
മനുഷ്യ ചരിത്രത്തെ മാറ്റിമറിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച പ്രസ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഫെമിനിസ്റ്റ് പ്രസ്ഥാനം. ഇന്നു നാം സ്വാഭാവികം എന്ന് കരുതുന്ന പല പൗരാവകാശങ്ങളും എത്രയോ നീണ്ട പോരാട്ടങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും ശേഷം ലഭിച്ചവയാണ് എന്ന് നമ്മളില്‍ മിക്കപേര്‍ക്കും അറിയില്ല. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും ഒരു വീട്ടടിമ എന്നതില്‍ നിന്നുള്ള മോചനവും നേടുന്നതിനു വേണ്ടി സ്ത്രീകള്‍ നടത്തിയ സമരങ്ങളുടെ ചരിത്രമാണ് ഫെമിനിസ്റ്റ് ചരിത്രങ്ങള്‍ക്ക് പറയാനുള്ളത് .
20-ാം നൂറ്റാണ്ടിന്റെ പകുതി വരെ വോട്ടവകാശത്തിനും തുല്യ അവസരങ്ങള്‍ക്കും നിയമപരമായ അവകാശങ്ങള്‍ക്കും വേണ്ടി സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭങ്ങളാണ് ഫെമിനിസത്തിന്റെ ഒന്നാം തരംഗം. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ തുല്യത ലിംഗ വിഭജിതമായ ഒരു സമൂഹത്തില്‍ വ്യത്യസ്തമായാണ് ഓരോലിംഗ വിഭാഗങ്ങള്‍ക്കും ലഭിക്കുന്നത്. നഗരവത്ക്കരണം, വ്യവസായവത്ക്കരണം, ലിബറല്‍ ചിന്തയുടെ വ്യാപനം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ഉദയത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പ്യന്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വോട്ടവകാശത്തില്‍ ഊന്നിയാണ് ഫെമിനിസത്തിന്റെ ഒന്നാം തരംഗം ആരംഭിക്കുന്നത്. മേരി വൂള്‍സ്റ്റന്‍ ക്രാഫ്റ്റിന്റെ 'വിന്‍ഡിക്കേഷന്‍ ഓഫ് ദ റൈറ്റ്‌സ് ഓഫ് വിമന്‍'(Vindication of the rights of women) വെര്‍ജീനിയ വൂള്‍ഫിന്റെ 'എ റൂം ഓഫ് വണ്‍സോണ്‍' സിമോണ്‍ ദ ബുവ്വ യുടെ 'സെക്കന്‍ഡ് സെക്‌സ് '(Second Sex) തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഫെമിനിസത്തിന്റെ ഒന്നാം തരംഗത്തിന്റെ ശ്രദ്ധേയമായ സംഭാവനകള്‍ ആണ്.
Also Read

പുരുഷാധിപത്യ സമൂഹം മേധാവിത്തവാഴ്ചയുടെ സൃഷ്ടിയാണ്. സ്ത്രീക്കും പുരുഷനും മര്‍ദ്ദകനും മര്‍ദ്ദിതനും വ്യത്യസ്തതകള്‍ ഇല്ലാതെ എല്ലാ അര്‍ത്ഥത്തിലും തുല്യതയിലുള്ള ഒരു പുത്തന്‍ സമൂഹ സൃഷ്ടിക്കായി നടക്കേണ്ടുന്ന ചില അനിവാര്യ സമരങ്ങളുണ്ട്. ഇതിൽ സ്ത്രീവിമോചന സമരത്തിന്റെ പ്രസക്തിയെ ബോധ്യപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവുകളോടെ ചില സ്ത്രീകള്‍ ചരിത്രപരമായ കടമ സ്വയം നിറവേറ്റാന്‍ തുടങ്ങിയതാണ് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭം. സ്ത്രീപുരുഷ വൈരുദ്ധ്യത്തിന്റെ സാമൂഹ്യവും ചരിത്രപരവും ജീവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ വിവിധ മാനങ്ങള്‍ സൂക്ഷ്മതയോടെ വിശകലനം ചെയ്യാനും സ്ത്രീയുടെ മര്‍ദിതാവസ്ഥയെ മനസ്സിലാക്കാനുമുള്ള പ്രാഥമിക ശ്രമങ്ങളാണ് ഫെമിനിസത്തിന്റെ ആദ്യ തരംഗത്തില്‍ ഉണ്ടായത്.
ഫെമിനിസത്തിന്റെ ഒന്നാം തരംഗത്തിന് മുന്നേ തന്നെ ബ്രിട്ടനിലും ഫ്രാന്‍സിലും മറ്റും സ്ത്രീ അവകാശങ്ങളെ കുറിച്ചുള്ള ധാരണകള്‍ വികസിക്കുന്നുണ്ടായിരുന്നു. മുഖ്യമായും പുരുഷ തത്വചിന്തകര്‍ തന്നെയാണ് അതിന് മുന്‍കൈയെടുത്തത് എന്നതും ശ്രദ്ധേയമാണ്. ക്രിസ്തുമതത്തില്‍ പ്രൊട്ടസ്റ്റന്റ് വിഭാഗം രൂപം കൊണ്ട ചരിത്രപ്രക്രിയയുമായി ബന്ധപ്പെട്ട് നവീനങ്ങളായ പല ആശയങ്ങളും മതത്തിനകത്ത് തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. 1642-ല്‍ 400 ഓളം സ്ത്രീകള്‍ ചേര്‍ന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങളെപ്പറ്റി പൊതുസഭയില്‍ നിവേദനം നല്‍കിയതാണ് ഏറ്റവും ശ്രദ്ധേയമായ ഒരു സംഭവവികാസം. മതപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവകാശങ്ങളില്‍ നിന്നും സ്ത്രീകള്‍ വിലക്കപ്പെട്ട സാഹചര്യത്തിന് പ്രൊട്ടസ്റ്റന്റ് ആശയങ്ങള്‍ വിമര്‍ശന സാധ്യതകള്‍ ഒരുക്കി. പുരുഷന്മാര്‍ക്കൊപ്പം മതപരമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നതിനുള്ള അവകാശം നേടുന്നതിന് വേണ്ടിയും കുടുംബത്തിനകത്ത് സ്ത്രീയുടെ താഴ്ന്ന പദവി ഇല്ലാതാക്കുന്നതിന് വേണ്ടിയും ആയിരുന്നു ആ നിവേദനം. ഫെമിനിസ്റ്റ് ചിന്തയുടെ ആദ്യ സ്ഫുരണങ്ങളായി നമുക്ക് ഈ നീക്കത്തെ വിലയിരുത്താം.
1789 -ലെ ഫ്രഞ്ച് വിപ്ലവത്തിന് മുന്നേ രൂപംകൊണ്ട സാമൂഹ്യ സാംസ്‌കാരിക അന്തരീക്ഷം മനുഷ്യര്‍ക്കിടയില്‍ നിലനിന്ന ഉച്ചനീചത്വങ്ങളുടെ അസംബന്ധവും അയുക്തികവുമായ അടിസ്ഥാനങ്ങളെ ചോദ്യം ചെയ്യുന്ന സ്വതന്ത്രചിന്തയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ഫ്രഞ്ച് ദര്‍ശനികനും രാഷ്ട്രീയ നേതാവുമായ വോള്‍ട്ടേര്‍ സ്ത്രീകളോട് സമൂഹത്തിനുള്ള തെറ്റായ മനോഭാവങ്ങളില്‍ വലിയ രോഷം പ്രകടിപ്പിച്ചു. സ്ത്രീകളുടെ അപകര്‍ഷത സമൂഹത്തിന്റെ സൃഷ്ടിയാണെന്ന് ദീദറോ ചൂണ്ടിക്കാട്ടി. സ്ത്രീക്ക് പുരുഷന്മാരെ പോലെ രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണാധികാരം കൈകാര്യം ചെയ്യലും ഒന്നും സാധ്യമല്ല എന്ന് വിശ്വസിച്ച മോണ്ടസ്‌ക്യൂ പോലും സ്ത്രീകളെ എല്ലാകാലത്തും വീട്ടില്‍ തളച്ചിടാം എന്ന ധാരണ പ്രകൃതിയുടെ നിയമങ്ങള്‍ക്കും സാമാന്യ യുക്തിയ്ക്കും നിരക്കാത്തതാണ് എന്ന് വാദിച്ചു.
ഫെമിനിസത്തിന്റെ ഒന്നാം തരംഗത്തിലെ ആദ്യപഥിക എന്ന് വിശേഷിപ്പിക്കാവുന്ന മേരി വൂള്‍സ്റ്റന്‍ ക്രാഫ്റ്റ് സ്ത്രീയുടെ സ്വതന്ത്ര വ്യക്തിത്വത്തിന് കൂച്ചുവിലങ്ങിടുന്നതില്‍ വിക്ടോറിയന്‍ മൂല്യങ്ങള്‍ വഹിച്ച പങ്കിനെ നിശിതമായി തുറന്നുകാട്ടി. നോവല്‍, കവിത, നാടകം തുടങ്ങിയ സാഹിത്യ ശാഖകളിലും സംഗീതത്തിലും സ്ത്രീകള്‍ വെറും വികാരജീവികളായും യുക്തിസഹമായി ചിന്തിക്കാനുള്ള ത്രാണിയില്ലാത്തവരായും ചിത്രീകരിക്കപ്പെടുന്നതില്‍ അവര്‍ ശക്തമായ അമര്‍ഷം പ്രകടിപ്പിച്ചു. പുരുഷന്‍ സ്ത്രീയുടെ രക്ഷകന്‍ എന്ന സങ്കല്പത്തെ അവര്‍ ചോദ്യം ചെയ്തു. കുടുംബത്തിലും സാമൂഹ്യ ജീവിതത്തിലും സ്ത്രീയുടെ ശാരീരികവും സാമ്പത്തികവുമായ സംരക്ഷണം മുതല്‍ ബുദ്ധിപരമായ ആവശ്യങ്ങള്‍ക്ക് വരെ പുരുഷനെ ആശ്രയിക്കേണ്ടിവരുന്ന പരിതാപകരമായ അവസ്ഥയ്‌ക്കെതിരേ അവര്‍ തുളച്ചു കയറുന്ന നിരീക്ഷണങ്ങള്‍ നടത്തി. "അബല എന്ന വാക്ക് എല്ലാ അര്‍ഥത്തിലും അന്വര്‍ഥമാക്കുംവിധം അവള്‍ തുച്ഛമായ കാര്യങ്ങള്‍ക്ക് പോലും പുരുഷനെ ആശ്രയിക്കാന്‍ ബാധ്യതപ്പെട്ടവളത്രേ. നിസ്സാരമായ ഒരാപത്തില്‍ പെട്ടാല്‍ പോലും അവള്‍ ഭയംകൊണ്ട് വിറകൊള്ളുകയും രക്ഷിക്കാനായി പുരുഷന്റെ നേര്‍ക്ക് ദയനീയമായി നോക്കുകയും ഒരു പരാദ ജീവിയെ പോലെ പുരുഷന്റെ ശരീരത്തില്‍ അള്ളി പിടിക്കുകയും ചെയ്യുന്നു. സ്വാഭാവിക രക്ഷകന്‍ ചമഞ്ഞപുരുഷന്‍ ആകട്ടെ അവരെ കരവലയത്തില്‍ ഒതുക്കി രക്ഷിക്കുന്നു. അംഗീകൃത സ്ത്രീത്വ സങ്കല്പം പുരുഷ മേധാവിത്ത സമൂഹം കൃത്രിമമായി സൃഷ്ടിച്ചതും സ്ത്രീയുടെ തലയില്‍ കെട്ടി ഏല്‍പ്പിച്ചതും ആണ്. അത് എക്കാലത്തും നിലനില്‍ക്കുന്ന പ്രകൃതിനിയമം അല്ല" , 'സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ഒരു ന്യായ സമര്‍ഥനം'(A Vindication of the rights of women) എന്ന പുസ്തകത്തില്‍ ക്രാഫ്റ്റ് ഇങ്ങനെ രോഷം കൊള്ളുന്നു .

1848-ലെ സെനേക്ക ഫോള്‍ കണ്‍വെന്‍ഷന്‍
അമേരിക്കയിലെ സ്ത്രീ അവകാശപ്രക്ഷോഭങ്ങളുടെ ശക്തിപ്പെടലിന്റെ ഒരു നിര്‍ണായക സന്ദര്‍ഭമായിരുന്നു 1848-ലെ സെനേക്കാഫോള്‍ കണ്‍വെന്‍ഷന്‍.1866-ല്‍ രൂപം കൊണ്ട തുല്യതക്കായുള്ള അമേരിക്കന്‍ അസോസിയേഷന്‍ (എ.ഡബ്ള്യൂ.എസ്.എ.), ദേശീയ സ്ത്രീ വോട്ടവകാശ അസോസിയേഷന്‍ (എൻ.ഡബ്ള്യൂ.എസ്.എ.-1869) തുടങ്ങിയ സംഘടനകളാണ് ഇതിനെ പിന്തുടര്‍ന്ന് അമേരിക്കയില്‍ സ്ത്രീ അവകാശ വിഷയങ്ങള്‍ ഉന്നയിക്കാന്‍ രൂപീകരിക്കപ്പെട്ട ആദ്യകാല സംഘങ്ങള്‍. എ. ഡബ്ള്യൂ.എസ്.എ. എന്ന സംഘടന വോട്ടവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ് പൊതുവില്‍ കേന്ദ്രീകരിച്ചത്. സ്ത്രീകളുടെ ഉന്നതിക്കും ജോലി ചെയ്യാനുള്ള അവകാശത്തിനും ഒക്കെയാണ് എൻ.ഡബ്ള്യൂ.എസ്.എ. ഊന്നല്‍ കൊടുത്തത്. 1869-ല്‍ ഈ രണ്ട് സംഘടനകളും യോജിച്ച് നാഷണല്‍ അമേരിക്കന്‍ വുമണ്‍ അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചു. എന്നാല്‍ ഈ പ്രവര്‍ത്തന ഐക്യം 1916 വരെയേ നീണ്ടു നിന്നുള്ളൂ. സംഘടന പിളര്‍ന്ന് നാഷണല്‍ വിമന്‍സ് പാര്‍ട്ടി എന്ന ഒരു രാഷ്ട്രീയ സംഘടന യുവ ഫെമിനിസ്റ്റ് ആലീസ് പോളിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടു. ഈ സംഘടനകളുടെ ഒക്കെ പ്രവര്‍ത്തനഫലമായി 1919 ജൂണ്‍ 4- ന് അമേരിക്കന്‍ സെനറ്റ് ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതി വഴി സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം അംഗീകരിച്ചു .

ഫെമിനിസത്തിന്റെ ആദ്യ തരംഗ കാലഘട്ടത്തില്‍ മിക്കവാറും യൂറോപ്പ്യന്‍ രാജ്യങ്ങളിലും ചില കോളനികളിലും സ്ത്രീകളുടെ വോട്ടവകാശം നിയമപരമായി ഭാഗികമായെങ്കിലും അംഗീകരിക്കപ്പെട്ടു .റഷ്യ, ജര്‍മനി, ഓസ്ട്രിയ, ബ്രിട്ടൺ എന്നിവിടങ്ങളിലെല്ലാം വോട്ടവകാശം അംഗീകരിക്കപ്പെട്ടു . ബെല്‍ജിയത്തില്‍ 1919 -ലും കനഡയില്‍ 1920-ലും അയര്‍ലന്‍ഡില്‍ 1928-ലും സ്‌പെയിനില്‍ 1931-ലും വോട്ടാവകാശം അംഗീകരിക്കപ്പെട്ടു.
വോട്ട് ചെയ്യാനുള്ള അടിസ്ഥാന അവകാശം വിദ്യാഭ്യാസത്തിനുള്ള അവകാശം, തൊഴിലിനുള്ള അവകാശം, പൊതു ഇടങ്ങളില്‍ ഉള്ള അവകാശം, തുല്യത, സ്വത്തവകാശം എന്നീ ആശയങ്ങളുടെ ഉത്ഭവം സ്ത്രീകളുടെ പദവി സംബന്ധിച്ച പുതിയ ധാരണകള്‍, വീട്ടകങ്ങള്‍ മാത്രമാണ് സ്ത്രീകളുടെ ഇടങ്ങള്‍ എന്ന ധാരണയില്‍ നിന്നുള്ള മോചനം എന്നിവയില്‍ നല്ല ഫലങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഫെമിനിസത്തിന്റെ ആദ്യ തരംഗത്തെ പ്രാപ്തമാക്കി. ലൈംഗിക അവകാശങ്ങളെ കുറിച്ചും പ്രത്യുല്‍പാദന അവകാശങ്ങളെ കുറിച്ചും സ്ത്രീകള്‍ക്കിടയില്‍ പുതിയ ബോധം ഉണ്ടാകുന്നതിനും സാമ്പത്തികമായ അവകാശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സ്ത്രീകളെ ബോധ്യപ്പെടുത്തുന്നതിനും ഈ തരംഗത്തിന് സാധിച്ചു.
വംശീയമുക്തമായിരുന്നില്ല ഫെമിനിസവും
എന്നാല്‍ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടിലെ പൊതുവംശീയ ബോധത്തിന്റെ സ്വാധീനത്തില്‍ നിന്നും മുക്തമായിരുന്നില്ല ഫെമിനിസ്റ്റ് പ്രസ്ഥാനവും. അത് മുഖ്യമായും വെള്ളക്കാരികളായ മധ്യവര്‍ഗത്തിന്റെ ആശയഗതികളെയാണ് പ്രകടിപ്പിച്ചത്. അമേരിക്കന്‍ ഭരണഘടനയുടെ പതിനഞ്ചാം ഭേദഗതിയിലൂടെ കറുത്ത വര്‍ഗക്കാരായ പുരുഷര്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെ ആദ്യകാല ഫെമിനിസ്റ്റുകളില്‍ പലരും വിമര്‍ശിച്ചത് ഈ വംശീയതയുടെ ഉദാഹരണമാണ്.
ഒന്നാം തരംഗ ഫെമിനിസത്തിന്റെ കാലഘട്ടത്തിലാണ് സ്ത്രീകള്‍ കൂട്ടമായി പൊതുസ്ഥലത്ത് സമ്മേളിക്കുന്നത്. പ്രസംഗിക്കാന്‍ തുടങ്ങുന്നതും വ്യാപകമായി എഴുതാന്‍ തുടങ്ങുന്നതും ഇതേ കാലയളവിലാണ്. സ്ത്രീകള്‍ പൊതുവേദികളില്‍ പ്രസംഗിക്കുന്നതും എഴുതുന്നതും ശക്തമായി വിലക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. സ്ത്രീകളുടെ നേതൃത്വത്തില്‍ നിരവധി വര്‍ത്തമാന പത്രങ്ങളും മാഗസിനുകളും ഈ കാലഘട്ടത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ദ ലില്ലി ,ദ ലേഡീസ് മാഗസിന്‍ പ്രൊവിന്‍ഷ്യല്‍ ഫ്രീമാന്‍ ,തുടങ്ങിയവ സ്ത്രീകള്‍ ആരംഭിച്ചതും എഡിറ്റ് ചെയ്തതുമായ പ്രസിദ്ധീകരണങ്ങളില്‍ ചിലതാണ്.
ഫെമിനിസത്തിന്റെ ഒന്നാം തരംഗ കാലത്ത് അതിശക്തമായ എതിര്‍പ്പാണ് അതിന് നേരിടേണ്ടി വന്നത്. സ്ത്രീകളുടെ വോട്ടവകാശം സംബന്ധിച്ച സമരങ്ങള്‍ ഒരു വശത്ത് ശക്തി പ്രാപിച്ചപ്പോള്‍ മറുവശത്ത് പുരുഷന്മാരായ ജനപ്രതിനിധികള്‍ പല പ്രകാരത്തിലും തടസവാദങ്ങള്‍ ഉന്നയിച്ചു അതിനെ തകര്‍ക്കാന്‍ ശ്രമിച്ചു. 1867ല്‍ നടന്ന 19 -ാം കോണ്‍ഗ്രസില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ വില്യംസ് ഉന്നയിച്ച വാദഗതികള്‍ ഇതിന് ഒരു ഉദാഹരണമാണ്. 'സ്ത്രീകള്‍ക്ക് വോട്ടവകാശം ഇല്ലാതിരിക്കുന്നത് ഒരു അന്തസ്സാണ്. കുലസ്ത്രീകളുടെ തൊട്ടിലാട്ടുന്ന കൈകളിലാണ് കൂടുതല്‍ അധികാരം ഉള്ളതെന്നും സ്ത്രീകള്‍ ബാലറ്റിലൂടെ പുരുഷനെതിരേ ബലം കാണിക്കാന്‍ തുനിയുമ്പോള്‍ സ്ത്രീത്വത്തോട് സമൂഹത്തിനുള്ള ആദരവ് നഷ്ടമാകും 'എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീപുരുഷ ബന്ധത്തിന്റെ കെട്ടുറപ്പ് തകര്‍ത്ത് സമൂഹം ഒരു യുദ്ധക്കളവും വീട് ഭൂമിയിലെ നരകവും ആയിത്തീരാന്‍ ഇടയുള്ള മുദ്രാവാക്യമാണ് സ്ത്രീ വോട്ടവകാശം എന്ന് അദ്ദേഹം ശക്തിയുക്തം വാദിച്ചു.
വോട്ടവകാശത്തിനെതിരായി വാദിച്ച പുരുഷന്മാര്‍ക്കെതിരേ സ്ത്രീ പ്രവര്‍ത്തകര്‍ രൂക്ഷമായ പ്രതികരണം ഉയര്‍ത്തി.1851-ല്‍ സ്ത്രീകള്‍ വോട്ടവകാശത്തിന് അര്‍ഹരല്ലെന്നുള്ള ഒരു പുരോഹിതന്റെ വാദത്തിനെതിരായി അമേരിക്കയിലെ സ്ത്രീ സ്വതന്ത്രപ്രസ്ഥാനത്തിന്റെ നേതാവും മുന്‍ അടിമയുമായ ട്രൂത്ത് ഇങ്ങനെ മറുപടി പറഞ്ഞു: 'ആ മനുഷ്യന്‍ പറയുന്നു സ്ത്രീകളെ വണ്ടിയിലേക്ക് കയറാനും കുഴിയില്‍ നിന്ന് കൈപിടിച്ച് കയറ്റാനും ഒക്കെ പുരുഷന്മാരുടെ സഹായം വേണമെന്ന്. സ്ത്രീകള്‍ക്ക് എല്ലായിടത്തും പ്രത്യേകമായ സ്ഥാനം നല്‍കണമെന്ന്. ഇതേവരെ വണ്ടിയില്‍ കയറ്റാന്‍ ആരും കൈപിടിച്ച് സഹായിച്ചിട്ടില്ല. എനിക്ക് ഇതുവരെ എവിടെയും പ്രത്യേക സ്ഥാനം ലഭിച്ചിട്ടില്ല. ഇതിനര്‍ത്ഥം ഞാന്‍ സ്ത്രീയല്ല എന്നാണോ? പുരുഷനെപ്പോലെ തന്നെ ജോലി ചെയ്യാനും തിന്നാനും എനിക്ക് സാധിച്ചിട്ടുണ്ട്. ഭക്ഷണം കിട്ടിയപ്പോള്‍ ചാട്ടവാര്‍ കൊണ്ട് അടികള്‍ കൊള്ളാനും കരുത്ത് ഉണ്ടായിരുന്നു. ഞാന്‍ സ്ത്രീയല്ലാത്തത് കൊണ്ടായിരിക്കുമോ അങ്ങനെ കഴിഞ്ഞത്? ഞാന്‍ 13 കുഞ്ഞുങ്ങളെ പെറ്റു പോറ്റി. കണ്‍മുന്നിലൂടെ അവര്‍ അടിമപ്പണിക്കാരായി കച്ചവടം ചെയ്യപ്പെടുന്നതും കണ്ടിട്ടുണ്ട്. ഒരു അമ്മയുടെ ഹൃദയവേദന അനുഭവിച്ചിട്ടുണ്ട്. ഞാന്‍ കരഞ്ഞപ്പോള്‍ ഈശോ അല്ലാതെ മറ്റാരും കേള്‍ക്കാനില്ലായിരുന്നു. അപ്പോള്‍ ഞാന്‍ സ്ത്രീ അല്ലായിരുന്നോ? '1912-ല്‍ സ്ത്രീകളുടെ വോട്ടവകാശത്തെ എതിര്‍ത്ത ന്യൂയോര്‍ക്കിലെ ഒരു സെനറ്ററോട് റോസ് ഷിന്റര്‍ മാന്‍ എന്ന തൊഴിലാളി നേതാവ് പറഞ്ഞ കാര്യം കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. 'ലോഹം കൂട്ടിയിണക്കുന്ന ഫാക്ടറിയിലെ കഠിനമായ ചൂട് സഹിക്കവയ്യാതെ അല്പ വസ്ത്രരായി പണിയെടുക്കുന്ന അനേകം സ്ത്രീകള്‍ ഉണ്ട്. ഇവരുടെ സ്ത്രീത്വത്തെപ്പറ്റി സെനറ്റര്‍ എന്തുകൊണ്ട് ഒന്നും പറയുന്നില്ല? കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അവരെ എളുപ്പത്തില്‍ ലഭ്യമായതുകൊണ്ടല്ലേ പുരുഷന്മാരെ അപേക്ഷിച്ച് അവരെ നിയമിക്കാന്‍ മുതലാളിമാര്‍ താല്‍പര്യം കാട്ടുന്നത്? കമ്പനികളില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ 13 -14 മണിക്കൂറുകള്‍ വേവുന്ന ചൂടില്‍ നില്‍പ്പിക്കുകയും പൊള്ളുന്ന സ്റ്റാര്‍ച്ച് വെള്ളത്തില്‍ ഇടയ്ക്കിടെ കൈകള്‍ മുക്കി പണിയെടുപ്പിക്കുകയും ചെയ്യുന്നു, നിങ്ങള്‍. ഇതിനേക്കാള്‍ വലിയ ദോഷം ഒന്നും വര്‍ഷത്തിലൊരിക്കല്‍ ഒരു കടലാസ് വോട്ടുപെട്ടിയില്‍ ഇടുന്നതുകൊണ്ട് സ്ത്രീത്വത്തിന് സംഭവിക്കാനില്ല'. അപ്പത്തിനു വേണ്ടിയുള്ള മത്സരം പോലെ മറ്റൊരു കടുത്ത മത്സരവും ഇല്ലെന്ന് അവര്‍ ഓര്‍മിപ്പിച്ചു.
വെള്ളക്കാരായ ഫെമിനിസ്റ്റ് വിരുദ്ധരുടെ മിക്ക വാദങ്ങളും വെള്ളക്കാരായ മധ്യവര്‍ഗ്ഗ സ്ത്രീകളെ മാത്രം സ്ത്രീകള്‍ ആയി കണ്ടുകൊണ്ടുള്ളതായിരുന്നു എന്നും ഇത്തരം തര്‍ക്കങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഏറ്റവും അടിത്തട്ടിലുള്ള തൊഴിലാളി സ്ത്രീകളെ സ്ത്രീകളായി തന്നെ പരിഗണിക്കാനുള്ള മാനസികാവസ്ഥ അക്കാലത്തെ വെള്ളക്കാരായ പുരുഷനിലും വെള്ളക്കാരായ സ്ത്രീകളില്‍ പോലും ഉണ്ടായിക്കഴിഞ്ഞിരുന്നില്ല. മുഖ്യമായുംതാഴ്ന്ന മധ്യ വര്‍ഗത്തില്‍ (Lower middle class) പെട്ട വെള്ളക്കാരായ സ്ത്രീകളായിരുന്നു പ്രധാനപ്പെട്ട സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തതും ബൗദ്ധിക നേതൃത്വമായി വികസിച്ചതും.
ഞാന്‍ ഒരു ഫെമിനിസ്റ്റല്ല എന്ന് പറയുന്ന സെലിബ്രിറ്റികളും ഫെമിനിച്ചികള്‍ എന്ന വിളിയിലൂടെ സ്ത്രീകളെ അവഹേളിക്കാന്‍ ശ്രമിക്കുന്നവരും തിരിച്ചറിയേണ്ടതും പഠിക്കേണ്ടതുമാണ് ഫെമിനിസം മാനവ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ ചരിത്രം. ആണധികാരത്തിന്റെയും ആണധികാര വ്യവസ്ഥയുടെയും ഭയത്തില്‍ നിന്നാണ് ഫെമിനിസത്തോടുള്ള നിഷേധാത്മകത രൂപം കൊള്ളുന്നത്. ആ നിഷേധാത്മകതയെ മറികടന്നു കൊണ്ട് ലോകത്താകമാനം ഫെമിനിസ്റ്റ് ആശയങ്ങള്‍ എന്നും മുന്നേറിയിട്ടുള്ളത്.
Content Highlights: half the sky column on feminist movement and women protest for the right to vote
Published: 21 Jan 2024, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented