
ബംഗാളിലെ ഏറ്റവും വലിയ ഉത്സവമായ ദുർഗാ പൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് ഭക്ഷണത്തെച്ചൊല്ലി പുതിയ രാഷ്ട്രീയ വിവാദം. ദുർഗാ പൂജയ്ക്കും നവരാത്രിക്കും മാംസാഹാരം കഴിക്കുന്നവരെ കപടവിശ്വാസികൾ എന്ന് വിളിച്ച് ആത്മീയ പ്രഭാഷകൻ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി (ബാഗേശ്വർ ബാബ) രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പൂജാ സമയത്ത് മത്സ്യമോ മാംസമോ പാകം ചെയ്യാനോ കഴിക്കാനോ പാടില്ലെന്നും ദുർഗാ വിഗ്രഹങ്ങൾക്ക് സമീപം ഇവ വിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലത്ത് സസ്യഭക്ഷണ രീതിയാണ് പിന്തുടരുന്നതെങ്കിലും, ബംഗാളിൽ ദുർഗാ പൂജ ആഘോഷങ്ങൾ മത്സ്യ-മാംസാദികൾ ഉൾപ്പെട്ട വിഭവസമൃദ്ധമായ സദ്യയോടെയാണ് നടക്കാറുള്ളത്. ബാഗേശ്വർ ബാബയുടെ ഈ പ്രസ്താവന ബംഗാളികളുടെ സാംസ്‌കാരിക സ്വത്വത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിലായി.
വിവാദം കനത്തതോടെ ബാബയുടെ പ്രസ്താവന തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ നേരിട്ട് രംഗത്തെത്തി. ബംഗാളികൾ എന്ത് കഴിക്കണമെന്ന് പുറത്തുനിന്നുള്ളവർ തീരുമാനിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'ബംഗാളികൾ അവർക്ക് ഇഷ്ടമുള്ളതും പാരമ്പര്യമായി കഴിച്ചുപോരുന്നതുമായ ഭക്ഷണം കഴിക്കും. അവർക്ക് മത്സ്യം കഴിച്ചുകൂടേ? മാംസം കഴിച്ചുകൂടേ? സ്വാമി വിവേകാനന്ദൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്; അദ്ദേഹത്തിനും മുകളിലാണോ മറ്റുള്ളവർ?'- ഭട്ടാചാര്യ ചോദിച്ചു.
കാളി പൂജയ്ക്ക് ആടിനെ ബലി നൽകുന്ന പാരമ്പര്യം ബംഗാളിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഷ്ടമി, നവമി ദിവസങ്ങളിൽ ആട്ടിറച്ചി കഴിക്കുന്നത് ബംഗാളികളുടെ പാരമ്പര്യമാണെന്നും അത് തുടരുമെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. ബാബയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ബിജെപി അതിനെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുത്വ അജൻഡയും ബംഗാളിന്റെ പ്രാദേശിക സാംസ്‌കാരിക പാരമ്പര്യവും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടിയാണ് ബാഗേശ്വർ ബാബയുടെ പ്രസ്താവന. അടുത്തിടെ ഹൗറ സന്ദർശിച്ച ധീരേന്ദ്ര ശാസ്ത്രിക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് മാംസാഹാരത്തിനെതിരായ പ്രസ്താവന വന്നത്. ബംഗാളികളുടെ ഭക്ഷണത്തിൽനിന്ന് മത്സ്യവും മാംസവും എടുത്തുമാറ്റാനാണോ ബിജെപിയുടെ ശ്രമമെന്ന് തൃണമൂൽ കോൺഗ്രസ് ചോദിച്ചു.
ബംഗാളിലെ ഹിന്ദു ആചാരപ്രകാരം ദുർഗാദേവിക്കും കാളിദേവിക്കും മാംസം നൈവേദ്യമായി അർപ്പിക്കാറുണ്ട്. താന്ത്രിക-ശാക്തേയ പാരമ്പര്യമുള്ള ബംഗാളിൽ മതപരമായ ചടങ്ങുകളിലെ ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള ഇടപെടൽ ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം.
ബിജെപിയുടെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ആത്മീയ നേതാവാണ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ബാഗേശ്വർ ധാം സന്ദർശിച്ച് ധീരേന്ദ്ര ശാസ്ത്രിയുടെ ട്രസ്റ്റ് നിർമിക്കുന്ന 200 കോടി രൂപയുടെ അത്യാധുനിക കാൻസർ ആശുപത്രിക്ക് ശിലാസ്ഥാപനം നിർവഹിച്ചിരുന്നു. ആത്മീയതയെ ജനസേവനവുമായി കോർത്തിണക്കുന്ന ധീരേന്ദ്ര ശാസ്ത്രിയുടെ പ്രവർത്തനങ്ങളെ അന്ന് പ്രധാനമന്ത്രി പ്രകീർത്തിക്കുകയും ചെയ്തിരുന്നു.
Content Highlights: In the state of Bengal, the ongoing Durga Puja, the largest festival, has sparked a new political controversy over the consumption of food during the festivities. Spiritual speaker Dhirendra Krishna Shastri, also known as Bageshwar Bab, has stirred up the controversies by calling those who consume meat during Durga Puja and Navaratri as hypocrites. He emphasized the importance of not eating fish or meat during the worship time and requested people to refrain from selling these items near Durga idols.
Published: 08 Sept 2026, 02:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented