പ്രസിഡന്റ് ഇബ്രാഹി റെയ്‌സിയുടെ മരണത്തോടെ ഇറാന് നഷ്ടമാവുന്നത് അന്തര്‍ദേശീയ തലത്തില്‍ സ്വാധീനം ചെലുത്തിയ ഒരു നേതാവിനെയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെപ്പോലെ പാശ്ചാത്യശക്തികളുടെ കടുത്തവിമര്‍ശകനാണ് തീവ്രനിലപാടുകാരനായിരുന്നു റെയ്സി. എന്നാല്‍ മുന്‍ഗാമികള്‍ക്കൊന്നും സാധിക്കാത്ത തരത്തില്‍ അന്താരാഷ്ട്ര സ്വാധീനം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഹെലികോപ്ടര്‍ അപകടത്തിലൂടെ ഇന്ത്യയ്ക്കും അടുത്ത സുഹൃത്തുക്കളിലൊരാളെയാണ് നഷ്ടമായിരിക്കുന്നത്. ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം എത്രമാത്രം ആഴത്തിലുള്ളതായിരുന്നു? റെയ്‌സിയുടെ വിയോഗം ഇറാനെ എങ്ങനെയാവും ബാധിക്കുക ? റെയ്‌സിക്ക് ശേഷം ഇറാനില്‍ ആര് അധികാരത്തിലെത്തും? 

To advertise here,

ഖമീനിയുടെ വലംകൈ, തീവ്രനിലപാടുകാരന്‍

1960-ല്‍ ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മഷാദിലാണ് ഇബ്രാഹിം റെയ്‌സി ജനിച്ചത്. ഷിയ മുസ്ലിം വിഭാഗത്തിന്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് മഷാദ്. പിതാവ് പുരോഹിതനായതിനാല്‍ തന്നെ കടുത്ത മതനിഷ്ഠയുള്ള കുടുംബമായിരുന്നു റെയ്‌സിയുടേത്. റെയ്‌സിക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് മരണപ്പെട്ടിരുന്നു. 15-ാം വയസ്സില്‍ റെയ്‌സി വിശുദ്ധ നഗരമായ ഖൂമില്‍ സെമിനാരിയില്‍ ചേര്‍ന്ന് മതപഠനം ആരംഭിച്ചു. ആയത്തുള്ള ഖമീനിയുള്‍പ്പെടെയുള്ള മതപണ്ഡിതര്‍ പഠിച്ച സെമിനാരിയായിരുന്നു ഇത്. 

placeholder
റെയ്സിയുടെ മരണത്തില്‍ അനുശോചിക്കാനെത്തിയവര്‍

വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ പാശ്ചാത്യരാജ്യങ്ങളെ പിന്തുണയ്ക്കുന്ന ഭരണാധികാരി ഷായ്‌ക്കെതിരേയുള്ള പ്രതിഷേധത്തില്‍ റെയ്‌സിയും പങ്കെടുത്തിരുന്നു. 1979-ല്‍  ആയത്തുള്ള റൂഹുള്ള ഖമീനിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തില്‍ ഷായുടെ ഭരണകൂടം അട്ടിമറിക്കപ്പെട്ടിരുന്നു. വിപ്ലവത്തിന് പിന്നാലെ റെയ്‌സി ഇറാന്‍ നീതിന്യായ വിഭാഗത്തില്‍ സേവനം ചെയ്യാനാരംഭിക്കുകയും നിരവധി സ്ഥലങ്ങളില്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു. ആയത്തുള്ള ഖമീനിയുടെ പരിശീലനമായിരുന്നു റെയ്‌സിക്ക് ലഭിച്ചത്. 1981-ല്‍ ഖമീനി പ്രസിഡന്റായി അധികാരത്തിലേറിയപ്പോഴും ഈ നില തുടര്‍ന്നിരുന്നു. ഇറാന്‍-ഇറാഖ് യുദ്ധാനന്തരം 1988-ല്‍ രാഷ്ട്രീയത്തടവുകാരും തീവ്രവാദികളുമുള്‍പ്പെടെ 5000 പേരെ കാര്യമായ വിചാരണകൂടാതെ തൂക്കിലേറ്റാന്‍ വിധിച്ച നാലംഗ സമിതിയിലെ അംഗമായിരുന്നു റെയ്‌സി. 'ഡെത്ത് കമ്മിറ്റിയിലെ പ്രധാനി ആയതോടെ 'കൊലയാളി ജഡ്ജി' എന്ന കുപ്രസിദ്ധിയും റെയ്‌സിക്ക് ചാര്‍ത്തിക്കിട്ടി. ഇതിന്റെ പേരിലാണ് അമേരിക്ക അദ്ദേഹത്തിന് ഉപരോധമേര്‍പ്പെടുത്തിയത്. റെയ്‌സി മരണപ്പെടുന്നത് വരെ ആ ഉപരോധം നിലനിന്നു. ഖമീനിയുടെ മരണാനന്തരം പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ അധികാരപ്പെട്ട വിദഗ്ധസമിതിയംഗമായിരുന്നു റെയ്‌സി. 2014 മുതല്‍ രണ്ടുവര്‍ഷം അറ്റോര്‍ണി ജനറലായി. 

അടിച്ചമര്‍ത്തലിലൂടെ അധികാരത്തിലേക്ക്

2017-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പ്രസിഡന്റ് ഹസന്‍ റൂഹാനിയോട് തോറ്റു. 2019-ല്‍ ഇറാന്റെ നീതിന്യായവിഭാഗം തലവനായി. ഇന്ധനവിലക്കയറ്റത്തില്‍ ഇറാനിലെങ്ങും പ്രക്ഷോഭമുണ്ടായ കാലം കൂടിയായിരുന്നു അത്. പതിവുപോലെ പാശ്ചാത്യലോകം ഇളക്കിവിട്ടത് എന്നുപറഞ്ഞ് ഇറാന്‍ അതിനെ അടിച്ചമര്‍ത്തി. ആ അടിച്ചമര്‍ത്തലിനു നേതൃത്വംനല്‍കിയത് റെയ്‌സിയായിരുന്നു. അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകരും അവകാശപ്രവര്‍ത്തകരും അഭിഭാഷകരുമുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. 

2021-ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് 63 വയസ്സുകാരനായ റെയ്‌സി ഇറാന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ ജുഡീഷ്യറി മേധാവി ഹസന്‍ റൂഹാനിയുടെ പിന്‍ഗാമിയായിട്ടായിരുന്നു അദ്ദേഹം അധികാരമേറ്റത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇറാന്‍ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു റെയ്‌സി. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറവ് വോട്ടര്‍മാര്‍ സമ്മതിദാനവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പായിരുന്നു 2021-ലേത്. നിരവധി സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പില്‍ വിലക്ക് നേരിട്ടിരുന്നു. ബഹിഷ്‌കരണ ആഹ്വാനത്തെത്തുടര്‍ന്ന് 5.9 കോടി വോട്ടര്‍മാരില്‍ പകുതിയോളംപേര്‍ വിട്ടുനിന്നു. രേഖപ്പെടുത്തിയ 2.89 കോടി വോട്ടുകളില്‍ 37 ലക്ഷം അസാധുവായി. 48.8% വോട്ടുകള്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. എങ്കിലും 62 ശതമാനമെന്ന റെക്കോര്‍ഡ് വോട്ടാണ് റെയ്‌സി നേടിയത്. റെയ്സിയുടെ വരവിന് വഴിയൊരുക്കാന്‍ സ്ഥാനാര്‍ഥി നിര്‍ണയംതന്നെ അട്ടിമറിച്ചെന്ന ആരോപണമുണ്ടായിരുന്നു. 2017-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റൂഹാനിയോടു തോറ്റ റെയ്‌സിയെ 2021-ല്‍ ഏതുവിധേനയും ജയിപ്പിച്ചെടുക്കാന്‍ ഇറാനെ യഥാര്‍ഥത്തില്‍ നയിക്കുന്ന പുരോഹിതവൃന്ദം കഠിനമായി ശ്രമിച്ചു. അദ്ദേഹത്തിനു വെല്ലുവിളിയു ഉയര്‍ത്താനിടയുണ്ടായിരുന്ന സ്ഥാനാര്‍ഥികളെയെല്ലാം വിലക്കി. ശ്രമം ഫലംകണ്ടു, റെയ്‌സി ജയിച്ചു. 

73 രാജ്യങ്ങളിലെ 115 പ്രതിനിധികള്‍ പങ്കെടുത്ത ടെഹ്റാനിലെ പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ അതിസുരക്ഷയിലായിരുന്നു റെയ്സി പ്രസിഡന്റായി അധികാരമേറ്റത്. ചടങ്ങില്‍ സായുധസംഘങ്ങളായ ഹമാസ്, ഹിസ്ബുള്ള എന്നിവയുടെ നേതാക്കളുമുണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രശ്നങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍, ലോകശക്തികളുമായുള്ള ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിലച്ചതടക്കം നിരവധി വെല്ലുവിളികള്‍ ഇറാന്‍ അഭിമുഖീകരിക്കുന്നതിനിടെയാണ് പ്രസിഡന്റായി റെയ്‌സി അധികാരത്തിലേറിയത്. അതിനൊപ്പം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. സര്‍ക്കാരിനെതിരേയും വലിയ പ്രതിഷേധങ്ങള്‍ ഇറാനിലെമ്പാടും അരങ്ങേറുന്നുമുണ്ടായിരുന്നു. എന്നാല്‍ റെയ്‌സിയുടെ ഭരണകാലത്തൊന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നില്ലെന്ന് മാത്രമല്ല ജനകീയ പ്രക്ഷോഭങ്ങള്‍ കൊടുമ്പിരി കൊള്ളുകയും ചെയ്തു. 

placeholder
ഇബ്രാഹിം റെയ്സി

പാശ്ചാത്യശക്തികളോട് വിട്ടുവീഴ്ചയില്ലായ്മ വാഗ്ദാനംചെയ്താണ് റെയ്സി ഭരണമേറ്റത്. പക്ഷേ, ഈ നയത്തിന് വിരുദ്ധമായി പാശ്ചാത്യരാജ്യങ്ങളോട് ചര്‍ച്ചനടത്താന്‍ സന്നദ്ധതകാട്ടിയിരുന്നു. അതുകൊണ്ടുതന്നെ മുന്‍പ് ഭരിച്ചിരുന്ന മുന്‍ഗാമികള്‍ക്ക് സാധിക്കാത്ത ഒരു നേട്ടം റെയ്സി കൈവരിച്ചു. ദീര്‍ഘകാലവൈരികളായ സൗദി അറേബ്യയുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കലായിരുന്നു അത്. ചൈനയുടെ മധ്യസ്ഥതയിലാണ് സൗദിയുമായി വീണ്ടും സൗഹൃദത്തിലായത്. ഒപ്പം ചൈനയോടും റഷ്യയോടുമുള്ള സൗഹൃദം ഊട്ടിയുറപ്പിച്ചു. ചൈനയുമായി 25 വര്‍ഷത്തേക്കുള്ള സാമ്പത്തികസുരക്ഷാ കരാര്‍ ഒപ്പിട്ടു. അമേരിക്കയുടെ മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇല്ലാതാക്കിയ ഇറാന്‍-അമേരിക്ക ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ റെയ്‌സിയുടെ നേതൃത്വത്തില്‍ നടന്നിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കി രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിന് പകരം കടുത്ത മതനിയമ പരിഷ്‌കരണങ്ങളായിരുന്നു റെയ്‌സി നടപ്പിലാക്കിയത്. മുന്‍പുണ്ടായിരുന്ന പ്രസിഡന്റ് റൂഹാനി മിതവാദത്തിനാണ് മുന്‍ഗണന നല്‍കിയതങ്കിലും സ്ത്രീസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന നിയമമായിരുന്നു റെയ്‌സി നടപ്പിലാക്കിയത്. മതനേതൃത്വത്തിന്റെ അനുമതിയോടെ റെയ്സി നടപ്പാക്കിയ കര്‍ശനമായ 'ഹിജാബും പാതിവ്രത്യവും നിയമം' ഇറാനെ വീണ്ടും പ്രക്ഷുബ്ധമാക്കി. തല മറച്ചില്ലെന്നുപറഞ്ഞ് മതകാര്യ പോലീസ് അറസ്റ്റുചെയ്ത കുര്‍ദ് വനിത മഹ്സ അമീനി മതപോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത് ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കിടയാക്കി. 'സ്ത്രീകള്‍, ജീവിതം, സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യം ഇറാനിലെങ്ങും മുഴങ്ങി. പ്രക്ഷോഭം മാസങ്ങളോളം നീണ്ടെങ്കിലും മതഭരണകൂടത്തെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തെയും റെയ്സിയുടെ സര്‍ക്കാര്‍ അമര്‍ച്ച ചെയ്യുകയായിരുന്നു. 

placeholder
ഇബ്രാഹിം റെയ്സി, നരേന്ദ്രമോദി

ഇന്ത്യയുടെ സുഹൃത്ത്

1979-ലെ ഇസ്ലാമിക വിപ്ലവത്തെ ഇന്ത്യ സ്വാഗതം ചെയ്തില്ലെങ്കിലും ഇന്ത്യയും ഇറാനും തമ്മില്‍ അടുത്ത ബന്ധമായിരുന്നു ഏറെക്കാലവും നിലനിന്നിരുന്നത്. വിഭജനകാലം വരെ ഇന്ത്യയുടെ അയല്‍രാജ്യമായിരുന്നു ഇറാന്‍. പേര്‍ഷ്യന്‍ ഭരണകാലം മുതല്‍ ഇന്ത്യ- ഇറാന്‍ ബന്ധം ഗാഢമായിരുന്നു. ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യയും ഇറാനും തമ്മില്‍ കരാറുകളുണ്ട്. അടുത്തകാലത്തായി ഈ ബന്ധം കൂടുതല്‍ ദൃഢമായി. ഏറ്റവും അടുത്തായി ചാബഹാര്‍ തുറമുഖവും ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറും സാധ്യമാക്കാന്‍ ശ്രമിച്ച നേതാവ് എന്ന പേരിലാകും ഇന്ത്യ റെയ്സിയെ ഓര്‍ക്കുക. ബദല്‍ വ്യാപാരപാതകള്‍ കണ്ടെത്തുക എന്ന ഇറാന്റെ ലക്ഷ്യസാക്ഷാത്കാരത്തിന്റെ ഭാഗമായിരുന്നു ഇവ രണ്ടും. ഇതിന് പുറമേ കശ്മീര്‍ വിഷയത്തില്‍ ഇറാന്‍ സ്വീകരിച്ച നിലപാടും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. 

2024 മെയ് 13-നാണ്  ചാബഹാര്‍ തുറമുഖ കരാര്‍ ഇന്ത്യയും ഇറാനും ചേര്‍ന്ന് ഒപ്പുവെച്ചത്. നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ചബഹാര്‍ തുറമുഖത്തിന്റെ ഷാഹിദ്-ബെഹെസ്തി ടെര്‍മിനിലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിട്ടത്. പത്തു വര്‍ഷത്തേക്ക് ഇന്ത്യയ്ക്കാണ് നടത്തിപ്പ് ചുമതല. ഇതാദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇറാന്റെ സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലെ ആഴക്കടല്‍ തുറമുഖമാണ് ചബഹാര്‍.  ഇന്ത്യയോട് ഏറ്റവും അടുത്ത് കിടക്കുന്ന ഇറാനിയന്‍ തുറമുഖവും ചബഹാര്‍ തന്നെ. കൂറ്റന്‍ ചരക്കു കപ്പലുകളുള്‍പ്പടെയുള്ളവയ്ക്ക് എത്താന്‍ കഴിയുന്ന മേഖലയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നതും. വലിയ ഇന്ധന നിക്ഷേപമുള്ള മേഖലയാണിതെന്നതാണ് ശ്രദ്ധേയം.

ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്നാണ് കേന്ദ്ര തുറമുഖമന്ത്രാലയം വ്യക്തമാക്കുന്നത്. ചബഹാറില്‍ 120 മില്യണ്‍ ഡോളറാണ് ഇന്ത്യ നിക്ഷേപിച്ചത്. തുറമുഖത്തിന്റെ അടിസ്ഥാന  സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയ്ക്കായി 250 മില്യണ്‍ ഡോളര്‍ വായ്പയായും നല്‍കും.അഫ്ഗാനിസ്താനുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങള്‍ക്കുള്ള കവാടമായി ചാബഹാര്‍ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെയും ഇറാന്‍ ഗതാഗത മന്ത്രി മെഹര്‍സാദ് ബസര്‍പാഷിന്റെയും സാന്നിധ്യത്തില്‍ കേന്ദ്രത്തിനു കീഴിലുള്ള  ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡ് കമ്പനിയും ഇറാനിലെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ചബഹാര്‍ തുറമുഖമേറ്റെടുക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2002-ല്‍ ഇറാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഹസന്‍ റുഹാനി പ്രസിഡന്റ് സയെദ് മുഹമ്മദ് ഖതാമിയുടെ നിര്‍ദേശപ്രകാരം അന്നത്തെ ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവായ ബ്രജേഷ് മിശ്രയുമായി ചര്‍ച്ച നടത്തിയിരുന്നു. 2003 ജനുവരിയില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്‌പേയിയും ഖതാമിയും കരാറൊപ്പിട്ടു. എന്നാല്‍ ആ സമയത്താണ് അമേരിക്ക ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതോടെ യു.എസുമായി മികച്ച നയതന്ത്രബന്ധം പുലര്‍ത്തിയിരുന്ന ഇന്ത്യ ഇറാനുമായുള്ള ഇടപാടുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പിന്നീട് 2018ന് ശേഷമാണ് ഇടപാടില്‍ കാര്യമാത്രമായ നടപടിയുണ്ടായത്. 

കശ്മീര്‍ വിഷയത്തില്‍ മൃദുസമീപനം

ഏപ്രില്‍ മാസത്തിന്റെ അവസാനത്തിലാണ് ഇബ്രാഹി റെയ്‌സി പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയത്. പാക് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചായിരുന്നും ഔദ്യോഗിക സന്ദര്‍ശനം. ഇതിന് പിന്നാലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ കശ്മീരും വിഷയമായി. കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും ആ പ്രദേശത്തെ ജനങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു പ്രസ്താവന. കശ്മീര്‍ തര്‍ക്കത്തിന് തങ്ങള്‍ക്കനുകൂലമായി പ്രാദേശികവും ആഗോളവുമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായാണ് റെയ്‌സിയുടെ ഈ പ്രസ്തവന വ്യാഖ്യാനിക്കപ്പെട്ടത്. കശ്മീരിനെക്കുറിച്ചുള്ള ഇറാന്റെ നിലപാട് മൃദുപ്പെട്ടതായും വിലയിരുത്തപ്പെട്ടു. 

മെച്ചപ്പെട്ട സൗഹൃദം

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല അടുപ്പത്തിലായിരുന്നു റെയ്‌സി. 2023-ല്‍ ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തി. നവംബറില്‍ ഇരുനേതാക്കളും ഫോണിലും സംസാരിച്ചിരുന്നു. ഈ സമയം ഗാസയിലെ സ്ഥിതിഗതികളും ചബഹാര്‍ തുറമുഖത്തെ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യ-ഇറാന്‍ ബന്ധം കൂടുതല്‍ വളര്‍ന്നു. ഗ്വാദാര്‍ തുറമുഖ പദ്ധതിയിലൂടെ പാകിസ്താന്‍ ചൈനയുമായുള്ള ബന്ധം ശക്തമാക്കുമ്പോള്‍ ഇന്ത്യ ഒരുമുഴം മുന്നോട്ടെറിഞ്ഞ് ചാബഹാറില്‍ കാലുറപ്പിച്ചു. അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും അതിനപ്പുറത്തേക്കും ഇന്ത്യയ്ക്ക് പ്രവേശനം നല്‍കുന്നതില്‍ ഇറാന്‍ സന്തോഷിക്കുന്നുമുണ്ട്. പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്ക് ഇറാന്‍ കടല്‍മാര്‍ഗം ഒരുക്കുന്നുവെന്നതാണ് ശ്രദ്ധേയം. പാകിസ്താന്‍ റോഡുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെടാനുള്ള മാര്‍ഗമാണ് ഇറാന്‍ ഒരുക്കുന്നത്. അതുകൊണ്ടുതന്നെയാണ് അമേരിക്കയുടെ എതിര്‍പ്പ് നിലനില്‍ക്കെയും പദ്ധതിയുമായി ഇന്ത്യ മുന്നോട്ടുപോയത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും ഇന്ത്യയ്ക്ക് മുന്നിലെ വലിയ സാധ്യതയാണ്. 

2021-ല്‍ പ്രസിഡന്റ് റെയ്‌സിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി വിദേശകാര്യ മന്ത്രി ജയശങ്കര്‍ ടെഹ്റാനിലേക്ക് പോയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഉഭയകക്ഷി ബന്ധത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് പ്രസിഡണ്ട് റെയ്‌സിയുടെ മരണം വലിയ നഷ്ടമാണെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധത്തിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് ഇറാന്‍ അംബാസഡര്‍മാരും നേതാക്കളും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഇറാന്‍ കസ്റ്റഡിയിലെടുത്ത ഇസ്രയേല്‍ കപ്പലിലെ അഞ്ച് ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇറാന്‍ തയ്യാറായത് ഇന്ത്യയുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ്. 

ഖമീനിയുടെ പിന്‍ഗാമിയാകാനിരിക്കെ മരണം

ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് പിന്നാലെ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം റെയ്‌സിയുടെ മരണം ഇറാനെ എത്രത്തോളം ബാധിക്കുമെന്നതാണ്. അതില്‍ പ്രധാനം അടുത്ത നേതാവ് ആരാകുമെന്നതാണ്. 85 വയസ്സിലേറെയുണ്ട് നിലവിലെ പരമോന്നത നേതാവിന്. ഇബ്രാഹി റെയ്‌സി ഇറാന്റെ അടുത്ത പരമോന്നത നേതാവാകും എന്ന കണക്കുകൂട്ടലുകള്‍ നിലനിന്നിരുന്നു. എന്നാല്‍ റെയ്സിയുടെ മരണത്തോടെ ആയത്തുള്ള അലി ഖമീനിയുടെ മകന്‍ മൊജ്താബ ഈ സ്ഥാനത്തേക്കെത്തും എന്നുറപ്പായി. പരമോന്നത നേതാവിലേക്കുള്ള മൊജ്താബയുടെ പ്രധാന എതിരാളിയായിരുന്നു റെയ്‌സി. എന്നാല്‍ മൊജ്താബ ഈ സ്ഥാനത്തേക്ക് എത്തുന്നതിലും എതിര്‍പ്പുകള്‍ പ്രകടമാവാന്‍ സാധ്യതയുണ്ട്. കാരണം അദ്ദേഹം ഒരു സര്‍ക്കാര്‍ പദവിയും വഹിക്കുന്നില്ല, മാത്രമല്ല പൊതുവേദികളില്‍ നിരന്തരം പ്രത്യക്ഷപ്പെടുകയോ പൊതുജനങ്ങളുമായി സംവദിക്കുകയോ ചെയ്യുന്ന ഒരു നേതാവല്ല മൊജ്താബ. പരമോന്നത നേതാവിന് ഏതെങ്കിലും തരത്തിലുള്ള നിയമസാധുത ലഭിക്കണമെങ്കില്‍ നിലവിലെ മതവ്യവസ്ഥയെ പിന്തുണയ്ക്കുന്ന ജനങ്ങളില്‍ നിന്ന് ആധികാരിക പിന്തുണയുണ്ടായിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്. 

placeholder
അയത്തൊള്ള അലി ഖമീനി

റെയ്‌സിയുടെ മരണം മറ്റ് മേഖലകളുമായുള്ള ഇറാന്റെ ബന്ധത്തിനും അനന്തരഫലങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് കരുതപ്പെടുന്നു. ഇസ്രയേലിനെതിരേ പോരാടുന്ന നിരവധി സായുധസംഘങ്ങളെ റെയ്‌സി പിന്തുണച്ചിരുന്നു. കൂടാതെ സൗദി അറേബ്യ, യു.എ.ഇ. എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ്- അറബ് രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധത്തിന്റെ ഒരു കാലഘട്ടവും റെയ്‌സിയുടെ അധികാരകാലത്തുണ്ടായിട്ടുണ്ട്. എന്നാല്‍ അധികാരത്തിലെത്തുന്ന അടുത്ത പ്രസിഡന്റിന് വിഭിന്ന നിലപാടാണുള്ളതെങ്കില്‍ അത് ഇറാന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ തകര്‍ക്കുന്നതിലേക്കാവും നയിക്കുക. കൂടുതല്‍ ഉപരോധങ്ങള്‍ ഇറാന് നേരിടേണ്ടിയും വന്നേക്കാം. 

റെയ്സിക്ക് ശേഷം മൊഖ്ബര്‍

പ്രസിഡന്റ് റെയ്‌സിയുടെ മരണത്തിന് പിന്നാലെ ഒന്നാം വൈസ് പ്രസിഡന്റായ മൊഹമ്മദ് മൊഖ്ബര്‍ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റിട്ടുണ്ട്. പരമോന്നത നേതാവിന്റെ അനുമതിയോടെയാണ് മൊഖ്ബര്‍ നിയമിതനായത്. ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ച്  പ്രസിഡന്റ് മരിക്കുകയോ അസുഖബാധിതനാവുകയോ ചെയ്താല്‍ പരമോന്നത നേതാവിന്റെ അനുമതിയോടെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റായി അധികാരമേല്‍ക്കാം. ഇടക്കാല പ്രസിഡന്റ് ചുമതലയേറ്റ് 50 ദിവസത്തിനുള്ളില്‍ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണം. പരമോന്നത നേതാവ് അയത്തൊള്ള ഖമീനിയുടെ വിശ്വസ്തനാണ് മൊഖ്ബറും. 2025-ലായിരുന്നു ഇബ്രാഹിം റെയ്സിയുടെ കാലാവധി അവസാനിക്കുന്നത്. റെയ്‌സിയെപ്പോലെ ഖമീനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മൊഖ്ബര്‍ 2021 ഓഗസ്തിലാണ് ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റായി നിയമിതനായത്. 2010-ല്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയവരില്‍ മൊഖ്ബറും ഉണ്ടായിരുന്നു.

placeholder
മൊഹമ്മദ് മൊഖ്ബര്‍

1979-ലെ വിപ്ലവത്തിന് ശേഷമാണ് പരമോന്നത നേതാവ് എന്ന സ്ഥാനം ഇറാനില്‍ രൂപപ്പെട്ടത്. പ്രസിഡന്റും പാര്‍ലമെന്റും ജുഡീഷ്യറിയുമെല്ലാം പ്രവര്‍ത്തിക്കുമ്പോഴും ഇറാന്റെ സമഗ്രാധികാരം ആത്മീയനേതാവിന്റെ കൈകളിലാണ്. സായുധസേനയ്ക്കുമേല്‍ പ്രസിഡന്റിനോ പാര്‍ലമെന്റിനോ അധികാരമില്ല.  പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളുടെ സാധുത പരിശോധിക്കാന്‍ പ്രത്യേക സമിതിയാണ് പ്രവര്‍ത്തിക്കുന്നത്. പരമോന്നത നേതാവാണ് രാജ്യത്തിന്റെ എല്ലാ നയങ്ങളുടേയും തീരുമാനങ്ങളുടേയും യുദ്ധപ്രഖ്യാപനങ്ങളുടേയുമെല്ലാം അവസാനവാക്ക്. സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും നേതാവിന്റെ പ്രതിനിധികളുണ്ടാവും. പരമോന്നത നേതാവ്, പ്രസിഡന്റ്. പാര്‍ലമെന്റ്, വിദഗ്ധ സഭ, ഗാര്‍ഡിയന്‍ കൗണ്‍സില്‍, എക്‌സ്പീഡിയന്‍സി കൗണ്‍സില്‍, ജുഡീഷ്യറി, സുരക്ഷാകൗണ്‍സില്‍ തുടങ്ങിയവയാണ് വിവിധ അധികാരഘടന.