ബ്രിട്ടനില്‍ സ്ത്രീകളുടെ സ്വത്തവകാശത്തിന്റെ കാര്യത്തിലും നിയമപദവിയുടെ കാര്യത്തിലുമൊക്കെ പുരുഷ കര്‍തൃത്വത്തില്‍ നടന്ന പരിഷ്‌കരണ ശ്രമങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നെങ്കിലും സ്ത്രീകളുടെ വോട്ടവകാശം ഇത്തരം ശ്രമങ്ങളുടെ പരിഗണനാ വിഷയമായിരുന്നില്ല. ബ്രിട്ടനില്‍ ആദ്യമായി സ്ത്രീകളുടെ ഒരു സാമൂഹ്യ രാഷ്ട്രീയ സംഘടന രൂപം കൊള്ളുന്നത് അമേരിക്കയിലെ വോട്ടവകാശ സമരങ്ങള്‍ ശക്തി പ്രാപിച്ചതിന് ശേഷമാണ്. 1903 ഒക്ടോബര്‍ 10 ന് രൂപം കൊണ്ട വിമന്‍സ് സോഷ്യല്‍ ആന്റ് പൊളിറ്റിക്കല്‍ യൂണിയന്‍ (WSPU) ന്റെ മുന്‍കൈയിലാണ് വോട്ടവകാശത്തിന് വേണ്ടിയുള്ള ശക്തമായ സമരങ്ങള്‍ ആരംഭിച്ചത്. സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കാത്ത ഒരു നിയമത്തെയും പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് നിയമലംഘന സമരങ്ങള്‍ ഏറ്റെടുത്ത സംഘടനയെ നിയമ ലംഘനങ്ങള്‍ക്കും പ്രത്യക്ഷ സമരങ്ങള്‍ക്കും പേരുകേട്ട പ്രസ്ഥാനമായാണ് അറിയപ്പെട്ടത് .

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

അക്രമ സമരങ്ങള്‍ നടത്തിയും കഠിന മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയുമാണ് സ്ത്രീകള്‍ വോട്ടവകാശം നേടിയെടുത്തത്. സംഘടനയുടെ മുദ്രാവാക്യം തന്നെ Deeds  Not  Words  ( വാക്കുകള്‍ അല്ല പ്രവൃത്തികളാണ് വേണ്ടത് ) എന്നായിരുന്നു . സംഘടനയിലെ അംഗങ്ങളെ 1906 ല്‍ മാധ്യമപ്രവര്‍ത്തകനായ ചാള്‍സ് - ഇ- ഹാന്‍ഡ്‌സണ്‍ ലണ്ടന്‍ ഡെയിലി മെയിലില്‍   suffragette  എന്ന് പരിഹാസരൂപേണ സംബോധന ചെയ്തിരുന്നു. എന്നാൽ ആ അഭിസംബോധനയെ അവർ സ്വീകരിക്കുകയാണ് ചെയ്തത്.  വോട്ട് വേണമെന്നല്ല ലഭിക്കാനുള്ള പ്രസ്ഥാനം എന്ന രീതിയില്‍ സംഘടനയിലെ അംഗങ്ങള്‍  Suffra GET tes എന്ന പേര് സ്വയം സ്വീകരിക്കുകയായിരുന്നു. പരിഹാസ വാക്ക് വിപ്ലവമായ മാറി അനന്തരം. 

