ടിക്... ടിക്... ടിക്…
ഒരു ടൈപ്പ്റൈറ്ററിന്റെ ശബ്ദം പോലെ ഒരു താളം. എന്നാൽ, അതൊരു സ്ത്രീയുടെ വിരൽനഖങ്ങൾ പരസ്പരം തട്ടിയുണ്ടാക്കിയ ശബ്ദമായിരുന്നു. ആ താളത്തിലാണ് ഡോളി പാർടൺ ലോകം കീഴടക്കിയ 9 to 5 എന്ന പാട്ടിന്റെ വരികൾ എഴുതിയത്. വീട്ടിലെ പണികളെല്ലാം തീർത്ത്, ഇറങ്ങിയോടി, രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ജോലി ചെയ്യേണ്ട പണിയിടത്തിലെത്താൻ പാടുപെടുന്ന സ്ത്രീകൾ ആ ഗാനത്തെ ഒരു വിമോചനഗാനംപോലെ സ്വീകരിച്ചു.

To advertise here,

2026 ആഗസ്റ്റ് 25-ന് എൺപതാം വയസ്സിൽ അന്തരിച്ച ഡോളി പാർടണെപ്പോലെ അമേരിക്കൻ കൺട്രി സംഗീതത്തിന്റെ ആത്മാവിനെ ലോകമെമ്പാടുമുള്ള സംഗീതപ്രണയികളുടെ ഹൃദയങ്ങളിലേക്ക് എത്തിച്ച സ്ത്രീശബ്ദങ്ങൾ വിരളമാണ്. പതിറ്റാണ്ടുകളിലൂടെ പടർന്ന ആ ഗാനസാമ്രാജ്യം സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ഉണർവിന്റെയും ഉറവിടമായിരുന്നു.

ഗായിക മരിച്ചതറിഞ്ഞ് ഞാൻ അവരുടെ കുറേ ഗാനങ്ങൾ പുലർച്ചെ കേൾക്കുകയായിരുന്നു. നൂറുകണക്കിന് ഗാനങ്ങളെഴുതിയ അവരുടെ സംഗീതലോകത്തിൽനിന്ന് തിരഞ്ഞെടുത്ത പന്ത്രണ്ട് ഗാനങ്ങളാണ് കേട്ടത്. അസാധാരണമായ കരുത്തുള്ള, മനോഹരമായ മനുഷ്യസ്‌നേഹഗാനങ്ങളാണവ. 9 to 5 എവിടെയാണ് ഇപ്പോൾ? എല്ലായിടത്തും 9 to 9 ആയില്ലേ? തൊഴിലാളി യൂണിയനുകൾ പലതും ഇല്ലാതായില്ലേ? അവകാശസമരങ്ങൾ ഐതിഹ്യങ്ങൾപോലെ കേട്ടുകേൾവികളായില്ലേ? എന്നിട്ടും 1980-ൽ പുറത്തിറങ്ങിയ ആ പാട്ടും അതിന്റെ ദൃശ്യവും വീണ്ടും എന്നെ ഉലച്ചു. മൂലഗാനത്തിന്റെ താളവും ഊർജവും മലയാളത്തിലേക്ക് പകർത്താനാവാത്തതിന്റെ ദൗർബല്യമുള്ള പരിഭാഷയാണിത്. പാട്ടിന്റെ ആദ്യഭാഗം:

മെത്തയിൽനിന്നുരുണ്ടിറങ്ങി,
കാലിടറി അടുക്കളയിലെത്തി,
മുന്നേറാനുള്ള മോഹം നിറച്ചൊരു കപ്പ് പകർന്നു.
കോട്ടുവായിട്ട്, കൈകാലുകൾ നിവർത്തി,
ജീവന്റെ താളത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു.
ഷവറിനടിയിൽ കയറിയപ്പോൾ രക്തം ഉണർന്നു,
തെരുവിലിറങ്ങിയപ്പോൾ ഗതാഗതവും കുതിച്ചു,
എന്നെപ്പോലുള്ളവർ ജോലി തേടി പായുന്ന
ഒൻപത് മുതൽ അഞ്ച് വരെയുള്ള ആ ദിവസത്തിലേക്ക്…

ഒരു ചിന്തകകവിക്ക് ചേരാത്തതെന്നു തോന്നിക്കുന്ന നിറപ്പകിട്ടുള്ള ഇറുകിയ വേഷവും വാനോളം ഉയർത്തിക്കെട്ടിയ തലമുടിയും, മുഖമെഴുത്തുമായി ഡോളി പാർടൺ അരങ്ങുകളിലെത്തി. ഏതോ സൂപ്പർ മാർക്കറ്റിലെ അലങ്കാരപ്രതിമ പോലെ തോന്നിക്കുന്ന ആ രൂപം അവർ സ്വയം സൃഷ്ടിച്ചതായിരുന്നു. ഒരിക്കൽ അവർതന്നെ പറഞ്ഞു: ഇത്രയും വിലകുറഞ്ഞതായി തോന്നിക്കാൻ തനിക്ക് വളരെയേറെ പണം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്ന്. ആ രൂപത്തിനുള്ളിൽ, മനുഷ്യരുടെ അധ്വാനവും അപമാനവും ആഗ്രഹങ്ങളും അത്ര കൃത്യമായി തിരിച്ചറിഞ്ഞ ഒരു ഗാനരചയിതാവായിരുന്നു ഇരുന്നത്.

9 to 5 എന്ന ഗാനം അതേ പേരിൽ പുറത്തിറങ്ങിയ ചലച്ചിത്രത്തിലെ പ്രമേയഗാനമാണെങ്കിലും, അങ്ങനെയുള്ള വരികൾ ഡോളി പാർടണിന് എഴുതാനായത് ബാല്യത്തിലെ ദാരിദ്ര്യത്തിന്റെ അനുഭവം കൊണ്ടുകൂടിയായിരുന്നു. അമേരിക്കയിലെ ടെന്നസിയിൽ ആൾപ്പാർപ്പുകുറഞ്ഞ പിറ്റ്മാൻ സെന്റർ എന്ന ഗ്രാമത്തിൽ പന്ത്രണ്ട് മക്കളുള്ള കുടുംബത്തിലെ നാലാമത്തെ കുട്ടിയായിരുന്നു ഡോളി. ജീവിതസാഹചര്യം ഇല്ലായിരുന്നെങ്കിലും പിയാനോയും ഗിത്താറും സംഗീതവുമുണ്ടായിരുന്ന വീടായിരുന്നു അത്. 9 to 5 എന്ന ഗാനത്തിലെ അടുത്ത വരികളുടെ തർജ്ജുമ ഇങ്ങനെയാണ്:

ഒൻപതു മുതൽ അഞ്ചുവരെ പണിയെടുക്കൽ
ജീവിക്കാൻ ഇതെന്തൊരു വഴി!
കഷ്ടിച്ച് കഴിഞ്ഞുകൂടുന്നു;
അവർ വാങ്ങിക്കൊണ്ടേയിരിക്കുന്നു, തിരിച്ചൊന്നും തരുന്നില്ല.
നിങ്ങളുടെ ബുദ്ധിയെ അവർ ഉപയോഗിക്കും,
പക്ഷേ, അതിന്റെ അംഗീകാരം നിങ്ങൾക്കില്ല.
അതിന് നിങ്ങൾ അനുവദിച്ചാൽ
അതു നിങ്ങളെ ഭ്രാന്തുപിടിപ്പിക്കും.
ഒൻപതു മുതൽ അഞ്ചുവരെ
സേവനത്തിനും ആത്മസമർപ്പണത്തിനുമായി.
ഇത്രയൊക്കെ ചെയ്താൽ
അർഹമായൊരു സ്ഥാനക്കയറ്റമെങ്കിലും വേണ്ടേ?
മുന്നോട്ടുപോകാൻ ആഗ്രഹിച്ചാലും
മുതലാളി സമ്മതിക്കുന്നില്ല.
ചിലപ്പോഴൊക്കെ തോന്നും
ആ മനുഷ്യൻ എന്നെ തകർക്കാൻ തന്നെ ഇറങ്ങിയതാണെന്ന്.

ചലച്ചിത്രത്തിന്റെ പ്രമേയം തങ്ങളുടെ ജീവിതംതന്നെ തകർക്കാൻ ശ്രമിക്കുന്ന മുതലാളിക്കെതിരെ മൂന്ന് സ്ത്രീകൾ നടത്തുന്ന ചെറുത്തുനിൽപ്പാണ്. പട്രീഷ്യ റെസ്നിക് എഴുതിയും കോളിൻ ഹിഗിൻസ് സംവിധാനം ചെയ്തും പുറത്തിറങ്ങിയ 9 to 5 എന്ന സിനിമയിൽ ജെയ്ൻ ഫോണ്ടയും ലിലി ടോംലിനും ഡോളി പാർടണും വഷളനായ മുതലാളിക്കെതിരെ പൊരുതുന്നു.

ഈ ഗാനം പുറത്തിറങ്ങിയ കാലത്തെ സാമൂഹ്യസാഹചര്യങ്ങളും തൊഴിലിടങ്ങളുടെ സ്വഭാവവും പാടേ മാറിയിരിക്കുന്നു. എന്നാൽ, തൊഴിൽസമ്മർദ്ദങ്ങൾ ഏറിവരുന്ന ഈ കാലത്ത് ഗാനത്തിന്റെ സാർവകാലികതയ്ക്കും സാർവലൗകികതയ്ക്കും കൂടുതൽ മാനങ്ങൾ കൈവന്നിരിക്കുന്നു. സ്മാർട്ട്ഫോണുകളിലൂടെയും ലാപ്ടോപ്പുകളിലൂടെയും വീടുകളിലേക്ക് പിന്തുടരുന്ന അദൃശ്യമായ ഒരു സമയക്രമത്തെ നേരിട്ട്, പല ആധുനിക സ്ത്രീജീവനക്കാരും കൂടുതൽ സമ്മർദങ്ങൾക്ക് അടിപ്പെട്ട് കൂടുതൽ സമയം ജോലി ചെയ്യുന്നു.

ഗാനത്തിൽ പിന്നീടൊരിടത്ത് പറയുന്നുണ്ട്: ''എന്തുപേരിട്ടു വിളിച്ചാലും ഇതൊരു സമ്പന്നന്റെ കളിയാണ്; അവന്റെ കീശയിലേക്ക് പണം നിക്ഷേപിച്ചുകൊണ്ട് നിങ്ങൾ ജീവിതം ചെലവഴിക്കുന്നു.''

വേതനവർധനയില്ലായ്മയും സിഇഒമാരും തൊഴിലാളികളും തമ്മിൽ കുതിച്ചുയരുന്ന വരുമാനവിടവും, പണപ്പെരുപ്പത്തെക്കാൾ വേഗത്തിൽ വളരുന്ന കോർപ്പറേറ്റ് ലാഭവും ചർച്ച ചെയ്യപ്പെടുന്ന ഇന്നത്തെ കാലത്ത് ഈ വരികൾക്ക് എത്രയോ വലിയ പ്രസക്തിയുണ്ട്.

തുടരുന്ന അസമത്വമാണ് ഈ ഗാനത്തെ ഇന്നും പ്രസക്തമാക്കുന്നത്. വ്യവസ്ഥാപിതമായ ലിംഗവിവേചനം, വേതനത്തിലെ അസമത്വം, അധ്വാനത്തിന് അർഹമായ മൂല്യം ലഭിക്കാത്ത സാഹചര്യം എന്നിവയ്ക്കെതിരായ പോരാട്ടത്തിൽനിന്നാണ് 9 to 5 എന്ന ഗാനവും അതിനോടനുബന്ധിച്ച 9to5 പ്രസ്ഥാനവും രൂപംകൊണ്ടത്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ലിംഗഭേദമനുസരിച്ചുള്ള വേതനവിടവ് നിലനിൽക്കുന്നു; ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വീടിന്റെ അമിതഭാരവും ഏറ്റെടുക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ വേതനത്തിലും തൊഴിൽമേഖലയിലും യഥാർഥ തുല്യത കൈവരിക്കാനുള്ള പോരാട്ടം ഇനിയും പൂർത്തിയായിട്ടില്ല.

സ്ത്രീ എന്നത് തൊഴിലിടത്തെ അലങ്കാരപ്പണിയല്ല; അവൾ ഒരു മനുഷ്യനാണ്. ഒരു മനുഷ്യനായി പരിഗണിക്കപ്പെടണം എന്ന ഈ അടിസ്ഥാന ആവശ്യം #MeToo പോലുള്ള ആധുനിക ഉത്തരവാദിത്ത പ്രസ്ഥാനങ്ങളിലും വിഷലിപ്തമായ കോർപ്പറേറ്റ് സംസ്‌കാരത്തെയും തൊഴിലിടങ്ങളിലെ പീഡനത്തെയും കുറിച്ചുള്ള ഇന്നത്തെ ചർച്ചകളിലും ശക്തമായി പ്രതിധ്വനിക്കുന്നു. അതുകൊണ്ടുതന്നെ ഡോളി പാർടൺ എഴുതിയ 9 to 5 ഇന്നും ഒരു വിമോചനഗാനമായി തുടരുന്നു.

രാവിലെ മൂന്നുമണിക്ക് എഴുന്നേറ്റായിരുന്നു ഡോളി പാട്ടുകൾ എഴുതിയിരുന്നത്. അതിനായി അവർ പറഞ്ഞ കാരണം അവർ എഴുതിയ പാട്ടുകളേക്കാൾ മനോഹരമായിരുന്നു.

''ദൈവം ഒരു നല്ല കർഷകനെപ്പോലെയാണ്. അദ്ദേഹം അതിരാവിലെ ഉണർന്നെഴുന്നേറ്റ് ധാന്യം വിതറുന്നതുപോലെ ആശയങ്ങൾ വിതറുന്നു. ആ ആശയങ്ങൾ ആദ്യംതന്നെ സ്വന്തമാക്കുന്ന നേരത്തെയുണരുന്ന പക്ഷിയാകാനാണ് എനിക്ക് ആഗ്രഹം.''

ടെന്നസിയിലെ അപ്പാലാച്ചിയൻ മേഖലയിലെ ഒരു ദരിദ്ര കർഷകകുടുംബത്തിലെ പന്ത്രണ്ട് മക്കളിൽ നാലാമത്തെയാളായ ഡോളി, പൈപ്പ് വെള്ളം പോലുമില്ലാത്ത ഒരു ചെറിയ വീട്ടിൽ വളർന്നുവന്ന കഥ പറയുന്നു:

''പിന്നീടെന്നോ വീടിനുള്ളിലെ ടോയ്ലറ്റ് ആദ്യമായി കണ്ടപ്പോൾ, ഫ്‌ളഷ് ചെയ്താൽ ഞാൻ അതിനുള്ളിലേക്ക് വലിച്ചെടുക്കപ്പെടുമോ എന്ന് ഭയന്ന് അത് ഉപയോഗിക്കാൻ പേടിയായിരുന്നു. കുട്ടികൾ മൂന്നോ നാലോ പേർ ഒരു കിടക്കയിലാണ് ഉറങ്ങിയിരുന്നത്; പലപ്പോഴും ആരെങ്കിലും കിടക്കയിൽ മൂത്രമൊഴിക്കാറുണ്ടായിരുന്നു. പിറ്റേന്ന് അവർ പുഴയിലോ ഒരു പാത്രത്തിലെ വെള്ളത്തിലോ വീട്ടിലുണ്ടാക്കിയ സോപ്പ് ഉപയോഗിച്ച് കുളിച്ചു വൃത്തിയാകുമായിരുന്നു.''

ചോളനാരുകൾ കൊണ്ടുണ്ടാക്കിയ മുടിയുള്ള ഒരു പാവയെക്കുറിച്ച് എഴുതിയ Little Tiny Tasseltop എന്ന ഗാനം ചിട്ടപ്പെടുത്തുമ്പോൾ ഡോളിക്ക് അഞ്ച് വയസ്സായിരുന്നു. നരകാഗ്‌നിയെക്കുറിച്ചും പാപികൾക്ക് ദൈവം നൽകുന്ന ശിക്ഷയെക്കുറിച്ചും മുത്തച്ഛൻ പ്രസംഗിച്ചിരുന്ന പള്ളിയിൽ ഡോളി പാടാൻ പോകുമായിരുന്നു. ഇഹലോകജീവിതത്തിന്റെ നരകാഗ്‌നിയെ ചെറുക്കാൻ പാട്ടിന്റെ ചിറകിലേറി അവർ പറന്നു.

1972-ൽ ബഹിരാകാശ സഞ്ചാരി ചാൾസ് ഡ്യൂക്ക് Apollo 16 ദൗത്യത്തിനിടെ കൂടെ കൊണ്ടുപോയ ഒരു കാന്തിക ടേപ്പിൽ ഡോളിയുടെ Joshua എന്ന പാട്ടുമുണ്ടായിരുന്നു. അങ്ങനെ, ഒരു അപ്പാലാച്ചിയൻ കുടിലിൽനിന്ന് ഉയർന്നുവന്ന ആ പെൺകുട്ടിയുടെ ശബ്ദം ചന്ദ്രനിലേക്കും യാത്ര ചെയ്തു.

ശാസ്ത്രം ക്ലോണിങ്ങിലൂടെ ആദ്യമായി ഒരു ആടിനെ സൃഷ്ടിച്ചപ്പോൾ അതിന് Dolly എന്നു പേരിട്ടത് ഈ ഗായികയോടുള്ള ആദരസൂചകമായിട്ടായിരുന്നു. പ്രപഞ്ചത്തെ നിർമ്മിക്കുന്ന ചില കണികകൾക്ക് partons എന്ന് പേര് നിർദ്ദേശിച്ചപ്പോൾ ഭൗതികശാസ്ത്രജ്ഞനായ റിച്ചാർഡ് ഫെയ്ൻമാൻ ഡോളി പാർടണെയാണ് മനസ്സിൽ കണ്ടിരുന്നതെന്നും പറയപ്പെടുന്നു.

എങ്ങനെ നല്ലൊരു ജീവിതം നയിക്കാമെന്ന് ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ ഡോളി പാർടണോട് ആളുകൾ ചോദിച്ചു. അവർ പറഞ്ഞു:

''ആരേയും ഉപദേശിക്കാൻ ഞാനാളല്ല. എന്നാൽ, മനോഹരമായ മഴവില്ല് വേണമെങ്കിൽ നിങ്ങൾ മഴയും സഹിച്ചേ പറ്റൂ.''

താൻ സ്വയം പിന്തുടരുന്ന ഉപദേശം മാത്രമേ മറ്റുള്ളവർക്കും നൽകൂ എന്നും അവർ പറഞ്ഞു: സ്വന്തം മനസ്സാക്ഷിയോട് സത്യസന്ധത പുലർത്തുക. പരിഹരിക്കാൻ കഴിയാത്ത കാര്യങ്ങളെല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക. നമ്മളെക്കാൾ വലിയൊരു ശക്തിയുണ്ടെന്ന പ്രതീക്ഷ നമുക്കെല്ലാവർക്കും ആവശ്യമാണ്. ദൈവമില്ലെന്ന് എനിക്ക് ഉറപ്പായി അറിയാമെങ്കിൽ പോലും, ഞാൻ വിശ്വസിക്കുന്നത് തുടരും.

'ഞാൻ നിങ്ങളെ എന്നും സ്‌നേഹിക്കും' എന്ന പ്രശസ്തമായ ഗാനത്തിൽ അവർ പാടി:

'Bittersweet memories,
that is all I'm taking with me.
So goodbye, please don't cry,
we both know I'm not what you need.'

'മധുരവും കയ്പ്പും കലർന്ന ഓർമ്മകൾ മാത്രമാണ്
ഞാൻ ഇപ്പോൾ കൂടെക്കൊണ്ടുപോകുന്നത്.
അതിനാൽ വിട; ദയവായി കരയരുത്
നിനക്ക് ആവശ്യമുള്ള ആളല്ല ഞാനെന്ന്
നമുക്കിരുവർക്കും അറിയാമല്ലോ.''

ടിക്... ടിക്... ടിക്…
ഡോളി പാർടന്റെ വിരൽനഖങ്ങളിൽനിന്ന് പിറന്ന ആ താളം ഇപ്പോഴും നിലച്ചിട്ടില്ല; ലോകത്തിന്റെ ഏതോ കോണിൽ, മറ്റൊരു സ്ത്രീ നാളെ രാവിലെ ഒൻപത് മണിക്ക് ജോലിക്കായി ഇറങ്ങുമ്പോൾ അത് വീണ്ടും കേൾക്കും.