
'ലോകം ഇതു വരെ അറിഞ്ഞിട്ടുള്ളതോ ഇനി അറിയാന്‍ പോകുന്നതോ ആയ ഏറ്റവും വലിയ വിപ്ലവമാണ് സ്ത്രീകളുടെ വോട്ടവകാശ പോരാട്ടം"- അമേരിക്കന്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ എലിസബത്ത് കാഡി സ്റ്റാന്റന്‍
ലോകത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വോട്ടവകാശം വേണമെന്ന പ്രമേയം അവതരിപ്പിച്ച് പാസാക്കിയത് 178 കൊല്ലം മുമ്പ് അമേരിക്കയിലാണ്. സ്ത്രീകളുടെ മുന്‍കൈയില്‍ നടന്ന സെനെക ഫാള്‍സ് കണ്‍വെന്‍ഷനില്‍ (ന്യു യോര്‍ക്കിലെ സെനെക വെള്ളച്ചാട്ടത്തിന് സമീപം) ആയിരുന്നു അത്. 1848-ലെ ആ കണ്‍വെന്‍ഷനില്‍ മുന്നൂറോളം പേർ ഒത്തുചേർന്നാണ് ആ മഹത്തായ മുന്നേറ്റത്തിന് വേദി ഒരുക്കിയത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ അമേരിക്കയില്‍ തുടങ്ങി വെച്ച സംഘടിത മുന്നേറ്റത്തിന്റെ അലയൊലികള്‍ ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു വ്യാപിക്കുകയും ഒരു നൂറ്റാണ്ടോളം തുടരുകയും ചെയ്തു. സ്ത്രീകളുടെയും കറുത്ത വംശജരുടെയും സാര്‍വത്രിക വോട്ടവകാശത്തിനു വേണ്ടിയുള്ള സമരങ്ങള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കു വേണ്ടിയുള്ള സമരങ്ങളായിരിക്കെ ആ സമരങ്ങളില്‍ നിര്‍ണായക പങ്കും നേതൃത്വവും വഹിച്ചത് സ്ത്രീകളായിരുന്നു.

By Unknown author - The New York Times photo archive, via their online store, here, Public Domain, https://commons.wikimedia.org/w/index.php?curid=2948583
സ്ത്രീകള്‍ക്ക് വോട്ടവകാശം വേണമെന്ന പ്രമേയം ലോകത്ത് ആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ മതവും ഭരണകൂടവും അടക്കമുള്ള ആണ്‍കോയ്മാ സംവിധാനങ്ങള്‍ ഒറ്റക്കെട്ടായി അതിനെതിരായ ചെറുത്തുനില്‍പ്പും ആരംഭിച്ചു. തൊഴിലെടുക്കുന്ന സ്ത്രീകളുടെ ഏറ്റവും ചൂഷണാത്മകമായ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിയമങ്ങള്‍ കൊണ്ടുവരുമ്പോഴും പുരോഹിതരുടെ പതിവ് പള്ളി പ്രസംഗവേളകളിലും സ്ത്രീകള്‍ക്ക് അനുകൂലമായ പരിഷ്‌കരണ ശ്രമങ്ങള്‍ സമൂഹത്തില്‍ നടക്കുമ്പോഴും സ്ത്രീകള്‍ക്ക് വോട്ടവകാശം ഇല്ലെന്ന് അടിവരയിട്ട് പറയാന്‍ ആണ്‍കോയ്മാ സംവിധാനങ്ങള്‍ മടിച്ചിരുന്നില്ല.
