പുലർച്ചെ 2:50

To advertise here,

പാത്തോളജി ലാബിലെ നീല വെളിച്ചം മരണത്തിന്റെ തണുപ്പുമായി ചന്തുവിനെ പൊതിഞ്ഞു നിൽക്കുന്നു.

ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ തണുപ്പിൽ നിന്ന് വന്നിട്ടും രത്തൻ റാവുത്തർ വിയർത്തു കുളിച്ചിരുന്നു.

കയ്യിലുള്ള വസ്ത്രപ്പൊതിക്ക് ഇപ്പോൾ ഒരു ശവപ്പെട്ടിയുടെ ഭാരമുണ്ടെന്ന് അയാൾക്ക് തോന്നി.

10,580 രൂപ താനറിയാതെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ചോർന്നിരിക്കുന്നു.

ചന്തുവിന്റെ ആ നീലക്കണ്ണുകൾക്ക് തന്റെ തലച്ചോറിനെ മാത്രമല്ല, ബാങ്ക് അക്കൗണ്ടിനെ വരെ നിയന്ത്രിക്കാൻ കഴിയുമെന്ന സത്യം അയാളെ നടുക്കി. ഇത് വെറുമൊരു മന്ത്രവാദമല്ല. ശാസ്ത്രത്തിന്റെ അതിരുകൾ ഭേദിച്ച ഒരു 'മെന്റൽ ഹൈജാക്കിംഗ്' ആണ്.

വിറയ്ക്കുന്ന കൈകളോടെ അയാൾ പാത്തോളജി ലാബിന്റെ ഗ്ലാസ് വാതിൽ തള്ളിത്തുറന്നു.

അകത്ത് കണ്ട കാഴ്ച അയാളെ സ്തംഭിപ്പിച്ചു.

തറയിൽ പരന്നൊഴുകിയിരുന്ന ഫോർമാലിൻ-ഹെർബൽ ദ്രാവകം അവിടെയില്ല! ആ ലായനി ഒരുതരം നീലയും ചുവപ്പും കലർന്ന വിചിത്രമായ പുകയായി മാറി ലാബിന്റെ സീലിംഗിലേക്ക് ഉയരുന്നു.

ചന്തു ആ പുകയ്ക്കിടയിൽ ഒരു മന്ത്രവാദി എന്നപോലെ നിശ്ചലനായി നിൽക്കുന്നു ..!

അവൻ കൈകൾ ഒന്ന് വായുവിൽ ചലിപ്പിച്ചതും പുക മുഴുവൻ എയർവെന്റിലൂടെ പുറത്തേക്ക് വലിച്ചെടുക്കപ്പെട്ടു. ലാബ് ഇപ്പോൾ ഒരു ഓപ്പറേഷൻ തിയേറ്റർ പോലെ വൃത്തിയായിരിക്കുന്നു!

'നിങ്ങളുടെ ഈ ലാബ് വളരെ വൃത്തിഹീനമാണ് റാവുത്തറണ്ണാ..' ചന്തുവിന്റെ ശബ്ദത്തിൽ ഒരു പരിഹാസമുണ്ടായിരുന്നു.

'വൃത്തിയില്ലാത്ത ഇടങ്ങളിൽ എനിക്ക് ശ്വാസം മുട്ടും. മലിനമായ അന്തരീക്ഷമല്ല, മലിനമായ മനസ്സുകളാണ് ഈ ലോകത്തെ നശിപ്പിക്കുന്നത്.'

'ഇത്... ഇതെങ്ങനെ?' റാവുത്തർ വിക്കി.

'ശാസ്ത്രം ഇനിയും കണ്ടെത്താത്ത ചില ആവൃത്തികൾ ഈ പ്രപഞ്ചത്തിലുണ്ട് അണ്ണാ. എനിക്കത് വഴങ്ങും എന്ന് മാത്രം.' അവൻ കൈ നീട്ടി.

'തരൂ..'

റാവുത്തർ യാന്ത്രികമായി ആ പൊതി നീട്ടി.

ചന്തു അത് തുറന്നു. ഓരോ വസ്ത്രവും അവൻ അണിയുമ്പോൾ ലാബിലെ നീല വെളിച്ചത്തിന് തീവ്രത കൂടുന്നതുപോലെ റാവുത്തർക്ക് തോന്നി.

നീല ജീൻസും തൂവെള്ള ഷർട്ടും ധരിച്ച്, അതിനു മുകളിൽ തവിട്ടുനിറത്തിലുള്ള ഓവർക്കോട്ട് ഇട്ട ചന്തുവിനെ കണ്ടപ്പോൾ റാവുത്തറുടെ ഓർമ്മയിലേക്ക് വന്നത് പഴയ കുറ്റാന്വേഷണ നോവലുകളിലെ നായകന്മാരെയാണ്.

ഒടുവിൽ അവൻ ആ കൗബോയ് ഹാറ്റ് തലയിൽ വെച്ച്, മൂൺവാക്ക് ഷൂസിന്റെ ലെയ്സ് മുറുക്കി തറയിൽ ഒന്ന് ചവിട്ടി. അവൻ റാവുത്തറുടെ തൊട്ടടുത്തെത്തി.

'എന്റെ രൂപം എങ്ങനെയുണ്ട് അണ്ണാ?'

'ഒരു... ഒരു രാജകുമാരനെപ്പോലെ.' റാവുത്തർ അറിയാതെ പറഞ്ഞുപോയി.

ചന്തുവിന്റെ ചുണ്ടിൽ ഒരു ക്രൂരമായ മന്ദഹാസം വിരിഞ്ഞു.

'രാജകുമാരനല്ല അണ്ണാ.. ചത്തവരുടെ പ്രതിനിധി! എന്റെ അച്ഛന്റെയും അമ്മയുടെയും സ്വപ്നം എന്നെ ഇങ്ങനെ കാണാനായിരുന്നു. ഒരു ആംഗ്ലോ-ഇന്ത്യൻ യങ് ബോയ്.. അവരുടെ സ്വപ്നം ഞാൻ സഫലമാക്കുകയാണ്. ഇനി നമുക്ക് തുടങ്ങാം. ജോസഫ് കുരിയാക്കോസ് കുരിയാപ്പി ഇരുപത് വർഷം മുൻപ് കുഴിച്ചുമൂടിയ ആ സത്യങ്ങൾ പുറത്തെടുക്കണം!'

ചന്തുവിന്റെ വാക്കുകൾ കേട്ട് റാവുത്തർ തരിച്ചുപോയി.

'ജോസഫ് കുരിയാക്കോസ്.. അദ്ദേഹം ഈ അക്കാദമിയുടെ ചെയർമാനാണ് ചന്തു. നിന്റെ അച്ഛന്റെ ആത്മമിത്രമായിരുന്നു അദ്ദേഹം.'

'മിത്രമോ?' ചന്തുവിന്റെ ചിരി ലാബിലെ ചില്ലുപാത്രങ്ങളെ വിറപ്പിച്ചു.

'അണ്ണാ, നിങ്ങൾ കാണുന്നത് കുരിയാപ്പിയുടെ മുഖംമൂടിയാണ്. ഇരുപത് വർഷം മുൻപ്, ഡോക്ടർ വിശ്വനാഥ് വർമ്മയും ശ്രീദേവി വർമ്മയും കണ്ട സ്വപ്നം പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുന്ന ഒരു മെഡിക്കൽ അക്കാദമിയായിരുന്നു. എന്നാൽ കുരിയാപ്പിക്കും സംഘത്തിനും ഇതൊരു ബിസിനസ്സ് സാമ്രാജ്യമായിരുന്നു. വർമ്മ അക്കാദമി വളരുന്നത് തങ്ങളുടെ സ്വാശ്രയ ബിസിനസിനെ തകർക്കുമെന്ന് കണ്ടപ്പോൾ അവർ തന്ത്രം മെനഞ്ഞു.'

ചന്തുവിന്റെ കണ്ണുകളിൽ നീല വെളിച്ചം തീക്ഷ്ണമായി. അവൻ റാവുത്തറുടെ തോളിൽ കൈവെച്ചു. ആ സ്പർശനത്തിന് മഞ്ഞുപാളിയുടെ തണുപ്പായിരുന്നു.

റാവുത്തറുടെ മുന്നിൽ ഒരു സിനിമ എന്നപോലെ പഴയ ദൃശ്യങ്ങൾ തെളിയാൻ തുടങ്ങി. ചന്തു തന്റെ ഓർമ്മകളെ റാവുത്തറുടെ ബോധത്തിലേക്ക് പകർത്തുകയായിരുന്നു.

'നോക്കൂ അണ്ണാ.. എട്ടര മാസം ഗർഭിണിയായ അമ്മയെയും പാവം അച്ഛനെയും കുരിയാപ്പി തന്റെ വീട്ടിലേക്ക് ഡിന്നറിന് വിളിക്കുന്നു. അവർ കുടിച്ച പാനീയത്തിൽ വിഷമരുന്ന് കലർത്തിയിരുന്നു. ആദ്യമൊന്നും അച്ഛന് കുഴപ്പമില്ലായിരുന്നു. മടക്കയാത്രയിൽ വിഷം ആന്തരാവയവങ്ങളെ ബാധിച്ചു. ആ കാർ ഒരു പൊട്ടക്കുളത്തിലേക്ക് നിയന്ത്രണം വിട്ടു പോയി മുങ്ങി. കാറിൽ ഉണ്ടായിരുന്നത് കുരിയാപ്പിയുടെ സഹോദരന്മാരായ പാപ്പനും ഷാജിയും സണ്ണിയും. എല്ലാം ഒരു അപകടമരണമെന്ന് വരുത്തിത്തീർത്തു. പക്ഷേ, ക്രൂരത അവിടെയും തീർന്നില്ല. മരിച്ച അമ്മയുടെ വയർ കീറി, ഗർഭസ്ഥ ശിശുവായ എന്നെ അവർ പുറത്തെടുത്തു. പഠനത്തിന് ഉപയോഗിക്കുന്ന ഒരു പ്രദർശന വസ്തുവായി എന്നെ ഈ പാത്തോളജി ലാബിലെ ജാറിലേക്ക് അവർ അയച്ചു. വർമ്മ അക്കാദമി എന്നിടാൻ നിശ്ചയിച്ചിരുന്ന അക്കാദമിയുടെ പേര് അവർ സെന്റ് ജൂഡ്‌സ് മെഡിക്കൽ അക്കാദമി എന്നാക്കി!'

റാവുത്തർ തകർന്നുപോയി. കണ്ണുനീർ അയാളുടെ കവിളിലൂടെ ഒഴുകി. 'ഇത്രയും വലിയൊരു ചതി.. ഇത് ഞാൻ അറിഞ്ഞില്ലല്ലോ ചന്തു!'

'പക്ഷേ എനിക്കറിയാമായിരുന്നു. ജാറിനുള്ളിലെ ആ രാസലായനിയിൽ കിടന്ന് ഞാൻ വളർന്നത് വെറുപ്പും പ്രതികാരവും ശ്വസിച്ചുകൊണ്ടാണ്. അച്ഛൻ വികസിപ്പിച്ചെടുത്ത ആ ഹെർബൽ മിശ്രിതമാണ് എന്നെ നശിപ്പിക്കാതെ സംരക്ഷിച്ചത്. ഇപ്പോൾ ഞാൻ പൂർണ്ണരൂപം പ്രാപിച്ചിരിക്കുന്നു..'

'ഇനി എനിക്ക് വേണ്ടത് ആ പഴയ മെഡിക്കൽ റെക്കോർഡ്സ് റൂമിലെ രഹസ്യ ഡയറിയാണ്. അതിൽ കുരിയാപ്പിയുടെ ഒപ്പ് പതിഞ്ഞ ചതിയുടെ രേഖകളുണ്ട്. നമ്മുടെ പകരം ചോദിക്കാനുള്ളവരുടെ ലിസ്റ്റ് അക്കമിട്ട് അതിൽ കുറിച്ച് വെച്ചിട്ടുണ്ട്. അതുപ്രകാരം ഒന്നിൽ നിന്ന് തുടങ്ങി ഒടുവിൽ ജോസഫ് കുരിയാപ്പിയോടെ തീർക്കേണ്ട പ്രതികാരങ്ങളുടെ പട്ടിക..! നിങ്ങൾ ഇവിടെ കാവൽ നിൽക്കുക. പുറത്ത് സെക്യൂരിറ്റിയുണ്ട്. ഈ വേഷത്തിൽ നിങ്ങളെ കണ്ടാൽ അവർ സംശയിക്കും..'

അവൻ റാവുത്തറുടെ കയ്യിൽ നിന്ന് താക്കോൽക്കൂട്ടം വാങ്ങി ലാബിലെ വാതിലിനടുത്തേക്ക് നടന്നു.

ചന്തു കൗബോയ് ഹാറ്റ് ഒരല്പം താഴ്ത്തിവെച്ച് പുറത്തേക്ക് ഇറങ്ങി. അടുത്ത നിമിഷം, ഒരു പുകച്ചുരുൾ പോലെ അവൻ വരാന്തയുടെ ഇരുട്ടിൽ അലിഞ്ഞു ചേർന്നു.

രത്തൻ റാവുത്തർ വിറയ്ക്കുന്ന കാലുകളോടെ ലാബിലെ സ്റ്റൂളിലിരുന്നു. താൻ തുറന്നുവിട്ടത് വെറുമൊരു യുവാവിനെയല്ല, ഇരുപത് വർഷത്തെ പക ആവാഹിച്ച ഒരു ജൈവ ബോംബിനെയാണ് എന്ന് അയാൾക്ക് ഉറപ്പായി.

അന്ന് രാത്രി, ചന്തു പുറത്തേക്കു പോയ നിമിഷം റാവുത്തർ തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു:

'സ്‌നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ ചതിയുടെ ചരിത്രം ഇന്ന് തിരുത്തിയെഴുതപ്പെടാൻ പോകുന്നു; ജാർ നമ്പർ 20-ൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഈ യുവാവ്, വർമ്മ ദമ്പതികളുടെ കൊലയാളികൾക്ക് മരണത്തിന്റെ പുതിയൊരു അധ്യായം സമ്മാനിക്കും!'