
Street Fighting Years: An Autobiography of The Sixtise (തെരുവ് പോരാട്ടവർഷങ്ങൾ: അറുപതുകളുടെ ആത്മകഥ) എന്ന ഗ്രന്ഥത്തിൽ എഴുത്തുകാരനും ചിന്തകനുമായ താരിഖ് അലി തന്റെ യൗവ്വനം നേരിട്ട വിഹ്വലതകളും സംഘർഷങ്ങളും അതിഗംഭീരമായി വിവരിക്കുന്നുണ്ട്. 1960-കൾ അക്ഷരാർത്ഥത്തിൽ പോരാട്ടങ്ങളുടെ കാലമായിരുന്നു. വിയറ്റ്നാമിൽ ഒരു ജനത അധിനിവേശ ശക്തികൾക്കെതിരെ നടത്തിയ ഐതിഹാസികമായ ചെറുത്തുനിൽപ്, യൂറോപ്പിലും അമേരിക്കയിലും വിദ്യാർത്ഥികൾ സാമ്രാജ്യത്വ ഭീകരതയ്ക്കെതിരെ നടത്തിയ പോരാട്ടങ്ങൾ, ലാറ്റിൻ അമേരിക്കയിൽ ചെഗുവേരയും കൂട്ടരുടെയും വിപ്ലവ പ്രവർത്തനങ്ങൾ. ത്രസിപ്പിക്കുന്ന ഈ കാലത്തായിരുന്നു താരിഖ് അലിയുടെ ക്ഷുഭിതയൗവ്വനം. ഫ്രഞ്ച് വിപ്ലവകാലത്ത് ജീവിച്ചിരിക്കുകയെന്നു പറഞ്ഞാൽതന്നെ ആനന്ദമായിരുന്നെന്നും അന്ന് യുവാവായിരിക്കുക എന്നാൽ സ്വർഗ്ഗം തന്നെയായിരുന്നെന്നും കവി വേഡ്സവർത്ത് എഴുതിയ അവസ്ഥ.
1965 ഏപ്രിലിലാണ് ഒക്സ്ഫഡ് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി താരിഖ് അലി തിരഞ്ഞെടുക്കപ്പെട്ടത്. ആ വർഷം ജനുവരിയിലായിരുന്നു മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ മരണം. സുപ്രധാന നേതാക്കൾ മരിക്കുമ്പോൾ ഒക്സ്ഫഡിൽ വിദ്യാർത്ഥികൾ യോഗം ചേർന്ന് അനുശോചിക്കുന്ന പതിവുണ്ട്. ഈ പതിവ് ചർച്ചിലിന്റ കാര്യത്തിലും തുടരാൻ യൂണിയൻ തീരുമാനിച്ചു. ഒരു മിനിറ്റ് മൗനമാചരിച്ചുകൊണ്ടാണ് അനുശോചന സമ്മേളനം തുടങ്ങുന്നത്. യൂണിയൻ തീരുമാനത്തിനെതിരെ അന്ന് റിച്ചാർഡ് കിർക്ക്വുഡ് എന്ന വിദ്യാർത്ഥി പ്രതിഷേധിച്ചതിനെക്കുറിച്ച് അലി ആത്മകഥയിൽ എഴുതുന്നുണ്ട്. ചർച്ചിലിനെപ്പോലൊരാളുടെ മരണത്തിൽ അനുശോചനം വേണ്ടെന്ന് ഒരു വിദ്യാർത്ഥി നിലപാടെടുക്കുന്നത് യൂണിയനിലെ ബഹുഭൂരിപക്ഷത്തിനും ഉൾക്കൊള്ളാനാവുമുയിരുന്നില്ല. പക്ഷേ, വിയോജിപ്പുകൾ ജനാധിപത്യത്തിന്റെ കാതലാണ്. അതുകൊണ്ടുതന്നെ റിച്ചാർഡിന് സംസാരിക്കാൻ അവസരം കൊടുക്കണമെന്നുള്ള കാര്യത്തിൽ രണ്ടഭിപ്രായമുണ്ടായിരുന്നില്ല.
ചർച്ചിലിന്റെ ചരിത്രപരമായ അപരാധങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് റിച്ചാർഡ് അനുശോചന സമ്മേളനത്തിനെതിരെ നിലപാടെടുത്തത്. ഇന്ത്യയ്്ക്ക് സ്വാതന്ത്ര്യം നൽകുന്നതിനെതിരെ ചർച്ചിൽ നിലയുറപ്പിച്ചതും ബംഗാൾ ക്ഷാമത്തിന് ചർച്ചിൽ ഉത്തരവാദിയാവുന്നതും അടക്കമുള്ള വീഴ്ചകൾ അക്കമിട്ട് നിരത്തിയായിരുന്നു റിച്ചാർഡിന്റെ പ്രസംഗം. ഒടുവിൽ അനുശോചന പ്രമേയം അവതരിപ്പിച്ചപ്പോൾ താനടക്കം ഇരുപതോളം വിദ്യാർത്ഥികൾ ചർച്ചിലിനോടുള്ള ആദരസൂചകമായി എഴുന്നേറ്റ് നിൽക്കാതിരുന്നത് ഓർമ്മിച്ചുകൊണ്ട് താരിഖ് അലി വിരൽചൂണ്ടുന്നത് ഒക്സ്ഫഡിൽ വിദ്യാർത്ഥി സമൂഹം അനുഭവിച്ചിരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കാണ്.
കാമ്പസുകൾ നിശ്ശബ്ദമാവുമ്പോൾ
നിശ്ശബ്ദമാവുന്ന കാമ്പസുകൾ രോഗാവസ്ഥയുടെ ലക്ഷണമാണെന്ന് അലി പറയുന്നുണ്ട്. ചർച്ചകളും സംവാദങ്ങളുമാണ് കാമ്പസുകളെ കാമ്പസുകളാക്കുന്നത്. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും പോസിറ്റീവായ സംഭവവികാസമായിരുന്നു ജന്തർ മന്തറിലെ പ്രതിഷേധം എന്നാണ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരിഖ് അലി അഭിപ്രായപ്പെട്ടത്. അനീതിക്കെതിരെ പ്രതിഷേധിക്കുക എന്ന മൗലികധർമ്മം വിദ്യാർത്ഥികൾ മറന്നുതുടങ്ങിയാൽ അതൊരു സമൂഹത്തിന്റെ മൊത്തം അപചയത്തിലേക്കായിരിക്കും നയിക്കുകയെന്നും അലി പറഞ്ഞു.
താരിഖ് അലിയെ ഓർക്കാൻ കാരണം ഒരു വൈസ് ചാൻസലറുടെ ചോദ്യവും ആ ചോദ്യത്തിന് മുന്നിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ പുലർത്തിയ നിശ്ശബ്ദതയുമാണ്. നിങ്ങൾ പാറ്റകളാണോ എന്ന ചോദ്യമാണ് കേരള സർവ്വകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേൽ തിരുവനന്തപുരത്ത്് പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒരു ചടങ്ങിൽ ഉയർത്തിയത്. വളരെ കൃത്യമായൊരു രാഷ്ട്രീയ ചോദ്യമാണ് വി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പാറ്റകൾ എന്ന വാക്ക് ഇന്നിപ്പോൾ ഇന്ത്യയുടെ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ചോദ്യത്തിലെ രാഷ്ട്രീയം കുട്ടികൾക്ക് മനസ്സിലാവാതെ പോവില്ല. ഇതേ ചടങ്ങിൽ സന്നിഹിതനായിരുന്ന സംസ്ഥാന ഗവർണർ ആർലേക്കർ വി.സിയുടെ ചോദ്യത്തെക്കുറിച്ച് നടത്തിയ പ്രതികരണം രസകരമായിരുന്നു.
ഏത് പശ്ചാത്തലത്തിലാണ് വി.സി. ഈ ചോദ്യം ചോദിച്ചതെന്ന് തനിക്കറിയില്ലെന്നും എന്നാൽ പാറ്റകളാവാനല്ല സിംഹങ്ങളാവാനാണ് വിദ്യാർത്ഥികൾ ശ്രമിക്കേണ്ടതെന്നും ഗവർണർ പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തൊഴിൽ രഹിതരായ ചെറുപ്പക്കാരെ പാറ്റകളെന്നു വിളിച്ചതും അതിനുള്ള പ്രതികരണമായി അഭിജിത് ദിപ്കെ എന്ന ചെറുപ്പക്കാരൻ പാറ്റകൾക്കായി ഒരു വെബ്സൈറ്റ് തുടങ്ങിയതും അത് കോക്റോച്ച് ജനത പാർട്ടിയായി പരിണമിച്ചതും ജന്തർ മന്തർ പ്രക്ഷോഭവും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെയ്ക്കേണ്ടി വന്നതും നിലവിൽ ഇന്ത്യയിൽ വിദ്യാഭ്യാസപരമായി ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളായ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഗവർണർ പദവി വഹിക്കുന്ന ഒരാൾക്ക് അറിയില്ലെന്നു പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ എത്രപേരെ കിട്ടുമെന്നറിയില്ല.
പാറ്റകളുടെ ചരിത്രപരിസരം അറിയില്ലെങ്കിലും വിദ്യാർത്ഥികൾ പാറ്റകളല്ല സിംഹങ്ങളാണ് ആവേണ്ടതെന്ന കാര്യത്തിൽ ഗവർണർക്ക് സംശയമില്ല. പാറ്റകളെ തള്ളിപ്പറയുന്നവർ നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്ന കാര്യത്തിലും ആർക്കും സംശയമുണ്ടാവില്ല.
ഐൻസ്റ്റീൻമാർ അന്യരാവുന്ന സർവ്വകലാശാലകൾ
ആർലേക്കറുടെയും മോഹനൻ കുന്നുേമ്മലിന്റെയും രാഷ്ട്രീയം രഹസ്യമല്ല. ഗവർണറും വി.സിയുമൊക്കെ കക്ഷി രാഷ്ട്രീയത്തിന് അതീതരായി പ്രവർത്തിക്കേണ്ടവരാണ്. പക്ഷേ, നമ്മുടെ പല ഗവർണർമാരും വി.സിമാരും ഈ കാഴ്ചപ്പാടിനോട് യോജിക്കുന്നവരല്ല. തങ്ങളെ നിയമിച്ചവർ തങ്ങളുടെ രാഷ്ട്രീയം വിലയിരുത്തിത്തന്നെയാണ് അതിന് തയ്യാറായതെന്ന് ഇവർക്കറിയാം. പണ്ട് കേരള സർവ്വകലാശാലയുടെ വി.സിയായി സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനെ കൊണ്ടുവരാൻ അന്നത്തെ തിരുവിതാംകൂർ ദിവാൻ സി.പി. രാസ്വാമി അയ്യർ ശ്രമിച്ചതായി കേട്ടിട്ടുണ്ട്. ഐൻസ്റ്റീന്റെ രാഷ്ട്രീയ നിലപാടുകൾ ആയിരുന്നില്ല, മറിച്ച് ഐൻസ്റ്റിന്റെ അക്കാദമിക മികവ് ആയിരുന്നു സി.പിയെ ആകർഷിച്ചത്. രാഷ്ട്രീയ വിധേയത്വം അക്കാദമിക മികവിനും മേലെയുള്ള മാനദണ്ഡമാവുന്ന കാലത്ത് ഐൻസ്റ്റീൻമാർ സർവ്വകലാശാലകളുടെ പടിക്ക് പുറത്താവുന്നു.
മോഹനൻ കുന്നുമ്മൽ എന്തായാലും ആർലേക്കറെപ്പോലെ തനിക്ക് പാറ്റകളുടെ പശ്ചാത്തലം അറിയില്ലെന്ന് പറഞ്ഞിട്ടില്ല. പാറ്റകളുടെയും ജന്തർ മന്തർ പ്രതിഷേധത്തിന്റെയും പശ്ചാത്തലത്തിൽതന്നെയാണ് അദ്ദേഹം ആ ചോദ്യം ചോദിച്ചത്. നിങ്ങൾ പാറ്റകളാണോ എന്ന ചോദ്യത്തിന് മറുപടി വരാതിരുന്നപ്പോൾ അദ്ദേഹം ചോദ്യം ആവർത്തിച്ചു. പാറ്റകളല്ലെന്ന് പറയാൻ അദ്ദേഹം വിദ്യാർഥികളെ നിർബ്ബന്ധിച്ചു. പക്ഷേ, കനത്ത നിശ്ശബ്ദതയാണ് വി.സിക്ക് നേരിടേണ്ടി വന്നത്. കുട്ടികളുടെ ഈ നിശ്ശബ്ദത വി.സിയെ നിരാശപ്പെടുത്തിയെന്നു പ്രത്യേകം പറയേണ്ടതില്ല. അദ്ദേഹം പല വട്ടം പല രീതിയിൽ ശ്രമിച്ചിട്ടും കുട്ടികൾ തങ്ങൾ പാറ്റകളല്ലെന്ന്് പറഞ്ഞില്ല. തങ്ങൾ സിംഹങ്ങളാണെന്നും അവർ പറഞ്ഞില്ല.
കുട്ടികൾക്ക് തന്റെ ചോദ്യം മനസ്സിലായിട്ടുണ്ടാവില്ലെന്നാണ് പിന്നീട് വി.സി. മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. വിദേശ ശക്തികളാണ് വിദ്യാർത്ഥികളെ പാറ്റകളാക്കുന്നതെന്നും വി.സി. ആരോപിച്ചു. ഒരു വി.സി. എന്ന നിലയിലുള്ള കടമകൾ നിറവേറ്റുന്നതിന്റെ ഭാഗമായാണ് താൻ ഇത്തരം അഭിപ്രായങ്ങൾ മുന്നോട്ടുവെയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ പ്രായം കുറഞ്ഞ കുട്ടികളായിരുന്നു സദസ്സിലുണ്ടായിരുന്നതെന്നും അവർക്ക് തന്റെ ചോദ്യം മനസ്സിലാവാതെ പോയതുകൊണ്ടാവണം അവർ നിശ്ശബ്ദരായതെന്നുമാണ് വി.സി. സ്വയം സമാശ്വസിക്കുന്നത്.
ജന്തർ മന്തറിന്റെ രാഷ്ട്രീയം
പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികൾ നിശ്ശബ്ദരാവുന്നത് വി.സിയെ നിരാശപ്പെടുത്തിയപോലെ തന്നെ ഈ ലേഖകനെയും നിരാശപ്പെടുത്തുന്നു. കുട്ടികൾ വി.സിയുടെ വാദം അംഗീകരിച്ചില്ലെന്നത് പകൽപോലെ വ്യക്തമാണ്. വി.സി. ആവശ്യപ്പെട്ടതുപോലെ തങ്ങൾ പാറ്റകളല്ലെന്ന് ഏറ്റുപറയാൻ അവർ വിസമ്മതിച്ചു. വി.സിയുടെ രാഷ്ട്രീയമല്ല തങ്ങളുടേതെന്ന് അവരുടെ നിശ്ശബ്ദത വളംബരം ചെയ്തു. ആ നിശ്ശബ്ദത വലിയൊരു പ്രഖ്യാപനമായിരുന്നെന്നും അത് മോഹനൻ കുന്നുമ്മേലിന് മുഖത്തേറ്റ പ്രഹരമായിരുന്നെും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കുട്ടികളെ തന്റെ വഴിക്ക് കൊണ്ടുവരാനുള്ള വി.സിയുടെ ശ്രമം അപഹാസ്യമായി എന്നതിൽ സംശയമില്ല. വി.സി. വരച്ച വരയിലൂടെ നീങ്ങാൻ ആ കുട്ടികൾ തയ്യാറായില്ലെന്നതും കാണാതിരിക്കേണ്ട കാര്യമില്ല.
മുഖ്യമായും രണ്ട് കാര്യങ്ങളാണ് ഇവിടെ വിശകലനവും വിശ്ലേഷണവും അർഹിക്കുന്നത്. വി.സി. മുന്നോട്ടുവെയ്ക്കുന്ന രാഷട്രീയമാണ് ആദ്യത്തേത്. രണ്ടാമത്തേത് കുട്ടികളുടെ നിശ്ശബ്ദതയും. വി.സിയുടെ രാഷ്ട്രീയം സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയമാണ്. അത് തുറന്നുപറയുന്നതിന് അദ്ദേഹത്തിന് വിസമ്മതവുമില്ല. ഈ രാഷ്ട്രീയമാണ് ജന്തർ മന്തറിൽ ചോദ്യം ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ വി.സി. അതിൽ പ്രകോപിതനാവുക സ്വാഭാവികമാണ്. വി.സി. എന്ന നിലയിൽ തന്റെ കടമ നിറവേറ്റുക മാത്രമാണ് താൻ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഒരു അക്കാദമിക സമൂഹത്തിന്റെ തലപ്പത്തിരിക്കുന്നയാളാണ് വി.സി. അപ്പോൾ അക്കാദമികമായി ഈ വിഷയത്തെ സമീപിക്കേണ്ട ബാദ്ധ്യത അദ്ദേഹത്തിനുണ്ട്.
എന്തുകൊണ്ട് ജന്തർ മന്തർ, എന്തുകൊണ്ട് പാറ്റകൾ എന്ന ചോദ്യമാണ് അദ്ദേഹം ശരിക്കും ഉയർത്തേണ്ടിയിരുന്നത്. ഒരു പ്രതിഷേധവും ശൂന്യതയിൽനിന്ന് ഉടലെടുക്കുന്നതല്ലെന്ന് കുന്നുമ്മലിന് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതില്ല. ഒരു സിസ്റ്റം പരാജയപ്പെടുന്നതിലുള്ള നിരാശയും ക്രോധവുമാണ് നമ്മുടെ ചെറുപ്പക്കാരെ ജന്തർ മന്തറിലേക്ക് നയിച്ചത്. അതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമമാണ് അക്കാദമിക, ഭരണ തലങ്ങളിലുള്ളവർ ചെയ്യേണ്ടത്. എന്തുകൊണ്ട് പരീക്ഷാ ചോദ്യപ്പേപ്പറുകൾ ചോരുന്നു, എന്തുകൊണ്ട് ഇന്ത്യയിൽ തൊഴിലില്ലായ്മ കൂടുന്നു, എന്തുകൊണ്ട് നമ്മുടെ ചെറുപ്പക്കാർ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നു എന്ന കാതലായ ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം ആ ചോദ്യങ്ങൾ ചോദിക്കുന്നവർ പാറ്റകളാണെന്നും അങ്ങിനെയുള്ള പാറ്റകളെയല്ല സമൂഹത്തിനാവശ്യമെന്നുമാണ് കുന്നുമ്മൽ പറയുന്നത്.
നിർമ്മിത ബുദ്ധി, യൂണിവേഴ്സൽ ഇൻകം
ഒറ്റയടിക്ക്്് ഒരു സമൂഹം നേരിടുന്ന പ്രതിസന്ധികളത്രയും റദ്ദാക്കുന്ന സമീപനമാണിത്. കാടടച്ചുള്ള ഇത്തരം വെടികളല്ല ആഴത്തിലുള്ള വിശകലനവും പര്യവേക്ഷണവുമാണ് ഒരു വൈസ് ചാൻസലറുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. വിദ്യാർത്ഥികൾ മാത്രമല്ല, സമൂഹം മൊത്തത്തിൽ അനിശ്ചിതത്തിന്റെ നിഴലിൽ നിൽക്കുന്ന കാലമാണിത്. ഒരു വശത്ത് നിർമ്മിതബുദ്ധിയുടെ വിളയാട്ടമാണ്. മറുവശത്ത് ഭരണതലത്തിലും അക്കാദമിക തലത്തിലുമുള്ള അപചയവും.
അടുത്ത പത്ത് കൊല്ലത്തിനുള്ളിൽ ലോകമാകെ മാറിമറിയുമെന്നാണ് ഇലോൺ മസ്കിനെയും ഡാരിയൊ അമൊദെയെയും സാം ഒൾട്ട്മാനെയും പോലെ എഐ മേഖലയിൽ സക്രിയമായി ഇടപെടുന്നവർ പറയുന്നത്. തൊഴിലെടുക്കാൻ കുറച്ചു പേർ മതിയാവുമെന്നും ഇവർ തൊഴിലെടുക്കുന്നതിലൂടെ തന്നെ ഉത്പാദന സമൃദ്ധിയുണ്ടാവുമെന്നും മസ്ക് പറയുന്നു. ഇങ്ങനെയുണ്ടാവുന്ന സമൃദ്ധി സമൂഹത്തിലെ എല്ലാവരിലേക്കും എത്തണമെങ്കിൽ അതിനുള്ള സംവിധാനമുണ്ടാവണം. ചുരുക്കം ചിലരുടെ കൈകളിൽ സമൃദ്ധി കുമിഞ്ഞുകൂടിയാൽ അതുണ്ടാക്കുന്ന വരുമാന അസമത്വം പേടിപ്പിക്കുന്നതായിരിക്കും.
ഇതിനുള്ള പ്രതിവിധിയായാണ് യൂണിവേഴ്സൽ ഇൻകം അവതരിപ്പിക്കപ്പെടുന്നത്. സമൂഹത്തിലെ എല്ലാവർക്കും ഒരു നിശ്ചിത വരുമാനം ഉറപ്പാക്കുന്ന പദ്ധതി. വൻലാഭം കൊയ്യുന്ന കമ്പനികളിൽനിന്ന് ഇതിനായുള്ള ധനവിഹിതം സ്വരൂപിക്കുന്നതിന് ഓരോ രാഷ്ട്രത്തിലെയും ഭരണകൂടങ്ങൾ വിശദമായ പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ടെന്നാണ് ഓപ്പൺ എ.ഐ. സ്ഥാപകൻ സാം ഒൾട്ട്മൻ ചൂണ്ടിക്കാട്ടുന്നത്. ഇതൊരു ചെറിയ പ്രക്രിയ അല്ല. വിശദവും സൂക്ഷ്മവുമായ ഇടപെടലുകൾ ആവശ്യപ്പെടുന്ന സംരംഭമാണിത്.
മുന്നോട്ട് നയിക്കേണ്ട ചോദ്യങ്ങൾ
ഇതിനുള്ള കൂടിയാലോചനകൾ അന്താരാഷ്ട്ര തലത്തിൽ നടക്കേണ്ടതായുണ്ട്. ഇതിനൊപ്പമാണ് എ.ഐയിലുള്ള മുന്നേറ്റവും നടക്കേണ്ടത്. ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഈ മേഖലയിൽ ഇപ്പോൾ വളരെയധികം പിന്നിലാണ്. എ.ഐയുടെ ലോകത്ത് അമേരിക്കയും ചൈനയുമാണ് നിലവിൽ മുൻനിരക്കാർ. ഈ വർഷം മാത്രം 650 ബില്ല്യൺ ഡോളറാണ് (ഏകദേശം 59 ലക്ഷം കോടി രൂപ) അമേരിക്ക ആസ്ഥാനമായുള്ള ആമസോൺ, ആൽഫബെറ്റ്, മെറ്റ , മൈക്രൊസോഫ്റ്റ് എന്നീ കമ്പനികൾ മുതൽ മുടക്കുന്നത്. ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ദേശീയ ബജറ്റിൽ പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് 53 ലക്ഷം കോടി രൂപയാണെന്ന് ഓർക്കുക. നിർമ്മിതബുദ്ധിക്കായി ചൈന എത്രയാണ് മുതൽമുടക്കുന്നതെന്ന് വ്യക്തമല്ല. മുടക്കുമുതലിന്റെ പതിന്മടങ്ങ് ലാഭം പ്രതീക്ഷിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുമായി എ.ഐ. വിഭവ ലഭ്യതയ്ക്കായുള്ള കരാറുകളിൽ ഏർപ്പെടുകയെന്നത് വികസ്വര രാഷ്ട്രങ്ങൾക്ക് കടമ്പയാവുമെന്നതിൽ സംശയമില്ല.
അതുകൊണ്ടാണ് ഇന്ത്യയെപ്പോലൊരു ജനാധിപത്യ സമൂഹത്തിൽ എ.ഐയെ കൈകാര്യം ചെയ്യുന്നത് സാങ്കേതിക വിദ്യാപരമെന്നതിനക്കോൾ സാമ്പത്തികവും സാമൂഹികവുമായ പ്രക്രിയ ആവുന്നത്. നിലവിൽതന്നെ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഒരു രാജ്യത്തിന് എ.ഐയുടെ മുന്നേറ്റം സൃഷ്ടിക്കുന്ന തൊഴിൽനഷ്ടങ്ങൾ കൂനിന്മേൽ കുരുവാവും. എ.ഐ. വളർച്ചയെന്നു പറഞ്ഞാൽ പണം മാത്രമല്ല, അതിഭീമമായ ഊർജ്ജസ്രോതസ്സുകളും ആവശ്യപ്പെടുന്ന പ്രക്രിയയാണ്. നെറ്റ്വർക്കുകളുടെ വ്യാപനത്തിനും ഡാറ്റ ഖനനത്തിനും വേണ്ടിവരുന്ന ഊർജ്ജം നമ്മുടെ സാധാരണ കണക്കുകൂട്ടലുകൾക്കൊക്കെ അതീതമായിരിക്കും.
ഈ പ്രതിസന്ധികളെക്കുറിച്ച് നമ്മുടെ അക്കാദമിക ലോകം എത്രമാത്രം ചിന്തിക്കുന്നുണ്ടെന്ന ചോദ്യം മോഹൻ കുന്നുമ്മൽ ഉയർത്തിയിരുന്നുവെങ്കിൽ അത്് ജന്തർ മന്തർ പ്രക്ഷോഭത്തിന്റെ ഉള്ളറകളിലേക്ക് കൂടിയുള്ള സഞ്ചാരമാവുമായിരുന്നു. അതിനു പകരം തികച്ചും വൈയക്തികമായ രാഷ്ട്രീയതാൽപര്യങ്ങൾ മുൻനിർത്തിയുള്ള ചോദ്യമാണ് വി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സൂമഹത്തെ മുന്നോട്ട് നയിക്കുന്നതിന് പകരം പിന്നോട്ട് നയിക്കുന്ന ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾക്ക്്് മുന്നിലാണ് നമ്മുടെ വിദ്യാർഥികൾ നിശ്ശബ്ദരായത്. വി.സി. മുന്നോട്ടുവെച്ച രാഷ്ട്രീയം ഈ നിശ്ശബ്ദതയിലൂടെ വിദ്യാർഥികൾ തള്ളിക്കളഞ്ഞു എന്നതിൽ തർക്കമില്ല.പക്ഷേ, അപ്പോഴും നിശ്ശബ്ദത ബാക്കിയാണ്, ചോദ്യചിഹ്നമാണ്. എന്തുകൊണ്ട് നമ്മുടെ വിദ്യാർത്ഥികൾ നിശ്ശബ്ദരാവുന്നുവെന്ന ചോദ്യം ഉയർത്താതിരിക്കാനാവാത്തതും അതുകൊണ്ടുതന്നെയാണ്. വി.സിയുടെ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്നവരല്ല തങ്ങളെന്ന് സധൈര്യം വിളിച്ചുപറയാൻ എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് കഴിയാതെ വരുന്നത്?
ഗോപാൽകൃഷ്ണ ഗാന്ധി പറഞ്ഞത്
നമ്മുടെ അന്തരീക്ഷത്തിൽ ഭയം നിറഞ്ഞുനിൽപുണ്ടെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ നിശ്ശബ്ദത ആത്യന്തികമായി വിരൽ ചൂണ്ടുന്നത്. 2017-ൽ ഇതേ തിരുവനന്തപുരത്ത് നടത്തിയ വി.ആർ. കൃഷ്ണയ്യർ പ്രഭാഷണത്തിലാണ് മുൻ ബംഗാൾ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി ഭയത്തെക്കുറിച്ച് സംസാരിച്ചത്. രാജ്യം ഭീതിയുടെ പിടിയിലാണെന്ന് പറയുമ്പോൾ അങ്ങിനെ പേടിയുണ്ടെങ്കിൽ താങ്കൾക്കിങ്ങനെ സംസാരിക്കാൻ കഴിയുന്നത് എങ്ങിനെയാണെന്ന് പലരും ചോദിക്കാറുണ്ടെന്ന് ഗോപാൽ പറഞ്ഞു. അന്തരീക്ഷം മലിനമാണ്. പക്ഷേ, നമ്മൾ ശ്വസിക്കുന്നുണ്ട്. ഡൽഹയിലൊക്കെ താമസിക്കുന്നവർ ഇപ്പോഴും ശ്വസിക്കുന്നുണ്ടെന്നും അതിനാൽ അവിടെ വായു മലിനമെല്ലന്നും പറയുന്നതുപോലെയാണ് ഇന്ത്യയിൽ ഭയമില്ലെന്നും ഇപ്പോഴും പലരും വിമതസ്വരങ്ങൾ ഉയർത്തുന്നുണ്ടെന്നും പറയുന്നതെന്നാണ് ഗോപാൽ വ്യക്തമാക്കിയത്.
ജന്തർ മന്തറിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരത്ത് കുട്ടികൾ നിശ്ശബ്ദരായത്. അതിശക്തമായ ഒരു ഭരണകൂടത്തെയാണ് അവരുടെ അധികാരസോപാനത്തിനു മുന്നിലുള്ള സമരത്തിലൂടെ യുവാക്കൾ നേരിട്ടത്. പേടിയുടെ വലയങ്ങൾ സധൈര്യം ഭേദിച്ചുകൊണ്ടുള്ള സമരം. ഈ കാഴ്ച മുന്നിലുണ്ടായിട്ടും തിരുവനന്തപുരത്ത് കുട്ടികൾ നിശ്ശബ്ദരായി. ഗവർണറും വി.സിയും ഇരിക്കുന്ന ഒരു സദസ്സിനു മുന്നിൽ അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ നിശ്ശബ്ദത കൊണ്ട് കൈകാര്യം ചെയ്യുന്നതാവും നല്ലതെന്നാവാം നമ്മുടെ കുട്ടികൾ കരുതിയത്.
അത്തരമൊരു സമീപനം മനസ്സിലാക്കാവുന്നതേയുള്ളു. പക്ഷേ, അത്തരമൊരു സമീപനത്തിലേക്ക് നമ്മുടെ കുട്ടികൾ എങ്ങിനെ എത്തിച്ചേരുന്നുവെന്ന ചോദ്യം ചോദിക്കുകതന്നെ വേണം. എത്രയോ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ കണ്ടിട്ടുള്ള നാടാണ് കേരളം. അവിടെ തങ്ങളുടെ ഉള്ളിലുള്ള അഭിപ്രായം പരസ്യമായി രേഖപ്പെടുത്തുന്നതിൽനിന്നു കുട്ടികളെ തടയുന്നതെന്താണെന്നും അത്തരമൊരു അന്തരീക്ഷം സംജാതമാവുന്നത് എങ്ങിനെയാണെന്നും നമ്മൾ ചോദിക്കുകതന്നെ വേണം.
ദിമാഗി നക്സൽ
ജന്തർ മന്തർ പ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി മോദി പ്രക്ഷോഭകരെ വിശേഷപ്പിച്ചത് ദിമാഗി നക്സലുകൾ എന്നാണ്. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാത്തവരും സായുധ വിപ്ലവത്തിലൂടെ മാത്രമേ സമൂഹത്തെ മാറ്റിമറിക്കാൻ കഴിയുകയുള്ളു എന്നും വിശ്വസിക്കുന്നവരാണ് നക്സലുകൾ. ഇന്ത്യയുടെ വിമോചനം തോക്കിൻകുഴലിലൂടെ എന്നായിരുന്നു നക്സൽബാരിയിൽ ഉയർന്ന മുദ്രാവാക്യം. നക്സലുകളിൽ പലരും പിന്നീട് മാവോയിസ്റ്റുകളായി.
നക്സലുകളെയും മാവോയിസ്റ്റുകളെയും മിക്കവാറും ഇല്ലാതാക്കി എന്നവകാശപ്പെടുന്ന ഭരണകൂടമാണ് നരേന്ദ്ര മോദിയുടേത്. മുൻ യു.പി.എ. സർക്കാരിന്റെ കാലത്ത് തുടങ്ങിയ നക്സൽവേട്ട പൂർവ്വാധികം ശക്തിയോടെ കൊണ്ടുപോയ ഭരണകൂടമാണിത്. സായുധരായ നക്സലുകൾ ഇല്ലാതായെങ്കിലും ചിന്ത ആയുധമാക്കുന്ന നക്സലുകൾ ഇപ്പോഴുമുണ്ടെന്നാണ് പ്രധാനമന്ത്രി മോദി വിവക്ഷിച്ചത്. നേരത്തെ ആന്ദോളൻ ജീവികളെന്നും അർബൻ നക്സലുകൾ എന്നുമൊക്കെയുള്ള വിളികൾക്ക് മേധാ പട്ക്കറിനെയും ഫാ. സ്റ്റാൻ സ്വാമിയെയും ആനന്ദ് തെൽതുംബ്ദെയെയും പോലുള്ളവർ വിധേയരായിരുന്നു.
വ്യത്യസ്തമായി ചിന്തിക്കുന്നവർ, അനീതിക്കും അസമത്വത്തിനുമെതിരെ പോരാടുന്നവർ, വിയോജിപ്പിന്റെ സ്വരങ്ങൾ ഉയർത്തുന്നവർ ഇവരെല്ലാം രാജ്യദ്രോഹികളാണെന്ന പരികൽപനയുടെ പ്രതിഫലനമാണ് ഇത്തരം വിശേഷണങ്ങൾ. വ്യവസ്ഥിതിക്ക് ഒത്താശ ചെയ്യാത്തവരും ഓശാന പാടാത്തവരുമാണ് സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന യാഥാർത്ഥ്യമാണ് ഇത്തരം വിശേഷണപദങ്ങളുടെ കർത്താക്കൾ മറന്നുപോവുന്നത്.
ഇന്ത്യ എന്ന അഭയം
ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് സ്വതന്ത്രചിന്ത ഇല്ലാതാക്കുകയെന്ന കാഴ്ചപ്പാാടാണ് ഇതിന് പിന്നിൽ. സ്വാതന്ത്ര്യത്തിന്റെ എൺപതാം വർഷത്തിലേക്ക് നടക്കുകയാണ് ഇന്ത്യ. നിർഭയമായി ചിന്തിക്കാൻ കഴിയുന്ന, ശിരസ്സുയർത്തിപ്പിടിച്ച് ജീവിക്കാൻ കഴിയുന്ന ഇടമാവണം ഇന്ത്യ എന്നാണ് ടാഗോർ സ്വപ്നം കണ്ടത്. ഭയരഹിതമായി ജനങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന ഇന്ത്യയായിരുന്നു ഗാന്ധിജിയുടെയും മനസ്സിൽ. ഏവർക്കും അഭയമാവുന്ന ഇന്ത്യ. അഭയം എന്ന വാക്കിന്റെ അർത്ഥം ഭയരഹിതം എന്നാണ്. ഒരാൾക്ക് അഭയം കൊടുക്കുകയെന്ന് പറഞ്ഞാൽ ഭയരഹിതമായി ജീവിക്കാനുള്ള ഒരിടം നൽകുക എന്നാണർത്ഥം.
ഇന്ത്യൻ വിഭജന കാലത്ത് ബംഗാളിലെ നൗഖലിയിൽ വർഗ്ഗീയ കലാപങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഗാന്ധിജിയുടെ ലക്ഷ്യം അതൊന്നുമാത്രമായിരുന്നു. വേട്ടയാടപ്പെടുന്നവർക്ക് അഭയം നൽകുക. അന്ന് ഗാന്ധിജിയുടെ അടുക്കലെത്തിയവർ അഭയവും സാന്ത്വനവും എന്താണെന്നറിഞ്ഞു. ആ സമീപനവും ദർശനവും ഇല്ലാതാക്കാനാണ് തോക്കിൻകുഴലിലൂടെ നാഥുറാം ഗോഡ്സെ ശ്രമിച്ചത്. 1948 ജനുവരി 30-ന് ബിർളഹൗസിൽനിന്ന് പുറപ്പെട്ട ആ വെടിയുണ്ടകൾ നാടിന്റെ ഹൃദയം തുളയ്ക്കുന്നതാണ് ഗോവിന്ദ പൻസാരെയുടെയും ധബോൾക്കറുടെയും ഖൽബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും കൊലകൾ വ്യക്തമാക്കിയത്.
പേടിയില്ലാത്ത ഒരു തലമുറയെ തരൂ ഞാൻ ലോകം മാറ്റിത്തീർക്കാം എന്നാണ് ദാർശനികനും എഴുത്തുകാരനമായ ബർട്രന്റ് റസ്സൽ പറഞ്ഞത്. തിരുവനന്തപുരത്തെ കുട്ടികളുടെ നിശ്ശബ്ദത സവിശേഷമായ പ്രതികരണമാവുമ്പോഴും അത് നമ്മുടെ സമൂഹം നേരിടുന്ന ആഴമാർന്ന പ്രതിസന്ധിയിലേക്കുള്ള സൂചനയാണെന്നത് കാണാതിരിക്കാനാവില്ല. സ്വപ്നങ്ങളും നിലപാടുകളും സുവ്യക്തമായി രേഖപ്പെടുത്താൻ കഴിയുന്ന അന്തരീക്ഷമാണ് നമ്മൾ നമ്മുടെ കുട്ടികൾക്കായി ഒരുക്കേണ്ടത്. നാഥുറാം ഗോഡ്സെയുടെ ഇന്ത്യയിലേക്കല്ല ഗാന്ധിജിയുടെ ഇന്ത്യയിലേക്കാണ് നമ്മുടെ കുട്ടികൾ നടന്നുകയറേണ്ടത്.
വഴിയിൽ കേട്ടത്: സാർവ്വലൗകികതയിലും തുറന്ന സംഭാഷണങ്ങളിലും പരസ്പര ബഹുമാനത്തിലുമാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ന്യൂയോർക്ക് മേയർ സൊറാൻ മംദാനിയോട് ആർ.എസ്.എസ്. ഉമർ ഖാലിദിനെയും സുധ ഭരദ്വാജിനെയുമൊക്കെ സമീപിച്ചാൽ വിശദാംശങ്ങൾ അറിയാം!
Content Highlights: Kerala University VC's provocative question to students regarding cockroaches and its political undertones., The significance of student silence as a powerful rejection of the VC's ideology., Comparison with historical student movements like Jantar Mantar and the climate of fear in academia., The impact of Artificial Intelligence and economic shifts on the younger generation's future.
Published: 31 Aug 2026, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented