'എന്റെ മുന്നിൽ മത്സരമോ ജയമോ ഒന്നുമുണ്ടായിരുന്നില്ല, പക്ഷേ, കണ്ടത്തിൽനിന്ന് വണ്ടിയുമായിറങ്ങിയപ്പോൾ, ഒരുകൂട്ടം സ്ത്രീകൾ എന്നെ പൊതിഞ്ഞു. അവരുടെ കണ്ണിലും വാക്കുകളിലും അത്ഭുതത്തിന്റെയും നന്ദിയുടെയും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സ്ത്രീകളിൽ കണ്ട സന്തോഷം, അതാണ് എന്നെ ഏറെ ആനന്ദിപ്പിച്ചത്.' നിയന്ത്രണങ്ങളും അനുവാദങ്ങളും ചർച്ച ചെയ്യപ്പെടുന്ന കാലത്ത് ബബിതയെന്ന 53-കാരിയും മകൾ 23-കാരി സയ്യിന ഹസനും വണ്ടൂർ പനംപൊയിലിലെ ചളികണ്ടത്തിൽ തങ്ങളുടെ വില്ലീസ് പറത്തുകയായിരുന്നു.

To advertise here,

അനുവാദങ്ങളല്ല, അതിവേഗം മുന്നോട്ടെന്ന ആർപ്പുവിളികളാണ് ഇരുവരേയും വരവേറ്റത്. ആദ്യമായി വണ്ടിപ്പൂട്ടിൽ മത്സരിക്കുമ്പോഴും ഒരു കുഴിയിലും ടയറ് താഴാതെ, മൂന്നര മിനിറ്റിൽ ബബിത മൂന്ന് പോക്കറ്റ്‌സും എട്ടിന്റെ വട്ടവും വളവും കടന്നു. കോ-ഡ്രൈവർ സയ്യിന അവസാനമണിയിൽ ചാടിയടിക്കുമ്പോൾ ഈ ഉമ്മയും മകളും കാണികളുടെ കാഴ്ചയ്ക്ക് വിസ്മയമായി മാറിയിരുന്നു. പിന്നീടിപ്പോൾ റീലുകളിൽ തരംഗമാണ് ഈ ഉമ്മയും മോളും. വണ്ടിപ്പൂട്ടിൽ സ്ത്രീകളുണ്ടെങ്കിലും കോ-ഡ്രൈവർ സീറ്റിൽ പുരുഷന്മാരാണുണ്ടാകാറ്. അവിടെയാണ് ഈ ഉമ്മയും മകളും വ്യത്യസ്തമായത്.

Also Read: സ്റ്റിയറിങ് വളയം പിടിച്ച് വിദ്യാ ബാലകൃഷ്ണൻ MLA; ആവേശം പകർന്ന് എലത്തൂർ ബീച്ചിലെ ഓഫ് റോഡ് ഡ്രൈവിങ്

നിയന്ത്രണത്തിന്റെ അധികാരശബ്ദങ്ങൾ അധികം കേൾക്കേണ്ടി വന്നിട്ടില്ല ബബിതയ്ക്ക്. തന്റെ അഞ്ച് പെൺകുട്ടികളും ഡ്രൈവിങ് പഠിക്കണമെന്ന നിലപാടുകാരനായിരുന്നു നിലമ്പൂരിൽ വ്യാപാരിയായിരുന്ന ടി.എം. മുഹമ്മദലിക്ക്. അങ്ങനെ വയസ് 20 തികയും മുൻപ് നിലമ്പൂരിലെ ഓഫ് റോഡുകളിൽ ബബിതയുടെ ജീപ്പും ഇരമ്പിയിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞ് വൈപ്പിനിലെത്തിയപ്പോൾ ദീർഘദൂരപാതകളിൽ വണ്ടിയോടിക്കാം എന്ന സന്തോഷം. ഭർത്താവ് മുഹമ്മദ് ഹസന് വണ്ടി വളയത്തേക്കാൾ പ്രിയം സൈക്കിൾ ഹാൻഡിലായത് ബബിതയെന്ന ഡ്രൈവർക്ക് കൂടുതൽ അവസരമായി.

വണ്ടിപ്രാന്തന്മാരുടെ ക്ലബായ വൈൽഡ് വീൽസിന്റെ പ്രചോദനമാണ് ബബിതയെ വില്ലീസുമായി ചളിക്കണ്ടത്തിലെത്തിച്ചത്. ബബിതയുടെ കുടുംബത്തിന്റെ റബ്ബർ എസ്റ്റേറ്റിലാണ് വൈൽഡ് വീൽഡ് പരിശീലനഗ്രൗണ്ടൊരുക്കുന്നത്. കാണാൻ പോയ ബബിത വെറുതെയൊന്ന് ഓടിച്ചു നോക്കിയതാണ്. ഡ്രൈവിങ് കണ്ടപ്പോഴേ വൈൽഡ് വീൽസിലെ യാസിറും ഹബീബുമൊക്കെ ബബിതയിലെ റൈഡറെ അറിഞ്ഞു. വീട്ടുകാരും കൂട്ടുകാരും നിർബന്ധിച്ചപ്പോൾ എന്നാൽ ഒന്നിറങ്ങാമെന്ന ധൈര്യത്തിലായി ബബിത. അനിയത്തി വിനിതയും ജീപ്പിറക്കാമെന്നേറ്റു.

ആദ്യം രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും കോ-ഡ്രൈവറാകാം എന്നാണ് കരുതിയത്. എന്നാൽ കാണികളായി ആയിരങ്ങളെ കണ്ടപ്പോൾ ബബിതയുടെ ധൈര്യം പോയി. അനിയത്തിയുടെ കോ-ഡ്രൈവർ സീറ്റിൽ മൂത്ത സഹോദരിയുടെ മകനാണ് കയറിയത്. മത്സരിക്കാൻ ഭയം കൂടിയപ്പോൾ സയ്യിന പറഞ്ഞു ഉമ്മ ഓടിച്ചോളിൻ, ഞാനുണ്ട് കൂടെയെന്ന്. ആ ധൈര്യമാണ് മലപ്പുറത്തെ വീരനായികമാരായി സോഷ്യൽ മീഡിയയിൽ ട്രെൻഡാകാൻ കാരണമായത്.

റോഡിൽ മാത്രമല്ല ബിസിനസിലും ബബിതയുടെ തിളക്കമുണ്ട്. നിലമ്പൂരിൽ ഉപ്പയുടെ സെന്റം ടെക്സ്റ്റയിൽസിൽ തുണിയെടുത്തു കൊടുക്കാൻ നിന്ന പരിചയമാണ് ബനുമി എന്ന ഓൺലൈൻ ബൊട്ടീക്ക് തുടങ്ങാൻ ധൈര്യമായത്. അനിയത്തി വിനിതയും മരുമകളും ചേർന്ന് നടത്തുന്ന ബനൂമി നല്ല നിലയിലാണ് പോകുന്നത്. എല്ലാത്തിനും കൂട്ടായി ഫോട്ടോഗ്രാഫറായ ഭർത്താവ് കെ.എ. മുഹമ്മദ് ഹസനുമുണ്ട് ബബിതയെക്കാപ്പം. പെൺമക്കൾ രണ്ടുപേരും പഠിച്ച് ജോലി നേടി. മൂത്തമകൾ ആയിഷ ഹസൻ ഡൽഹിയിൽ ഡോക്ടറാണ്. സയ്യിന ഹസൻ കോഴിക്കോട് പരസ്യകമ്പനിയിലാണ്.

'എനിക്കാകെ ടെൻഷനായിരുന്നു. ആദ്യമായാണ് മത്സരത്തിൽ. അതും ഇത്രയും ആളുകളുടെ മുൻപിൽ. ചളിയിൽ ടയർ താഴുമെന്നും ക്രെയിൻ വന്ന് വലിച്ചുകയറ്റുമെന്നും പ്രതീക്ഷിച്ചാണ് വണ്ടിയിറക്കിയത്. പക്ഷേ, മോളുടെ ആവേശവും ചുറ്റിൽ നിന്നുമുള്ള ആർപ്പുകളും മാത്രമേ ഞാൻ കേട്ടുള്ളു. അതിൽ ആണും പെണ്ണുമുണ്ടായിരുന്നു. എവിടേയും കുരുങ്ങാതെ ഫിനിഷ് ചെയ്യാൻ കഴിഞ്ഞു. ഇങ്ങള് വണ്ടിയോടിക്കുന്നത് കണ്ടപ്പോ കൊതിയായി എന്നും പറഞ്ഞ് ഓടിവന്ന് കെട്ടിപ്പിടിച്ചത് കുറേ സ്ത്രീകളാണ്. അവരുടെ വാക്കുകളാണ് എനിക്ക് കിട്ടിയ സമ്മാനം. ഇനിയും മത്സരിക്കും. മനസുമുഴുവൻ കുറേ പെണ്ണുങ്ങൾ തന്ന ആവേശമുണ്ട്.' -തലയിലേക്ക് തട്ടം കയറ്റിയിട്ട് ബബിത പറയുന്നു.

ആ തീക്ഷ്ണതയിൽ ഒരു സ്ത്രീയ്ക്ക് അവളെ പ്രദർശിപ്പിക്കാൻ ആരുടെയൊക്കെ അനുവാദമാണ് വേണ്ടത് എന്ന ചോദ്യം അപ്രസക്തമാകുന്നു. മലബാറിലെ 'മാപ്ലത്തി'മാർ എല്ലാകാലത്തും സമൂഹത്തിൽ തങ്ങളുടെ കഴിവുകളുമായി തുടരുന്നുണ്ട്. അതിൽ ചേർക്കാം നിലമ്പൂരിലെ മുഹമ്മദലിയുടേയും സുലേഖയുടേയും മകൾ ബബിതയേയും.