ന്യൂഡൽഹി: 'ഉച്ചയ്ക്ക് ചോറുവിളമ്പിക്കൊണ്ടിരിക്കെ വലിയ ശബ്ദം കേട്ടാണ് എന്താണെന്ന് നോക്കാൻ പുറത്തേക്കിറങ്ങുന്നത്. വിളമ്പിക്കൊണ്ടിരുന്ന തവിയും അച്ചാർ സ്പൂണും കൈയിൽപ്പിടിച്ച് വാതിൽ തുറന്നപ്പോൾ അന്തരീക്ഷമാകെ പൊടിപടലം. ഒന്നും കാണാൻ കഴിയുന്നില്ല. എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുമ്പേ കെട്ടിടമിടിഞ്ഞെന്നും എല്ലാം തകരുകയാണെന്നും അയൽക്കാരുടെ നിലവിളി. വിളമ്പിവെച്ച ചോറും കൈയിലുണ്ടായിരുന്നതുമെല്ലാം ഇട്ടെറിഞ്ഞ് തെരുവിലേക്ക് ഇറങ്ങിയോടി. ഭയപ്പാടോടെ ആളുകൾ നിലവിളിച്ചുകൊണ്ട് ഓടുകയാണ്. തിരക്കിൽനിലത്തുവീണെങ്കിലും തപ്പിത്തടഞ്ഞെണീറ്റ് വീണ്ടുമോടി.' -പറയുന്നത് ഡൽഹി സത്യ നികേതനിൽ ഞായറാഴ്ച ഇടിഞ്ഞുവീണ ഹോസ്റ്റലിന്റെ തൊട്ടിപ്പുറത്തെ കെട്ടിടത്തിലെ ഫ്ളാറ്റിൽ താമസിക്കുന്ന മലയാളി വിദ്യാർഥിനികളായ ഫെബിൻ ഷായും അഖിലയും. കൊല്ലം സ്വദേശികളായ ഇരുവരും ഡൽഹി സർവകലാശാലയിൽ ജിയോളജി രണ്ടാംവർഷ ബിരുദ വിദ്യാർഥികളാണ്. ജീവൻ കൈയിലെടുത്തോടിയ രക്ഷപെടൽ വിവരിക്കുമ്പോൾ ഇരുവരുടെയും ഭയപ്പാട് മാറിയിട്ടില്ല. സമീപത്തുതന്നെയുള്ള സുഹൃത്തുക്കളുടെ ഫ്ളാറ്റിലേക്ക് തൽക്കാലം താമസം മാറിയിരിക്കുകയാണിവർ.

To advertise here,

താത്പര്യമില്ലാതിരുന്നിട്ടും കോളേജിൽ ഹോസ്റ്റലില്ലാത്തതിനാലാണ് പുറത്ത് സൗകര്യം കുറഞ്ഞ വീടെടുത്ത് താമസിക്കുന്നതെന്ന് ഫെബിൻ ഷായും അഖിലയും പറഞ്ഞു. ഇവർ പഠിക്കുന്ന രാംലാൽ ആനന്ദ് കോളേജിൽ ഹോസ്റ്റൽ സൗകര്യമില്ല. ഇവിടെ മാത്രമല്ല, സർവകലാശാലയുടെ സൗത്ത് കാമ്പസിനടുത്തുള്ള ഏഴ് കോളേജുകളിൽ ശ്രീ വെങ്കടേശ്വരയിലും മൈത്രിയിലും മാത്രമേ ഹോസ്റ്റലുള്ളൂ. നൂറുകണക്കിന് വിദ്യാർഥികളുള്ള അവിടെത്തന്നെ ഇരുന്നൂറോളം സീറ്റേയുള്ളൂ. അതിലാണ് വിദ്യാർഥികൾക്ക് പുറത്തെ പേയിങ് ഗസ്റ്റ് (പി.ജി) ഹോസ്റ്റലുകളിലും ഫ്ളാറ്റുകളിലും തങ്ങേണ്ടിവരുന്നത്.

 

ഇത് സൗത്ത് കാമ്പസിലെ മാത്രം കഥയല്ല, നോർത്ത് കാമ്പസിലും സ്ഥിതി സമാനമാണ്. സൗത്ത് കാമ്പസിനടുത്ത് സത്യ നികേതൻ, മുനിർക്ക തുടങ്ങിയയിടങ്ങളും നോർത്ത് കാമ്പസിനടുത്ത് വിജയ നഗർ, മുഖർജി നഗർ തുടങ്ങിയ സ്ഥലങ്ങളും വിദ്യാർഥികളുടെ കേന്ദ്രമാണ്. ആവശ്യക്കാർ ഒരുപാടുള്ളതിനാൽ ചെറിയ കുടുസ്സുമുറികൾക്ക് പോലും വാടക പതിനായിരങ്ങൾ. പി.ജികളെങ്കിൽ വാടക വീണ്ടും കൂടും. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഇടുങ്ങിയ തെരുവുകളിലും വെളിച്ചം പോലുമില്ലാത്ത ഗലികളിലും രാജ്യത്തിന്റെ ഭാവിവാദ്ഗാനങ്ങളായ വിദ്യാർഥികൾ ദുരിതജീവിതം നയിക്കുന്നു.

പുറമെനിന്ന് നോക്കുമ്പോൾ കൂട്ടത്തിലെ മെച്ചപ്പെട്ടൊരു കെട്ടിടമാണ് ഇപ്പോൾ നിലംപതിച്ചതെന്ന് സത്യ നികേതനിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി പി.എസ്. സായന്ത് പറഞ്ഞു. ഇരിക്കാൻ ബെഞ്ചുള്ളതിനാൽ തകർന്ന ഹോസ്റ്റലിന് താഴെ സ്ഥിരമായി പോയിരിക്കാറുണ്ട്. അപകടത്തിന് 15-20 മിനിറ്റ് മുമ്പുവരെയും അവിടെയുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയവരിലും സായന്തും സുഹൃത്തുക്കളായ മലയാളികൾ ലോഹിത് രാജും മുഹമ്മദ് ഷാനുമുണ്ടായിരുന്നു.

 

ഡി.യുവിലെ നിരവധി മലയാളി വിദ്യാർഥികൾ ഈ മേഖലയിൽ പലയിടത്തായി താമസിക്കുന്നുണ്ടെന്ന് കാമ്പസിലെ മലയാളിക്കൂട്ടായ്മയായ സർഗയുടെ മുൻ പ്രസിഡന്റ് കൂടിയായ സായന്ത് പറഞ്ഞു. 30,000-40,000 റേഞ്ചിലാണ് രണ്ടുമുറി ഫ്ളാറ്റുകൾക്ക് വാടക. ഒറ്റമുറിയെങ്കിൽ 20,000-ൽ തുടങ്ങും. പി.ജി. ഹോസ്റ്റലുകളിൽ ഭക്ഷണമടക്കം പലരുള്ള മുറിയിൽ ബെഡിന് 10,000-15,000 വാങ്ങും. സാമ്പത്തികച്ചെലവോർത്ത് മലയാളികൾ മിക്കവരും ഒരുമിച്ച് വീടെടുത്ത് വാടക വീതിച്ചാണ് താമസം.

സത്യ നികേതനിലെ വാഹനങ്ങൾ പോകുന്ന തെരുവുകൾ കഴിഞ്ഞാൽ ഉള്ളിലേക്ക് അടുക്കടുക്കായി ബഹുനില സ്വകാര്യ ഫ്ളാറ്റുകളാണ്. കഷ്ടിച്ച് ഒരാൾക്ക് പോകാനാകുന്ന വീതി മാത്രമുള്ള നടവഴികളിലേക്ക് തുറക്കുന്ന വാതിലും ജനലുമുള്ള ഇവയിലൊന്നും ഒരു സുരക്ഷയുമില്ലെന്നുറപ്പ്. അനധികൃതനിർമാണങ്ങൾ നിറഞ്ഞ ഇരുട്ടുമൂടിയ ഇത്തരം കെട്ടിടങ്ങളിലും വാടക കുറവാണെന്നത് നോക്കി മലയാളികൾ താമസമുണ്ട്. സൗകര്യങ്ങളില്ലെങ്കിലും ചെലവോർത്താണ് ഇവിടെ താമസിക്കുന്നതെന്ന് വയനാടുകാരനായ കെമിസ്ട്രി വിദ്യാർഥി മുഹമ്മദ് ആമീൻ പറഞ്ഞു. സിയുഇടി പരീക്ഷയെഴുതി ഏറെ പ്രതീക്ഷയോടെ രാജ്യതലസ്ഥാനത്ത് പഠിക്കാൻ വന്നതാണ്. വീട്ടുകാരെ ഇനിയും പണത്തിന് ബുദ്ധിമുട്ടിക്കുക വയ്യെന്ന് ആമീന്റെ സുഹൃത്തുക്കളുടെ കൂട്ടിച്ചേർക്കൽ.

മൺസൂണിൽ ഫ്ളാറ്റിന് താഴെയെല്ലാം വെള്ളം കയറുന്നതിനാൽ കോളേജിൽ പോക്കുപോലും മുടങ്ങാറുണ്ടെന്ന് പാലക്കാടുകാരനായ അഭിഷേകും മലപ്പുറംകാരനായ ഇയാദ് ഇല്യാസും പറഞ്ഞു. ഇടുങ്ങിയ വഴിക്ക് മുഖാമുഖമുള്ള കെട്ടിടങ്ങളിലായി 40 പേർ താമസിക്കുന്നതിൽ പകുതിയും പെൺകുട്ടികളടക്കം മലയാളികളാണ്. ഏതുനിമിഷവും ഒരപകടത്തെ മുന്നിൽക്കണ്ടാണ് ജീവിതം. ഇപ്പോൾ ഹോസ്റ്റൽ തകർന്ന വാർത്തയറിഞ്ഞ് നാട്ടിൽനിന്ന് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ആശങ്കയോടെ ഫോൺ വിളിക്കുമ്പോൾ ഉള്ളിൽ സങ്കടമൊതുക്കിയാണ് ആശ്വാസ മറുപടികൾ. എത്രയും വേഗം കോഴ്സ് പൂർത്തിയാക്കി മടങ്ങുകയെന്നത് മാത്രമാണ് എല്ലാവരുടെയും ലക്ഷ്യം.

രണ്ടുലക്ഷം വിദ്യാർഥികൾക്ക് ഹോസ്റ്റൽ മുറി ആറായിരം മാത്രം

ഡൽഹി സർവകലാശാലയിൽ പഠിക്കുന്ന രണ്ടുലക്ഷത്തോളം വിദ്യാർഥികൾക്കായി ആകെ ആറായിരത്തോളം ഹോസ്റ്റൽ മുറികൾ മാത്രമാണുള്ളതെന്ന് എസ്എഫ്‌ഐ ഡൽഹി പ്രസിഡന്റായ സൂരജ് ഇളമൺ പറഞ്ഞു. സൗത്ത്, നോർത്ത് കാമ്പസുകളിൽ സ്ഥിതി സമാനമാണ്. എല്ലാവർക്കും ഹോസ്റ്റൽ സൗകര്യം നൽകണമെന്ന് വിദ്യാർഥി സംഘടനകൾ വർഷങ്ങളായി ആവശ്യപ്പെടുന്നെങ്കിലും അധികൃതർ ഗൗനിക്കാറില്ല. സ്ഥലപരിമിതിയുണ്ടെന്നാണ് പറയപ്പെടുന്നത്. എങ്കിൽ സ്വകാര്യ ഹോസ്റ്റലുകളും പി.ജി.കളും ഫ്ളാറ്റുകളും സുരക്ഷിതമെന്നുറപ്പാക്കാൻ സർക്കാർ ഇടപെടേണ്ടതല്ലേ. രാജ്യതലസ്ഥാനമായിട്ടും ഒരുസൗകര്യങ്ങളുമില്ലാതെ വിദ്യാർഥികൾക്ക് കഴിയേണ്ടി വരുന്നത് ബന്ധപ്പെട്ടവരുടെ അനാസ്ഥയാണെന്നും സത്യ നികേതനിൽ താമസിക്കുന്ന സൂരജ് പറഞ്ഞു.