്തിവാദികള്‍ ദേശീയ പ്രചാരണ ജാഥ നടത്തിയിരുന്നു. ഞങ്ങള്‍ കുറെ ചെറുപ്പക്കാര്‍ 18 മാസങ്ങള്‍ കൊണ്ട് കന്യാകുമാരി മുതല്‍ ഡല്‍ഹി വരെയാണ് ആ യാത്ര നടത്തിയത്. പ്രാദേശികമായ അന്ധവിശ്വാസം ചോദ്യം ചെയ്തും ചര്‍ച്ച ചെയ്തും ഓരോ പ്രദേശത്തും ചെറിയ സംഘങ്ങളുണ്ടാക്കിയുമാണ് ആ യാത്ര മുന്നോട്ടു പോയത്. അന്ന് പലയിടത്തും ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാര്‍ഥനാലയങ്ങളുടെ മുന്നില്‍ വെച്ച് ഞങ്ങളുടെ വാദം വിശദീകരിക്കാനൊന്നും ഒരു തടസ്സവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അത്തരമൊരു യാത്ര ഇന്ത്യയില്‍ ഗ്രാമഗ്രാമാന്തരം നടത്തുകയാണെങ്കില്‍ ഞങ്ങളെ ആള്‍ക്കൂട്ടം വന്ന് അടിച്ചമര്‍ത്തും. അസഹിഷ്ണുക്കളായ ആൾക്കൂട്ടങ്ങളുടെ പിറവി ഗ്രാമനഗരവ്യത്യാസമില്ലാതെ കാണാം. അവരെ സ്റ്റേറ്റ് സംരക്ഷിക്കും എന്ന തോന്നലും ഉണ്ടായിട്ടുണ്ട്. രാജ്യത്തിനുള്ളിലുണ്ടായിരുന്ന ക്രിട്ടിക്കല്‍ മൈന്‍ഡ് സെറ്റ് ഉള്ള, ഭയമില്ലാതെ ചോദ്യങ്ങളുന്നയിക്കുന്ന ആളുകള്‍ ഇല്ലാതായി എന്നതാണ് 12 വര്‍ഷം കൊണ്ട് നമ്മുടെ സമൂഹത്തിലുണ്ടായ വലിയ മാറ്റം.
ചോദ്യങ്ങളുന്നയിക്കുന്നവരെ അര്‍ബന്‍ നക്‌സലേറ്റുകളായാണല്ലോ സ്‌റ്റേറ്റ് പരിഗണിക്കുന്നത്. മാത്രവുമല്ല ചോദ്യങ്ങള്‍ ചോദിച്ച് നവോത്ഥാന മൂല്യങ്ങള്‍ പകരേണ്ട പ്രസ്ഥാനങ്ങള്‍ വരെ സ്വയം പരിമിതപ്പെടുത്തുന്ന കാഴ്ചയുമുണ്ട്.
തീര്‍ച്ചയായും. യുക്തിവാദികളും ഫാസിസത്തിനെതിരേ സംസാരിക്കുന്നവരും ജെന്‍ഡര്‍ ആക്ടിവിസ്റ്റികളും പരിസ്ഥിതി വാദികളമെല്ലാം ചേര്‍ന്ന സിവില്‍ സൊസൈറ്റിയെയും ഭയം ചൂഴ്ന്നിരിക്കുകയാണ്. ഏത് സംസ്‌കാരമുള്ള സമൂഹത്തിന്റെയും അടിത്തറ ഈ സിവില്‍ സൊസൈറ്റി ആക്ടിവിസ്റ്റുകളാണ്. അത് സമ്പൂര്‍ണ്ണമായും തകര്‍ന്നതോടെ സാമൂഹിക മാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ മുന്‍ഗണനകള്‍ മാറി. യുക്തിവാദ മുന്നേറ്റം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് മതവുമായി ബന്ധപ്പെട്ട ചൂഷണങ്ങളെ സിസ്റ്റമറ്റൈസ് ചെയ്യുന്ന രീതി മാറ്റാനാണ്. നിയമസംവിധാനത്തില്‍ വേണ്ട മാറ്റങ്ങളും സ്‌റ്റേറ്റില്‍ നിന്ന് മതത്തെ വേര്‍പ്പെടുത്തുന്ന ചര്‍ച്ചകളുമാണ് അവര്‍ നടത്തേണ്ടത്. ഇതൊന്നും ചെയ്യാതെ ദൈവമില്ല എന്ന പ്രചാരണം മാത്രമാണ് നടത്തുന്നതെങ്കില്‍ മേല്‍പറഞ്ഞ പ്രധാന വിഷയങ്ങളൊന്നും തന്നെ അഭിസംബോധന ചെയ്യപ്പെടില്ല. സിസ്റ്റത്തിനകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക പരിഷ്‌കരിക്കുക മാറ്റങ്ങള്‍ കൊണ്ടു വരിക എന്ന വലിയ ഉത്തരവാദിത്വമുണ്ട് യുക്തിവാദികള്‍ക്ക്. അത് തൊടാതെ അവ്യക്തമായ വിഷയത്തിലേക്ക് സിവില്‍ സൊസൈറ്റികള്‍ മാറുകയാണ്. ഭയം കൂടാതെയും പ്രത്യാഘാതങ്ങളില്ലാതെയും അവര്‍ ജീവിക്കാനാഗ്രഹിക്കുന്നു എന്നതാണ് ആ മാറ്റത്തിന്റെ അടിസ്ഥാനം.
രാജ്യം നേരിടുന്ന വലിയ പ്രശ്‌നം ഫാസിസവും സ്വേഛാധിപത്യവുമായതുകൊണ്ട് നേരത്തെ പറഞ്ഞ സിവില്‍ സൊസൈറ്റിയുടെ മുന്‍ഗണന മാറിയതും ആയിക്കൂടെ.
സമൂഹത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുമ്പോള്‍ ദൈവനിരാസത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കല്ല അവിടെ പ്രസക്തി. നമ്മുടെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം രാജ്യത്തിന്റെ സെക്കുലര്‍ കണ്ടന്റ് പാളം തെറ്റി എന്നതാണ്. പാഠ്യപദ്ധതിയില്‍ അശാസ്ത്രീയമായ കാര്യങ്ങള്‍ കടന്നു വരുന്നു. ഐതിഹ്യങ്ങളെ ചരിത്രമെന്ന മട്ടില്‍ അവതരിപ്പിക്കുന്നു. ചരിത്രത്തെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നു എന്നതൊക്കെയാണ്. മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കുന്ന പലമുഖങ്ങള്‍ വരുമ്പോള്‍ അതിനെതിരേ ശബ്ദിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ശക്തിയില്ലാതെ പോവുന്നു. ഇന്ത്യയില്‍ എത്രപേര്‍ക്ക് രാമന്‍ ഐതിഹ്യ കഥാപാത്രമല്ലേ എന്ന് ചോദിക്കാന്‍ പറ്റും. രാമന്‍ ജനിച്ചിരുന്നോ. ജനിച്ചിരുന്നെങ്കില്‍ തന്നെ ഈ സ്ഥലത്താണോ എന്ന് ചോദിക്കാന്‍ ധൈര്യമുണ്ടാവുന്നില്ല. രാഷ്ട്രീയ ബോധമുള്ളവര്‍ക്ക് പോലും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയാതെ പോവുന്നു. ജയ്ശ്രീറാം പറയുന്നതാണ് അക്കോമഡേറ്റീവ് സിറ്റുവേഷന്‍ എന്നാണ് അവര് പോലും കരുതുന്നത്. സിവില്‍ സൊസൈറ്റിയുടെ ഭാഗമെന്ന് നമ്മള്‍ കരുതുന്ന ജാവേദ് അക്തറിനെപ്പോലുള്ളവര്‍ പരസ്യമായി ജയ്ശ്രീറാം വിളിച്ച് പ്രസംഗമവസാനിക്കുന്നത് ഞെട്ടലോടെയാണ് കണ്ടത്. ചില കാര്യങ്ങളോട് പൊരുത്തപ്പെട്ടുപോയാലേ ജീവിക്കാന്‍ കഴിയൂ എന്ന അവസ്ഥ അപകടകരമാണ്. ഭയം ഗ്രസിച്ചിരിക്കുകയാണ് എല്ലാവരെയും. കൃഷ്ണനെ ചരിത്രകഥാപാത്രമായി ഞാന്‍ കാണുന്നില്ല. അത് പലര്‍ക്കും തുറന്നു പറയാനുള്ള ധൈര്യം സ്‌റ്റേറ്റ് ചോര്‍ത്തിക്കളഞ്ഞു.

ഗണപതി മിത്താണെന്ന പ്രസ്താവന സ്പീക്കര്‍ക്ക് മാറ്റിപ്പറയേണ്ട രാഷ്ട്രീയ സാമൂഹിക അന്തരീക്ഷമാണ് നിലവില്‍ കേരളത്തില്‍ പോലും..
ഗണപതി മിത്താണെന്നു പറയാനും ക്രിസ്തുവും അള്ളാഹുവും മിത്താണെന്ന് പറയാനും എല്ലാവര്‍ക്കും കഴിയണം. അത് പറയാന്‍ പേടിക്കുക എന്ന് പറഞ്ഞാല്‍ മതഭ്രാന്തുള്ള രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത് എന്ന പറയുന്നതിന് തുല്യമാണ്. എത്രയോ ഹൈന്ദവ നേതാക്കന്‍മാര്‍ ഈ പറയുന്ന കഥകളൊക്കെ മിത്താണെന്ന് പറഞ്ഞിട്ടുണ്ട്. ആര്യസമാജം വിഗ്രഹാരാധനയെ പൂര്‍ണമായും എതിര്‍ത്തിരുന്നു. എന്നാല്‍ ഹിന്ദു മതം ചുരുങ്ങി ഏകതാനമായ സെമിറ്റിക് മതത്തിന്റെ സ്വഭാവത്തിലേക്ക് വരികയും അവരിളക്കി വിടുന്ന ആള്‍ക്കൂട്ടം നിയമങ്ങള്‍ കയ്യിലെടുക്കുകയുമാണ്. അഫ്ഗാനിസ്ഥാനിലും ഇറാനിലുമൊക്കെ നടന്നിരുന്ന ആള്‍ക്കൂട്ട വിചാരണകള്‍ ഇങ്ങ് ഇന്ത്യയിലുമെത്തി. ഗണപതി മിത്താണെന്നത് മുസ്ലിം പശ്ചാത്തലത്തില്‍ നിന്ന് വന്നൊരാള്‍ പറയാന്‍ പാടില്ല എന്ന തരത്തിലൊക്കെ പോയിട്ടുണ്ടെങ്കില്‍ നമ്മുടെ സമൂഹം എത്രമാത്രം പുറകോട്ടു പോയി എന്ന് ആലോചിച്ചു നോക്കൂ. ഏതൊരു വിശ്വാസവും അസംബന്ധമാണെന്ന് പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടാവണം അതിനെ എതിര്‍ക്കാന്‍ വിശ്വാസികള്‍ക്കും സ്വാതന്ത്ര്യമുണ്ടാവണം. അത് കായികമാവാതെ സംവാദരൂപത്തിലാവണമെന്ന് മാത്രം.
കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തെയും അതിലൂടെ ഒരു കാലഘട്ടത്തെയും മുന്നോട്ടു നയിച്ചതിൽ വലിയൊരു പങ്കുവഹിച്ച വ്യക്തിയാണ് ജോസഫ് ഇടമറുക്. പിതാവിന്റെ സ്വാധീനം ജീവിതത്തിൽ എത്രത്തോളമുണ്ട്..
കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം വളര്‍ന്നുവരുന്ന 1960 കളിലും 70-കളിലും ആണ് എന്റെ കുട്ടിക്കാലവും യൗവ്വനവും. അന്നത്തെ കേരളത്തിലെ യുക്തിവാദിപ്രസ്ഥാനത്തിന്റെ ഏറ്റവും സജീവ വക്താവും ആ മുന്നേറ്റത്തിന്റെ നായകനും എന്റെ പിതാവും ആയിരുന്ന ഇടമറുകിനോട് ഒപ്പമാണ് എന്റ ആദ്യകാല യുക്തിവാദി പ്രവര്‍ത്തനം. അദ്ദേഹത്തിന്റെ അറിവും ലാളിത്യവും പാണ്ഡിത്യവും നേതൃപാടവവും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു എന്നുതന്നെ പറയാം. കൂടാതെ അക്കാലത്ത് ഏറ്റവും സജീവമായി യുക്തിവാദി പ്രസ്ഥാനത്തിന് ദേശീയ അടിസ്ഥാനത്തില്‍ തന്നെ വലിയ ശക്തി പകര്‍ന്ന എടി കോവൂര്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം പോലെ തന്നെ ആയിരുന്നു. സഹോദരന്‍ അയ്യപ്പന്‍, എംസി ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയവരെയൊക്കെ എനിക്ക് വളരെ കുട്ടിക്കാലത്ത് കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അവരുടെയൊക്കെ സ്വാധീനം എന്നിലുണ്ട്. എന്റെ ജീവിതത്തിന്റെ വഴികളെപറ്റി എനിക്ക് യൗവ്വനത്തില്‍ തന്നെ കൃത്യമായ ധാരണ ഉണ്ടായിരുന്നു
(തുടരും....)
1. ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സര്‍ ആയിരുന്നു പോള്‍ കുര്‍ട്‌സ്. ലോകപ്രശസ്ത യുക്തിവാദി നേതാവ്. ഒട്ടനവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. Rationalist International-ന്റെ Honorary Associate ആയിരുന്നു.
2) സനൽ ഇടമറുകിനെ കുറിച്ചൊരു ഡോക്യുമെന്ററി റോബര്‍ട്ട് ഈഗിള്‍ തയ്യാറാക്കിയിട്ടുണ്ട് . പ്രൊഡ്യൂസറായിരുന്നു.
Content Highlights: interview atheist sanal edamaruku,yukthivadam
Published: 09 Apr 2024, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented