
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുശേഷം പാർട്ടിയെ അടിമുടി അഴിച്ചുപണിയാനും തെറ്റുകൾ തിരുത്താനുമുള്ള നിർണായക ചുവടുവെപ്പായാണ് വിശാല സംസ്ഥാന സമിതിയെ സിപിഎം നോക്കിക്കാണുന്നത്. പാർട്ടിക്ക് വൻ തിരിച്ചടിയുണ്ടായ കോഴിക്കോട്ടുതന്നെ വിശാല സമിതി ചേരുന്നതിലും വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
പത്തുവർഷത്തെ തുടർഭരണത്തിനൊടുവിൽ 35 സീറ്റിലേക്കുള്ള കൂപ്പുകുത്തൽ അത്ര നിസ്സാരമായി സിപിഎമ്മിന് കാണാനാകില്ല. പതിറ്റാണ്ടുകളായി പാർട്ടിക്കോട്ടകളെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്ഥലങ്ങളിലാണ് പ്രസ്ഥാനം തരിപ്പണമായത്. മികച്ച സ്ഥാനാർഥികളെന്ന് പാർട്ടി കണക്കാക്കിയ പലരും തോറ്റു. ഈ ആഘാതത്തിൽനിന്ന് പുറത്തുകടക്കാൻ കുറച്ചൊന്നും പണിയെടുത്താൽ മതിയാകില്ലെന്ന് സിപിഎമ്മിനും അറിയാം.
തിരിച്ചടികൾ നേരിട്ടപ്പോഴൊക്കെ പാർട്ടിയുടെ അടിത്തറ ഭദ്രമാണെന്ന വിശ്വാസം നേതാക്കൾക്കും പ്രവർത്തകർക്കും അനുഭാവികൾക്കും ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതല്ല സ്ഥിതി. ആ അടിത്തറയ്ക്ക് കാര്യമായ കോട്ടം തട്ടിയിരിക്കുന്നു. നേതാക്കന്മാരുടെ പെരുമാറ്റവും ശൈലിയുമാണ് ഇതിന് പ്രധാന കാരണമായെന്ന് ഒരു ഭാഗത്ത്‌നിന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ആവശ്യങ്ങൾക്കായി ഒരുവിഭാഗം പാർട്ടിയെ ഉപയോഗപ്പെടുത്തുന്നു എന്ന തോന്നൽ അണികൾക്കുണ്ടായാൽ അവരെ തെറ്റുപറയാനാകില്ലെന്ന് നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. കോഴിക്കോട് ചേരാനിരിക്കുന്ന വിശാല സംസ്ഥാന സമിതിയിൽ എത്രത്തോളം വിമർശനവും സ്വയം വിമർശനവും ചോദ്യങ്ങളും ഉയരുന്നുവോ അത് സിപിഎം എന്ന മഹാ പ്രസ്ഥാനത്തിന് മുന്നോട്ടുപോകാനുള്ള കരുത്താകും. എന്ത് ഉത്തരം ലഭിക്കുമെന്നതിലല്ല, മറിച്ച് എന്തെല്ലാം ചോദ്യങ്ങൾ വിശാല സമിതിയിൽ ഉയരുമെന്നതിലാണ് അണികൾ പ്രതീക്ഷയർപ്പിക്കുന്നത്.
പിണറായി വിജയനെ തിരുത്താനാകുമോ?
രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ പിണറായി വിജയന്റെ പരാമർശങ്ങളിൽ നേതാക്കൾക്കിടയിൽ വലിയ അതൃപ്തിയാണുള്ളത്. നേതൃത്വത്തിനുണ്ടായ വീഴ്ചകളെ മറച്ചുവെച്ചുകൊണ്ട് ജനങ്ങളിൽ കുറ്റം ചാർത്തിയാണ് പിണറായി വിജയൻ തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തിരഞ്ഞെടുപ്പ് തോൽവിയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിച്ചത്.
തെറ്റുതിരുത്തൽ ചർച്ചയ്ക്കായി കോഴിക്കോട് വിശാല സമിതി ചേരാനിരിക്കെ, തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ജനങ്ങളുടെമാത്രം കുറ്റമാണെന്ന വിശദീകരണത്തിൽ പാർട്ടിക്കുള്ളിൽ വലിയ അതൃപ്തിയുണ്ട്. ജനങ്ങൾക്കല്ല, പാർട്ടിക്കാണ് വീഴ്ച പറ്റിയതെന്ന വാദം സംസ്ഥാന കമ്മിറ്റിയിൽ ഒരു വിഭാഗത്തിനുണ്ട്. പാർട്ടിയെന്നാൽ പിണറായി എന്നായി മാറിയെന്ന വിമർശനം ഇപ്പോഴും ശക്തമാണ്.
സ്വന്തം നിലപാടുകൾ പാർട്ടിയുടെ നിലപാടും അഭിപ്രായവുമാക്കി മാറ്റുന്ന പിണറായി വിജയന്റെ രീതികളോട് വിശാല സമിതി ഏത് രീതിയിൽ പ്രതികരിക്കും എന്നാണ് അറിയേണ്ടത്.
അതൃപ്തി പരിഹരിക്കാനാകുമോ?
എപ്പോഴൊക്കെ പാർട്ടി പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ പ്രതിരോധിക്കാൻ അണികൾ വർധിത വീര്യത്തോടെ ഇറങ്ങാറാണ് പതിവ്. അത് പാർട്ടി തെറ്റുചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കില്ല. മറിച്ച്, പ്രസ്ഥാനത്തെ എതിരാളികൾക്ക് കൊത്തിക്കീറാൻ വിട്ടുകൊടുക്കില്ലെന്ന തീരുമാനമാണത്.
അതുകൊണ്ടുതന്നെ ഇവരുടെ എതിർപ്പുകളെ കണ്ടില്ലെന്ന് നടിച്ച് സിപിഎമ്മിന് അധികകാലം മുന്നോട്ടുപോകാനാകില്ല. ജനങ്ങളിൽനിന്ന് പാർട്ടി അകന്നതും നേതാക്കളുടെ അഹങ്കാരവും തിരിച്ചടിക്ക് വലിയ കാരണമായെന്നാണ് പല കീഴ്ഘടകങ്ങളുടെയും വിലയിരുത്തൽ. തെറ്റ് ആര് ചെയ്താലും വിട്ടുവീഴ്ചയില്ലാതെ തിരുത്തുകയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുക എന്ന നിർണായകമായ വഴിയിലൂടെ മാത്രമേ സിപിഎമ്മിന് നഷ്ടപ്പെട്ട ജനസ്വാധീനം തിരിച്ചുപിടിക്കാനാകൂ.
വീഴ്ചകൾ സമ്മതിക്കേണ്ടി വരുമോ?
സ്ഥാനാർഥി നിർണയത്തിലെ പാളിച്ച അടക്കം ജില്ലാ സംസ്ഥാന നേതൃത്വങ്ങളുടെ വീഴ്ചകൾ വ്യക്തമാക്കിയുള്ളതായിരുന്നു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. അതിനാൽ ഇത് മുൻനിർത്തിക്കൊണ്ട്, പാർട്ടിയിൽ വലിയ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന വാദം ഉന്നയിക്കാനാകും വിശാലസമിതിയിൽ ഒരു വിഭാഗത്തിന്റെ നീക്കം.
നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട വലിയ തിരിച്ചടിക്ക് പ്രധാന കാരണം സ്ഥാനാർഥി നിർണയത്തിലുണ്ടായ വീഴ്ചകളാണെന്ന വാദം ബ്രാഞ്ച് തലംമുതൽ കേന്ദ്ര കമ്മിറ്റി വരെയുള്ള ചർച്ചകളിൽ ഉയർന്നുവന്നിരുന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ സ്ഥാനാർഥി നിർണയത്തിൽ വലിയ പാളിച്ച സംഭവിച്ചതായി കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് തന്നെ പറയുന്നു.
എന്നാൽ, രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ ജനങ്ങൾക്കും അനുഭാവികൾക്കും തെറ്റിദ്ധാരണ ഉണ്ടായെന്ന നിലപാടാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്. കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ ഊന്നിയുള്ള ചർച്ചകൾക്ക് സിപിഎം കേന്ദ്രനേതൃത്വം നിർദേശം നൽകിയാൽ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും വീഴ്ചകൾ ഉൾപ്പെടെ സംസ്ഥാന നേതൃത്വത്തിന് സമ്മതിക്കേണ്ടി വരും.
നേതൃമാറ്റം?
നേതൃതലത്തിൽ മുഖംമാറ്റമില്ലാതെ മുന്നേറാനാവില്ലെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്. നേതൃമാറ്റമില്ലാതെ പാർട്ടിക്ക് തിരിച്ചെത്താനോ പ്രവർത്തകർക്ക് ആത്മവീര്യം ഉണ്ടാക്കിയെടുക്കാനോ കഴിയില്ലെന്നാണ് വിമർശനം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യമാക്കിയുള്ളതാണ് ഈ വിമർശനങ്ങൾ.
നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിനുപിന്നാലെ നടന്ന അവലോകന യോഗങ്ങളിൽ പിണറായിക്കും ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം കീഴ്ഘടകങ്ങളിലുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് പിണറായിയും എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറണമെന്ന നിലപാട് നേതാക്കൾക്കിടയിലുമുണ്ട്.
എന്നാൽ, ഈ ആവശ്യം പാർട്ടിക്കുള്ളിൽ ഉന്നയിക്കപ്പെടാനുള്ള സാധ്യത കുറവാണ്. വിശാല സംസ്ഥാനസമിതിയിൽ ഇക്കാര്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാകുമോയെന്നും ഉണ്ടായാൽ അതിനെ നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുമെന്നുമാണ് അറിയേണ്ടത്.
പാർട്ടിക്ക് ഗുണം ചെയ്യുമോ?
എന്തൊക്കെ തിരുത്തപ്പെടണം എന്നായിരിക്കും വിശാല സംസ്ഥാന സമിതി തീരുമാനിക്കുക. ആ തീരുമാനം അടിമുടി മാറ്റത്തിനുള്ളതാകണമെന്ന ലക്ഷ്യവുമായാണ് ഒരുവിഭാഗത്തിന്റെ നീക്കം. എന്നാൽ തെറ്റ് ജനങ്ങൾക്കാണ് പറ്റിയതെന്നും അവരുടെ തെറ്റിദ്ധാരണ മാറ്റുകയാണ് വേണ്ടതെന്നുമുള്ള വാദവുമായി മറുപക്ഷവുമുണ്ട്.
എന്നിരുന്നാലും, പാർട്ടിയുടെയും നേതാക്കളുടെയും ശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ വിശാല സംസ്ഥാന സമിതി വഴിയൊരുക്കുമെന്നാണ് പാർട്ടി പ്രവർത്തകർ കരുതുന്നത്. നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് തടയിടാനും ഇത് സഹായകരമാകുമെന്ന് അണികൾ വിശ്വസിക്കുന്നു. അതേസമയം, തെറ്റുകൾ തിരുത്താനും സ്വയം വിമർശനം നടത്താനും നേതാക്കൾ തയ്യാറാകുന്നില്ലെങ്കിൽ ഇതുകൊണ്ടൊന്നും കാര്യമുണ്ടാകില്ല.
ബ്രാഞ്ച് കമ്മിറ്റി മുതലുള്ള കീഴ്ഘടകങ്ങളിലെ വിമർശനങ്ങളും ആശയങ്ങളും നിർദേശങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലെത്തിക്കാൻ വിശാല സംസ്ഥാന സമിതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കീഴ്ഘടകങ്ങളിൽ നടന്ന ചർച്ചകളും അവലോകനങ്ങളും വിശദമായി ഇവിടെ പ്രതിപാദിച്ചാൽ അത് നൽകുന്ന പ്രതീക്ഷ വലുതാണ്. സ്വതന്ത്രമായ ചർച്ചകൾ ഉണ്ടായാൽ അത് ഗുണകരമാകും. പിബിയിലെ പകുതിപേർ വിശാല സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നതിനാൽ കാര്യക്ഷമമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരാനും സാധ്യതയുണ്ട്.
തുടർഭരണം പാർട്ടിയെ നിർജീവമാക്കിയിട്ടുണ്ടെന്ന വിലയിരുത്തൽ എല്ലാ ഘടകങ്ങളിലുമുണ്ട്. നേതാക്കളുടെ പെരുമാറ്റത്തിലും സമീപനത്തിലും സാധാരണക്കാരെ അകറ്റുന്ന രീതിയുണ്ടായെന്ന് പൊതുവേ ഉയരുന്ന വിമർശനമാണ്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കൂടുതൽ ശക്തിയോടെ പാർട്ടി തിരിച്ചെത്തുമെന്ന നേതാക്കളുടെ പതിവ് അവകാശവാദത്തിനപ്പുറത്തേക്ക് മറ്റെന്തെങ്കിലും സംഭവിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
Content Highlights: CPM is holding a crucial extended state committee meeting in Kozhikode following a severe defeat in the assembly elections, dropping to 35 seats., Internal dissent is rising over leadership style, candidate selection errors in Payyanur and Taliparamba, and blaming the public for the loss., Expectations are high on whether the committee will address structural issues, leadership changes, and accept mistakes instead of defending them.
Published: 08 Sept 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented