''അച്ഛനുമമ്മയും വാക്കെന്നുകേട്ട്
ഞാന്‍ അക്ഷരപ്പിച്ച നടന്നു
നിലാവിലെ നീലവാനംപോലെ ഞാനൂറി
വന്നൊരാ നാദമൂകാചല
മെന്നിലലിഞ്ഞുപോയ് ''
എന്നാണ് അക്ഷരത്തുമ്പില്‍ പിടിച്ച് പിച്ചവെക്കുന്നതിനെപ്പറ്റി കവി പ്രൊഫ.വി.മധുസൂദനന്‍നായര്‍ എഴുതിയത്. എന്നാല്‍ എഴുത്തിന്റെ നിരത്തിലേക്കുള്ള കവിയുടെ പിച്ചവെപ്പുപോലെ എളുപ്പമായിരുന്നില്ല എഴുത്തിലേക്കുള്ള മനുഷ്യന്റെ വിരല്‍വെപ്പ്.  അച്ഛനും അമ്മയും ആകാശവുമൊക്കെയായ അക്ഷരങ്ങളും വാക്കുകളുമൊക്കെ ആയിരത്താണ്ടുകളുടെ പരിണാമചക്രത്തിലൂടെ ഉരുണ്ടുരുണ്ടാണ് ഇന്നീ രൂപം പ്രാപിച്ചത്.  

To advertise here,

ആദ്യക്ഷരമെഴുത്ത് ആഘോഷമാക്കിയ ജനതയാണല്ലോ നമ്മള്‍. വിദ്യാരംഭമെന്ന പേരില്‍ വലിയ ഉത്സവംതന്നെ നടത്തുന്നവര്‍. ആദ്യം എഴുതിയ അക്ഷരം ആര്‍ക്കും വലിയ ഓര്‍മയൊന്നുമുണ്ടാവില്ല. അത് ഹരിശ്രീ ആവാം, തറ,പറ ആവാം, സ്വരാക്ഷരങ്ങളാവാം. കടലാസും പേനയുമെല്ലാം ഉള്ളകാലമായിട്ടും ആദ്യക്ഷരമെഴുത്ത് മണലിലോ അരിയിലോ തന്നെ, ആചാരങ്ങള്‍ തെറ്റിക്കരുതല്ലോ..!  എന്തായാലും നമ്മളെഴുതിയതെല്ലാം നിലവിലുള്ള അക്ഷരങ്ങളാണ്. എഴുതാന്‍ പരിശീലിക്കുകയേ ചെയ്യേണ്ടിയിരുന്നുള്ളൂ. എന്നാല്‍ ഈ അക്ഷരങ്ങളൊക്കെ എങ്ങനെയുണ്ടായി ? സംസാരിക്കുകമാത്രം ചെയ്തിരുന്ന ഹോമോസാപിയന്‍മാര്‍ എന്നുമുതലാണ് എഴുതാന്‍ തുടങ്ങിയത് ? എന്താണ് ആദ്യം എഴുതിയത് ? ഇതൊക്കെ ഒരു വലിയ കഥയാണ്. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

വാമൊഴിയില്‍നിന്ന് വരമൊഴിയിലേക്കുള്ള പ്രയാണം മനുഷ്യചരിത്രത്തിലെ ഒരുഗ്രന്‍ വഴിത്തിരിവായിരുന്നു. ആ വഴിയിലൂടെ സഞ്ചരിച്ച് അവന്‍ വലിയൊരു ആശയപ്രപഞ്ചമുണ്ടാക്കി. അതുവരെ പരസ്പരം ചെവിയിലോതിയതും വിളിച്ചുപറഞ്ഞതുമെല്ലാം രേഖപ്പെടുത്താന്‍. ദൈവങ്ങളും ഭൂമിയും ആകാശവും നക്ഷത്രങ്ങളും പൂവും പൂമ്പാറ്റയും പക്ഷികളും മനുഷ്യരുമെല്ലാം അക്ഷരരൂപം പൂണ്ടു. അതില്‍ അവന്‍ ഭാവനയുടെ ചിറകും തൊങ്ങലും വെച്ചു. അങ്ങനെ രാമായണവും മഹാഭാരതവും ഇലിയഡും ഒഡിസിയും ബൈബിള്‍ കഥകളും പഞ്ചതന്ത്രവും അറബിക്കഥകളും മഹാകാവ്യങ്ങളുമെല്ലാമുണ്ടായി.  ഇതിന്റെയെല്ലാം കാരണക്കാരനായ അക്ഷരത്തിന്റെ പൂര്‍വികനെ തേടി നടന്നാല്‍ നാമെത്തുക സുമേറിയയിലായിരിക്കും.

കളിമണ്ണില്‍ പിറന്ന അക്ഷരങ്ങള്‍

മെസപ്പട്ടോമിയന്‍ സംസ്‌കാരത്തിന്റെ ഭാഗമായ സുമേറിയയിലാണ് ആദ്യത്തെ അക്ഷരം പിറന്നതെന്ന കാര്യത്തില്‍ ഇന്ന് ചരിത്രകാരന്‍മാര്‍ക്ക് രണ്ടഭിപ്രായമില്ല. എന്നാല്‍ അതിന് ഇന്നത്തെ അക്ഷരങ്ങളുമായി ഒരു സാമ്യവുമില്ലായിരുന്നു. അക്ഷരങ്ങള്‍ എന്നുപോലും പറയാനാവാത്ത, വരകളുടേയും ചിത്രങ്ങളുടേയും രൂപത്തിലാണ് അവയുണ്ടായിരുന്നത്. ബി.സി.ഇ 3500-3000 കാലത്തെ ഇത്തരം ലിഖിതങ്ങള്‍ കളിമണ്‍ പാത്രങ്ങളിലും പ്രതലങ്ങളിലുമായി കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെയൊക്കെ അര്‍ത്ഥം ഊഹിക്കാമെന്നല്ലാതെ ഉറപ്പിച്ചു പറയാന്‍ കഴിഞ്ഞിട്ടില്ല.

സൂര്യനെ കുറിക്കാന്‍ സൂര്യന്റെ ചിത്രം, മൃഗങ്ങളെ കുറിക്കാന്‍ അവയുടെ തലയുടെ ചിത്രം. ആയുധത്തിന്റെ, പക്ഷിയുടെ, മരത്തിന്റെ മനുഷ്യന്റെ ഒക്കെ ചിത്രങ്ങള്‍ കോറിയിട്ട രീതിയിലാണ് കളിമണ്‍പ്രതലങ്ങളില്‍ കണ്ടത്. പലതും ക്ഷേത്രങ്ങളോട് ചേര്‍ന്നും അവയുടെ കലവറകളോടു ചേര്‍ന്നുമായിരുന്നു.  അക്കാലത്ത് നാടിന്റെ ധാന്യപ്പുരകള്‍ കൂടിയായിരുന്നു ക്ഷേത്രങ്ങള്‍. പുരോഹിതര്‍ അതിന്റെ കൈകാര്യക്കാരും. എല്ലാ കൃഷിക്കാരും കൊയ്ത്തു കഴിഞ്ഞാല്‍ ധാന്യങ്ങള്‍ ക്ഷേത്രങ്ങളിലെ കളപ്പുരകളിലെത്തിക്കും. അവിടെ ചുമതലയുള്ളയാള്‍ വ്യത്യസ്ത ധാന്യങ്ങളെ വ്യത്യസ്ത അടയാളങ്ങളാല്‍ കുറിക്കും.  കൊണ്ടുവരുന്ന ആളുകളെ, അളവിനെ ഒക്കെ കുറിക്കുന്ന അടയാളങ്ങള്‍ കളിമണ്‍പാത്രങ്ങളില്‍ രേഖപ്പെടുത്തും. ക്ഷാമകാലത്ത് ഇതൊക്കെ ഓരോരുത്തര്‍ക്കും തിരിച്ചും അളന്നു കൊടുക്കേണ്ടിവരും. അതും അടയാളപ്പെടുത്തും. എന്നിട്ട് ആ കളിമണ്‍പാത്രം ചുട്ടെടുത്ത് സൂക്ഷിക്കും, അതായിരുന്നു അന്നത്തെ രജിസ്റ്റര്‍. 

ഇങ്ങനെയുള്ള അടയാളപ്പെടുത്തലിനായി ചില പ്രത്യേക സാമഗ്രികള്‍ ഉപയോഗിച്ചിരുന്നു. ഒരറ്റം പരന്ന ആണിയുടേയും ആപ്പിന്റെയും രൂപത്തിലുള്ള ലോഹവും കല്ലും കമ്പുമൊക്കെയായിരുന്നു അവ. ഇതുപയോഗിച്ചുള്ള കോറിയിടലാണ് 'ക്യൂനിഫോം' എഴുത്ത് എന്നു പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെട്ടത്.  'ക്യൂനസ്' എന്നാല്‍ ആപ്പ് എന്നും 'ഫോര്‍മ' എന്നാല്‍ രൂപം എന്നുമാണ് ലാറ്റിനില്‍ അര്‍ത്ഥം. ഇതു ചേര്‍ന്നാണ് ക്യൂനിഫോം എന്ന വാക്കുണ്ടായതെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. ഈ എഴുത്തുരീതി ബാബിലോണിയയിലേക്കും ഈജിപ്തിലേക്കും പരിസര പ്രദേശങ്ങളിലേക്കുമെല്ലാം പ്രചരിച്ചു. ഈ കാലഘട്ടമായപ്പോഴേക്കും ചൈനയിലും ഇന്‍ഡസ് വാലിയിലുമെല്ലാം എഴുത്തിന്റെ പ്രാഗ് രൂപങ്ങള്‍ ഉണ്ടായിത്തുടങ്ങി. സുമേറിയക്കാര്‍ ആദ്യകാലത്ത് മുകളില്‍നിന്ന് താഴോട്ടാണ് എഴുതിയിരുന്നതത്രെ. പിന്നീടാണ് ഇടത്തുനിന്ന് വലത്തോട്ട് എഴുതുന്ന രീതിയിലേക്ക് മാറിയത്. വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്ന രീതിപിന്തുടര്‍ന്ന ജനവിഭാഗങ്ങളുമുണ്ടായിരുന്നു. എന്തായാലും ചിത്രങ്ങളില്‍നിന്ന് വരകളിലേക്കും വരകളില്‍നിന്ന് അക്ഷരങ്ങളിലേക്കും വികസിച്ചു. എഴുത്തിന്റെ പ്രതലങ്ങള്‍ കളിമണ്ണില്‍നിന്ന് കല്ലിലേക്കും മൃഗത്തോലിലേക്കും മരത്തോലിലേക്കുമെല്ലാം മാറി. അക്ഷരങ്ങള്‍ വാക്കുകളായി, അത് വാക്യങ്ങളായി. അവക്ക് പൊതുവായ അര്‍ത്ഥമുണ്ടായി. അങ്ങനെ ഭാഷ വിടര്‍ന്ന് പുഷ്പിച്ചു.

placeholder
ബിസി മൂന്നാം നൂറ്റാണ്ടിൽ പാപ്പിറസ്സിൽ കോറിയിട്ട ലിഖിതം | By Charles Burton Gulick -
The Life of the Ancient Greeks, Public Domain, https://commons.wikimedia.org/w/index.php?curid=36886015

പാപ്പിറസ് വരുന്നു.. ഈജിപ്തില്‍ നിന്ന്..

മനുഷ്യന്റെ എഴുത്തുചരിത്രത്തില്‍ ഈജിപ്തിന്റെ സ്ഥാനം സുവര്‍ണ സിംഹാസനത്തിലാണ്.  കാരണം അവരാണ് ഇന്നത്തെ പേപ്പറിന്റെ പൂര്‍വികനെ തേടിപ്പിടിച്ചത്. 'പാപ്പിറസ്' എന്ന പ്രത്യേകതരം മരത്തിന്റെ തണ്ടിനുള്ളിലെ പാളികള്‍ ചേര്‍ത്തുവെച്ചാല്‍ അതിലെഴുതാമെന്ന് അയ്യായിരം വര്‍ഷം മുന്‍പേ അവര്‍ കണ്ടെത്തി. അതിന്റെ ഫലം അത്ഭുതകരമായിരുന്നു. മനുഷ്യന്റെ ആശയവും ചിന്തയും രേഖപ്പെടുത്തിവെക്കാനുള്ള ഏറ്റവും ഈടുറ്റ ഉപാധിയായി അത് മാറി.  പാപ്പിറസ് ചെടിയുടെ തണ്ടില്‍ നിന്ന് ഇന്നത്തെ പേപ്പറിലേക്ക് വീണ്ടും നൂറുകണക്കിന് വര്‍ഷങ്ങള്‍ സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. ബി.സി 200 കാലഘട്ടത്തില്‍ ചൈനയിലാണ് അത്തരം പരീക്ഷണം നടന്നത്. ചണനാര്, മരത്തൊലി, മള്‍ബറി നാര് തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ പേപ്പര്‍ നിര്‍മാണം. ഒരുഭാഗത്ത് പേപ്പറില്‍ പരിഷ്‌കരണങ്ങള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് എഴുത്തുപകരണത്തിലും നടന്നു വിവിധ പരീക്ഷണങ്ങള്‍. ആദ്യഘട്ടങ്ങളില്‍ കമ്പും കല്ലുമായിരുന്നു എഴുത്തായുധങ്ങളെങ്കില്‍ കടലാസിന്റെ വരവോടെ അത് പുല്‍ത്തണ്ടിലേക്കും മൃഗരോമവുമുപയോഗിച്ചുള്ള ബ്രഷുകളിലേക്ക് മാറി. ഇലയിലും തോലിലുമെല്ലാം ലോഹംകൊണ്ടുള്ള ആണികള്‍ കൊണ്ട് എഴുതുന്ന രീതിയുമുണ്ടായിരുന്നു. അതാണ് നമ്മള്‍ ഇന്ത്യക്കാര്‍ നാരായമായി ഏറ്റെടുത്തത്. നമ്മള്‍ ഇലകളിലും ഓലകളിലും ലോഹപ്പാളികളിലുമാണ് അതുപയോഗിച്ച് എഴുതിയത്. ''പ്രണയലേഖനം എങ്ങനെയെഴുതണം മുനികുമാരികയല്ലോ ഞാന്‍ ''  എന്നൊക്കെ കാമുകി വ്യാകുലപ്പെട്ടത് ഈ താളിയോലകളില്‍ എഴുത്താണികൊണ്ടെഴുതുന്ന കാര്യത്തിനാണ്. പേപ്പര്‍ പരിഷ്‌കാരിയാവുന്നതിനനുസരിച്ച് എഴുത്തുപകരണങ്ങളും മുഖംമിനുക്കി. കരിയും ഇലക്കറയും, കടുക്കപോലുള്ള ജീവികളുടെ നിറങ്ങളും പശയുമെല്ലാം ഉപയോഗിച്ചുള്ള മഷി നിര്‍മിച്ചു. അതില്‍ മുക്കിയെഴുതാന്‍ എഴുത്താണികള്‍ വീണ്ടും വേഷംമാറി. തൂവലറ്റവും ചെടിത്തണ്ടുകളുമെല്ലാം ഉപയോഗിച്ചുതുടങ്ങി. 

placeholder
വാണിജ്യ വിജയം നേടിയ ആദ്യ ബോൽ പെന്നിന്റെ പേറ്റൻര് സ്വന്തമാക്കിയ ബൈറോ | By Unknown author - Victor Sueiro (19791).
Crónica loca de maravillas, curiosidades, rarezas y misterios de la Argentina. Editorial V.S.D., Public Domain, https://commons.wikimedia.org/w/index.php?curid=1914488

പെന്‍സിലിന്റെ അവതാരം...

'പെന്‍സിലിന്റെ കഥ' എന്ന പേരില്‍ പൗലോ കൊയ്‌ലോയുടെ പ്രസിദ്ധമായ ഒരു കഥയുണ്ട്. പെന്‍സിലിന്റെ സവിശേഷതകളെക്കുറിച്ച് ഒരു മുത്തശ്ശി കൊച്ചുമകന് പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് കഥ വികസിക്കുന്നത്.  പുറംതോടിനല്ല, ഉള്ളിലുള്ളതിന് പ്രാധാന്യം കൊടുക്കുന്നു, തെറ്റുകള്‍ മായ്ക്കാന്‍ അവസരം നല്‍കുന്നു, അടയാളം ബാക്കിവെക്കുന്നു, മൂര്‍ച്ച കൂട്ടുന്തോറും മെച്ചപ്പെടുന്നു... അങ്ങനെയങ്ങനെ കുറേ പ്രത്യേകതകള്‍. കഥാപാത്രം പെന്‍സിലാണെങ്കിലും കഥ അല്‍പം തത്വചിന്താപരമാണ്. എന്നാല്‍ നമ്മുടെ വിഷയം തത്വചിന്തയല്ല, ചരിത്രമാണ്.

പെന്‍സില്‍ എന്നു കേള്‍ക്കുമ്പോള്‍ പഴയ തലമുറയുടെ മനസ്സില്‍ വരുന്ന ചിത്രം സ്ലേറ്റും പെന്‍സിലുമായിരിക്കും.  പുത്തന്‍ തലമുറക്കാര്‍ക്കാണെങ്കില്‍ എച്ച്.ബി, കാമല്‍ തുടങ്ങിയ കമ്പനികളുടെ പേരുകളും. എന്നാല്‍ വാസ്തവത്തില്‍ നമ്മുടെ മനസ്സിലേക്ക് വരേണ്ടത് കുറേ ആടുകളുടേയും ആട്ടിടയന്‍മാരുടേയും ചിത്രങ്ങളാണ്. പെന്‍സിലും ആട്ടിടയന്‍മാരും തമ്മില്‍ എന്താണ് ബന്ധം എന്നായിരിക്കും. പെന്‍സില്‍ സത്യത്തില്‍ ഒരു വിദേശിയാണ്. ഇംഗ്ലണ്ടാണ് ജന്‍മഗൃഹം. ഇംഗ്ലണ്ടിലെ ചില കുന്നിന്‍പ്രദേശങ്ങളില്‍ ആടിനെ മേയ്ക്കാന്‍ പോയ ആട്ടിടയന്‍മാരാണ് പ്രത്യേകതരം പാറകള്‍ ശ്രദ്ധിച്ചത്. ആടുമേക്കുന്നതിനിടയില്‍ വിശ്രമിക്കാനിരിക്കുന്ന പാറകള്‍. പക്ഷേ ഇരുന്നാലും പാറയില്‍ തൊട്ടാലുമൊക്കെ ദേഹത്ത് കറുത്ത അടയാളം ഉണ്ടാവുന്നു. അതുകൊള്ളാമല്ലോ എന്ന് അവര്‍ക്കും തോന്നി. ആ പാറക്കഷ്ണങ്ങള്‍ കൂര്‍പ്പിച്ച് തങ്ങളുടെ ആടുകളുടെ ദേഹത്ത് അടയാളമിടാനും പലതും എഴുതിവെക്കാനുമൊക്കെ തുടങ്ങി. പില്‍ക്കാലത്ത് എഴുത്തുവിദ്യയിലെ മറ്റൊരു വഴിത്തിരിവായിമാറിയ ഗ്രാഫൈറ്റ് പാറകളാണതെന്ന് പാവം ആട്ടിടയന്‍മാര്‍ക്ക് അറിയില്ലായിരുന്നു. 17-ാം നൂറ്റാണ്ടോടെ ഈ ഗ്രാഫൈറ്റ് കഷ്ണങ്ങളെ ആണിരൂപത്തിലാക്കി മരത്തൊലിയില്‍ പൊതിയുന്ന വിദ്യ വന്നു. അതാണ് ഇന്നത്തെ പെന്‍സിലിന്റെ പൂര്‍വികന്‍. ആധുനിക പെന്‍സിലിനെ നിര്‍മിക്കുന്നത് പിന്നെയും നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. 19-ാം നൂറ്റാണ്ടില്‍ നിക്കോളാസ് ജാക്വിസ് കോന്റെ എന്ന ഫ്രഞ്ച് കെമിസ്റ്റ് ഗ്രാഫൈറ്റ് പൗഡറും ക്ലേയും ചേര്‍ത്ത് നിര്‍മിച്ച പെന്‍സിലുകളാണ് ഇന്നും നമ്മള്‍ പരിഷ്‌കരിച്ച് ഉപയോഗിക്കുന്നത്.

placeholder
ബൈറോ ഉണ്ടാക്കിയ ബോൾ പെൻ|
 Photo by User:Roberto Fiadone,
commons.wikimedia.org/w/index.php?curid=1414088

പേനകകളിലൂടെ ഉതിര്‍ന്ന വര്‍ണാക്ഷരങ്ങള്‍...

ഇനിയാണ് എഴുത്തുലോകത്തെ മെഗാസ്റ്റാറിന്റെ വരവ്. പെന്‍സിലിന്റെ മങ്ങിയതും മായുന്നതുമായ അക്ഷരങ്ങളെ കടലാസില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന, അക്ഷരങ്ങള്‍ക്ക് കൂടുതല്‍ നിറം നല്‍കുന്ന പെന്‍. 1800-കളില്‍ ഇംഗ്ലീഷുകാരനായ ജോണ്‍ മിഷേല്‍ 'സ്റ്റീല്‍ പോയന്റ് പെന്‍' അവതരിപ്പിച്ചു. ഇത് തൂവലുകൊണ്ടെഴുതുന്നതു പോലെത്തന്നെ മഷിയില്‍ മുക്കിയെഴുതുന്നതായിരുന്നു. ഇടക്കിടക്കുള്ള ഈ മഷിയില്‍ മുക്കല്‍ ഒരു വല്ലാത്ത മടുപ്പാണ്. അത് അവസാനിപ്പിക്കാനെന്താണ് വഴിയെന്ന ചിന്തയാണ് 1827-ല്‍ റൊമാനിയക്കാരനായ പെട്രാഷെ പൊനാരോയെ പുതിയൊരു കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. മഷിനിറച്ച ചെറിയൊരു കുഴല്‍ ഉള്ളില്‍ ഘടിപ്പിച്ച പേനയായിരുന്നു അത്. ആദ്യ ഫൗണ്ടന്‍ പേനയെന്നു പറയാവുന്ന അതിന് അദ്ദേഹം പേറ്റന്റ് നേടുകയും ചെയ്തു. 

പക്ഷേ, പ്രശ്‌നം അവിടെ തീര്‍ന്നില്ല. മഷിയെ നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ പേനക്ക് 'വയറിളക്കം' തുടങ്ങി. കടലാസ് മുഴുവന്‍ വൃത്തികേടാവുന്ന അവസ്ഥ വന്നു. പിന്നീട് പലരും പല പരീക്ഷണങ്ങളും ഈ മഷിപ്പേനയില്‍ നടത്തിനോക്കി.  അങ്ങനെ 1888-ല്‍ അമേരിക്കക്കാരനായ ജോണ്‍.ജെ.ലൗഡ് ആദ്യത്തെ ബോള്‍ പോയന്റ് പേനക്ക് പേറ്റ്‌ന്റെ നേടി. അറ്റത്ത് കുഞ്ഞു ലോഹഗോളം ഘടിപ്പിച്ച പേനയായിരുന്നു അത്. ഗോളം കറങ്ങുമ്പോള്‍ അതില്‍ പറ്റിയ മഷി കടലാസില്‍ പുരളും. പെട്രാഷെയുടെ പേനക്ക് നിലക്കാത്ത മഷിയൊഴുക്കായിരുന്നെങ്കില്‍ ലൗഡിന്റെ പേനയുടെ അസുഖം ഉള്ളിലിരുന്ന് മഷി ഉണങ്ങുന്നതായിരുന്നു. ഈ ഘട്ടത്തിലാണ് ബോള്‍പോയന്റ് പേനയുടെ പുത്തന്‍ മാതൃകയുമായി ഹംഗേറിയന്‍ പത്രപ്രവര്‍ത്തകനായ ലാസ്ലോ ബൈറോ വരുന്നത്. രണ്ടാംലോക മഹായുദ്ധകാലത്ത് അര്‍ജന്റീനയില്‍ താമസിച്ചിരുന്ന അദ്ദേഹം പത്രത്തില്‍ അച്ചടിക്കുന്ന മഷിയുടെ സ്വഭാവം നിരീക്ഷിച്ചിരുന്നു. പേപ്പറില്‍ പതിഞ്ഞാല്‍ വൈകാതെ ഉണങ്ങിപ്പോകുന്ന തരത്തിലുള്ള മഷി അദ്ദേഹം വികസിപ്പിച്ച് പേനയില്‍ നിറച്ചു.  അത് വലിയ വിജയമായി. 1938-ല്‍ അദ്ദേഹവും സഹോദരന്‍ ജോര്‍ജ്ജ് ലാസ്ലോയും ചേര്‍ന്ന് 'ബൈറോ' എന്ന പേരുള്ള പേനക്ക് പേറ്റന്റ് നേടി. ഇന്നും അര്‍ജന്റീനയുടെ 'ഇന്‍വെന്റേഴ്‌സ് ഡേ' ആയി ആചരിക്കുന്നത് ലാസ്ലോ ബൈറോയുടെ ജന്‍മദിനമാണ്.

ബൈറോ പേനകള്‍ വലിയ തരംഗമായെങ്കിലും മഷിയുടെ ചോര്‍ച്ച അപ്പോഴും ഒരു തീരാത്ത തലവേദനയായിരുന്നു. പേനയുടെ നിര്‍മാണത്തിന്റെ കരാര്‍ അദ്ദേഹം പല കമ്പനികള്‍ക്കായി നല്‍കി. യൂറോപ്പില്‍ മാര്‍സല്‍ ബിക് എന്നയാളാണ് കരാര്‍ ഏറ്റെടുത്തത്. പല മാറ്റങ്ങളും വരുത്തിയതിന് ശേഷം 'ബിക്' എന്ന പേരില്‍ അദ്ദേഹം തുടങ്ങിയ പേനക്കമ്പനി പിന്നീട് പ്രസിദ്ധമായി. അമേരിക്കയില്‍ മില്‍ട്ടണ്‍ റൈനോള്‍ഡ്‌സ് എന്നയാള്‍ റൈനോള്‍ഡ്‌സ് ഇന്റര്‍നാഷണല്‍ പെന്‍ കമ്പനി തുടങ്ങി. റൈനോള്‍ഡ്‌സ് പേനകളും കുറേക്കാലം പേനകളുടെ രാജാക്കന്‍മാരായി. പിന്നെ പേനകള്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് വൈവിധ്യങ്ങളുടെ വര്‍ണലോകം തീര്‍ക്കുന്ന പേനകള്‍ കാണുമ്പോള്‍ അതിനു പിന്നിലെ അന്വേഷണത്തിന്റേയും അലച്ചിലിന്റേയും കഥ മറന്നുകൂടാ.  അക്ഷരങ്ങളെ അടയാളപ്പെടുത്താനുള്ള മനുഷ്യന്റെ അടങ്ങാത്ത ആശയും ഇതിനോടൊപ്പം അനശ്വരമാവുന്നു.