പതിനാല് വയസ്സുള്ളപ്പോഴാണ് ഞാന്‍ വയസ്സറിയിക്കുന്നത്. അങ്ങനെയൊരു സംഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആ ശാരീരികാവസ്ഥ എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. എന്റെ തുടകളിലും യോനിയിലും പുരണ്ടിരിക്കുന്ന രക്തം കണ്ട് ഞാന്‍ ഭയന്ന് നിലവിളിച്ചു. അന്ന് ഞാനും കുട്ടിയമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

To advertise here,

എന്റെ കരച്ചില്‍ കേട്ട് കുട്ടിയമ്മ ഓടിക്കിതച്ചെത്തിയപ്പോള്‍ മുറിക്കുള്ളിലിരുന്ന് കരയുന്ന എന്നെയാണ് കണ്ടത്. എനിക്കെന്തോ മാരക അസുഖം ബാധിച്ചിരിക്കുന്നു എന്ന ഭയത്തോടുകൂടിയാണ് ഞാന്‍ കുട്ടിയമ്മയോട് കാര്യം അവതരിപ്പിച്ചത്. എന്റെ കരച്ചിലും പറച്ചിലും കേട്ടതും കുട്ടിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു ''അതിനെന്തിനാ കരയുന്നത്, ഇതൊക്കെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്നതാണ്. നീ വലിയ പെണ്ണായിരിക്കുന്നു. ''കുട്ടിയമ്മ എന്നെ എഴുന്നേല്‍പിച്ച് കുളിമുറിയിലേയ്ക്ക് കൊണ്ടുപോയി.

എന്നെ കുളിപ്പിച്ച് വസ്ത്രം മാറ്റി മുറിക്കുള്ളില്‍ ഇരുത്തിയശേഷം കുട്ടിയമ്മ പുറത്തുപോയി. കുറച്ചുനേരം കഴിഞ്ഞ് രണ്ടു കരിക്കും കുറച്ചു കദളിപ്പഴങ്ങളുമായിട്ടാണ് കുട്ടിയമ്മ വന്നത്. പിന്നീടുള്ള ഏഴു ദിവസങ്ങളില്‍ എനിക്ക് പലഹാരങ്ങളും വസ്ത്രങ്ങളുമായി ബന്ധുക്കളില്‍ പലരും വന്നു. ആ ദിവസങ്ങളൊക്കെ എനിക്ക് വല്ലാത്ത അസ്വസ്ഥതയായിരുന്നു തോന്നിയത്. അതിശയമോ സഹതാപമോ കലര്‍ന്ന നോട്ടങ്ങളും അവരുടെ ചോദ്യങ്ങളും ഞാന്‍ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അതുവരെയുണ്ടായിരുന്ന എന്റെ അവസ്ഥ മാറി ഒട്ടും പരിചിതമല്ലാത്ത മറ്റൊരു ലോകത്ത് ഞാന്‍ എത്തിപ്പെട്ടതുപോലെ തോന്നി. ഒരാഴ്ചയോളം നീണ്ടുനിന്ന രക്തസ്രാവവും ശക്തമായ വയറുവേദനയും എന്റെ ആരോഗ്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു.

കൂടുതൽ പ്രീമിയം ലേഖനങ്ങളും ഓർമക്കുറിപ്പുകളും വായിക്കാൻ വാട്​സാപ്പ് ഗ്രൂപ്പിൽ ചേരുക.

ആ ദിവസങ്ങളില്‍ കുളിച്ചുവരുമ്പോഴേക്കും പലഹാരങ്ങളും വസ്ത്രങ്ങളും നിരത്തി എന്നില്‍ പുതുമ നിറയ്ക്കാനായി കുട്ടിയമ്മ ആവുംപോലെ ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോഴൊക്കെ ഞാന്‍ അസ്വസ്ഥയായി. എന്റെ ശരീരത്തില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. അതെന്താണെന്നും എങ്ങനെയാണെന്നുമുള്ള ആശങ്ക എന്നില്‍ ഉണ്ടായിരുന്നു. ഋതുമതിയാകുന്നതിനെക്കുറിച്ചുള്ള അറിവ് എനിക്കില്ലായിരുന്നു. അമ്മ എനിക്ക് പറഞ്ഞുതന്നിട്ടുമില്ലായിരുന്നു. എന്റെ മുലക്കണ്ണുകള്‍ കല്ലിക്കാന്‍ തുടങ്ങിയതും രഹസ്യഭാഗങ്ങളിലെ രോമവളര്‍ച്ചയുമൊക്കെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും അത് ഇത്തരത്തില്‍ പരിണമിക്കുമെന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലായിരുന്നു. 

ഞാനൊരു സ്ത്രീയായി മാറിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് എന്നെ സന്തോഷിപ്പിച്ചെങ്കിലും അടുത്ത നിമിഷം തന്നെ കടുത്ത അപകര്‍ഷതാബോധത്തിലേക്ക് ഞാന്‍ കൂപ്പുകുത്തി. ഒരു കാല്‍ ഇല്ലാത്ത, മുടന്തിയായ, കാണാന്‍ സുന്ദരിയല്ലാത്ത എന്നെ ആരും ശ്രദ്ധിക്കില്ലെന്നും ഞാന്‍ ഒരിക്കലും ആരുടെയും പ്രിയപ്പെട്ടവള്‍ ആകില്ലെന്നുമുള്ള ചിന്ത എന്നെ വന്ന് മൂടി. 

ഞാന്‍ പഠിക്കാന്‍ സമര്‍ഥയായിരുന്നില്ല. തുടര്‍ച്ചയായ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നുമില്ല. വികലാംഗയായ ഒരു കുട്ടിയോടുള്ള സഹതാപത്തിനപ്പുറം അധ്യാപകരുടെ പ്രിയപ്പെട്ടവളായി വളരാന്‍ എനിക്കു കഴിഞ്ഞില്ല. അതില്‍നിന്നു വ്യത്യസ്തമായി അല്പമെങ്കിലും പരിഗണിച്ചിരുന്നത് മലയാളം അധ്യാപകനായ മനോഹരന്‍ സാര്‍ ആയിരുന്നു. കവിതകളോടുള്ള എന്റെ താല്പര്യം എങ്ങനെയോ മനസ്സിലാക്കിയ സാറ് അക്കൊല്ലത്തെ യുവജനോത്സവത്തിനു കവിതാ പാരായണത്തിന് എന്റെ പേര് ചേര്‍ക്കുകയും എന്നെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. മനുഷ്യരെ ഭയമുള്ള എനിക്ക് സ്റ്റേജില്‍ കയറാനുള്ള ധൈര്യമില്ലായിരുന്നു. എന്നാല്‍ മനോഹരന്‍ സര്‍ പകര്‍ന്നുതന്ന ധൈര്യത്തില്‍ ഞാന്‍ ആദ്യമായി സ്റ്റേജില്‍ കയറി കവിത ചൊല്ലി. വയലാര്‍ രാമവര്‍മയുടെ ''സത്യത്തിനെത്ര വയസ്സായി എന്ന കവിതയായിരുന്നു. കവിത ചൊല്ലിക്കഴിഞ്ഞിറങ്ങിയപ്പോള്‍ സാറ് വന്നെന്റെ തോളില്‍ തട്ടിയിട്ട് പറഞ്ഞു ''വളരെ നന്നായിട്ടുണ്ട് മോളെ, നീ ഇത്ര നന്നായി പാടുമെന്ന് എനിക്കറിയില്ലായിരുന്നു. ഇനി മുതല്‍ എല്ലാ മത്സരങ്ങള്‍ക്കും പങ്കെടുക്കണം. '' സാറിന്റെ ആ അഭിനന്ദനത്തില്‍ ഞാന്‍ അതിയായി സന്തോഷിച്ചു. ആ കവിതാലാപന മത്സരത്തില്‍ എനിക്കായിരുന്നു ഒന്നാം സമ്മാനം.

ക്ലാസ്സിലെ ഏറ്റവും വലിയ സുന്ദരിയായിരുന്നു ലക്ഷ്മി. അവളുടെ പിന്നാലെ ക്ലാസിലെയും സ്‌കൂളിലെയും പല ആണ്‍കുട്ടികളും നടക്കുന്നത് കാണുമ്പോള്‍ എനിക്കവളോട് അസൂയ തോന്നുമായിരുന്നു. എന്നെ ഒരിക്കലും ആരും പ്രണയത്തോടെ തിരിഞ്ഞുനോക്കില്ലെന്ന് വിശ്വസിച്ച് ഏറെ സങ്കടപ്പെട്ടു. ആരാലും പ്രണയിക്കപ്പെടാതെയും ചുംബിക്കപ്പെടാതെയും ജീവിക്കേണ്ടിവരുമോയെന്ന ചിന്ത എന്നെ നിരന്തരം അലട്ടി. വരുംകാലത്ത് ഒരിക്കല്‍പ്പോലും ഒരു നനവ് എത്തിനോക്കാന്‍ സാധ്യതയില്ലാത്ത വരണ്ട ഭൂമിയിലെ ഉണങ്ങിയ വേരുപോലെ പലതരം ചിന്തകള്‍ക്ക് മേല്‍ ഞാന്‍ ഉണങ്ങിക്കിടന്നു.

 പ്രണയിക്കപ്പെടാന്‍ വെമ്പുന്ന എന്നിലെ പ്രണയിനിയായ പെണ്‍കുട്ടി പല രാത്രികളിലും ഇറങ്ങി നടക്കാന്‍ തുടങ്ങി. എനിക്ക് പകരം പൂര്‍ണയായ ഒരു പെണ്‍കുട്ടിയെ ഞാന്‍ രൂപപ്പെടുത്തി. അവളെ ഞാനെന്റെ സങ്കല്‍പ്പത്തിലെ സുന്ദരിയാക്കി. അപൂര്‍ണയായ എന്നിലേയ്ക്ക് തിരിച്ചു വരാനാവാത്തവിധം അവളാകാന്‍ വേണ്ടി ഏറെ കൊതിച്ചു. പക്ഷേ, തൊട്ടടുത്ത നിമിഷത്തില്‍ത്തന്നെ നിരാശയുടെ പടുകുഴിയിലേയ്ക്ക് കാലുകുത്തി വീണു. ഒരാണ്‍കുട്ടിയാല്‍
പ്രണയിക്കപ്പെടണം, അവനിഷ്ടപ്പെട്ട നിറങ്ങളുള്ള വേഷങ്ങളണിഞ്ഞ് നിറയെ മുത്തുകള്‍ പതിപ്പിച്ച വെള്ളിക്കൊലുസ്സുകളണിഞ്ഞ് അവന് മുന്നിലൂടെ നടക്കണം എന്നൊക്കെ സങ്കല്പിക്കുമായിരുന്നു. ആ സങ്കല്‍പ്പങ്ങളില്‍ നിന്നും എന്റെ യഥാര്‍ഥ ജീവിതത്തിലേയ്ക്ക് ഒരു നൂല്‍പ്പാത മാത്രമാണുള്ളത്. ഇന്ന് ഇതെഴുതുമ്പോഴും ആ നൂല്‍പ്പാതയിലെവിടെയോ പൂര്‍ണതയെത്താത്ത ഒരവയവം പോലെ ഞാന്‍ കുരുങ്ങികിടക്കുകയാണ്.

എനിക്കെപ്പോഴും സ്‌നേഹിക്കണമായിരുന്നു, ആരാലെങ്കിലും സ്‌നേഹിക്കപ്പെടണമായിരുന്നു. പക്ഷെ ആ സ്‌നേഹത്തിനായുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്താന്‍ ഒരു സുഹൃദ്ബന്ധം പോലും എനിക്ക് ഉണ്ടായിരുന്നില്ല. എന്റെ പരിമിതികളും അതില്‍ നിന്നുടലെടുത്ത അപകര്‍ഷതാബോധവും മനുഷ്യരില്‍ നിന്ന് എന്നെ അകറ്റി. ഞാനുണ്ടാക്കിയ അധോലോകത്തില്‍ സങ്കല്‍പ്പങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ നിറച്ചു ഞാനെന്നെ എന്റെ അധോലോകത്തിന്റെ മാത്രം തടവുകാരിയാക്കി.

രമ്യ തുറവൂരിന്റെ ആത്മകഥ പതിയാത്ത കാല്‍പ്പാടുകള്‍ ഇതുവരെയുള്ള അധ്യായങ്ങള്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യൂ

അച്ഛനും അമ്മയും തമ്മിലുള്ള കലഹങ്ങള്‍ ദിനംപ്രതി കൂടിക്കൊണ്ടേയിരുന്നു. അരക്ഷിതാവസ്ഥയും നിരാശയും മടുപ്പും നിറഞ്ഞ നാളുകള്‍. അച്ഛനും അമ്മയുമായുള്ള വഴക്കുകള്‍ കുട്ടിയമ്മയെയും അമ്മാവനെയും അസ്വസ്ഥരാക്കിയിരുന്നു. അവര്‍ക്ക് അച്ഛനോടായിരുന്നു കടുത്ത അമര്‍ഷം. അതേത്തുടര്‍ന്ന് വാക്കുതര്‍ക്കങ്ങള്‍ പതിവായിരുന്നു. അമര്‍ഷവും ദേഷ്യവും പുകയുന്ന മനുഷ്യര്‍ക്കിടയില്‍ അവഗണനയുടെ ചവിട്ടേറ്റ് പാതി ചത്ത തേരട്ടയെപ്പോലെ ഞാന്‍ ചുരുണ്ടുകിടന്നു.

സഹോദരങ്ങളുള്ള എന്റെ സമപ്രായക്കാരെ കാണുമ്പോള്‍ എനിക്ക് സങ്കടം വരുമായിരുന്നു. എനിക്കും അതുപോലെ സഹോദരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. എന്റെ സങ്കടങ്ങള്‍ പങ്കുവെക്കാന്‍ ഒരാളെ വേണമായിരുന്നു. എന്നും എവിടെയും ഒറ്റയായ എന്റെ ജീവിതം കൃഷിയിടങ്ങള്‍ക്ക് നടുവിലെ കണ്ണേറ് കോലം പോലെ ഒറ്റക്കാലില്‍ തറഞ്ഞുനിന്നു.

അച്ഛനോടുള്ള ദേഷ്യവും പിണക്കവും കാരണം കുട്ടിയമ്മ ഒഴികെ മറ്റാരും എന്നോട് സംസാരിക്കാതെയായി. ഒരിക്കല്‍ അമ്മയുടെ വീട്ടിലേയ്ക്ക് കയറിച്ചെന്ന എന്നോട് ''വീട്ടിനുള്ളില്‍ കയറേണ്ട, നിന്റെ മരക്കാലിട്ട് ചവുട്ടിയാല്‍ ഞങ്ങളുടെ തറ പൊട്ടിപ്പോകും.''എന്ന് അമ്മായി (അമ്മാവന്റെ ഭാര്യ) പറഞ്ഞു. നെഞ്ചിലേയ്ക്ക് ആയിരം മുള്ളാണികള്‍ തറഞ്ഞുകയറുന്നത് പോലെയാണ് ആ വാക്കുകള്‍ എന്നില്‍ പതിച്ചത്.

കുട്ടിയായിരിക്കുമ്പോള്‍ സമാനമായ മറ്റൊരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്. കൂട്ടുകാരോടൊപ്പം അടുത്ത വീടിന്റെ മുറ്റത്തിരുന്ന്  കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കൂടെയുണ്ടായിരുന്ന ഒരു കുട്ടിയുടേതായിരുന്നു ആ വീട്. വെള്ളം കുടിക്കാനായി എല്ലാവരും വീടിനുള്ളിലേയ്ക്ക് കയറിയപ്പോള്‍ അവര്‍ക്കൊപ്പം കയറിയ എന്നെ വരാന്തയില്‍ പോലും കയറാന്‍ അനുവദിക്കാതെ അവിടുത്തെ അമ്മ എന്നെ പുറത്ത് നിര്‍ത്തി. എന്റെ മരക്കാലിട്ട് വീട്ടിനുള്ളില്‍ കയറരുതെന്നു പറഞ്ഞ് അവരെന്നെ ശകാരിച്ചു. ഞാന്‍ കരഞ്ഞുകൊണ്ട് വീട്ടിലേയ്ക്ക് പോയി. 

അന്നുണ്ടായ സങ്കടത്തെക്കാള്‍ എത്രയോ ഇരട്ടിയായിരുന്നു ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്നും നേരിടേണ്ടിവന്ന അപമാനവും അവഗണനയും. ജനിച്ചു ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ വിശന്നു കരഞ്ഞ എനിക്ക് മുലപ്പാല്‍ പകര്‍ന്നു തന്ന അമ്മായി തന്നെയാണോ അതെന്നോര്‍ത്ത് എനിക്കത്ഭുതം തോന്നി. അതുവരെയുള്ള എന്റെ ജീവിതത്തില്‍ എനിക്ക് നേരിടേണ്ടിവന്ന അവഗണനയെക്കാളും അമ്മായിയുടെ വാക്കുകള്‍ എന്നെ തകര്‍ത്തെറിഞ്ഞു. ദിവസങ്ങളോളം അവരുടെ വാക്കുകള്‍ എന്നില്‍ ചോര ചീറ്റി കിടന്നു.

പഞ്ഞിക്കായകള്‍ പൊട്ടിത്തെറിക്കുന്നത് പോലെ ഓരോ ദിവസങ്ങളും ജീവിച്ചിരിക്കാന്‍ കാരണങ്ങള്‍ പോലുമില്ലാത്തത്ര വ്യര്‍ഥമായി എനിക്ക് ചുറ്റും പടര്‍ന്നു കിടന്നു. വായന സമ്മാനിച്ച സാങ്കല്പിക ലോകമല്ലാതെ ബാഹ്യലോകത്തില്‍ എന്റേതായി ഒന്നുമില്ലായിരുന്നു. അതിതീവ്രമായി എന്നെ ആരെങ്കിലും ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണങ്ങളായിരുന്നു എന്നില്‍ ഏറെയും. ജീവിതവിരക്തിയും വിഷാദവും എന്നെ പിടികൂടി. ദിവസം തോറും മുറുകി മുറുകി വരുന്ന ജീവിതം. ഈ ജീവിതത്തില്‍ ഞാനെന്തിനാണ് നിലനില്‍ക്കുന്നതെന്ന തോന്നല്‍ എന്നില്‍ ശക്തമായി. മാതാപിതാക്കളുടെ നിരന്തരമായ കലഹം, വേണ്ടപ്പെട്ടവരാല്‍ അവഗണിക്കപ്പെടുന്നു. അപമാനവും ഒറ്റപ്പെടലും വേദനകളും എന്നെ നെടുകെ പിളര്‍ത്തി അതിനിടയില്‍ തീവണ്ടിക്കടിയില്‍പ്പെട്ട് ചാകാതെ കിടക്കുന്നവളെപ്പോലെ എന്റെ പകലുകളും രാത്രികളും കുതിച്ചു നീങ്ങിക്കൊണ്ടിരുന്നു. ഈ ജീവിതമെനിക്ക് വേണ്ട. ഇതവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു, എന്ന ചിന്തയായിരുന്നു എന്നില്‍ നിറയെ.

അന്നായിരുന്നു എന്റെ ആദ്യത്തെ ആത്മഹത്യാശ്രമം. വീട്ടില്‍ ആരുമില്ലാതിരുന്ന ദിവസം വീട്ടിലുണ്ടായിരുന്ന ആരുടെയൊക്കെയോ ഏതൊക്കെയോ ഗുളികകള്‍ ഞാനെടുത്ത് വിഴുങ്ങി. ഞാന്‍ ഇനി ഈ ഭൂമിയില്‍ ഇല്ല, ഇവിടുത്തെ എന്റെ ജീവിതം തീര്‍ന്നിരിക്കുന്നു! ആ വിശ്വാസത്തോടെ പതിയെ കട്ടിലില്‍ വന്നു കിടന്നു. അല്പം കഴിഞ്ഞപ്പോള്‍ അതിശക്തമായി തല കറങ്ങുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ഛര്‍ദ്ദിക്കാനും തുടങ്ങി. കഴിച്ച ഗുളികകളോരോന്നായി പല നിറത്തില്‍ രൂപമാറ്റം വന്ന് തൊണ്ടയില്‍നിന്ന് പുറത്തു ചാടിക്കൊണ്ടേയിരുന്നു. വയറ്റില്‍ ഒരു ചുഴലിക്കാറ്റ് ആഞ്ഞുവീശി. എന്റെ ബോധം മറയുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. ആദ്യത്തെ ഛര്‍ദ്ദിയും കഴിഞ്ഞ് തിരികെ വന്നു കിടക്കുന്നത് പാതി മാത്രമേ എന്റെ ഓര്‍മയില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നെ അമ്മ വന്നു കുലുക്കി വിളിക്കുമ്പോഴായിരുന്നു ഞാന്‍ ഉണര്‍ന്നത്. ഒരു പതിനഞ്ചുകാരി നടത്തിയ 'വമ്പനൊരു ആത്മഹത്യാശ്രമം'  ആരുമറിഞ്ഞില്ല. വീട്ടില്‍ എല്ലാം പതിവുപോലെ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. 

അതിദാരുണമായി പരാജയപ്പെട്ട എന്റെ പ്രഥമ ആത്മഹത്യശ്രമത്തിനു ശേഷം പിന്നീട് പലതവണ പല രീതികളിലും ഞാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒന്നും വിജയം കണ്ടില്ലെന്നുമാത്രമല്ല ആരും അറിഞ്ഞതുമില്ല. മരണത്തിലേക്കെത്താനുള്ള വീര്യമൊന്നും ആ ശ്രമങ്ങള്‍ക്കില്ലാതെ പോയിരുന്നിരിക്കണം. കൈത്തണ്ടകളില്‍ മാറിമാറി പ്രത്യക്ഷപ്പെട്ട ഞരമ്പുമുറിയടയാളങ്ങള്‍ വിദഗ്ദ്ധമായി ഞാനൊളിപ്പിച്ചു. ജീവിതവും മരണവും ഒരുപോലെ പരാജയപ്പെടുത്തിയവളുടെ അടയാളങ്ങളും പേറി ഞാന്‍ നടന്നു. ലോകം എന്നെ മാത്രം മറച്ചുവെച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് എന്നെ അടിമുടി മാറ്റിയ ആ സംഭവം നടക്കുന്നത്.

(തുടരും)