
പ്രതികാരദാഹിയായ കള്ളിയങ്കാട്ട് നീലിയേയോ പനച്ചിപ്പാറ യക്ഷിയേയോ കുറിച്ച് കേട്ട ആരെങ്കിലും പുതിയ തലമുറയിലുണ്ടോ? എത്ര പേര്‍ക്ക് ബ്രഹ്മരക്ഷസ്സിനെക്കുറിച്ചറിയാം? ജിന്നോ ശെയ്ത്താനോ കൂടിയവരെ നേരിട്ടുകണ്ടിട്ടുണ്ടോ നിങ്ങള്‍ ? 'ഒടിയന്‍' എന്ന പേര് കേള്‍ക്കുമ്പോള്‍ മോഹന്‍ലാലിന്റെ തുടുത്ത മുഖമല്ലാതെ മറ്റെന്തെങ്കിലും മനസ്സില്‍വരാറുണ്ടോ ? രാത്രി ഒരു വാഴയിലയനങ്ങിയാല്‍, ഇരുട്ടില്‍ ഒരു പൂച്ച പതുങ്ങിയാല്‍, കുറ്റിച്ചെടികള്‍ക്കും വാഴയിലകള്‍ക്കും പ്രേതരൂപം സങ്കല്‍പിച്ച് ഞെട്ടിയിരുന്ന ഒരു തലമുറയെ നിങ്ങള്‍ക്ക് സങ്കല്‍പിക്കാനാവുമോ ?
Also Read
കൊട്ടാരത്തില്‍ ശങ്കുണ്ണിയേയും കോട്ടയം പുഷ്പനാഥിനേയും ബ്രാംസ്‌റ്റോക്കറേയുമെല്ലാം വായിച്ച്, കാരണവന്‍മാരുടെ കെട്ടുകഥകള്‍ കേട്ടുവളര്‍ന്ന ഒരു തലമുറ. അവര്‍ പകല്‍ മുഴുവന്‍ പണിയെടുത്തും കളിച്ചും നടന്ന ഇടങ്ങളില്‍ രാത്രിയാവുന്നതോടെ പേടി വിളയും. കരിമ്പനകള്‍ മുടിയഴിച്ചിട്ട യക്ഷികളാവും. കരിമ്പാറകള്‍ ജിന്നുകളുടെ ഒളിയിടങ്ങളാവും. ശവപ്പറമ്പുകള്‍ അലയുന്ന ആത്മാക്കളെക്കൊണ്ട് നിറയും. പാലകള്‍ക്കു മുകളില്‍ നിന്ന് യക്ഷികള്‍ അലറും. ഇരുട്ടിനെ ഭയന്ന മനുഷ്യന്‍ അനാദികാലം മുതല്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ ഇത്തരം പേടിരൂപങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. അവരെക്കുറിച്ച് മെനഞ്ഞ അതിശയോക്തികഥകള്‍ അതത് നാടുകളുടെ സാഹിത്യത്തിന്റെ ഭാഗമായി. ലോകത്തെമ്പാടും ഇത്തരം പേടിക്കഥകളുണ്ടായിരുന്നു. ദേശത്തിനും സംസ്‌കാരത്തിനുമനുസരിച്ച് രൂപത്തിലും വേഷത്തിലും പേരിലുമൊക്കെ ചെറിയ മാറ്റമുണ്ടെന്ന് മാത്രം. അവ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പ്രചരിച്ചു. മനുഷ്യനിലെ തിരിച്ചറിയാന്‍ കഴിയാതിരുന്ന ഉന്‍മാദങ്ങളെയെല്ലാം അവര്‍ ഇത്തരം ബാധകളുടെ ആവേശമായി ചിത്രീകരിച്ചു. മനുഷ്യന്റെ അജ്ഞതയുടെ ഇരുട്ടില്‍ ഈ ബാധകള്‍ നൂറ്റാണ്ടുകളോളം പള്ളിവാളും ചിലമ്പുമണിഞ്ഞ് ഉറഞ്ഞുതുള്ളി. അതിനെ അമര്‍ത്താന്‍ മന്ത്രവാദികളും മുല്ലമാരും കത്തനാര്‍മാരും മന്ത്രങ്ങളും മന്ത്രവടികളുമായെത്തി. അത് വൈകാതെ ഒന്നാന്തരം ഭീതിവ്യാപാരമായി വികസിച്ചു.
എല്ലാം 'നശിപ്പിച്ച' വെളിച്ചം...
''വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം'' എന്ന അക്കിത്തക്കവിത തികച്ചും യോജിച്ചത് ഈ ഭീതിക്കച്ചവടക്കാര്‍ക്കാണ്. മനുഷ്യന്റെ അജ്ഞതയെന്ന ഇരുട്ടിനെ വിറ്റുജീവിച്ചവരും അവരുടെ ഭയത്തെ ഇല്ലാതാക്കാന്‍ പരമ്പരാഗത തന്ത്രങ്ങൾ ഉപയോഗിച്ചവരുമുണ്ടായിരുന്നു. അവരുടെ കഞ്ഞിയില്‍ പാറ്റവീഴ്ത്തിയത് അങ്ങകലെ ലണ്ടനില്‍ ജനിച്ച മൈക്കല്‍ ഫാരഡെ എന്ന ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ വൈദ്യുതി എന്ന കണ്ടുപിടിത്തത്തോടെ യക്ഷികളുടേയും പിശാചിന്റേയും ജിന്നുകളുടേയും രക്ഷസ്സുകളുടേയുമെല്ലാം കഷ്ടകാലം തുടങ്ങി. അതും കഴിഞ്ഞ് ഹംഫ്രി ഡേവിയും തോമസ് ആല്‍വാ എഡിസണുമെല്ലാം വൈദ്യുതി ബള്‍ബ് കൂടി കണ്ടുപിടിച്ചതോടെ അദൃശ്യശക്തികളുടെ സുവര്‍ണകാലം എന്നന്നേക്കുമായി അവസാനിക്കുകയായിരുന്നു. രാവും പകലുമെന്ന ഭേദമില്ലാതായി. കള്ളിയങ്കാട്ടു നീലിക്കും വടയക്ഷിണിക്കും ഒളിഞ്ഞിരുന്ന് ഇരപിടിക്കാവുന്ന ഇരുളിടങ്ങള്‍ നഷ്ടമായി. ശവക്കല്ലറകളിലും സെമിത്തേരിയിലുമെല്ലാം ഇലക്ട്രിക് ബള്‍ബുകള്‍ സൂര്യശോഭ പരത്തി. തെരുവുകളും കുറ്റിക്കാടുകളുമെല്ലാം പകല്‍പോലെ തെളിഞ്ഞു. പേടിരൂപങ്ങളുടെ വംശഹത്യതന്നെയാണ് പിന്നീടു നടന്നത്. ഇലക്ട്രിക് ബള്‍ബുകള്‍ പ്രകാശം പരത്തിയപ്പോള്‍ ഇരുളൊഴിഞ്ഞത് മനുഷ്യരുടെ മനസ്സില്‍ നിന്നൂകൂടിയാണ്.
നല്ലൊരു യക്ഷിയെ കണ്ടിട്ടിപ്പോള്‍ പതിറ്റാണ്ടുകളായി. യക്ഷിയെ കണ്ടവരെപ്പോലും കാണാനില്ല. ഹൊറര്‍ സിനിമകള്‍ പുതിയ തലമുറയെ ഭയപ്പെടുത്തുന്നില്ല. ഒരു കാലത്ത് തീയേറ്ററുകളെ വിറപ്പിച്ചിരുന്ന 'ഭാര്‍ഗവീനിലയ'വും 'ശ്രീകൃഷ്ണപ്പരുന്തും' 'വീണ്ടും ലിസ'യുമൊക്കെ കോമഡി സിനിമകള്‍ കാണുന്നതുപോലെയാണ് ഇന്ന് ആളുകള്‍ കാണുന്നത്. ഇപ്പോള്‍ ആരുടെ ദേഹത്തും ബാധകൂടാറില്ല. മാനസികപ്രശ്‌നങ്ങള്‍ക്ക് നല്ല ചികിത്സ നല്‍കിയപ്പോള്‍ എല്ലാ ബാധകളും നിരാശരായി പിണങ്ങിപ്പോയി. നാട്ടിന്‍പുറങ്ങളില്‍ പരസ്പരവൈരം തീര്‍ക്കാന്‍ 'ഒടിയന്റെ' പേരില്‍ നടത്തിയിരുന്ന ക്വട്ടേഷന്‍ പരിപാടികള്‍ നിന്നു. അതൊക്കെ പിന്നീട് വിലാസമുള്ള കൊടി സുനിമാരിലും വെട്ടുകുട്ടന്‍മാരിലും കേന്ദ്രീകരിച്ചു. മന്ത്രിച്ചൂതിയും നൂലുകെട്ടിയും കൂടോത്രം ചെയ്തുമുള്ള കച്ചവടങ്ങള്‍ക്ക് വലിയ അടിയായി. ഇതിനൊക്കെ കാരണക്കാരനായത് വൈദ്യുതിയും ബള്‍ബുകളുമായിരുന്നു. ഒരുതരത്തില്‍, മൈക്കല്‍ ഫാരഡേയും എഡിസണുമൊക്കെ ശാസ്ത്രവ്യാവസായിക വിപ്ലവം മാത്രമല്ല, സാമൂഹിക വിപ്ലവംകൂടി നടത്തിയവരാണ്. ഇതിനിടയിലും ഈ നൂറ്റാണ്ടില്‍ മന്ത്രവാദവും നരബലിയും കൂടോത്രവുമൊക്കെ ഒരുഭാഗത്ത് നടക്കുന്ന കാര്യം വിസ്മരിച്ചുകൂടാ. ഓരോ അനിഷ്ടസംഭവങ്ങളുണ്ടാവുമ്പോഴും അന്ധവിശ്വാസ നിരോധനനിയമം ചര്‍ച്ചയാവുമെങ്കിലും അത് നടപ്പാക്കാന്‍ തന്റേടമുള്ള ഒരു ഭരണകൂടം ഇനിയും നമുക്കുണ്ടായിട്ടില്ല.

| By John Raphael Smith - [1] [2], originally uploaded to en by User:Magnus Manske,
Public Domain, https://commons.wikimedia.org/w/index.php?curid=31245
മരണത്തിന്റെ വിത്തെറിഞ്ഞ് വസൂരി...
വി.എസ്.അച്യുതാനന്ദന്റെ ആത്മകഥാ കുറിപ്പുകളില്‍ കണ്ണു നനയിക്കുന്ന ഒരു അനുഭവമുണ്ട്. വസൂരി ബാധിച്ച തന്റെ അമ്മ അക്കമ്മയെ വീട്ടില്‍ നിന്ന് ദൂരെയുള്ള ഒരു കുടിലില്‍ കിടത്തിയതും അവിടെ കിടന്നു നരകിച്ച് അമ്മ മരിച്ചതും. അവസാനമായി സ്വന്തം മക്കളെ കാണണമെന്ന അമ്മയുടെ ആഗ്രഹം നിറവേറ്റാനായി അച്ഛന്‍ ശങ്കരന്‍ രണ്ടുമക്കളേയും കൊണ്ട് ആ ഓലപ്പുരയുടെ പുറത്തുനിന്നു. ഓലക്കീറുകള്‍ക്കുള്ളിലൂടെ അമ്മ മക്കളെ ഒരു നോട്ടം കണ്ടു. അന്ന് നാലുവയസ്സായിരുന്നു വി.എസിന്.
വസൂരിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ക്ക് അതുണ്ടാക്കിയ സാമൂഹികാഘാതം എത്രത്തോളമായിരുന്നു എന്നറിയാന്‍ വി.എസിന്റെ ഈ അനുഭവം ഉപകരിക്കും. വസൂരിബാധിച്ചവരെ ഒറ്റയ്ക്കൊരു കൂരയിലാക്കി അവിടെ കിടന്ന് മരിക്കാന്‍ അനുവദിക്കുകയായിരുന്നു രീതി. മരിച്ചുകഴിഞ്ഞാല്‍ കൂരയോടെ കത്തിച്ചുകളയും. മറ്റുള്ളവരെ കാണാന്‍പോലും അനുവദിച്ചിരുന്നില്ല. ലോകമെമ്പാടും കോടിക്കണക്കിന് ജനങ്ങളെയാണ് വസൂരിയെന്ന പകര്‍ച്ചവ്യാധി കൊന്നൊടുക്കിയത്. ഒരു പിടിയും തരാത്ത ഈ മഹാരോഗം സ്വാഭാവികമായും മനുഷ്യന്റെ ആത്മവിശ്വാസത്തെ തകര്‍ത്തു. ആത്മവിശ്വാസം തകരുമ്പോള്‍ ആ വിടവില്‍ വിശ്വാസം കയറിയിരുന്നു. പിന്നീട് ഭാവനാത്മകമായ കഥകളുടെ പെരുങ്കളിയാട്ടമായിരുന്നു. അങ്ങനെ വസൂരി ഒരു ഭീകരരൂപിയായി നിറഞ്ഞാടി.
വസൂരിമാലയും ദൈവകോപവും...
പതിനായിരം വര്‍ഷം പഴക്കമുള്ള മമ്മിയില്‍ പോലും വസൂരിബാധയുടെ ലക്ഷണം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഇത് ഒരു അതിപുരാതന പകര്‍ച്ചവ്യാധിയാണെന്നു വേണം കരുതാന്‍. ഇക്കാലയളവിലെല്ലാം ഒട്ടേറേ വിശ്വാസങ്ങള്‍ രോഗം സംബന്ധിച്ച് മനുഷ്യര്‍ക്കിടയിലുണ്ടായിരുന്നു. ഇത്തരം വിശ്വാസങ്ങള്‍ക്ക് ദേശഭേദമുണ്ടായിരുന്നില്ല. യൂറോപ്പില്‍ പണ്ടുള്ളവര്‍ കരുതിയിരുന്നത് വസൂരി ദുഷ്ടാത്മാക്കളോ അമാനുഷിക ശക്തികളോ ഉണ്ടാക്കുന്നതാണ് എന്നായിരുന്നു. അതുകൊണ്ടുതന്നെ അവയെ ഒഴിപ്പിക്കാന്‍ മന്ത്രവാദങ്ങളും മറ്റ് ആചാരങ്ങളും അനുഷ്ഠിക്കാന്‍ തുടങ്ങി. പ്രത്യേക ആഭരണങ്ങള്‍ ധരിച്ചും ഔഷധങ്ങള്‍ പുകച്ചുമൊക്കെ വസൂരിയെന്ന ദുഷ്ടാത്മാവിനെ ഓടിക്കാന്‍ അവര്‍ ശ്രമിച്ചു. രക്ഷക്കായി അത്ഭുത മോതിരങ്ങളും മാലകളും ധരിച്ചു. ദുഷ്ടശക്തികളുടെ കണ്ണേറുകൊള്ളാതിരിക്കാനുള്ള വസ്തുക്കള്‍ വസ്ത്രങ്ങളില്‍ ഘടിപ്പിച്ചു, നിരന്തരമായ പ്രാര്‍ഥനകളില്‍ അഭയം തേടി. ഒടുവില്‍ വസൂരിബാധിച്ച് പഴുത്തുമരിക്കുകയും ചെയ്തു.
നമ്മുടെ നാട്ടിലെത്തിയപ്പോഴേക്ക് വസൂരി എന്ന രോഗം 'വസൂരിമാല'യെന്ന ദേവതയായി. അല്‍പംകൂടി കടന്ന 'സൈക്കോളജിക്കല്‍ മൂവ്' തന്നെയായിരുന്നു അത്. നമുക്കു നിയന്ത്രിക്കാനാവാത്ത പ്രകൃതിശക്തികളെ ദേവതകളാക്കി ആരാധിച്ച് വിധേയരാക്കുന്ന രീതി. ദാരികാസുരന്റെ ഭാര്യയായ 'മനോദരി'യെയാണ് വസൂരിമാലയായി ആരാധിച്ചിരുന്നത്. വസൂരിമാല ബാധിക്കുമ്പോഴാണ് വസൂരിരോഗമുണ്ടാകുന്നതെന്നും അപ്പോള്‍ ഭദ്രകാളിയെ പ്രാര്‍ഥിച്ചാല്‍ രോഗംമാറ്റാന്‍ വസൂരിമാലയേയും ശിവസൃഷ്ടിയായ കണ്ഠാകര്‍ണനേയും ഭദ്രകാളി രോഗിയുടെ അടുത്തേക്ക് അയക്കുമെന്നുമായിരുന്നു വിശ്വാസം. ഇപ്പോഴും വടക്കന്‍ കേരളത്തില്‍ പലയിടത്തും വസൂരിമാല തെയ്യം നടത്താറുണ്ട്. വസൂരിയുടെ കരാളക്കൈകളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ അത് ദൈവാനുഗ്രഹമായി കണ്ടു, അല്ലാത്തവര്‍ ദാരുണമായ മരണം വരിച്ചു. വസൂരിബാധിതരെ കിടത്തിയിരുന്ന മരക്കട്ടില്‍ വസൂരിക്കട്ടിലെന്ന പേരില്‍ വടക്കന്‍ കേരളത്തില്‍ അറിയപ്പെട്ടിരുന്നു. ഇന്നും ചില വീടുകളില്‍ അതുണ്ട്.
യഥാര്‍ഥ ദൈവമായി ജന്നര്‍ വരുന്നു....
മനുഷ്യരാശിയുടെ യഥാര്‍ഥ രക്ഷകന്‍ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പിടിച്ചുകെട്ടാനാവാതെ വസൂരി മനുഷ്യകുലത്തിനുമേല്‍ താണ്ഡവമാടിയപ്പോള്‍ ലക്ഷങ്ങള്‍ ലോകത്തെമ്പാടും ചത്തൊടുങ്ങി. ഒരുഭാഗത്ത് ആരാധനകളും കര്‍മങ്ങളുമെല്ലാം മുറപോലെ നടക്കുമ്പോഴും മറുഭാഗത്ത് ഉറക്കമില്ലാതെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ ഇതിനെതിരേ മൂര്‍ച്ചയുള്ള ആയുധം തിരയുകയായിരുന്നു. ആ സമയത്താണ് ബ്രിട്ടീഷ് ഡോക്ടറായ എഡ്വേര്‍ഡ് ജന്നര്‍ ഒരു പരീക്ഷണം നടത്തിനോക്കിയത്. 1796-ല്‍ ജെയിംസ് ഫിപ്‌സ് എന്ന ഒരു കുട്ടിയുടെ ദേഹത്ത് അദ്ദേഹം ഗോവസൂരിയെന്ന, താരതമ്യേന ശക്തികുറഞ്ഞ രോഗംബാധിച്ച സ്ത്രീയുടെ ചലം കുത്തിവെച്ചു. ഒന്നര മാസത്തിന് ശേഷം കടുത്ത വസൂരിയുള്ള ഒരാളുടെ ദേഹത്തെ ചലവും കുത്തിവെച്ചു. ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍... ഒന്നും സംഭവിച്ചില്ല. ഗോവസൂരി രോഗാണുക്കള്‍ കുട്ടിയുടെ ശരീരത്തില്‍ ഉണര്‍ത്തിവിട്ട ആന്റിബോഡികള്‍ വസൂരിയുടെ രക്തദാഹികളായ രോഗാണുക്കളെ പിടിച്ചുകെട്ടിരിക്കുന്നു. മനുഷ്യചരിത്രത്തിലെ ആദ്യത്തെ വാക്‌സിന്‍ അവിടെ പിറവികൊള്ളുകയായിരുന്നു. മനുഷ്യരെ മുച്ചൂടും മുടിക്കുമായിരുന്ന മാരകരോഗത്തെ, കഥകളുണ്ടാക്കിയ മസ്തിഷ്‌കം കൊണ്ടുതന്നെ വാക്‌സിനുണ്ടാക്കി മനുഷ്യനതിനെ നേരിട്ടു. ലോകത്തിലെ അവസാന വസൂരിബാധിതന്‍ സോമാലിയയിലെ ഒരു ആശുപത്രിയിലെ പാചകക്കാരനായിരുന്ന അലി മാവോ മാലിന്‍ ആയിരുന്നു. 1977 ലായിരുന്നു അത്. അതിനു ശേഷം പരീക്ഷണശാലയില്‍ നിന്ന് വസൂരിബാധിച്ച് 1978ല്‍ ജാനറ്റ് പാര്‍ക്കര്‍ എന്ന മെഡിക്കല്‍വിദ്യാര്‍ഥി കൂടിമരിച്ചു. അപ്പോഴേക്കും ലോകമെമ്പാടും വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കി. 1980-ല്‍ വസൂരിയെ ലോകത്തുനിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കിയതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇന്ന് വസൂരിയുടെ രോഗാണുക്കള്‍ പരീക്ഷണശാലയില്‍ മാത്രമേയുള്ളൂ. മാത്രമല്ല, ഈ മാര്‍ഗ്ഗം സ്വീകരിച്ച് ഒട്ടേറേ മാരകരോഗങ്ങള്‍ക്കുള്ള വാക്‌സിനുകള്‍ മനുഷ്യര്‍ വികസിപ്പിച്ചുകഴിഞ്ഞു. ഒരു രോഗത്തിനും മുന്നില്‍ തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഒരിക്കല്‍കൂടി പ്രഖ്യാപിക്കുകയായിരുന്നു മനുഷ്യൻ.
Content Highlights: nammalangane nammalayi column electricity impact vimal kottakkal social light evolution humanhistory
Published: 07 Mar 2024, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented