ന്യൂഡൽഹി: ഇറ്റലിയുടെ രണ്ടാംലോകയുദ്ധാനന്തര ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാരെന്ന റെക്കോഡ് നേട്ടം ഇനി ജോർജിയ മെലോണിയുടെ വലതുപക്ഷസർക്കാരിന് സ്വന്തം. വെള്ളിയാഴ്ചയോടെ അധികാരത്തിൽ 1413 ദിവസം തികച്ച മെലോണി, മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയുടെ റെക്കോഡാണ് മറികടന്നത്. മെലോണിയുടെ നേട്ടത്തിൽ അഭിനന്ദനവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോയും രംഗത്തെത്തി.

To advertise here,

ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ നാഴികക്കല്ലിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മെലോണിയെ തന്റെ 'സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യ-ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം (India-Italy Special Strategic Partnership) കൂടുതൽ ദൃഢമാക്കുന്നതിൽ അവരുടെ സൗഹൃദം ഒരു പ്രധാന പങ്കുവഹിച്ചതായും വ്യക്തമാക്കി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

'രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മാറിയ എന്റെ സുഹൃത്ത് പ്രധാനമന്ത്രി മെലോണിക്ക് അഭിനന്ദനങ്ങൾ. ഈ നാഴികക്കല്ല് ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണ്. ഇന്ത്യ-ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അവരുടെ സൗഹൃദം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സമൃദ്ധമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി നമ്മുടെ സഹകരണം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വരും വർഷങ്ങളിലും അവരുടെ തുടർച്ചയായ വിജയത്തിനായി എന്റെ ആശംസകൾ നേരുന്നു.' അദ്ദേഹം കുറിച്ചു. 

ബെനിറ്റോ മുസ്സോളിനിയുടെ സ്വേച്ഛാധിപത്യ ഭരണം ഒഴിവാക്കിയാൽ, ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നിലനിന്ന സർക്കാരായി മെലോണിയുടെ സർക്കാർ മാറി. 1,413 ദിവസങ്ങൾ തടസ്സമില്ലാതെ അധികാരത്തിൽ പൂർത്തിയാക്കിക്കൊണ്ട് ഇറ്റലിയുടെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമായ ഒരു സ്ഥാനമാണ് മെലോണി സ്വന്തമാക്കിയത്. 2027-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നേട്ടം മെലോണിയുടെ പ്രതിച്ഛായ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.

എന്നാൽ, നീതിന്യായ പരിഷ്‌കരണ ഹിതപരിശോധനയിൽ നേരിട്ട പരാജയവും സാമ്പത്തികവളർച്ചയിലെ മന്ദഗതിയും സർക്കാരിന് വെല്ലുവിളിയാണ്. 2026-ൽ ഇറ്റലിയുടെ സമ്പദ്വ്യവസ്ഥ 0.6 ശതമാനം മാത്രം വളരുമെന്നാണ് പ്രവചനം. തൊഴിലില്ലായ്മ ഏകദേശം അഞ്ചുശതമാനമായി കുറഞ്ഞെങ്കിലും ജീവിതച്ചെലവ്, പൊതുജനാരോഗ്യസംവിധാനം, സുരക്ഷ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ആശങ്ക ശക്തമാണ്.

അതേസമയം, നികുതി കുറച്ചതും സർക്കാർ വരുമാനം വർധിപ്പിച്ചതും ധനകാര്യ അച്ചടക്കം കൊണ്ടുവന്നതും ആഗോളതലത്തിൽ ഇറ്റലിയുടെ സ്വാധീനം വർധിപ്പിച്ചതും മെലോണി സർക്കാരിന്റെ നേട്ടങ്ങളായി അനുയായികൾ ചൂണ്ടിക്കാട്ടുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അധികാരത്തിൽ വന്ന സർക്കാരുകളുടെ ശരാശരി കാലാവധി ഏകദേശം 14 മാസം മാത്രമുള്ള, സർക്കാരുകൾക്ക് ദീർഘകാലം നിലനിൽക്കാൻ പൊതുവെ ബുദ്ധിമുട്ടുള്ള ഒരു രാജ്യത്താണ് ഈ നേട്ടം വേറിട്ടുനിൽക്കുന്നത്.

ഇറ്റലിയിൽ പലപ്പോഴും അപ്രാപ്യമായിരുന്ന രാഷ്ട്രീയ സുസ്ഥിരത നൽകാൻ മെലോണിക്ക് സാധിച്ചു എന്നതാണ് ഇത് അടിവരയിടുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും, രാജ്യം അടുത്ത തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ, സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ഈ മുന്നേറ്റം നിലനിർത്തുക എന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്.

ഈ വർഷം ജൂൺ 16-ന് നടന്ന ജി7 ഉച്ചകോടിയുടെ വേദിയിലാണ് പ്രധാനമന്ത്രി മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. അവിടെ ഇരുവരും തമ്മിലുള്ള ഊഷ്മളമായ ഇടപെടലുകൾ ഓൺലൈനിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മോദിയുടെ ഇറ്റലി സന്ദർശന വേളയിൽ മെലോണിക്ക് പാർലെയുടെ 'മെലഡി' (Parle's Melody) ചോക്ലേറ്റ് സമ്മാനമായി നൽകുന്ന വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച.

'സമ്മാനത്തിന് നന്ദി' (Thank you for the gift) എന്ന അടിക്കുറിപ്പോടെ മെലോണി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ക്ലിപ്പിന് 27.6 കോടി വ്യൂസും 1.32 കോടി ലൈക്കുകളുമാണ് ലഭിച്ചത്. ഇരുവരും പൊതുവേദിയിൽ ഒരുമിച്ച് വരുമ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാകാറുള്ള, പ്രധാനമന്ത്രി മോദിയുടെയും മെലോണിയുടെയും പേരുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ''മെലോഡി'' (Melodi) ട്രെൻഡിന് വീണ്ടും ജീവൻ നൽകിയിരിക്കുകയാണ് മോദിയുടെ പുതിയ അഭിനന്ദനപോസ്റ്റ്.