
സ്ത്രീരോഗവിദഗ്ധ മെർലിൻ മാഡം രണ്ടാഴ്ച്ചയിൽ ഒരിക്കലേ കാഞ്ഞങ്ങാട്ടെ ക്ലിനിക്കിലുള്ളൂ. അതും ഉച്ച കഴിഞ്ഞ്. ഒരുപാട് തവണ വിളിച്ചു അന്വേഷിച്ചപ്പോഴാണ് ക്ലിനിക്കിലെ ലേഡി സ്റ്റാഫ് ലിമിറ്റഡ് ടോക്കണുകളിൽ ഒന്ന് മാറ്റി വെച്ചത്.
അങ്ങോട്ടുള്ള യാത്രയിലാണ് ഞങ്ങളിപ്പോൾ. ഇത്തവണ സീതയുടെ ആർത്തവവേദനയ്ക്ക് ഒരു പരിഹാരം കാണുമെന്ന ഉറപ്പിലാണ് ഞാൻ.
വേദന മാത്രമല്ലല്ലോ. ആ നേരത്തുണ്ടാവുന്ന അവളുടെ സ്വഭാവമാറ്റങ്ങൾക്കും ഒരു പോംവഴി കണ്ടേ തീരൂ. അല്ലെങ്കിൽ ഞാനെനിയും പാടുപെടും.
പിടിച്ചു നിർത്താൻ പറ്റാത്ത ദേഷ്യം. അല്ലെങ്കിൽ അലിഞ്ഞില്ലാതാവുന്ന കരച്ചിൽ.
അതല്ലെങ്കിൽ അഗ്നിപർവ്വതങ്ങളെ പോലെ ദീർഘമായ മൗനപ്പെടൽ.
ആ സമയത്ത് മുന്നിലുള്ളത് എന്റെ സീതയാണോ എന്നൊക്കെ തോന്നി പോവും.
കടുത്ത വേദന വന്നാൽ ചുരുണ്ടു കിടക്കുന്നതാണ് അവളുടെ ശീലം. വെള്ളം ഒരു തുള്ളി പോലും കുടിക്കില്ല. പശുനെയ്യൊഴിച്ച ചൂട് കഞ്ഞി കഴിക്കെന്ന് പറഞ്ഞാൽ കേൾക്കില്ല. അവളുടെ പ്രതികരണം പ്രവചിക്കാൻ പറ്റില്ല. അതുകൊണ്ട് നിർബദ്ധിക്കാറില്ല. ഇന്നലെ അവളങ്ങനെ കിടന്നു കണ്ടപ്പോൾ എനിക്ക് ആദ്യം തേരട്ടയേയും പിന്നെ അമ്മോണൈറ്റുകളെയും ഓർമ വന്നു.
അതിനൊരു കാരണമുണ്ട്. ഫോസിലുകൾ തിരയുന്ന ഒരു വ്ളോഗറെ കുറേ കാലമായിട്ട് ഫോളോ ചെയ്യുന്നുണ്ട്. മില്ല്യൺ വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന അമ്മോണൈറ്റുകളെ പറ്റിയാണ് മിക്കവാറും റീലുകൾ.
വലിയൊരു കൊഞ്ചിനെ പോലെയുള്ള ജലജീവി. അനേക കാലം അതങ്ങനെ ഫോസിലുകളായി ചുരുണ്ടിരിക്കുന്നു. അതിന്റെ സാങ്കൽപ്പിക ചിത്രങ്ങളൊക്കെ ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്. എങ്കിലും പാലിയന്റോളജിസ്റ്റായ അയാൾ സവിശേഷ ചില കല്ലുകളിൽ റോക്ക് ഹാർമ്മർ വെച്ച് തട്ടി പിളർക്കുന്നതും അതിനുള്ളിൽ ഫോസിലുകൾ തെളിയുന്നതും കാണുമ്പോൾ എനിക്കൊരു ആവേശം വരും. ദീർഘനിദ്ര കഴിഞ്ഞ് കണ്ണു തുറന്ന ഒരു കുഞ്ഞിനെ പോലെ അതങ്ങനെ ബലം പിടിക്കുന്നതായി തോന്നും.
അവളുടെ വളഞ്ഞ നട്ടെല്ലിന്റെ വരകളിൽ തടവിക്കൊണ്ട് ഇക്കാര്യം ഞാൻ സീതയോട് പറഞ്ഞു. അവൾ കുലുങ്ങി ചിരിച്ചു. ഒരു സുനാമിക്ക് തൊട്ടു മുമ്പുള്ള കടലിന്റെ പിൻവലിയൽ പോലെയാണത്. ദേഷ്യപ്പെടാൻ ഇനി ചിലപ്പോൾ സെക്കന്റുകൾ മതി. മുപ്പതും നാൽപ്പതുമടി ഉയരുന്ന തിരമാലകളെ കാത്തെന്ന മട്ടിൽ ഞാൻ സ്തംഭിച്ചിരുന്നു.
'കല്ലുകളുടെ സിസേറിയൻ...'
കടൽ പിൻവലിഞ്ഞില്ലാതാവുന്ന പോലെ അവൾ ആരോടെന്നില്ലാതെ ചിരിച്ചു.
അടിവയറനങ്ങിയപ്പോൾ എന്നെ നോക്കി.
'അമ്മോണൈറ്റുകളിപ്പോൾ ജീവിച്ചിരിപ്പുണ്ടോ?'
ദിനോസറുകൾക്കൊപ്പം അവരും മണ്ണടിഞ്ഞെന്ന് പറയാൻ തോന്നി. പക്ഷെ ഇല്ലെന്ന് മാത്രം പറഞ്ഞു.
'അമ്മോണൈറ്റുകളുടെ ഉള്ളിലും എനിക്കുള്ളത് പോലെ സ്പെഷ്യലീ മെയ്ഡഡ് ഗർഭപാത്രമുണ്ടാവും. വേദനിച്ചു വേദനിച്ചു അങ്ങനെ ഇല്ലാണ്ടായതാവും.' അവളെന്നെ ദയനീയമായി നോക്കി.
ഇനി കരച്ചിലിന്റെ ഊഴമാണ്. എന്തോ അതുണ്ടായില്ല.
വേദനകളുടെ ഏറ്റക്കുറച്ചിലിനിടെ ശ്രമപ്പെട്ടിരുന്ന് മെഫ്റ്റൽ സ്പാസിന്റെ മൂന്നാമത്തെ ഗുളികയോടൊപ്പം അവൾ ഇത്തിരി വെള്ളം കുടിച്ചു.
ഹോട്ട് ബാഗുമായി ഞാൻ തിരിച്ചു വന്നപ്പോൾ നിസ്ക്കരിക്കാനെന്ന പോലെ അവൾ കുനിഞ്ഞിരുന്നു. അന്ന് മുഴുവൻ കൊടുങ്കാറ്റും പ്രളയവും പ്രതീക്ഷിച്ചതായിരുന്നു ഞാൻ.
ധാരണകളെ തെറ്റിച്ച് സീതയങ്ങനെ വാടി കിടന്നപ്പോൾ സങ്കടം തോന്നി.
ഞാനവളുടെ വളഞ്ഞ നട്ടെല്ലിനറ്റം വീണ്ടും തടവി. പിന്നെ രണ്ട് അമ്മോണൈറ്റ് ഫോസിലുകളായി ഞങ്ങൾ നേരം വെളുപ്പിച്ചു.
നേരത്തേയിറങ്ങിയതാണ്. കാഞ്ഞങ്ങാട്ടെത്താൻ ഇനിയും സമയമുണ്ട്.
ദേശീയപാതയുടെ പണികൾ തകൃതിയായി നടക്കുന്നു. ഇടയ്ക്ക് തുറന്നു കിട്ടുന്ന നാലു വരിയിലും ഒതുക്കി വെച്ച താൽക്കാലിക റോഡുകളിലും ഒരു പസിലിലെന്ന പോലെ വണ്ടി ഓടിച്ചു. കൊവ്വലെത്തിയപ്പോൾ സീത *ഇഡുവിലേക്ക് വിരൽ ചൂണ്ടി.
'ഉറുമ്പുകളുടെ മണൽക്കൂന...'
അതിന്റെ വളഞ്ഞ രൂപം കണ്ടപ്പോൾ എനിക്കും അതുപോലെ തോന്നി.
'ഉറുമ്പുകൾ കാരണം ചെറുപ്പത്തിൽ ഒരു കുഞ്ഞു വീടിനെ ഞാൻ വയറ്റിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ട്.' സീത ചിരിച്ചു കൊണ്ട് പറഞ്ഞു.
'വീടോ? വയറ്റിനുള്ളിലോ..'
' അതേ... '
അവളുറക്കെ ചിരിച്ചു.
വീണ്ടും വേദന.
അടിവയറിന് കൈവെച്ച് അവൾ സീറ്റ് ബെൽറ്റിന് അയവു വരുത്തി.
'നന്നേ ചെറുപ്പത്തിലാണ്. നാലിലൊക്കെ പഠിക്കുമ്പോൾ. അന്ന് ഞങ്ങൾ ഓടിട്ട വീട്ടിലായിരുന്നു. ഒരു എറയം. രണ്ടെണ്ണത്തിൽ ഒന്ന് എന്റെ മുറി. കുഞ്ഞു മുറി, റെഡോക്സൈഡ് തേച്ചത്. ഒരു കട്ടിൽ. ഒരു മേശ. ജനൽ പാളികളില്ല. പകരം പ്ലാസ്റ്റിക്ക് ഷീറ്റ് വെച്ചു മറക്കും.'
സമയം ദേശീയ പാത പോലെ നിവർന്നു കിടക്കുന്നു. സീതയെ ആവോളം കേൾക്കാമെന്ന് കരുതി വീരമലയ്ക്കരികിൽ വണ്ടി ചേർത്ത് നിർത്തി. ഒരു കേക്ക് മുറിക്കുന്ന ലാഘവത്തിൽ മലയുടെ ഒരു ഭാഗം തന്നെ റോഡു നവീകരണത്തിനായി മുറിച്ചു മാറ്റിയിരുന്നു. തൂവെള്ള മണ്ണ് വീണ്ടും ഇടിഞ്ഞു പോവുന്നത് തടയാൻ ഒരു കൂട്ടം എക്സ്കലേറ്ററുകൾ മലയെ അള്ളി പിടിച്ചു കേറി നിരപ്പാക്കുന്നുണ്ട്. ആ കാഴ്ച്ചകളിൽ കണ്ണുടക്കി കുറച്ചു നേരം മിണ്ടാതിരുന്നു. അതിനിടയിൽ പറഞ്ഞു തുടങ്ങിയ കഥയെ അവൾ കാറിൽ നിന്നിറക്കി വിട്ടത് ഞാനറിഞ്ഞില്ല.
ഞാൻ സീതയോട് പറഞ്ഞു:
'തൊട്ടപ്പുറത്ത് പൂർവ്വികർ ഉറുമ്പുകളെ പോലെ ഇഡുക്കൾ ഉയർത്തി പണിതു. ഞങ്ങൾ വലിയ പൈതൃകമായി നിലനിൽക്കേണ്ട ഇത്തരം കുന്നുകൾ ഇടിച്ചു നിരപ്പാക്കുന്നു. രണ്ടറ്റത്തിരുന്ന് മനുഷ്യരിങ്ങനെ വിരോധാഭാസത്തിന്റെ വടം വലിക്കുന്നു...'
'അതേ... മുച്ചിലോട്ട് ഭഗവതിയെന്ന് പേരിട്ട ഒരു ബുൾഡോസർ വയൽ നികത്തുന്നത്രയും വലിയ ആഭാസം'
സീത വീരമലയിലേക്ക് ശ്രദ്ധിച്ചു നോക്കി.
'മെൻസ്ട്രുവൽ പെയിന് എന്നൊക്കെ പറഞ്ഞാൽ ഇതാ ഇതേ പോലെയാണ്. ആ യന്ത്രങ്ങളെ പോലെ... അതിന്റെ വലിയ കൈകൾ
പോലെ എന്തോ ഒന്ന് എന്റെ യൂട്രസിന്റെ ഭിത്തിയിൽ മാന്തിപൊളിക്കാറുണ്ട്.'
തന്റെ വേദനയെ എനിക്കു കൂടി കാണാൻ പറ്റുന്ന രീതിയിൽ വിവർത്തനം ചെയ്തപ്പോൾ അവൾക്കൊരു ആശ്വാസം തോന്നിയ പോലെ.
പിന്നെയും കുന്നിടിയുന്നത് കണ്ടു നിൽക്കാനായില്ല.
കാര്യങ്കോട് പാലം കടന്നപ്പോൾ മാത്രം ഞാൻ തൊണ്ട മുരടനക്കി. അലസമായി പാടികൊണ്ടിരുന്ന പാട്ടുകളിൽ സീത ശ്രദ്ധ ചുരുക്കിയിരുന്നു.
മെർലിൻ മാഡം സീതയുടെ കാര്യത്തിൽ അയഞ്ഞ സമീപനം കാണിച്ചു. ആർത്തവകാലത്ത് കഴിക്കേണ്ട ചില ധാന്യങ്ങളെ പറ്റിയും ഡയറി പ്രൊഡക്ട്സ് പോലെ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പറ്റിയും മാത്രം പറഞ്ഞു തന്നു. എനിക്കതിൽ നിരാശ തോന്നി. വേദന കഠിനമായി തോന്നിയാൽ കഴിക്കാൻ ചില മരുന്നുകൾ, അയേൺ ടാബുകൾ എന്നിവ പ്രിസ്ക്രൈബ് ചെയ്തു. സീതയുടെ മൂഡ് സ്വിങ്ങിനെ പറ്റി ചോദിച്ചപ്പോൾ സർവ്വം സഹിക്കാനുള്ള പ്രാപ്തി സീതാപതിക്ക് ഉണ്ടാവട്ടേയെന്ന് പറഞ്ഞ് എന്നെ അനുഗ്രഹിച്ചു.
സ്ത്രീകളുടേതായ അന്തർധാരകളെ പറ്റി എനിക്കപ്പോൾ കൂടുതൽ സംശയം തോന്നി.
തിരിച്ചു വരുമ്പോൾ സീത വീരമലക്കരികിൽ വണ്ടി നിർത്താൻ പറഞ്ഞിരുന്നു. അവിടെ നിന്നും ഇറക്കി വിട്ട കഥയെ വീണ്ടും കൈപിടിച്ചു കയറ്റി.
'ചെറുതാണെങ്കിലും ആ വീടിനെ ഞാൻ കൂടപ്പിറപ്പെന്ന പോലെ കണ്ടിരുന്നു. .ആയിടക്ക് അച്ഛൻ മറ്റെവിടേക്കെങ്കിലും വിറ്റു പോവാമെന്ന് പറഞ്ഞിരുന്നു. വെള്ളത്തിന്റെ ലഭ്യത കൊറവാണ് കാരണം. അമ്മയും അക്കാര്യം ശരി വെച്ചു. ഞാൻ സങ്കടത്തിലായി. ഒന്നു രണ്ടു ബ്രോക്കർമാര് സ്ഥലം നോക്കാൻ വന്നപ്പോൾ വീട് നഷ്ടപ്പെടുമെന്ന് എനിക്കുറപ്പായി. അന്നു രാത്രി മുറിയിലെ ചുമരിനോട് ചേർന്ന് കിടന്നു. എല്ലാരും ഉറങ്ങിയപ്പോൾ നിലാവിന്റെ നേർത്ത വെട്ടത്തിൽ ചുമരിൽ കളർ പെൻസിലിൽ ' ഇത് സീതയുടെ വീട്' എന്നെഴുതി വെച്ചു.'
സീത കാറിൽ നിന്ന് പുറത്തിറങ്ങി. വാട്ടർ ബോട്ടിലുമായി പിറകെ ഞാനും.
'അന്ന് രാത്രി എന്റെ സ്വപ്നം കണ്ടു. ഒരു കൂട്ടം ഉറുമ്പുകൾ വരി വരിയായി വന്നു. ഞങ്ങളുടെ വീടിനെ ഉയർത്തിയെടുത്ത്. എന്റെ മുക്കിലൂടെ ശരീരത്തിനകത്ത് കയറി. എന്റെ വയറിനുള്ളിൽ എവിടെയോ വീടിനെ ഭദ്രമായി ഇറക്കി വെച്ചു. ഉണർന്നപ്പോൾ വയറ്റിനുള്ളിൽ വലിയൊരു കനം തോന്നി. ആ ദിവസം മുഴുവൻ ഞാൻ അടിവയറിനെ താങ്ങി പിടിച്ചു.'
'ഇതൊക്കെ ഉള്ളതാണോ?'
എനിക്കെന്തോ പേടി തോന്നി.
'ഉള്ളതാണ്... കുറച്ച് ദിവസം കഴിഞ്ഞ് അച്ഛനും പണിക്കാരും കൂടി മുറ്റത്ത് കിണറ് കുഴിക്കാൻ തുടങ്ങി. അച്ഛൻ തന്നെയാണ് സ്ഥാനം കണ്ടത്. ചെറിയൊരു കല്ലെടുത്ത് മുകളിലേക്കിട്ടു. അത് ചെന്നു വീണിടത്ത് ഒരു കുറ്റിയടിച്ചു.
അതിനെ കേന്ദ്രമാക്കി ഒരു വൃത്തം വരച്ചു. പിന്നെ കിളച്ചു തുടങ്ങി. വളരെ കുറഞ്ഞ ആഴത്തിൽ തന്നെ ഉറവ കണ്ടു. ആർക്കുമത് വിശ്വസിക്കാനായില്ല. പിന്നീട് വീട് വിറ്റു പോവുന്ന കാര്യം ആരും മിണ്ടിയില്ല. വീടെന്റെ വയറ്റിനുള്ളിൽ തന്നെയിരുന്നു. മുറ്റത്ത് നിറയെ വെള്ളവും.'
സീത വീരമലകുന്നിനു താഴേക്ക് നടന്നപ്പോൾ ഞാനും പിറകെ ചെന്നു. യാത്ര കാരണം വൊമിറ്റ് ചെയ്യാനെന്നാണ് കരുതിയത്. പക്ഷെ അതായിരുന്നില്ല. അവൾ കളിമണ്ണ് കൂമ്പാരത്തിൽ കുനിഞ്ഞിരുന്ന് ചെറിയ മരക്കമ്പ് കൊണ്ട് എന്തോ പരതി നോക്കുകയാണ്. പിന്നെ നേർത്ത വിരലുകളിൽ എന്തൊക്കെയെ പെറുക്കിയെടുക്കുന്നത് കണ്ടു.
'നീ റീലുകളിലല്ലാതെ ഫോസിലുകൾ കണ്ടിട്ടുണ്ടോ?'
സീത ഉള്ളംകൈ തുറന്നു. സിൽവർ നിറത്തിലുള്ള ചില വസ്തുക്കൾ എന്റെ മുമ്പിലേക്ക് നീട്ടി.
'പ്രാചീനനദികളിൽ ഒഴുകി കരയിലടിഞ്ഞ സെഡിമെൻസ്'
അവളത് ടിഷ്യൂ പേപ്പറിലേക്ക് ശ്രദ്ധയോടെ ചെരിഞ്ഞ് ഡാഷ് ബോർഡിൽ വെച്ചു. കാറിന് എന്തെന്നില്ലാത്ത കനം വന്നതായി എനിക്ക് തോന്നി.
വീട്ടിലെത്തിയപ്പോൾ അവളത് കയ്യോടെ വരാന്തയിലെ അരപ്രൈസിൽ വെച്ചു.
കിടക്കാൻ നേരം വീരമലക്കുന്നിൽ മണ്ണുമാന്തി യന്ത്രങ്ങൾ പണി തുടങ്ങിയെന്ന് പറഞ്ഞ് മെഫ്റ്റൽ സ്പാസിനെ തേടി പോയപ്പോൾ അവൾക്ക് ഫോസിലുകളെ ഓർമ്മ വന്നു. വാതിലു തുറന്ന് വരാന്തയിലിറങ്ങിയ സീത ശബ്ദമുണ്ടാക്കാതെ എന്നെ കൈ കാണിച്ചു വിളിച്ചു. ഇതാ നോക്കെന്ന് ആംഗ്യം കാട്ടി.
വലിയ പറ്റം ഉറുമ്പുകൾ ഫോസിലുകളെ തുടർച്ചയായി വലം വെക്കുന്ന കാഴ്ച്ച എന്നെയും അത്ഭുതപ്പെടുത്തി. കുറേ നേരം ഞാനത് തന്നെ നോക്കി നിന്നു.
'ഇത് ഡെത്ത് ലൂപ്പാണ്...'
ആ കാഴ്ച്ച ഗൂഗിളിൽ പകർത്തി മനസ്സിലാക്കിയ ശേഷം സീത പറഞ്ഞു:' ഫിറമോണിൽ പറ്റിയ തെറ്റിദ്ധാരണയാണ്. ഈ ഉറുമ്പുകൾ ഇനി കറങ്ങിക്കോണ്ടിരിക്കും. ഒടുവിൽ ചത്തൊടുങ്ങും.'
എനിക്കെന്തോ അസ്വസ്ഥത തോന്നി. കുറച്ചു നേരം കൂടി നോക്കി നിന്നതിന് ശേഷം സീത ഉറുമ്പുകളുടെ കറക്കത്തിനിടയിൽ വിരൽ വെച്ചു. കറക്കം നിലചക്രം പോലെ ചിതറി തുടങ്ങി. ഗതി മനസ്സിലാവാതെ ഉറുമ്പുകൾ പല ഭാഗത്തേക്കായി പിരിഞ്ഞു പോയി. സീത ഫോസിലുകളെ ഗ്ലാസ് ബോട്ടിലിൽ ഇറക്കി വെച്ച് ബെഡ്റൂമിലെ ഡ്രോയറിൽ വെച്ചു.
അന്ന് രാത്രി വേഴ്ച്ചക്കിടെ അമ്മോണൈറ്റുകളെ മനഃപ്പൂർവ്വം ഓർത്തെടുത്ത് ഞാൻ സ്ഖലനം വൈകിപ്പിച്ചു. പിന്നെ അങ്ങനെ ചെയ്തതിൽ എനിക്കെന്തെന്നില്ലാത്ത കുറ്റബോധവും തോന്നി. തളർന്ന് ഉറക്കം പുരണ്ട് തുടങ്ങിയ നേരം ശ്വാസോച്ഛാസം നേർപ്പിച്ച് സീത പറഞ്ഞു:'നീ അമ്മോണൈറ്റുകളെ ഓർത്തനേരം എന്റെ ഉള്ളിൽ ഒരു പറ്റം ഉറുമ്പുകൾ വീരമലയിലേക്ക് കയറി പോയി.'
അന്ന് ഉറക്കം എന്നെ തൊട്ടതേയില്ല.
പക്ഷെ സ്വപ്നം ഉറക്കം വിട്ട് പുറത്തേക്കിറങ്ങിയിരുന്നു.
പുലർന്നതേയുള്ളു. നാലാം ക്ലാസുകാരിയുടെ ഉറുമ്പുകൾ വന്നെന്നും വീരമലക്കുന്നിനെ വളരെ എളുപ്പം അടിവയറ്റിനുള്ളിൽ നീക്കി വെച്ചിട്ടുണ്ടെന്ന് സീത കളി പറഞ്ഞു. ഇതാ തൊട്ട് നോക്കെന്നും പറഞ്ഞ് അവളന്റെ കൈ പിടിച്ചു വെച്ചു. നേർത്ത പൊള്ളലിൽ ഞാൻ കൈ പിൻവലിച്ചു.
അന്നു തന്നെ ഫോസിലുകൾ സൂക്ഷിച്ച ഗ്ലാസ് ബോട്ടിൽ ബെഡ്റൂമിൽ നിന്നും ഞാൻ പുറത്ത് കടത്തി. അക്കാര്യം മനസ്സിലായെങ്കിലും സീത ഒന്നും പറഞ്ഞിരുന്നില്ല.
2
വളരെ നാളുകൾക്ക് ശേഷം തൊടിയിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞങ്ങൾ.
ഇടത്തട്ട് കഴിഞ്ഞ് വരമ്പിലൂടെ വയലിന്റെ മറുകരയാണ് ലക്ഷ്യം. തുമ്പപ്പൂക്കൾ പറിച്ചെടുത്ത് ഉള്ളം കയ്യിൽ അടുക്കി വെച്ചു കൊണ്ടും മറ്റും അവൾ ഭൂതകാലത്തിൽ നിന്നും 'ഒന്നാനാം കൊച്ചു തുമ്പി'യെ മേഘവിസ്താരങ്ങൾ കുറഞ്ഞ ആകാശത്ത് പാറി കളിപ്പിച്ചു. പാട്ടിന്റെ ഈണത്തിൽ അടുക്കി വെച്ച വരികൾ ഞാനും മനസ്സിൽ ഈർന്നു തുടങ്ങി.
മന്ദം മന്ദമുള്ള ചുവടുകൾക്കിടയിൽ പെട്ടന്നായിരുന്നു നിലവിളി കേട്ടത്. നോക്കിയപ്പോൾ സീത പിറകോട്ട് ഓടുന്നു. ഞെട്ടലോടെ രണ്ടു ചുവട് ഞാനും ചാടി നിന്നു.
നിത്യ സാധാരണമായ ശംഖുവരയൻ, സോ സ്കയിൽഡ് വൈപ്പറെന്ന ചുരുട്ട.
അതല്ലെങ്കിൽ കല്ലിടമ്പിൽ നിന്ന് അപൂർവ്വമായി താഴേക്കിറങ്ങുന്ന മൂർഖൻ.
അതുമല്ലെങ്കിൽ ത്രികോണത്തലയൻ മണ്ഡലി. മഞ്ഞചേരയാണെങ്കിൽ ഇപ്പോൾ കാടിളക്കി ഇഴഞ്ഞേനെ.
പ്രയോഗിക്കാൻ അല്ലെങ്കിൽ കൂടി നേർത്ത് നീണ്ട ഒരു വടി കൊത്തിയെടുത്ത് ഞാൻ കാട്ടുപൊന്തയെ ലക്ഷ്യമാക്കി നീങ്ങി. പതിയെ ഇലകളെ മാടി മാടി നോക്കി തുടങ്ങി.
'മണ്ണിലല്ല മുകളിൽ... മുകളിൽ....'
സീത എങ്ങോട്ടോക്കെയോ വിരൽ ചൂണ്ടി.
'മുകളിലെന്താണ്? ഇനി പച്ചോല പാമ്പാണോ?'
ഞാൻ തികഞ്ഞ അവധാനതയോടെ കൃഷ്ണമണികളെ ഒരു ഇഴച്ചലിലേക്കോ പതുങ്ങലിലേക്കോ ചലിപ്പിച്ചു.
വലിയ ശ്രമത്തിനൊടുവിൽ ശ്വാസം ക്രമപ്പെടുത്തിയ ശേഷം അറച്ചറച്ചു നോക്കിയും ചൂണ്ടിയും സീത
ഉറുതൂക്കിവള്ളിയിൽ ഒരു പുഴുവിനെ കാണിച്ചു തന്നു. പുഴു അതിന്റെ ഇലകൾ ശ്രദ്ധാപൂർവ്വം തിന്നുകയാണ്.
'ഇത് ഗരുഡശലഭത്തിന്റെ ലാർവ്വയല്ലേ?'
ഞങ്ങളെ കേട്ടന്ന മട്ടിൽ കുണുങ്ങി കുണുങ്ങി പുഴു ആശ്ചര്യത്തോടെ തല ഉയർത്തി.
'ഇത് വളർന്നാൽ മുറ്റത്തെ കൃഷ്ണകിരീടത്തിന് ചുറ്റും ഓറ പോലെ പാറി കളിക്കും.'
പുഴുവിനെ വിശദമായി കാണിക്കാനും പരിചയപ്പെടുത്താനും കൈ പിടിച്ചു വലിച്ചപ്പോൾ സീത കുതറി. അവളുടെ മുഖത്തെ വെളിച്ചം പതിവില്ലാതെ കെട്ടു.
പിന്നീടുള്ള പല പല സന്ദർഭങ്ങളിൽ സീതയുടെ നിലവിളിയും തിരിഞ്ഞോട്ടവും പതിവായി.
പൂന്തോട്ടത്തിൽ നിന്ന്... അയയിലുള്ള അലക്കിയ തുണികൾ ചേർത്ത് പിടിച്ച് വീട്ടിലേക്ക്...അയൽ വീട്ടിലേക്കുള്ള വഴികളിൽ നിന്ന്...
'എങ്ങോട്ട് തിരിഞ്ഞാലും പുഴുക്കളാണ്'
പൊറുതി മുട്ടിയ സീത എന്റെ കൈത്തണ്ടയിൽ കിടന്ന് പറഞ്ഞു.
'നമുക്കെവിടെങ്കിലും മാറി താമസിച്ചാലോ...'
നിനക്ക് പൂക്കളെ ഇഷ്ടമാണോ?
അവളെ വലിച്ചടുപ്പിച്ച് ഞാൻ ചോദിച്ചു.
'അതേ...'
'പൂമ്പാറ്റകളെ?'
'അതേ... '
അവൾ കൂട്ടി ചേർത്തു:'നീലക്കടുവയും ബുദ്ധമയൂരിയും വിലാസിനിയും... എനിക്കിഷ്ടം തന്നെ...
അതിനേക്കാളേറെയിഷ്ടമാണ് വെങ്കണനീലി. മരങ്ങളിൽ ഇഷ്ടമരം വെങ്കണ തന്നെ. പക്ഷെ ഈ സീസണിൽ നൂല് കെട്ടിയിറങ്ങുന്ന പുഴുക്കളെ കണ്ടാൽ ഭൂമി പിളർന്നു പോവാൻ തോന്നിപ്പോവും.'
അതോർത്തെന്ന മട്ടിൽ സീത കമ്പിളി പുതപ്പ് കുടഞ്ഞ് മാറ്റി.
'വീരമലയെ അടിവയറ്റിലാക്കിയവളല്ലേ.. എന്നിട്ടാണോ പുഴുക്കളോട് വെറുപ്പ്?'
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
ദീർഘമായ നോട്ടത്തിന് ശേഷം അവൾ തിരിഞ്ഞു കിടന്നു. അതും പോരാഞ്ഞ് സൗകര്യത്തിൽ ഇത്തിരി കൂടി നീങ്ങി കിടന്നു.
അപ്രതീക്ഷിതമായി സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ പിന്നീടും ജീവിതത്തെ അസന്തുലിതപ്പെടുത്തുമെന്ന് മറ്റൊരു സന്ദർഭത്തിൽ എനിക്ക് ബോധ്യപ്പെട്ടു.
2
മറ്റൊരിക്കൽ വീട്ടിലേക്കുള്ള മടങ്ങി വരവ്. അവളാണ് ബൈക്കോടിച്ചത്. കാരണമില്ലാത്ത ആഹ്ലാദത്തിൽ ഞാനവളെ ചേർന്നിരുന്നു.
അവളുടെ മുടിയിഴകൾ തിരമാലകളെന്ന കണക്കെ എന്റെ മുഖത്ത് വീശിയടിച്ചു. പിന്നോട്ടായുന്ന കാറ്റിൽ അവളുടെ മണം എന്റെ നാസികയെ കൂടുതൽ വിടർത്തി.
മഴ മാറി വെയിൽ ചാഞ്ഞ സമയം. റോഡിൽ ചെറുജീവികൾ ആദ്യമേ കണ്ടു തുടങ്ങി.
ഈയലുകൾ ഞങ്ങളുടെ മുഖത്ത് തട്ടി തെറിച്ചു പോയി. തുമ്പികൾ വെയിലിൽ താണും ഉയർന്നും പാറുന്നു. വയലിനടുത്തപ്പോൾ വലിയ തവളകൾ ഞങ്ങളുടെ വരവ് കണ്ട് നെഞ്ച് വിരിച്ചു നിന്നു. തവളകളെ തൊടാതെ സമർത്ഥമായി സീത വണ്ടി വെട്ടിച്ചു. തേരട്ടകൾ വളരെ പതിയെ റോഡ് മുറിച്ചു കടക്കുന്നത് ഞങ്ങൾ ദൂരെ നിന്നേ കണ്ടു. റെയിൽവേ ക്രോസ്സ് ഉണ്ടെന്നും ഇന്റർസിറ്റി കുതിച്ചു പോവുന്നുണ്ടെന്നും ഞാൻ തമാശ പറഞ്ഞു.
തൊട്ടടുത്തെത്തുമ്പോൾ അക്കാര്യം ഗൗരവത്തോടെ ആവർത്തിച്ചു.
'സീതേ...ശ്രദ്ധിച്ച്...'
അവളതൊന്നും കേട്ട മട്ടില്ല.
ഇഴഞ്ഞു നീങ്ങുകയായിരുന്ന തേരട്ടകളെ സെലക്റ്റീവ് ആയി മാത്രം അവൾ കൊല്ലുന്നത് എനിക്കാദ്യം മനസ്സിലായതേയില്ല. മറ്റേതോ ലോകത്തിലെന്ന പോലെ ഒരു ദയയുമില്ലാതെ ഓരോന്നിനു മുകളിലൂടെയും വണ്ടി കയറ്റുന്നു.. ഞെരിഞ്ഞമരുന്ന ശബ്ദം. ഒരു മുഴക്കം പോലെ അതുള്ളിൽ വീണ്ടും അലയടിച്ചു. അതെന്നെ കൂടുതൽ ചൊടിപ്പിച്ചു.
ഞങ്ങൾ വാക്കുതർക്കങ്ങളിൽ പെടുകയും പിന്നീടതൊരു സങ്കീർണ്ണ പ്രശ്നമായി മാറുകയും ചെയ്തു. അന്ന് അത്താഴ പട്ടിണിയിലും കിടപ്പറയിലെ തിരിഞ്ഞു കിടത്തത്തിലും കലാശിച്ചു.
ഇരുട്ടിൽ ദീർഘനേരത്തെ മൗനപ്പെടലിന് ശേഷം അവൾ എണീറ്റ് സ്വിച്ചിട്ടു. വെളിച്ചം എന്റെ കണ്ണു ചിമ്മിച്ചു. പിന്നെ
സീതയുടെ ഏങ്ങലടിച്ചുള്ള കരച്ചിലാണ് കേട്ടത്. അത് തീരും വരെ ഞാനവളെ ചേർത്തു പിടിച്ചു.
പിന്നെയുള്ള രണ്ടു മാസക്കാലം അവൾ മെൻസസ് ആയില്ല. ഞാനതിനെ പറ്റി വെറുതേ ചോദിച്ചിരുന്നു. ഒരു ദിവസം ബാത്ത് റൂമിൽ നിന്നിറങ്ങി വന്ന സീത എന്റെ കൈകൾ വലിച്ചു നീട്ടി. രണ്ടു വരകൾ വീണ പ്രഗ്നൻസി കിറ്റ് അവളെന്റെ ഉള്ളം കയ്യിൽ വെച്ചു തന്നു.
ദീർഘമായ കാത്തിരിപ്പിലായിരുന്നു ഞങ്ങൾ.
ആദ്യ ചെക്കപ്പും കഴിഞ്ഞ് മടങ്ങി വരുമ്പോൾ അവളുടെ നിർബദ്ധത്തിന് വഴങ്ങി ഒരു നേഴ്സറിയിലേക്ക് വണ്ടി ഓടിച്ചു കയറ്റി.
അവൾ തന്നെ ഒരു നാരകതൈ വാങ്ങി വണ്ടിയിൽ കയറ്റി.
സീത തൂമ്പയും പിടിച്ച് തൊടിയിലിറങ്ങുന്നതും ഒരു കുഴിയെടുത്ത് വളമിട്ട് നാരകതൈ നടുന്നതും ഞാൻ കൗതുകത്തോടെ നോക്കി.
അവളതിനെ നന്നായി പരിപാലിച്ചു. ഞാനവളെ നാരകക്കാളിയെന്ന് കളിയായി വിളിച്ചു.
പിന്നെയത് ശീലമായി.
നാരകച്ചെടി അരയോളം ഉയരത്തിൽ പടർന്നിറങ്ങിയപ്പോൾ മഴ തെളിഞ്ഞ് വെയിലിറങ്ങി.
പിറകെ മഞ്ഞുകാലം വന്നു.
മകരക്കുളിരിൽ ഒരു പുലർച്ചെ സീത നിറവയറുമായി മുറ്റത്തിറങ്ങി. തൊടിയിലെ ചില പൂക്കൾ പറിച്ചെടത്ത് വാസനിച്ചു. പിന്നെയത് മുടിയിൽ ചൂടി. സീതയെ തൊട്ടടുത്ത് കിട്ടിയപ്പോൾ ഞാനവളുടെ ഉള്ളം കൈ മണത്ത് നോക്കി. നാരകം ഞെരടിയ വാസന...
'നാരകക്കാളി...' ഞാനവളുടെ ചെവിയിൽ ചുംബിച്ചു.
വൈകീട്ട് വരാന്തയിലിരുന്ന് പാട്ട് കേൾക്കെ സീത ഇതാ നോക്കെന്നും പറഞ്ഞ് മൊബൈൽ നീട്ടി. സീത നട്ട
നാരകത്തിന്റെ ഇലകളിൽ ഇഴയുന്ന ലാർവ്വകളുടെ ചില ഫോട്ടോകൾ. പോയി നേരിട്ട് നോക്കെന്ന് നിർബദ്ധം പറഞ്ഞപ്പോൾ ഞാനവളെയും കൂട്ടി. ഇലകളിൽ ഒരു പ്യൂപ്പയെ കണ്ടപ്പോൾ അവളെന്റെ തോളിലേക്ക് ചാഞ്ഞു.
രാത്രി. സീത മറന്നെന്ന് കരുതിയ ഫോസിലുകളുമായി സോഫയിലിരുന്നു. ചില്ലു ബോട്ടിൽ വെളിച്ചത്തേക്ക് ഉയർത്തി. അവളതിനെ പലമട്ടിൽ കാണുകയായിരുന്നു. ശേഷം അതിനെ വയറിലേക്ക് അമർത്തി പിടിച്ച് കുറേ നേരം കണ്ണടച്ചിരുന്നു.
ഒരു കട്ടുറുമ്പിന് തൊടിയിൽ നിന്നും മുറ്റം കടന്ന് പടികൾ കയറി വാതിൽ കടന്ന് മുറിയിലേക്ക് വരാനുള്ളത്ര സമയമാണതെന്ന് സീതയ്ക്ക് നിശ്ചയമുണ്ടായിരുന്നു.
കട്ടുറമ്പ് സീതയുടെ കാലരികിലെത്തി. അതിന്റെ നേർത്ത കൊമ്പുകൾ അവളുടെ ചൂണ്ടു വിരലിൽ തൊട്ടതും വന്യമായ വീരമലക്കുന്നിൽ നേർത്ത ഉറവ പൊടിഞ്ഞു തുടങ്ങി.
* ഇഡു - ചില മുണ്ട്യക്കാവുകൾക്ക് മുമ്പിൽ നിർമിച്ച വലിയ മൺനിർമിതി.
Published: 15 Oct 2026, 05:06 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented