ജി.ആര്. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവലാണ് 'കൊടിയടയാളം'. മാതൃഭൂമി ബുക്സാണ് നോവല് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമതലഭൂമിയില്നിന്നും മലകയറിയെത്തി, പ്രകൃതിക്ഷോഭത്തെയും കാട്ടുമൃഗങ്ങളെയും പകര്ച്ചവ്യാധികളെയുമെല്ലാം അതിജീവിച്ച്, സ്വപ്നങ്ങള് കെട്ടിപ്പടുത്ത കുടിയേറ്റക്കാരുടെ ജീവിതഗാഥയാണ് 'കൊടിയടയാളം'. 'കൊടിയടയാള'ത്തില് നിന്ന് ഒരു ഭാഗം വായിക്കാം.

റോഡിലൂടെ പതിയെ നടന്നുകൊണ്ട് മുകുന്ദൻപിള്ള, ജനൽക്കമ്പികളും വയസ്സൻകട്ടിലുകളും തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനങ്ങളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.
പതിനെട്ടു കൊല്ലംമുമ്പ് ഒരു മലയുടെ ഓരത്ത് ഉയർന്ന ഭൂമിയിൽ കുടിയേറ്റക്കാരായി എത്രയോ കൊല്ലം താമസിച്ചുതീർത്ത് അവിടം വിറ്റ് നിരപ്പായ ഒരു സാധാരണ ഭൂമിയിലേക്ക് ഇറങ്ങിവന്ന് രമണൻപിള്ളയും മൂന്നു മക്കളും താമസം തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ.
രമണൻപിള്ളയ്ക്ക് മലമുകളിൽനിന്ന് ഇറങ്ങിവരണമെന്നില്ലായിരുന്നു. ഒടുക്കംവരെ അവിടെ കിടക്കാൻ അയാൾ കടിച്ചുപിടിച്ചു നിന്നു. നമുക്കിവിടുന്നു പോകാൻ ഒരിക്കലും പറ്റില്ലെന്ന് രമണൻപിള്ള പറഞ്ഞു. പോയേ പറ്റൂവെന്ന് മക്കളും. ഒടുവിൽ താൻ മലയുടെ ചെരുവിൽ വയസ്സാംകാലത്ത് ഒരു കാട്ടിഞ്ചിച്ചെടിപോലെ അവഗണിക്കപ്പെടുമെന്നു വന്നപ്പോൾ രമണൻപിള്ള മനസ്സില്ലാമനസ്സോടെ ലോറിയിൽ കയറി. പകയോടെ അയാൾ മക്കളെ മാറി മാറി നോക്കി. പിന്നെ പറഞ്ഞു:
‘‘ഇവിടന്ന് രക്ഷപ്പെട്ടെന്ന് ഒരുത്തനും ആശിക്കേണ്ട!’’
പുതിയ വീട് വാടകയ്ക്കെടുത്തതായിരുന്നു. കാട്ടുമുക്കിലെ വീടും പറമ്പും വിറ്റുകിട്ടിയ പണംകൊണ്ട് പുതിയ വീട് വാങ്ങുംവരെ ഇനി ആ വാടകപ്പുരയിലാണ്. പുതിയ അന്തരീക്ഷത്തിന്റെ ചവർപ്പ് വിട്ടുമാറാത്തതുകൊണ്ട് മുകുന്ദൻപിള്ള മുറിയിൽനിന്നിറങ്ങിയില്ല. വല്ലാത്ത ഏകാന്തത തോന്നുമ്പോൾ കണ്ണടച്ച് മുകളിലേക്ക് മനസ്സുറപ്പിക്കും. കോടമഞ്ഞിനിടയിലെ തണുപ്പ് ഓർത്തുകൊണ്ട് മുറിയിലിരുന്ന് സ്വപ്നം കണ്ടു. സമനിരപ്പിലിരുന്നപ്പോഴാണ് കുന്നുകളും ഉയരവും ഒഴിയാനാവാത്തവിധം മനസ്സിൽ കൂനകൂട്ടി കിടക്കുന്നുവെന്ന് അറിഞ്ഞത്. ജനാലയ്ക്കരികിലിരിക്കാൻ മുകുന്ദൻപിള്ള കുറേ ഇഷ്ടപ്പെട്ടു. വല്ലാത്തൊരു ഇരിപ്പാണത്. എത്രനേരം വേണമെങ്കിലും... പ്രധാന ഗുണം അവിടിരുന്നാൽ ലോകം പൊക്കത്തിലാണോ കുണ്ടിലാണോ നിരപ്പിലാണോ എന്നൊന്നും ധാരണ കിട്ടുമായിരുന്നില്ല എന്നതാണ്.
അച്ഛന് ഇതിനകം ഒരുതരം വായ്പുണ്ണ് പിടിച്ചിരുന്നു. നാക്ക് വെടിച്ചു കീറി. അച്ഛന്റെ മനോനില വഷളാകുന്നതനുസരിച്ച് വെടിച്ചുകീറൽ കൂടും. എരിവ് തൊടാൻ കഴിയില്ല. കുന്നിനു മുകളിൽ അച്ഛന് അങ്ങനെയൊരു അസുഖം ഉണ്ടായിരുന്നില്ല. സമനിരപ്പിൽപ്പെട്ടതിനുശേഷം ഏറ്റക്കുറച്ചിലുണ്ടെന്നല്ലാതെ അച്ഛന്റെ നാക്കുകൾ ഒരിക്കലും കീറൽ വറ്റി ഇതളൊട്ടിയില്ല ഇന്നുവരെ.
വൈദ്യൻ ഈ രോഗത്തെക്കുറിച്ചു പറഞ്ഞു: ‘‘ഇതു കുറേ നാൾ നിൽക്കും. ഒരു കാലാവസ്ഥയിൽനിന്ന് മറ്റൊന്നിലേക്ക് മാറിയതുകൊണ്ടാണ്. അനാവശ്യമായ ആകാംക്ഷയും കുരുങ്ങിയ ചിന്തയുമൊന്നും വേണ്ട. പുതിയ അവസ്ഥകളുമായി പൊരുത്തപ്പെടുമ്പോൾ നമ്മൾപോലുമറിയാതെ താനേ മാറിക്കൊള്ളും.’’
ഇത്രയും പറഞ്ഞുതീർന്നപ്പോൾ തവള നാക്ക് പിൻവലിക്കുംപോലെ അച്ഛൻ നാക്കു വലിച്ചു. കുറേ നേരം വൈദ്യർക്കു മുന്നിൽ അച്ഛൻ നാക്കും നീട്ടി ഇരിക്കുകയായിരുന്നു.
‘‘വേറെ അസുഖമൊന്നുമില്ലല്ലോ?’’ വൈദ്യൻ ചോദിച്ചു.
‘‘ഇതൊരസുഖമല്ലേ?’’ രമണൻപിള്ള പിറുപിറുത്തു.
‘‘ഇതങ്ങു മാറുമെന്നേയ്,’’ വൈദ്യൻ ആശ്വസിപ്പിച്ചു.
‘‘ഇത് മാറില്ല, മാറേണ്ട കാര്യവുമില്ല.’’ രമണൻപിള്ള പറഞ്ഞു.
വൈദ്യർ അച്ഛനെ നോക്കി ചിരിച്ചു.
രമണൻപിള്ളയ്ക്ക് ചിരി വന്നില്ല. കുറേ നേരം വൈദ്യരുടെ മുഖത്തേക്കു സംശയത്തോടെ നോക്കിയിരുന്നിട്ട് അയാൾ പറഞ്ഞു: ‘‘കാലാവസ്ഥ മാറിയാൽ പിന്നെ എന്തൊക്കെ മാറ്റമുണ്ടാകും. ഞാൻതന്നെ പറയാം, എനിക്കൊരു പനിപോലും അപൂർവ്വമായിട്ടേ വന്നിട്ടുള്ളൂ. അങ്ങനെയൊന്നും എനിക്ക് അസുഖം വരില്ല, അറിയോ. ഞാൻ കുട്ടിക്കാലം മുതലേ മല കീറിപ്പിളർന്ന് അദ്ധ്വാനിച്ച് വളർന്നവനാണ്. വന്നിട്ടുള്ള പനിപോലും പരമാവധി മൂന്നു ദിവസത്തേക്ക്, കൂടുതൽ നിൽക്കാറില്ല. ഒരു കഷായം വെച്ചു കുടിക്കും. അത്രതന്നെ.’’
‘‘ഇപ്പോൾ എനിക്ക് ആയുർവ്വേദം കഷായവും പിടിക്കുന്നില്ല. കഴിഞ്ഞ മാസം വന്ന പനി ഏതാണ്ടൊന്ന് വിട്ടത് ഈ ആഴ്ചയാണ്. അതും അലോപ്പതി ഗുളികകൊണ്ട്. ശരീരത്തിന്റെ അവസ്ഥ ആകെ മാറിപ്പോയി...’’
രമണൻപിള്ള നിർത്തിയിട്ട് മകന്റെ മുഖത്തേക്കു രൂക്ഷമായി നോക്കി. മടിച്ചുമടിച്ച് അച്ഛൻ ലോറിയിൽ കയറിയിരുന്ന് മക്കളുടെ നേർക്ക് മാറിമാറി നോക്കിയ പകയുടെ കണ്ണുകൾ. കുന്നിറങ്ങുമ്പോൾ കാർമേഘം ഉരുണ്ട് മല മാനത്ത് കയറിയതുപോലെ കണ്ണീർ നിറഞ്ഞ കണ്ണുകൾ.
‘‘പോകാം അച്ഛാ,’’ മുകുന്ദൻപിള്ള പറഞ്ഞു.
‘‘എങ്കീ പോകാമെടാ കൂവേ... പോട്ടെ വൈദ്യരെ.’’
വാടകവീടുകളുടെ ഒരു കോളനിയിലായിരുന്നു അവർ താമസിച്ചുകൊണ്ടിരുന്നത്. വല്ലാത്തൊരു അന്തരീക്ഷമായിരുന്നു അവിടെ. അയൽക്കാർ പരസ്പരം അറിയാത്ത ഒരു നഗരത്തിൽ ജീവിക്കുംപോലെ. ആരൊക്കെയോ വരുന്നു, പോകുന്നു. ഒരുദിവസം ഉടമ കുടിയൊഴിയണമെന്ന് പറയുമ്പോഴോ, നല്ല വീട് ഒത്താലോ, പുതിയ വീട് കെട്ടിയാലോ, ആരോടും പറയാതെ അവർക്ക് ഒഴിഞ്ഞുപോകണം. പരിചയപ്പെടുന്നത് അതുകൊണ്ട് ഒരു ബാദ്ധ്യതയാണ്. പരസ്പരം ചിരിക്കാതിരിക്കാനും വഴിയിൽ തലകുനിച്ച് നടക്കാനും അവർ ശീലിച്ചു.
മുകുന്ദൻപിള്ളയുടെ മുറിയുടെ ജനാലയിലൂടെ നോക്കിയാൽ മുന്നിൽ വലതുവശത്തായി ഓടിട്ട ഒരു വീടുണ്ടായിരുന്നു. അത് ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ വാടകക്കാരെ തേടിയാകണം. ആ വീടല്ലാതെ ശല്യമില്ല. ചുറ്റും പച്ചപ്പൂച്ചെടികളുടെ പ്രളയം മാത്രം. മുകുന്ദൻപിള്ളയ്ക്ക് ആ ഇരിപ്പുവശം ഇഷ്ടപ്പെട്ടു.
‘‘അച്ഛന് ഈ സ്ഥലമൊക്കെ പിടിച്ചോ?’’
ഒരുദിവസം മടിച്ചുമടിച്ചാണ് മുകുന്ദൻപിള്ള ചോദിച്ചത്. കുറച്ചുനാളായി അച്ഛനുമായി കാര്യമായൊന്നും സംസാരിക്കുന്നില്ല. ഒരു വിഷയം തപ്പിനോക്കിയപ്പോൾ അറിയാതെ നാക്കിൽപ്പെട്ടുപോയതാണ്.
രമണൻപിള്ള അപ്പോൾ മുറ്റത്ത് ഉലാത്തിക്കൊണ്ടിരിക്കുകയായിരുന്നു. ചോദ്യം കേട്ട് അയാൾ നിന്നു. ദയനീയമായി മകന്റെ മുഖത്തേക്കു നോക്കി. ഇത്തവണ അച്ഛന്റെ മുഖത്ത് പക എരിഞ്ഞുതുടങ്ങിയിട്ടില്ല. അതിനുമുമ്പേ അച്ഛൻ വീടിനുള്ളിലേക്കു കയറി. അയാൾക്ക് വേദന തോന്നി. ചോദിക്കേണ്ടിയിരുന്നില്ല, ഒരാവശ്യവുമില്ലാതെ. ഈ വീട്ടിൽ കഴിവതും ആരോടും സംസാരിക്കരുത്. ഓരോ വാക്കും മറ്റുള്ളവരുടെ വിചിത്രമായ ചിന്തകളുടെ ഒഴുക്കിനു വിഘാതമാകുന്നു.
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അച്ഛൻ പഴയ അവസ്ഥയിലേക്ക് മടങ്ങിവന്നു. വീണ്ടും പുറത്തിറങ്ങി ഉലാത്തിക്കൊണ്ടിരുന്നു. നുകംവെച്ച കാളയെപ്പോലെ അച്ഛൻ മണിക്കൂറുകളോളം ഇങ്ങനെ നടന്നുകൊണ്ടിരിക്കും. താഴേക്കു നോക്കാറില്ലെങ്കിലും ഉലാത്തുന്ന നേർത്ത പാത സ്ഥിരമാണ്. നടക്കുമ്പോൾ അച്ഛൻ ആകാശത്തേക്ക് കഴുത്തുകൾ ഉയർത്തിപ്പിടിച്ചിരിക്കും. അച്ഛന്റെ കഴുത്ത് താഴേക്കു സ്ഥിരപ്പെടുത്തിയാൽ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നു തോന്നിയിട്ടുണ്ട്. ഇതച്ഛൻ മലമുകളിലെ ഓർമ്മകൾ തേടുകയാണ്.
അച്ഛനിവിടെയെത്തി, അഞ്ചാറുദിവസംകൊണ്ട് നടപ്പുവഴിയിലെ പുല്ലെല്ലാം ചവിട്ടേറ്റ് വെന്തുപോയി. ഇപ്പോൾ ഉലാത്താൻ അച്ഛന് വ്യക്തമായൊരു പാതയുണ്ട്.
അച്ഛന്റെ ഉലാത്തൽ പലപ്പോഴും മുകുന്ദൻപിള്ളയ്ക്ക് അലോസരമുണ്ടാക്കി. ചിലപ്പോൾ ദിവസം മുഴുവൻ അച്ഛൻ നടന്നുകൊണ്ടിരിക്കും. ആഹാരം കഴിക്കാൻ വിളിച്ചാൽ ചിലപ്പോൾ വരും, ചിലപ്പോൾ ഇല്ല. ജനലഴിക്കു വശത്ത് മുകുന്ദൻപിള്ള സ്വപ്നംകണ്ടിരിക്കുമ്പോൾ കണ്ണിലൊരു കരടുപോലെ നിശ്ചിതസമയങ്ങളിൽ അച്ഛൻ പ്രത്യക്ഷപ്പെട്ട് തിരിച്ചുപോകും. ജനലിൽനിന്ന് കണ്ണുവലിച്ച് മുകുന്ദൻപിള്ള അപ്പോൾ കട്ടിലിൽ കയറി നീണ്ടുനിവർന്നു കിടക്കും. കുറേ സമയം കഴിഞ്ഞ് എഴുന്നേൽക്കുമ്പോഴും അച്ഛൻ നടപ്പ് തുടരുകയാവും.
നടപ്പിനിടയിൽ രമണൻപിള്ളയുടെ മനസ്സിലൊരു ഘോരയുദ്ധം നടക്കുകയായിരുന്നു. വിഭ്രമിപ്പിക്കുന്ന സ്വപ്നങ്ങൾ അയാൾ മനക്കണ്ണിൽ കണ്ടു. അച്ഛൻ രായപ്പൻപിള്ളയുമൊത്ത് ഒരു ചുരം കടക്കാനോങ്ങുകയായിരുന്നു. കാട്ടുരീതികളൊക്കെ പഠിച്ചുവരുന്നേ ഉണ്ടായിരുന്നുള്ളൂ. തേറ്റപ്പന്നിയൊരെണ്ണം ഓടിവരികയാണ്. അത് രമണൻപിള്ളയെ ലക്ഷ്യംവെച്ചു. അയാൾ ഒരു മരത്തോട് ചേർന്നുനിന്നു. ഊറ്റത്തോടെ അസ്ത്രം തൊടുത്തുവിട്ട മാതിരി കൊമ്പു താഴ്ത്തി പന്നി പാഞ്ഞടുക്കുകയാണ്. അച്ഛൻ ശ്വാസമടക്കിനിന്നു. പന്നി അടുത്തെത്തിയതേ രമണൻപിള്ള മാറിക്കൊടുത്തു. മരത്തിൽ തലയടിച്ച് തല പൊട്ടി പന്നി തലകുത്തി വീണു. അതിന്റെ ചെവിയിലൂടെയും മൂക്കിലൂടെയും രക്തമൊഴുകി.
‘‘സബാഷ്, മിടുക്കൻ. ഹൊ, എന്റെ ചങ്ക് ഒരുനിമിഷം കത്തിപ്പോയി.’’
അയാൾ മകനെ കെട്ടിപ്പിടിച്ചു.
ഇപ്പോൾ രമണൻപിള്ള അതിന്റെ മറുഭാഗത്തെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. ഞരമ്പുകൾ കോച്ചിപ്പിടിക്കുന്ന കാട്ടുതണുപ്പിൽ, ശരീരം മരവിച്ച് പന്നിയുടെ മുമ്പിൽ പെട്ടുപോയെങ്കിലോ... സ്തംഭിച്ചുപോയെങ്കിലോ... പന്നിയുടെ മുഖവും തേറ്റയും തന്റെ വായിലൂടെ തുളച്ചുകയറുന്നത് അയാൾ കണ്ടു.
ഉലാത്തിക്കൊണ്ടിരിക്കുന്ന രമണൻപിള്ള, പന്നി ഇടിച്ചുതുളച്ച വയറിൽ തടവി വേഗം നടന്നു. നെഞ്ചിടിപ്പ് വർദ്ധിച്ചു. പിന്നെയും പിന്നെയും തന്നെ പന്നി കുത്തിമലർത്തുന്നത് അയാൾ കാണുകയായിരുന്നു.
രായപ്പൻപിള്ള പറഞ്ഞു: ‘‘നീയാടാ, എന്റെ മോൻ, ഒരൂസം നീയി കാട്ടുചെരിവുകൾ, ഇവിടെ മൊത്തം വെട്ടിപ്പിടിച്ച് വയസ്സുകാലത്ത് എന്നെയൊരു രാജാവാക്കും.’’
രായപ്പേച്ചൻ ഇപ്പോൾ ചുറ്റും നിന്ന് പരിഹസിച്ചു ചിരിക്കുന്നതായി രമണൻപിള്ളയ്ക്കു തോന്നി. പാവത്താനായ രമണൻപിള്ളയുടെ കാലുകളുടെ വേഗം കുറഞ്ഞു. ഒരു പൂച്ചക്കുട്ടിയെപ്പോലെ രമണൻപിള്ള
പറഞ്ഞു:
‘‘നീയതിന് അനുഭവിക്കുമെടാ. അതു ഞാൻ കാണും.’’
അയാൾ മുകുന്ദൻപിള്ളയെ ഉദ്ദേശിച്ച് പുലമ്പി.
കണ്ണുകളെ ഇടയ്ക്കിടയ്ക്ക് അലോസരപ്പെടുത്തി ജനൽഭാഗത്തുകൂടി അച്ഛൻ ഉലാത്തുന്നത് ശ്രദ്ധിച്ചിരിക്കുകയായിരുന്നു മുകുന്ദൻപിള്ള. അച്ഛൻ ജനൽഭാഗത്ത് വീണ്ടും പ്രത്യക്ഷപ്പെടാത്തതു കണ്ടപ്പോൾ ഇറങ്ങി നോക്കി. തറയിൽ വീണുകിടന്ന് അച്ഛൻ നെഞ്ചത്തടിച്ച് ശബ്ദമില്ലാതെ നിലവിളിക്കുകയായിരുന്നു.
മുകുന്ദൻപിള്ള ഓടിച്ചെന്നു.
‘‘അയ്യോ... എന്തുപറ്റി അച്ഛാ...’’
അയാൾ പരിസരബോധം നേടി തിരിച്ചുവന്നു. ‘‘ഓ, ഒന്നുമില്ല മോനേ, മനസ്സിന് ഒരു സുഖവുമില്ലെടാ. ആ മലമുകളിൽ കിടന്നാൽ മതിയായിരുന്നു. അവിടെ മനസ്സിന് സ്വസ്ഥതയുണ്ടായിരുന്നു; ഒരു പ്രത്യാശയും. ഇവിടെ... നീയൊക്കെ ഉപേക്ഷിച്ചാലും എനിക്ക് അവിടെക്കിടന്നു മരിച്ചാൽ മതിയായിരുന്നു. ഏതെങ്കിലും ചേട്ടന്മാരുടെ റബ്ബർ ടാപ്പ് ചെയ്തെങ്കിലും ജീവിച്ചുപോകാമായിരുന്നു. വേണ്ടിയിരുന്നില്ല ഈ ഇറക്കം!’’
‘‘അച്ഛൻ പിന്നെയും തുടങ്ങിയോ? അവിടുത്തെ അവസ്ഥ ഒന്നും അറിയാൻ വയ്യേ. അച്ഛനവിടെ എന്തുണ്ട്? എന്തെങ്കിലും ഉണ്ടോ? ഒന്നുമില്ല. എന്നിട്ടും...’’
‘‘ആ ചോറ്റുപുരയ്ക്കലെ ഇല്യാസ്കുഞ്ഞ് കാര്യങ്ങളൊക്കെ എഴുതി അറിയിക്കാമെന്ന് ഉറപ്പു തന്നിരുന്നതാണ്. എല്ലാവനും അവിടുന്ന് കുടിയൊഴിഞ്ഞിട്ടുണ്ടാവണം. എല്ലാവനും അവിടെ നിന്നെങ്കിൽ...’’
‘‘നിന്നെങ്കിൽ കുന്തമാണ്! വല്ല ഉരുൾപൊട്ടലിലും പെട്ട് ചത്തേനെ! അച്ഛൻ വെറുതേ അതുമിതും ആലോചിക്കാതെ സ്വസ്ഥനായിട്ട് അങ്ങോട്ടു പോയിക്കിടക്കാൻ നോക്ക്...’’
‘‘വിടെടാ എന്റെ കയ്യീന്ന്...’’ രമണൻപിള്ള കുതറി.
‘‘എന്റെച്ഛോ, രായപ്പച്ഛോ...’’ അയാൾ തേങ്ങിക്കരഞ്ഞു.
അയാളുടെ മനസ്സിൽ ഉരുൾപൊട്ടി അടരുകയായിരുന്നു. തലയും കുമ്പിട്ട് കുറേനേരം അയാൾ അവിടെത്തന്നെയിരുന്നു. തലയിലും നെഞ്ചിലുമെല്ലാം മലയിടിഞ്ഞ് തെറിക്കുകയാണ്...
Published: 27 Oct 2026, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented