സിപിഎം കടുത്ത പ്രതിസന്ധിയിലാണ്. സിപിഎം എന്ന് പറഞ്ഞാൽ സിപിഎം കേരള ഘടകം എന്നാണർത്ഥം. ബംഗാൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ പലയിടത്തും ഇപ്പോഴും സിപിഎം സാന്നിദ്ധ്യമുണ്ട്. പക്ഷേ, അതൊന്നും തന്നെ ഇന്നിപ്പോൾ സിപിഎമ്മിനെ സംബന്ധിച്ചോ ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ചോ നിർണ്ണായകമല്ല. ദേശീയതലത്തിൽ സിപിഎമ്മിന് പ്രസക്തിയും അർത്ഥവുമുണ്ടായിരുന്ന കാലം ഇപ്പോൾ ഓർമ്മ മാത്രമാണ്. അവിടെനിന്നൊക്കെ ചുരുങ്ങിച്ചുരുങ്ങി സിപിഎം കേരളം എന്ന ഇട്ടാവട്ടത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നാണ് വിളിക്കുന്നതെങ്കിലും കേരളത്തിനപ്പുറത്ത് ഒരു തരത്തിലുള്ള ചലനവും സൃഷ്ടിക്കാൻ കഴിയാത്ത മുസ്ലിം ലീഗിന്റെ അവസ്ഥയാണ് സിപിഎമ്മും നേരിടുന്നത്. അങ്ങിനെ വരുമ്പോൾ സിപിഎമ്മിന്റെ പ്രതിസന്ധിയെന്നാൽ കേരള ഘടകത്തിന്റെ വിഷമസന്ധി എന്നാണ് വിവക്ഷ.

To advertise here,

ഇതിലും കനത്ത തിരഞ്ഞെടുപ്പ് പരാജയം സിപിഎം ഇതിന് മുമ്പ് നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കിട്ടിയത് 17 സീറ്റുകളാണ്. അതോടൊപ്പം നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒരു സീറ്റിൽ പോലും ജയിക്കാനായില്ല. ഇന്നിപ്പോൾ നിയമസഭയിൽ സിപിഎമ്മിന് 26 അംഗങ്ങളുണ്ട്. 1977-ലെ തിരിച്ചടി സിപിഎമ്മിനെ ക്ഷീണിപ്പിച്ചിരുന്നില്ല. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിനെ ജനം പുറന്തള്ളിയപ്പോൾ ദക്ഷിണേന്ത്യയിൽ കോൺഗ്രസിനായിരുന്നു വിജയം. മൂന്ന് വർഷത്തിനപ്പുറം 1980-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ സിപിഎം അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.

മാറി ചിന്തിച്ച 32 പേർ

1977-നും 2026-നുമിടയിൽ എത്രയോ വെള്ളം ഭാരതപ്പുഴയിലൂടെയും പെരിയാറിലൂടെയും ഒഴുകിപ്പോയി. ഇക്കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾക്കിടയിൽ സിപിഎം കേരളത്തിൽ ഇത്രയും ദുർബ്ബലമായ സ്ഥിതിവിശേഷം ഇതിനു മുമ്പൊരിക്കലും സംജാതമായിട്ടില്ല. 77-ലേതിനേക്കാൾ സമ്പത്തും മറ്റ് വിഭവങ്ങളും സിപിഎമ്മിന് ഇന്നവകാശപ്പെടാനാവും. പക്ഷേ, ധാർമ്മികമായി പാർട്ടി ഇതുപോലെ ശോഷിച്ച മറ്റൊരു കാലമുണ്ടായിട്ടില്ല. 77-ലെ തോൽവി പാർട്ടിയെ ക്ഷീണിപ്പിക്കാതിരുന്നത് പാർട്ടി നേതൃത്വത്തിന്റെ ധാർമ്മികശക്തി ക്ഷയിക്കാതിരുന്നതുകൊണ്ടാണ്. ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതികരിക്കുന്നതിൽ കേരള ജനത പരാജയപ്പെട്ടു എന്ന വിമർശം അന്നുയർത്താൻ പാർട്ടിക്കാവുമായിരുന്നു. ഉത്തരേന്ത്യയിലെ നിരക്ഷരരരും സാധാരണക്കാരുമായ ജനതയാണ് ഇന്ത്യൻ ജനാധിപത്യം വീണ്ടെടുത്തതെന്ന വിലയിരുത്തൽ പ്രസക്തവും അർത്ഥപൂർണ്ണവുമായിരുന്നു.

പക്ഷേ, ഇന്നിപ്പോൾ തിരഞ്ഞെടുപ്പ് പരാജയം ജനത്തിന്റെ പിടലിക്കുവെച്ചു കൊടുക്കുന്ന പിണറായി വിജയന്റേയും എം.വി. ഗോവിന്ദന്റേയും നിലപാടുകൾ പരിഹാസ്യമാവുകയാണ്. മലർന്നുകിടന്നു തുപ്പുക എന്ന ഭാഷാപ്രയോഗത്തിന് ഇത്രയും അർത്ഥപൂർണ്ണത മറ്റൊരിക്കലുമുണ്ടായിട്ടില്ല. ധാർമ്മിക പാപ്പരത്തമാണ് ഇന്ന് സിപിഎം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജനങ്ങൾ തിരുത്തണമെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തളിപ്പറമ്പിലെ യോഗത്തിൽ പറഞ്ഞത്്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അത് ഏറ്റുപാടുകയും ചെയ്തു.

ജനങ്ങൾ തിരുത്തിയതുകൊണ്ടാണ് താനിപ്പോൾ പ്രതിപക്ഷത്തിരിക്കുന്നതെന്ന് പിണറായിക്ക് ഇനിയും പിടികിട്ടിയിട്ടില്ലെന്ന് തോന്നുന്നു. പാർട്ടി അംഗങ്ങൾക്ക് മാറിച്ചിന്തിക്കാൻ അവകാശമില്ലെന്നും ഗോവിന്ദൻ പറയുന്നു. എന്തൊരു പറച്ചിലാണിത്, സെക്രട്ടറീ എന്ന് ചോദിക്കാതിരിക്കാനാവില്ല. 1964-ൽ സിപിഎം എന്ന പാർട്ടി ഉടലെടുത്തത് സിപിഐ എന്ന പാർട്ടിയിലെ കുറച്ച് അംഗങ്ങൾ മാറിച്ചിന്തിച്ചതുകൊണ്ടല്ലേ? 101 പേരാണ് അന്ന് സിപിഐ ദേശീയ കൗൺസിലിൽ ഉണ്ടായിരുന്നത്. പാർട്ടി രണ്ടായി പിളർന്ന യോഗത്തിൽ സന്നിഹിതരായിരുന്നത്് 65 പേരായിരുന്നു. അതിൽനിന്നാണ് എകെജിയുടെയും ഇഎംഎസിന്റെയും സുന്ദരയ്യയുടെയും ബാസവ പുന്നയ്യയുടെയും ജ്യോതി ബസുവിന്റെയും നേതൃത്വത്തിൽ 32 പേർ ഇറങ്ങിപ്പോയത്. അന്നാ വിമതസംഘത്തിൽ ഉണ്ടായിരുന്നവരിൽ ആരുംതന്നെ ഇപ്പോൾ ജീവിച്ചിരിപ്പില്ല. വി.എസ്. അച്യുതാനന്ദനായിരുന്നു ഇതിൽ ഏറ്റവും അവസാനം ഈ ലോകം വിട്ടുപോയത്.

വർഗ്ഗവഞ്ചകർ

വർഗ്ഗവഞ്ചകർ എന്നാണ് സിപിഎം നേതാക്കൾ വി. കുഞ്ഞികൃഷ്ണനെയും ടി.കെ. ഗോവിന്ദനേയും ജി. സുധാകരനേയും വിളിക്കുന്നത്. 50 കൊല്ലം മുമ്പ് സിപിഐ ചെയർമാൻ എസ്.എ. ഡാങ്കെ ഇതേ പദാവലികൾ ഇഎംഎസിനും സുന്ദരയ്യയ്ക്കുമെതിരെ ഉയർത്തിയിരുന്നു. പാർട്ടിക്കുള്ളിൽ തിരുത്തൽ വേണമെന്ന് എത്രയോ വട്ടം കുഞ്ഞികൃഷ്ണനും ഗോവിന്ദനും സുധാകരനും ആവശ്യപ്പെട്ടതാണ്. പക്ഷേ, വിമതശബ്ദങ്ങൾ അടിച്ചമർത്താനാണ് സിപിഎം നേതൃത്വം നോക്കിയത്. കഴിഞ്ഞ ദിവസം പാർട്ടിക്ക് പറ്റിയ വീഴ്ചകൾ ഏറ്റുപറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് ആലപ്പുഴയിൽ ഒരു പാർട്ടി യോഗത്തിൽ പ്രസംഗിച്ചിരുന്നു. ഐസക്കും മറ്റും നേരത്തെ ഇതിന് തയ്യാറായിരുന്നെങ്കിൽ തനിക്ക് പാർട്ടി വിടേണ്ടി വരുമായിരുന്നില്ലെന്നാണ് ജി. സുധാകരൻ പറഞ്ഞത്.

പറയേണ്ടപ്പോൾ പറയാൻ സിപിഎമ്മിലെ ഉന്നത നേതാക്കൾക്കാർക്കും കഴിഞ്ഞില്ല. പിണറായി വിജയൻ എന്ന വ്യക്തി പാർട്ടിയായി മാറുന്നതിനെ തിരുത്താൻ ഒരു ശ്രമവും പാർട്ടിയിലെ ഒരു ഉന്നത നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. അവരെല്ലാവരുംതന്നെ പിണറായിയും അദ്ദേഹത്തെ ചുറ്റിപ്പറ്റിനിന്ന ഉപജാപകസംഘവും വിളമ്പിയ വിരുന്നുകളിൽ പങ്കാളികളാവുകയും ആ സംവിധാനത്തിന്റെ ഗുണഭോക്താക്കളാവുകയും ചെയ്തു. അതുകൊണ്ടാണ് ഇവർക്കാർക്കും തന്നെ ഇപ്പോൾ ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കാനാവാതെ പോവുന്നത്.

തിരഞ്ഞെടുപ്പിൽ ജനം സിപിഎമ്മിനെ പുറന്തള്ളി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സിപിഎം നേതൃത്വം ആ തിരുത്തൽ അംഗീകരിച്ചില്ല. അവർ ഇപ്പോൾ ജനത്തിന്റെ മെക്കിട്ട് കയറുന്നു. ഇതിന്റെ കാരണം ലളിതമാണ്. ജനത്തിന്റെ തിരുത്തൽ അംഗീകരിച്ചാൽ അതിനുള്ള ഉത്തരവാദിത്വം പിണറായിയും കൂട്ടരും ഏറ്റെടുക്കേണ്ടി വരും. എന്തുകൊണ്ട് ജനം സിപിഎമ്മിനെ തിരസ്‌കരിച്ചുവെന്ന് ചോദിച്ചാൽ അതിനുള്ള സാമാന്യ ഉത്തരം പിണറായി സർക്കാരിന്റെ വീഴ്ചകളും സ്വജനപക്ഷപാതവും ധാർഷ്ട്യം കലർന്ന സമീപനവുമാണ്. ഇതംഗീകരിക്കാൻ മനസ്സില്ലാത്തതുകൊണ്ടാണ് പിണറായിയും ഗോവിന്ദനും കെ.കെ. രാകേഷുമൊക്കെ ജനത്തിനെ പഴിപറയുന്നതും വിമതരെ വർഗ്ഗവഞ്ചകർ എന്ന് വിളിക്കുന്നതും.

വി.എസ്. ഇല്ലാത്ത സിപിഎം

ജനം തങ്ങളെ തിരസ്‌കരിച്ചു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയുമായിരുന്നെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവിന്റെ പദവി ഏറ്റെടുക്കുമായിരുന്നില്ല. തന്റെ ഭാര്യ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയായത് തിരഞ്ഞെടുപ്പ് പരാജയത്തിന് ഒരു കാരണമായിരുന്നുവെന്ന വസ്തുത അംഗീകരിക്കാൻ എം.വി. ഗോവിന്ദനും കഴിയില്ല. കഴിഞ്ഞിരുന്നെങ്കിൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഗോവിന്ദൻ പണ്ടേക്ക് പണ്ടേ ഇറങ്ങിപ്പോകുമായിരുന്നു. അടിയന്തരാവസ്ഥയിൽ ജനസംഘവുമായി കൈകോർക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച പി. സുന്ദരയ്യയെ ഓർക്കാൻ ഗോവിന്ദന് സമയമുണ്ടാവില്ല. മാറിച്ചിന്തിച്ച ഒരാളായിരുന്നു സുന്ദരയ്യ. അന്നദ്ദേഹം എടുത്ത നിലപാട് ഇന്നിപ്പോൾ കാലം എത്ര ഗംഭീരമായാണ് ശരിവെയ്ക്കുന്നത്.

എം.വി. രാഘവൻ പാർട്ടി വിട്ടപ്പോൾ സിപിഎം നേരിട്ട സംഘർഷം ചെറുതായിരുന്നില്ല. ഗൗരിയമ്മ പുറത്തുപോയപ്പോഴും സിപിഎമ്മിന്റെ പ്രതിച്ഛായയ്ക്ക് പ്രഹരമേറ്റു. പക്ഷേ, അന്നൊന്നും പാർട്ടി ഇതുപോലെ ധാർമ്മികമായി ശോഷിച്ചിരുന്നില്ല. ഇ.എം.എസും നായനാരും വി.എസും അന്നത്തെ പിണറായി വിജയനും ധാർമ്മിക പാപ്പരത്തത്തിന്റെ പിടിയിലായിരുന്നില്ല. അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും നിഴലുകൾ അന്ന് പാർട്ടി നേതൃത്വത്തിന്റെ മേലുണ്ടായിരുന്നില്ല. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും സുധാകരനും സിപിഎമ്മിനെ പിളർത്താൻ പോന്നവരല്ല. പക്ഷേ, അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾ നേരിടാൻ പാർട്ടി നേതൃത്വത്തിനാവുന്നില്ല. അതുകൊണ്ടാണ് മാറിച്ചിന്തിച്ച പാർട്ടി പ്രവർത്തകർ തിരുത്തണമെന്ന സിദ്ധാന്തം ഗോവിന്ദനും കൂട്ടരും ഉയർത്തുന്നത്.

ജനത്തെ ആവേശം കൊള്ളിക്കുന്ന , ഉത്തേജിതരാക്കുന്ന, പ്രചോദിപ്പിക്കുന്ന ഒരൊറ്റ നേതാവ് പോലും ഇന്നിപ്പോൾ സിപിഎമ്മിലില്ല എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ അഞ്ച് കൊല്ലങ്ങളിൽ പിണറായി വിജയനും ഉപജാപക സംഘത്തിനുമെതിരെ നിലപാടെടുക്കാൻ മറന്നുപോയ കെ.കെ. ശൈലജയും പി. ജയരാജനും തോമസ് ഐസക്കിനും പി. രാജീവുമൊക്കെ നേരിടുന്ന പ്രതിസന്ധിയാണിത്. തിരുത്തൽ ശക്തിയായി പാർട്ടിക്കുള്ളിൽ നിലയുറപ്പിച്ചുകൊണ്ടാണ് വി.എസ്. അച്യുതാനന്ദൻ കേരളീയരുടെ മനസ്സിൽ ഇടം നേടിയത്. വി.എസിന് ഒരു പിൻഗാമി പാർട്ടിയിൽ ഇല്ലാതെ പോയതാണ് സിപിഎം നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും വർദ്ധിപ്പിക്കുന്നത്.

കേന്ദ്ര കമ്മിറ്റിക്കും മേലെ

തിരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്ത് പാർട്ടി കേന്ദ്ര കമ്മിറ്റി ഉയർത്തിയ വിമർശങ്ങൾക്ക് പുല്ലുവില കൽപിച്ചുകൊണ്ടാണ് പിണറായിയും കൂട്ടരും വിതണ്ഡവാദവുമായി മുന്നോട്ടു നീങ്ങുന്നത്. വിലയിരുത്തൽ റിപ്പോർട്ടിൽ കേന്ദ്ര കമ്മിറ്റി കടുത്ത വിമർശമാണ് കേരള ഘടകത്തിനെതിരെ ഉയർത്തിയത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ ഇതാദ്യമായാണ് പാർട്ടിയുടെ വോട്ട് വിഹിതത്തിൽ 21.77% ശതമാനം ഇടിവുണ്ടായതെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ചയുണ്ടായെന്നും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും അർഹിക്കുന്ന പ്രാതിനിധ്യം നൽകുന്നതിൽ കേരള ഘടകം പരാജയപ്പെട്ടെന്നും കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി.

ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ കേരള ഘടകത്തിനായില്ലെന്നും പാർട്ടിക്കും കേഡർമാർക്കുമിടയിൽ ശരിയായ ആശയവിനിമയം നടന്നിട്ടില്ലെന്നും ഈ വീഴ്ചയിൽനിന്നു പാർട്ടി സംസ്ഥാന നേതൃത്വത്തിന് കൈകഴുകി ഒഴിഞ്ഞുമാറാനാവില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ഭരണതലത്തിൽ വീഴ്ചകളുണ്ടായി. പാർട്ടി നേതൃത്വത്തിന്റെ ധാർഷ്ട്യപരമായ സമീപനങ്ങളും ജനങ്ങളെ അകറ്റി. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായിരുന്ന തളിപ്പറമ്പിലും പയ്യന്നൂരിലും അമ്പലപ്പുഴയിലുമുണ്ടായ പരാജയം കടുത്ത ആശങ്ക ഉണർത്തുന്നുണ്ടെന്നും കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി. കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ എത്ര എളുപ്പത്തിലാണ് പിണറായിയും കൂട്ടരും തള്ളിക്കളയുന്നത്. സിപിഎമ്മിൽ തീരുമാനമെടുക്കുന്ന പരമോന്നത സമിതിയാണ് കേന്ദ്ര കമ്മിറ്റി. അതിനും മേലെയാണ് തന്റെ തിട്ടൂരങ്ങളെന്ന് പിണറായി വിജയൻ വ്യക്തമാക്കുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ ദൃശ്യമാവുന്നത്.

മകൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ നിഷേധിക്കാൻ പാർട്ടിയെ ഒന്നടങ്കം കളത്തിലിറക്കാൻ പിണറായി വിജയനായി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി അടക്കമുള്ളവർ പിണറായിക്കായി പ്രതിരോധമുയർത്തുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. കെ റെയിൽ പോലൊരു ജനവിരുദ്ധ പദ്ധതിയുടെ കാര്യത്തിലും പാർട്ടി നേതൃത്വം പിണറായിക്കൊപ്പമാണ് നിലയുറപ്പിച്ചത്. പിഎം ശ്രീ കരാർ ഒപ്പിടുന്നതിലും അയ്യപ്പസംഗമത്തിലും വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളിലും തിരുത്തൽ ശക്തിയാകുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടു. അയ്യപ്പസംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ആശംസകൾ ആഹ്ലാദരവങ്ങളോടെ വായിച്ചപ്പോൾ എന്ത് സന്ദേശമാണ് ജനങ്ങൾക്ക്് മുന്നിൽ വെയ്ക്കുന്നതെന്ന് ചോദിക്കാൻ പാർട്ടിയിൽ ആരുമുണ്ടായില്ല.

ബംഗാളിന്റെ പാഠങ്ങൾ

കോഴിക്കോട്ട് ഈ മാസം 13 മുതൽ 15 വരെ ചേരാനിരിക്കുന്ന സിപിഎം എക്സ്റ്റൻഡഡ് സംസ്ഥാന സമിതി യോഗം ഈ പ്രതിസന്ധിക്ക് എന്തെങ്കിലും പരിഹാരം കണ്ടെത്തുമെന്ന് കരുതുന്നത് മണ്ടത്തരമാവും. അങ്ങിനെയൊരു തിരുത്തൽ പിണറായിയുടെയും കൂട്ടരുടെയും അജണ്ടയിലില്ല. തിരുത്തണമെങ്കിൽ സ്വയം തിരുത്തണം. അതിന് തങ്ങളില്ലെന്ന് പിണറായിയും എം.വി. ഗോവിന്ദനും ആവർത്തിച്ചു കഴിഞ്ഞു. പിണറായിയെ പ്രതിരോധിക്കുന്ന ഈ കോട്ട തകർത്ത് പാർട്ടിക്കുള്ളിൽ ശുദ്ധീകരണ കലശത്തിന് വഴിയെിരുക്കാനുള്ള കെൽപൊന്നും തോമസ് ഐസക്കിനില്ല. കേന്ദ്ര നേതൃത്വത്തിന്റെ മുഖം രക്ഷിക്കാൻ എന്തെങ്കിലും ചില മിനുക്കുപണികൾ മാത്രമായിരിക്കും കോഴിക്കോട്ടുനിന്ന് ഉണ്ടാവുക.

സുപ്രീം കോടതിയെ ബലപ്പെടുത്താൻ നിയമവിജ്ഞാനമുള്ളവരെ ജഡ്ജിമാരായി നേരിട്ട് നിയമിക്കണമെന്ന് ജസ്റ്റിസ് ഉജ്ജൽ ബുയൻ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ 124(3)-ൽ ഇതിനുള്ള നിർദ്ദേശമുണ്ടെന്നും അത് നടപ്പാക്കണമെന്നുമാണ് ജസ്റ്റിസ് ബുയൻ പറഞ്ഞത്. സുപ്രീം കോടതിയുടെ ആർജ്ജവവും നിലവാരവും ഉയർത്താൻ ഇത്തരത്തിലൊരു നീക്കം അനിവാര്യമാണെന്ന് അദ്ദേഹം പറയുന്നു. ഒരു പക്ഷേ, സിപിഎമ്മും ഇത്തരത്തിലൊരു നടപടി എടുക്കേണ്ടിവരും. ധാർമ്മികശക്തിയുള്ള വ്യക്തിത്വങ്ങളെ കണ്ടെത്തി പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണം. വലിയതോതിൽ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യപ്പെടുന്ന നീക്കമാണിത്. നിലവിലുള്ള നേതാക്കൾക്ക് പകരം പുതിയ നേതൃനിര ഉയർന്നു വരണം. ഒരർത്ഥത്തിൽ പണ്ട് മാവോ നടത്തിയ സാംസ്‌കാരിക വിപ്ലവത്തെ അനുസ്മരിപ്പിക്കുന്ന നടപടി. അത്തരമൊരു ശുദ്ധീകരണത്തിലൂടെ അല്ലാതെ സിപിഎം രക്ഷപ്പെടുന്നതിനുള്ള സാദ്ധ്യത തുലോം വിരളമാണ്.

ബിജെപി മൊത്തത്തിൽ പ്രതിസന്ധിയിലാണെന്നതാണ് സിപിഎമ്മിന് ആശ്വാസമേകുന്ന ഒരു സംഗതി. കേന്ദ്രത്തിൽ പ്രധാനമന്ത്രി മോദിയുടെ സർക്കാർ കടുത്ത പ്രതിച്ഛായാ തകർച്ചയുമായാണ് മുഖാമുഖം നിൽക്കുന്നത്. കേരളത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപിക്കും ഒന്നും ചെയ്യാനാവുന്നില്ല. പക്ഷേ, ധാർമ്മിക പാപ്പരത്തത്തിൽനിന്നു മോചിതമാവാൻ സിപിഎമ്മിന് കഴിയാതെ വന്നാൽ കേരളത്തിൽ ബംഗാളിലേതുപോലെ പാർട്ടി ഒന്നുമല്ലാതാവുന്ന അവസ്ഥ അതിവിദൂരമായിരിക്കില്ല. കാണാൻ കണ്ണുള്ളവർ കാണുകയും കേൾക്കാൻ ചെവിയുള്ളവർ കേൾക്കുകയും ചെയ്യട്ടെ!

വഴിയിൽ കേട്ടത്: അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലാണ് ഇന്ത്യൻ ജനാധിപത്യമെന്ന് സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വി ഡെം ഇൻസ്റ്റിറ്റ്യൂട്ട്. ജനാധിപത്യ സൂചകത്തിൽ 179 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 106 എന്നും വി ഡെം. കോൺഗ്രസിന്റെ സമുന്നത നേതാവ് സോണിയ ഗാന്ധിക്ക് ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനു നേരിട്ട പ്രയാസം അറിയുന്നവരെ ഈ റാങ്കിങ് അത്ഭുതപ്പെടുത്തില്ല.