വാഷിങ്ടൺ: ഇറാനുമേലുള്ള യുഎസിന്റെ നിരീക്ഷണം ലോകം കരുതുന്നതിനേക്കാൾ ശക്തമാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) ഇറാന്റെ മൈൻ നിക്ഷേപിക്കുന്ന റോക്കറ്റ് സംവിധാനം തകർത്തതായും തന്ത്രപ്രധാനമായ ഈ കടലിടുക്കിന്റെ പൂർണനിയന്ത്രണം ഇനി യുഎസിനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പശ്ചിമേഷ്യയിൽ യുഎസ് സൈനിക വിന്യാസം നീട്ടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ യുദ്ധം അടുത്ത വർഷത്തേക്കും നീണ്ടേക്കുമെന്ന ആശങ്കയിലാണ് ലോകരാഷ്ട്രങ്ങൾ.
ഇറാന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ യുഎസ് ആക്രമണങ്ങൾ നടത്തുകയും 18 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു എന്ന ഇറാനിയൻ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ഇറാനുമേലുള്ള അമേരിക്കയുടെ നിരീക്ഷണം വളരെ വലിയ തോതിലുള്ളതാണെന്നും അവിടെയുള്ളവർക്ക് 'ഞങ്ങൾ കാണാതെ ബാത്ത്‌റൂമിൽ പോകാൻപോലും കഴിയില്ല' എന്നും ട്രംപ് അവകാശപ്പെട്ടു.
ജൂലൈക്ക് ശേഷം ഇരുപക്ഷവും തമ്മിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. 'ഞങ്ങൾ ഹോർമുസ് കടലിടുക്ക് നിയന്ത്രിച്ചിട്ടുണ്ട്, ഇപ്പോഴും നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി ഞങ്ങൾ ദിവസവും ധാരാളം ബോട്ടുകൾ പുറത്തെത്തിക്കുന്നുണ്ട്. ഭൂരിഭാഗവും, യാതൊരു പ്രശ്‌നവുമില്ലാതെയാണ് ഇത് ചെയ്യുന്നത്.' ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ മൈനുകൾ നിക്ഷേപിക്കുന്നതിനായി റോക്കറ്റും മിസൈൽ, റഡാർ സംവിധാനവും സംവിധാനങ്ങളും പുനഃസ്ഥാപിക്കാൻ ഇറാൻ ശ്രമം തുടങ്ങിയതായും ട്രംപ് അവകാശപ്പെട്ടു.
'ഹോർമുസ് കടലിടുക്കിലെ എല്ലാ മൈനുകളും ഞങ്ങൾ ഒഴിവാക്കിയതാണ്. അവർ മൈനുകൾ നിക്ഷേപിക്കുന്ന ഒരു റോക്കറ്റ് നിർമിക്കാൻ ശ്രമിക്കുകയായിരുന്നു. ആരാണ് അങ്ങനെ ചെയ്യുന്നത്? നിങ്ങൾ എപ്പോഴെങ്കിലും മൈനുകൾ താഴെയിടുന്ന ഒരു റോക്കറ്റ് നിർമ്മിച്ചിട്ടുണ്ടോ? ഞാൻ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ല, പക്ഷേ, അവർ ചെയ്തുകൊണ്ടിരുന്നത് അതാണ്. അവർ അത് നിർമിക്കുകയായിരുന്നു. അത് ഏതാണ്ട് പൂർത്തിയായിരുന്നു, അതുകൊണ്ടാണ് ഞങ്ങൾ അത് തകർത്തത്.' അദ്ദേഹം പറഞ്ഞു.
'അവർ അത് നിർമ്മിക്കുന്നത് ഞങ്ങൾ കണ്ടു. അവർ ചെയ്യുന്നതെല്ലാം ഞങ്ങൾ കാണുന്നുണ്ട്. അവർക്ക് അനങ്ങാൻ കഴിയില്ല. ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്‌റൂമിൽ പോലും പോകാൻ കഴിയില്ല. അത്രയും വിപുലമാണ് ഞങ്ങളുടെ നിരീക്ഷണ സംവിധാനങ്ങൾ. അങ്ങനെയാണ് ഞങ്ങൾ അതും കണ്ടത്. അങ്ങനെ ഞങ്ങൾ അത് തകർത്തു. ഞങ്ങൾ മറ്റ് ചില കാര്യങ്ങളും തകർത്തിട്ടുണ്ട്...' അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ സൈനിക വിന്യാസം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് രഹസ്യമായി നീട്ടുകയാണെന്ന വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിനൊപ്പമാണ് ട്രംപിന്റെ ഈ പരാമർശങ്ങൾകൂടി പുറത്തുവന്നത്. ഇറാനെതിരെയുള്ള യുദ്ധം അടുത്ത വർഷത്തേക്ക് നീളാമെന്നതിന്റെ സൂചനയാണ് ഇത് നൽകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇറാനുമായുള്ള ഏറ്റുമുട്ടൽ ഒരു 'ചെറിയ യാത്ര' (short excursion) മാത്രമായിരിക്കുമെന്ന ട്രംപിന്റെ മുൻകാല അവകാശവാദങ്ങളിൽനിന്നുള്ള വലിയ മാറ്റമാണ് ഈ പുതിയ നീക്കം വ്യക്തമാക്കുന്നത്.
വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ, സമുദ്ര സമ്പത്തുക്കളും സൗകര്യങ്ങളും, മൈൻ നിക്ഷേപിക്കാനുള്ള ശേഷികൾ, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള 'ഇറാനിയൻ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ ആക്രമണ പരമ്പര' പൂർത്തിയാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ചൊവ്വാഴ്ച അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയും അമേരിക്കൻ സൈനികർക്ക് നേരെയും അടുത്തിടെ 'ഐആർജിസി (IRGC) നടത്തിയ ആക്രമണശ്രമങ്ങൾക്ക് മറുപടി' ആയാണ് ഈ ആക്രമണങ്ങൾ എന്ന് അവർ അവകാശപ്പെട്ടു. 18 പേരുടെ മരണത്തിനിടയാക്കിയ യുഎസ് ആക്രമണങ്ങൾക്ക് തിരിച്ചടിയായി ജോർദാൻ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഇറാഖ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു.
Content Highlights: President Trump claimed that U.S. surveillance on Iran is more extensive than perceived, asserting control over the Strait of Hormuz and disrupting Iran's mine-laying operations. Tensions have escalated with significant U.S. attacks on Iranian targets, resulting in casualties, and Iran responding with missile and drone strikes on U.S. bases in the region.
Published: 03 Sept 2026, 12:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented