35 വയസ്സിനു മുന്പ് തന്നെ ഒരാളില് ഇത്തരം മാറ്റങ്ങള് കണ്ടുതുടങ്ങുന്നുവെങ്കില് അതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

തന്തവൈബ് അഥവാ അമ്മാവൻ വൈബ്! അല്പം പിന്തിരിപ്പനാണെന്ന് തോന്നിയാൽ അധികം വൈകാതെ പുത്തൻതലമുറ നിങ്ങളെ കേശവമാമന്മാരാക്കും. പ്രായമാകുമ്പോൾ ഓരോരുത്തരിലുമുണ്ടാകുന്ന സ്വഭാവ മാറ്റങ്ങളെയും കാഴ്ചപ്പാടുകളെയും സൂചിപ്പിക്കാനാണ് പുതുതലമുറ ഈ വാക്ക് ഏറ്റെടുത്തിരിക്കുന്നത്. ഇത് വെറുമൊരു തമാശയായി തള്ളിക്കളയേണ്ട ഒന്നാണോ? അല്ല എന്നതാണ് യാഥാർഥ്യം. 35 വയസ്സിനു മുൻപ് തന്നെ ഒരാളിൽ ഇത്തരം മാറ്റങ്ങൾ കണ്ടുതുടങ്ങുന്നുവെങ്കിൽ അതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വൈദ്യശാസ്ത്രത്തിൽ ഇതിനെ 'ആക്സിലറേറ്റഡ് ഏജിങ്' (Accelerated Aging) അഥവാ 'പ്രീമെച്വർ ഏജിങ്' (Premature Aging) എന്ന് വിളിക്കുന്നു.
എന്താണ് അകാല വാർദ്ധക്യം?
മിന്നുന്ന ലൈറ്റുകൾ കാണുമ്പോൾ അസ്വസ്ഥത തോന്നാറുണ്ടോ? ഉച്ചത്തിലുള്ള ശബ്ദങ്ങളോടും സംഗീതത്തോടുമുള്ള വിരക്തി, ഡ്രൈവിങ്ങിലെ വേഗതക്കുറവ്, പുളിയുള്ള മാങ്ങയും മുന്തിരിയുമെല്ലാം കഴിക്കാൻ ബുദ്ധിമുട്ട് ഇങ്ങനെ ശബ്ദത്തോടും വെളിച്ചത്തോടും സഹിഷ്ണുത കുറയുന്നതും പെരുമാറ്റങ്ങളിലും ശീലങ്ങളിലും മാറ്റങ്ങൾ വരുന്നതും അകാല വാർധക്യത്തിന്റെ ലക്ഷണമാണ്. പ്രായം കൂടുന്തോറും നമ്മുടെ ഇന്ദ്രിയങ്ങൾക്ക് വരുന്ന മാറ്റങ്ങൾ സ്വാഭാവികമാണ്. എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തെ വാർദ്ധക്യസഹജമായ ശാരീരിക-മാനസിക മാറ്റങ്ങൾ ശരീരത്തിൽ പ്രകടമാകുന്ന അവസ്ഥയാണിത്.
മാനസികമായ മാറ്റങ്ങൾക്ക് പുറമെ ചർമ്മത്തിലെ ചുളിവുകൾ, അകാലനര, ചർമ്മത്തിന്റെ നിറം നഷ്ടപ്പെടൽ തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും 35 വയസ്സിന് മുൻപ് പ്രകടമാകുന്നത് അകാല വാർദ്ധക്യത്തെയാണ് സൂചിപ്പിക്കുന്നത്. സമ്മർദ്ദം, തെറ്റായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത്, പുകവലി, മദ്യപാനം എന്നിവയെല്ലാം ഇതിന് കാരണമാകാം.
ഡയറ്റ് ശ്രദ്ധിക്കൂ, പ്രായത്തെ നിയന്ത്രിക്കാം
ശരീരത്തിലെ ആന്തരിക പ്രശ്‌നങ്ങൾ എടുത്തുകാണിക്കുന്ന ആദ്യത്തെ അവയവമാണ് ചർമ്മം. അതിനാൽ വാർക്യത്തെ ഉള്ളിൽ നിന്ന് തന്നെ തടയാൻ വാർധക്യത്തെ തടയാൻ ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുകയാണ്. ആന്റിഓക്സിഡന്റുകൾ അടങ്ങിയ ബെറികൾ, ബീൻസ്, വെളുത്തുള്ളി, മധുരക്കിഴങ്ങ്, മാതളം, അവോക്കാഡോ, പല നിറങ്ങളിലുള്ള പഴങ്ങൾ, പച്ചക്കറികൾ, ഓട്‌സ്, ക്വിനോവ പോലുള്ള ധാന്യങ്ങൾ എന്നിവ ശീലമാക്കുക. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം, മുട്ട, പച്ചക്കടല, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ എന്നിവ കഴിക്കുക. മഞ്ഞൾ, കുരുമുളക്, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ആരോഗ്യത്തിന് ഉത്തമമാണ്. സന്തോഷം നൽകുന്ന ഹോർമോണായ സെറോടോണിൻ വർദ്ധിപ്പിക്കാൻ ബ്രോക്കോളി, ചീര, ബ്രൗൺ റൈസ്, സാൽമൺ മത്സ്യം, ബദാം, വാൽനട്ട്, ഫ്‌ലാക്‌സ് സീഡുകൾ, ഡാർക്ക് ചോക്ലേറ്റ് എന്നിവ സഹായിക്കും. എരിവുള്ള ഭക്ഷണങ്ങളിലെ കാപ്സൈസിൻ മെറ്റബോളിസം വർദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. എന്നാൽ ആമാശയ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇത് മിതമായ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. റെഡ് വൈനിലെ 'റെസ്വെറാട്രോൾ' എന്ന ആന്റിഓക്സിഡന്റ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ ഗ്ലാസ്സ് മാത്രം കുടിക്കുന്നത് ഗുണകരമാണ്, എന്നാൽ അമിതമായാൽ വിപരീതഫലമുണ്ടാക്കും.
ജീവിതശൈലി മെച്ചപ്പെടുത്താം
- നല്ല ഉറക്കം ലക്ഷ്യമാക്കുക: അകാല വാർദ്ധക്യം കുറയ്ക്കാൻ രാത്രി കുറഞ്ഞത് 7-8 മണിക്കൂർ തടസ്സമില്ലാത്ത ഉറക്കം അത്യാവശ്യമാണ്. ഉറക്കത്തിലാണ് ശരീരകോശങ്ങൾ പുനരുജ്ജീവിക്കപ്പെടുന്നതും വളർച്ചാ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതും. എന്നാൽ 5 മണിക്കൂറിൽ താഴെയുള്ള ഉറക്കവും 9 മണിക്കൂറിലധികമുള്ള ഉറക്കവും ആരോഗ്യത്തിന് ഹാനികരമാണ്.
- വ്യായാമവും യോഗയും: ദിവസവുമുള്ള വ്യായാമം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹാപ്പി ഹോർമോണായ 'എൻഡോർഫിൻ' ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. മാനസിക സമാധാനത്തിന് യോഗയും ധ്യാനവും ശീലമാക്കാം.
- പുതിയ കാര്യങ്ങൾ പഠിക്കാം: നല്ല പുസ്തകങ്ങൾ വായിക്കുന്നതും, പുതിയ ഭാഷയോ സംഗീത ഉപകരണങ്ങളോ പഠിക്കുന്നതും ബുദ്ധിപരമായ ഉത്തേജനം നൽകുകയും മാനസിക യൗവനം നിലനിർത്തുകയും ചെയ്യും.
- പ്രകൃതിയോടിണങ്ങാം: എപ്പോഴും വീടിനുള്ളിൽ തന്നെ അടച്ചിരിക്കാതെ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും പുറത്തിറങ്ങി പ്രഭാതസൂര്യന്റെ വെളിലേൽക്കുന്നത് വിറ്റാമിൻ ഡി ലഭിക്കാനും ഉന്മേഷത്തിനും സഹായിക്കും.
ബന്ധങ്ങളുടെ പ്രാധാന്യം
കുടുംബവുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം നിലനിർത്തുന്നത് ഏകാന്തതയും മാനസിക സമ്മർദ്ദവും കുറയ്ക്കുന്നു. ആത്മാർത്ഥമായ സൗഹൃദങ്ങളും സാമൂഹിക ഇടപെടലുകളും സന്തോഷം ഇരട്ടിപ്പിക്കും. അതുപോലെ തന്നെ, പങ്കാളിയുമായുള്ള ആരോഗ്യകരമായ ലൈംഗികബന്ധം രക്തചംക്രമണം മെച്ചപ്പെടുത്താനും, ഓക്‌സിറ്റോസിൻ, എന്റോർഫിൻ എന്നിവയുടെ ഉത്പാദനം വഴി മാനസിക സമ്മർദ്ദം കുറയ്ക്കാനും അകാല വാർദ്ധക്യം തടയാനും സഹായിക്കുന്നു.
ആയുസ്സ് കുറയ്ക്കുന്ന ഈ ശീലങ്ങൾ ഒഴിവാക്കാം
- മോശം വായ ശുചിത്വം: പല്ല് തേക്കാതിരിക്കുന്നതും ഫ്‌ലോസ് ചെയ്യാതിരിക്കുന്നതും വായിലെ ബാക്ടീരിയകൾ പെരുകാൻ കാരണമാകും. ഇത് രക്തധമനികളിൽ വീക്കമുണ്ടാക്കി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.
- സംസ്‌കരിച്ച ഭക്ഷണങ്ങൾ: ചുവന്ന മാംസം , ബേക്കൺ, ഹോട്ട് ഡോഗ് തുടങ്ങിയ പ്രോസസ്ഡ് മീറ്റുകൾ, അമിതമായി പഞ്ചസാരയടങ്ങിയ പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
- ദുശ്ശീലങ്ങൾ: പുകവലിയും അമിത മദ്യപാനവും അകാല വാർദ്ധക്യം ക്ഷണിച്ചുവരുത്തുന്ന പ്രധാന വില്ലന്മാരാണ്.
- മാനസിക സമ്മർദ്ദമുള്ള ജോലികൾ: അമിതമായി പിരിമുറുക്കം നൽകുന്ന തൊഴിൽ സാഹചര്യങ്ങൾ സെറോടോണിൻ കുറയ്ക്കുകയും ഡിപ്രഷനിലേക്ക് നയിക്കുകയും ചെയ്യും.
മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയും, ഈയടുത്ത് അറുപതാം വയസ്സിൽ മിസ്സ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് പട്ടം കരസ്ഥമാക്കിയ അർജന്റീനിയൻ വനിത അലക്‌സാണ്ട്ര റോഡ്രിഗസുമെല്ലാം യുവത്വം നിലനിർത്തുന്നതിൽ വിജയിച്ചവരാണ്. മികച്ച ഉറക്കം, ചിട്ടയായ വ്യായാമം, പോഷകാഹാരം, മാനസിക സമാധാനം, നല്ല സാമൂഹിക ബന്ധങ്ങൾ എന്നിവയിലൂടെയാണ് അവർ ആ നേട്ടം കൈവരിച്ചതെന്ന് നാം ഓർക്കണം.നല്ലൊരു ജീവിതശൈലി ചിട്ടപ്പെടുത്തിയെടുത്താൽ അകാല വാർധക്യത്തെ ചെറുത്തുതോൽപ്പിക്കാനും, ഊർജ്ജസ്വലവും ആരോഗ്യപൂർണ്ണവുമായ ഒരു ദീർഘായുസ്സ് സ്വന്തമാക്കാനും നമുക്ക് സാധിക്കും.
Content Highlights: Identifies early indicators of accelerated aging before age 35., Explains the physiological and psychological impact of premature aging., Provides a comprehensive anti-aging diet guide focusing on antioxidants and Omega-3s., Highlights the importance of sleep, exercise, and social connections in maintaining youth., Lists specific habits to avoid to prevent long-term health decline.
Published: 05 Aug 2026, 11:21 am IST
ABOUT THE AUTHOR

Anwar Karakkadan
anwarkarakkadan@gmail.comസൈക്കോളജിസ്റ്റ്, മെഡിക്കൽ & സൈക്യാട്രിക് സോഷ്യൽ വർക്കർ, ചൈൽഡ്, അഡോളസെന്റ് & റിലേഷൻഷിപ്പ് കൗൺസിലർ.
കുട്ടികളുടെ സംരക്ഷണത്തിലും മാനസികാരോഗ്യ രംഗത്തും 15 വർഷത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അൻവർ കാരക്കാടൻ. മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (MSW), സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും (MSc) നേടിയിട്ടുണ്ട്.
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented