
ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ ഒന്നSങ്കം തങ്ങളുടെ സഹപ്രവര്‍ത്തകയുടെ നീതിക്കുവേണ്ടി അടുക്കളപ്പണിമുടക്ക് നടത്തിയ ഒരു ചരിത്രം കേരളത്തിനുണ്ട്. 1996 ഓഗസ്റ്റ് II-ന് ഒരു ഞായറാഴ്ചയാണ് കാസര്‍കോട് ജില്ലയുടെ മലയോര മേഖലയായ ഈസ്റ്റ് എളേരി പഞ്ചായത്തിലെ കൊല്ലാട അത്തരമൊരു സമരത്തിന് വേദിയായത്.
1993-ലാണ് കോട്ട സംഭവം എന്നറിയപ്പെട്ട കണ്ണൂര്‍ കോട്ട കൂട്ടബലാത്സംഗം നടന്നത്. ഭര്‍ത്താവിനോടൊപ്പം കണ്ണൂര്‍ കോട്ട കാണാന്‍ പോയ യുവതിയെ ഭര്‍ത്താവിനെ തടഞ്ഞുവെച്ച് നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്നായിരുന്നു പത്രവാര്‍ത്ത. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു പൊതു ഇടത്തില്‍, അതും ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ നടന്ന ബലാത്സംഗം ഒരു സാധാരണ ബലാത്സംഗവാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭര്‍ത്താവിനോടൊപ്പം അയാളുടെ ജോലിസ്ഥലമായ ബെംഗളൂരുവിലേയ്ക്ക് പോകാന്‍ ഇറങ്ങിയ സ്ത്രീ എന്തിനാണ് സന്ധ്യാസമയത്ത് കോട്ട കാണാന്‍ പോയതെന്ന ചോദ്യം പൊതുസമൂഹം ചോദിക്കുകയും ചെയ്തു. ഭര്‍ത്താവ് അടക്കം പങ്കാളിയായിക്കൊണ്ട് നടന്ന വലിയൊരു ക്രിമിനല്‍ കുറ്റമായിരുന്നു കണ്ണുര്‍ കോട്ടയില്‍ നടന്നത്. ഒരു ബലാത്സംഗ വാര്‍ത്ത മാത്രമായി തേഞ്ഞു മാഞ്ഞുപോകുമായിരുന്ന സംഭവം ഒട്ടേറെ കോളിളക്കങ്ങള്‍ ഉണ്ടാക്കുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തത് സ്ത്രീകളുടെ സംഘടിത സമരത്തിന്റെ ഭാഗമായിട്ടായിരുന്നു. അടുക്കളയിൽ പണിമുടക്ക് നടത്തിക്കൊണ്ടാണ് സ്ത്രീകൾ ആ സമരത്തെയും സമരം മുന്നോട്ടു വെക്കുന്ന ന്യായത്തെയും കേരളത്തിന്റെ പൊതുബോധത്തിലേക്ക് വലിച്ചിട്ടത്..
Also Read
ഒരു ഗ്രാമം ഒന്നടങ്കം പങ്കാളിയായ, കേരളചരിത്രത്തില്‍ ഒരു വലിയ സമരമായി രേഖപ്പെടുത്തേണ്ട അടുക്കളപ്പണിമുടക്ക് സംഘടിപ്പിക്കപ്പെട്ടത് ഈ ബലാത്സംഗത്തിന്റെ ചുരുളുകള്‍ അഴിക്കാനായിരുന്നു. തൊഴിലാളികളുടെ വ്യവസ്ഥാപിത പണിമുടക്ക് സമരങ്ങളുടെ അതേ മാതൃകയിലാണ് സ്ത്രീകളുടെ അടുക്കളപ്പണിമുടക്ക് സമരം സംഘടിപ്പിക്കപ്പെട്ടത്. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ നീതിക്കുവേണ്ടി രൂപം കൊണ്ട സ്ത്രീ നീതി സമിതിയുടെ നേതൃത്വത്തിലാണ് അടുക്കളപ്പണിമുടക്ക് നടന്നത്. പീഡനത്തിനിരയായ സ്ത്രീയുടെ പരാതിയില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് സ്ത്രീ നീതി സമിതി രൂപം കൊള്ളുന്നത്. അതിന്റെ കണ്‍വീനര്‍ എ .ബദറുന്നിസയായിരുന്നു. വസ്തുതാന്വേഷണവുമായി ബദറുന്നിസയും സുഹൃത്തുക്കളും കാസര്‍കോടിന്റെ ഉള്‍നാടന്‍ ഗ്രാമമായ കൊല്ലാടയില്‍ ആദ്യം എത്തിയപ്പോള്‍ പീഡിതയ്ക്ക് അനുകൂലമായിരുന്നില്ല ഗ്രാമവാസികളാരും.
മുപ്പത് കൊല്ലം മുമ്പത്തെ കേരളത്തിന്റെ പൊതുബോധം ബലാത്സംഗത്തിനിരയാവുക എന്നാല്‍ സദാചാര ലംഘനത്തില്‍ സ്വയം പങ്കാളിയാവുക എന്ന മട്ടിലായിരുന്നു. 22-കാരിയായ ഒരു പെണ്ണ്. വലിയ വിദ്യാഭ്യാസമോ ലോകപരിചയമോ ഇല്ലാത്തവള്‍. ഭര്‍ത്താവ് ബെംഗളൂരുവിൽ ഹോട്ടല്‍പ്പണി എടുക്കുന്നു എന്ന് മാത്രം അവള്‍ക്കറിയാം. ഭര്‍ത്താവിന്റെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകാനാണ് അയാള്‍ അവളെ കൂട്ടിയത്. കണ്ണൂരില്‍നിന്ന് ബെംഗളൂരുവിലേയ്ക്കുള്ള ബസ് വൈകുന്നത് കൊണ്ട് സമയം ചെലവഴിക്കാനാണ് അയാളവളെ കണ്ണൂര്‍ കോട്ട കാണിക്കാന്‍ കൊണ്ടു പോകുന്നത്. അവിടെ വെച്ചാണ് അവൾ കൂട്ട ബലാത്സംഗത്തിനിരയാകുന്നത്. പക്ഷേ, നാട്ടുകാരില്‍ ചിലര്‍ പറഞ്ഞത് അവള്‍ ലൈംഗികത്തൊഴില്‍ (അന്ന് വേശ്യാപ്പണി ) ചെയ്യാനാണ് പോയത് എന്നാണ്. ആണെങ്കില്‍ത്തന്നെ ഒരു ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്യാന്‍ അവകാശമുണ്ടോ എന്ന ചോദ്യം തിരിച്ചു ചോദിച്ചു കൊണ്ട് ഗ്രാമീണരില്‍ ഒരു പുതുബോധം സൃഷ്ടിക്കാന്‍ സ്ത്രീ നീതി സമിതി പ്രവര്‍ത്തകര്‍ക്കായി.
സംഭവം വാര്‍ത്തയായ ശേഷം അവളുടെ വീട്ടുകാരെ ഒറ്റപ്പെടുത്തി, കൂലിപ്പണിക്കാരായ കുടുംബത്തെ പണിക്ക് വിളിക്കാതെ, അവരെ കുറ്റവാളികളെപ്പോലെ കാണാന്‍ തുടങ്ങിയ നാട്ടുകാര്‍ കേരളത്തിലെ അന്നത്തെ പൊതുബോധത്തിന്റെ പ്രതീകമായിരുന്നു. ഒരു സ്ത്രീ ബലാത്സംഗത്തിനിരയാകുന്നതോടെ അവളുടെ മാനവും കുടുംബത്തിന്റെ മാനവും നാടിന്റെ മാനവും നഷ്ടപ്പെടുന്നു എന്നതായിരുന്നു അന്നത്തെ പൊതുവിചാരം. എന്നാൽ, അതേ നാട്ടുകാർ പിന്നീട് അവളുടെ നീതിക്കുവേണ്ടി ഒന്നിച്ചു. വീടുവീടാന്തരം കയറി സ്ത്രീ നീതി സമിതി പ്രവര്‍ത്തകര്‍ നടത്തിയ കാമ്പയിനിന്റെ ഫലമായിരുന്നു അത്.
സംഭവശേഷം ഭര്‍തൃവീട്ടില്‍ത്തന്നെ ഒരു തടവിന് സമാനമായി അവളെ പാര്‍പ്പിച്ചിരുന്നതില്‍ ചില ദുരൂഹതകള്‍ തോന്നിയതുകൊണ്ടും പോലീസിന്റെ അനാസ്ഥ ബോധ്യപ്പെട്ടതുകൊണ്ടും കണ്ണൂര്‍ കോട്ടക്കേസ് പുനരന്വേഷിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് സ്ത്രീ നീതി സമിതി സമരപരിപാടികള്‍ ആരംഭിച്ചു. പത്രവാര്‍ത്ത കേന്ദ്രീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ കേസന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ട കുറച്ചു പേര്‍ ചേര്‍ന്ന് ഒരു ആക്ഷന്‍ കമ്മറ്റിയുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. കമ്മറ്റിയുടെ ആദ്യത്തെ വെല്ലുവിളി ആ സ്ത്രീയെയും അവളുടെ കുടുംബത്തെയും കണ്ടെത്തി അവര്‍ക്ക് പിന്തുണ കൊടുക്കുക എന്നതായിരുന്നു. കൂട്ട ബലാത്സംഗ വാര്‍ത്തകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെ അപൂര്‍വ്വമായിരുന്ന കാലമായിരുന്നു അത് എന്ന പ്രത്യേകതയും ഈ കേസില്‍ ഉണ്ടായിരുന്നു.
പ്രതികള്‍ ഉന്നതന്‍മാരല്ലാതിരുന്നിട്ടും ഉന്നതസ്വാധീനങ്ങള്‍ ഉണ്ടെന്ന് സംശയികത്തക്കതായിരുന്നു കേസന്വേഷണത്തിലുള്ള പോലീസിന്റെ അനാസ്ഥ. അന്ന് യാത്രാ സൗകര്യങ്ങള്‍ വളരെ കുറഞ്ഞ ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് തേജസ്വിനി പുഴയുടെ മുകളിലെ പൊട്ടിവീഴാറായ കമ്പിപ്പാലവും പുഴയിലൂടെയുള്ള ചങ്ങാടവും മാത്രമായിരുന്നു യാത്രാമാര്‍ഗം. വളരെ സാഹസികമായി ചങ്ങാടത്തില്‍ കയറിയും പലകകള്‍ ഇളകിയ കമ്പിപ്പാലവും കടന്ന് പീഡിപ്പിക്കപ്പെട്ടവളുടെ വീട് കണ്ടുപിടിക്കാന്‍ നടത്തിയ യാത്രയില്‍ ആക്ഷന്‍ കമ്മറ്റി അംഗം എന്ന നിലയില്‍ ഞാനും പങ്കാളിയായിരുന്നു. സംശയദൃഷ്ടിയോടെ നെറ്റി ചുളിച്ചു കൊണ്ടാണ് ഗ്രാമീണര്‍ ഞങ്ങളെ സമീപിച്ചത്. ' പിഴച്ചവളെ' അന്വേഷിച്ചു ഗ്രാമത്തിന് പുറത്തു നിന്ന് വന്ന പെണ്ണുങ്ങള്‍ക്ക് വീടു കണ്ടുപിടിക്കാന്‍ വളരെ കഷ്ടപ്പെടേണ്ടി വന്നു. പത്രത്തില്‍ വന്ന വാര്‍ത്ത നാടിന് കളങ്കമുണ്ടാക്കിയെന്നായിരുന്നു ചിലരുടെ കാഴ്ചപ്പാട്. നാട്ടുകാരെ ബോധ്യപ്പെടുത്തി അവരെക്കൂടി ഉള്‍പ്പെടുത്തി അതുവരെ യുണ്ടായിരുന്ന ആക് ഷന്‍ കമ്മറ്റിയെ സ്ത്രീ നീതി സമിതിയാക്കി മാറ്റി.
കേസന്വേഷണത്തിലെ അനാസ്ഥക്കെതിരേ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍, പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് തുടങ്ങിയ പലതരം സമരങ്ങള്‍. ഇതൊരു ഗ്രാമത്തിന്റെ മാനക്കേടിന്റെ വിഷയമല്ലെന്നും കൂട്ടത്തിലൊരു സ്ത്രീക്കു നേരെ നടന്ന ലൈംഗികാതിക്രമമാണെന്നും അവളുടെ നീതിക്കുവേണ്ടി ഒന്നിക്കണമെന്നും തിരിച്ചറിഞ്ഞ ധാരാളം പേര്‍ സ്ത്രീ നീതി സമിതിയോടൊപ്പം ചേര്‍ന്നു. ഒന്നു രണ്ടു വര്‍ഷത്തോളം പോലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥക്കെതിരേ പല വിധ പ്രതിഷേധങ്ങളും നടത്തി ഫലം കിട്ടാതെ വന്ന സാഹചര്യത്തിലാണ് സൂര്യനെല്ലി കേസന്വേഷണ മാതൃകയില്‍ കണ്ണൂര്‍ കോട്ടക്കേസ് പുനരന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് മാതൃകാപരമായ മറ്റൊരു സമരമുറ സ്ത്രീകള്‍ തെരഞ്ഞെടുത്തത്.
തങ്ങള്‍ക്ക് പണിമുടക്കാന്‍ ഒരിടമേയുള്ളൂ എന്ന് തിരിച്ചറിഞ്ഞ സ്ത്രീകള്‍ തൊഴിലിടത്തിലെ ഒരു സഹപ്രവര്‍ത്തകയുടെ നീതിക്കുവേണ്ടി അടുക്കളപ്പണിമുടക്ക് നടത്താന്‍ തന്നെ തീരുമാനിച്ചു.അതിനായി അവര്‍ 'സ്ത്രീകളുടെ പണിമുടക്ക് ' കമ്മറ്റി രൂപീകരിച്ചു.1996 ഓഗസ്റ്റ് 11 ഈസ്റ്റ് എളേരി പഞ്ചായത്തില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ അടുക്കളപ്പണി മുടക്കാനും കൊല്ലാട എസ്.എന്‍.ഡി.പി. ഹാളില്‍ സ്വാഭിമാന സമ്മേളനം നടത്താനും തീരുമാനിച്ചു.അടുത്ത ദിവസം തന്നെ സ്ത്രീകള്‍ ഒത്തുകൂടി പണിമുടക്ക് പ്രഖ്യാപനം നടത്തി. പിന്നീട് നടന്നത് ചിട്ടയായ സമര പ്രചരണമായിരുന്നു.
അടുക്കളത്തൊഴിലാളികള്‍ വീടുവീടാന്തരം കയറിയിറങ്ങി അടുക്കളപ്പണിമുടക്ക് ആഹ്വാനം നടത്തി. തുടര്‍ന്ന് ഓരോ വീട്ടടുക്കളയിലും സ്ത്രീകള്‍ പണിമുടക്ക് നോട്ടീസ് ഒട്ടിച്ചു. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പണിമുടക്ക് പ്രചരണ ജാഥകള്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു നടത്തി. രാവിലെ 6 മണിയോടെ ഗ്രാമത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് സ്ത്രീകള്‍ വീട്ടില്‍ നിന്നിറങ്ങി വന്ന് സമര വിളംബര ജാഥകള്‍ നടത്തി. ഒരു തൊഴിലാളി സമരത്തിന്റെ പ്രതീതി തന്നെയായിരുന്നു സ്ത്രീകളില്‍.ആഗസ്റ്റ് 11-ന് രാവിലെ 7 മണിയോടെ പഞ്ചായത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള വിളംബര ജാഥകള്‍ ഒന്നിച്ചു ചേര്‍ന്ന് എസ്.എന്‍.ഡി.പി.ഹാളില്‍ എത്തിച്ചേര്‍ന്നു.കെ.അജിതയായിരുന്നു സ്വാഭിമാന സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമ്മേളന സ്ഥലത്തിന് പുറത്ത് പുരുഷന്‍മാര്‍ പണിമുടക്കിയ തൊഴിലാളികള്‍ക്ക് വേണ്ടി ഭക്ഷണമൊരുക്കി.
വളരെ വ്യത്യസ്തവും സംഘടിതബോധം പ്രകടമായതുമായ ഒരു സമരരീതിയായിരുന്നു അത്. അത്തരമൊരു സമരമാതൃകയും ഗ്രാമത്തിന്റെ നീതിബോധവും രാജ്യത്ത് മറ്റെവിടെയും ഉണ്ടായിട്ടുണ്ടാവില്ല. വളരെ ശക്തമായ രീതിയില്‍ കേസിന്റെ പുനരന്വേഷണം നടന്നു. സ്വന്തം ഭര്‍ത്താവ് തന്നെ പണം വാങ്ങി ഭാര്യയെ ബലാത്സംഗത്തിനിരയാക്കിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അവളെ ബലാത്സംഗം ചെയ്ത അഞ്ചാമന്‍ അവളുടെ ഭര്‍ത്താവ് തന്നെയായിരുന്നു എന്ന ഞെട്ടിക്കുന്ന സത്യവും അവള്‍ വെളിപ്പെടുത്തി. ഭര്‍ത്താവടക്കം അഞ്ച് പ്രതികള്‍ ആ കേസില്‍ ശിക്ഷിക്കപ്പെട്ടു.
അടുക്കളയെ ഒരു രാഷ്ട്രീയ പ്രതീകമായി ഉപയോഗിക്കുകയായിരുന്നു കൊല്ലാട ഗ്രാമത്തിലെ സ്ത്രീകള്‍. അധ്വാനത്തിന്റെ യാതൊരു മൂല്യവും അംഗീകരിക്കപ്പെടുന്നില്ലെങ്കിലും സ്ത്രീകളുടെ ഗാര്‍ഹികാധ്വാനം ഒരു തൊഴിലാണെന്നും അടുക്കള ഒരു തൊഴിലിടമാണെന്നും പണിമുടക്കിയ ഒരു ദിവസമെങ്കിലും സ്ത്രീകള്‍ കേരള സമൂഹത്തെ ഓര്‍മിപ്പിച്ചു. ലിംഗനീതിക്കായി ഒരു മാതൃകാ സമരമുറയായി സ്ത്രീകള്‍ക്ക് ഏറ്റെടുക്കാവുന്ന ഒന്നാണ് അടുക്കള പണിമുടക്ക്.
Content Highlights: Half the sky column , Kannur Fort gang rape case, protest of Women, Kollada
Published: 16 Nov 2023, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented