റുപത്തി രണ്ടാമത്തെ വയസ്സിലാണ് ഞാൻ സെനറ്റിലെ മുപ്പത്തിയൊന്നു വർഷത്തെ സേവനം മതിയാക്കി പടിയിറങ്ങുന്നത്. വിരമിക്കലിനെക്കുറിച്ച് ഞാൻ പലതവണ ആലോചിച്ചിരുന്നുവെങ്കിലും ഇനിമുതൽ ജോലിയില്ലെന്ന യാഥാർഥ്യം എനിക്കുകൂടി ഉൾക്കൊള്ളാൻ കഴിയുന്നവിധത്തിലുള്ള ഒരു കാരണം മനസ്സാ തേടുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു സന്തോഷവാർത്തയുമായി സോണിയ വിളിക്കുന്നത്. അവൾ അമ്മയാവാൻ പോകുന്നു. ഞാനെന്റെ ആദ്യകാലമോർത്തു പോയി. ഓരോ ഗർഭകാലത്തും വിശ്രമമില്ലാതെ ജീവിതത്തിന്റെ കംപ്യൂട്ടർ കീപാഡുകൾ ഇരുന്നും നിന്നും നടന്നും മാറിമാറി വിരലുകൾക്ക് വഴക്കിയെടുത്ത കാലം. സീ സെക്ഷൻ കഴിഞ്ഞ് കയ്യിൽ കിട്ടിയ കുഞ്ഞിനെ എങ്ങനെ എടുക്കണമെന്നറിയാതെ, തുന്നലുകൾ തന്ന വേദനയിൽ വാപൊളിച്ച് കരഞ്ഞിരുന്ന കാലം. അമ്മയെ മാത്രം വിളിച്ചുകരഞ്ഞ് നിരാലാബയായി നിന്നിരുന്ന ആ കാലം മുന്നിൽ തെളിഞ്ഞതും ഞാൻ ഉടൻതന്നെ സെക്ഷൻ ഓഫീസറായ ലോറയെ വിളിച്ച് സെനറ്റിൽനിന്നു വിരമിക്കുന്ന കാര്യം ചർച്ചചെയ്തു. മാലിനിയും അനൂപും താമസിച്ചിരുന്നത് ഞങ്ങളിൽനിന്നു വളരെ അകലെയല്ലാതിരുന്നതിനാൽ അവൾക്ക് കുഞ്ഞുണ്ടായപ്പോൾ ഏറെക്കുറേ സഹായങ്ങൾ ചെയ്തുകൊടുക്കാൻ കഴിഞ്ഞിരുന്നു. സോണിയയും എഡ്ഡും ന്യൂയോർക്കിലാണ് താമസമാക്കിയിരിക്കുന്നത്. വാഷിങ്ടണിൽനിന്ന് നാലുമണിക്കൂർ യാത്രയുണ്ട്. ജോലിയിൽനിന്നു വിരമിക്കാതെ അവൾക്ക് എന്റെ സാമീപ്യമോ സഹായങ്ങൾ ലഭ്യമാവില്ല. എന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിടാൻ ഏറ്റവും യോജിച്ച സമയം ഇതുതന്നെ. കൂടുതൽ ചിന്തിച്ചാൽ ഇവിടംവിട്ട് പോകാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടുതന്നെ തീരുമാനം കഴിയുന്നതും വേഗം നടപ്പാക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി.

To advertise here,

അമേരിക്കയിൽ വിരമിക്കൽ പ്രായമില്ല. മനസ്സും ശരീരവും ഓഫീസ് ജോലികളോട് നീതി പുലർത്തുന്ന കാലം വരെ ജോലിയെടുക്കാം. വർഷാവർഷം നടത്തുന്ന അപ്രൈസൽ മീറ്റിങ്ങുകളാണ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും ക്ഷമതയില്ലായ്മയും ഓർമിപ്പിക്കുക. കുറച്ചുകൂടി കഴിഞ്ഞിട്ടുപോരേ എന്ന് ലോറ ആശങ്കയോടെ മുഖത്തേക്ക് നോക്കിയെങ്കിലും സെനറ്റിലെ എന്റെ ഉത്തരവാദിത്തങ്ങൾ ഏൽപിച്ചുകൊടുക്കാൻ പറ്റിയ ആളെ തിരഞ്ഞെടുക്കാൻ സമയമായി എന്നുതന്നെയായിരുന്നു എന്റെ മറുപടി. അതുവരെ ചെയ്തുകൊണ്ടിരുന്ന ജോലികളെല്ലാം പിൻഗാമിയെ പഠിപ്പിച്ചുകൊടുത്ത് അത് പ്രാവർത്തികമാക്കാൻ തുടങ്ങിയിട്ടുവേണം എനിക്ക് പടിയിറങ്ങാൻ.

സൗഹൃദങ്ങൾക്ക് അങ്ങേയറ്റം വിലകല്പിക്കുന്ന, ഓഫീസ് റൊമാൻസിനോട് മുഖംതിരിക്കുന്ന, ജോലിയിലെ ടീം സ്പിരിറ്റ് ഒഴിയുംതോറും നമ്മിൽ നിറച്ചുകൊണ്ടേയിരിക്കുന്ന, ആ മഹാസ്ഥാപനത്തിലെ എന്റെ സേവനത്തിന് പരിസമാപ്തി കുറിക്കുകയാണെന്ന യാഥാർഥ്യത്തോട് അടുക്കുംതോറും പടിയിറങ്ങൽ ദിനത്തെ തീർത്തും പ്രായോഗികമായി കാണാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ ദിവസങ്ങളിലെല്ലാം ഒരു സിനിമയിലെ ഫ്ളാഷ്ബാക്ക് പോലെ സെനറ്റ് കാലം എന്റെ മുന്നിലൂടെ കടന്നുപോയി.

y2k. ലോകത്താകമാനം കംപ്യൂട്ടർ കോഡിങ്ങിനെ മുൾമുനയിൽ നിർത്തിയ പ്രതിസന്ധിയെക്കുറിച്ച് ഇന്നത്തെ തലമുറയോട് പറയുമ്പോൾ അവർ നിസ്സാരമായി ചിരിച്ചേക്കാം. 99-ൽനിന്നു 00 എന്ന് രേഖപ്പെടുത്തുമ്പോൾ 2000-നു പകരം 1900 ആകുമോ എന്ന ആശങ്കയ്ക്കു മാത്രമായി ശതകോടികൾ ചെലവഴിച്ച് ഐടി കമ്പനികൾ ഗവേഷണം നടത്തിയ കാലം. സെനറ്റിലും അതിന്റെ അലയൊലികൾ പ്രകടമായിരുന്നു. പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും സാങ്കേതികപ്രതിസന്ധികൾ പരിഹരിക്കാനും ടെക്നോളജി ഡെലവപ്മെന്റ് സെക്ഷനിൽ കരാർ ജോലിക്കാർ ആദ്യമായി വന്നുതുടങ്ങിയതും ഇക്കാലത്താണ്. അതുവരെയുണ്ടായിരുന്ന സ്ഥിരജോലി എന്ന ഉറപ്പിനുപകരം ഏതുനിമിഷവും നോട്ടീസ് കൈപ്പറ്റി ഇനിമുതൽ ജോലിയില്ല എന്ന അരക്ഷിതാവസ്ഥ സെനറ്റിൽ കാലുകുത്തിയ കാലം എന്നാണ് ആ കരാർ വ്യവസ്ഥ ജോലിസമ്പ്രദായത്തെ ഞാൻ നോക്കിക്കാണുന്നത്. ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലും ഈ കരാർ വ്യവസ്ഥ സാധാരണമായതും പിന്നീട് നമ്മൾ കണ്ടു. കരാർജോലിക്ക് ആളുകളെ എടുക്കാൻ തുടങ്ങിയതോടെ ഇന്ത്യയിൽനിന്നും ഒരുപാട് ഐടി പ്രൊഫഷണലുകൾ അമേരിക്കയിലേക്ക് ഒഴുകിയെത്തി. ആന്ധ്രക്കാരും കർണാടക്കാരുമായിരുന്നു അവരിൽ അധികംപേരും. ക്വാളിറ്റി അഷ്വറൻസ് ഡിപ്പാർട്ട്മെന്റ് ലീഡായിട്ടാണ് ഞാനപ്പോൾ സേവനം ചെയ്തിരുന്നത്. വലിയ പ്രൊജക്ടുകളുടെ കരാർ എടുത്തുകഴിഞ്ഞാൽ അവരത് പൂർത്തിയാക്കിയശേഷം എന്റെ അനുവാദത്തോടുകൂടി മാത്രമേ അപ്രൂവ് ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. ആന്ധ്രക്കാരുടെ പേരുകൾ ഉച്ചരിക്കാൻ എന്റെ സഹപ്രവർത്തകർക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പേരിനൊപ്പം നെടുനീളത്തിൽ ഗ്രാമത്തിന്റെ പേരുവരെ അവർ ചേർക്കുന്നത് പതിവാണ്. ഇതെങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്ന് എനിക്കുമൊരു പിടിയുമില്ലായിരുന്നു. പക്ഷേ, അമേരിക്കക്കാർക്ക് ഇന്ത്യക്കാർ എന്നു പറഞ്ഞാൽ എല്ലാം ഇന്ത്യക്കാരാണ്. ശേഖറായിരുന്നു ഏക ആശ്രയം. അദ്ദേഹം ആർമിയിൽ ജോലി ചെയ്തിരുന്നതിനാൽ ഏതാണ്ട് ഒരുവിധം ഇന്ത്യൻ പേരുകളൊക്കെ വായിച്ചെടുക്കുമായിരുന്നു. ശേഖർ പറഞ്ഞുതന്നാലും ഞാൻ ഒന്നുകൂടി അവരോട് പോയി ചോദിച്ച് ഉറപ്പിച്ചാണ് പേരു വിളിച്ചിരുന്നത്. പേര് തെറ്റി വിളിക്കുന്നത് അമേരിക്കക്കാർ വലിയൊരു മോശം സംഗതിയായിട്ടാണ് കാണുക. സഹപ്രവർത്തകർ ധർമസങ്കടത്തിലായപ്പോൾ ഞാൻ ഒരു വഴികണ്ടു, വിളിക്കാൻ ബുദ്ധിമുട്ടുള്ളവരുടെ പേര് ഇനീഷ്യൽ മാത്രം വെച്ച് ചുരുക്കി വിളിക്കാൻ അവരോട് പറഞ്ഞു.

ഒരിക്കൽ മീറ്റിങ്ങിലിരിക്കുമ്പോൾ ഒരനുഭവമുണ്ടായി. എന്തൊക്കെയാണ് ഇവരുടെ ആവശ്യങ്ങളെന്നു ഞാൻ ചോദിച്ചു മനസ്സിലാക്കിക്കൊണ്ടിരിക്കേ അതിലൊരാൾ എന്നെ 'ആന്റി' എന്നു വിളിച്ചു. ശരിയാണ്. ഞാൻ തലമുടി ഡൈ ചെയ്യാറില്ലായിരുന്നു. അറുപത്തിരണ്ടുകാരിയായ എന്റെ തലമുടി എത്രമാത്രം വെളുത്തിരിക്കുമെന്ന് ഊഹിക്കാമല്ലോ. മീറ്റിങ്ങിനിടയിലായതുകൊണ്ട് ഞാൻ അപ്പോൾ ആ അഭിസംബോധനയിൽ പ്രതികരിച്ചില്ല. മീറ്റിങ് കഴിഞ്ഞയുടൻ തന്നെ ആ യുവാവിനോട് എന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞു. ഓഫീസിലെത്തിയപ്പോൾ ഞാനയാളോട് പറഞ്ഞു: 'ആന്റി എന്നുവിളിക്കുന്നത് എനിക്കിഷ്ടമാണ്. പക്ഷേ, ഓഫീസിലല്ല. ഓഫീസിൽ നിങ്ങൾക്കെന്നെ മിസിസ് ശേഖർ എന്നോ വത്സല എന്നോ വിളിക്കാം. വത്സല എന്നു പറയാൻ കഴിയില്ലെങ്കിൽ വാൽ എന്നു വിളിക്കാം. അല്ലാതെ മറ്റൊന്നും ഞാൻ പ്രോത്സാഹിപ്പിക്കില്ല.' അത്രയുംകാലം സെനറ്റിൽ സേവനം ചെയ്തിട്ടും ജോലിയുടെ പേരിൽ എനിക്ക് ഒരു വിവേചനവും അനുഭവപ്പെട്ടിരുന്നില്ല. പക്ഷേ ഈ ഇന്ത്യക്കാരിൽനിന്നു തുടക്കത്തിൽത്തന്നെ ഞാനത് നന്നായി തിരിച്ചറിഞ്ഞിരുന്നു. ഇവിടെ ജോലിയിൽ കാലപരിചയമുള്ളവർക്ക് സഹപ്രവർത്തകർ ബഹുമാനമായിരുന്നു നൽകിയിരുന്നത്. പക്ഷേ, ഈ കരാറുകാരിൽനിന്നു ഞാൻ നേരിട്ടത് ഒരു തരം അപമാനമായിരുന്നു. അവരത് സംസാരത്തിലൂടെ പ്രകടമാക്കിയിരുന്നു.

തലനരച്ച, ഐഐടി ബിരുദധാരിയല്ലാത്ത ഒരിന്ത്യക്കാരി ഐഐടിക്കാരായ ആ യുവാക്കളോട് ജോലിസംബന്ധമായ നിർദ്ദേശങ്ങൾ നൽകുന്നതിൽ അവർക്ക് അപകർഷതയുള്ളതായി എനിക്ക് തോന്നി. പലതവണ അവരെന്നെ അത് ഒളിഞ്ഞും തെളിഞ്ഞും ഓർമപ്പെടുത്താനും തുടങ്ങി. സെനറ്റിന്റെ ജോലിക്രമങ്ങളും സെനറ്റ് നിയമങ്ങളും ഒരു പ്രൈവറ്റ് കമ്പനിയുടെയോ മറ്റു സർക്കാർ സ്ഥാപനങ്ങളുടെയോ പോലയല്ലെന്ന്‌ അവരെ പറഞ്ഞു മനസ്സിലാക്കാൻ സാധ്യമല്ലായിരുന്നു. സാങ്കേതിക അറിവുകൾക്കൊപ്പംതന്നെ സെനറ്റിന്റെ നിയമങ്ങളും പാലിച്ചുകൊണ്ടു മാത്രമേ ജോലിയുടെ പൂർണത അംഗീകരിക്കാൻ സാധിക്കുള്ളൂ എന്ന് പലതവണ എനിക്കവരോട് വിശദീകരിക്കേണ്ടി വന്നു. ഒടുക്കം രമ്യതയിലെത്താതെ അവർക്കുവേറെ വഴിയില്ലാതെയായി. സെനറ്റ് നിയമങ്ങൾ ഒരു എഞ്ചിനീയറിങ് ഡിഗ്രിയുടെയും മുന്നിൽ റദ്ദു ചെയ്യപ്പെട്ടു പോകുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. കൂടുതൽ വിയോജിപ്പുകൾ നേരിടാൻ ഞാനൊരുക്കമല്ലാത്തതിനാൽ മടുക്കുംമുമ്പേ ഞാനെന്റെ പേന അടച്ചുവെച്ചു.

2014 ജൂൺ അഞ്ച്. ഞാൻ എന്നേക്കുമായി സെനറ്റിന്റെ പടികളിറങ്ങി. വലിയൊരു കാലഘട്ടമാണ് എനിക്കൊപ്പം പടിയിറങ്ങുന്നതെന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല. പക്ഷേ, വിടവാങ്ങൽ ദിനത്തിൽ ഉയർന്നുവരുന്ന നെഞ്ചിടിപ്പ് എന്നോട് പലതും പറയുന്നുണ്ടായിരുന്നു. ലോകത്തെ ഏറ്റവും മനോഹരമായ ഒരിടത്തിൽ, പ്രകൃതി ആവോളം കനിഞ്ഞനുഗ്രഹിച്ച ഹരിതാഭമായ ഒരന്തരീക്ഷത്തിൽ മൂന്നു പതിറ്റാണ്ടുകാലം ഓടിനടന്ന ഇടം. ഇനിയെനിക്ക് ഇതുപോലൊരിടത്ത് ഇത്രയും കാലം ചെലവഴിക്കാനാവില്ല. അമേരിക്കയുടെ തലസ്ഥാനനഗരി എന്നു മാത്രമല്ല, ലോകത്തെ എക്കാലവും വിസ്മയിപ്പിച്ചിട്ടുള്ള സ്മിത്ത്സോണിയൻ മ്യൂസിയം തൊട്ടടുത്ത്, ലോകത്തെമ്പാടുമുള്ള ഗ്രന്ഥപ്പുരകളുടെ തറവാടായ ലൈബ്രറി ഓഫ് കോൺഗ്രസ് ഏറ്റവുമടുത്ത്, ഏക്കറുകളോളം പരന്നുകിടക്കുന്ന പ്രകൃതിരമണീയമായ ക്യാപിറ്റൽ ഹിൽ... ലക്ഷക്കണക്കിനാളുകൾ ഒരു നോക്കുകാണാനായി ധാരാളം പണം ചെലവഴിച്ച് ഇവിടെയെത്തി അത്യത്ഭുതത്തോടെ നോക്കിനിൽക്കുന്ന ആ ക്യാപിറ്റൽ ഹില്ലിലൂടെയാണ് ദിനേന ഞാൻ നടന്നുപോകുന്നത്; എനിക്കുകൂടി സ്വാതന്ത്ര്യമുള്ള മണ്ണ് എന്ന ഭാവത്തിൽ. എത്രകണ്ടാലും മതിവരാത്ത, കണ്ടുതീരാത്ത ആ ക്യാപിറ്റൽ ഹില്ലിലെ വെറുമൊരു സന്ദർശക മാത്രമാണ് ഇനിമുതൽ ഞാൻ. അതോർത്തപ്പോൾ ഒരു തീരാനഷ്ടം എന്നെ വന്നുമൂടുന്നുണ്ടായിരുന്നു.

മുപ്പത്തിയൊന്നു വർഷക്കാലത്തെ സേവനം എന്റെ സഹപ്രവർത്തകർ ഒട്ടും വിലകുറച്ചു കണ്ടിരുന്നില്ല. അവർ ഞാനർഹിക്കുന്ന ഏറ്റവും മാന്യമായ ഒരു ദിനമാക്കി എന്റെ വിരമിക്കൽദിനത്തെ മാറ്റിയിരുന്നു. സെനറ്റിൽനിന്നു വിരമിക്കുമ്പോൾ രണ്ട് മൂല്യവത്തായ സമ്മാനങ്ങൾ നൽകാറുണ്ട്. സഹപ്രവർത്തകർ തരുന്ന ഒരു റിട്ടയർമെന്റ് പാർട്ടിക്കൊപ്പം സെനറ്റ് ഫോട്ടോഗ്രാഫർമാർ എടുക്കുന്ന ക്യാപിറ്റോളിന്റെ ചിത്രം ചില്ലുകൂട്ടിനകത്താക്കി സഹപ്രർത്തകരെല്ലാം തങ്ങളുടെ ഒപ്പ് പതിപ്പിച്ച ഒരു ചിത്രം, കൂടാതെ അന്നു ക്യാപിറ്റോളിൽ പറന്ന കൊടി താഴെയിറക്കി ഭംഗിയായി പൊതിഞ്ഞ് തികച്ചും ഔപചാരികമായി സെനറ്റ് തലവൻ നമുക്ക് സമ്മാനിക്കും. അമേരിക്കൻ സെനറ്റിന്റെ അന്നത്തെ തലവനും യുനൈറ്റഡ് സ്റ്റേറ്റ്സ് വൈസ് പ്രസിഡണ്ടുമായിരുന്ന ജോ ബൈഡൻ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെയും ആദരവോടെയും ആ പതാക എനിക്കു സമർപ്പിച്ചു. ഒപ്പം ഒരു സർട്ടിഫിക്കറ്റുമുണ്ടായിരുന്നു- IN GRATEFUL RECOGNITION This Award Honors Valsala Sekhar For 30 Years Of Loyal Service To THE SENATE OF THE UNITED STATES Beginning the 25th Day of June, 1984.

പതാക എനിക്കു സമ്മാനിച്ചുകൊണ്ട് ബൈഡൻ ചുരുങ്ങിയ വാക്കുകൾ കൂടി പറഞ്ഞു: 'ഈ സർക്കാർ സംവിധാനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്വകാര്യ മേഖലയിൽ ലഭിക്കുന്ന ആകർഷകമായ ശമ്പളമോ മറ്റ് ഭൗതിക സാഹചര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. സാങ്കേതിക വൈദഗ്ധ്യമുള്ള മിടുക്കരായ ഉദ്യോഗാർഥികൾക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള അനവധി സാധ്യതകൾ പുറത്ത് ലഭ്യമാണ്. അമേരിക്കൻ ലെജിസ്ലേഷൻ സംബന്ധിയായ കഠിനമായ ജോലികൾ സമയബന്ധിതവും എന്നാൽ സ്വകാര്യജീവിതത്തെ എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന തരത്തിൽ തിരക്കുകൾ നിറഞ്ഞതുമാണ്. പലപ്പോഴും ജോലികൾ ഓഫീസ് സമയം അതിക്രമിച്ചും കടന്നുപോയിട്ടുണ്ട്, പ്രത്യേകിച്ചും സെപ്തംബർ പതിനൊന്ന് പോലുള്ള സംഭവങ്ങൾ സെനറ്റിനെ കൂടുതൽ കർമനിരതമാക്കിയപ്പോൾ. തികച്ചും അർപ്പണബോധത്തോടെ കർമനിരതയായി സെനറ്റിനൊപ്പംനിന്നു ഈ മുതിർന്ന ഉദ്യോഗസ്ഥ. സെനറ്റിലെ ജോലിസ്വഭാവം എല്ലാവർക്കുമറിയാവുന്നതാണ്. അതൊരു പ്രത്യേകതരത്തിൽ ക്രമീകരിക്കപ്പെട്ടതാണ്. ഇവിടെനിന്നു പോകുന്നവർക്ക് മറ്റ് ജോലിയിടങ്ങളിൽ സാധ്യത എത്രത്തോളമുണ്ട് എന്നതും ചിന്തനീയമാണ്. അതെല്ലാം ഉൾക്കൊണ്ട് സെനറ്റിനായി മുപ്പത് വർഷക്കാലം സേവനം ചെയ്ത നിങ്ങളെപ്പോലുള്ളവരാണ് ഞങ്ങളുടെ അഭിമാനം. സെനറ്റ് ചേരുന്ന സമയങ്ങളിൽ പകലും കഴിഞ്ഞ് രാത്രിയേറെ നീണ്ടുപോകുമ്പോഴും നിങ്ങളുടെ കുടുംബത്തെ മറന്ന്, കുട്ടികൾക്കൊപ്പം ചേരാനുള്ള സമയം ഞങ്ങൾക്കായി മാറ്റിവെച്ചുകൊണ്ട് ജോലി ചെയ്തു. നന്ദിയുണ്ട്. ഇന്ന് കാപിറ്റോളിൽ പകലുടനീളം പാറിയ ഈ അമേരിക്കൻ പതാക സെനറ്റ് ആദരവോടെ താങ്കളുടെ സ്തുത്യർഹമായ സേവനത്തിനുമുന്നിൽ സമർപ്പിക്കുന്നു'. ജോ ബൈഡൻ തന്റെ വാക്കുകൾ ഉപസംഹരിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ? ഞാൻ ഒന്നും കാണുന്നുണ്ടായിരുന്നില്ല.

ഒരു വ്യാഴവട്ടത്തിനുശേഷം ഇതെല്ലാം ഞാൻ ഓർത്തെടുത്ത ആ ദിവസംതന്നെ ഹാർവാർഡ് പുറത്തിറക്കിയ അണ്ടർഗ്രാജ്വേറ്റ് ലോ റിവ്യൂ പ്രസിദ്ധീകരിച്ച ഒരു ലേഖനം- Caste in Cisco: Understanding Caste in America - ഞാൻ അപ്രതീക്ഷിതമായി വായിക്കാനിടയായി. എന്തിനായിരുന്നു ഞാനിത്രനാൾ അഭിമാനം കൊണ്ടത്, അതെല്ലാം ഒറ്റയടിക്ക് എന്നെ തിരിഞ്ഞുനിന്നുകുത്തി. സാറ റാംബെറൻ എന്ന മിടുക്കിയായ വിദ്യാർഥി ഈ ലേഖനത്തിലൂടെ നടത്തിയ വാദങ്ങളും നിരീക്ഷണങ്ങളും ഇന്ത്യക്കാരി എന്ന നിലയിൽ എന്റെ തൊലി പൊള്ളിക്കുന്നതായിരുന്നു. ഇന്ത്യയിൽനിന്നു വന്ന് ഇവിടെ സ്ഥിരതാമസമാക്കിയ അമേരിക്കൻ പൗര എന്ന നിലയിൽ എന്റെ തല അപമാനം കൊണ്ട് ഭൂമിയെ തൊട്ടു. വിദ്യാർഥികൾക്ക് സർവകലാശാലകൾ നൽകിയിരുന്ന കർശനമായ മുൻകരുതൽ 'വർണവിവേചനം പാടില്ല, ലിംഗവിവേചനം പാടില്ല' എന്നു മാത്രമായിരുന്നെങ്കിൽ യൂണിവേഴ്സിറ്റി ഒന്നുകൂടി ആ വിവേചനത്തോടൊപ്പം ചേർത്തിരിക്കുകയാണ് - ജാതി വിവേചനം പാടില്ല. ജാതിയെക്കുറിച്ച് പറയാനോ അവഹേളനം നടത്താനോ പാടില്ല! അമേരിക്കയിൽ എവിടെയാണ് ജാതിവിവേചനമുള്ളത്? ഉണ്ട്, പക്ഷേ അതുകൊണ്ടുവന്നത് എന്റെ മാതൃരാജ്യമാണ്. സെനറ്റിൽ ജോലിക്കുവന്ന കുട്ടികൾ ഐഐടിയിൽനിന്നു പഠിച്ചിറങ്ങിയവരാണെന്നു മേന്മ പറയുമ്പോൾ ഞാൻ കരുതിയത് അവർ അക്കാദമിക മികവാണ് പറയുന്നത് എന്നായിരുന്നു. പക്ഷേ, അവർ പഠിച്ചിറിങ്ങിയ ഐഐടിയിൽ സവർണാധിപത്യമായിരുന്നുവെന്നും അവർ തങ്ങളുടെ ജാതിമേൽക്കൈ ആണ് പറയാതെ പറയുന്നതെന്നും എനിക്കറിവില്ലായിരുന്നു. അമേരിക്കൻ യൂണിവേഴ്സിറ്റി സർക്കുലർ ഇറക്കിയപ്പോളാണ് അതെനിക്ക് മനസ്സിലായത്. ഇന്ത്യയിൽ നിലനിൽക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ വിവേചനത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്ന ജാതിവിവേചനം അമേരിക്കൻ സാമൂഹികസ്ഥിതിയിൽ എത്രകണ്ട് സ്വാധീനം ചെലുത്തിവരുന്നു എന്ന നിരീക്ഷണമാണ് സാറ മുന്നോട്ടുവെക്കുന്നത്. ഇന്നത്തെ അമേരിക്കയിൽ ദളിതർ (ദളിതസമൂഹം എന്താണെന്ന് അമേരിക്കക്കാർക്കായി വിശദമാക്കി കൊടുക്കേണ്ടി വരുന്നുണ്ട് സാറയ്ക്ക്.) ജോലിയിടങ്ങളിൽ നേരിടുന്ന തൊട്ടുകൂടായ്മയുടെ നിന്ദ്യവും ക്രൂരവുമായ സാക്ഷ്യങ്ങൾ സാറ ചൂണ്ടിക്കാണിക്കുന്നു. ഇതൊരു ഗൗരവവിഷയമായി കണ്ട് കാലിഫോർണിയ സ്റ്റേറ്റ് ആറുവർഷം മുമ്പ് കോടതി കയറിയതാണ്. സിസ്‌കോ സിലിക്കൺവാലിയിലെ ഒരു എൻജിനീയർ ദളിത് വിവേചനവും തൊട്ടുകൂടായ്മയും നേരിട്ടപ്പോഴാണ് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ജാതി എന്ന സംഗതി കോടതി കയറുന്നത്. ഇന്ത്യയിൽ മേൽജാതിക്കാരായ രണ്ട് സിസ്‌കോ ഉദ്യോഗസ്ഥരിൽനിന്നാണ് ഈ എൻജിനീയർക്ക് വിവേചനവും തൊട്ടുകൂടായ്മയും നേരിടേണ്ടി വന്നത്. ഹരാസ്മെന്റ്, ജോലിയിൽനിന്നു വേർതിരിച്ചുനിർത്തൽ, അദ്ദേഹത്തെ തൊടാതിരിക്കുകയും അദ്ദേഹം സ്പർശിച്ച സാധനങ്ങൾ തൊടാതിരിക്കുകയും ചെയ്യുക, ഏറ്റവും ചെറിയ വേതനം കൊടുക്കുക, സഹപ്രവർത്തകരിൽനിന്നും ഒറ്റപ്പെടുത്തുക, മറ്റുള്ളവരുടെ മുന്നിൽവെച്ച് അപഹസിക്കുക തുടങ്ങി മനുഷ്യാവകാശ ലംഘനങ്ങളുടെ വലിയൊരു നിര തന്നെ ആ കേസിലുണ്ടായിരുന്നുവെന്ന് സാറ പറയുന്നു. വർണവിവേചനമോ ലിംഗവിവേചനോ പാടില്ലെന്ന സ്ഥിരം താക്കീതിനൊപ്പം ജാതിവിവേചനം പാടില്ലെന്നുകൂടി ആ കേസിന്റെ അടിസ്ഥാനത്തിൽ കാലിഫോർണിയ സ്റ്റേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ എഴുതിച്ചേർക്കപ്പെട്ടു. പിന്നാലെ അമേരിക്കൻ യൂണിവേഴ്‌സിറ്റികൾ ജാതി നിരോധനം കർശനമാക്കിക്കൊണ്ട് പ്രസ്താവനകളിറക്കി. നോക്കൂ, നമ്മളിന്ത്യക്കാർ അമേരിക്കയ്ക്ക് 21-ാം നൂറ്റാണ്ടിൽ നൽകിയ സംഭാവനയാണിത്!

(തുടരും)