ബ്രിട്ടീഷ് ഭരണത്തില്‍ കീഴിലുള്ള കൊളോണിയല്‍ ഇന്ത്യയില്‍ ഇന്ത്യന്‍ സ്ത്രീകളുടെ രാഷ്ട്രീയ അവകാശങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീ വോട്ടവകാശത്തിനുള്ള ശക്തമായ ആവശ്യവും ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യയിലെ സ്ത്രീ വോട്ടവകാശ പ്രവര്‍ത്തകരും ബ്രിട്ടനിലെ വോട്ടവകാശ സംഘടനകളും അവിടുത്തെ നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു .ഇന്ത്യയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ അയര്‍ലണ്ട് സ്വദേശിയായ മാര്‍ഗരറ്റ് എലിസബത്ത് കസിന്‍സ് 1917-ല്‍ മദ്രാസിലെ അഡയാറില്‍ വിമന്‍സ് ഇന്ത്യന്‍ അസോസിയേഷന് (WIA) എന്ന സംഘടന സ്ഥാപിക്കുന്നതിന് നേതൃത്വം നല്കി.
തുല്യ അവകാശം, വിദ്യാഭ്യാസം, സാമൂഹ്യ പരിഷ്കരണം, സ്ത്രീ വോട്ടവകാശം എന്നിവയായിരുന്നു സംഘടനയുടെ മുഖ്യ ആവശ്യങ്ങള്‍. ആനിബസന്റ്, കമലാദേവി ചതോപാധ്യായ, മേരി പുന്നന്‍ ലൂക്കോസ്, ബീഗം ഹസ്രത്ത് മൊഹാനി, സരള ഭായ് നായിക്ക്, ധന്വന്തി രാമറാവു, ഡോ: മുത്തുലക്ഷ്മി റെഡ്ഡി, മംഗളമ്മാള് സദാശിവയര്, ഹീരാ ഭായ് ടാറ്റ എന്നിവരായിരുന്നു സ്ഥാപക അംഗങ്ങള്‍. സംഘടനയുടെ പ്രസിഡന്റ് ആനി ബസന്റായിരുന്നു. സംഘടന 1917-ല്‍ ഇന്ത്യ ഗവണ്മെന്റ് തയ്യാറാക്കി കൊണ്ടിരിക്കുന്ന ഫ്രാഞ്ചൈസി ബില്ലില്‍ സ്ത്രീകളുടെ വോട്ടവകാശം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. സരോജിനി നായിഡു ആയിരുന്നു അതിന് നേതൃത്വം നല്‍കിയത്. 14 പ്രതിനിധികള്‍ ചേര്‍ന്ന് ഗവണ്മെന്റിനോട് അതാവശ്യപ്പെട്ടുകൊണ്ട് നിവേദനം നല്കി. അതോടൊപ്പം രാജ്യത്തുടനീളം സ്ത്രീ വോട്ടവകാശത്തിനു വേണ്ടിയുള്ള പ്രതിഷേധങ്ങളും സംഘടിപ്പിച്ചു.
1918-ല്‍ ബോംബെയിലെയും മദ്രാസിലെയും പ്രവിശ്യാ നിയമനിര്‍മ്മാണ സഭകള്‍ സ്ത്രീ വോട്ടവകാശത്തെ പിന്തുണച്ച് പ്രമേയം പാസാക്കി. ആ പ്രമേയത്തെ ഇന്ത്യന്‍ ഹോം റൂള്‍ ലീഗും അഖിലേന്ത്യ മുസ്ലീംലീഗും പിന്തുണച്ചു. സംഘടനയുടെ മുന്‍കയ്യില്‍ 1919-ല്‍ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്ക് വേണ്ടി ചേര്‍ന്ന് ഹൗസ് ഓഫ് ലോഡ്സ് ആന്‍ഡ് കോമണ്‍സിന്റെ ജോയിന്റ് സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ ബ്രിട്ടനിലെ സ്ത്രീ വോട്ടവകാശപ്രവര്ത്തകര് ഇന്ത്യയിലെ സ്ത്രീ വോട്ടവകാശത്തിനുവേണ്ടി നിവേദനം സമര്‍പ്പിച്ചു. മൊണ്ടേഗു ചെംസ് ഫോര്‍ഡ് പരിഷ്കാരങ്ങള്‍ക്ക് കീഴില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വികസിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയ സൗത്ത് ബറോ ഫ്രാഞ്ചേഴ്സ് കമ്മിറ്റിക്ക് മുമ്പാകെ ഇന്ത്യയിലുടനീളം ഉള്ള സ്ത്രീ വോട്ടവകാശ പ്രവര്‍ത്തകരും നിവേദനങ്ങള്‍ നല്കി. എന്നാല്‍ ബംഗാളിലെയും പഞ്ചാബിലെയും സ്ത്രീപ്രവര്‍ത്തകരുമായി മാത്രമാണ് കമ്മറ്റി ചര്‍ച്ചയ്ക്ക് തയ്യാറായത്. ഇത് രാജ്യത്ത് സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ ശക്തിപ്പെടാന്‍ കാരണമായി. 1919 ഏപ്രിലില്‍ സൗത്ത് ബറോ കമ്മിറ്റി ഗവണ്മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ''യാഥാസ്ഥിതിക മേഖലകള്‍ സ്ത്രീ വോട്ടവകാശത്തെ പിന്തുണക്കില്ലെന്നും സ്ത്രീകള്‍ വോട്ട് ചെയ്യില്ലെന്നും കമ്മറ്റി വിലയിരുത്തുകയും വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് മാത്രം വോട്ടവകാശം നല്‍കാം എന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെ 1919 ജൂലായില്‍ ബോംബെയിലെ സ്ത്രീകള്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചു .വീണ്ടും ഓഗസ്റ്റില്‍ ആനി ബസന്റ് സരോജിനി നായിഡു എന്നിവരുടെ മുന്‍കൈയില്‍ ജോയിന്റ് സെലക്ട് കമ്മിറ്റിക്കു മുമ്പാകെ വോട്ടവകാശത്തിനായി നിവേദനം സമര്‍പ്പിച്ചു.
ഹീരാ ബായ് ടാറ്റ, മിഥന്‍ ടാറ്റ
എന്തുകൊണ്ട് ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കണം എന്ന മറ്റൊരു നിവേദനം ഹീരാ ബായ് ടാറ്റ ബ്രിട്ടനിലെ ഇന്ത്യ ഓഫീസില്‍ അവതരിപ്പിച്ചു. ഹീരാ ബായ് ടാറ്റയ്ക്കൊപ്പം മകള്‍ മിഥന്‍ ടാറ്റയും സ്ത്രീ വോട്ടവകാശ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. ബ്രിട്ടീഷ് വോട്ടവകാശ സമരവേദികളില്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഹീരാ ബായ് ടാറ്റയോടൊപ്പം അവരുടെ മകള്‍ മിഥന്‍ ടാറ്റയും അവസരം കണ്ടെത്തി. ബ്രിട്ടനില്‍ സ്ത്രീ വോട്ടവകാശ പ്രസ്ഥാനങ്ങള്‍ സജീവമായിരുന്ന ബിര്ക്കന് ഹെഡ്, ബോള്ട്ടന്, എഡിന്‍ബര്‍ഗ്, ഗ്ലാസ് ഗോ, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചരിച്ച് ഇന്ത്യയിലെ സ്ത്രീ വോട്ടവകാശങ്ങള്ക്ക് വേണ്ടിയുള്ള പിന്തുണ നേടി. ബ്രിട്ടനിലെ ഇന്ത്യ ഓഫീസ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന പ്രമേയങ്ങള്‍ കൊണ്ട് നിറഞ്ഞു.
വോട്ടവകാശ പ്രസ്ഥാനത്തെ പിന്തുണയ്ക്കാതെ ഗാന്ധിജി
തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇന്ത്യയിലെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് വോട്ടവകാശ പ്രവര്‍ത്തകരായ സ്ത്രീ നേതൃത്വങ്ങള്‍ക്ക് ഉണ്ടായിരുന്നു. യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ തയ്യാറായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് സ്ത്രീ അവകാശങ്ങളെക്കാള്‍ അന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നു പ്രധാനം. മഹാത്മാഗാന്ധി സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സമരങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചെങ്കിലും സ്ത്രീകളുടെ വോട്ടവകാശള്ള പ്രസ്ഥാനത്തെ പിന്തുണയ്ക്കില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് യങ് ഇന്ത്യയില്‍ ലേഖനം പ്രസിദ്ധീകരിച്ചു. അഹിംസാ സമരവാദിയായിരുന്ന ഗാന്ധിജി ബ്രിട്ടനിലെ സഫ്രജെറ്റ് മൂവ്മെന്റിന്റെ അക്രമ സമരമാര്‍ഗങ്ങള്‍ക്ക് എതിരായിരുന്നു .
1927-ല്‍ സൈമണ്‍ കമ്മീഷന് ബഹിഷ്കരിക്കാന്‍ ഇന്ത്യന്ദേശീയ പ്രസ്ഥാനം തീരുമാനിച്ചപ്പോള്‍ സ്ത്രീ വോട്ടവകാശവാദികള് അതിനനുകൂലമാകാതിരുന്നത് സൈമണ്‍ കമ്മീഷന്റെ മുമ്പാകെ സ്ത്രീയോട്ടവകാശം പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന പ്രതീക്ഷ കൊണ്ടായിരിക്കാം. ഗാന്ധി- ഇര്വിന് സന്ധിയെ തുടര്‍ന്ന് രണ്ടാം വട്ടമേശ സമ്മേളനം നടന്നപ്പോള്‍ വിമന്‍സ് ഇന്ത്യന്‍ അസോസിയേഷന്, നാഷണല്‍ കൗണ്‍സില്‍ ഓഫ് വിമന്‍ ഇന്ത്യ, ഓള് ഇന്ത്യ വിമന്‍സ് കോണ്‍ഫറന്‍സ് എന്നിവയുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും സംയുക്ത മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു വോട്ടവകാശം മാത്രമല്ല സ്ഥാനാര്‍ത്ഥിത്വവും നിയമസഭയില്‍ മത്സരിക്കാനുള്ള അവകാശവും മെമ്മേറാണ്ടത്തില്‍ ആവശ്യപ്പെട്ടു . സരോജിനി നായിഡു ആയിരുന്നു അത് അവതരിപ്പിച്ചത്.
വലിയ ചര്‍ച്ചകളാണ് സ്ത്രീ വോട്ടവകാശത്തിന്മേല് നടന്നത് . ഇരുപതിനായിരത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള സ്ത്രീകള്‍ക്ക് അല്ലെങ്കില്‍ 500 രൂപയില്‍ കൂടുതല്‍ ഭൂമി വരുമാനമുള്ള സ്ത്രീകള്‍ക്ക്, ഉയര്‍ന്ന തലത്തില്‍ പൊതുപ്രവര്ത്തനമുള്ളവര്ക്ക് തുടങ്ങി ചില മാനദണ്ഡങ്ങളും പരിഗണനകളും അടിസ്ഥാനമാക്കി വോട്ടവകാശം നല്‍കാമെന്ന തീരുമാനത്തെ വോട്ടവകാശ വാദികള്‍ അംഗീകരിച്ചില്ല. മാത്രമല്ല വോട്ടവകാശത്തോടൊപ്പം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശീ സ്ത്രീകള്‍ ആവശ്യപ്പെട്ടപ്പോള്‍ അഞ്ച് ശതമാനം സംവരണം പ്രഖ്യാപിക്കപ്പെട്ടു. പ്രഖ്യാപിക്കപ്പെട്ട സംവരണത്തിനെതിരെ ശക്തമായ എതിര്‍പ്പുകളാണ് സമ്മേളന പ്രതിനിധികളായ പുരുഷന്മാരില്നിന്ന് ഉണ്ടായത്. എതിര്‍പ്പിനെ തുടര്‍ന്ന് അഞ്ച് ശതമാനം സംവരണം പകുതിയായി കുറച്ച് 2.5% എന്നാക്കുന്ന ശുപാര്‍ശ അംഗീകരിക്കുകയും ചെയ്തു. നിരാശരായ സ്ത്രീകള്‍ വൈസ്രോയിക്ക് ടെലഗ്രാം സന്ദേശം അയച്ച് പ്രതിഷേധിച്ചു .
1932-ല്‍ മൂന്നാം വട്ടമേശ സമ്മേളനത്തില്‍ ഒരേയൊരു വനിത മാത്രമാണ് പങ്കെടുത്തത്. വോട്ടവകാശവാദി കൂടിയായിരുന്ന ബീഗം ജഹനാര ഷാനവാസ്. എന്നാല്‍ ഈ ആവശ്യത്തിന് പിന്തുണ നേടാന്‍ അവര്‍ക്കായില്ല. ബീഗം ജഹനാര 1933-ലെ വേനല്‍ക്കാലത്തുടനീളം ബ്രിട്ടനില്‍ പര്യടനം നടത്തി സ്ത്രീ വോട്ടവകാശത്തിനു വേണ്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശത്തിനുവേണ്ടിയും പ്രചരണം നടത്തി. ബ്രിട്ടനിലെ വോട്ടവകാശ സംഘടനകളുടെ പിന്തുണ ഇന്ത്യന്‍ സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി അഭ്യര്‍ഥിച്ചു.
തുടക്കമിട്ട് മദ്രാസ് പ്രസിഡന്‍സി
സാര്‍വത്രിക വോട്ടവകാശത്തിനും സ്ഥാനാര്‍ത്ഥികളാകാനുള്ള അവകാശത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തന്നെ ഇന്ത്യയിലെ മിക്ക ബ്രിട്ടീഷ് പ്രവിശ്യകളും പല നാട്ടുരാജ്യങ്ങളും സ്ത്രീകള്‍ക്ക് ചില നിബന്ധനകള്‍ക്കനുസരിച്ച് മത്സരിക്കാനും വോട്ട് ചെയ്യാനുമുള്ള അവകാശങ്ങള്‍ നല്‍കിയിരുന്നു. 1919-ല്‍ മദ്രാസ് പ്രസിഡന്‍സി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്കി. ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത് മദ്രാസിലായിരുന്നു. അതേ വര്‍ഷം തന്നെ ബോംബെ പ്രസിഡന്‍സിയും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്കി.1920-ല്‍ തിരുവിതാംകൂര്‍ രാജ്യവും നിബന്ധനകള്‍ക്കു വിധേയമായി സ്ത്രീ വോട്ടവകാശം അംഗീകരിച്ചു.വൈവാഹിക നിലയും സ്വത്തവകാശവും മാനദണ്ഡമാക്കിയ അവകാശം സ്ത്രീകളുടെഅന്നത്തെ സാമൂഹ്യ സാമ്പത്തിക നിലയനുസരിച്ച് 2.5% സ്ത്രീകള്‍ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ .
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശത്തിനു വേണ്ടി ആനി ബസന്റിന്റെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് 1921-ല്‍ മദ്രാസ് പ്രസിഡന്‍സി പ്രാദേശിക തലത്തില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നല്‍കിയത്. അതനുസരിച്ച് മദ്രാസ് സിറ്റി കോര്‍പ്പറേഷനിലേക്ക് സ്ത്രീകള്‍ മത്സരിച്ചു.

ബംഗിയ നാരി സമാജം
ബംഗാളില്‍ സ്ത്രീ വോട്ടവകാശസമരങ്ങള്ക്ക് നേതൃത്വം നല്‍കിയത് ' ബംഗിയ നാരി സമാജം ' ആയിരുന്നു. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും നിവേദനങ്ങള്‍ തയ്യാറാക്കിയും സ്ത്രീ വോട്ടവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ തേടി. സംഘടനയുടെ സമ്മര്‍ദഫലമായി1921 സെപ്റ്റംബറിൽ വോട്ടവകാശത്തിനുള്ള ഒരു പ്രമേയം അവതരിപ്പിക്കപ്പെട്ടു.37-നെതിരെ 56 വോട്ടിന് പരാജയപ്പെട്ടു. 'സ്ത്രീകള്‍ക്ക് വോട്ടവകാശം നല്കിയാല് വേശ്യകള്‍ക്കും വോട്ടു ചെയ്യാനുള്ള അവകാശം ലഭിക്കുമെന്നും ,അതൊരു വലിയ കളങ്കമായിരിക്കും' എന്നാണ് എതിര്‍ത്ത സദാചാരവാദികളുടെ നിലപാട്. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് 1925-ല്‍ ബംഗാള്‍ പ്രസിഡന്സിയില് സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.1922 ഏപ്രിലില്‍ മൈസൂര്‍ രാജാവിന്റെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് വോട്ടു ചെയ്യാനുള്ള അനുമതി നല്കി. അതേ വര്‍ഷം ജൂണില്‍ ഇന്ത്യയിലെ ബര്‍മ്മ പ്രവിശ്യയും രാജ്കോട്ട് സംസ്ഥാനവും സ്ത്രീകള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി വോട്ടവകാശം നലകി.1926-ല്‍ പഞ്ചാബ്,1929-ല്‍ ബിഹാര്‍, ഒറീസ എന്നിവിടങ്ങളിലും പ്രവിശ്യാ ഗവണ്മെന്റുകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭ്യമായി.നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മാത്രം ലഭിച്ച ഈ അവകാശം വിനിയോഗിക്കാന്‍ ഒരു ശതമാനം സ്ത്രീകള്‍ക്ക് പോലും കഴിഞ്ഞിരുന്നില്ല.
സാര്‍വത്രിക വോട്ടവകാശത്തിനും മത്സരിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സ്ത്രീകളുടെ ശക്തമായ പ്രചരണങ്ങള്‍ക്ക് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പൂര്‍ണ പിന്തുണ നേടാനായില്ല .ബ്രിട്ടീഷ് കൊളോണിയലിസത്തിനെനെതിരെ പോരാടുന്നതിനു പകരം അവരുടെ കോളനിവല്ക്കരണക്കാരില് നിന്നും സഹായം തേടാന്‍ ശ്രമിക്കുന്നവരാണെന്ന ആരോപണവും അവര്‍ക്ക് നേരിടേണ്ടി വന്നു.
'ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
1935-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് നടപ്പിലാക്കിയ ഭരണ പരിഷ്കാരമായിരുന്നു 'ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്'. ഈ നിയമമാണ് പ്രവിശ്യകള്‍ക്ക് അവരുടെ നിയമനിര്‍മ്മാണ സഭകളെയും ഉത്തരവാദിത്തപ്പെട്ട ഗവണ്മെന്റുകളെയും തിരഞ്ഞെടുക്കാനുള്ള അധികാരം നല്‍കിക്കൊണ്ട് പ്രവിശ്യാ സ്വയംഭരണം ബ്രിട്ടീഷ് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയത്.ഈ ആക്ട് സ്ത്രീകളുടെ വോട്ടവകാശം മുമ്പുണ്ടായിരുന്നതിനേക്കാള്‍ വിപുലപ്പെടുത്തി.അതനുസരിച്ച് 21 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള, ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ഭാഷയില്‍ സാക്ഷരതയുള്ള, ആദായ നികുതി അടയ്ക്കുന്ന വ്യക്തിയുടെ ഭാര്യമാര്‍ക്കും ഈ യോഗ്യതകള്‍ ഉള്ള വിധവകള്‍ക്കും പുരുഷന്മാര്ക്ക് തുല്യമായ സ്വത്ത് യോഗ്യതയുള്ള സ്ത്രീകള്‍ക്കും വോട്ടര്‍മാരാകാം എന്ന നിയമം കൊണ്ടുവന്നു. അതോടൊപ്പം മുന്‍ സാമ്പത്തിക വര്‍ഷം റോയല്‍ മിലിട്ടറിയില്‍ സേവനമനുഷ്ഠിച്ച സ്ത്രീകള്‍ക്കും അനുമതി നല്കി .ഭൂരിപക്ഷം സ്ത്രീകളെ ഒഴിവാക്കുന്ന വൈവാഹിക നില വരുമാനം, സ്വത്ത് തുടങ്ങിയ മാനദണ്ഡങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് സ്ത്രീ വോട്ടവകാശ പ്രവര്‍ത്തകര്‍ പ്രസ്താവനകള്‍ ഇറക്കി. രാജ്യത്തെ 2.5% സ്ത്രീകള്‍ മാത്രമായിരിക്കും ഈ മാനദണ്ഡപ്രകാരം വോട്ടു ചെയ്യാന്‍ അര്‍ഹരായവര്‍.ഭര്‍ത്താവിന്റെ സാമ്പത്തിക നില അനുകൂലമായാല്‍പ്പോലും സാക്ഷരത പ്രാപ്യമല്ലാത്തതു കൊണ്ട് തന്നെ അവര്‍ക്ക് വോട്ടവകാശം ലഭ്യമാകില്ല.
വോട്ടവകാശങ്ങള്‍ക്കായി ഉപസമിതി
1938-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ത്രീ വോട്ടവകാശങ്ങള്‍ക്കായി ഒരു ഉപസമിതി രൂപീകരിച്ചു. അരുണാ അസഫലി, സരളാദേവിചൗധുരാനി, അമൃത് കൗര്‍, സരോജിനി നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, രാജ്വാഡെ , മൃദുല സാരാഭായ്, ജഹനാര ഷാനവാസ് തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളായിരുന്നു. കേരളത്തില്‍ നിന്നുള്ള ദാക്ഷായണി വേലായുധനും സ്ത്രീ വോട്ടവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചരണങ്ങളില്‍ പങ്കാളിയായി. അതേ വര്‍ഷം തന്നെ അഖിലേന്ത്യാ മുസ്ലിം ലീഗും സ്ത്രീകള്‍ക്കായി ഒരു ഉപസമിതി രൂപീകരിച്ചു. സ്ത്രീ വോട്ടവകാശത്തിനു വേണ്ടിയുള്ള പ്രചരണങ്ങളില്‍ അഖിലേന്ത്യാ മുസ്ലിം ലീഗ് സജീവമായി ഇടപെട്ടു.

1946-ല്‍ രൂപീകൃതമായ ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭ ഭരണഘടന തയ്യാറാക്കിയപ്പോള്‍ സാര്‍വത്രിക വോട്ടവകാശവും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും 21 വയസ്സ് പൂര്‍ത്തിയായ എല്ലാ പൗരര്‍ക്കും ഉറപ്പാക്കിക്കൊണ്ട് തീരുമാനമായി.1951-ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ത്തന്നെ തീരുമാനം നടപ്പിലായി.1989 മാര്‍ച്ച് 28-നാണ് വോട്ടിംഗ് പ്രായം21 വയസ്സില്‍നിന്ന് 18 വയസ്സാക്കി വോട്ടവകാശ പ്രായം കുറച്ചത്.
സ്ത്രീയുടെ പൗരാവകാശങ്ങള്‍ ലോകത്തെവിടെയും ആരും താലത്തില്‍ വെച്ച് നീട്ടിത്തന്നതല്ല. സ്ത്രീകള്‍ പോരാടി നേടിയെടുത്തതാണ്. ഇന്ത്യയിലുംവോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും പോരാടി നേടിയതാണെങ്കിലും അതിന്റെ തുടര്‍ച്ച ഇല്ലാതായതു കൊണ്ടാണ് പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീ പ്രാതിനിധ്യം ഇരുപത്തൊന്നാം നൂറ്റാണ്ടിലും 15%-ല്‍ താഴെത്തന്നെ നില്‍ക്കുന്നത്.പുരുഷന് പൗരാവകാശങ്ങള്‍ ജന്മം കൊണ്ട് ലഭിക്കുമ്പോള്‍ സ്ത്രീകള്‍ക്കത് ചോദിച്ചു വാങ്ങേണ്ട ഒന്നായി നില നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പുകള്‍ നടക്കാത്ത ഒരു രാജ്യം രാജവാഴ്ചയിലേക്കോ സ്വേച്ഛാധിപത്യത്തിലേക്കോ ജനാധിപത്യമില്ലാത്ത അധികാരികളുടെ ഭരണത്തിലേക്കോ നീങ്ങാം. അതുപോലെ അധികാരത്തില്‍ സ്ത്രീകള്‍ക്ക് ആനുപാതിക പ്രാതിനിധ്യം ലഭിക്കാത്തിടത്തോളം സ്ത്രീയുടെ രണ്ടാംകിട പദവി മാറാന്‍ സാധ്യതയില്ല.
അധികാരത്തിലും നിയമനിര്‍മ്മാണത്തിലും സമൂഹത്തിന്റെ പകുതി വരുന്ന ജനവിഭാഗം ഇന്നും പുറത്താണ്. 33% സ്ത്രീ സംവരണം ഉറപ്പാക്കുന്ന ബില്ല് പാസാവാന്‍ ജനാധിപത്യ ഇന്ത്യയില്‍ 27 വര്‍ഷം കാത്തിരിക്കേണ്ടിവന്നു എന്നതില്‍ രാജ്യത്തെ സ്ത്രീകളാണ് തല കുനിക്കേണ്ടത്. അധികാരസ്ഥാനങ്ങളില്‍ എത്താന്‍ നിയമപരമായി ഒരു തടസ്സവുമില്ലാതിരിക്കെ അതിന് ശ്രമിക്കാതെ നഷ്ടപ്പെടുത്തിയ സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണ്. പുരുഷാധികാര രാഷ്ട്രീയ ഘടനയില്‍ പുരുഷകര്തൃത്വത്തില് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നവരാകാതെ കര്തൃ സ്ഥാനത്തെത്താന്‍ ജനാധിപത്യ ഇന്ത്യയില്‍ സ്ത്രീകള്‍ ശ്രമിച്ചിട്ടില്ല എന്നത് വാസ്തവമാണ്. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്ത്രീകള്‍ അധികാരസ്ഥാനത്ത് വരുന്നതിന് പല കാരണങ്ങള്‍ കൊണ്ട് തടയിടുമ്പോള്‍ അത് പിടിച്ചു വാങ്ങാന്‍ കഴിയുന്ന സംഘടിത ശക്തിയാവാന്‍ സ്ത്രീകള്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. ആണധികാര വിലക്കുകളില്‍ നിന്ന് സംഘടിത പോരാട്ടങ്ങളിലൂടെ വോട്ടവകാശവും സ്ഥാനാര്‍ത്ഥിത്വവും നേടിയെടുത്തവരുടെ പിന്‍ഗാമികള്‍ക്ക് അതിനുള്ള ഇച്ഛാശക്തിയുണ്ടാവണം. ജനസംഖ്യയിലും വോട്ടര്‍മാരിലും പകുതിയിലധികം വരുന്ന സ്ത്രീകള്‍ നിയമം നിര്‍മ്മിക്കുന്നവരിലും നിയമം നടപ്പിലാക്കുന്നവരിലും തുല്യ പ്രാതിനിധ്യത്തില്‍ എത്താന്‍ മുന്‍ തലമുറയുടെ സമരോര്‍ജം പിന്തുടരണം. ചരിത്ര പാഠങ്ങള്‍ അതിനു വേണ്ടിയാണ്.
സ്ത്രീയുടെ പൗരാവകാശങ്ങളുടെ വികാസവുമായി ബന്ധപ്പെട്ട് നിരവധി പോരാട്ടങ്ങളും അതിജീവനങ്ങളും കീഴടങ്ങലുകളും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളും ലോകത്താകമാനം നടന്നിട്ടുണ്ട്. അവയുടെയൊക്കെ ഫലമായാണ് ആധുനികകാലത്തെ ജനാധിപത്യ സമൂഹങ്ങള്‍ ഉരുത്തിരിഞ്ഞത്. ഇന്ന് വളരെ സ്വാഭാവികമെന്ന് തോന്നുന്ന പല അവകാശങ്ങളും നേടിയെടുക്കാന്‍ നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന പോരാട്ടങ്ങള്‍ വേണ്ടി വന്നിട്ടുണ്ട്. മാനവചരിത്രം രാജാക്കന്മാരുടെയും മഹാന്മാരുടെയും വീരകഥകളായി പാഠപുസ്തകങ്ങളില്‍ പഠിക്കുന്നത് മാത്രമല്ല, അടിത്തട്ടില്‍ നടന്ന ഇടപെടലുകളുടേത് കൂടിയാണ്. അവ നിരന്തരം ഓര്‍ത്തെടുക്കേണ്ടത് ജനാധിപത്യപരവും സമത്വപൂര്‍ണവുമായ സാമൂഹ്യ വികാസത്തിലേക്കുള്ള മുന്നോട്ട് പോക്കിന് അത്യാവശ്യമാണ്. അധികാരമുള്ള വര്‍ഗം കയ്യാളുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ രക്തരഹിതവും രക്തരൂക്ഷിതവുമായ നിരവധി പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. അവയില്‍ രേഖപ്പെടുത്തപ്പെട്ടവയും രേഖപ്പെടുത്തപ്പെടാത്തവയുമുണ്ട്. വ്യക്തിപരമായതും സംഘടിതമായവയുമുണ്ട്. രേഖപ്പെടുത്തപ്പെട്ട ചരിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ മുന്നേറ്റങ്ങളില്‍ ഒന്നാണ് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നടന്ന സ്ത്രീ വോട്ടവകാശസമരങ്ങള്‍.ആദ്യ രണ്ട് ഭാഗങ്ങൾ വായിക്കാം
ഓസ്ട്രേലിയയിലെ സ്ത്രീ വോട്ടവകാശ പോരാട്ടം വായിക്കാം -സ്ത്രീകളുടെ വോട്ടവകാശം ദാമ്പത്യത്തിൽ വിള്ളലുണ്ടാക്കുമെന്ന് വരെ പറഞ്ഞു; പിന്നീട് നടന്നത് ചരിത്രം
അമേരിക്കൻ സ്ത്രീ വോട്ടവകാശ പോരാട്ടം വായിക്കാം- അധികാരം സ്ത്രീയുടെ കയ്യിൽ, വോട്ട് ചെയ്യാത്തത് അന്തസ്സും; അമരിക്കയുടെ മനസ് മാറ്റിയ സൂസൻ |Half the sky
ബ്രിട്ടൻ സ്ത്രീ വോട്ടവകാശ ചരിത്രം വായിക്കാം- ബോംബിട്ടും തീയിട്ടും സ്ത്രീകൾ നേടിയെടുത്ത അവകാശം, രാജാവിന്റെ കുതിരയുടെ ഇടിയിൽ രക്തസാക്ഷിയായ എമിലി
Content Highlights: Half the sky column on Women's vote right in india
Published: 25 Oct 2023, 02:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented