മനുഷ്യന്‍ എന്ന വാക്കിന്റെ അര്‍ഥം ഇന്നും എന്നെ കുഴപ്പിക്കുന്ന ഒന്നാണ്. ഞാന്‍ അറിഞ്ഞ മനുഷ്യരൊക്കെ പലതരത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്നേഹം കൊണ്ടും വെറുപ്പ് കൊണ്ടും അവഗണന കൊണ്ടും അപമാനിച്ചുകൊണ്ടുമൊക്കെ എന്നെ മനുഷ്യര്‍ ചേര്‍ത്തും അകറ്റിയും നിര്‍ത്തി. എന്റെ അനുഭവങ്ങള്‍ ബാല്യകാലത്തുതന്നെ എന്നെ തികഞ്ഞ സംശയാലുവാക്കി മാറ്റിക്കഴിഞ്ഞിരുന്നു. ചുറ്റിനുമുള്ള പലതിനോടും സംശയം. ഞാനാദ്യമായി സംശയത്തോടെ നോക്കിയത് ദൈവത്തെയാണ്. ഒരിക്കല്‍ അയല്പക്കത്തെ വീട്ടുമുറ്റത്ത് കുട്ടികളിരുന്നു കളിക്കുന്നത് കണ്ടപ്പോള്‍ അവരോടൊപ്പം ഒരുമിച്ചു കളിക്കാന്‍ ഞാനും ആഗ്രഹിച്ചു. അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ എന്നെ അവരോടൊപ്പം കൊണ്ടുചെന്നിരുത്തി. ശീമക്കൊന്നപ്പൂക്കളുടെ ഇതളുകളടര്‍ത്തിയും ശതാവരിത്തണ്ടുകള്‍ പറിച്ചു മുള്ളുകൊള്ളാതെ ഇലകളെടുത്തും വെള്ളിലകളടുക്കിവച്ചും അവര്‍ക്കൊപ്പമിരുന്നു ഞാന്‍ കളിച്ചു. അതുവരെ എന്നെ അസുഖക്കാരി എന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്ന കൂട്ടുകാര്‍ അവരിലൊരാളായി എന്നെ പരിഗണിച്ചിരിക്കുന്നു! അവര്‍ എല്ലാരോടുമെന്നപോലെ എന്നോടും ഇടപെടുന്നു എന്നോര്‍ത്ത് ഞാന്‍ സന്തോഷത്തില്‍ മതിമറന്നു.

To advertise here,

ഉച്ചയായപ്പോള്‍ ആ വീട്ടിലെ അമ്മ മുറ്റത്തൊരു പായ വിരിച്ചു ഞങ്ങളോട് ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. ഞങ്ങള്‍ അഞ്ചുപേരില്‍ നാലുപേര്‍ക്കുള്ള ഭക്ഷണം പാത്രത്തില്‍ കൊണ്ടുവന്നു. എനിക്ക് മാത്രമുള്ള ഭക്ഷണമെടുക്കാന്‍ അവര്‍ അവരുടെ വളര്‍ത്തു നായയുടെ പാത്രമെടുത്ത് അതിലെ പഴയ ഭക്ഷണം കൊട്ടികളഞ്ഞു. അത് കഴുകിയെടുത്ത് എനിക്ക് ഭക്ഷണം വിളമ്പി. അതുകണ്ട എനിക്ക് അസ്വസ്ഥത തോന്നിയെങ്കിലും എന്താണ് എന്നോടിങ്ങനെ കാണിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ എന്റെ കൂട്ടുകാര്‍ പരിഗണിച്ച സന്തോഷത്തില്‍ ഞാനാ നായപ്പാത്രത്തില്‍ നിന്ന് കഴിക്കാന്‍ തുടങ്ങി. ആ സമയം ആ ഭക്ഷണം വേണ്ട എന്നുപറയാന്‍ എനിക്ക് കഴിഞ്ഞില്ല. ഓരോ പിടി വായിലേയ്ക്ക് വയ്ക്കുമ്പോഴും എന്റെ നാവിനു പകരം അവരുടെ വളര്‍ത്തു നായയുടെ നാവു എന്റെ വായില്‍നിന്നും നീണ്ടുവരുന്നതായി എനിക്ക് തോന്നി. പിന്നീടുള്ള ഓരോ നിമിഷവും എന്റെ വായില്‍ നായയുടെ ഉമിനീര്‍ രുചിക്കുന്നതുപോലെ തോന്നിക്കൊണ്ട് ചര്‍ദ്ദിക്കാന്‍ വന്നുകൊണ്ടിരുന്നു. ആ സമയം അമ്മ അങ്ങോട്ട് വരുകയും ഞാന്‍ ഭക്ഷണം കഴിക്കുന്ന പാത്രം കണ്ട് അതെടുത്ത് വലിച്ചെറിഞ്ഞ് എന്നെയും കൂട്ടി വീട്ടിലേയ്ക്ക് പോന്നു. പോരുന്ന വഴിയില്‍ അമ്മ കരയുന്നുണ്ടായിരുന്നു. വീട്ടില്‍ വന്നിട്ടും അമ്മ കരച്ചില്‍ നിര്‍ത്തിയില്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യജീവിയോട് എങ്ങനെയാണ് ഇത്രയും ദയാരഹിതമായി പെരുമാറാന്‍ എങ്ങനെ കഴിഞ്ഞുവെന്ന് ഇന്ന് ഞാന്‍ചിന്തിക്കുന്നു. എന്റെ ജന്മത്തിനാണോ അവരുടെ സ്വഭാവത്തിനാണോ കുഴപ്പമെന്നു എനിക്ക് സംശയമായി. അമ്മ പറഞ്ഞുതന്ന ദൈവത്തിനോട് ആദ്യമായി എനിക്ക് ദേഷ്യം തോന്നി. ദൈവമേ നീ എത്ര ക്രൂരനാണ് എന്നോട് മാത്രം എന്തിനാണിങ്ങനെ ചെയ്യുന്നത്? കരയാതുറങ്ങിയ രാത്രികള്‍ ഇല്ലായിരുന്നു. ഓരോ നിമിഷവും ഞാനെന്റെ ജന്മത്തെ ശപിച്ചുകൊണ്ടിരുന്നു.

എനിക്ക് ഒന്‍പത് വയസ്സുള്ളപ്പോഴാണ് അമ്മയ്ക്ക് വാതം പിടിപെട്ടു കിടപ്പിലാവുന്നത് അസഹ്യമായ വേദനയോടെ അമ്മ കരയുന്നത് നിസ്സഹായയായി നോക്കിനില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. കട്ടിലില്‍ നിന്ന് അനങ്ങണമെങ്കില്‍ മറ്റൊരാളുടെ സഹായം വേണ്ടിയിരുന്നു അമ്മയ്ക്ക്. അമ്മ കിടപ്പിലായതോടുകൂടി എന്നിലെ അരക്ഷിത ബോധം കൂടിക്കൂടി വന്നു. പരസഹായമില്ലാതെ നടക്കുക മാത്രമായിരുന്നു ഞാന്‍ സ്വയം ചെയ്തുകൊണ്ടിരുന്ന കാര്യം. എന്റെ മറ്റെല്ലാ ആവശ്യങ്ങള്‍ക്കും അമ്മ വേണമായിരുന്നു. പക്ഷേ അമ്മയുടെ ആ അവസ്ഥയില്‍ എന്റെ കാര്യങ്ങളോക്കെ ഞാന്‍ സ്വയം ചെയ്യാന്‍ തുടങ്ങി. കുളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പലതവണ തെന്നി വീണും എഴുന്നേറ്റും വീണ്ടും വീണും ഓരോ ദിവസവും കടന്നുപോയി. കാല്‍ വീണ്ടും പൊട്ടാന്‍ തുടങ്ങി. വേദന കാരണം പലപ്പോഴും സ്‌കൂളില്‍ പോകാതെയായി. അസഹ്യമായ വേദനയോടെയുള്ള അമ്മയുടെ കരച്ചില്‍ വീടാകെ നിറഞ്ഞിരുന്നു. അതിനിടയില്‍ എന്റെ വേദനയെ ഞാന്‍ അമര്‍ത്തിപ്പിടിച്ചു.

ചന്ദ്രന്‍ എന്ന് പേരുള്ള ഒരു ആയുര്‍വേദ ഡോക്ടറാണ് അമ്മയെ ചികത്സിച്ചിരുന്നത്. പാവങ്ങളുടെ ഡോക്ടര്‍ എന്നൊരു വിളിപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു സ്നേഹവും കാരുണ്യവുമുള്ള മനുഷ്യനായിരുന്നു അദ്ദേഹം. ആഴ്ചയിലൊരിക്കല്‍ കിടപ്പിലായ അമ്മയെ ചികിത്സിക്കാന്‍ വരുമ്പോള്‍ വേദനകൊണ്ട് പുളയുന്ന അമ്മയുടെ കൈപിടിച്ച് ''ധൈര്യമായിരിക്കൂ വേദന വേഗം മാറും' എന്ന് അലിവോടെ അദ്ദേഹം പറയുമായിരുന്നു. മരുന്നിന്റെ കുറിപ്പടികള്‍ എഴുതിക്കൊടുത്ത് അദ്ദേഹം മടങ്ങുമ്പോള്‍ വരാന്തയിലെ കസേരയില്‍ ചുരുണ്ടുകൂടിയിരിക്കുന്ന എന്റെ മുടിയില്‍ തലോടി എന്നെ നോക്കി പുഞ്ചിരിക്കും. ഡോക്ടറിന്റെ നീണ്ടു വളഞ്ഞ മൂക്കും കുറുകിയ കണ്ണുകളും മുന്‍പെപ്പോഴോ വായിച്ച ചിത്രകഥയിലെ സത്യസന്ധനായ ഒരു രത്നവ്യാപാരിയെ ഓര്‍മപ്പെടുത്തുന്നതായിരുന്നു. അമ്മയെ നോക്കിയതും പരിചരിച്ചതുമെല്ലാം അച്ഛനും കുട്ടിയമ്മയും ചേര്‍ന്നായിരുന്നു. കഷായവും അരിഷ്ടവും മറ്റു മരുന്നുകളുമായി മാസങ്ങളോളം അമ്മ കട്ടിലില്‍ത്തന്നെ കിടന്നു. ഒട്ടും സന്തോഷമില്ലാത്ത വേദന നിറഞ്ഞ ജീവിതത്തോട് എന്റെ വെറുപ്പ് കൂടിക്കൂടി വന്നു.

വീടിന്റെ കിഴക്കേ പറമ്പിലെ മൂവാണ്ടന്‍ മാവില്‍ അപ്പൂപ്പന്‍ കെട്ടിത്തന്ന ഒരൂഞ്ഞാലുണ്ടായിരുന്നു. ഒരു ദിവസത്തിലെ ഏറിയ സമയവും ഞാന്‍ അതില്‍ത്തന്നെയായിരുന്നു. ഊഞ്ഞാലിലിരുന്നു മരച്ചില്ലകള്‍ക്കിടയിലൂടെ പുളിയനുറുമ്പ് നിരനിരയായി നീങ്ങുന്നതും മാവിലകള്‍ക്കുള്ളില്‍ ആകാശത്തിന്റെ കഷ്ണങ്ങള്‍ മേഘത്തുണ്ടുകളെ പെറ്റിടുന്നതും നോക്കിയാണ് ഞാന്‍ നേരം കഴിച്ചുകൂട്ടുന്നത്. ഇടയ്ക്കിടെ അണ്ണന്‍(മാമന്റെ മകന്‍) വന്ന് എന്നെ ഊഞ്ഞാലാട്ടിത്തരും ഇടയ്ക്കൊക്കെ എനിക്ക് മുടി ചീകിയും പൊട്ട് തൊട്ടുതന്നും സാഹോദര്യത്തിന്റെ കരുതലും സ്നേഹവും എന്നെ അനുഭവപ്പെടുത്തിയെങ്കിലും അതൊന്നും എന്നിലെ ഒറ്റപ്പെടലിനെയും വേദനയേയും തെല്ലും ശമിപ്പിച്ചില്ല. ദിവസങ്ങള്‍ ചെല്ലുംതോറും ഞാന്‍ ഉള്‍വലിഞ്ഞുകൊണ്ടിരുന്നു. അമ്മയെ കാണാന്‍ വരുന്ന സന്ദര്‍ശകരുടെ സഹതാപം നിറഞ്ഞ വാക്കുകളും നോട്ടവും എന്നെ അസ്വസ്ഥയാക്കി അമ്മയെ കാണാന്‍ വരുന്നവരില്‍ നിന്നും ഒഴിഞ്ഞു മാറി പകലൊക്കെ വീട്ടിനുള്ളില്‍ കയറാതെ മുറ്റത്തും പറമ്പിലും ഊഞ്ഞാലിലുമൊക്കെയായി ഞാനിരുന്നു.

ഏറെ ദിവസങ്ങള്‍ എന്നെ കാണാതിരുന്നപ്പോള്‍ എന്റെ ക്ലാസ്സ് ടീച്ചറായ വിജയമ്മ ടീച്ചര്‍ വിവരമറിഞ്ഞ് എന്നെ കാണാനെത്തി. സ്നേഹനിധിയായിരുന്നു ടീച്ചര്‍. കൈതപ്പൂവിന്റെ നിറവും ഇളം തവിട്ടു നിറത്തിലുള്ള കണ്ണുകളുമുള്ള സുന്ദരി. അതുവരെ സഹതാപം കലരാതെ സ്നേഹം പ്രകടിപ്പിച്ച ഒരേയൊരു സ്ത്രീ അവര്‍ മാത്രമായിരുന്നു. ക്ലാസ്സിലിരിക്കുമ്പോള്‍ അഴിഞ്ഞു പടര്‍ന്നു കിടക്കുന്ന എന്റെ മുടി പിന്നിയിട്ട് തരുമായിരുന്നു ടീച്ചര്‍. ഇന്റര്‍വെല്‍ സമയങ്ങളില്‍ ക്ലാസ്സിനു പുറത്തിറങ്ങാതെ ഒറ്റയ്ക്കിരിക്കുന്ന എനിക്ക് വിളഞ്ഞ ചാമ്പക്കയും പാരീസ് മിഠായികളും കൊണ്ടുതന്നു. സ്‌കൂളിലെ മതിലിനരികിലായി മൈലാഞ്ചിക്കാടുണ്ട്. കുറെ ദൂരം അത് പടര്‍ന്നു പന്തലിച്ചു കിടന്നിരുന്നു. കുലകുലയായി കിടക്കുന്ന മൈലാഞ്ചി കുലകള്‍ അതിലെ ഇളം മഞ്ഞ നിറമുള്ള പൂക്കള്‍ കൊഴിയുന്നതും പൂക്കുന്നതും കണ്ട് ജനലിലൂടെ പുറത്തേക്ക് നോക്കി ഞാനിരുന്നു. അതിനു ചുവട്ടിലായി പെണ്‍കുട്ടികള്‍ കളിക്കുന്നുണ്ടാവും അവരോടൊപ്പം കളിക്കാന്‍ എന്റെയുള്ളം വെമ്പുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. പക്ഷെ അവിടെയും ഞാന്‍ അവഗണിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. അവരുടെ കാലുകളുടെ ശേഷി എനിക്കില്ലാത്തതുകൊണ്ട് ഞാന്‍ അതിനു മുതിര്‍ന്നില്ല. ക്ലാസ്സില്‍ ഒറ്റയ്ക്കിരിക്കുന്ന എന്നെ വിജയമ്മ ടീച്ചര്‍ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. അവരുടെ സ്നേഹത്തോടെയുള്ള തലോടലും പരിഗണയും എനിക്ക് തന്ന ആശ്വാസം അത്ര വലുതായിരുന്നു. ഒരിക്കല്‍ സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോരുമ്പോള്‍ വഴിയില്‍ വെച്ച് എന്നെയും എന്റെ കാലിനേയും ബന്ധിപ്പിച്ചിരിക്കുന്ന ബെല്‍റ്റ് പൊട്ടി ഞാന്‍ താഴെ വീണു. നിസ്സഹായയായി വഴിയില്‍ കിടന്നു കരഞ്ഞ എന്റെ അടുത്തേയ്ക്ക് ആരോ പറഞ്ഞറിഞ്ഞ ടീച്ചര്‍ ഓടി വന്നു അവരുടെ ഒരു കൈയില്‍ എന്നെയും മറുകൈയില്‍ എന്നില്‍ നിന്നും അടര്‍ന്നുപോയ കാലിനേയും ചേര്‍ത്തുപിടിച്ചു എന്റെ വീട്ടില്‍ കൊണ്ടുചെന്നാക്കി. അന്ന് ടീച്ചറിന്റെ കൈകള്‍ തന്ന സുരക്ഷിതത്വം പിന്നീടുള്ള ജീവിതത്തില്‍ എനിക്ക് എവിടെനിന്നും ലഭിച്ചിട്ടില്ല.

തൊട്ടടുത്ത ദിവസം മുതല്‍ ഞാന്‍ സ്‌കൂളില്‍ പോയിത്തുടങ്ങി പത്തു മിനിറ്റ് മാത്രം നടന്നാല്‍ എത്തുന്ന സ്‌കൂളിലേയ്ക്ക് കിലോമീറ്ററുകളോളം നടന്നു നടന്നു അവശയായ വൃദ്ധയെപ്പോലെ കിതച്ചും ഞെരുങ്ങിയും ഞാന്‍ എന്റെ ക്‌ളാസിലെത്തി. എന്റെ തൊലികള്‍ക്കിടയിലൂടെ വേദന അരിച്ചിറങ്ങി. ക്ലാസ്സില്‍ പഠിപ്പിക്കുന്ന പലതും എനിക്ക് ശ്രദ്ധിക്കാന്‍ കഴിയാറില്ലായിരുന്നു. പഠനവിഷയങ്ങളെ വകവെക്കാതെ ഓരോ നിമിഷവും വേദനയും അരക്ഷിതത്വ ബോധവും എന്റെ എല്ലാ കോശങ്ങളിലേയ്ക്കും പടര്‍ന്നു കയറിക്കൊണ്ടിരുന്നു.

സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാം...

അമ്മയുടെ കുടുംബ വീടിന്റെ കിഴക്കുവശത്താണ് മീനാക്ഷിയമ്മ എന്ന ഗോപിയമ്മയുടെ വീട്. അതിന് മുന്‍വശത്തൂടെ ഒഴുകുന്ന തോടിനപ്പുറം വലിയൊരു പറമ്പാണ്. അതിന്റെ ഒത്ത നടുക്കായി വലിയൊരു കശുമാവുണ്ട്. അതിന്റെ ശിഖരങ്ങള്‍ നാലുഭാഗത്തേക്കും പടര്‍ന്നു കിടന്നിരുന്നു. കശുമാവ് മാത്രമല്ല പേരക്കാ മാവും കര്‍പ്പൂരമാവും നീര്‍മരുതും കാട്ടുചെമ്പകവും പൂപ്പരുത്തിയും പരശ്ശ് മരങ്ങളും പിന്നെ പേരറിയാത്ത ഏതൊക്കെയോ കാട്ടുവൃക്ഷങ്ങളും നിറഞ്ഞ ഒരു വലിയ പറമ്പ്. കുട്ടികളാരുംതന്നെ ആ ഭാഗത്തേയ്ക്ക് പോകാറില്ലായിരുന്നു.

പണ്ടുകാലത്ത് വസൂരിവന്നു ചത്തവരെയൊക്കെ കുഴിച്ചിടുന്നത് അവിടെയായിരുന്നെന്നാണ് പറഞ്ഞു കേട്ടത്. ആ പറമ്പില്‍ നിരവധിയായ കിളികളും ശലഭങ്ങളും മരപ്പട്ടിയും അണ്ണാനും ഉടുമ്പും പാമ്പും കീരിയുമൊക്കെ ഉണ്ടായിരുന്നു. വീട്ടുമുറ്റത്തെ ഊഞ്ഞാലിലിരുന്നു ഒരു കാലൂന്നി ആയത്തില്‍ ആടുമ്പോള്‍ കിഴക്കേ കാട്ടുപറമ്പിലേയ്ക്ക് തലയെത്തിച്ചു നോക്കുന്നത് എന്റെ പതിവായിരുന്നു.തോട്ടിറമ്പില്‍ പൂത്തുനില്‍ക്കുന്ന ശീമക്കൊന്ന പൂക്കള്‍ക്കിടയിലൂടെ പലതരം കിളികളുടെ ശബ്ദങ്ങള്‍ കേള്‍ക്കാം. എല്ലാ ദിവസവും ഞാനാ പറമ്പ് നിരീക്ഷിക്കാന്‍ തുടങ്ങി. രാത്രി കിടക്കുമ്പോള്‍ അവിടെനിന്നും കേട്ട ശബ്ദങ്ങളൊക്കെ ഓരോന്നായി ഞാന്‍ ഓര്‍ത്തെടുക്കുന്നത് ശീലമായി.

ഒരു ദിവസം പതിവായി കേള്‍ക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ആ കാട്ടുപറമ്പില്‍നിന്നും ഒരു വിചിത്രമായ ശബ്ദം കേട്ടു. ആദ്യമൊക്കെ വല്ലാത്ത പേടി തോന്നിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയമ്മ പറഞ്ഞാണറിഞ്ഞത് അത് ഭ്രാന്തന്‍ മോഹനന്റെ ശബ്ദമായിരുന്നെന്ന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ താമസിച്ചിരുന്ന കൊച്ചു പരമു എന്നയാളുടെ മകനായിരുന്നു മോഹനന്‍. വക്ക് ചളുങ്ങിയ ഒരു കുടവുമായി കശുമാവിന്റെ ഏറ്റവും ഉയര്‍ന്ന ചില്ലയില്‍ കയറി നിന്നുകൊണ്ട് കുടത്തിലേയ്ക്ക് ശക്തമായി ഊതുന്ന ശബ്ദമായിരുന്നു അത്. അയാള്‍ ആരോടും സംസാരിക്കില്ലത്രേ. പകരം പലതരത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറായിരുന്നു പതിവ്. അതുകേട്ടതുമുതല്‍ ഊഞ്ഞാലിലിരുന്നുകൊണ്ട് അയാളുടെ ശബ്ദത്തിനു കാതോര്‍ത്തുകൊണ്ട് ഇടയ്ക്കിടെ തലയുയര്‍ത്തി നോക്കി. ഏതെങ്കിലും ഒരു ചില്ലയില്‍ അയാളുടെ അനക്കം കാണാമായിരുന്നു പക്ഷെ രൂപം ഒട്ടുംതന്നെ വ്യക്തമായിരുന്നില്ല.

എന്തായിരിക്കാം അയാള്‍ സംസാരിക്കാത്തത്? ഭാഷ അറിയാഞ്ഞിട്ടായിരിക്കുമോ? അതോ സംസാരിക്കാന്‍ ആരുമില്ലാഞ്ഞിട്ടാവുമോ? അങ്ങനെയാണെങ്കില്‍ ഭാവിയില്‍ ഞാനും വിചിത്രങ്ങളായ ശബ്ദങ്ങള്‍ മാത്രമുണ്ടാക്കുന്ന ഒരാളായി മാറുമോ? പലതരം ചിന്തകള്‍ അലട്ടി രാത്രികളില്‍ ഉറക്കം നഷ്ടപ്പെട്ടു. മരക്കൊമ്പിലിരുന്നു ഭ്രാന്തന്‍ മോഹനന്‍ ഉണ്ടാക്കിയ ശബ്ദം എന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഊഞ്ഞാലിലിരുന്ന് എത്തി നോക്കുമ്പോള്‍ മരച്ചില്ലകള്‍ക്കിടയിലൂടെ ചിലപ്പോള്‍ അയാളുടെ കാല്‍പ്പാദങ്ങളോ കൈകളോ അല്ലെങ്കില്‍ ചളുങ്ങിയ കുടമോ മാത്രമായിരുന്നു എനിക്ക് കാണാന്‍
കഴിഞ്ഞിരുന്നത്. അയാളെ കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. എന്റെ ഭാവനയില്‍ ഞാനയാള്‍ക്ക് കൈകാലുകലും ഉടലും മുഖവും വരച്ചു ചേര്‍ത്തു. ഓരോ ദിവസവും വിചിത്രമായ ഓരോ തരം ശബ്ദങ്ങളായിരുന്നു അയാളുണ്ടാക്കിയിരുന്നത്.

ശബ്ദങ്ങള്‍ മാറുംതോറും ഞാനയാളുടെ രൂപവും മാറ്റിവരയ്ക്കാന്‍ തുടങ്ങി. പിറ്റേന്ന് കുട്ടിയമ്മയോട് ഞാന്‍ ഭ്രാന്തന്‍ മോഹനനെപ്പറ്റി ചോദിച്ചു. അയാളിരുന്നു ശബ്ദമുണ്ടാക്കുന്ന കശുമാവിന് താഴെ അയാളുടെ വീടായിരുന്നു, അയാളുടെ അമ്മ മോഹനന് നാല് വയസ്സുള്ളപ്പോള്‍ കായലില്‍ ചാടി ചത്തു. ആകെയുണ്ടായിരുന്ന ഒരു സഹോദരന്‍ ചെറുപ്പത്തിലേ നാടുവിട്ടു. പിന്നാലെ അച്ഛനും ക്ഷയരോഗ ബാധിതനായി മരണപ്പെട്ടു. ഭ്രാന്ത് കടുത്ത ഒരു രാത്രിയില്‍ മോഹനന്‍ തന്റെ വീടിനു തീയിട്ട് എങ്ങോട്ടെന്നില്ലാതെ ഓടി. പിന്നീട് അയാളെ ഈ നാട്ടില്‍ ആരുംതന്നെ കണ്ടിട്ടിട്ടിലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയാളെ ഈ നാട്ടില്‍ കാണുന്നത് എവിടെനിന്നു വരുന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ ആര്‍ക്കും അറിയില്ല.

അയാളുടെ കഥ കുട്ടിയമ്മ പറയുമ്പോള്‍ എനിക്ക് ഭ്രാന്തന്‍ മോഹനനോട് വല്ലാത്ത സഹാനുഭൂതി തോന്നി. ഒരുപക്ഷെ കശുമാവിന്റെയും നീര്‍മരുതിന്റെയുമൊക്കെ മുകളിലിരുന്ന് കുടത്തിനുള്ളിലൂടെ ഉറക്കെ കൂക്കി വിളിക്കുന്നത് അയാളുടെ മരിച്ചുപോയ അമ്മയേയോ അച്ഛനെയോ ആയിരിക്കുമോ? ഒരുപക്ഷെ അതായിരിക്കുമോ മരിച്ചുപോയവരുടെ ഭാഷ? ഈ ഭൂമിയില്‍ തനിച്ചായിപ്പോയവര്‍ക്ക് മാത്രം മനസ്സിലാകുന്ന ഭാഷ. അയാളെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. അയാള്‍ എവിടെയാകും ഉറങ്ങുന്നത്? ഭക്ഷണം കഴിക്കുന്നത്? പിറ്റേ ദിവസം അയാള്‍ ഏതുതരം ശബ്ദമാകും ഉണ്ടാക്കുന്നത്? എന്റെ ചിന്തകളില്‍ ആ ഭ്രാന്തന്‍ നിറഞ്ഞുനിന്നു. ഒരു ദിവസത്തിന്റെ മുഴുവന്‍ സമയവും ഞാനയാളെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്നു. അയാളുടെ വിചിത്രങ്ങളായ ശബ്ദങ്ങളില്‍ നിന്ന് ഞാന്‍ അനേകം ഭാഷകള്‍ ഉണ്ടാക്കി.

ഞാനയാളെയോ അയാളെന്നെയോ കണ്ടിട്ടില്ലെങ്കിലും നിരവധി ശബ്ദങ്ങള്‍ക്കിടയില്‍ ശബ്ദമില്ലാത്ത രണ്ടാളുകള്‍ മാത്രമുള്ളൊരു ഗ്രഹം വീര്‍ത്തു വീര്‍ത്തുവന്നു. ഒരൊമ്പതു വയസ്സുകാരിക്ക് ആദ്യമായി ഇഷ്ടം തോന്നിയ ഒരു പുരുഷശബ്ദം. പിന്നീട് അയാളെ കാണാനുള്ള ആഗ്രഹം എന്നില്‍ ഇല്ലാതായി. നേരില്‍ കാണുമ്പോള്‍ ഞാന്‍ സങ്കല്‍പ്പത്തില്‍ വരച്ച രൂപമല്ലെങ്കിലോ എന്ന് ഞാന്‍ ഭയന്നിരുന്നു. എനിക്കയാളുടെ വിചിത്രമായ ശബ്ദങ്ങളും ദൂരെ മരങ്ങള്‍ക്കിടയില്‍നിന്നും അസാധാരണമായി ചലിക്കുന്ന അയാളുടെ കൈകാലുകളുടെ ചിത്രങ്ങളും മതിയായിരുന്നു. ഉറക്കമില്ലാത്ത പലരാത്രികളിലും ആ ഭ്രാന്തനെക്കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത. മനുഷ്യര്‍ക്കൊക്കെ എങ്ങനെയാണ് ഭ്രാന്തു പിടിക്കുന്നത്? ഓര്‍മകളുടെ ക്രമരഹിതമായ സഞ്ചാരമാണെങ്കില്‍ പില്‍ക്കാലത്ത് ആ വിളി എന്നിലും വന്നു പതിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും ഭ്രാന്ത് മൂത്ത രാത്രിയില്‍ മോഹനന്‍ തന്റെ വീടിനു മുകളില്‍ കൊളുത്തിയ തീ പലപ്പോഴും ഓര്‍മകളായി വന്ന് എന്നിലും നിന്നുകത്താറുണ്ട്.

(തുടരും)