മാബായി നാല്പത്തിയേഴു വയസ്സുള്ള വിധവയാണ്. പോരാളി എന്നർത്ഥം വരുന്ന രൺവീർ എന്ന പേരായിരുന്നു ഭർത്താവിന്. രണ്ടു പെൺകുട്ടികളാണ് രമാബായിയ്ക്കുള്ളത്. അവർ പഠിക്കുകയാണ്. രമാബായി മഹാരാഷ്ട്രയിലെ മാറാത്തവാഡ പ്രദേശത്തെ ബീഡ് ജില്ലയിലെ അംബാജിഗോയ് ക്ഷേത്രനഗരത്തിലാണ് താമസിക്കുന്നത്. ബീഡിലുള്ള ഒരു സ്‌പോർട്‌സ് അക്കാദമിയുടെ കാന്റീനിലാണ് ജോലി. അവിടെ പഠിക്കുന്നവർക്കായി എല്ലാ ദിവസവും ഇരുന്നൂറു ചപ്പാത്തിയുണ്ടാക്കും. അങ്ങനെ മാസത്തിൽ കിട്ടുന്ന 8,500 രൂപ കൊണ്ടാണ് രമാബായി വീടു നോക്കുന്നത്, സ്വന്തം കുട്ടികളെ പഠിക്കാൻ വിടുന്നത്. ക്യാന്റീനിലെ അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കിക്കഴിഞ്ഞാൽ അവർ വീട്ടിലെ പെൺകുട്ടികളുടെ ഭാവിയെ ഓർത്ത് ആശങ്കപ്പെടും. രമയുടെ ഭർത്താവ് മരിച്ചത് 2012-ലാണ്.

To advertise here,

2026 സെപ്റ്റംബർ രണ്ടാം തീയതിയിലെ മറാത്തി ദിനപ്പത്രങ്ങളിലും വടക്കേയിന്ത്യയിലെ ഹിന്ദി- ഇംഗ്ലീഷ് പത്രങ്ങളിലും രമാബായി കയ്യിൽ റബ്ബർ ചപ്പലുകളുമേന്തി നഗ്‌നപാദയായി ഓടുന്ന ഒരു ചിത്രം പ്രത്യക്ഷപ്പെട്ടു.

എന്തിനാണ് അവർ ഓടിയത്? അതു പറയുന്നതിനുമുൻപ് ആധുനിക ഇന്ത്യയുടെ ഓർമ്മയിൽ മറ്റൊരു രമാബായിയെക്കുറിച്ച് പറയേണ്ടിവരും. പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്ന് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും വീടുകൾ തോറും പറഞ്ഞുനടന്ന പണ്ഡിത രമാബായി (1858-1922). ബ്രിട്ടീഷ് ഇന്ത്യയിൽ വിദ്യാഭ്യാസനയം രൂപീകരിക്കുന്നതിനായി നിലവിൽ വന്ന ഹണ്ടർ കമ്മീഷനിൽ 1886-ൽ തെളിവുകൊടുക്കുമ്പോൾ പണ്ഡിത രമാബായി പറഞ്ഞു: 'ഇന്ത്യയിലെ അഭ്യസ്തവിദ്യരായ നൂറ് ആണുങ്ങളിൽ തൊണ്ണൂറ്റിയൊൻപതുപേരും പെൺകുട്ടികൾ പഠിക്കാൻ പോകുന്നതിന് എതിരാണ്. സമൂഹത്തിൽ സ്ത്രീകൾ ഏതെങ്കിലും പദവികളിൽ വരുന്നതിന് അവർ എതിരാണ്. പെൺകുട്ടികളുടെ ഭാഗത്തുനിന്ന്‌ ഒരു ചെറിയ തെറ്റു വന്നാൽ ഒരു കടുകിനെ പർവതീകരിക്കുമ്പോലെ അവർ അതിനെ വലുതാക്കി സ്ത്രീകളുടെ സ്വഭാവഹത്യ ചെയ്യും.'

1876-78 കാലത്തെ മഹാഭക്ഷ്യക്ഷാമകാലത്ത് മാതാപിതാക്കൾ അന്തരിച്ച് അനാഥയാക്കപ്പെട്ട പെൺകുട്ടിയായിരുന്നു പണ്ഡിത രമാബായി. എന്നാൽ, ജീവിതം കൊണ്ട് അവർ ഇന്ത്യയിലെ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി ഉദാത്ത സംഭാവനകൾ നൽകി. അവർ മരിച്ച് 104 വർഷങ്ങൾക്കു ശേഷമാണ് മറ്റൊരു രമാബായി ബീഡ് നഗരത്തിൽ രണ്ടു പെൺമക്കളുടെ വിദ്യാഭ്യാസത്തിന് പണമുണ്ടാക്കാനായി ഓടിയത്. മാരത്തൺ ഓടിയ മറ്റുള്ളവർ കായികവിദ്യാർത്ഥികൾ അണിയാറുള്ള ഷൂസുകൾ ധരിച്ചിരുന്നു. രമാബായി മത്സരത്തിൽ റബ്ബർ ചപ്പലിലാണ് ഓട്ടം തുടങ്ങിയത്. പാതിവഴിയിൽ ചപ്പലിന്റെ വള്ളി പൊട്ടി. അവർ ചപ്പലുകൾ കൈയിൽ പിടിച്ചു. പിന്നെ ബാക്കിദൂരം നഗ്‌നപാദയായി ഓടി. ഒന്നാം സ്ഥാനത്തെത്തി.

മാരത്തൺ പരിശീലന മത്സരത്തിൽ ജയിക്കുന്നവർക്ക് മൂവായിരം രൂപ സമ്മാനമുണ്ടെന്ന് ക്യാന്റീനിലെ കുട്ടികൾ പറയുന്നതു രമാബായി കേട്ടു. പെൺമക്കളുടെ ഫീസ് കൊടുക്കേണ്ട സമയമായിരുന്നു. നാല്പത്തിയേഴുകാരിയായ ആ സ്ത്രീ അപ്പോൾ തീരുമാനിച്ചു: താനും ഓടും.

ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന പാറ്റാ കലാപത്തിന് ഇത്രയേറെ പിന്തുണ കിട്ടിയത് അതിന്റെ വിഷയം കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നതു കൊണ്ടാണ്. അമ്മമാർ കുഞ്ഞുങ്ങളിലാണ് ഇപ്പോൾ എല്ലാ പ്രതീക്ഷകളും നിക്ഷേപിക്കുന്നത്. ഇതാണ് രമാബായിയുടെ കഥയെ ഒരു വ്യക്തിയുടെ കഥയിൽനിന്ന് ഇന്ത്യയിലെ സാധാരണ അമ്മമാരുടെ കഥയാക്കുന്നത്. ആ സ്ത്രീ എല്ലാ ദിവസവും ഇരുന്നൂറ് ചപ്പാത്തി പരത്തുന്നതും ആ പെൺകുട്ടികൾ പഠിക്കാനായിട്ടാണ്. കായികവിദ്യാഭ്യാസം ചെയ്യുന്ന പെൺകുട്ടികളുടെ കൂടെ സാരിയുമുടുത്ത് നഗ്‌നപാദയായി ചെരിപ്പും കയ്യിലെടുത്ത് നഗരമദ്ധ്യത്തിലൂടെ ഓടുന്ന ആ സ്ത്രീയുടെ ചിത്രം ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭാസപദ്ധതികളുടെ മുഖചിഹ്നമാക്കേണ്ടതാണ്.

ഓടിക്കഴിഞ്ഞിട്ട് രമാബായി പറഞ്ഞു: 'എന്റെ ജീവിതം നിലനിൽക്കുന്നത് ആ ഓട്ടത്തിന്റെ ഫലത്തിലാണ് എന്ന ചിന്തയിലാണ് ഓടിയത്. എനിയ്ക്കറിയില്ലായിരുന്നു എത്ര സമയത്തിനുള്ളിലാണ് ഈ കിലോമീറ്ററുകൾ ഞാൻ ഓടിത്തീർക്കേണ്ടതെന്ന്. ഫിനിഷിങ് രേഖയിൽ മാത്രമാണ് ഞാൻ ഓട്ടം നിർത്തിയത്.'

പണ്ഡിത രമാബായിലേക്ക് പോകാം. കിഴക്കൻ ദർശനങ്ങളിലും മതപരതയിലും ക്രിസ്തുവിന്റെ അംശം അന്വേഷിക്കുന്ന ഇന്ത്യൻ അഭ്യസ്തവിദ്യരുടെ യൂറോപ്യൻ നോട്ടത്തിലേക്ക് രമാബായിയും മനസു തുറന്നുവെച്ചിരുന്നു. ക്രിസ്തീയ മതസമർത്ഥനപരമായ രചനകളുടെ സ്വാധീനത്താൽ, ബ്രഹ്‌മോ മതദർശനത്തിലെ മൂല്യങ്ങൾ യഥാർത്ഥത്തിൽ ക്രിസ്തീയ മൂല്യങ്ങളോട് സമാനഭാവമുള്ളതായി അവർക്ക് ബൗദ്ധികമായി ബോധ്യപ്പെട്ടു.

1883-ൽ ഇംഗ്ലണ്ട് സന്ദർശിക്കുന്ന വേളയിൽ, പണ്ടൊരിക്കൽ പൂനയിൽവെച്ച് പരിചയപ്പെട്ടവർ അംഗങ്ങളായുള്ള 'കമ്മ്യൂണിറ്റി ഓഫ് സെന്റ് മേരി ദി വിർജിൻ' (ആംഗ്ലിക്കൻ സഭയുടെ കീഴിലുള്ളത്) എന്ന സംഘടനയുടെ ചാപ്പലിൽ വെച്ച് അവർ മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയായി. വൈദ്യശാസ്ത്ര ബിരുദം നേടുന്നതിനായിട്ടാണ് അവർ യൂറോപ്പിൽ പോയതെങ്കിലും, രമാബായിയുടെ കേൾവിശക്തി നഷ്ടപ്പെട്ടത് വൈദ്യപഠനം തുടരാൻ തടസ്സമായിത്തീർന്നു.

1883 മുതൽ 1886 വരെ ഔദ്യോഗികമായി ഒരു ആംഗ്ലോ-കാത്തലിക് വിശ്വാസിയായിരുന്ന രമാബായി, സാമൂഹിക പരിഷ്‌കരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് പഠിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. 1887-ൽ അവർ തന്റെ ആദ്യത്തെ ഇംഗ്ലീഷ് പുസ്തകമായ 'സവർണ്ണഹിന്ദുസ്ത്രീ' (The High-Caste Hindu Woman) പ്രസിദ്ധീകരിച്ചു. ഹിന്ദുമതത്തിലെ സ്ത്രീകൾ നേരിടുന്ന അവസ്ഥയെക്കുറിച്ചുള്ള അതിരൂക്ഷമായ വിമർശനമായിരുന്നു ആ പുസ്തകം; ഒരു ഹിന്ദു സ്ത്രീ എന്ന നിലയിൽ ഉള്ളിൽ നിന്നുള്ള അനുഭവസാക്ഷ്യമായതിനാൽ അത് ഏറെ ശ്രദ്ധേയവും സ്വാധീനശക്തിയുള്ളതുമായിരുന്നു.

രണ്ടു വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ അവർ, മതം മാറ്റം ലക്ഷ്യമിടാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനം യുവതികളായ ഹിന്ദു വിധവകൾക്കായി ആരംഭിച്ചു. ബോംബെയിൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേര് 'ശാരദാ സദൻ' എന്നായിരുന്നു. പിന്നീട് ആ സ്ഥാപനം പൂനയിലേക്ക് മാറ്റി സ്ഥാപിച്ചു. 1898-ൽ രമാബായി മഹാരാഷ്ട്രയിലെ കേദ്ഗാവോണിൽ ആരംഭിച്ച 'മുക്തി' എന്ന അനാഥാലയം ഏറെ പ്രശസ്തമായിരുന്നു. കൂടാതെ രണ്ടായിരത്തോളം സ്ത്രീകൾക്കും പെൺകുട്ടികൾക്കും വ്യാവസായിക പരിശീലനം കൊടുക്കുന്ന വൻസംരംഭവും അവർ നടത്തിയിരുന്നു. 1,500 അനാഥരെ അവിടെ പാർപ്പിച്ചിരുന്നു. 1921-ൽ മകൾ മനോരമയും തൊട്ടടുത്ത വർഷം രമാബായിയും അന്തരിച്ചു. ഒന്നുകൂടി പറയാം; ഹീബ്രു ഭാഷയിൽനിന്നു ബൈബിൾ നേരിട്ട് മറാത്തിയിലേക്ക് തർജ്ജമ ചെയ്ത രമാബായിയ്ക്ക് ഏഴ് ഭാഷകൾ വശമായിരുന്നു.

1878-ൽ കൊൽക്കത്ത സർവകലാശാല സംസ്‌കൃത പഠനത്തിനുള്ള സംഭാവനകളെ മുൻനിർത്തി പഴയ രമാബായിക്ക് 'പണ്ഡിത' എന്ന ബിരുദപദവി നൽകി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നൂറു കൊല്ലങ്ങൾക്കു മുൻപ് അവർ നടത്തിയ ത്യാഗോജ്ജ്വലശ്രമങ്ങളുടെ ഇങ്ങേ തലയ്ക്കൽ 2026-ൽ മറ്റൊരു രമാബായിയ്ക്ക് സ്വന്തം പെൺകുട്ടികളുടെ പഠനത്തിനായി നഗ്‌നപാദയായി ഓടേണ്ടി വന്നു എന്നറിയുമ്പോൾ ഒരു രാജ്യമെന്ന നിലയ്ക്ക് സങ്കടത്തോടെ നാം തല കുനിക്കേണ്ടി വരുന്നില്ലേ?

ഇന്ന് ഈ രമാബായിയുടെ തളരാത്ത സ്വപ്നത്തിന് നാം എന്ത് അവാർഡ് നൽകും? അവർ പറഞ്ഞു: 'ഏറ്റവും വലിയ വേദന എന്നു പറയുന്നത് കുഞ്ഞുങ്ങളെ പരിപാലിക്കുവാൻ കഴിയാത്ത അമ്മയുടെ വേദനയാണ്. മത്സരത്തെക്കുറിച്ച് അറിഞ്ഞ നിമിഷം ഞാൻ തീരുമാനിച്ചു, ഇതിൽ ജയിക്കാതെ എനിയ്ക്കു തരമില്ല.'

അവരുടെ ഓട്ടത്തിന്റെ ആവേഗവും കിതപ്പും വിയർപ്പും വിജയവും എന്റെ ഗദ്യത്തിൽ ഇല്ലാതെ പോകുന്നുണ്ടെങ്കിൽ അതു സ്വാഭാവികമാണ്. ഭാഷ ജീവിതത്തിന്റെ പ്രകാശനമാണ്. അവർ ഓടിയത് സമൂഹത്തോട് ചിലത് പറയാനായിരുന്നു. നൂറു മീറ്റർ ഉപന്യാസത്തിനോ മാരത്തൺ പ്രഭാഷണങ്ങൾക്കോ കഴിയാത്ത വിനിമയഭാഷ രമാബായിയുടെ ഓട്ടത്തിനുണ്ടായിരുന്നു.

ആ ഓട്ടം അധികാരകേന്ദ്രങ്ങളോട് പറയുന്നു, പെൺകുട്ടികളെ സ്വതന്ത്രരായി വളരാൻ വിടാത്ത മതപൗരോഹിത്യങ്ങളോട് പറയുന്നു, ദൗത്യം മറക്കുന്ന രാഷ്ട്രീയനേതാക്കളോടും പാർട്ടികളോടും പറയുന്നു: ''ഇതെന്റെ രക്തമാണ്, ഇതെന്റെ മാംസമാണ്; എടുത്തുകൊള്ളുക, എടുത്തുകൊള്ളുക.''

യേശുക്രിസ്തു അന്ത്യ അത്താഴത്തിന്റെ സമയത്ത് അപ്പവും വീഞ്ഞും അപ്പോസ്തലന്മാർക്ക് നൽകിക്കൊണ്ട് പറഞ്ഞ വചനങ്ങളെയാണ് രമാബായിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള ഓട്ടം ഓർമ്മിപ്പിക്കുന്നത്. ചെരിപ്പുകൾ കൈയിലെടുത്ത് അവർ ഓടുന്ന ആ രംഗത്തിന് ഒരു ഉയിർപ്പിന്റെ സന്ദേശമുണ്ട്. അവരുടെ വിയർപ്പിൽ മനുഷ്യപുത്രന്റെ രക്തത്തിന്റെ ത്യാഗവുമുണ്ട്.

പണ്ഡിത രമാബായി ക്രിസ്തുസന്ദേശവും ഹിന്ദുനവോത്ഥാന നേതാക്കളുടെ സന്ദേശവും ബ്രഹ്‌മസമാജത്തിന്റെ ആശയങ്ങളും ചേർത്തുപിടിച്ച് സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചു. ഒരു നൂറ്റാണ്ടിനുശേഷവും സ്ത്രീകളെയും പെൺകുട്ടികളെയും ഒരു രാജ്യം എന്ന നിലയിൽ നാം പരാജയപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, ബീഡിലെ മറ്റൊരു രമാബായി ഓടിക്കൊണ്ട് നമ്മോട് പറയുന്നു: ''ഞാൻ തോൽക്കാൻ തയ്യാറല്ല.''

അവർ ഓടി. അവർ ജയിച്ചു.

ആഴ്ചപ്പാടുകൾ മുൻഭാഗങ്ങൾ വായിക്കാം