'സ്ത്രീകള്‍ക്ക് വോട്ടവകാശം ഇല്ലാതിരിക്കുന്നത് ഒരു അന്തസ്സാണ്. പ്രസവിക്കുകയും കുഞ്ഞുങ്ങളെ പാലൂട്ടുകയും ചെയ്യുന്ന സ്ത്രീകളുടെ കയ്യിലാണ് പുരുഷനേക്കാള്‍ കൂടുതല്‍ അധികാരം ഉള്ളത്. സ്ത്രീകള്‍ ബാലറ്റിലൂടെ പുരുഷനെതിരേ ബലം കാണിക്കുമ്പോള്‍ സ്ത്രീത്വത്തോട് സമൂഹത്തിനുള്ള ആദരവ് നഷ്ടപ്പെടും. സ്ത്രീ-പുരുഷബന്ധങ്ങളുടെ കെട്ടുറപ്പ് തകര്‍ത്ത് നാട് ഒരു യുദ്ധക്കളവും വീട് ഭൂമിയിലെ നരകവും ആക്കി തീര്‍ക്കാനുള്ള മുദ്രാവാക്യമാണ് സ്ത്രീവോട്ടവകാശം.' അമേരിക്കയില്‍ വളരെ ശക്തമായി സ്ത്രീകളുടെ വോട്ടവകാശത്തെ എതിര്‍ക്കാന്‍ ഉപയോഗിച്ച വാദങ്ങള്‍ ഈ രീതിയില്‍ ആയിരുന്നു. ഇതിനു സമാനമായ വാദങ്ങൾ പുതിയ കാലത്തെ പല സമരമാർഗങ്ങൾക്കെതിരെയും പുരുഷ, അധികാര വർഗങ്ങൾ പ്രയോഗിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാം. ബ്രിട്ടനില്‍ സ്ത്രീകളുടെ സ്വത്തവകാശത്തിന്റെ കാര്യത്തിലും നിയമപദവിയുടെ കാര്യത്തിലും പുരുഷ കര്‍തൃത്വത്തില്‍ നടന്ന പരിഷ്‌കരണ ശ്രമങ്ങള്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകളുടെ വോട്ടവകാശം അത്തരം ശ്രമങ്ങളുടെ പരിഗണനാ വിഷയമായിരുന്നില്ല.
അമേരിക്കയില്‍ വോട്ടവകാശ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചു തുടങ്ങിയതിനുശേഷം 1869-ലാണ് യൂറോപ്പിലെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയാര്‍ജിച്ച ഫ്രാന്‍സില്‍ 'സ്ത്രീകളുടെ അവകാശങ്ങള്‍' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഫ്രാന്‍സിലെ ആദ്യകാല സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലേ - യോണ്‍ - റിഷിയര്‍ ആണ് അത് പ്രസിദ്ധീകരിച്ചത്. എന്നിട്ടും 1878-ല്‍ നടന്ന സ്ത്രീകളുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സ്ത്രീ വോട്ടവകാശ പ്രശ്‌നം ഉന്നയിക്കപ്പെട്ടിട്ടില്ല എന്നത് ഫ്രാന്‍സില്‍ സ്ത്രീകളുടെ വോട്ടവകാശത്തെ ആണ്‍കോയ്മാ ബോധം അവഗണിക്കാന്‍ ശ്രമിച്ചതിന്റെ തെളിവാണ്. 1879-ലെ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് സ്ത്രീപുരുഷ സമത്വം അതിന്റെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും സ്ത്രീകളുടെ വോട്ടവകാശം പരിഗണിക്കപ്പെട്ടില്ല. തൊഴിലാളി വര്‍ഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പോട് കൂടി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു കൊള്ളുമെന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന് ആയിരുന്നു മുന്‍തൂക്കം. സ്ത്രീകളുടെ വോട്ടവകാശ പ്രശ്‌നം ഫ്രാന്‍സിലെ ജനപ്രതിനിധിസഭയില്‍ ആദ്യമായി അവതരിക്കപ്പെട്ടത് 1901-ല്‍ മാത്രമായിരുന്നു. അതിനു മുന്‍പ് തന്നെ അമേരിക്കയിലും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും വോട്ടവകാശ സമരങ്ങള്‍ ശക്തമായിരുന്നു.
American Equal Rights Association (AERA) സ്ത്രീകള്‍- പുരുഷന്മാ,ര്‍ വെളുത്ത വര്‍ഗക്കാര്‍- കറുത്തവര്‍ഗക്കാര്‍ എന്ന ഭേദമില്ലാതെ എല്ലാ അമേരിക്കന്‍ പൗരര്‍ക്കും തുല്യ അവകാശം പ്രത്യേകിച്ച് വോട്ടവകാശം സ്വത്തവകാശം എന്നിവ ഉറപ്പാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് രൂപം കൊണ്ട സംഘടനയാണ് . ആഫ്രിക്കന്‍ അമേരിക്കന്‍ പുരുഷന്മാരുടെ വോട്ടവകാശ സമരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു കൊണ്ടാണ് സംഘടന മുന്നോട്ടു പോയത് .1848-ലെ സെനെക കണ്‍വെന്‍ഷന്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം വേണമെന്ന പ്രമേയം ലോകത്തില്‍ ആദ്യമായി അവതരിപ്പിച്ച് പാസ്സാക്കി. അമേരിക്കയിലെ സ്ത്രീ വോട്ടവകാശ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സ്ത്രീകള്‍ മാത്രം അംഗങ്ങളായ നാഷണല്‍ വിമന്‍സ് സഫ്‌റേജ് അസോസിയേഷന്‍ (NWSA) സൂസണ്‍.ബി. ആന്റണി, എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ചു. അസോസിയേഷന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ സ്ത്രീ വോട്ടവകാശസമരങ്ങള്‍ ശക്തമായി.

പുരുഷന്മാര്ക്ക് മാത്രം വോട്ട് ചെയ്യാന്‍ അനുവാദം ഉണ്ടായിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമലംഘനം നടത്തി വോട്ട് ചെയ്യാന്‍ സ്ത്രീകള്‍ തീരുമാനിക്കുകയും നിയമലംഘനം നടത്തി അറസ്റ്റ് വരിക്കുകയും ചെയ്തു . വോട്ടവകാശ .പ്രസ്ഥാനത്തിന്റെ നേതാവായ സൂസന്‍ - ബി- ആന്റണി 1872 ല്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലാവുകയും ചെയ്തു. യു.എസ്. സുപ്രീം കോടതിയില്‍ നടന്ന യുണൈറ്റഡ് സ്റ്റേറ്റ് Vs സൂസണ്‍ ബി.ആന്റണി കേസ് വിചാരണ അന്നത്തെ ദേശീയ മാധ്യമങ്ങള്‍ വളരെയധികം പ്രാധാന്യം കൊടുത്ത ഒന്നായിരുന്നു. വിചാരണവേളയില്‍ ക്രിമിനല്‍ കുറ്റവാളിയെ കൈകാര്യം ചെയ്യുന്ന രീതിയില്‍ വിധി പ്രസ്താവിക്കുന്നത് വരെ അവരെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് വിചാരണ ജഡ്ജി ജസ്റ്റിസ് വാര്‍ഡ് ഹണ്ട് ആവശ്യപ്പെട്ടു. വിചാരണയ്‌ക്കൊടുവില്‍ സൂസന്‍ ബിആന്റണിയെ കുറ്റക്കാരി എന്ന് വിധിക്കുകയും 100 ഡോളര്‍ പിഴ അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദ്യത്തിനാണ് 'സ്ത്രീ വോട്ടവകാശത്തി ത്തിനായുള്ള പ്രക്ഷോഭത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ പ്രസംഗം എന്ന് ചരിത്രകാരനായ ആന്‍ ഡി. ഗോര്‍ഡന്‍ വിശേഷിപ്പിച്ച പ്രസംഗം അവര്‍ നടത്തിയത്.
പ്രസംഗം നിര്‍ത്താന്‍ ഉള്ള ജഡ്ജിയുടെ ഉത്തരവ് ആവര്‍ത്തിച്ച് അവഗണിച്ച് വിചാരണവേളയില്‍ നേരിട്ട പൗരാവകാശ ലംഘനങ്ങളെക്കുറിച്ചും രാഷ്ട്രീയ അവകാശങ്ങളും ജുഡീഷ്യല്‍ അവകാശങ്ങളും വിലക്കിയതിനുള്ള രോഷം പ്രകടിപ്പിച്ചും വോട്ടവകാശത്തിന്റെ പ്രസക്തിയെക്കുറിച്ചും അവര്‍ ദീര്‍ഘമായി സംസാരിച്ചു. അമേരിക്കയില്‍ സര്‍വത്രിക വോട്ടവകാശം നിലവില്‍ വരുന്നതിനു മുമ്പ് 86-മത്തെ വയസ്സില്‍ 1906 മാര്‍ച്ച് 13 സൂസന്‍ ആന്റണി ഹൃദയസ്തംഭനം മൂലം മരിക്കുകയുണ്ടായി. 2020 ഓഗസ്റ്റ് 18-ന് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനുള്ള പത്തൊമ്പതാം ഭേദഗതി അംഗീകരിച്ചതിന്റെ നൂറാം വാര്‍ഷികത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവരോട് മരണാനന്തരം മാപ്പു അപേക്ഷിച്ചതായി അറിയിച്ചു. അവരുടെ മരണസമയത്ത് യൂട്ടാ, വ്യോമിംഗ്, കൊളറാഡോ, ഐഡഹോ തുടങ്ങി ഒൻപത് സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭ്യമായിരുന്നു. അമേരിക്കയിലെ അഭ്യന്തര യുദ്ധാനന്തരം അടിമത്തം നിര്‍ത്തലാക്കാനുള്ള യു.എസ്. ഭരണഘടനയുടെ 13 -ആം ഭേദഗതി അവതരിപ്പിക്കുമ്പോള്‍ We the people of the United States എന്ന് തുടങ്ങുന്ന ഭരണഘടനയില്‍ പുരുഷന്‍ (Man) എന്ന വാക്കിനു പകരം എല്ലാ ലിംഗ വിഭാഗത്തെയും അഭിസംബോധന ചെയ്യുന്ന Person എന്ന വാക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കത്ത് തയ്യാറാക്കിയതിന് നേതൃത്വം കൊടുത്തതും സൂസണ്‍ ബി. ആന്റണി ആയിരുന്നു. അവരെക്കൂടാതെ കാഡി സ്റ്റാന്റണ്‍, ലൂസിസ്റ്റോണ്‍ എന്നിവരും കത്തില്‍ ഒപ്പുവെച്ചിരുന്നു. കത്ത് അമേരിക്കയിലാകമാനം വ്യാപകമായി പ്രചരിപ്പിച്ചു

[1], Public Domain, https://commons.wikimedia.org/w/index.php?curid=96243738
17ാം വയസ്സില്‍ അടിമത്തത്തിനെതിരേ പൊരുതു തുടങ്ങിയ സൂസന്‍
സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ച സൂസന്‍ ബി. ആന്റണി 1820 ഫെബ്രുവരി 15-ന് അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലാണ് ജനിച്ചത്. സൂസന്‍ അടിമത്ത വിരുദ്ധ സമരങ്ങളിലും സജീവസാന്നിധ്യമായിരുന്നു. അടിമത്തവും വര്‍ണ വിവേചനവും ശക്തമായിരുന്ന അമേരിക്കയില്‍ തന്റെ പതിനേഴാം വയസ്സില്‍ അടിമത്തം നിര്‍ത്തലാക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജികള്‍ തയ്യാറാക്കി നാല് ലക്ഷത്തിലധികം ഒപ്പുകള്‍ ശേഖരിച്ച് അവരുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് നല്‍കി. ഔദ്യോഗിക പൊതുയോഗങ്ങളില്‍ സംസാരിക്കുന്നതില്‍നിന്ന് സ്ത്രീ ആയതുകൊണ്ട് വിലക്കുകള്‍ നേരിട്ടപ്പോള്‍ ന്യൂയോര്‍ക്ക് വിമന്‍സ് സ്റ്റേറ്റ് ടെമ്പറന്‍സ് സൊസൈറ്റി സ്ഥാപിച്ചുകൊണ്ട് വിലക്കുകളെ മറികടന്നു.
അടിമത്ത വിരുദ്ധ സമരങ്ങളും സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളും സ്ത്രീ വോട്ടവകാശത്തിന് വേണ്ടിയുള്ള സമരങ്ങളും കോര്‍ത്തിണക്കി കൊണ്ടാണ് അമേരിക്കയിലെ വോട്ടവകാശ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു പോയതെങ്കിലും സ്ത്രീ വോട്ടവകാശത്തെ അംഗീകരിക്കാന്‍ ഭരണകൂടത്തിന് മടിയായിരുന്നു. 1911-ലെ ട്രയാങ്കിള്‍ അഗ്‌നിബാധയ്ക്ക് ശേഷം (ന്യൂയോര്‍ക്കിലെ ഒരു 10 നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ജോലി ചെയ്തിരുന്ന നൂറിലധികം സ്ത്രീകള്‍ വെന്തുമരിച്ച അഗ്‌നിബാധ. മിന്നല്‍ പണിമുടക്കുകള്‍ക്കെതിരെ ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഫാക്ടറി ഉടമ കെട്ടിടത്തിന്റെ എല്ലാ വാതിലുകളും അടച്ചിട്ടിരുന്നതാണ് ഈ ദുരന്തത്തിന് കാരണം) നിരവധി തൊഴില്‍ സുരക്ഷിതത്വ നിയമങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ആഭ്യന്തരയുദ്ധാന്തരം കറുത്ത വര്‍ഗ്ഗക്കാരായ പുരുഷന്‍മാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ തയ്യാറായിട്ടും സ്ത്രീകളുടെ വോട്ടവകാശം എന്ന ആവശ്യം നിഷേധിക്കപ്പെടുകയാണ് ഉണ്ടായത്. അതിനെ തുടര്‍ന്നാണ് 1869-ല്‍ സൂസന്‍ .ബി .ആന്റണി എലിസബത്ത് കാഡി സ്റ്റാന്റണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വോട്ടവകാശത്തിനുള്ള ദേശീയ സംഘടന യായ National women Suffrage Association അമേരിക്കയില്‍ രൂപീകരിച്ചത് .
സംഘടനയുടെ മുന്‍കൈയില്‍ ശക്തമായ സമരങ്ങളും നിയമലംഘനങ്ങളും നടന്നു. 20 ലക്ഷത്തോളം സ്ത്രീകള്‍ സംഘടനയില്‍ അംഗങ്ങളായി. നിയമലംഘനത്തിന്റെ ഭാഗമായിട്ടാണ് പുരുഷന്‍മാര്‍ക്ക് മാത്രം വോട്ടവകാശമുള്ള ഇടങ്ങളില്‍ സ്ത്രീകള്‍വോട്ടു ചെയ്യാനെത്തുകയും അറസ്റ്റ് വരിക്കുകയും ചെയ്തത്. 1878-ല്‍ സൂസന്‍ .ബി. ആന്റണിയും കാഡി സ്റ്റാന്റനും ചേര്‍ന്ന് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്ന ഒരു ഭരണഘടന ഭേദഗതി സമര്‍പ്പിച്ചു. ഇത് പിന്നീട് സൂസന്‍ ബി. ആന്റണി ഭേദഗതി എന്ന പേരില്‍ അറിയപ്പെട്ടു.

https://commons.wikimedia.org/w/index.php?curid=3871900
അവരുടെ മരണശേഷം 1920-ല്‍ സാര്‍വത്രിക വോട്ടവകാശം ഉറപ്പാക്കുന്ന അമേരിക്കന്‍ ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതിയായി അംഗീകരിക്കപ്പെട്ടത് ഈ ഭേദഗതിയായിരുന്നു. സൂസന്‍ ആന്റണിയുടെ മരണശേഷവും വോട്ടവകാശ പ്രക്ഷോഭങ്ങള്‍ അമേരിക്കയില്‍ സജീവമായിരുന്നു. ഷിക്കാഗോയില്‍ 1913-ല്‍ സ്ത്രീകളുടെ രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊള്ളുകയും സെനറ്റിലും കോടതിയിലും വോട്ടവകാശത്തിനു വേണ്ടിയുള്ള വാദങ്ങള്‍ അവര്‍ ഉന്നയിക്കുകയും ചെയ്തു. സ്ത്രീത്വത്തിന്റെ രക്ഷകൻ ചമഞ്ഞ് സ്ത്രീ വോട്ടവകാശത്തെ എതിര്‍ത്ത സെനറ്റര്‍മാരോട് 'ലോഹം കൂട്ടിയിണക്കുന്ന ഫാക്ടറിയിലെ കഠിന ചൂട് സഹിക്കാന്‍ വയ്യാതെ അല്‍പവസ്ത്രരായി പണിയെടുക്കുന്ന അനേകം സ്ത്രീകള്‍ ഉണ്ട്. അവരുടെ സ്ത്രീത്വത്തെ പറ്റി സെനറ്റര്‍ മാര്‍ക്ക് ഒന്നും പറയാനില്ലേ? എന്ന പോരാട്ടത്തിന്റെ മുൻനിരയിലുമുണ്ടായിരുന്ന സ്ത്രീകൾ ചോദിച്ചു.
അലക്ക് കമ്പനികളില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ പതിമൂന്നും പതിനാലും മണിക്കൂറുകള്‍ വേവുന്ന ചൂടില്‍ നില്‍ക്കുകയും പൊള്ളുന്ന സ്റ്റാര്‍ച്ച് വെള്ളത്തില്‍ ഇടയ്ക്കിടെ കൈകള്‍ മുക്കുകയും ചെയ്യുന്നുണ്ട്. അതിനേക്കാള്‍ വലിയ ദോഷം ഒന്നും വര്‍ഷത്തിലൊരിക്കല്‍ വോട്ടുപെട്ടിയില്‍ കൈകൊണ്ട് ഒരു കടലാസ് കഷണം ഇടുമ്പോള്‍ സ്ത്രീത്വത്തിന് സംഭവിക്കാനില്ല എന്നവർ ഓർമ്മിപ്പിച്ചു. കുറഞ്ഞ വേതനത്തിനു കൂടുതല്‍ സമയം ജോലി ചെയ്യാന്‍ സ്ത്രീകളെ എളുപ്പത്തില്‍ കിട്ടുന്നതു കൊണ്ടാണ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെ നിയമിക്കാന്‍ മുതലാളിമാര്‍ അന്ന് തയ്യാറായത്. മുതലാളിമാര്‍ സ്ത്രീത്വത്തെ ചൂഷണം ചെയ്യുന്നിടത്താണ് അല്ലാതെ സ്ത്രീകള്‍ വോട്ട് ചെയ്യുന്നിടത്തല്ല നിങ്ങള്‍ സ്ത്രീത്വത്തിന് വേണ്ടി ശബ്ദിക്കേണ്ടതെ ശക്തമായ വാദവും അവര്‍ ഉന്നയിച്ചു.
1917-ല്‍ വോട്ടവകാശ പ്രസ്ഥാനക്കാരായ സ്ത്രീകള്‍ National women Suffrage Association (NWSA)-ന്റെ നേതൃത്വത്തില്‍ വൈറ്റ് ഹൗസിന്റെ കവാടത്തില്‍ ബാനറുകള്‍ വലിച്ചുകെട്ടി പിക്കറ്റിംഗ് നടത്തി. 200-ലധികം സ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുകയുണ്ടായി. ജയിലില്‍ ദിവസങ്ങളോളം നീണ്ട നിരാഹാരം അനുഷ്ഠിച്ചു കൊണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണ് സ്ത്രീകള്‍ ചെയ്തത്. അവരെ വിട്ടയച്ചെങ്കിലും പ്രക്ഷോഭങ്ങള്‍ അവസാനിച്ചില്ല. ചര്‍ച്ചയ്‌ക്കൊടുവില്‍ ഒരു പാര്‍ലമെന്റ് കമ്മിറ്റിയെ നിയോഗിക്കാമെന്ന് അംഗീകരിക്കപ്പെട്ടു. 1918 ജനുവരി 10-ന് പാര്‍ലമെന്റ് കമ്മറ്റി സ്ത്രീ വോട്ടവകാശത്തിനുള്ള ഭരണഘടന ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ തയ്യാറായി. എന്നാല്‍, രണ്ടു വോട്ടിന്റെ വ്യത്യാസത്തില്‍ ബില്ല് തള്ളിപ്പോയി. വീണ്ടും ബില്ല് അവതരിപ്പിക്കുകയും 1920 ഓഗസ്റ്റ് 18-ന് ഭേദഗതി അംഗീകാരം നേടുകയും ചെയ്തു .അതനുസരിച്ച് ലിംഗപരമായ വിവേചനത്തിന്റെ പേരില്‍ വോട്ടെടുപ്പില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു. അതോടെ സ്ത്രീ വോട്ടവകാശത്തിനുള്ള പ്രക്ഷോഭങ്ങള്‍ അമേരിക്കയില്‍ അവസാനിച്ചു.

മൂന്ന് പതിറ്റാണ്ടായിട്ടും യാഥാർഥ്യമാവാതെ സ്ത്രീ സംവരണ ബിൽ
തങ്ങളുടെ നിയമ വ്യവസ്ഥകള്‍ ഏറെക്കുറെ കോളനി രാജ്യങ്ങളിലും നടപ്പിലാക്കപ്പെട്ടിരുന്നതുകൊണ്ട് ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളില്‍ വോട്ടവകാശസമരങ്ങളിലൂടെ കടന്നുപോകാതെ തന്നെ ഔപചാരിക വോട്ടവകാശം ലഭ്യമായി. എന്നാല്‍ 27 കൊല്ലം മുമ്പ് ദേവഗൗഡ സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച സ്ത്രീ സംവരണ ബില്‍ 2023-ലും നിയമമാകാതെ കിടക്കുകയാണ്. ലോക്സഭയിലെയും നിയമസഭയിലെയും എല്ലാ സീറ്റുകളിലും സ്ത്രീകള്‍ക്ക് 33% സംവരണം ഉറപ്പുവരുത്താനുള്ള എണ്‍പത്തി ഒന്നാം ഭേദഗതി ബില്ലായിരുന്നു സ്ത്രീ സംവരണ ബില്ല്. 1996 സെപ്റ്റംബറിലായിരുന്നു അതവതരിപ്പിച്ചത്. ബില്ലിന് അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുന്നിലേക്ക് വിട്ടു .ഡിസംബറില്‍ തന്നെ സമിതി ലോക്സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ലോക്സഭ പിരിച്ചുവിട്ട സാഹചര്യത്തില്‍ ബില്ല് അസാധുവായി.
തുടര്‍ന്ന് 1998-ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍ വീണ്ടും ലോക്സഭയില്‍ സ്ത്രീ സംവരണ ബില്ല് അവതരിപ്പിച്ചു. നാടകീയ രംഗങ്ങള്‍ക്കാണ് അന്ന് സഭ സാക്ഷ്യം വഹിച്ചത്. നാമമാത്രമായി സ്ത്രീകള്‍ മാത്രമുള്ള സഭയില്‍ RJD(രാഷ്ട്രീയ ജനതാദള്‍ ) എം.പി. ബില്ല് കീറിയെറിഞ്ഞു പ്രതിഷേധിച്ചു. 1999-ലും 2002-ലും 2003-ലും വീണ്ടും സഭയില്‍ അവതരിപ്പിച്ചെങ്കിലും ഭൂരിപക്ഷം കിട്ടാതെ ബില്ല് പരാജയപ്പെടുകയാണുണ്ടായത്. 2008-ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ വീണ്ടും ബില്ലവതരിപ്പിച്ചു. 2010 മാര്‍ച്ച് 9-ന് നിരവധി നാടകീയ രംഗങ്ങള്‍ക്കും വാക്കേറ്റത്തിനുമൊടുവില്‍ രാജ്യസഭയില്‍ ബില്ല് പാസ്സാക്കിയെടുത്തു. എന്നാല്‍, 'ലോക്സഭയില്‍ പാസ്സാക്കാനാവാതെ മൂന്നിലൊന്ന് പ്രാതിനിധ്യം സ്ത്രീകള്‍ക്ക് നേടിക്കൊടുക്കാനുള്ള ബില്ല് ഇന്ത്യയില്‍ നിലനില്‍ക്കുകയാണ്. അതായത് സ്ത്രീകള്‍ പോരാടി നേടിയെടുത്ത വോട്ടവകാശം ഭൂരിപക്ഷം പുരുഷ പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ വിനിയോഗിക്കേണ്ടി വരുന്ന സ്ഥിതിയിലാണെന്നത് ദുഃഖകരമാണ്.
ഒരു അവികസിത ജനാധിപത്യ വ്യവസ്ഥിതിയില്‍ വളര്‍ത്തുമൃഗത്തിന്റെ പദവിയില്‍നിന്ന് സ്ത്രീകള്‍ പൗരത്വ പദവി നേടിയെടുക്കുന്നതിന് വേണ്ടി സ്വന്തം കര്‍തൃത്വത്തില്‍ നടത്തിയ മുന്നേറ്റം ആയിരുന്നു വോട്ടവകാശ സമരമെങ്കിൽ ഒരു വികസിച്ച ജനാധിപത്യ വ്യവസ്ഥയില്‍ തുല്യപ്രാതിനിധ്യത്തിന് പോലുമില്ലാതെ മൂന്നിലൊന്നു പ്രാതിനിധ്യത്തിന് വേണ്ടി ഭരണകൂടം തന്നെ ഏറ്റെടുത്ത ഒരു ഭരണ പ്രക്രിയയായിരുന്നു സ്ത്രീ സംവരണ ബില്ല്. 27 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യയിൽ സ്ത്രീ സംവരണ ബില്‍ പാസാകാത്തതില്‍ മനം നോവുന്ന ഒരു സ്ത്രീ കൂട്ടായ്മയും രാജ്യത്ത് വളര്‍ന്നു വരാത്തത് 'പുരുഷന്റെ ലോകത്ത് എങ്ങനെ ജീവിക്കണം' എന്ന പരിശീലനം സ്ത്രീകള്‍ നേടിക്കഴിഞ്ഞതു കൊണ്ടാവാം.
സ്ത്രീയുടെ പൗരാവകാശങ്ങളുടെ വികാസവുമായി ബന്ധപ്പെട്ട് നിരവധി പോരാട്ടങ്ങളും അതിജീവനങ്ങളും കീഴടങ്ങലുകളും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളും ലോകത്താകമാനം നടന്നിട്ടുണ്ട്. അവയുടെയൊക്കെ ഫലമായാണ് ആധുനികകാലത്തെ ജനാധിപത്യ സമൂഹങ്ങള്‍ ഉരുത്തിരിഞ്ഞത്. ഇന്ന് വളരെ സ്വാഭാവികമെന്ന് തോന്നുന്ന പല അവകാശങ്ങളും നേടിയെടുക്കാന്‍ നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന പോരാട്ടങ്ങള്‍ വേണ്ടി വന്നിട്ടുണ്ട്. മാനവചരിത്രം രാജാക്കന്മാരുടെയും മഹാന്‍മാരുടെയും വീരകഥകളായി പാഠപുസ്തകങ്ങളില്‍ പഠിക്കുന്നത് മാത്രമല്ല, അടിത്തട്ടില്‍ നടന്ന ഇടപെടലുകളുടേത് കൂടിയാണ്. അവ നിരന്തരം ഓര്‍ത്തെടുക്കേണ്ടത് ജനാധിപത്യപരവും സമത്വപൂര്‍ണവുമായ സാമൂഹ്യ വികാസത്തിലേക്കുള്ള മുന്നോട്ട് പോക്കിന് അത്യാവശ്യമാണ്. അധികാരമുള്ള വര്‍ഗം കയ്യാളുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ രക്തരഹിതവും രക്തരൂക്ഷിതവുമായ നിരവധി പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. അവയില്‍ രേഖപ്പെടുത്തപ്പെട്ടവയും രേഖപ്പെടുത്തപ്പെടാത്തവയുമുണ്ട്. വ്യക്തിപരമായതും സംഘടിതമായവയുമുണ്ട്. രേഖപ്പെടുത്തപ്പെട്ട ചരിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ മുന്നേറ്റങ്ങളില്‍ ഒന്നാണ് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നടന്ന സ്ത്രീ വോട്ടവകാശസമരങ്ങള്‍.
(അടുത്ത ലക്കത്തിൽ ബ്രിട്ടണിലെ സ്ത്രീ വോട്ടാവകാശ പോരാട്ടം)
Content Highlights: Half the sky, USA's women suffrage movement, right to vote fight,Sulfath, feminist movement
Published: 11 Sept 2023, 01:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented