''പാത്തു എന്തിനാ പേടിക്കുന്നത്?'', മോമു എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു: ''എനിക്ക് പാത്തുവിനെ ഒരുപാട് ഇഷ്ടമായി. പാത്തുവിന് എന്നെയും ഇഷ്ടമാണല്ലേ?''
ഒരു പാവക്കുട്ടി സംസാരിക്കുന്നത് ഞാൻ ആദ്യമായി കേൾക്കുകയാണ്.
പണ്ടൊക്കെ അമ്മൂമ്മയും ഞാനുംകൂടി കളിക്കുന്ന സമയത്ത്, എന്റെ പാവകൾക്കുവേണ്ടി അമ്മൂമ്മ കൊഞ്ചിക്കൊഞ്ചി സംസാരിക്കാറുണ്ട്. തീരേ കുഞ്ഞായിരുന്നപ്പോൾ ഞാനത് പാവക്കുട്ടിയുടെ വർത്തമാനമാണെന്ന് വിശ്വസിച്ചിരുന്നു. പിന്നീട്, അമ്മൂമ്മയാണ് അവർക്കുവേണ്ടി സംസാരിക്കുന്നതെന്ന് മനസ്സിലാക്കിയിട്ടും എനിക്കാ കളി ഇഷ്ടമായിരുന്നു.
അതുപോലെ, എന്നെ പറ്റിക്കാനായി ആരെങ്കിലും ചെയ്യുന്നതാണോ ഇതെന്നറിയാത്തതിനാൽ, ഞാൻ കുറച്ചുനേരം മിണ്ടാതിരുന്നു.
പിന്നീട്, പുതിയ പാവക്കുട്ടിതന്നെയാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.
ഒന്ന് സംശയിച്ചെങ്കിലും പതിയപ്പതിയെ ഞാനും മോമുവിനോട് സംസാരിക്കാൻ തുടങ്ങി.
''മോമു എവിടുന്നാ വരുന്നത്?''
എന്റെ ചോദ്യം കേട്ട് മോമു ചിരിക്കുകയാണ് ചെയ്തത്: ''അത് നിനക്കറിയില്ലേ? ഞാൻ വന്നത് ഡൽഹിയിൽനിന്ന്. നിന്റെ നീനമ്മായിയല്ലേ, എന്നെ അയച്ചുതന്നത്? ഉറങ്ങാൻ കിടന്നപ്പോഴേക്കും നീയെല്ലാം മറന്നോ?''
ഓ, അത് ശരിയാണല്ലോ. നീനമ്മായിയുടെ സമ്മാനമാണല്ലോ, ഈ പുതിയ പാവ.
''പക്ഷേ, നിനക്ക് സംസാരിക്കാൻ സാധിക്കുമെന്ന് അമ്മായി പറഞ്ഞിരുന്നില്ലല്ലോ?''
''അതിന് അക്കാര്യം നിന്റമ്മായിക്ക് അറിയില്ലല്ലോ? ഞങ്ങളങ്ങനെ എല്ലാവരോടും സംസാരിക്കാറില്ല. സംസാരിക്കണമെന്ന് തോന്നുന്നവരോട് മാത്രമാണ് പാവക്കുട്ടികൾ സംസാരിക്കുക. അതും രാത്രിമാത്രം. പക്ഷേ, നിങ്ങൾ കുട്ടികളൊക്കെ രാത്രിയാകുമ്പോഴേക്കും കിടന്നുറങ്ങുമല്ലോ. അതുകൊണ്ട്, ഞങ്ങൾക്കവരോട് സാധാരണ വർത്തമാനം പറയാൻ പറ്റാറില്ല,''
ഒരു പ്രത്യേക രീതിയിൽ തല കുലുക്കിക്കൊണ്ടാണ് മോമു സംസാരിക്കുന്നത്: ''എനിക്ക് പാത്തുവിനെ നല്ല ഇഷ്ടമായി. അതുകൊണ്ട്, പാത്തുവിനോട് കൂട്ടുകൂടാമെന്ന് വിചാരിച്ചു. ഞങ്ങൾ പാവകളുടെ ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ നിനക്ക് പറഞ്ഞുതരാട്ടോ,'' മോമു ചിരിച്ചുകൊണ്ട് പറഞ്ഞു.
''എങ്കിൽ, വേഗം പറയൂ. നീ പറയുന്നത് കേൾക്കാൻ എനിക്കും ഇഷ്ടമാണ്.''
''എന്തിനെക്കുറിച്ചാണ് പറയേണ്ടത്?,'' മോമു എന്നോട് ചോദിച്ചു.
''എനിക്ക് പാവക്കുട്ടികളെക്കുറിച്ച് തന്നെയാണ് അറിയേണ്ടത്,'' മോമുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
''ഞാൻ വരുന്നത് ഡൽഹിയിൽനിന്നാണെന്ന് പറഞ്ഞല്ലോ. ഡൽഹിയിൽ ഞങ്ങൾ പാവകളുടെ വലിയൊരു മ്യൂസിയമുണ്ട്.''
''പാവകളുടെ മ്യൂസിയമോ! ഞാനിതുവരെ ഇങ്ങനെയൊരു കാര്യം കേട്ടിട്ടുപോലുമില്ല.''
''ശങ്കേഴ്സ് ഇന്റർനാഷണൽ ഡോൾസ് മ്യൂസിയം എന്നാണ് അതിന്റെ പേര്. കാർട്ടൂണിസ്റ്റ് ശങ്കർ എന്ന് നീ കേട്ടിട്ടില്ലേ?''
മോമുവിന്റെ ചോദ്യം കേട്ടപ്പോഴാണ് കഴിഞ്ഞവർഷം സ്കോളർഷിപ്പ് പരീക്ഷയ്ക്കുവേണ്ടി പദ്മവിഭൂഷൺ ലഭിച്ച കാർട്ടൂണിസ്റ്റ് ശങ്കറിനെക്കുറിച്ച് കാണാതെ പഠിച്ചത് ഓർമ്മ വന്നത്.
''കേട്ടിട്ടുണ്ട്. പക്ഷേ, കൂടുതലൊന്നും അറിയില്ല,'' ഞാൻ മോമുവിനോട് സത്യം പറഞ്ഞു.
''അദ്ദേഹം സ്ഥാപിച്ചതാണ് പാവകളുടെ മ്യൂസിയം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയില്ലേ, കുട്ടികളുടെ ചാച്ചാജി? ആ ജവാഹർലാൽ നെഹ്റുവിന്റെ പ്രോത്സാഹനത്തിലാണ് കാർട്ടൂണിസ്റ്റ് ശങ്കർ ഈ മ്യൂസിയം സ്ഥാപിച്ചത്. എപ്പോഴെങ്കിലും നിനക്ക് ഡൽഹിയിൽ പോകാൻ അവസരം കിട്ടുകയാണെങ്കിൽ, നീയവിടെ തീർച്ചയായും പോകണം കേട്ടോ,'' മോമു പറഞ്ഞു.
''തീർച്ചയായും. നീ പറയാൻ തുടങ്ങിയപ്പോൾത്തന്നെ, എന്തായാലും ഡോൾസ് മ്യൂസിയം കാണണമെന്ന് ഞാനുറപ്പിച്ചിരുന്നു. അവിടെ എത്ര പാവകളുണ്ടാകും മോമൂ?''
''ഇന്ത്യയിലുള്ളതും വിദേശത്തുനിന്നുള്ളതുമായി ആയിരക്കണക്കിന് പാവകളാണ് മ്യൂസിയത്തിലുള്ളത്.''
'അതൊരു വലിയ കാഴ്ചയായിരിക്കുമല്ലോ! എന്തായാലും അവിടെ പോണം,' ഞാൻ ഉള്ളുകൊണ്ട് ഉറപ്പിച്ചു.
''നിനക്ക് ചേക്കുട്ടിപ്പാവയെക്കുറിച്ച് അറിയാമോ?''
മോമുവിന്റെ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരി വന്നു.
''പിന്നില്ലാതെ, ചേക്കുട്ടിപ്പാവയെക്കുറിച്ച് അറിയാത്ത മലയാളികളുണ്ടാകുമോ?''
എന്റെ മറുചോദ്യം കേട്ട് മോമുവിനും ചിരി വന്നു.
''പാത്തൂ, എന്നാൽ ചേക്കുട്ടിപ്പാവയെക്കുറിച്ച് നീയെനിക്ക് കുറച്ച് കാര്യങ്ങൾ പറഞ്ഞുതാ...''
''അത്, പ്രളയം വന്നപ്പോൾ ഒരുപാട് തുണികൾ നശിച്ചുപോയി. ആ തുണികൾ നന്നാക്കിയെടുത്ത് അതുകൊണ്ടുണ്ടാക്കിയ പാവകളാണല്ലോ, ചേക്കുട്ടിപ്പാവകൾ.''
''ആഹാ... പാത്തുവിന് അതെല്ലാം അറിയാമല്ലോ. കേരളത്തിന്റെ പാവയാണ് ചേക്കുട്ടിപ്പാവ, അല്ലേ പാത്തൂ...?''
''അതെയതെ,'' ഞാൻ തലയാട്ടിക്കൊണ്ട് പറഞ്ഞു.
''എന്നിട്ട്, പാത്തുവിന്റെ കൈയിൽ ഒരു ചേക്കുട്ടിപ്പാവപോലും ഇല്ലല്ലോ...''
മോമു പറഞ്ഞത് കേട്ടപ്പോൾ, ഞാനൊന്നും മിണ്ടാനാവാതെ തലകുനിച്ചിരുന്നുപോയി.
നമ്മുടെ നാട്ടിലും പുറംനാട്ടിലുമെല്ലാം പേരുകേട്ട ചേക്കുട്ടിപ്പാവയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഒരെണ്ണംപോലും ഞാൻ വാങ്ങിയില്ലല്ലോ എന്നോർത്ത് എനിക്ക് വിഷമമായി.
ഇത്തവണ ചെറിയച്ഛൻ വരുമ്പോൾ ഉറപ്പായും ഒരു ചേക്കുട്ടിപ്പാവ വാങ്ങിത്തരാൻ പറയണം.
''ഞാൻ നിന്നോട് വേറൊരു ചോദ്യം ചോദിക്കട്ടേ?''
''എന്റെ മോമൂ, നീ ടീച്ചർമാരെപ്പോലെയാണല്ലോ, എപ്പോഴും ചോദ്യംതന്നെ ചോദ്യം,'' തലയിൽ കൈ വെച്ച് ഞാൻ പറഞ്ഞു.
എന്റെ തമാശ കേട്ട് മോമുവിനും ചിരി വന്നു.
രണ്ടാളും ചിരിച്ചിരിക്കുമ്പോഴാണ് മോമു വീണ്ടും ഒരു ചോദ്യം ചോദിച്ചത്.
(തുടരും...)
Content Highlights: Interaction between Pathu and the talking doll, Momu., Introduction to Shankar's International Dolls Museum in Delhi and Chekutty dolls.
Published: 15 Nov 2026, 10:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented