ഷ്യയുടെ യുക്രൈൻ അധിനിവേശം നാലരവർഷം പിന്നിട്ടിരിക്കുന്നു, ഇറാൻ യുദ്ധം ആറുമാസവും. ആഗോള സ്ഥിരതയെയും സുരക്ഷയെയും സമ്പദ്വ്യവസ്ഥയെയും പിടിച്ചുകുലുക്കുന്ന ഈ ഭയാനക ഭൗമരാഷ്ട്രീയ പ്രതിസന്ധികളിൽ രണ്ടാമത്തേതായ ഇറാൻ യുദ്ധം കൂടുതൽ രൂക്ഷമാവുകയാണ്. അതേസമയം, യുക്രൈനിലെ യുദ്ധമവസാനിപ്പിക്കാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാവുന്നു. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ എസ്സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്തയുദ്ധം ഇനി യുദ്ധാവസാനത്തിന് വഴി മാറണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനോട് പരസ്യമായി പറഞ്ഞു, രണ്ടുദിവസത്തിനു ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മോസ്‌കോയും കീവും സന്ദർശിച്ച് ചർച്ചകൾ നടത്തി. പിന്നാലെ യുഎസ് ദൂതരായ സ്റ്റീവ് വിറ്റ്കോഫും ജാറെഡ് കഷ്നറും ജയശങ്കറിന്റെ പാതയിൽ വീണ്ടും നടന്നത്- ഒരേ വാരാന്ത്യത്തിൽ മോസ്‌കോ, കീവ് സന്ദർശനങ്ങൾ പൂർത്തിയാക്കി- യുദ്ധം അവസാനിപ്പിക്കാനുള്ള അടിയന്തിര ശ്രമങ്ങളെ വ്യക്തമാക്കുന്നു.

To advertise here,

ഈ തിടുക്കം ഒരു യഥാർത്ഥ വെടിനിർത്തലിലേക്ക് നയിക്കുമോ അതോ മുമ്പും പലതവണ ഉണ്ടായിട്ടുള്ളതുപോലെ മറ്റൊരു വ്യാജപ്രതീക്ഷ മാത്രമായി മാറുമായിരിക്കുമോ എന്നതാണ് ചോദ്യം. ചില നിരീക്ഷകർ കരുതുംപോലെ, പാശ്ചാത്യലോകത്തിന്റെ പിന്തുണയോടെ യുക്രൈൻ റഷ്യയുമായി നടത്തിവരുന്ന പോരാട്ടത്തിന് ഈ വർഷം അവസാനിക്കും മുമ്പ് അന്തിമവിസിൽ മുഴങ്ങാനുള്ള സാധ്യത സജീവമാണ്. അങ്ങനെ ഒരു വെടിനിർത്തൽ ഉണ്ടായാൽ അതിൽ റഷ്യയുമായി തന്ത്രപരമായ ബന്ധം പുലർത്തുമ്പോൾതന്നെ യുക്രൈനുമായി സഹകരിക്കുന്ന, സമാധാന ചർച്ചകളെ പിന്തുണയ്ക്കുന്ന ഇന്ത്യയ്ക്കു കാര്യമായ പങ്കാളിത്തം ഉണ്ടാവുമെന്ന് കരുതണം.

പക്ഷേ, യുദ്ധക്കളത്തിൽ സമാധാനചർച്ചകളുടെ പ്രഭാവമൊന്നുമില്ല. നയതന്ത്ര ദൂതന്മാരുടെ സന്ദർശനവേളയിൽ മോസ്‌കോയിലും കീവിലും ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചത് മാറ്റിനിർത്തിയാൽ പോരാട്ടം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിനം നൂറുകണക്കിന് ഷാഹിദ് ഡ്രോണുകളും ക്രൂസ് മിസൈലുകളുമാണ് യുക്രൈൻ നഗരങ്ങൾക്ക് നേരെ റഷ്യ തൊടുക്കുന്നത്. പകരമായി റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്കും സൈനിക വ്യോമത്താവളങ്ങൾക്കും നേരെ യുക്രൈൻ ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് കനത്ത ആക്രമണം നടത്തുന്നുണ്ട്. ഇരുപക്ഷത്തിന്റെയും ആക്രമണങ്ങളിൽ പലപ്പോഴും സിവിലിയൻമാർ കൊല്ലപ്പെടുന്നത് പതിവായിരിക്കുന്നു.

കിഴക്കൻ യുക്രൈനിലെ ഡോൺബാസ് മേഖലയിൽ കനത്ത ആൾനാശവും സൈനിക ഉപകരണങ്ങളുടെ നഷ്ടവും സഹിച്ച് റഷ്യൻ സൈന്യം ഇഞ്ചിഞ്ചായി മുന്നേറാൻ ശ്രമിക്കുമ്പോൾ, യുക്രൈൻ സേന ശക്തമായ പ്രതിരോധമാണ് തീർക്കുന്നത്. ശൈത്യകാലമെത്തും മുമ്പ് യുക്രൈന്റെ പവർഗ്രിഡുകൾ തകർക്കുക എന്നതാണ് റഷ്യൻതന്ത്രം. തണുപ്പുകാലത്ത് ജനങ്ങൾക്ക് ചൂടും വെളിച്ചവും ഉറപ്പാക്കാൻ വേണ്ട ഇന്ധനത്തിനും കൂടുതൽ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കുമായി യുക്രൈൻ അമേരിക്കയോടും യൂറോപ്യൻ രാജ്യങ്ങളോടും മാസങ്ങളായി അഭ്യർത്ഥിക്കുന്നുണ്ട്.

ഇരുപക്ഷത്തെയും മാനസികമായും സാമ്പത്തികമായും തളർത്തിയ യുദ്ധത്തിൽ ആരു ജയിച്ചാലും കാര്യമില്ലെന്ന അവസ്ഥയാണ്. ഇറാൻ യുദ്ധം കൂടിയായതോടെ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഈ സംഘർഷം കനത്ത ആഘാതമാകാൻ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് നയതന്ത്ര നീക്കങ്ങൾ സജീവമായത്.

ജയശങ്കറിന്റെ 'സൂപ്പർഫാസ്റ്റ്' നയതന്ത്രം

ഇന്ത്യൻ വിദേശമന്ത്രി സെപ്തംബർ മാസത്തിലെ ആദ്യദിവസങ്ങളിൽ നടത്തിയ റഷ്യൻ, യുക്രൈൻ പര്യടനങ്ങൾ ലോകശ്രദ്ധ നേടിയത് അവയുടെ അടിയന്തിര നയതന്ത്രപ്രാധാന്യം കൊണ്ടാണ്. ആദ്യം മോസ്‌കോ, പിന്നാലെ കീവ്, അതിനെതുടർന്ന് പോളണ്ട് തലസ്ഥാനമായ വാഴ്സോ. യുദ്ധം കാരണം യുക്രൈനിലേക്ക് മന്ത്രിതല സന്ദർശനം വളരെ അപൂർവ്വമായ കാലത്താണ് വിദേശമന്ത്രി പോയത്. യാത്രോദ്ദേശ്യം അത്ര പ്രധാനപ്പെട്ടതായിരുന്നു എന്ന് വ്യക്തം.

സെപ്തംബർ മൂന്നിന് ജയശങ്കർ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയെയും വിദേശമന്ത്രി ആന്ദ്രി സിബിഹയെയും കണ്ടു. യുദ്ധത്തിനുള്ള പരിഹാരങ്ങൾ യുദ്ധക്കളത്തിൽനിന്ന് ഉയർന്നുവരില്ലെന്ന ഇന്ത്യയുടെ ദീർഘകാല നിലപാട് ആവർത്തിച്ച അദ്ദേഹം സമാധാനത്തിന്റെ പാത കണ്ടെത്താൻ സഹായിക്കാൻ തയ്യാറാണെന്ന് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിച്ച സെലെൻസ്‌കി, ജയശങ്കർ കീവിലുള്ള സമയത്തുപോലും ഇറാനിയൻ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഷാഹെദ് ഡ്രോണുകൾ റഷ്യ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചു.

യുക്രൈനും റഷ്യയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സംഘർഷം കുറയ്ക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ പരിശോധിക്കുന്നുണ്ടെന്നും എന്നാൽ ഒരു പരിധിക്കപ്പുറം വിശദാംശങ്ങളിലേക്ക് കടക്കാൻ കഴിയില്ലെന്നും ജയശങ്കർ വാഴ്സോയിൽവച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. റഷ്യൻഎണ്ണ വാങ്ങുന്നത് തുടരുന്നതിലൂടെ യുദ്ധം നീട്ടിക്കൊണ്ടുപോകാൻ റഷ്യയെ ഇന്ത്യ സഹായിക്കുകയാണെന്ന വാദത്തെ അദ്ദേഹം പതിവുപോലെ തള്ളിക്കളഞ്ഞു.

ഇന്ത്യയ്ക്ക് 140 കോടി ജനങ്ങളുടെ ഊർജ്ജസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉത്തരവാദിത്തമുണ്ട്. ഇന്നത്തെ ലോകസാഹചര്യത്തിൽ വളരെ ദുഷ്‌കരമായ ദൗത്യം. 'ആരെങ്കിലും എണ്ണയോ അലുമിനയോ വളമോ ലോഹങ്ങളോ ധാതുക്കളോ വാങ്ങുകയോ, വാങ്ങാതിരിക്കുകയോ ചെയ്തതു കൊണ്ട് യുദ്ധം അവസാനിക്കാൻ പോകുന്നില്ല... നയതന്ത്രവും സംഭാഷണങ്ങളും ചർച്ചകളും വഴി മാത്രമേ ഇത് അവസാനിക്കൂ...' ജയശങ്കർ തുറന്നടിച്ചു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കൂടുതൽ കടുത്ത ഉപരോധങ്ങൾക്ക് അമേരിക്ക പദ്ധതിയിടുന്നതിന്റെ പശ്ചാത്തലത്തിൽ ഈ വാക്കുകൾക്ക് മുഴക്കം കൂടുന്നു.

എന്നാൽ, വെടിനിർത്തൽ കരാറിന് വഴിതെളിക്കാനുള്ള ഈ നയതന്ത്രചർച്ചകൾ ലക്ഷ്യത്തിലെത്തിക്കുക ഒട്ടും എളുപ്പമല്ല. റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശം, യുക്രൈന് സുരക്ഷാ ഉറപ്പുകളും നാറ്റോയിൽ അംഗത്വം കൊടുക്കലും, റഷ്യക്കു മേലുള്ള വിവിധ ഉപരോധങ്ങൾ പിൻവലിക്കൽ എന്നിവ സംബന്ധിച്ച് ഇരുകൂട്ടർക്കും സ്വീകാര്യമായ കരാർ ഉണ്ടാക്കുക എളുപ്പമല്ല. പിടിച്ചെടുത്ത പ്രദേശങ്ങൾ കൈവശം വെക്കാൻ റഷ്യയെ അനുവദിക്കാത്ത ഒരു കരാർ സാധ്യമാകില്ലെന്ന് വ്യക്തമാണ്. അത് യുക്രൈന് സ്വീകാര്യമാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന നയതന്ത്ര കസർത്തിലാണ് കാര്യം! റഷ്യൻ പ്രതിനിധികൾ അമേരിക്കൻ ദൂതന്മാരെ സ്വീകരിക്കാൻ ഒരുങ്ങുമ്പോഴും യുക്രൈൻ നഗരങ്ങളിൽ റഷ്യ കനത്ത ബോംബാക്രമണം തുടരുന്നത് കരാറിൽ ഒപ്പിടാൻ തിടുക്കം കൂട്ടുന്ന രാജ്യത്തിന്റെ പെരുമാറ്റമല്ലെന്ന് പുടിന്റെ വിമർശകർ ചൂണ്ടിക്കാട്ടുന്നു.

പ്രസിഡന്റ് ട്രംപിന്റെ പ്രത്യേകദൂതൻ സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാറെഡ് കഷ്നറും സെപ്റ്റംബർ അഞ്ചിന് മോസ്‌കോയിലെത്തി ചർച്ചകൾ നടത്തി, പിറ്റേന്ന് കീവിലും. ഇരുവരും കഴിഞ്ഞവർഷം റഷ്യയിലേക്ക് നിരന്തരം യാത്രകൾ നടത്തുകയും ജനുവരിയിൽ ക്രെംലിനിൽ പുടിനുമായി ദീർഘമായ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എങ്കിലും ഇരുവരും യുക്രൈൻ തലസ്ഥാനം സന്ദർശിക്കുന്നത് ഇതാദ്യമാണ്. എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് നോക്കാനാണ് ഇരുവരെയും അയച്ചതെന്നു പറഞ്ഞ ട്രംപ് വളരെ പ്രതീക്ഷയോടെയാണ് യാത്രയെ കാണുന്നത്്.

മോസ്‌കോയിൽ യുഎസ് ദൂതൻമാരുമായി നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് പുടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു. യുക്രൈൻ സംഘർഷത്തിന്റെ എല്ലാ മൂലകാരണങ്ങളും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്ന് പുടിൻ ദൂതന്മാരോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. മോസ്‌കോയുടെ പ്രധാന നിലപാടിൽ മാറ്റമൊന്നുമില്ലെന്നർത്ഥം.

സന്ദർശനത്തോട് അനുബന്ധിച്ച് കീവിനെതിരെയുള്ള വ്യോമാക്രമണങ്ങൾ ഏകദേശം 72 മണിക്കൂർ നേരത്തേക്ക് നിർത്തിവെക്കാൻ പുടിൻ ഉത്തരവിട്ടു. യുക്രൈൻ വ്യോമപാത സുരക്ഷിതമാക്കി സെലെൻസ്‌കി അതിനോട് സഹകരിച്ചു. തലസ്ഥാനത്തെ ആക്രമണത്തിൽനിന്ന് ഒഴിവാക്കിയെങ്കിലും റഷ്യ വെടിനിർത്തൽ സമയത്തും മറ്റിടങ്ങളിൽ ആക്രമണങ്ങൾ തുടർന്നു. പിറ്റേന്ന് സെലെൻസ്‌കിയുമായി ചർച്ച നടത്തിയ വിറ്റ്കോഫ്, താൻ വളരെ പ്രതീക്ഷയിലാണെന്നും നല്ല പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിനിധി സംഘത്തെ ഊഷ്മളമായി സ്വീകരിച്ച സെലെൻസ്‌കി ശക്തമായ സുരക്ഷാ ഉറപ്പുകളും ആത്മാഭിമാനമുള്ള സമാധാനവും യുക്രൈന് ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞു.

ഡോനെറ്റ്സ്‌ക്, ലുഹാൻസ്‌ക് എന്നീ പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ സെലെൻസ്‌കി സമ്മതിച്ചിട്ടില്ല. അമേരിക്കൻ മധ്യസ്ഥതയിൽ മുൻപ് നടന്ന നയതന്ത്ര ചർച്ചകൾ തടസ്സപ്പെട്ടത് ഈ വിഷയത്തിലായിരുന്നു. തണുപ്പുകാലത്തിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക ആഗ്രഹിക്കുമ്പോൾ, ഇത് പ്രായോഗികമാണെന്ന് കരുതുന്നില്ലെന്നും 2027-ലെ വസന്തകാലത്തോ വേനൽക്കാലത്തോ മാത്രമേ ചർച്ചകൾക്ക് റഷ്യ യഥാർത്ഥത്തിൽ തയ്യാറാവുകയുള്ളൂവെന്നും യുക്രൈനിൽ അഭിപ്രായമുണ്ട്. റഷ്യ സമാധാനക്കരാറിന് താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കാര്യമായ പ്രതീക്ഷയില്ലെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ് ദൂതരുടെ കീവ് സന്ദർശനം റഷ്യക്ക് ഇഷ്ടമായിട്ടില്ല; യാത്രാപദ്ധതി മാറ്റാൻ വാഷിംഗ്ടണെ പ്രേരിപ്പിക്കാൻ അവർ ശ്രമിച്ചെന്നും സൂചനയുണ്ട്.

ഓഗസ്റ്റ് അവസാനം സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് നടത്തിയ അപ്രതീക്ഷിത മോസ്‌കോ സന്ദർശനത്തിൽ ട്രംപ്-പുടിൻ-സെലെൻസ്‌കി ത്രികക്ഷി ഉച്ചകോടി എന്ന ആശയം മുന്നോട്ടുവെച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, പുടിൻ ഇതുവരെ യോജിച്ചിട്ടില്ല. യുദ്ധക്കളത്തിൽ റഷ്യ ദുർബലമാവുന്നത് നാറ്റോ രാജ്യങ്ങൾക്കുമേൽ അപ്രതീക്ഷിത ആക്രമണം നടത്താൻ അവരെ പ്രേരിപ്പിച്ചേക്കാമെന്ന ഇന്റലിജൻസ് വിലയിരുത്തലുകളുണ്ടായിരുന്നു. റഷ്യയുടെ ചില സൈനികനീക്കങ്ങൾ ആ സംശയത്തെ പെരുപ്പിച്ചതാണ് റാറ്റ്ക്ലിഫിന്റെ പെട്ടെന്നുള്ള മോസ്‌കോ സന്ദർശനത്തിന് കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു. റാറ്റ്ക്ലിഫിന്റെ സന്ദർശനമാണ് പ്രത്യേകദൂതരുടെ നയതന്ത്രശ്രമത്തിന് അടിത്തറയൊരുക്കിയത്.

ഹോർമുസും അമേരിക്കയുടെ ഭൗമരാഷ്ട്രീയ തലവേദനയും

ഇറാന്റെ തകർത്ത നഥാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമുള്ള അതീവ സുരക്ഷിതമായ പിക്ആക്സ് മൗണ്ടൻ എന്ന ഭൂഗർഭ ആണവകേന്ദ്രം അമേരിക്ക 'വളരെ പെട്ടെന്ന്' ആക്രമിച്ചേക്കാമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത് സെപ്തംബർ നാലിനാണ്. കേന്ദ്രത്തിലെ നീക്കങ്ങൾ യുഎസ് ഇന്റലിജൻസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പറഞ്ഞ ട്രംപ് ഭീഷണിയായി തോന്നുന്ന എന്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും അവകാശപ്പെട്ടു. ആഴത്തിൽ നിർമ്മിച്ച രണ്ട് തുരങ്കസമുച്ചയങ്ങൾ ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണങ്ങളിൽ തകർന്ന യുറേനിയം സമ്പുഷ്ടീകരണ ശേഷി വീണ്ടെടുക്കാൻ കഴിയുന്ന രീതിയിൽ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഇറാൻ ഈ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം കരുതുന്നുണ്ടത്രെ. എന്തായാലും ട്രംപിന്റെ വളരെ പെട്ടെന്ന് ഇനിയും എത്തിയിട്ടില്ല!

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാന തർക്കങ്ങൾ നടക്കുന്നത്. ഹോർമുസ് അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ഇറാൻ സ്ഥാപിച്ചിരുന്ന നൂറിലധികം കടൽ മൈനുകൾ നിർവീര്യമാക്കിയതായി യുഎസ് സെന്റ്കോം കമാൻഡർ അറിയിച്ചു. പുതിയ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന കപ്പലുകൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. അമേരിക്കയുടെ വാദങ്ങൾ തള്ളിക്കളഞ്ഞ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അമേരിക്ക നിബന്ധനകൾ അംഗീകരിക്കുകയും ഉപരോധങ്ങൾ പൂർണ്ണമായി പിൻവലിക്കുകയും ചെയ്യാതെ കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് വ്യക്തമാക്കി.

മൈനുകൾ നീക്കം ചെയ്താലും ഇറാന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് അവർക്ക് മേൽക്കൈ നൽകുന്നുണ്ട്. അവരുടെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണിയും ഇറാന്റെ കപ്പലുകൾ നടത്തുന്ന തടസ്സപ്പെടുത്തലുകളും നിലനിൽക്കുന്നതിനാൽ കടൽപ്പാത ഇപ്പോഴും സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ. പേട്രിയറ്റ് മിസൈൽ ശേഖരത്തിൽ വന്ന വലിയ കുറവും അമേരിക്കയെ അലട്ടുന്നു.

യുക്രൈൻ യുദ്ധത്തിന് പരിഹാരമുണ്ടായാൽ പശ്ചിമേഷ്യ ശാന്തമാക്കാൻ ഇറാനുമായി അടുത്ത സൗഹൃദമുള്ള റഷ്യയെ ഉപയോഗിക്കാമെന്നും യുഎസ് കരുതുന്നുണ്ടാവണം. ഇറാന് ഏറെക്കുറെ അനുകൂലമായ നിലപാടെടുത്ത എസ്സിഒ ഉച്ചകോടിക്കു ശേഷം ഡൽഹിയിൽ സെപ്തംബർ രണ്ടാംവാരം ഇന്ത്യയുടെ അധ്യക്ഷതയിൽ ചേരുന്ന ബ്രിക്സ് ഉച്ചകോടി സാമ്പത്തിക കാര്യങ്ങളിലും മറ്റും എന്തു നിലപാടെടുക്കുമെന്ന ചോദ്യം അമേരിക്കയെ അലട്ടുന്നുണ്ട്.

പ്രത്യേകിച്ച്, ഡോളർ വിട്ട് സ്വന്തം കറൻസികളിൽ വ്യാപാരം നടത്താനുള്ള നീക്കത്തിൽ. ഇന്ത്യയെ വ്യാപാരക്കരാറിൽ ഒപ്പുവെപ്പിക്കാൻ ഇനിയും യുഎസ്സിനായിട്ടില്ല. തീരുവ, ഉപരോധ ഭീഷണികൾ മുഴക്കി അധീശത്വം നേടാനുള്ള അമേരിക്കൻ നയങ്ങൾക്ക് മുന്നറിയിപ്പാണ് ബിഷ്‌കെക്കിൽ മോദിയും പുടിനും ഷീ ജിൻപിങും പങ്കുവെച്ച സൗഹൃദം. ഒരുപക്ഷേ, സമാധാനശ്രമം ഊർജിതപ്പെടുത്താൻ ട്രംപിനെ പ്രേരിപ്പിക്കുന്ന മുഖ്യഘടകവും അതാണ്.

യുദ്ധത്തിൽ മാധ്യസ്ഥം വഹിക്കാൻ ഇറാൻ തുടക്കം മുതൽ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. യുക്രൈൻ യുദ്ധം പരിഹരിക്കാൻ ഇന്ത്യ കൂടുതൽ സജീവമായ പങ്കു വഹിക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ, ഇത്രയും കാലം ഇന്ത്യ 'ഇത് യുദ്ധം ചെയ്യേണ്ട കാലമല്ല' പോലുള്ള ചില സദുദ്ദേശ്യ പ്രസ്താവനകൾക്കപ്പുറം ഇടപെടാൻ വിമുഖത കാട്ടിയിരുന്നു. ആ ഘട്ടം കഴിഞ്ഞെന്നാണ് തോന്നുന്നത്. യുദ്ധം ഇനിയും നീളുന്നത് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയെ തടസ്സപ്പെടുത്തുമെന്ന ബോധ്യമാവാം നിലപാടുമാറ്റത്തിന് പിന്നിൽ. ഔപചാരികമായി മാധ്യസ്ഥം ഏറ്റെടുത്തിട്ടില്ലെങ്കിലും ഇന്ത്യ അതിന് ഏറെ അകലെയല്ല!