
രമ്യ തുറവൂര്‍ എഴുതുന്ന ആത്മകഥ 'പതിയാത്ത കാല്‍പ്പാടുകള്‍'
തികച്ചും ഏകാന്തവും വിഷാദവും നിറഞ്ഞ ബാല്യകൗമാരങ്ങളില്‍ നിന്ന് എന്നെ രക്ഷിച്ചത് പുസ്തകങ്ങള്‍ ആയിരുന്നു. അച്ഛന്റെ കൈവശം കുറെയേറെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും എനിക്ക് മനസ്സിലാവുന്ന തരത്തില്‍ ഉള്ളതായിരുന്നില്ല. കമ്മ്യൂണിസ്‌റ് മാനിഫെസ്റ്റോയും ചരിത്രവും ഉപനിഷത്തുകളും പിന്നെ കുറേ ലേഖനങ്ങളുമൊക്കെയായിരുന്നു. എന്നിരുന്നാലും വിരസമായ എന്റെ സമയങ്ങളിലൊക്കെ ഞാന്‍ അവയോരോന്നുമെടുത്ത് വായിക്കുമായിരുന്നു. ഒന്നും മനസ്സിലായില്ല എങ്കിലും വീണ്ടും വീണ്ടും വായിക്കുമായിരുന്നു. ആ പുസ്തകങ്ങളിലെ പല വരികളും എനിക്ക് കാണാപ്പാഠമായിരുന്നു. വായനയോടുള്ള എന്റെ താല്പര്യം കണ്ട് അച്ഛന്‍ എനിക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ കൊണ്ടുവന്നു തന്നു. ബഷീറിനെ വായിക്കാന്‍ തുടങ്ങിയതോടുകൂടി അതുവരെയുണ്ടായിരുന്ന എന്റെ വായനാനുഭവം അടിമുടി മാറി. എന്റെ സങ്കല്‍പ്പങ്ങളെ അട്ടിമറിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഓരോന്നും എന്നില്‍ ചേക്കേറി. ബഷീറിന്റെ ശൈലിയും ജീവിതഗന്ധിയായ അനുഭവപരിസരങ്ങളുമൊക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഏകദേശം പത്തോ പതിനൊന്നോ വയസ്സുള്ളപ്പോഴാണ് ഞാന്‍ ബഷീറിനെ വായിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ കഥകളിലെ പ്രണയവും ചുംബനങ്ങളുമെല്ലാം തെല്ല് ആകാംക്ഷയോടും ആശങ്കയോടും കൂടിയാണ് ഞാന്‍ വായിച്ചിരുന്നത്. ആ പ്രായത്തില്‍ ചുംബനങ്ങളെക്കുറിച്ചും ശാരീരിക ആകര്‍ഷണങ്ങളെക്കുറിച്ചും വായിക്കുമ്പോള്‍ എന്റെ നെഞ്ചിടിപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. പ്രണയം എന്നൊരു അവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാലും അദ്ദേഹത്തിന്റെ കൃതികളില്‍ പ്രണയിക്കപ്പെടുന്ന സ്ത്രീകളൊക്കെയും ഞാനായി സങ്കല്‍പ്പിച്ചു. അവരുടെ മാനസിക
നിലയിലൂടെ ഉയര്‍ന്നും താണും ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
Also Read
സ്‌കൂളില്‍ ഒരു ലൈബ്രറി ഉണ്ടെന്നും അതില്‍ കുറെ പുസ്തകങ്ങളുണ്ടെന്നും അതിനെ പ്രയോജനപ്പെടുത്തണമെന്നും ഞങ്ങളോട് പറഞ്ഞത് മലയാളം അധ്യാപകനായ മനോഹരന്‍ സാറാണ്. അതീവ സുന്ദരനായ സാര്‍ സ്‌കൂളിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. നാടക നടനും ഗായകനും കൂടിയായ സാറിനെപ്പറ്റി പെണ്‍കുട്ടികള്‍ പറയാത്ത ദിവസങ്ങളില്ല. സ്‌കൂളിലെ എല്ലാ കുട്ടികളുടെയും ആരാധനാപാത്രമായിരുന്നു അദ്ദേഹം. ചങ്ങമ്പുഴയുടെയും വൈലോപ്പള്ളിയുടെയും ജി ശങ്കരക്കുറുപ്പിന്റെയും സുഗതകുമാരിയുടെയും കവിതകള്‍ ഈണത്തിലും ഭാവത്തിലും ഗാംഭീര്യത്തോടെയും ചൊല്ലുന്നത് കേട്ട് ക്ലാസ്സ് മുറിയാകെ നിശബ്ദമാകുമായിരുന്നു. അതിമനോഹരമായ ശബ്ദത്തില്‍ ഉറക്കെ അദ്ദേഹം കവിത ചൊല്ലുമ്പോള്‍ തൊട്ടടുത്ത ക്ലാസ്സ് മുറികളും നിശബ്ദതയിലാഴ്ന്നുനിന്നു. മനോഹരന്‍ സാര്‍ കവിതകള്‍ ചൊല്ലുന്നത് കേട്ടിട്ടാണ് ഞാന്‍ കവിതകളെ സ്‌നേഹിച്ചു തുടങ്ങിയത്.
സാറിന്റെ പഠനരീതി വ്യത്യസ്തമായിരുന്നു. ക്ലാസ് മുറിയിലിരുന്ന് പഠിപ്പിക്കാതെ പലപ്പോഴും ക്ലാസ്സിനു പുറത്ത് സ്‌ക്കൂള്‍ മതിലിനോട് ചേര്‍ന്നുനില്‍ക്കുന്ന വാകച്ചോട്ടിലിരുന്നാവും പഠനം. നിലത്തു വീണു കിടക്കുന്ന കടുംചോപ്പാര്‍ന്ന വാകപ്പൂക്കള്‍ക്ക് നടുവില്‍ ഞങ്ങളെ ഇരുത്തി. നിലത്തിരിക്കാന്‍ പറ്റാത്തതിനാല്‍ എനിക്കിരിക്കാന്‍വേണ്ടി മാത്രം ഒരു കസേര ഇട്ടുതന്നു. സാറ് പഠിപ്പിക്കുന്നതും സംസാരിക്കുന്നതുമൊക്കെ കേട്ടുകൊണ്ട് അദ്ദേഹത്തെത്തന്നെ നോക്കി ഞാനിരിക്കും. ചില പാഠഭാഗങ്ങള്‍ അദ്ദേഹം അഭിനയിച്ചു കാണിക്കുമായിരുന്നു. ക്ലാസ്സെടുക്കുന്നതിനിടെ ഇടയ്ക്കിടെ ഞാനിരിക്കുന്ന കസേര നന്നായി മണ്ണിലുറപ്പിച്ചും എന്നെ ശ്രദ്ധിച്ചും എന്റെ സുരക്ഷ ഉറപ്പാക്കുമായിരുന്നു സാര്‍. അദ്ദേഹം എനിക്ക് നല്‍കിയ ചെറിയ പരിഗണനയില്‍പ്പോലും ഞാനതിയായി സന്തോഷിച്ചു. സാറ് ചൊല്ലുന്ന കവിതകളില്‍ ഞാനെന്നെത്തന്നെ മറന്നിരുന്നു. പിന്നീടുള്ള എന്റെ ജീവിതത്തില്‍ കവിത എന്റെ ശ്വാസം പോലെയായി മാറിയപ്പോള്‍ അതിനു കാരണക്കാരനായ ആ വ്യക്തിയോട് ആ ചെറുപ്രായത്തില്‍ എനിക്കുണ്ടായിരുന്ന ഇഷ്ടം പ്രണയമായിരുന്നു എന്ന് പില്‍ക്കാലത്തു എനിക്ക് തോന്നിയിട്ടുണ്ട്. മറ്റൊരു അധ്യാപകനോടും ഒരു തോന്നാത്ത ഒന്ന് സാറിന്റെ സാമീപ്യത്തില്‍ എനിക്ക് അനുഭവപ്പെടാന്‍ തുടങ്ങി.
വളരെ കുട്ടിക്കാലം തുടങ്ങി വായനയിലൂടെ കടന്നു പോയതുകൊണ്ടാവാം പ്രണയമെന്ന വൈകാരികാവസ്ഥ എനിക്ക് അപരിചിതമായ ഒന്നായിരുന്നില്ല. ഒരു പക്ഷെ അത് എന്നില്‍ വളരെ മുന്‍പേ രൂപപ്പെട്ടതും അതുകൊണ്ടാവാം എന്ന് ഞാന്‍ കരുതുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നെടുത്ത ബഷീറിന്റെ 'ശബ്ദങ്ങള്‍' എന്ന പുസ്തകം വായിക്കുമ്പോള്‍ അതുവരെ പരിചിതമില്ലാത്തൊരു വൈകാരിക അവസ്ഥയെ വാക്കുകളിലൂടെ അനുഭവിക്കുകയായിരുന്നു ഞാന്‍. ഓരോ വരികളിലൂടെ കടന്നു പോകുമ്പോഴും എന്റെ ഹൃദയ ഭിത്തികള്‍ക്കുണ്ടായ അകാരണമായ മിടിപ്പ് മനോഹരന്‍ സാറിന്റെ സാമീപ്യത്തിലും എനിക്ക് അനുഭവപ്പെട്ടു. അതൊക്കെയും അദ്ദേഹത്തോടുള്ള അതീവമായ ഇഷ്ടവും ആരാധനയും കലര്‍ന്ന പ്രണയമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം കവിത ചൊല്ലുമ്പോള്‍ സാറിന്റെ തിളക്കമേറിയ കണ്ണുകളിലും കുറ്റിത്താടിയുള്ള കവിളിലും ചുണ്ടിലുമൊക്കെ ഞാന്‍
നോക്കിയിരുന്നിട്ടുണ്ട്. സാറിന്റെ കവിതാലാപനത്തോടുള്ള ഇഷ്ടം കാരണം സ്‌കൂള്‍ ലൈബ്രറിയിലുണ്ടായിരുന്ന കവിതകളൊക്കെ ഞാന്‍ വായിക്കാന്‍ തുടങ്ങി. പലതും ഞാന്‍ കാണാതെ പഠിക്കുകയും ചെയ്തു. ഞാനും സാറും കവിതകളും മാത്രമുള്ളൊരു ലോകം എന്റെ മനസ്സില്‍ തഴച്ചു വളര്‍ന്നു. എന്നിലെ കവിയെ മാത്രമല്ല എന്നിലെ ഗായികയെയും കണ്ടെത്തിയത് അദ്ദേഹമായിരുന്നു. സാറുമായുള്ള പ്രണയസങ്കല്പങ്ങളില്‍ ഞാന്‍ കവിതകള്‍ തന്ന കൈകാലുകള്‍ കൊണ്ട് മതിമറന്നുനടന്നു. പാവം സാര്‍ ഇതൊന്നുമറിയാതെ മരക്കാലുകാരിയോടുള്ള അനുതാപവും ദയയവും ചൊരിഞ്ഞുകൊണ്ടേയിരുന്നു.
അപ്പൂപ്പന്റെ (അച്ഛന്റെ അച്ഛന്‍) മരണശേഷം കുറച്ച വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആദ്യമായി കാവില്‍ സര്‍പ്പം തുള്ളല്‍ നടത്തുന്നത്. അപ്പൂപ്പന്‍ ഉണ്ടായിരുന്ന കാലത്ത് സര്‍പ്പങ്ങള്‍ക്കുള്ള വഴിപാട് തളിച്ചുകുടയെന്നും മൂര്‍ത്തികള്‍ക്കു നല്‍കുന്ന വഴിപാടിന് മേശവെപ്പ് എന്നുമായിരുന്നുപറഞ്ഞുകൊണ്ടിരുന്നത്. കാവിലെ തിങ്ങി വളരുന്ന മരങ്ങള്‍ക്കും അതില്‍നിന്നും താഴേക്ക് വളഞ്ഞു പിരിഞ്ഞിറങ്ങുന്ന കാട്ടുവള്ളികള്‍ക്കുമിടയിലൊക്കെ പന്തം കത്തിച്ചു വച്ച് തുടിമുഴക്കി ഉറക്കെ പാടിക്കൊണ്ടാണത്രെ വഴിപാട് ദ്രവ്യങ്ങള്‍ കാഴ്ചവച്ചിരുന്നത്. അപ്പൂപ്പന്റെ അച്ഛന്‍ അപ്പൂപ്പന് സമ്മാനിച്ച ഒരു ഒരു കലമാന്‍കൊമ്പ് ഇരു കൈകളിലുമെടുത്ത് മുകളിലേയ്ക്ക് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഉറക്കെ പാടുന്നത് എന്നാണു അച്ഛന്‍ പറഞ്ഞുള്ള അറിവ്. അച്ഛനത് കണ്മുന്നില്‍ കാണുന്നത് പോലെ പറഞ്ഞുതരുമായിരുന്നു. അപ്പോള്‍ ആ കാവിന്റെ വന്യതയും ഭീകരതയും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. അപ്പൂപ്പന്‍ മരിച്ചതോടുകൂടി ആ ആചാരങ്ങളൊക്കെ ഇല്ലാതായി പകരം സര്‍പ്പംതുള്ളല്‍ എന്ന രീതിയിലേയ്ക്ക് മാറി.
സര്‍പ്പം തുള്ളല്‍ അടുക്കുമ്പോള്‍ കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ എല്ലാവരും മത്സ്യ മാംസാദികള്‍ ഒന്നും കഴിക്കാതെ ഇരുപത്തൊന്നു ദിവസം കുടുംബ വീട്ടില്‍ത്തന്നെ താമസിച്ചുകൊണ്ട് വ്രതമനുഷ്ടിക്കുമായിരുന്നു. സര്‍പ്പക്കളത്തിനാവശ്യമായ പൊടികള്‍ക്ക് വാകയിലയും ഉമിക്കരിയും അരിപ്പൊടിയും മഞ്ഞളും ചുണ്ണാമ്പുമൊക്കെ ഉണക്കി പൊടിച്ച് ആ ദിവസത്തേക്കുള്ള തയ്യാറെടുപ്പ് നടത്തുന്ന തിരക്കില്‍ ആയിരിക്കും എല്ലാവരും. ആര്‍ത്തവ സമയമടുത്ത സ്ത്രീകള്‍ ദൂരെയുള്ള ബന്ധുക്കളുടെ വീട്ടിലേയ്ക്ക് പോയിത്താമസിച്ചു. പിന്നെ ഏഴു ദിവസം കഴിഞ്ഞേ തിരികെ വരൂ. വ്രതമെടുത്തിരിക്കുന്ന സമയത്തു അനാവശ്യ ചിന്തകള്‍ ഒന്നും തന്നെ പാടില്ല. പൂര്‍ണമായും മനസ്സ് ദൈവ ചിന്തയില്‍ മുഴുകിയിരിക്കണം എന്നാണു വിശ്വാസം. അതുകൊണ്ട് സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ ഒപ്പം ഒരു മുറിയില്‍ ഉറങ്ങുകയില്ല. ഓരോരുത്തരും ഓരോ ജോലിയില്‍ വ്യാപൃതരായിരിക്കും. ഞാന്‍ മാത്രം വീട്ടുമുറ്റത്തെ ഏതെങ്കിലും ഒരു മൂലയ്ക്ക് ഇവരെയൊക്കെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടാവും.
അച്ഛന്റെ സഹോദരന്മാരുടെയോ സഹോദരിമാരുടെയോ മക്കള്‍ ഇടയ്ക്ക് എന്റെ അടുത്ത് വന്നിരുന്ന് വര്‍ത്തമാനം പറയുകയോ കഥ പറയുകയോ ചെയ്യുമായിരുന്നു. അച്ഛന്റെ സഹോദരന്മാര്‍ കുടുംബ വീടിന്റെ അടുത്തടുത്തായാണ് താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ നിറയെ ബഹളവുമൊക്കെയായി എപ്പോഴും സന്തോഷമായിരുന്നു. അവിടെ ഞാന്‍ മാത്രമായിരുന്നു വിഷാദിയായി കാണപ്പെട്ടിരുന്നത്. ബന്ധുജനങ്ങളുടെ സഹതാപംനിറഞ്ഞ നോട്ടവും സംസാരവും എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ അവര്‍ക്കിടയില്‍ നിന്നും ഒഴിഞ്ഞു മാറി സര്‍പ്പക്കാവിലും അതിന്റെ പരിസരത്തുമായി ഇരിക്കും. കാവിനുള്ളിലെ മരങ്ങളില്‍ വന്നിരിക്കുന്ന കിളികളെയും കായ്ച്ചു കിടക്കുന്ന കാഞ്ഞിരത്തെയും അതിനുള്ളില്‍ അവിടവിടെയായി തൂങ്ങി കിടക്കുന്ന പിരിയന്‍ വള്ളികളെയും നോക്കി ഞാന്‍ നേരം പോക്കി. കാവിന്റെ ഒത്ത നടുക്കായി നില്‍ക്കുന്ന യക്ഷികാഞ്ഞിരത്തിന്റെ മുകളിലായി ഒരു വലിയ പൊത്തുണ്ട് അതിനുള്ളില്‍ എന്തായിരിക്കുമെന്ന് ചിന്തിച്ചു മണിക്കൂറുകളോളം ഞാനെങ്ങനെയിരിക്കുമായിരുന്നു. ആ പൊത്തിനുള്ളില്‍ എന്താണെന്ന് കുടുംബത്തിലെ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു. ഒത്തിരി വിശ്വാസങ്ങള്‍ കുടിയിരിക്കുന്ന ആ വൃക്ഷത്തിന്റെ മുകളില്‍ കയറാനുള്ള ധൈര്യം കുടുംബത്തിലെ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല.
അവിടെ താമസിക്കുന്ന ദിവസങ്ങള്‍ക്കിടയില്‍ രസകരമായ അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. കുട്ടിയായിരുന്ന എന്റെയുള്ളില്‍ കാവും അതുമായി ബന്ധപ്പെട്ട കഥകളും വളരെ വിചിത്രമായി കെട്ടുപിണഞ്ഞുകിടക്കുകയായിരുന്നു. ഓരോ ദിവസവും ഓരോ കഥകള്‍ കേട്ട് ആകാംക്ഷയും സംശയങ്ങളും എന്നില്‍ കൂടിക്കൂടി വന്നു. ഞാനെന്ന കുട്ടിയുടെ യുക്തി ചിന്തകള്‍ക്ക് മുകളിലായിരുന്നു ആ കഥകളൊക്കെയും എന്നെ സ്വാധീനിച്ചത്.
കുടുംബ വീട്ടിലെ പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ തിങ്ങിഞെരിഞ്ഞു കിടന്നാണ് ഞങ്ങള്‍ എല്ലാവരും ഉറങ്ങിയിരുന്നത്. അച്ഛന്റെ സഹോദരന്മാടെ ഭാര്യമാരും സഹോദരിമാരും അവരുടെ മക്കളും എല്ലാവരും ഒരുമിച്ചാണ് ഉറങ്ങാന്‍ കിടന്നിരുന്നത്. ഒരു ദിവസം രാത്രി ചുറ്റിനും കൂരിരുട്ട് നിറഞ്ഞ ആ മുറിയുടെ ഒരറ്റത്ത് ഒരു തരി കനല്‍വെട്ടം മാത്രം മുന്നിലേയ്ക്കും പിന്നിലേയ്ക്കും ചലിച്ചുകൊണ്ടിരുന്നു. ഞാന്‍ വീണ്ടും വീണ്ടും അതിലേക്ക് നോക്കി ഭയന്ന് വിറച്ച് ഉറക്കെ കരഞ്ഞു. അതു കേട്ട് എല്ലാവരും ഞെട്ടിയുണര്‍ന്നു. വെളിച്ചമിട്ടപ്പോള്‍ അപ്പൂപ്പന്റെ സഹോദരന്റെ ഭാര്യയായ കാര്‍ത്ത്യായനി അമ്മൂമ്മ അവിടെയിരുന്നു ബീഡി വലിക്കുന്നതായിരുന്നു. അപ്പോഴേയ്ക്കും മുറിയില്‍ കൂട്ടച്ചിരിയായി. അവരെ ഓര്‍ക്കുമ്പോഴൊക്കെ ആ രാത്രി എന്റെ മനസ്സിലേക്ക് ഇപ്പോഴും തെളിഞ്ഞു വരും. കാര്‍ത്യായനി അമ്മൂമ്മയെ ഞങ്ങള്‍ എല്ലാവരും കാര്‍ത്തിയമ്മ എന്നായിരുന്നു വിളിച്ചിരുന്നത്. കരുത്തയായ സ്ത്രീയായിരുന്നു അവര്‍. പത്തിരുപത് ഈറ്റ വെട്ടി വലിയ കെട്ടാക്കി തലയില്‍ ചുമന്നുകൊണ്ട് വരുന്നത് ഒരു കാഴ്ചതന്നെയായിരുന്നു. കറുത്തു തടിച്ച പൊക്കം കുറഞ്ഞ കാര്‍ത്തിയമ്മയ്ക്ക് ഒരാണിന്റെ കരുത്തായിരുന്നു. ആരെയും കൂസാത്ത പ്രകൃതം. കറുത്തു ചുരുണ്ട മുടി വാരി ഉച്ചിയില്‍ വച്ചുകെട്ടി സിമന്റ് തറയില്‍ കാലു വളച്ച് ഇരുന്നുകൊണ്ട് കുട്ടയും മുറവും നെയ്യുന്ന ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. വളരെ ഉച്ചത്തിലായിരുന്നു അവര്‍അവര്‍ സംസാരിച്ചിരുന്നത്.
അച്ഛന്റെ അമ്മ ചെറു പ്രായത്തിലേ മരിച്ചുപോയതുകൊണ്ട് അച്ഛനും സഹോദരന്മാരും അമ്മയായി കണ്ടിരുന്നത് കാര്‍ത്തിയമ്മയെയായിരുന്നു. അവര്‍ക്ക് മൂന്ന് മക്കളായിരുന്നു. അവരെയും ഭര്‍ത്താവിന്റെ സഹോദരന്മാരുടെ മക്കളെയും ഒരുപോലെ സ്‌നേഹിച്ചിരുന്നു കാര്‍ത്തിയമ്മ. ഏതു നേരവും ഭൂമിക്കഭിമുഖമായി കുനിഞ്ഞിരുന്ന് പണിയെടുക്കുന്നത് കൊണ്ടാവും അവരുടെ ശരീരത്തിനും അല്പം വളവുണ്ടായിരുന്നു. എന്നും സന്ധ്യയ്ക്ക് സര്‍പ്പക്കാവ് അടിച്ചുവൃത്തിയാക്കി എല്ലാ ദൈവങ്ങള്‍ക്കും മുന്നിലും തിരി വെക്കുന്നത് കാര്‍ത്തിയമ്മയായിരുന്നു. തിരി കത്തിക്കുന്നതിനിടയില്‍ ഓരോ മൂര്‍ത്തികള്‍ക്കു മുന്നിലും ചെന്ന് എന്തൊക്കെയോ പറയുമായിരുന്നു അവര്‍. എന്താണ് പറയുന്നതെന്ന് പല തവണ ശ്രമിച്ചിട്ടും ഒരിക്കല്‍പ്പോലും വ്യക്തമായിരുന്നില്ല.
ചില ദിവസങ്ങളില്‍ രാത്രിയില്‍ കാര്‍ത്തിയമ്മ ഞങ്ങള്‍ക്ക് കഥ പറഞ്ഞു തരുമായിരുന്നു. കുട്ടിയമ്മ പറഞ്ഞ കഥകളില്‍ കെട്ടിക്കിടക്കുന്ന എന്നെ കാര്‍ത്തിയമ്മയുടെ കഥയിലെ ആനയും കുറുക്കനും വിറകുവെട്ടുകാരനും തെല്ലും ആകര്‍ഷിച്ചില്ല. എങ്കിലും മറ്റു കുട്ടികള്‍ക്കൊപ്പം ഞാനും കേട്ടിരുന്നു.
അച്ഛന്റെ കുടുംബ വീട്ടില്‍ നിന്ന ആ ദിവസങ്ങളില്‍ മറക്കാനാവാത്ത പല അനുഭവങ്ങളും ഉണ്ടായി. ഒരു ദിവസം രാത്രിയില്‍ ഉറങ്ങിക്കിടന്ന ഞങ്ങള്‍ ഒരലര്‍ച്ചകേട്ട് ഞെട്ടി ഉണര്‍ന്നപ്പോള്‍ അച്ഛന്റെ പെങ്ങളുടെ മകള്‍ ഉച്ചത്തില്‍ നിര്‍ത്താതെ സംസാരിക്കുന്നതാണ് കണ്ടത്. ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത് തമിഴിലാണ് സംസാരിക്കുന്നത്. ചേച്ചിയുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ചുവന്നു തുടുത്ത കണ്ണുകള്‍ കൊണ്ട് ചുറ്റിനും നില്‍ക്കുന്നവരെ തുറിച്ചു നോക്കികൊണ്ടിരുന്നു. ശരീരം മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് കാല് നീട്ടിയിരുന്നുകൊണ്ട് ചേച്ചി ആരെയൊക്കെയോ തിരയുന്നത് പോലെ തോന്നി. നിര്‍ത്താതെ കരഞ്ഞു ചിരിച്ചും അവര്‍ തമിഴില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ചേച്ചിയുടെ ചുവന്നു വിടര്‍ന്ന കണ്ണുകള്‍ എന്നെ ഭയപ്പെടുത്തി ഞാന്‍ അമ്മയുടെ പിന്നില്‍ മറഞ്ഞുനിന്നു. ചുറ്റും നിന്നവര്‍ ചേച്ചിയുടെ തലയില്‍ തണുത്ത വെള്ളമൊഴിച്ചും ഉള്ളംകാലില്‍ ശക്തമായി പ്രഹരിച്ചും അവരുടെ ശരീരത്ത് കയറിയ ബാധയെ ഒഴിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ ചേച്ചി അവരുടെ വയര്‍ തടവി ''എന്‍ കുളന്തൈ'' എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അതിശയത്തോടെയും ഭയത്തോടെയും ഞാനിതെല്ലാം നോക്കി നിന്നു. ആ സമയം കാര്‍ത്തിയമ്മ ചുറ്റും കൂടിനിന്ന ആളുകളെയെല്ലാം മാറ്റിയിട്ട് ചേച്ചിയോട് സംസാരിക്കാന്‍ തുടങ്ങി ''നീ ആരാണ്?, നിനക്ക് എന്താണ് വേണ്ടത്?' 'ഈ ശരീരത്തിന് നിന്നെ വേണ്ട ഇറങ്ങി പൊക്കോണം ''കാര്‍ത്തിയമ്മ ദേഷ്യത്തോടെ ആജ്ഞാപിച്ചു.
ചേച്ചി ഉറക്കെ കരയാന്‍ തുടങ്ങി ''എനക്ക് താങ്ക മുടിയലെ മ്മാ... എനക്ക് എന്‍ കൊളന്തയെ മട്ടും താ വേണം. എനക്ക് ആരുമേ ഇല്ലേയ്.''ഇതൊക്കെ പറയുമ്പോള്‍ ചേച്ചിയുടെ ശരീരം നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. കാര്‍ത്തിയമ്മ എഴുന്നേറ്റ് നിന്ന് ചേച്ചിയുടെ നെറുകയില്‍ കൈ വച്ച് അവിടെനിന്നും കുറച്ചു മുടി വിരലുകൊണ്ട് ചുറ്റിയെടുത്ത് എല്ലാ ശക്തിയുമെടുത്ത് മുകളിലേയ്ക്ക് വലിച്ചു വലിയൊരു ഒച്ചയോടുകൂടി ചേച്ചി പിന്നിലേയ്ക്ക് വീണു. തമിഴ് അറിയാത്ത ചേച്ചി എങ്ങനെയാണ് ഇത്ര നന്നായി തമിഴ് പറയുന്നതെന്ന് എല്ലാവരിലും അത്ഭുതം ഉണ്ടാക്കി. അതുപോലെതന്നെ കാര്‍ത്തിയമ്മ ബാധ ഒഴിപ്പിച്ച രീതിയും അവിശ്വസനീയമായി തോന്നി. ആ അന്തരീക്ഷം ഒന്നയഞ്ഞപ്പോഴാണ് കാര്‍ത്തിയമ്മ അത് വിവരിച്ചത്. ''കിഴക്കേടത്തെ നായര്‍ തറവാട്ടിലെ ഇളയമകന്‍ തമിഴ്‌നാട്ടില്‍ ജോലിക്ക് പോയപ്പോള്‍ അവിടെനിന്നും ഒരു മുത്തുരത്തിനമെന്നു പേരുള്ള ഒരു തമിഴത്തിയെ പ്രണയിച്ചു വിവാഹം കഴിച്ചു നാട്ടിലുള്ള തറവാട്ടിലേയ്ക്ക് കൊണ്ടുപോന്നു. വീട്ടുകാരുടെ എതിര്‍പ്പവഗണിച്ചുകൊണ്ട് അയാള്‍ ആ അവരുമായി തറവാട്ടില്‍ത്തന്നെ താമസമാക്കി. കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം തറവാട്ട് പറമ്പിന്റെ മൂലയ്ക്കുള്ള പൊട്ടക്കുളത്തില്‍ ഗര്‍ഭിണിയായ മുത്തുരത്തിനം ചത്തുകിടന്നിരുന്നു എന്നും അത് കണ്ടതോടെ അവരുടെ ഭര്‍ത്താവിന് മാനസിക വിഭ്രാന്തി ഉണ്ടായെന്നുമാണ് കഥ. ആ ഗര്‍ഭിണിയായ തമിഴത്തിയാണ് ചേച്ചിയുടെ ശരീരത്തു കയറിയത് എന്നായിരുന്നു കാര്‍ത്തിയമ്മ പറഞ്ഞത്. അത്ഭുതത്തോടെയാണ് ഞാനാ കഥ കേട്ടിരുന്നത്. എത്ര വിചിത്രമാണിതൊക്കെ എന്നോര്‍ത്തു ഞാന്‍ അത്ഭുതപ്പെട്ടു. മരിച്ചു പോയവരൊക്കെ എങ്ങനെയാണ് ജീവിച്ചിരിക്കുന്നവരുടെ ശരീരത്ത് കയറുന്നത്? ആ രാത്രി എനിക്കൊരിക്കലും മറക്കാനാവാത്ത ഒന്നായിരുന്നു.
പിറ്റേ ദിവസം ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല എന്ന മട്ടിലായിരുന്നു ചേച്ചിയുടെ പെരുമാറ്റം. പലരും അതിനെക്കുറിച്ചു ചോദിക്കുമ്പോഴൊക്കെ ഒന്നും ഓര്‍മയില്ലെന്നായിരുന്നു ചേച്ചിയുടെ മറുപടി. പിന്നീട് ചേച്ചിയെ കാണുമ്പോഴൊക്കെ ഗര്‍ഭിണിയായ തമിഴത്തിയെയാണ് എനിക്ക് ഓര്‍മ വന്നത്. എനിക്ക് ചുറ്റുമുള്ള സ്ത്രീകള്‍ ഏതൊക്കെ തരത്തിലാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നു ഞാന്‍ ചിന്തിച്ചു. ഞാന്‍ ആദ്യമായെഴുതിയ കവിത പ്രേതബാധ എന്ന പേരിലായിരുന്നു. ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള സംഭാഷണമായിരുന്നു കവിതയുടെ പ്രമേയം. അതെഴുതാനുണ്ടായ കാരണവും അന്നത്തെ രാത്രി നടന്ന സംഭവമായിരുന്നു. ചേച്ചിയുടെ ശരീരത്തു കയറിയ തമിഴത്തി അത്രമേല്‍ എന്നെ സ്വാധീനിച്ചിരുന്നിരിക്കണം. അവര്‍ എങ്ങനെയാവും മരിച്ചത്? കാല്‍ വഴുതി കുളത്തില്‍ വീണതാവുമോ അല്ലെങ്കില്‍ ആരെങ്കിലും കൊലപ്പെടുത്തിയതാവുമോ എന്ന ചിന്ത എന്നെ വല്ലാതെ പിന്തുടര്‍ന്നിരുന്നു. പിറ്റേ ദിവസവും രാത്രിയില്‍ ചേച്ചിയുടെ ശരീരത്തില്‍ ബാധ കയറിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനായി ഉറങ്ങാതെ കാത്തിരുന്നു. പക്ഷെ അതുണ്ടായില്ല. പിന്നീട് ചേച്ചിയെ ഞാന്‍ മറ്റൊരു അവസ്ഥയില്‍ കാണുന്നത് ഇരുപത്തൊന്നു ദിവസത്തെ വ്രതം കഴിഞ്ഞുള്ള കാവിലെ സര്‍പ്പം തുള്ളലിന്റെ അന്നായിരുന്നു.
(തുടരും)
Content Highlights: remya thuravoor autobiography pathiyatha kalppadukal love and empathy
Published: 08 Oct 2024, 10:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented