
ജന്മാവകാശങ്ങള് നേടിയെടുക്കാന്‍ സ്ത്രീകള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്ന ദൗര്‍ഭാഗ്യത്തിന്റെ ദുരിതകഥ കൂടിയാണ് ചരിത്രം. തങ്ങളുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ക്കായി, ലിംഗനീതിയ്ക്കുള്ള മുറവിളികളുമായി നിരത്തുകളില്‍ സ്ത്രീശബ്ദങ്ങള്‍ മാറ്റൊലി മുഴക്കിയിട്ടുണ്ട്. തീക്കടല്‍ പലതും കടന്നാണ് പെണ്‍ജീവിതം ഇതുവരെ എത്തിയത്. എന്നാല്‍, പുരുഷന്റെ സുരക്ഷയ്ക്കും അവകാശങ്ങള്‍ക്കുമായി സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭമാണ് നുപി ലാന്‍. അക്ഷരാര്‍ഥത്തില്‍ പെണ്‍പോര്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ അത്രയൊന്നും പേരുകേട്ടിട്ടില്ലാത്ത ജനമുന്നേറ്റം കൂടിയാണ് മണിപ്പുരില്‍ നടന്ന നുപി ലാന്‍. ഇത്തവണ സ്ത്രീ മുന്നേറ്റ കഥകൾ പറയുന്ന Half The Skyയിൽ നുപിലാൻ മുന്നേറ്റമാണ്
സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group
കച്ചവടത്തിനായി വന്ന് പിന്നീട് ഭരണാധികാരികളായി സ്വയം ചമഞ്ഞ ബ്രിട്ടീഷ് മേധാവിത്വത്തിന് ഇന്ത്യയിലെ ജനങ്ങള്‍ വെറും പാവകളായിരുന്നു. ഇഷ്ടത്തിനൊത്ത് ചലിപ്പിക്കാവുന്ന, വേണ്ടെങ്കില്‍ ചരടറുത്ത് വലിച്ചെറിയാവുന്ന പഴന്തുണിക്കെട്ടുകള്‍. തുണിമില്ലുകള്‍ തകര്‍ത്തെറിഞ്ഞും നെല്‍പ്പാടങ്ങളില്‍ കറുപ്പ് നടാന്‍ നിര്‍ബന്ധിച്ചും കടലിനപ്പുറം പ്ലാന്റേഷനുകളില്‍ തോട്ടപ്പണിക്ക് കൊണ്ടുപോയും പ്രാദേശിക ജീവിതരീതികള്‍ അട്ടിമറിച്ചുകൊണ്ടായിരുന്നു വെള്ളക്കാരുടെ ഭരണം. സാധാരണക്കാരനെ ചൂഷണം ചെയ്ത് അവര്‍ ബ്രിട്ടീഷ് ഖജനാവ് നിറച്ചു. മണിപ്പുരിലും ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നില്ല.
Also Read
1891-ലെ ആംഗ്ലോ-മണിപ്പുരി യുദ്ധത്തിന് ശേഷം 1907-ല്‍ അധികാരം ചുരാചന്ദ് സിങിന് കൈമാറുന്നതുവരെ മണിപ്പുര്‍ ബ്രിട്ടീഷ് കൈകളിലായിരുന്നു. 1917-1919 കാലഘട്ടത്തില്‍ നടന്ന കുക്കി പ്രക്ഷോഭം ബ്രിട്ടീഷുകാരെ പലതും പഠിപ്പിച്ചിരുന്നു. ഒരു ദര്‍ബാര്‍ രൂപീകരിക്കപ്പെട്ടു. ഗവര്‍ണര്‍ നിയമിക്കുന്ന പ്രസിഡന്റാണ് ദര്‍ബാറിന്റെ അധ്യക്ഷന്‍. രാജാവും ദര്‍ബാറും ചേര്‍ന്നാണ് ഭരണം. ദര്‍ബാറിന് രാജാവിനേക്കാള്‍ അധികാരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, മലപ്രദേശങ്ങളും ബ്രിട്ടീഷ് റിസര്‍വ് പ്രദേശങ്ങളും നിയന്ത്രിച്ചിരുന്നത് പൊളിറ്റിക്കല്‍ ഏജന്റായിരുന്നു. 1913-ല്‍ മലപ്രദേശങ്ങള്‍ കൂടി ദര്‍ബാറിന് കീഴിലായി. മലമുകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗക്കാരുടെ ആചാരങ്ങളും ഭാഷയും വേറെയാണെന്നും അവര്‍ സാധാരണ മണിപ്പുരികളില്‍ നിന്ന് വിഭിന്നരാണെന്നും പറഞ്ഞായിരുന്നു ഈ തരംതിരിവ്. മെയ്ത്തി രാജാക്കന്മാരുടെ ദുര്‍ഭരണത്തത്തില്‍ നിന്ന് ആദിവാസി സംസ്‌കാരത്തെ സംരക്ഷിക്കുകയാണെന്ന വ്യാജേന മണിപ്പുരിന്റെ ഐക്യത്തിന് കത്തി വെക്കുകയാണ് വാസ്തവത്തില്‍ ബ്രിട്ടീഷുകാര്‍ ചെയ്തത്. വേര്‍തിരിവുകള്‍ ശക്തമായ സമൂഹം എളുപ്പത്തില്‍ വരുതിയിലാക്കാം എന്നായിരുന്നു ബ്രിട്ടീഷ് കണക്കുകൂട്ടല്‍.
1904-ല്‍ ഇംഫാലില്‍ ക്യാപ്റ്റന്‍ നട്ടല്‍, മിസ്റ്റര്‍ ഡണ്‍ലപ് എന്നീ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ബംഗ്ലാവുകള്‍ക്ക് അഗ്‌നിബാധയേറ്റു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തവേ സ്റ്റേറ്റ് സൂപ്രണ്ടും പൊളിറ്റിക്കല്‍ ഏജന്റുമായിരുന്ന കേണല്‍ മാക്സ്വെൽ ലാലുപ് വ്യവസ്ഥ തിരിച്ചുകൊണ്ടുവന്നു. പത്തു ദിവസത്തെ നിര്‍ബന്ധിത-വേതനരഹിത തൊഴില്‍ സമ്പ്രദായമായിരുന്നു ലാലുപ് വ്യവസ്ഥ. അതോടെ, മണിപ്പുരിലെ തൊഴിലാളികള്‍ ഓഫീസര്‍മാര്‍ക്ക് മാളിക പണിയാന്‍ കൂലിയില്ലാതെ തൊഴില്‍ ചെയ്യേണ്ട അവസ്ഥ വന്നു. നിര്‍മാണത്തിനുള്ള തേക്കുമരം ദൂരെ ബര്‍മയിലെ (മ്യാന്‍മര്‍) കാബോ താഴ്‌വരയില്‍ നിന്നെത്തിക്കണം എന്ന് മാക്‌സ്‌വെല്ലിന് നിര്‍ബന്ധവുമായിരുന്നു. ശ്രമകരമായ ഇത്തരം പണികളാണ് തൊഴിലാളികള്‍ സൗജന്യമായി ചെയ്യേണ്ടത്. ഇതിനെതിരെയായിരുന്നു ആദ്യത്തെ നുപി ലാന്‍.

തങ്ങളുടെ വീട്ടിലെ പുരുഷന്മാര്‍ ചൂഷണം ചെയ്യപ്പെടുന്നത് മണിപ്പുരി സ്ത്രീകള്‍ക്ക് അംഗീകരിക്കാനായില്ല. യാഥാസ്ഥിതികമായ സമൂഹമായിരുന്നില്ല മണിപ്പുരിലേത്. സമൂഹത്തില്‍ നിലപാടുകളും നിര്‍ണയാധികാരവും ഉണ്ടായിരുന്നവരായിരുന്നു അവിടുത്തെ സ്ത്രീകള്‍. ഖൈരംബന്ദ് ബസാറില്‍ ഇരുനൂറോളം സ്ഥിരം കച്ചവടകാരികള്‍ തന്നെ ഉണ്ടായിരുന്നു. പിന്നെയും അനേകം സ്ത്രീകള്‍ അവിടെ താത്കാലികമായ ചെറുകിട കച്ചവടം ചെയ്തുപോന്നു. വെള്ളക്കാര്‍ക്കും മലമുകളില്‍ നിന്നുള്ള പരുഷന്മാര്‍ക്കും മാത്രമാണ് അതിനുള്ളില്‍ പ്രവേശനം ഉണ്ടായിരുന്നത്. സാമ്പത്തികമായ ഈ സ്വാശ്രയത്വം മണിപ്പുരിലെ പെണ്‍ജീവിതങ്ങള്‍ക്ക് ശക്തിയായി.
1904 സെപ്റ്റംബര്‍ 3-ന് ആയിരക്കണക്കിന് സ്ത്രീകള്‍ കേണല്‍ മാക്‌സ്‌വെല്ലിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ തടിച്ചുകൂടി. ലാലുപ് വ്യവസ്ഥയില്‍ തയ്യാറാക്കപ്പെട്ട തൊഴില്‍ ഉത്തരവ് പിന്‍വലിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. സ്ത്രീകളില്‍ നിന്നും ഇത്തരമൊരു സംഘടിത സമരം ഭരണകൂടം പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായ ജനക്കൂട്ടത്തിനു മുന്നില്‍ മാക്സ്വെൽ സമവായം അഭിനയിച്ചു. ഉത്തരവ് പിന്‍വലിക്കാമെന്ന് വാഗ്ദാനം വിശ്വസിച്ച് സ്ത്രീകള്‍ പിരിഞ്ഞുപോയി. മണിപ്പുരിലെ രാജാവായി ചുരാ ചന്ദ് സിംഗ് നിയമിതനായതില്‍ കെറുവുള്ള മുന്‍ ഭരണകുടുംബത്തിന്റെ അനന്തരാവകാശികളാണ് പ്രക്ഷോഭത്തെ ആളിക്കത്തിച്ചതെന്നായിരുന്നു ബ്രിട്ടീഷ് വ്യാഖ്യാനം. വൈകാതെ, കേണല്‍ മാക്സ്വെൽ പൊളിറ്റിക്കല്‍ ഏജന്റിന്റെ സ്ഥാനത്ത് നിന്ന് നീക്കംചെയ്യപ്പെട്ടു.
വാക്ക് മാറ്റിപ്പറയാനും മറക്കാനും മെയ്‌വഴക്കമുള്ള ബ്രിട്ടീഷുകാര്‍ തൊഴിലാളികള്‍ക്കുള്ള വേതനം മുടക്കി. തങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല എന്ന് തിരിച്ചറിഞ്ഞ മണിപ്പുരി സ്ത്രീകള്‍ ഒരിക്കല്‍ക്കൂടി തെരുവിലേക്കിറങ്ങി. ഇത്തവണ ഖൈരംബന്ദ് ബസാറായിരുന്നു വേദി. ഒക്ടോബര്‍ 5-ന് നടന്ന, അയ്യായിരത്തോളം സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധം വെള്ളക്കാരെ ഞെട്ടിച്ചു. പൊളിവാക്ക് പറഞ്ഞ് തടിതപ്പാനാകില്ല എന്നുറപ്പായതോടെ അവര്‍ പ്രക്ഷോഭത്തെ ഹിംസ കൊണ്ട് അടിച്ചമര്‍ത്താന്‍ പുറപ്പെട്ടു. പക്ഷേ, ഉത്തരവ് പിന്‍വലിക്കപ്പെടും വരെ സ്ത്രീകള്‍ ബസാറില്‍ നിന്ന് പിരിഞ്ഞുപോയില്ല. ബംഗ്ലാവുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ കൂലി ഉറപ്പാക്കുന്നത് വരെ പെണ്‍പോരാളികള്‍ അടരില്‍ തുടര്‍ന്നു. പരാജയമറിയാത്ത പെണ്‍പോരാട്ടം.
1939-ലാണ് രണ്ടാം രണ്ടാം നുപി ലാന്‍ നടന്നത്. ഇക്കുറി പോരാട്ടം നാടിനു വേണ്ടിയായിരുന്നു. പട്ടിണിപ്പേക്കോലമായിത്തീര്‍ന്ന ഉറ്റവര്‍ക്കും നിറയാത്ത സ്വന്തം വയറിനും വേണ്ടിയായിരുന്നു.

ലോകമഹായുദ്ധത്തിനു മുന്‍പുള്ള കാലം. കൃഷിയെ ആധാരമാക്കിയ ജീവിതം മണിപ്പുരിന്റെ താളം തെറ്റുകയായിരുന്നു. കോരിച്ചൊരിഞ്ഞ പേമാരിയില്‍ മണിപ്പുരിലെ പാടങ്ങളിൽ നഷ്ടങ്ങള്‍ വന്നു മൂടി. വ്യാപക കൃഷിനാശം കര്‍ഷകരുടെ കണ്ണീര്‍ വീഴ്ത്തി. വിളവ് നന്നേ കുറവ്. എന്നിട്ടും, വെള്ളക്കാരുമായി കൈകോര്‍ത്ത മാര്‍വാഡി കച്ചവടക്കാര്‍ ഇറക്കുമതിയുടെ തോത് കുത്തനെ വര്‍ധിപ്പിച്ചു. ആവശ്യത്തിന് അരി കിട്ടാനില്ലെന്നായി. വിളവെടുപ്പിന്റെ കാലത്തും നാട് കൊടും വറുതിയറിഞ്ഞു. ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ നിഷ്പ്രഭനായ മണിപ്പുര്‍ രാജാവിനും വെള്ളക്കാരെ പിണക്കാന്‍ മടിച്ച കൊട്ടാരത്തിനും കര്‍ഷകയാതനകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ എളുപ്പമായിരുന്നു.
ഞാറുനടല്‍ തൊട്ട് കൊയ്ത്തും വിപണിയും വരെ നെല്‍കൃഷിയ്ക്കായി വിയര്‍പ്പൊഴുക്കിയ മണിപ്പുരിലെ സ്ത്രീകള്‍ക്ക് അധികാരികളുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും അനാസ്ഥ പൊറുക്കാനായില്ല. ഇഴഞ്ഞുനീങ്ങുന്ന നീതിന്യായ വ്യവസ്ഥയും അന്യായമായി ഉയരുന്ന നികുതികളും പാവങ്ങളുടെ വയറ്റത്തടിക്കുന്നുണ്ടായിരുന്നു. ഇറക്കുമതി തീരുവ കുറച്ചുകൊണ്ട് ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചതോടെ പ്രാദേശികമായ ചെറുകിട വ്യവസായങ്ങള്‍ വെല്ലുവിളി നേരിടുകയായിരുന്നു. സ്ത്രീകള്‍ ഭരണവിഭാഗത്തിനെതിരാകാന്‍ ഇത്തരം സംരംഭങ്ങളുടെ തകര്‍ച്ചയും ഒരു കാരണമായി.
ഡിസംബര്‍ 12ന് മണിപ്പുരിലെ പെണ്‍പട അരവയര്‍ മുറുക്കി പിന്നെയും അങ്കത്തട്ടിലിറങ്ങി. അരി കയറ്റുമതി നിരോധിക്കണം, റൈസ് മില്ലുകള്‍ പൂട്ടണം എന്ന ന്യായവാദങ്ങളുമായി സ്ത്രീകള്‍ ദര്‍ബാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നിരായുധരായ സ്ത്രീകള്‍ക്ക് നേരെ പട്ടാളക്കാരെ വിടാന്‍ അധികാരികള്‍ മടി കാണിച്ചില്ല. ചോര ചിന്തി. ജീവനുകള്‍ പൊലിഞ്ഞു. എന്നിട്ടും പോരാട്ടം നിലച്ചില്ല. മാസങ്ങളോളം പെണ്‍പട പൊരുതി. ഒടുവില്‍ ലോക മഹായുദ്ധത്തിന്റെ വരവാണ് രണ്ടാം നുപി ലാന്‍ മുന്നേറ്റത്തിന് പരിസമാപ്തി കുറിച്ചത്.
സ്ത്രീശക്തിയ്ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ചു കൊണ്ട് എല്ലാ വര്‍ഷവും ഡിസംബര്‍ 12 മണിപ്പുരില്‍ നുപി ലാന്‍ ദിവസം ആചരിക്കാറുണ്ട്. സ്ത്രീകളുടെ ഐക്യത്തിന്റെയും കരുത്തിന്റെയും ദൃഷ്ടാന്തങ്ങള്‍ മണിപ്പൂരിന്റെ മണ്ണില്‍ പിന്നെയും അരങ്ങേറിയിട്ടുണ്ട്. 1970-കളില്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരെ നടന്ന മേയ്‌ര പൈബി മുന്നേറ്റം ഒരുദാഹരണമാണ്. വരുംകാല കുതിപ്പികള്‍ക്ക് വഴികാട്ടുന്ന വിളക്കുമരമായി നുപി ലാന്‍ മണിപ്പൂരിന്റെ ഇന്നലെയില്‍ ജ്വലിച്ചു നില്‍ക്കുന്നു.
Content Highlights: Manipur nupi lan movement history impact
Published: 26 May 2024, 10:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented