പുലർച്ചെ 3:10 സെന്റ് ജൂഡ്‌സ് മെഡിക്കൽ അക്കാദമി - റെക്കോർഡ്സ് റൂം

To advertise here,

അക്കാദമിയുടെ ഇടനാഴികൾ ഇരുട്ടിൽ ശ്വാസം മുട്ടിക്കിടക്കുകയായിരുന്നു. പുറത്ത് പെയ്യുന്ന കനത്ത മഴയുടെ താളം വരാന്തകളിൽ ഭീതിദമായ മുഴക്കങ്ങൾ സൃഷ്ടിച്ചു.

പാത്തോളജി ലാബിൽ നിന്നും പുറത്തിറങ്ങിയ ചന്തു ഒരു പുകച്ചുരുൾ പോലെ വായുവിൽ അലിഞ്ഞുചേർന്നു. അവന്റെ ഓരോ ചലനവും സെക്കൻഡിൽ നൂറടി വേഗതയിലായിരുന്നു.

ഇടനാഴിയിലെ സിസിടിവി ക്യാമറകൾക്ക് അവന്റെ രൂപം പിടിച്ചെടുക്കാൻ കഴിഞ്ഞില്ല; അവ കേവലം ഒരു നീല മിന്നൽപ്പിണറായി മാത്രം സ്‌ക്രീനുകളിൽ തെളിഞ്ഞു മാഞ്ഞു.

അക്കാദമിയുടെ പടിഞ്ഞാറേ അറ്റത്തുള്ള റെക്കോർഡ്സ് റൂമിൽ അപ്പോൾ ഒരാൾ ഉണ്ടായിരുന്നു-ഏരിയൽ ഇവാൻ.

ഏരിയൽ ഇവാൻ, ഡോ.കുരിയാപ്പിയുടെ ഏറ്റവും വിശ്വസ്തനായ ചാരനായിരുന്നു. ഇരുപത് വർഷം മുൻപ് വർമ്മ ദമ്പതികളുടെ ഓരോ നീക്കങ്ങളും കുരിയാപ്പിക്ക് ചോർത്തി നൽകിയിരുന്നത് ഇവാനായിരുന്നു. ചാരപ്പണിയുടെയും ആയുധവിദ്യയുടെയും ബാലപാഠങ്ങൾ അഭ്യസിച്ച ഇവാൻ, വർമ്മ ദമ്പതികളുടെ ആധുനിക കണ്ടുപിടുത്തങ്ങൾ പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുന്നതിനോട് കടുത്ത എതിർപ്പിലായിരുന്നു. കുരിയാപ്പിയുടെ ആജ്ഞപ്രകാരം വർമ്മ ദമ്പതികളുടെ അവശേഷിക്കുന്ന പരീക്ഷണ രേഖകൾ നശിപ്പിക്കാനാണ് അയാൾ അവിടെ എത്തിയത്. എന്നാൽ ആ പഴയ ഷെൽഫുകൾക്കിടയിൽ എത്ര തിരഞ്ഞിട്ടും അയാൾക്ക് ഒരു തെളിവ് പോലും കണ്ടെത്താനായില്ല.

പെട്ടെന്ന് മുറിയിലെ വെളിച്ചം ഒന്ന് മിന്നിമറഞ്ഞു. ഇവാൻ തന്റെ കയ്യിലുള്ള ടോർച്ച് ചുറ്റും പായിച്ചു.

'ആരാ അവിടെ?' അയാൾ ജാഗരൂകനായി ഗർജ്ജിച്ചു.

അപ്പോൾ മുറിയുടെ അങ്ങേ അറ്റത്തെ ഇരുട്ടിൽ ഒരു രൂപം തെളിഞ്ഞു.

കൗബോയ് ഹാറ്റും തവിട്ടു ഓവർക്കോട്ടും ധരിച്ച ചന്തു! അവൻ നിൽക്കുകയല്ല. തറയിൽ തൊടാതെ വായുവിൽ ഒഴുകി നീങ്ങുകയാണ്.

ചന്തുവിന്റെ ആദ്യത്തെ പ്രതികാര മൂൺവാക്ക് അവിടെ ആരംഭിക്കുകയായിരുന്നു.

അസാധാരണമായ മെയ്‌വഴക്കത്തോടെ, ഭൂഗുരുത്വ നിയമങ്ങളെ പരിഹസിച്ചുകൊണ്ട് ചന്തു പുറകോട്ട് ചുവടുകൾ വെച്ചു. അവന്റെ ഷൂസുകൾ തറയിൽ ഉരസുന്ന ശബ്ദം ഒരു മരണസംഗീതം പോലെ അവിടമാകെ മുഴങ്ങി. ഓരോ ചുവടിലും വായുവിൽ നീല നിറത്തിലുള്ള പ്രഭാവലയങ്ങൾ അവശേഷിച്ചു.

ഇവാൻ ഭയന്നു വിറച്ചുപോയി. ഇതൊരു മനുഷ്യനാണോ അതോ വെളിച്ചമോ ഇരുട്ടോ..തന്റെ തോന്നലോ ?

'ഏരിയൽ ഇവാൻ...' ചന്തുവിന്റെ ശബ്ദം ആ മുറിയിൽ ആഞ്ഞടിച്ചു.

'നീയിത് മുൻപ് കണ്ടിട്ടില്ലേ? 1983-ൽ ബില്ലി ജീൻ എന്ന പാട്ടിനൊപ്പം മൈക്കൽ ജാക്‌സൺ ലോകത്തിന് മുന്നിൽ ആടിത്തീർത്ത ആ മാന്ത്രിക ചുവടുകൾ! ഭൂമിയുടെ ഗുരുത്വാകർഷണത്തെ തോൽപ്പിച്ച്, മുന്നോട്ട് നടക്കുന്നു എന്ന് തോന്നിപ്പിച്ച് വായുവിൽ ഒഴുകി പുറകോട്ട് നീങ്ങുന്ന ആ മൂൺവാക്ക്! ജാക്‌സൺ അത് ലോകത്തെ വിസ്മയിപ്പിക്കാൻ ഉപയോഗിച്ചു..'

ചന്തുവിന്റെ വാക്കുകൾ കേട്ട് തരിച്ചിരിക്കുകയായിരുന്നു ഏരിയൽ ഇവാൻ. ഒരു ഈച്ചയ്ക്ക് പോലും പ്രവേശിക്കാൻ സാധിക്കാത്ത ഇടം. അവിടെ എങ്ങനെ ഒരാൾ?

അടുത്ത ക്ഷണം ചന്തുവിന്റെ ഷൂസുകൾ റെക്കോർഡ്സ് റൂമിലെ തറയിൽ തെന്നിനീങ്ങി. ഓരോ തവണയും അവന്റെ കാൽപാദങ്ങൾ തറയിൽ സ്പർശിക്കുമ്പോൾ നീല വെളിച്ചത്തിന്റെ വലയങ്ങൾ അവിടെ വിരിഞ്ഞു. അവന്റെ ശരീരം ഒരു തടാകത്തിലെ നീർപ്പക്ഷിയെപ്പോലെ സുഗമമായി വായുവിൽ തെന്നിമാറുകയാണ്.

'പക്ഷേ ഇവാൻ... ജാക്‌സന്റെ മൂൺവാക്ക് ഒരു നൃത്തമായിരുന്നെങ്കിൽ എന്റെ ഈ മൂൺവാക്ക് നിനക്കുള്ള മരണവാറന്റാണ്! ഇത് വെറുമൊരു നൃത്തമല്ല. ഇരുപത് വർഷം ഒരു കുപ്പിയിലടക്കപ്പെട്ട എന്റെ ആത്മാവിന്റെ മോചനതാളമാണ്. നീ പഠിച്ച തന്ത്രങ്ങളൊന്നും ഈ നിഴലിനെ പിടിക്കാൻ മതിയാകില്ല. നോക്ക് ഇവാൻ... ഈ ചുവടുകൾ നിന്നെ മരണത്തിന്റെ നിശബ്ദതയിലേക്കാണ് കൊണ്ടുപോകുന്നത്!'

ഇവാന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി. അയാൾ തന്റെ തോക്കിനായി കൈനീട്ടിയെങ്കിലും ചന്തുവിന്റെ ചുവടുകളുടെ വേഗത അയാളുടെ കാഴ്ചയെപ്പോലും മരവിപ്പിച്ചു. ചന്തു പുറകോട്ട് നടക്കുകയല്ല. ഇവാന്റെ ബോധമണ്ഡലത്തിലൂടെ തെന്നിനീങ്ങുകയായിരുന്നു.

'ചതിയുടെ വിത്തുകളുമായി വന്നവൻ! ഡോ.വിശ്വനാഥ് വർമ്മയുടെ ഓരോ നിശ്വാസവും അളന്നെടുത്ത് കുരിയാപ്പിയുടെ കാൽക്കൽ വെച്ചവൻ! നിന്റെ ചാരപ്പണിയുടെ കാലം കഴിഞ്ഞു ഇവാൻ. നീ അന്വേഷിക്കുന്ന ആ ഡയറി.. അത് എന്റെ അച്ഛന്റെ ഹൃദയമിടിപ്പാണ്. അത് തൊടാൻ നിന്റെ ഈ അഴുക്കുപിടിച്ച കൈകൾക്ക് കഴിയില്ല!'

ഇവാൻ പകയോടെ തന്റെ കയ്യിലുള്ള ചെറിയ ഡാഗർ കഠാര പുറത്തെടുത്തു ചന്തുവിനെ ആക്രമിക്കാൻ ആഞ്ഞു.

എന്നാൽ ചന്തുവിന്റെ വേഗതയ്ക്ക് മുന്നിൽ ഇവാൻ ഒരു ഉറുമ്പിനെപ്പോലെയായി. ചന്തു ഒരു മിന്നൽപ്പിണർ പോലെ അവന്റെ മുന്നിലെത്തി തന്റെ തണുത്ത വിരലുകൾ ഇവാന്റെ നെറ്റിയിൽ ഒന്ന് സ്പർശിച്ചു.

'നിനക്കറിയാമോ? ചന്ദ്രനിൽ നടക്കുന്ന മനുഷ്യന് ഭാരമില്ലാത്തതുപോലെ തോന്നും. അതുപോലെയാണ് എനിക്കും. നിന്റെ ഈ സാമ്രാജ്യവും കുരിയാപ്പിയുടെ അധികാരവുമൊന്നും എന്റെ ചുവടുകളെ തടയാൻ മാത്രം ഭാരമുള്ളതല്ല. ഇനി നീ കാണാൻ പോകുന്നത് നിന്റെ അന്ത്യത്തിന്റെ നൃത്തമാണ്! ഒപ്പം നിന്റെയൊക്കെ സാമ്രാജ്യത്തിന്റെ അന്ത്യവും !'

ചന്തുവിന്റെ സിരകളിലൂടെ ഒഴുകുന്ന ആ വിചിത്രമായ ഊർജ്ജം ഇവാന്റെ നാഡീവ്യൂഹത്തെ കീഴ്‌പ്പെടുത്തി. അതൊരു 'നർവ് ലോക്ക്' (Nerve Lock) ആയിരുന്നു.

ഇവാന്റെ ശരീരം ഒരു ശില്പം പോലെ മരവിച്ചു. അയാൾക്ക് സംസാരിക്കാനോ അനങ്ങാനോ കഴിയില്ല. അയാൾ ശ്വസിക്കുന്നുണ്ട്, ബോധം ഉണർന്നിരിക്കുന്നുണ്ട്. പക്ഷേ ശരീരം ചന്തുവിന്റെ തടവറയിലായിക്കഴിഞ്ഞു.

'നീ മരിക്കില്ല ഇവാൻ..' ചന്തു അവന്റെ കാതുകളിൽ മന്ത്രിച്ചു.

'പക്ഷേ നീ ഇനി കുരിയാപ്പിയുടെ അടിമയല്ല. വർമ്മ ദമ്പതികളുടെ കണ്ടുപിടുത്തങ്ങളെ എതിർത്ത നിന്റെ ഈ വിരലുകൾ ഇനി ചലിക്കില്ല. ചതിയുടെ ഫലം ശ്വാസമെടുക്കാൻ പോലും കഴിയാത്ത ഈ ജീവച്ഛവമായ തടവറയാണ്!'

ചന്തു റെക്കോർഡ്സ് റൂമിലെ രഹസ്യ അറയിൽ നിന്നും തനിക്കു മാത്രം അറിയാവുന്ന ആ പഴയ തുകൽ പൊതിഞ്ഞ ഡയറി എടുത്തു.

അതിൽ കുരിയാപ്പിയും ഇവാനും ചേർന്ന് നടത്തിയ ചതിയുടെ ഞെട്ടിക്കുന്ന തെളിവുകൾ ഉണ്ടായിരുന്നു.

അവൻ ആ ഡയറി തന്റെ ഓവർക്കോട്ടിനുള്ളിൽ മറച്ചു. ചന്തു വീണ്ടും ആ മനോഹരമായ മൂൺവാക്ക് ചുവടുകളിലൂടെ പുറത്തേക്ക് നീങ്ങി.

പാത്തോളജി ലാബ് - പുലർച്ചെ 3:25

രത്തൻ റാവുത്തർ വാനിന്റെ താക്കോലുമായി ചന്തുവിനെ കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന്, ഒരു തണുത്ത കാറ്റോടു കൂടി ചന്തു ലാബിനുള്ളിൽ പ്രത്യക്ഷപ്പെട്ടു.

അവന്റെ കയ്യിൽ ആ പഴയ ഡയറി കണ്ടപ്പോൾ റാവുത്തറുടെ ഓർമ്മകൾ പിന്നോട്ട് പാഞ്ഞു. കുരിയാപ്പി ഇരുപത് വർഷം പയറ്റിയിട്ടും കണ്ടെത്താനാവാത്ത ആ രഹസ്യ ഫോർമുലകൾ!

'ജോലി തീർന്നു അണ്ണാ. ഏരിയൽ ഇവാൻ ഇനി സംസാരിക്കില്ല. അവന്റെ ഈ നിശബ്ദത കുരിയാപ്പിയുടെ സാമ്രാജ്യത്തിന്റെ അന്ത്യം കുറിക്കും!'

ചന്തു മേശപ്പുറത്ത് ആ ഡയറി വെച്ചു. ഡയറിയുടെ പുറംചട്ടയിൽ വിശ്വനാഥ് വർമ്മയുടെ കൈയ്യക്ഷരത്തിൽ രഹസ്യ ഭാഷയിൽ എഴുതിയ വരികൾ ചന്തു റാവുത്തർക്കായി മലയാളത്തിൽ വായിച്ചു കൊടുത്തു:

'സത്യം ഒരിക്കലും കുഴിച്ചുമൂടാൻ കഴിയില്ല.'

റാവുത്തർ ആരാധനയോടെ ചന്തുവിനെ നോക്കി നിൽക്കെ, അവൻ ഡയറിയുടെ ഇരുപതാം പേജ് മറിച്ചു. ചുവന്ന താളിൽ കറുത്ത മഷിയിൽ കുറിക്കപ്പെട്ട ആ എട്ടു പേരുകൾ റാവുത്തറുടെ മുന്നിലേക്ക് അവൻ നീക്കി വെച്ചു. തന്റെ കട്ടിക്കണ്ണട ശരിയാക്കിക്കൊണ്ട് റാവുത്തർ ആ വരികൾ ഉൾക്കിടിലത്തോടെ വായിച്ചു:

പാപ്പൻ കുര്യാക്കോസ്(ഡോ.ജോസഫിന്റെ മൂത്ത ജ്യേഷ്ടൻ), സണ്ണി കുര്യാക്കോസ് (ഡോ.ജോസഫിന്റെ അനുജൻ), ഷാജി കാപ്യാരുമല (ഡോ.റോസമ്മയുടെ സഹോദരൻ), മാർട്ടിൻ കുര്യാക്കോസ് (ഡോ.ജോസഫിന്റെ മകൻ), പോൾ മേയ്‌ജോ, ഗബ്രിയേൽ ബെൻ സഖറിയ, ഡോ.റോസമ്മ കാപ്യാരുമല(ഡോ.ജോസഫിന്റെ ഭാര്യ), ഡോ.ജോസഫ് കുര്യാക്കോസ് വർക്കി.

എട്ടാമത്തെ പേര് കടും ചുവപ്പ് നിറത്തിൽ അടിവരയിട്ടത് കണ്ട റാവുത്തറുടെ കൈകൾ വിറച്ചു.

'ഇവരൊക്കെ..? ഇവരാണോ നമ്മുടെ ശത്രുക്കൾ?' റാവുത്തറുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.

'ചന്തൂ.. ഇവരൊക്കെ അധികാരത്തിന്റെ ഉച്ചിയിൽ ഇരിക്കുന്നവരാണ്. ഇവരെയൊന്നും തൊടാൻ നമുക്ക് സാധിക്കില്ല!'

ചന്തുവിന്റെ കണ്ണുകളിൽ അപ്പോൾ ഒരു ചുവന്ന പ്രഭ പടർന്നു. അവൻ മേശയിൽ അമർത്തിപ്പിടിച്ചു.

'തൊടാൻ സാധിക്കില്ലെന്നോ?' ചന്തുവിന്റെ ശബ്ദത്തിൽ പ്രതികാരത്തിന്റെ അഗ്‌നിജ്വാലകൾ പടർന്നു.

'അണ്ണാ.. അധികാരത്തിന്റെ ഈ കോട്ടകൾ വെറും ചീട്ടുകൊട്ടാരങ്ങളാണ്! എന്റെ അച്ഛൻ തന്റെ ചോര കൊണ്ട് എഴുതിവെച്ചതാണ് ഈ ലിസ്റ്റ്. മറക്കാതിരിക്കാൻ... മാപ്പുനൽകാതിരിക്കാൻ! എന്റെ മാതാപിതാക്കളെ കൊന്നൊടുക്കി, ഒരു പുണ്യദേവാലയം പോലെ വിശുദ്ധമായ ഈ മെഡിക്കൽ അക്കാദമിയെ അവയവക്കച്ചവടത്തിന്റെ പണപ്പിശാച് കേന്ദ്രമാക്കി മാറ്റിയവരുടെ ചുക്കാൻ പിടിച്ചവൻ-അതാ എട്ടാമത്തെ പേര് ജോസഫ് കുര്യാക്കോസ് കുരിയാപ്പി! അയാൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറുള്ള ഗുണ്ടകൾ ഉണ്ടാകാം, കോടികളുടെ പണം ഉണ്ടാകാം. പക്ഷേ, ജാർ നമ്പർ 20-ൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഈ ചന്തുവിന്റെ മുന്നിൽ അയാൾ വെറുമൊരു പുഴുവാണ്!'

ചന്തു ഡയറിയിലേക്ക് നോക്കി തുടർന്നു:

'ഇവരുടെ ഓരോരുത്തരുടെയും ശിക്ഷാവിധി എന്റെ അച്ഛൻ ഈ ഡയറിയിൽ കുറിച്ചു വെച്ചിട്ടുണ്ട്. വെറുമൊരു കൊലപാതകമല്ല റാവുത്തറണ്ണാ.. അവർ ചെയ്ത ഓരോ ചതിയും അവർക്ക് തന്നെ വിനയായി മാറുന്ന ഒരു ഭീകരമായ അന്ത്യം! അത് ഈ ഡയറിയിലെ രഹസ്യ ഫോർമുലകളിലുണ്ട്. കുരിയാപ്പിയുടെ ഓരോ ശ്വാസവും ഇനി എന്റെ ദാനമായിരിക്കും. അയാൾ അറിയണം, വർമ്മയുടെ മകൻ പുനർജനിച്ചിരിക്കുന്നത് അയാളുടെ പാപങ്ങൾ എണ്ണിക്കൊടുക്കാനാണെന്ന്!'

ആ ഭീതിയുടെയും ആവേശത്തിന്റെയും ഇടയിൽ, രത്തൻ റാവുത്തർ തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു:

'ചന്തുവിന്റെ ചുവടുകൾക്ക് സംഗീതത്തിന്റെ താളമുണ്ട്, പക്ഷേ അവന്റെ സ്പർശനത്തിന് മരണത്തിന്റെ തണുപ്പാണ്; ചതിയനായ ഏരിയൽ ഇവാന്റെ മരവിച്ച ശരീരം കുരിയാപ്പിയുടെ കോട്ട തകരാൻ പോകുന്നു എന്നതിന്റെ ആദ്യ സൂചനയാണ്! രക്തനക്ഷത്രങ്ങളുടെ ആ എട്ടു പേരുകൾ... കുരിയാപ്പിയുടെ അന്ത്യം കുറിക്കാനുള്ള മരണവാറണ്ടായി എന്റെ കൺമുന്നിൽ ജ്വലിക്കുന്നു!'

(തുടരും...)