വാഷിങ്ടൺ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഒരുഡോളർ നാണയത്തിലും പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ ഡൊണാൾഡ് ട്രംപ്. പ്രസിഡന്റിന്റെ സുന്ദരവദനം ആലേഖനംചെയ്ത പ്രത്യേക നാണയം യു.എസ്. മിന്റ് ബുധനാഴ്ച വിപണിയിലെത്തിച്ചു.

To advertise here,

നാണയത്തിന്റെ മുൻവശത്താണ് ട്രംപിന്റെ മുഖം. മറുഭാഗത്ത് അമേരിക്കയുടെ ദേശീയചിഹ്നമായ ഗ്രേറ്റ് സീലും. സ്വർണനിറത്തിലുള്ള നാണയത്തിന്റെ മുകൾഭാഗത്ത് ‘ലിബർട്ടി’ എന്നും താഴെ ‘1776 - 2026’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെഡറൽ നിയമപ്രകാരം നിലവിലുള്ള പ്രസിഡന്റിന്റെയോ ജീവിച്ചിരിക്കുന്ന മുൻ പ്രസിഡന്റുമാരുടെയോ ചിത്രം യു.എസ്. കറൻസിയിൽ ഉൾപ്പെടുത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാൽ, ചില വ്യക്തികളുടെയോ സംഭവങ്ങളുടെയോ സ്മരണയ്ക്കായി പ്രത്യേക നാണയങ്ങളിറക്കാനുള്ള അനുമതിനൽകാൻ ട്രഷറി സെക്രട്ടറിക്ക് അധികാരമുണ്ട്.

ഈവർഷമാണ് യു.എസ്. കമ്മിഷൻ ഒാഫ് ഫൈൻ ആർട്സ് നാണയത്തിന് അനുമതി നൽകിയത്. കമ്മിഷനിലെ അംഗങ്ങൾ മറ്റാരുമല്ല, ട്രംപ് നിയമിച്ച മഹാന്മാർ തന്നെ. 25 നാണയങ്ങളുള്ള ഒരു റോളിന് 61 ഡോളറും 100 നാണയങ്ങളുള്ള ഒരു ബാഗിന് 154.50 ഡോളറുമാണ് വില.

നാണയത്തിൽ തന്റെ മുഖം പ്രത്യക്ഷപ്പെട്ടത് അസാധാരണമാണെന്നായിരുന്നു നേരത്തേ ട്രംപ് വിനീതനായി പ്രതികരിച്ചത്. താൻ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.