സംഘടന രൂപം കൊണ്ട് അഞ്ചുവര്‍ഷം തികയും മുമ്പ് 1908 ജൂണില്‍ മൂന്ന് ലക്ഷത്തോളം അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഗംഭീര റാലി നടത്താന്‍ സംഘടനയ്ക്ക് കഴിഞ്ഞു. women's Sunday rally എന്നറിയപ്പെട്ട റാലികളും നിരാഹാര സമരങ്ങളും ബോധവത്കരണ ശ്രമങ്ങളും മാത്രമല്ല വളരെ വ്യത്യസ്തവും അക്രമാസക്തവുമായ നിയമലംഘനസമരങ്ങള്‍ വരെ സംഘടന ഏറ്റെടുത്തു. മ്യൂസിയം പെയിന്റിങ്ങുകള്‍ വെട്ടി മുറിക്കുക വികലമാക്കുക, എതിരാളികളുടെയും പ്രമുഖ കെട്ടിടങ്ങളുടെയും ജനാലകള്‍ എറിഞ്ഞു തകര്‍ക്കുക, ആള്‍താമസം ഇല്ലാത്ത വീടുകള്‍ക്ക് തീ വെക്കുക , റെയില്‍വേ സിഗ്‌നല്‍ ലൈനുകള്‍ മുറിക്കുക , ടെലിഗ്രാം കേബിളുകള്‍ മുറിച്ചുമാറ്റുക തുടങ്ങിയ സമര രീതികള്‍ പോലും അധികാരികള്‍ അവഗണിക്കുകയും സ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുകയും ചെയ്തപ്പോള്‍ കുറച്ചുകൂടി തീവ്രമായ സമരങ്ങള്‍ അവര്‍ക്ക് ഏറ്റെടുക്കേണ്ടി വന്നു. തപാല്‍ ബോംബുകളിലൂടെ പോസ്റ്റ് ഓഫീസ് തകര്‍ക്കല്‍, പോസ്റ്റ് ബോക്‌സുകളില്‍ രാസവസ്തുക്കള്‍ നിറച്ച് തീയിടുക , ഫ്യൂസ് ബോക്‌സ് ബോംബിങ്ങിലൂടെ തീപിടിത്തം ഉണ്ടാക്കുക അധികാരികള്‍ക്ക് തപാല്‍ ബോംബുകള്‍ അയയ്ക്കുക തുടങ്ങിയ സമരമുറകളും അവര്‍ സ്വീകരിച്ചു. ഒരു സന്ദര്‍ഭത്തില്‍ ഭാവി പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ ബ്രിസ്റ്റോള്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വെച്ച് കുതിരച്ചാട്ടകൊണ്ട് അക്രമിക്കാനും വോട്ടവകാശ സമരക്കാരായ സ്ത്രീകള്‍ ശ്രമിച്ചു.

undefined
WSPU  സ്ഥാപകരായ ആനി കെന്നിയും ക്രിസ്റ്റബെൽ പാങ്ക്റസ്റ്റും | commons.wikimedia.org/wiki/File:Annie_Kenney_and_Christabel_Pankhurst_(cropped)

നിരാഹാരം ജയിലിലും

അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ ജയിലുകളില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ നൂറുകണക്കിന് സ്ത്രീകള്‍ ദിവസങ്ങളോളം നിരാഹാരം തുടര്‍ന്നു. നിര്‍ബന്ധിത ഭക്ഷണത്തിന് തയ്യാറാകാതെയും സെല്ലുകളില്‍ ഡോക്ടറെപ്പോലും പ്രവേശിക്കാന്‍ അനുവദിക്കാതെയും സെല്ലുകളില്‍ സ്വയം തടവറസൃഷ്ടിച്ചപ്പോള്‍ സ്ത്രീ വോട്ടവകാശം അംഗീകരിക്കുന്നതിന് പകരം ജയിലുകളില്‍ നിന്ന് അവരെ പുറത്താക്കാന്‍ പുതിയ നിയമം കൊണ്ടുവരുകയാണ്‌ ചെയ്തത്. 'അനാരോഗ്യത്തിനുള്ള താത്കാലിക ഡിസ്ചാര്‍ജ് നിയമം' (Temporary Discharge  For   I'll Health Act1913) പാസാക്കി സ്ത്രീകളെ വിട്ടയക്കുക എന്ന തന്ത്രമായിരുന്നു അത്. എമ്മലിന്‍ പാന്‍ക്രസ്റ്റ്, ഫ്‌ലോറ ഡ്രമ്മണ്ട്, ഹാരിയറ്റ് റോബര്‍ട്ട് കെര്‍, ആഗ്‌നസ് ലേക്ക് തുടങ്ങിയ വലിയൊരു നേതൃത്വ നിര തന്നെയുണ്ടായിരുന്നു സ്ത്രീ സമരങ്ങളുടെ മുന്‍പന്തിയില്‍

placeholder
ബ്രിട്ടനിൽ വോട്ടവകാശത്തിനായി പോരാടിയവരെ
അറസ്റ്റ് ചെയ്ത് നീക്കുന്നു | By Agence Rol - Bibliothèque nationale de France,
Public Domain, https://commons.wikimedia.org/w/index.php?curid=9489049

സ്വന്തമായ പതാകയും ലോഗോയും സ്വന്തം പ്രസ്സും ഉണ്ടായിരുന്ന സംഘടനയായിരുന്നു ഡബ്ല്യു എസ് പി യു. സംഘടനയുടെ മുഖപത്രം ആയിരുന്നു 'വോട്ട്‌സ് ഫോര്‍ വിമന്‍ ' . ചിട്ടപ്പെടുത്തിയ ഒരു ഔദ്യോഗിക ഗാനവും സംഘടനയ്ക്ക് ഉണ്ടായിരുന്നു. സ്ത്രീകള്‍ മാത്രം അംഗങ്ങളായുള്ള WSPUവിനെ പിന്തുണച്ച് കൊണ്ട് പുരുഷന്‍മാരുടെ സംഘടനയായ MPU (Men's Political Union For women's Enfran Chisement) 1910 ല്‍ രൂപീകരിക്കുകയും സ്ത്രീകളുടെ വോട്ടവകാശസമരങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. സ്ത്രീ വോട്ടവകാശ പ്രസ്ഥാനക്കാരുടെ സ്ഥാനാര്‍ത്ഥിയായി വിംബിള്‍ഡണ്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ബെര്‍ട്രാന്‍ഡ് റസ്സല്‍ തയ്യാറാവുകയുണ്ടായി.  സമാധാനപരമായ പ്രതിഷേധ സമരങ്ങള്‍ ഫലം കാണാതെ വന്നപ്പോഴുള്ള സ്ത്രീകളുടെ അക്രമ സമരങ്ങള്‍ക്ക് പരക്കെ എതിരാളികള്‍ ഉണ്ടായെങ്കിലും MPU അത്തരം സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി.

രക്തസാക്ഷി എമിലി വൈല്‍ഡിങ് ഡേവിസണ്‍

ബ്രിട്ടനിലെ സ്ത്രീ വോട്ട് അവകാശ സമരങ്ങളുടെ രക്തസാക്ഷിയായിരുന്നു എമിലി വൈല്‍ഡിങ് ഡേവിസണ്‍ . ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അധ്യാപിക ഗവര്‍ണര്‍ തുടങ്ങിയ പദവികളും ഉണ്ടായിരുന്ന അവര്‍ സ്ത്രീ വോട്ടവകാശ സമരങ്ങളിലെ സജീവ പോരാളിയായിരുന്നു . ഒന്‍പത് തവണ അവര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ഓരോ തവണ പുറത്തുവരുമ്പോഴും കൂടുതല്‍ ആവേശത്തോടെ സമരമുഖങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തില്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളെയും മറികടന്നുകൊണ്ട് മൂന്നുതവണയാണ് ഒളിച്ചുകടന്ന് അവര്‍ വോട്ടവകാശത്തിനുള്ള ശബ്ദമുയര്‍ത്തിയത്. 1913 ല്‍ എപ്പസം ഡെര്‍ബിയയില്‍ കുതിരയോട്ടം നടക്കുമ്പോള്‍ അതിസാഹസികമായി ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ കുതിരയായ ആന്‍മറിന്റെ മുഖത്ത് വോട്ടവകാശ ബാനര്‍ മൂടാന്‍ ശ്രമിച്ച് കുതിരയുടെ ഇടിയേറ്റ് വീണ് അവര്‍ രക്തസാക്ഷിയായി. അമ്പതിനായിരത്തില്‍ അധികം ആളുകളാണ് അന്ന് ലണ്ടന്‍ പാതയിലൂടെ എമിലിയുടെ  വിലാപയാത്രയെ അനുഗമിച്ചത്.   മൃതദേഹം ന്യൂകാസില്‍ ഓണ്‍ ടൈനിലെ  'സെന്റ് മേരീസ് ദിവിര്‍ജിന്‍, പള്ളിയിലെ സെമിത്തേരിയില്‍ എത്തുന്നതിനിടയില്‍ ട്രെയിന്‍ മാര്‍ഗം രാജ്യത്തെ പ്രധാന നഗരങ്ങളലെല്ലാം ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ വെക്കുകയുണ്ടായി. പതിനായിരക്കണക്കിന് ആളുകളാണ് അവിടെയൊക്കെ എത്തിച്ചേര്‍ന്നത്. അവളുടെ ശവപ്പെട്ടിയില്‍ ' പോരാടുക ദൈവം വിജയം നല്‍കും ' എന്ന വാക്യമാണ് രേഖപ്പെടുത്തിയിരുന്നത്.  എമിലി ഡേവിസന്റെ മരണം  WS PUന്റെ മുഖപത്രമായ ദ സഫ്രഗേറ്റ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തത് | ഇരുപതാം നൂറ്റാണ്ടില്‍ ഒരാദര്‍ശത്തിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറുള്ളവരുണ്ടെന്ന്  അവള്‍ തെളിയിച്ചു ' എന്നാണ്. അവളുടെ ശവകുടീരത്തില്‍  സ്ത്രീ വോട്ടവകാശ പ്രസ്ഥാനമായ WS PU യുടെ മുദ്രാവാക്യംDeedട Not Words ( വാക്കുകളല്ല ,പ്രവൃത്തികള്‍ ) ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ' മനുഷ്യ ജീവന്റെ ത്യാഗം കൊണ്ടല്ലാതെ മറ്റൊന്നു കൊണ്ടും നമ്മുടെ സ്ത്രീകള്‍ നേരിടുന്ന ഭയാനകമായ പീഡനം രാഷ്ട്രത്തിന് ബോധ്യപ്പെടില്ല' എന്ന സന്ദേശം അവരുടെ രക്തസാക്ഷിത്വത്തിലൂടെ അന്വര്‍ത്ഥമാവുക യായിരുന്നു. എമിലി വൈല്‍ഡിംഗിന്റെ മരണം ബ്രിട്ടനിലെ സ്ത്രീ വോട്ടവകാശ സമരങ്ങളുടെ ഒരു വഴിത്തിരിവായിരുന്നു. എല്ലാ സ്ത്രീ നിരാഹാര സമരക്കാരെയും അതോടെ ജയില്‍ മോചിതരാക്കി . എന്നാല്‍ ഒന്നാം ലോകമഹായുദ്ധം എല്ലാ വോട്ടവകാശ സമരങ്ങളും നിര്‍ത്തിവയ്ക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കി. 1918 സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ചു കൊണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് നിയമം പാസാക്കിയതോടെ ബ്രിട്ടനിലും സ്ത്രീ വോട്ടവകാശസമരങ്ങള്‍ അവസാനിച്ചു. അതേ വര്‍ഷം തന്നെ സ്ത്രീ വോട്ടവകാശസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത WSPU എന്ന സംഘടന പിരിച്ചുവിടുകയും ചെയ്തു

undefined
എമിലി വൈല്‍ഡിങ് ഡേവിസണ്‍/By Andrew William Dron (1864-1935);[1] , https://commons.wikimedia.org/w/index.php?curid=132655486

രാഷ്ട്രീയക്കാരെയും അധികാര സ്ഥാപനങ്ങളെയും ചോദ്യം ചെയ്തും അസ്വസ്ഥരാക്കിയും ഭയപ്പെടുത്തിയും ഒരു സംഘടിത ശക്തിയായി നിലകൊള്ളാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞതുകൊണ്ടാണ് വളരെ ചുരുങ്ങിയ കാലം കൊണ്ട് അവര്‍ക്ക് വിജയിക്കാന്‍ ആയത്. 'Until  victory  to make England and every department  of English  life insecure and unsafe' എന്നതാണ് നമ്മുടെ പോരാട്ട സ്വഭാവമെന്ന എമിലിന്‍ പാന്‍ ഖര്‍ സ്റ്റിന്റെ വാക്കുകള്‍ അക്ഷരംപ്രതി അംഗീകരിക്കാന്‍ തയ്യാറായ വലിയൊരു കൂട്ടം സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അധികാരികള്‍ക്ക് സ്ത്രീകളുടെ ജനാധിപത്യ അവകാശം അംഗീകരിക്കേണ്ടി വരികയാണുണ്ടായത്.

വോട്ടാവകാശ പോരാട്ടവും സിനിമയും

വോട്ടവകാശസമരങ്ങള്‍ പോരാട്ട വീര്യത്തിന്റെത് മാത്രമല്ല സ്ത്രീകളുടെ ത്യാഗങ്ങളുടേത് കൂടിയാണ്. 2015 ഒക്ടോബര്‍ 12-ന് യു.കെ.യില്‍ റിലീസ് ചെയ്ത ''സഫ്രഗേറ്റ് '' സിനിമ വോട്ടവകാശസമരങ്ങളിലെ പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടേയും വിജയങ്ങളുടെയും ചരിത്രമാണ്. 106 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ സിനിമ പാര്‍ലമെന്റ് ഹൗസുകളില്‍ ചിത്രീകരിച്ച ആദ്യ ഫീച്ചര്‍ സിനിമയാണ്.: 'മൗഡ് വാട്ട്‌സ് ' എന്ന 24കാരി അലക്കു തൊഴിലാളിയുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. 1925ല്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കുന്നതു വരെ ബ്രിട്ടനില്‍ സ്വന്തം മക്കളെപ്പോലും സ്വന്തം എന്ന് അവകാശപ്പെടാന്‍ സ്ത്രീക്ക് അവകാശമില്ലായിരുന്നു. വോട്ടവകാശസമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയ മൗഡിന് സ്വന്തം മക്കളെ കാണാനാ നുളള അവകാശം പോലും അന്നത്തെ നിയമ വ്യവസ്ഥ അനുവദിക്കുന്നില്ല. ജയിലില്‍ എമിലി ഡേവിസിനെ പരിചയപ്പെടുന്നതിലൂടെ വികസിക്കുന്ന സിനിമ വോട്ടവകാശസമരങ്ങളുടെ നേര്‍ക്കാഴ്ചയാണ് .സിനിമ കണ്ടു കഴിയുന്നതോടെ എത്രമാത്രം പോരാട്ടങ്ങളിലൂടെയും ത്യാഗപൂര്‍ണമായ ജീവിതത്തിലൂടെയുമാണ് സ്ത്രീ ഇന്നനുഭവിക്കുന്ന പരിമിതമായ രാഷ്ട്രീയ അവകാശങ്ങള്‍ പോലും നേടിയത് എന്ന തിരിച്ചറിവ് കാണികളെ ഇരുത്തിച്ചിന്തിപ്പിക്കും. നെഞ്ചില്‍ ഒരു ഖനവും മനസ്സില്‍ ഒരു വിങ്ങലുമായി മാത്രമേ സിനിമ കണ്ടവസാനിപ്പിക്കാന്‍ നമുക്ക് കഴിയുകയുള്ളൂ.

undefined
സഫ്രഗേറ്റ്  സിനിമയുടെ പോസ്റ്റര്‍/ https://en.wikipedia.org/w/index.php?curid=47657815

സ്ത്രീയുടെ പൗരാവകാശങ്ങളുടെ വികാസവുമായി ബന്ധപ്പെട്ട് നിരവധി പോരാട്ടങ്ങളും അതിജീവനങ്ങളും കീഴടങ്ങലുകളും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളും ലോകത്താകമാനം നടന്നിട്ടുണ്ട്. അവയുടെയൊക്കെ ഫലമായാണ് ആധുനികകാലത്തെ ജനാധിപത്യ സമൂഹങ്ങള്‍ ഉരുത്തിരിഞ്ഞത്. ഇന്ന് വളരെ സ്വാഭാവികമെന്ന് തോന്നുന്ന പല അവകാശങ്ങളും നേടിയെടുക്കാന്‍ നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന പോരാട്ടങ്ങള്‍ വേണ്ടി വന്നിട്ടുണ്ട്. മാനവചരിത്രം രാജാക്കന്മാരുടെയും മഹാന്‍മാരുടെയും വീരകഥകളായി പാഠപുസ്തകങ്ങളില്‍ പഠിക്കുന്നത് മാത്രമല്ല, അടിത്തട്ടില്‍ നടന്ന ഇടപെടലുകളുടേത് കൂടിയാണ്. അവ നിരന്തരം ഓര്‍ത്തെടുക്കേണ്ടത് ജനാധിപത്യപരവും സമത്വപൂര്‍ണവുമായ സാമൂഹ്യ വികാസത്തിലേക്കുള്ള മുന്നോട്ട് പോക്കിന് അത്യാവശ്യമാണ്. അധികാരമുള്ള വര്‍ഗം കയ്യാളുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ രക്തരഹിതവും രക്തരൂക്ഷിതവുമായ നിരവധി പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. അവയില്‍ രേഖപ്പെടുത്തപ്പെട്ടവയും രേഖപ്പെടുത്തപ്പെടാത്തവയുമുണ്ട്. വ്യക്തിപരമായതും സംഘടിതമായവയുമുണ്ട്. രേഖപ്പെടുത്തപ്പെട്ട ചരിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ മുന്നേറ്റങ്ങളില്‍ ഒന്നാണ് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നടന്ന സ്ത്രീ വോട്ടവകാശസമരങ്ങള്‍. സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളാണ് half the Sky കോളത്തിലൂടെ രേഖപ്പെടുത്താൻ ലേഖിക ശ്രമിക്കുന്നത്.