
ഹരിശങ്കർ ഉറക്കെ നിലവിളിച്ചു.
'ഹരീ..!' രവി ഓടി വന്ന് വാതിൽക്കൽ തട്ടി.
Also Read
''എന്താ...?'അയാൾ ചോദിച്ചു.
'ചെറിയച്ഛാ..?' അനിത അവന്റെ തോളിൽ പിടിച്ചുകുലുക്കി. സ്വപ്നത്തിൽ നിന്നെന്നപോലെ ഹരി ഉണർന്നു ചുറ്റും നോക്കി.
'എവിടെ ചോര...? ഒക്കെ തന്റെ തോന്നലായിരുന്നോ..?'
'ഈ വീട്ടിൽ ഇതല്ല, ഇതിലപ്പുറവും സംഭവിക്കും. നീ ഒന്നും കണ്ട് പേടിക്കരുത്...' കാര്യം മനസിലായ രവി പറഞ്ഞു.
'ഒന്നുമില്ല ഏട്ടാ...' ജാള്യതയോടെ ഹരിപറഞ്ഞു.
'ഞാനാകെ പേടിച്ചുപോയി... ' ഗ്ലാസ്സ് മേശപ്പുറത്തുവച്ചുകൊണ്ട് അനിത പറഞ്ഞു.
'ഞാനും പെട്ടന്ന് ഞെട്ടിപ്പോയി, സാരമില്ല. മോള് പോയി കിടന്നോ.. '
അനിത ഗ്ലാസ് എടുത്തുകൊണ്ട് പുറത്തേക്കു നടന്നതും പെട്ടെന്ന് വാതിൽ തനിയെ അടഞ്ഞു.
മുറിക്കുള്ളിൽ നേരിയ കാറ്റടിക്കാൻ തുടങ്ങി.
ആ സമയം ആകാശത്തൊരു തീഗോളം പ്രത്യക്ഷപ്പെട്ടു.
അത് വീടിന് മുകളിൽ വന്നു നില ഉറപ്പിച്ചു. പിന്നെ പറക്കും തളിക ലാൻഡ് ചെയ്യുന്ന പോലെ താഴേക്ക് ഇറങ്ങി വന്ന് അപ്രത്യക്ഷമായി.
അപ്പോൾ മുറിക്കുള്ളിൽ അടിക്കുന്ന കാറ്റിനു ശക്തി കൂടിയെന്ന് ഹരിക്ക് മനസ്സിലായി. മേശപ്പുറത്തിരുന്ന ഫ്ളവർ വേസ് മറിഞ്ഞുവീണു.
ഹരി അനിതയെ നോക്കി. അവൾ പേടിച്ചു വിറച്ചു നിൽക്കുകയായിരുന്നു.
പെട്ടെന്ന് മുറിക്കുള്ളിൽ നിന്നും ഒരു കുഞ്ഞിന്റെ നിലവിളി ഉയർന്നു. ആ സമയം കറന്റ് പോയി.
ഹരി എമർജൻസി ലൈറ്റ് എടുത്ത് ഓൺ ചെയ്തു.
മുറിക്കുള്ളിലെ കാഴ്ച കണ്ട് ഇരുവരും ഞെട്ടിപ്പോയി! മേശപ്പുറത്ത് ഒരു ചോരക്കുഞ്ഞിരുന്നു കരയുന്നു. ഡോക്ടർ പ്രമീളയെ കൊന്ന സാത്താന്റെ സന്തതി.
മുറിയുടെ മൂലയിൽ ഇരുന്ന കമ്പി വടിയെടുത്ത് ഹരി അതിന്റെ തലയിൽ ആഞ്ഞടിച്ചു.
' ഹരി...എന്റെ കുഞ്ഞിനെ കൊല്ലരുതെടാ...?' ശോഭേട്ടത്തിയുടെ ശബ്ദം. ഹരി ഞെട്ടിത്തിരിഞ്ഞു നോക്കി. അനിത നിന്നിടത്ത് ശോഭേടത്തി നിൽക്കുന്നു. അനിതയെ കാണാനില്ല. ഹരി അമ്പരന്നുപോയി!
'നോ.' ഹരി കമ്പി വടി വലിച്ചെടുത്ത് ശോഭയുടെ തലയ്ക്ക് ആഞ്ഞടിച്ചു.
ഒരു കുമിള പൊട്ടിയത് പോലെ ശോഭ അപ്രത്യക്ഷയായി. 'അയ്യോ... ' നിലവിളിച്ചുകൊണ്ട് അനിത തലയിൽ കൈവച്ചു. അവളുടെ തല പൊട്ടി.
''മോളേ..
കമ്പി വടി വലിച്ചെറിഞ്ഞിട്ട് ഹരി ഓടിവന്ന് അനിതയെ താങ്ങി.
അപ്പോൾ രവി വാതിലിൽ ശക്തിയായി തളളി. വാതിൽ തുറന്നു. അയാൾ കയറി വന്നു
'ഹരി...! എന്താണ് പറ്റിയത്..? ആരാണ് നിലവിളിച്ചത്..?'
പരിഭ്രമത്തോടെ രവി തിരക്കി.
ഹരിക്ക് ശബ്ദിക്കാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
അപ്പോൾ ആ വികൃതസത്വം എവിടെനിന്നോ പാഞ്ഞു വന്ന് അനിതയുടെ തോളത്ത് പറ്റിപ്പിടിച്ചിരുന്നു.
അനിതയുടെ തലയിൽ നിന്നും ഒഴുകിയ ചോര ആ വികൃത സത്വം വലിച്ചു കുടിച്ചു. ഹരി വലിച്ചെറിഞ്ഞ ഇരുമ്പ് വടി രവി ഓടിപ്പോയി എടുത്തുകൊണ്ടുവന്ന് ആ ജന്തുവിന്റെ വായിൽ കുത്തി.
' രവീ... എന്റെ കുഞ്ഞ്...'
പിന്നിൽ നിന്നും ശോഭയുടെ ശബ്ദം കേട്ട് രവി ഞെട്ടിത്തിരിഞ്ഞു. പിന്നാലെ ഹരിയും ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടു!
ശോഭക്കൊപ്പം ജയശങ്കറും എറോക്ക് എന്ന ഭീകരനും പിന്നിൽ നിൽക്കുന്നു.
'അയ്യോ...?'
സമനില നഷ്ടപ്പെട്ടതുപോലെ ഹരി നിലവിളിച്ചു.
ഹരിയുടെ നിലവിളികേട്ട് ജലജ ഞെട്ടിയുണർന്നു. അടുത്തു കിടന്ന രവിയേട്ടനെയും കിരണിനെയും കാണാതെ വന്നപ്പോൾ അവൾ അമ്പരന്നു.
'രവിയേട്ടാ...! മോനെ...!'
ഉറക്കെ വിളിച്ചുകൊണ്ട് ജലജ എണീറ്റ് ലൈറ്റിട്ടു. കറന്റ് ഇല്ലായിരുന്നു. അവൾ എമർജൻസി ലൈറ്റുമായി വാതിൽ തുറന്നു വരാന്തയിലേക്ക് ഇറങ്ങി.
'മോനെ... ' ജലജ ഉറക്കെ വിളിച്ചതും മുകളിൽ നിന്ന് തലയിലേക്ക് എന്തോ വന്നു വീണു. ജലജ തല കുടഞ്ഞു.
ആ ഭീകര ജന്തു ജലജയെ നോക്കി പല്ലിളിച്ചു. അര ഭിത്തിയിലിരുന്ന ചെടിച്ചട്ടിയെടുത്ത് ജലജ അതിന്റെ തലക്കടിച്ചു. ചെടിച്ചട്ടി ചിതറിപ്പോയി. വികൃത ജന്തു അപ്രത്യക്ഷമായി.
'രവിയേട്ടാ...!' അവൾ ഉറക്കെ നിലവിളിച്ചു.
'അമ്മേ...'
കിരൺ മോന്റെ ശബ്ദം മുറ്റത്തുനിന്നും കേട്ടു.
ജലജ മുറ്റത്തേക്ക് ഇറങ്ങി. ജയശങ്കറിന്റെ കുഴിമാടത്തിനു മുകളിൽ കിരൺ നിൽക്കുന്നത് അവൾ കണ്ടു.
'മോനെ...' നിലവിളിച്ചുകൊണ്ട് ജലജ അങ്ങോട്ട് ഓടി.
മുറ്റത്തുനിന്ന് ജലജയുടെ നിലവിളി കേട്ട രവി അമ്പരന്നു. 'ഹരി... ജലജയുടെ കരച്ചിലാണല്ലോ..?'
അയാൾ പരിഭ്രാന്തിയോടെ താഴേക്ക് ഓടി.
'ജലജേ... ' താഴെ എത്തിയ രവി ഉറക്കെ വിളിച്ചു.
'രവിയേട്ടാ.... മോൻ..?'
മുറ്റത്തുനിന്നും ജലജയുടെ ശബ്ദം കേട്ട് രവി അങ്ങോട്ട് കുതിച്ചു. ജയേട്ടന്റെ കുഴിമാടത്തിനരുകിൽ ജലജ നിൽക്കുന്നു.
'എന്താ പറ്റിയത്..?'
'രവിയേട്ടാ... മോനെ കാണുന്നില്ല. ഞാൻ നോക്കുമ്പോൾ അവൻ ഇവിടെ നിന്ന് നിലവിളിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇവിടെ വന്നപ്പോൾ കാണാനില്ല...'
കരച്ചിലോടെ ജലജ പറഞ്ഞു.
'നീ വാ... നമുക്ക് നോക്കാം... '
ലൈറ്റ് വാങ്ങി അയാൾ ചുറ്റും നോക്കി.
'മോനെ... കിരണേ...' രണ്ടുപേരും മാറിമാറി വിളിക്കുന്നുണ്ടായിരുന്നു.
'ചിലപ്പോൾ അവൻ അകത്തു കാണും. പോയി നോക്കാം... ' രവി പറഞ്ഞു.
അവർ തങ്ങളുടെ മുറിയിലേക്ക് ഓടിച്ചെന്നു.
കിടക്കയിൽ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്ന കിരണിനെ അവർ കണ്ടു.
' മോനെ... ' ജലജ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു.
'നീ എവിടെയായിരുന്നു ഇത്രനേരം..?'
ജലജ അവന്റെ തോളത്തു കൈവെച്ചു. അവൻ മുഖം തിരിച്ചു. അവൾ ഞെട്ടിപ്പോയി. കിരണിന്റെ സ്ഥാനത്ത് ആ വികൃത ജന്തുവിന്റെ രൂപം. തലയിൽ കൊമ്പുള്ള സാത്താന്റെ സന്തതി.
'പിശാചെ ...എന്റെ മോനെവിടെ...?'
രവി അതിനെ വലിച്ചു താഴെയിട്ടു.
'അച്ഛാ...! ' കിരണിന്റെ നിലവിളി.
നിലത്തുനിന്നും ആ ജന്തു എണീറ്റു വന്നു. അത് കിരണായിരുന്നു.
'മോനെ...' ജലജ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു. 'നിങ്ങളിവിടെ ഇരിക്ക്... ഞാനിപ്പോൾ വരാം...' രവി പറഞ്ഞു.
അയാൾ ഹരിയുടെ മുറിയിലേക്ക് ചെന്നു. അവിടുത്തെ കാഴ്ച കണ്ടു രവി ഞെട്ടി വിറച്ചു. കിടക്കയിൽ മരിച്ചു കിടക്കുന്ന അനിത. താഴെ നിലത്തു അബോധാവസ്ഥയിൽ ഹരി കിടപ്പുണ്ടായിരുന്നു.
രവി ഉറക്കെ വിളിക്കുന്നത് കേട്ട് ജലജയും കിരണും അങ്ങോട്ട് വന്നു. ആ കാഴ്ച കണ്ട് അവരും ഞെട്ടിപ്പോയി! പെട്ടെന്ന് കറന്റു വന്നു.
ആ മുറിയിലെ ഭീകരമായ കാഴ്ച കണ്ട് ജലജ കണ്ണുകൾ ഇറുക്കിയടച്ചു.
രവി മേശപ്പുറത്തിരുന്ന് വെള്ളമെടുത്തു ഹരിയുടെ മുഖത്ത് തളിച്ചു. ഹരി ഞെട്ടലോടെ കണ്ണുതുറന്നു.
' അയ്യോ...' എല്ലാവരെയും പകച്ചുനോക്കി കൊണ്ടയാൾ നിലവിളിച്ചു. ഹരിയുടെ മാനസിക നിലയ്ക്ക് എന്തോ തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് അവർക്ക് തോന്നി.
ഓർക്കാപ്പുറത്ത് ഹരി ചാടി എണീറ്റു രവിയേയും ജലജേയും തുറിച്ചു നോക്കി.
പിന്നെ കിടക്കയിൽ മരിച്ചുകിടക്കുന്ന അനിതയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
'ഹരീ... മോനെ... ' രവി അയാളെ തടയാൻ ശ്രമിച്ചു.
' മാറ്...' ചെന്നായ മുരളുന്നതുപോലെ ഹരിയൊന്നമറി.
രവിയും ജലജയും കിരണും പേടിച്ചു പിന്നോട്ട് മാറി. ഹരിയുടെ കണ്ണുകളിൽ നിന്നും തീ പറക്കുന്നതുപോലെ അവർക്ക് തോന്നി.
പിറ്റേന്ന് ഉച്ചകഴിഞ്ഞപ്പോൾ തറവാട്ട് വീട്ടുവളപ്പിൽ ശോഭയുടെ ചിത എരിഞ്ഞ അതേ സ്ഥലത്ത് തന്നെ അനിതയും എരിഞ്ഞടങ്ങി.
കുറച്ചുനാളുകളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ബന്ധുക്കളെല്ലാം പേടിയോടെയാണ് സംസാരിച്ചത്. പലരും അവിടെ നിന്നും എത്രയും പെട്ടെന്ന് പോകാൻ തിടുക്കം കൂട്ടി.
ഹരി മുറിയിൽ തന്നെ ഇരിക്കുകയായിരുന്നു. അനിതയുടെ മരണം അവന് വല്ലാത്ത ആഘാതമായി പോയി. ശാരദാമ്മയും തളർന്നു കിടന്നു. ശോഭ മരിച്ചപ്പോൾ അനിത ഉണ്ടല്ലോ എന്ന സമാധാനമായിരുന്നു അവർക്ക്.
അസിസ്റ്റന്റ് എൻജിനീയർ ജോൺസൺ രവിയുടെ അടുത്തേക്ക് വന്നു.
'വീണ്ടും പഴയതെല്ലാം ആവർത്തിച്ചു. അല്ലേ... 'അയാൾ തിരക്കി.
'അതെ...ഇനി എന്റെ ഊഴം എപ്പോഴാണെന്ന് അറിഞ്ഞാൽ മതി... ' വേദനയോടെ രവി പറഞ്ഞു.
'ഹരിക്ക് എങ്ങനെയുണ്ട്..?'
'അവന്റെ മാനസികനില ആകെ തെറ്റിയിരിക്കുവാ.. '
'ഞാൻ മറ്റൊരു കാര്യം പറയാൻ കൂടിയാണ് വന്നത്. ഫാ.ഡൊമിനിക്ക് രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തും. ഞാൻ ഈ കാര്യം ഡോക്ടർ സണ്ണിയുമായി സംസാരിച്ചിരുന്നു. അയാളാണ് പറഞ്ഞത്...'
'ആ രണ്ടുദിവസം വലിയൊരു കാലയളവായിട്ടാണ് എനിക്ക് തോന്നുന്നത്. ഫാദറിന് ഞങ്ങളെ ഈ ദുർഗതിയിൽ നിന്നും രക്ഷിക്കാൻ ആകുമോ ജോൺസാ...?' മനസ്സു തകർന്ന ശബ്ദത്തിൽ രവി ചോദിച്ചു.
'നമുക്ക് ഫാദറെ വിശ്വസിക്കാം. വേറെ വഴിയൊന്നുമില്ലല്ലോ... ഏതായാലും ഡൊമിനിക്ക് വന്നാലുടൻ ഞാൻ കൂട്ടിക്കൊണ്ടു വരാം. സാറ് വിഷമിക്കാതെ... '
മുറ്റത്തുള്ള അര ഭിത്തിയിലിരിക്കുന്ന കിരൺ അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
'ഞാൻ പോട്ടെ സാറേ... '
ജോൺസൺ യാത്ര പറഞ്ഞ് തന്റെ ജീപ്പിൽ കയറി.
ആ ഥാർ ജീപ്പ് മുറ്റത്തുനിന്നിറങ്ങി മെയിൻ റോഡിൽ കയറി കുതിച്ചു പാഞ്ഞു.
ജീപ്പ് ഓടിക്കുമ്പോൾ ജോൺസന്റെ ചിന്തയും അതായിരുന്നു. ഫാദർ ഡൊമിനിക്ക് വന്നാൽ രവി സാറിന്റെ കുടുംബത്തെ രക്ഷിക്കാൻ കഴിയുമോ? ആദ്യം രാമൻകുട്ടി. പിന്നെ ശോഭ. ഇപ്പോൾ ഇതാ ശോഭയുടെ മോളും. ഇനി ഒരു ദുർമരണം പോലും സംഭവിച്ചു കൂടാ... എതിരെ വന്ന് ബസ്സിന് സൈഡ് കൊടുത്തപ്പോൾ ജോൺസന്റെ ചിന്ത മുറിഞ്ഞു.
ജീപ്പ് ചുരം ഇറങ്ങി തുടങ്ങി.
പെട്ടെന്ന് ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസിന്റെ മുകളിൽ എന്തോ വന്നു വീണു. ജോൺസൺ ഞെട്ടലോടെ നോക്കി.
ഒരു വികൃത ജന്തു. രവി സാർ പറഞ്ഞ ജന്തുവിന്റെ കാര്യം ഓർമ്മ വന്നു. അതേ വികൃതസത്വം... ജോൺസൺ വിറച്ചുപോയി. കാൽ അറിയാതെ ബ്രേക്കിൽ അമർന്നു!
(തുടരും...)
Content Highlights: Horror Novel Kadal Chekuthan Part 16
Published: 13 Nov 2026, 11:54 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented