ബീജിങ്: ചൈനീസ് സൈന്യം തങ്ങളുടെ യുദ്ധതന്ത്രങ്ങളിൽ ഹ്യുമനോയിഡ് റോബോട്ടുകളെ ഉൾപ്പെടുത്താൻ സജീവമായി തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. നഗരങ്ങളിലെ പോരാട്ടങ്ങൾക്കും കെട്ടിടങ്ങൾക്കുള്ളിലെ ആക്രമണങ്ങൾക്കുമായി ഈ യന്ത്രമനുഷ്യരെ ഉപയോഗിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ ഗവേഷണ-പരിശീലന ഘട്ടങ്ങളിലുള്ള ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ചൈനീസ് പ്രതിരോധ സ്ഥാപനങ്ങൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്.

To advertise here,

റോബോട്ടുകളുടെ പ്രതികരണ ശേഷി, ചലനക്ഷമത എന്നിവ വർധിപ്പിക്കുന്നതിനായി സൈന്യം വലിയതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും സമാനമായ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും, നിർമ്മാണ മേഖലയിലെ ചൈനയുടെ ആധിപത്യം അവർക്ക് ഈ രംഗത്ത് വലിയ മുൻതൂക്കം നൽകുന്നു. എന്നിരുന്നാലും, യുദ്ധക്കളത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിലെ ധാർമികതാ പ്രശ്നങ്ങളും യന്ത്രങ്ങളുടെ വിശ്വാസ്യതയിലും ഇപ്പോഴും വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ മാസം ചൈനയിൽ നടന്ന വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിൽ (World Humanoid Robot Games) റോബോട്ടുകൾ ചാടുകയും ബോക്‌സിങ് നടത്തുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു. ചില വേഗതയേറിയ റോബോട്ടുകൾ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടി. ഈ യന്ത്രമനുഷ്യരുടെ മെച്ചപ്പെട്ടു വരുന്ന കഴിവുകളെ കാണികൾ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോകളിൽ കാണാമായിരുന്നു.

നൂറിലധികം ചൈനീസ് സൈനിക അറിയിപ്പുകൾ, അക്കാദമിക് പഠനങ്ങൾ, പേറ്റന്റുകൾ, ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾ, സർക്കാർ രേഖകൾ, പ്രതിരോധ കമ്പനികളുടെ വിവരങ്ങൾ എന്നിവയെക്കുറിച്ച് അവലോകനം നടത്തിയ ശേഷം റോയിട്ടേഴ്സ് (Reuters) ആണ് യന്ത്രമനുഷ്യരെ ചൈന യുദ്ധത്തിനിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ട് ചെയ്തത്.  ചൈനീസ് പ്രതിരോധ വിഭാഗം ഹ്യൂമനോയിഡ് റോബോട്ടുകളുടെ സൈനിക ആവശ്യങ്ങൾക്കായുള്ള ഗവേഷണം വേഗത്തിലാക്കുകയും യുദ്ധകാലത്ത് അവയെ വിന്യസിക്കുന്നതിനായി ആസൂത്രണം ചെയ്യുകയും ചെയ്യുന്നു എന്നാണ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

ഈ രേഖകൾ പ്രകാരം, സൈനിക സ്ഥാപനങ്ങൾ യുദ്ധക്കളത്തിലെ ആവശ്യങ്ങൾക്കനുസരിച്ച് ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിക്കുകയും, അവയെ പരിശീലിപ്പിക്കുന്നതിനുള്ള  സാങ്കേതികവിദ്യകൾ സ്വന്തമാക്കാൻ ശ്രമിക്കുകയും, സൈനികർക്കൊപ്പം അവ എങ്ങനെ പ്രവർത്തിക്കുമെന്ന് പഠിക്കുകയും ചെയ്യുന്നുണ്ട്.  2025-ലും 2026-ലും ഈ പ്രവർത്തനങ്ങൾക്ക് വലിയ വേഗത കൈവന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബി.ഓ.എഫ്.എ ഗ്ലോബൽ റിസർച്ച് (BofA Global Research) പ്രകാരം, 2025-ൽ ആഗോള ഹ്യൂമനോയിഡ് കയറ്റുമതിയുടെ ഏകദേശം 95 ശതമാനവും ചൈനീസ് നിർമ്മാതാക്കളാണ് നൽകിയത്. ഈ വാണിജ്യ മേധാവിത്വം സ്വന്തം നിലയിൽ സൈനിക റോബോട്ടുകളെ വികസിപ്പിക്കുന്നതോടൊപ്പം തന്നെ വളർന്നുവരുന്ന ഒരു വലിയ വ്യവസായ മേഖലയിലേക്ക് പ്രവേശിക്കാനുള്ള അവസരവും പി.എൽ.എ-യ്ക്ക് (PLA) നൽകുന്നു. ചൈനയുടെ റോബോട്ട് പ്രതിരോധ ഗവേഷണം ആഗോളതലത്തിൽ സൈനിക സാങ്കേതികവിദ്യകൾ എത്ര വേഗത്തിലാണ് വികസിക്കുന്നത് എന്ന് അടിവരയിടുന്നു.

'മനുഷ്യർ പോകാൻ ആഗ്രഹിക്കാത്ത ഇടങ്ങളിലേക്ക് പോകുക എന്നതാണ് റോബോട്ടുകൾ വികസിപ്പിക്കുന്നതിനുള്ള ഏറ്റവും ശക്തമായ കാരണങ്ങളിലൊന്ന്. ഒരു റോബോട്ടിനെ നഷ്ടപ്പെടുന്നത് വഴി ഒരു മനുഷ്യജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ, ആ റോബോട്ടിനെ നമുക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്.' യു.സി.എൽ.എ-യിലെ (UCLA) മെക്കാനിക്കൽ ആൻഡ് എയ്റോസ്പേസ് എഞ്ചിനീയറിങ് പ്രൊഫസറായ ഡെന്നിസ് ഹോങ് പറഞ്ഞു.

ഹ്യൂമനോയിഡ് റോബോട്ടുകളുടെ സൈനിക ആവശ്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ചൈനയുടെ പ്രതിരോധ മന്ത്രാലയവും പി.എൽ.എ-യുടെ പ്രധാന ഗവേഷണ സ്ഥാപനമായ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയും (NUDT) ഇതുവരെ പ്രതികരിച്ചിട്ടില്ല.