
'ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല' എന്ന് വിശ്വസിച്ചിരുന്ന ജോസഫ് ഇടമറുക് കോട്ടയത്തു താമസിക്കുമ്പോള്‍ തിരുനക്കരയില്‍ ഞങ്ങളുടെ അയല്‍വാസിയായിരുന്നു. ഞാനന്ന് സ്കൂളില്‍ പഠിക്കുന്ന കാലം. ഇടമറുക് എന്റെ അച്ഛനെക്കാണുവാന്‍ പലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നു. അച്ഛനാകട്ടെ ജീവിതത്തില്‍ നാല്പതുകൊല്ലത്തിലേറെ ഒരുദിവസവും തെറ്റാതെ രാവിലെ മൂന്നരയ്ക്കെഴുന്നേറ്റ്, കുളിച്ച്, തിരുനക്കര അമ്പലത്തില്‍ നിര്‍മ്മാല്യദര്‍ശനം നടത്തിയ ഒരാള്‍. എനിക്കെപ്പോഴും അതിഭൗതികമായ ഒരു കൗതുകമുണ്ടായിരുന്നു അവര്‍ തമ്മിലുള്ള കുശലസംഭാഷണം കാണാന്‍. ഒരിക്കല്‍ ഇടമറുക് വീട്ടില്‍ നിന്ന് പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ അച്ഛനോട് ചോദിച്ചു, 'ഇടമറുകിനെക്കുറിച്ച് എന്താണഭിപ്രായം?' അദ്ധ്യാപകനായിരുന്ന അച്ഛന് സ്വതസിദ്ധമായ സമശീതോഷ്ണാവസ്ഥയില്‍ നിന്നുകൊണ്ടു പറഞ്ഞു, 'എന്തൊരു നല്ല മനുഷ്യന്. തിരുനക്കരയപ്പന് ജീവിക്കാനായി അദ്ദേഹത്തിന് ഈ വഴിയാണ് കാണിച്ചുകൊടുത്തത്'. ആ പ്രതികരണത്തില്‍ നിഷേധഹാസത്തിന്റെ പുളി എനിക്കനുഭവപ്പെട്ടു.

'അവിശ്വാസി'യായിക്കഴിഞ്ഞിരുന്ന എന്നെ ഒന്ന് പ്രകോപിപ്പിക്കുവാന്‍ കൂടിയാണ് അച്ഛന് അങ്ങനെ പറഞ്ഞതെന്നും എനിക്കറിയാമായിരുന്നു. അച്ഛന് ഫലിതരൂപത്തില്‍ എന്നെ പ്രകോപിപ്പിക്കുവാന്‍ വേറൊരവസരത്തിലും ശ്രമിച്ചിട്ടുണ്ട്. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങള്‍ അച്ഛന് വാങ്ങിവന്നപ്പോള്‍ അതിന്റെ കൂടെ ഒരു പൊതിയും കൂടി എനിക്കുതന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ അച്ഛന് പറഞ്ഞു, 'നല്ല പുസ്തകമാണ്. എനിക്കറിയാം നീ ഇത് ഉടന്‍ വായിക്കാന്‍ തുടങ്ങുമെന്ന്. ഒരു നല്ല കാര്യം ചെയ്യുന്നതിനു മുന്‍പേ പെരുന്ന സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഉണ്ണിയപ്പം കഴിക്കുന്നത് നല്ലതാണ്.' വിശ്വാസിയെ ശാസ്ത്രീയയുക്തിയാല് നേരിടാന്‍ പോകരുത്. ഏറ്റവും ആദിമമായ ഭയങ്ങളുടെ ഉലയില്‍ ഊതിക്കാച്ചിയ നിശ്ചയങ്ങളുണ്ട് വിശ്വാസിയുടെ ആവനാഴിയില്‍. ഇടമറുകിനെ വരെ ഉള്‍കൊള്ളാന്‍ ആ നയതന്ത്രപാരമ്പര്യത്തിനറിയാം.
ഇങ്ങനെയൊരു ആമുഖത്തോടെ ഈ ലേഖനം തുടങ്ങാനുള്ള കാരണം ഉത്തര്‍പ്രദേശിലെ ഹാഥ്റസിൽ ജൂലായ് രണ്ടാം തീയതി ഭോലേ ബാബ എന്ന ആള്‍ദൈവത്തെ കാണുവാനുള്ള തിക്കിലും തിരക്കിലും പെട്ട് 121 പേര് കൊല്ലപ്പെട്ടതാണ്. എന്നാല്‍ ഈ ലേഖനം എഴുതിയേ തീരൂ എന്ന് ഞാന്‍ തീരുമാനിച്ചത് ഈ ആള്കൂട്ടമരണത്തിന് പന്ത്രണ്ടുദിവസത്തിനുശേഷം ജൂലായ് പതിനാലാം തീയതി, പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന അതേ ആള്‍ദൈവത്തിന്റെ പിറന്നാളിന് മിയാന്പുരിയിലെ ആശ്രമത്തില്‍ ഭക്തജനങ്ങള്‍ ബാബയെ കാണാനാഗ്രഹിച്ച് എത്തിച്ചേര്‍ന്നതാണ്. ആളുകള്‍ മരിച്ചത് അവരുടെ കര്‍മ്മഫലമെന്നും ഭോലേ ബാബയ്ക്ക് തെറ്റുപറ്റില്ല എന്നും ആളുകള്‍ വിശ്വസിക്കുന്നതിനെ ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ പോയാല്‍ നാം എവിടെയും എത്തില്ല. സാമൂഹ്യശാസ്ത്ര പരീക്ഷയിലെ ചോദ്യത്തിന് ശാസ്ത്രസാഹിത്യം കൊണ്ട് മറുപടി പറയാന്‍ കഴിയില്ലല്ലോ.
ആള്‍ദൈവങ്ങള്‍ എന്നുമുണ്ടായിട്ടുണ്ട്. അവരില്‍ രണ്ടുതരമുണ്ട്. രണ്ടുപേരും അതിഭൗതികമായ ഭാഷയില്‍ ലോകത്തെ വിശദീകരിക്കുന്നവരാണ്. മായാനദിയില്‍ ഒരു തോണിയാത്രപോലെ നമുക്ക് തോന്നും, രണ്ടുതരക്കാരുടെ ഭാഷയും. ഒരുദാഹരണം ഞാന്‍ പറയാം- ' സന്തോഷിക്കുക എന്നത് മനുഷ്യന്റെ പ്രകൃതമാണ്. അതിനാല്‍ സന്തോഷം തേടുന്നതില്‍ തെറ്റില്ല. തെറ്റ് എവിടെയാണെന്നു ചോദിച്ചാല്‍ നിങ്ങളുടെ ഉള്ളില്‍ ഉള്ളതിനെ വൃഥാ പുറത്തു തേടുമ്പോഴാണ്'. ഈ വാക്കുകള്‍ രമണ മഹര്‍ഷിയുടേതാണ്. എന്നാല്‍ ഇതേ ഭാഷയില്‍ തന്നെയാണ് ആള്‍ദൈവ കമ്പോളത്തിലെ അണിഞ്ഞൊരുങ്ങിയ സദ്ഗുരുക്കന്മാരും സംസാരിക്കാറുള്ളത്. എന്നാല്‍ രണ്ടുപേരും തുല്യരാണോ? അല്ലതന്നെ. അപ്പോള്‍ എന്തുപറഞ്ഞു എന്നുള്ളതിനേക്കാള്‍ പ്രാധാന്യം ആരുപറഞ്ഞു എന്നതിനാണ്.

ഭോലെ ബാബ വെള്ള വസ്ത്രം മാത്രമേ ധരിക്കൂ. ആള് ദൈവമാണെങ്കിലും ഹിന്ദു സന്യാസിമാരുടെ വസ്ത്രശൈലിയേ ബാബയ്ക്ക് ഇല്ല. വെള്ളനിറമുള്ള പാന്റ്സും ഷര്‍ട്ടും കോട്ടും, വെളുത്ത ഷൂസും, വെളുത്ത ആഡംബരകാറും. അദ്ദേഹം പോകുന്ന കാറിന്റെ ചക്രങ്ങളില്‍ നിന്നും തെറിക്കുന്ന പൊടിയ്ക്ക് ദിവ്യശേഷിയുണ്ടെന്ന് കരുതി ഓടിയവരാണ് മാരകമായ തിരക്കില്പെട്ടു ശ്വാസം മുട്ടി മരിച്ച നൂറ്റിയിരുപതുപേരും. ഒരു പ്രാണായാമവും ആ സമയത്ത് പ്രാണവായു ആയില്ല. സോഷ്യല്‍ മീഡിയ വഴിയല്ല ഭോലെ ബാബ ആള്‍ദൈവമായത്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ പറഞ്ഞുപറഞ്ഞാണ് അയാള്‍ ദൈവമായത്. കെ. ജി ശങ്കരപ്പിള്ളയുടെ കവിതയില്‍ പറയുമ്പോലെ 'കണ്ടുകണ്ടാണ് കടലിത്ര വലുതായത്.' കൂനുള്ളവര്‍ നിവരുന്നു. അന്ധന് കാഴ്ച കിട്ടുന്നു. അപസ്മാരം അകന്നു പോകുന്നു. വിവാഹം നടക്കുന്നു. വിവാഹമോചനം ഒഴിവാകുന്നു. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നു. അപകടം ഒഴിവാക്കാന്‍ തീവണ്ടികളെ മസ്തിഷ്ക്കതരംഗങ്ങളിലൂടെ നിര്‍ത്തുന്നു. ബാബാമാരുടെ അത്ഭുതവിളക്കിനെക്കുറിച്ച് ലക്ഷക്കണക്കിന് ആളുകള്‍ പറഞ്ഞുപറഞ്ഞ് കടല്‍ ഇത്ര വലുതാകുന്നു. കുറ്റം തെളിയിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ആസാറാം ബാപ്പുവിനും ഗുര്‍മീത് റാം റഹീം സിങ്ങിനും വിശ്വാസികള്‍ ഇന്നും കുറഞ്ഞിട്ടില്ല.
ആള്‍ദൈവങ്ങള്‍ ആധുനിക നാഗരിക മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് അതിഭൗതികഭാഷയില് വിശദീകരണം നല്കുമ്പോള് ഭാഷാലീലയെക്കുറിച്ച് ഏറ്റവും ആധികാരികമായി ചിന്തിച്ച ദാര്ശനികന് വിറ്റ്ഗെന്സ്റ്റെയ്നെ ഓര്‍മ്മ വരും. എനിക്കുണ്ടായ ഒരു രസകരമായ അനുഭവം പറയാം. ഞാന്‍ കോഴിക്കോട്ടുണ്ടായ വര്‍ഷങ്ങളില്‍ (1985- 1987) ജി. എന്‍ പിള്ളയുടെ വീട്ടില്‍ പോകുന്ന പതിവുണ്ടായിരുന്നു. ഭാഷയുടെ ലീലാപ്രകാശത്താല് ആളെക്കുടുക്കാന് മികവുണ്ടായിരുന്നു പിള്ളസ്സാറിനും. ജിദ്ദു കൃഷ്ണമൂര്‍ത്തി മരിച്ച ദിവസം ഞാന്‍ ജി. എന്‍ പിള്ളയുടെ അടുത്തുപോയി. മരണവാര്‍ത്ത പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, 'പാശ്ചാത്യ നാഗരിക ദമ്പതിമാര്‍ക്ക് തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ വൈകുന്നേരം ഒരുമിച്ചൊരോ ഡ്രിങ്ക് കഴിച്ചാല്‍ അതങ്ങുതീരുന്നതുപോലെ, അവരുടെ ആധുനികജീവിതപ്രശ്നങ്ങള്ക്ക് കൃഷ്ണമൂര്‍ത്തിയുടെ ഭാഷ ഒരു ലഹരി നല്കി. അതില്‍ കൂടുതലൊന്നുമില്ല. അത് തത്വചിന്തയാണൊന്നൊന്നും നീ തെറ്റിദ്ധരിക്കരുത്. ഇത്തരം ആളുകള്‍ വളര്ത്തുനായകളെപ്പോലെയാണ്, കാവലിന് കൊള്ളില്ല'. പിള്ളസ്സാറിന്റെ ഇടതുവശത്തെ കസേരയില്‍ ഇമ്മാനുവല്‍ കാന്റിന്റെ കൃതികള്‍ ഇന്നലെ വായിച്ചതുപോലെ കിടപ്പുണ്ടായിരുന്നു.
ആള്ദൈവങ്ങള്ക്കുള്ള ഏറ്റവും നല്ല പാഠം ഒരിക്കല്‍ പറഞ്ഞത് നാരായണഗുരുവാണ്. വീട്ടിലെ കുട്ടിച്ചാത്തന്റെ ആക്രമണം നില്ക്കാന് ഗുരുദേവന് എന്തെങ്കിലും ചെയ്യണമെന്ന് ഒരു പാവം 1921-ല്‍ ചെന്നുപറഞ്ഞപ്പോള്‍, ഞാന്‍ പറഞ്ഞാലൊക്കെ കുട്ടിച്ചാത്തന് കേള്‍ക്കുമോ എന്നു ചോദിച്ചു. കേള്‍ക്കും എന്ന് വിശ്വാസി പറഞ്ഞപ്പോള്‍, എന്നാല്‍ ഞാന്‍ കുട്ടിച്ചാത്തന് ഒരു കത്തുതരാം, കൊടുക്കൂ എന്ന് ഗുരു പറഞ്ഞു. കത്തിതായിരുന്നു.
'ശ്രീ കുട്ടിച്ചാത്തനാറിയുവാന്, ഈ കത്തുകൊണ്ടുവരുന്ന പേരയ് രായുടെ വീട്ടില്‍ മേലാല്‍ യാതൊരുപദ്രവവും ചെയ്യരുത്. എന്ന്, നാരായണഗുരു'
ഗുരുവിനറിയാമായിരുന്നു കുട്ടിച്ചാത്തന് ഇല്ല എന്നും, ഉണ്ടെങ്കില്‍ തന്നെ അദ്വൈതപദ്ധതിയില് എല്ലാം ഒന്നാണെന്നും. എന്നാല്‍ വിശ്വാസിയും ഗുരുവും തമ്മില്‍ ഒരന്തരമുണ്ട് എന്നും അദ്ദേഹത്തിനറിയാമായിരുന്നു. മറ്റൊരുദാഹരണം കൂടി പറയാം. ഒരിക്കല്‍ രാമകൃഷ്ണ പരമഹംസന് പറഞ്ഞതാണ് . 'ഹനുമാന് ശ്രീരാമനെ വിശ്വസിച്ച് ഒരു ചാട്ടം, കടല്‍ കടന്ന് ലങ്കയില്‍ ചെന്നു. പക്ഷേ പാവം ശ്രീരാമന് പാലം പണിയേണ്ടിവന്നു.'

പരമഹംസരും പരമഹിംസയും വിപരീതധ്രുവങ്ങളിലാണ്. ഹാഥ്റസില്‍ ആള്ദൈവത്തെക്കാണാന് പോയ നൂറ്റിയിരുപതു പേര് തിക്കിലും തിരക്കിലും മരിച്ചു എന്നറിഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് തൊള്ളായിരം പേരെക്കൊണ്ട് ആത്മഹത്യ ചെയ്യിച്ച ഒരാള്ദൈവം കടന്നുവന്നു. ഭോലേ ബാബയെപ്പോലെ കോട്ടും സൂട്ടും കൂളിംഗ് ഗ്ളാസ്സും ധരിച്ചിരുന്ന ജിം ജോണ്‍സിന്റെ മുടി പോലും ഭോലേ ബാബയുടേതുപോലെ ആയിരുന്നു. ജിം ജോണ്‍സ് ക്രിസ്തുവിന്റെ മന്ത്രിയാണെന്ന് ആവേശകരമായ സുവിശേഷപ്രസംഗങ്ങളിലൂടെ പറഞ്ഞുകൊണ്ടേയിരുന്നു. അമേരിക്കയില്‍ ആള് ദൈവമായി മാറി, 1955-1978 കാലത്ത്. Peoples Temple എന്ന സ്വതന്ത്രപള്ളി ഉണ്ടാക്കി. അപ്പോസ്തല സോഷ്യലിസം എന്ന് സ്വന്തം വിശ്വാസത്തെ വിളിച്ചു. ഗയാനയില്‍ കൂടെയുണ്ടായിരുന്ന 909 അനുയായികള്‍ക്കും സൈനൈഡ് കലര്‍ന്ന 'ദയാജലം' നല്കി. കൂട്ട ആത്മഹത്യ. അതില്‍ 276 പേര് കുട്ടികളായിരുന്നു. 1976 മുതല്‍ അയാള്‍ ഇതിനായി സൈനൈഡ് സമാഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കോഴിക്കോട്ടുവെച്ച് ജി.എന്‍ പിള്ള സ്വന്തം മുറിയിലെ ബുദ്ധപ്രതിമയ്ക്കു മുന്നിലിരുന്ന് പറഞ്ഞ കാര്യം ഒരു സാമൂഹ്യപശ്ചാത്തലത്തില്‍ ഞാന്‍ ഒന്നാലോചിക്കാന്‍ ശ്രമിക്കട്ടെ. വീടിനുള്ളില്‍ ഒതുങ്ങിയ അണുകുടുംബത്തിന്റെ ദാര്‍ശനിക പ്രതിസന്ധികള്‍ ഒരു വളര്‍ത്തുനായയുടെ സ്നേഹാതിരേകത്തോടെ ആള്‍ദൈവങ്ങള്‍ പരിഹരിക്കാന്‍ നോക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ സമൂഹം എന്ന സംഘത്തെ തിരോധാനം ചെയ്യുകയാണോ? ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ വീട്ടിലെ ആളുകള്‍ നിരാലംബരാകുകയാണോ? നാം നമ്മുടെ പ്രശ്നങ്ങള്‍ കൂട്ടുകാരോട്, ബന്ധുക്കളോട്, അയല്‍വാസിയോട്, പണിയിടത്തിലെ സഖാക്കളോട് പറയുന്ന പതിവ് ഇല്ലാതായോ? ഒരു പ്രശ്നം വരുമ്പോള്‍ ആത്മീയഗുരുവിന്റെ വേഷവിധാനങ്ങളുള്ള ഒരാളുടെ സ്പര്‍ശമോ, ആലിംഗനമോ നൃത്തമോ ഭാഷാലീലയോ മാത്രം ഔഷധമാകുന്നുവോ?
ഹാഥ്റസിൽ സംഭവിച്ച കൂട്ടമരണം കേരളത്തില്‍ സംഭവിക്കുന്നില്ല എന്നുകരുതി സര്വമതങ്ങളിലുമായി മായാവിലസിതമായി പടര്‍ന്നുപന്തലിക്കുന്ന ആല്/ള്‍ ദൈവങ്ങള്‍ മലയാളികള്‍ക്കില്ല എന്നൊന്നും കരുതേണ്ട. പലവേഷങ്ങളില്‍, പല രൂപങ്ങളില്‍, പല ഭാഷകളില്‍ അവരുടെ കരുണാര്ദ്രമെന്ന് തോന്നിപ്പിക്കുന്ന സാന്നിദ്ധ്യമുണ്ട്. വ്യക്തികളുടേയും കുടുംബങ്ങളുടെയും മേല്‍ അധികാരമുണ്ട്. എന്നാല്‍ വ്യക്തികളല്ല ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. പരസ്പരാശ്രിത സമൂഹമെന്ന നിലയിലുള്ള പരാജയമാണ് പ്രതിക്കൂട്ടില്‍.
ഒരുദാഹരണം പറയാം. വടക്കെ ഇന്ത്യയില്‍ ആള്‍ദൈവങ്ങളുടെ സ്വാധീനം കൂടുതലുള്ളത് നഗരങ്ങളിലും, പെട്ടെന്ന് നഗരങ്ങളായിക്കൊണ്ടിരിക്കുന്ന ഗ്രാമപ്രദേശങ്ങളിലുമാണ്. ഗ്രാമങ്ങളില്‍ അവര്‍ക്ക് ആള്‍ദൈവങ്ങളുടെ ആവശ്യമില്ല. അയല്‍വാസിക്ക് പനി വന്നാല്‍ ഗ്രാമത്തിനാകെയാണ് പൊള്ളുന്നത്. അവര്‍ പുറംലോകം കാണാതിരിക്കുവാന്‍ അരഞ്ഞാണത്തില്‍ കാണാച്ചരടുകളോ തലച്ചോറില്‍ കാണാച്ചുമടുകളോ ചുമക്കുന്നില്ല.
Content Highlights: s gopalakrishnan column azhchappadukal hathras incident and bhole baba
Published: 18 Jul 2024, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented