സര്‍പ്പംതുള്ളല്‍ നടക്കുന്ന ദിവസം കാവിന്റെ പരിസരത്തു നിന്നും മാസ്മരികമായ ഒരു ഗന്ധം പരക്കുമായിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് നടക്കുന്ന ഗണപതിഹോമം മുതലാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. കാവിന് ചുറ്റും കുരുത്തോലയും പൂമാലയുമൊക്കെ തൂക്കി മനോഹരമാക്കിയിട്ടുണ്ടാവും.

To advertise here,

വിളക്ക് കത്തിച്ചുവച്ച് പ്രാര്‍ഥനകളും നാപജപങ്ങളും കാവില്‍ നിന്നും മുഴങ്ങിക്കേള്‍ക്കാം. ഞങ്ങള്‍ കുട്ടികള്‍ പൂക്കളടര്‍ത്തിയും തുളസിമാല കെട്ടിയും കാവിന്റെ അരികിൽ തന്നെയുണ്ടാവും. ആദ്യം ഭസ്മക്കളമാണ്. അത് കഴിഞ്ഞാണ് കൂട്ടുകളമിടുന്നത്. അതിനായി ഒരുക്കിവച്ചിരിക്കുന്ന പല വര്‍ണത്തിലുള്ള പൊടികള്‍ ഓരോന്നായെടുത്ത കളമിടുന്നത് ഞാന്‍ കണ്ണെടുക്കാതെ നോക്കിയിരിക്കുമായിരുന്നു. ചുറ്റിനും മണ്‍ചെരാതുകള്‍ തെളിഞ്ഞു നില്‍ക്കുന്ന കാവിനു നടുവിലായി പല രൂപത്തിലും ഭാവത്തിലുമുള്ള നാഗങ്ങള്‍ പത്തി വിടര്‍ത്തി നില്‍ക്കുന്നുണ്ട്.

അവര്‍ണനീയമായ ആ ചിത്രത്തിന്റെ ഭംഗിയില്‍ ഞാന്‍ മതിമറന്നു നില്‍ക്കുമായിരുന്നു. പുള്ളോര്‍ക്കുടവും വീണയുടെ പുള്ളുവനും പുള്ളുവത്തിയും സര്‍പ്പക്കളത്തിന്റെ വടക്കു കിഴക്കേ മൂലയില്‍ ഇരിപ്പുറപ്പിക്കും. കുടുംബത്തിലെ കന്യകമാരായ പെണ്‍കുട്ടികളെ പട്ടുടുപ്പിച്ചു കവുങ്ങിന്‍ പൂക്കുല കൈയില്‍ കൊടുത്തുകൊണ്ട് സര്‍പ്പക്കളത്തിനു അഭിമുഖമായി നിര്‍ത്തും. പുള്ളോര്‍ക്കുടവും വീണയും ശബ്ദിക്കാന്‍ തുടങ്ങുകയായി. പുള്ളോം പാട്ട് അവിടെമാകെ മുഴങ്ങി...

''നാഗരാജന്‍ എഴുന്നുളളുന്നു
നാഗമണി പീഠത്തിങ്കല്‍
നാഗയക്ഷി കളിച്ചും തുള്ളി
മുല്ലപ്പന്തലില്‍ എഴുന്നള്ളുന്നു''

മഞ്ഞള്‍പ്പൊടി തൂകിയ നാഗപ്രതിമകള്‍ നിരന്നിരിക്കുന്നത് കണ്ടാല്‍ പത്തിവിടര്‍ത്തിയാടുന്ന സ്വര്‍ണ നാഗങ്ങളാണെന്നേ തോന്നൂ. സര്‍പ്പം പാട്ട്
മുറുകി വരുമ്പോള്‍ ഓരോരുത്തരായി ഇളകാന്‍ തുടങ്ങും നാഗരാജാവും നാഗയക്ഷിയും കരിനാഗവുമെല്ലാം പരകായപ്രവേശം ചെയ്ത ശരീരങ്ങള്‍ ആടിയുലഞ്ഞു സര്‍പ്പക്കളത്തിനു ചുറ്റിനും നിരക്കും. വിചിത്രമായ ശരീരചലനങ്ങളോടെ കാവിനുള്ളില്‍ ഇരുന്നും കിടന്നും
ഇഴഞ്ഞും അവര്‍ ഉറഞ്ഞാടി. കുടുംബക്കാരും നാട്ടുകാരുമെല്ലാം ഭയഭക്തിയോടെ ഉറഞ്ഞു തുള്ളുന്നവര്‍ക്ക് കരിക്കും പനിനീരും നേദിച്ചു. 

നിലവിളക്കുകള്‍ക്കും മണ്‍ചെരാതുകള്‍ക്കും നടുവില്‍ സ്ത്രീകള്‍ നിലത്ത് കിടന്നു സര്‍പ്പം പോലെ പുളഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ്
ഒരു കാഴച്ച എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് ഒരാഴ്ച മുന്‍പ് തമിഴത്തിയായ മുത്തുരത്തിനം ശരീരത്തു കയറിയ ചേച്ചി (അച്ഛന്റെ സഹോദരിയുടെ മകള്‍)ചുരുണ്ടു നീണ്ട തലമുടി അഴിച്ചുലച്ചു ചുവന്നു വിടര്‍ന്ന കണ്ണുകളുമായി വലിയൊരു അലര്‍ച്ചയോടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും കാഞ്ഞിരച്ചുവട്ടിലേയ്ക്ക് പാഞ്ഞെത്തിയത്.

അതിനു ചുറ്റുമായി പിണഞ്ഞുകിടക്കുന്ന കാട്ടുവള്ളികളിലൂടെ മുകളിലേയ്ക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു ചേച്ചി. എന്താണ് നടക്കുന്നതെന്ന് അറിയാതെ ചുറ്റും നിന്നവര്‍ അത്ഭുതത്തോടെ ചേച്ചിയെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു. ആ നിമിഷം സകല ശക്തിയുമെടുത്ത് ചേച്ചി ആ യക്ഷിക്കാഞ്ഞിരത്തിന്റെ താഴത്തെ ചില്ലയില്‍ കയറി ഇരിപ്പുറപ്പിച്ചു. ഉറക്കെ ചിരിച്ചും കരഞ്ഞും അലറിയും മുടിയഴിച്ചിട്ട് തുറിച്ച കണ്ണുകളോടെയുള്ള ഇരിപ്പ് കണ്ടാല്‍ കഥകളില്‍ മാത്രം വായിച്ചിട്ടുള്ള യക്ഷി എന്ന രൂപം ഏതോ ഒരു ലോകത്തു നിന്നും ഇറങ്ങി വന്നിരിക്കുന്നതായേ തോന്നുകയൂള്ളൂ. അതീവ സുന്ദരിയായ ചേച്ചി കാഞ്ഞിരച്ചില്ലയിലിരുന്നുകൊണ്ട് ചിരിക്കുകയും കരയുകയും അലറുകയുമല്ലാതെ
ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ഞാന്‍ മറ്റൊരു സങ്കല്പലോകത്ത് എത്തിപ്പെട്ടതുപോലെയാണ് ആ കാഴ്ച കണ്ടുനിന്നിരുന്നത്. ആ നിമിഷം എനിക്കും ആ കാഞ്ഞിരത്തില്‍ വലിഞ്ഞു കയറാനും ചേച്ചിക്കൊപ്പം ആ ചില്ലയില്‍ ഇരിക്കാനും തോന്നി. യക്ഷി എന്ന സങ്കല്‍പ്പത്തെ അത്രമാത്രം ആരാധിച്ചിരുന്നു ഞാന്‍. 

കാവിനുള്ളില്‍ മുഴങ്ങുന്ന സര്‍പ്പംപാട്ടിനൊപ്പം ശരീരത്തെ ചലിപ്പിച്ചുകൊണ്ട് ചേച്ചി താഴേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. താഴെ നില്‍ക്കുന്നവരുടെ കണ്ണുകളൊക്കെ ചേച്ചിയിലായിരുന്നു. അതിനിടയില്‍ നിലത്തു കിടന്നിഴയുന്ന കരിനാഗവും നാഗരാജാവും ആഞ്ചലമാണി നാഗങ്ങളും അവരുടെ ശരീര ചലനങ്ങളുടെ വേഗതയും ശക്തിയും കൂടിക്കൊണ്ടിരുന്നു. പട്ടും വാളുമേന്തി ദേവി പ്രവേശിച്ച ശരീരവും കാവിനു ചുറ്റുമായി അലഞ്ഞു നടക്കുന്നുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും യക്ഷിക്കാഞ്ഞിരത്തിന്റെ ചില്ലയിലിരിക്കുന്ന ചേച്ചിയുടെ ശരീരത്തിലാരാണെന്ന് കണ്ടെത്താന്‍
കഴിഞ്ഞില്ല. പുള്ളുവനും പുള്ളുവത്തിയും ഗുരുനാഥന്‍ കയറിയ ശരീരമായ കുടുംബത്തിലെ ഒരു കാരണവരും മാറി മാറി ചോദിച്ചിട്ടും ഉറക്കെ കരഞ്ഞുകൊണ്ട് കാഞ്ഞിരച്ചുവട്ടിലേയ്ക്ക് കൈ ചൂണ്ടിയതല്ലാതെ ചേച്ചി ഒന്നും പറഞ്ഞതേയില്ല. കണ്ടുനിന്നവര്‍ക്ക് ഒന്നും തന്നെ മനസ്സിലായതുമില്ല. പക്ഷേ, പഴയ ഓര്‍മയില്‍ നിന്നും അച്ഛനാണ് പറഞ്ഞത്, ''പണ്ട് ഒരു രാത്രിയില്‍ അപ്പൂപ്പന്റെ പിന്നാലെ വന്നൊരു യക്ഷിയാണ് പോകാന്‍ ഇടമില്ലെന്നു പറഞ്ഞപ്പോള്‍ ഒരു നാരായത്തില്‍ ആവാഹിച്ച് കാഞ്ഞിരച്ചുവട്ടില്‍ കുടിയിരുത്തിയതാണ്‌ പോലും!'' ഇത് കേട്ടതോടെ എന്റെ തലച്ചോറില്‍ തലങ്ങും വിലങ്ങും മിന്നലുകള്‍ പാഞ്ഞുനടന്നു. 

പണ്ട് അച്ഛന്റെ പെങ്ങളായ രാധാപ്പച്ചി ഈ യക്ഷിക്കഥ പറയുമ്പോള്‍ അത്ഭുതത്തോടെയും ആകാഷയോടെയും ഞാന്‍ കേട്ടിരുന്നിട്ടുണ്ട്. കാവിന്റെ പരിസരത്തു ആ യക്ഷിയെ കണ്ടിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിച്ചിട്ടുണ്ട്. പല രാത്രികളിലും തെല്ല് ഭയത്തോടെയാണെങ്കിലും ഇരുട്ട് നിറഞ്ഞ ആ കാവിലേയ്ക്ക്‌നോക്കിയിരുന്നിട്ടുണ്ട്. അപ്പൂപ്പന്‍ ആ യക്ഷിയെ കുടിയിരുത്തിയതില്‍ പിന്നെയാണത്രെ ആ ഭീമന്‍ കാഞ്ഞിരം യക്ഷിക്കാഞ്ഞിരമായത്. ഇന്നിപ്പോള്‍ അപ്പൂപ്പന്‍ തളച്ച യക്ഷി മുന്നില്‍ വന്നിരിക്കുന്നു! അതുവരെ കണ്ടിരുന്ന ചേച്ചിയായിരുന്നില്ല അത്. സന്തോഷവും അത്ഭുതവും കൊണ്ട് ഞാന്‍ നിറഞ്ഞു. കണ്ണ് ചിമ്മാതെ ചേച്ചിയെത്തന്നെ നോക്കിയിരുന്നു. ആ കാഞ്ഞിരച്ചുവട്ടില്‍ നിന്നും നാരായം വലിച്ചൂരി ദൂരേയ്ക്ക് വലിച്ചെറിയണമെന്നും, പകരം ആ യക്ഷിയെ എന്റെ മുറിക്കുള്ളില്‍ ഒരു കാഞ്ഞിരം വളര്‍ത്തി അതില്‍ കുടിയിരുത്തണമെന്നും അവരുടെ ലോകം എന്റേത് കൂടിയാക്കണമെന്നും എനിക്ക് തോന്നി.

എന്റെ സങ്കല്‍പ്പങ്ങളുടെ കെട്ടഴിച്ചുവിട്ട് ആ കാവിനു ചുറ്റും ഞാനൊരു ധൂമകേതുവിനെ പോലെ പറന്നു നടന്നു. പുള്ളോര്‍ക്കുടവും പാട്ടും മുറുകി വന്നു. നിലത്തു പത്തി വിടര്‍ത്തി നില്‍ക്കുന്ന സര്‍പ്പക്കളം മായ്ചുകൊണ്ട് ഓരോ നാഗങ്ങളും കളം കൊള്ളുകയാണ്. പലനിറക്കൂട്ടുകള്‍ക്കിടയില്‍ ഉരുണ്ടു പുളയുന്ന സ്ത്രീശരീരങ്ങള്‍ അവരുടെ സ്വാതന്ത്ര്യമാഘോഷിക്കുകയാണ്. വേദനകള്‍ തളംകെട്ടി കിടക്കുന്ന ജീവിതം കുടഞ്ഞെറിഞ്ഞ്
ആ സര്‍പ്പശരീരങ്ങളില്‍ നിന്നും അവരുടെ ജീവിതത്തിന്റെ ചങ്ങലക്കെട്ടുകള്‍ ഓരോന്നായി അഴിഞ്ഞഴിഞ്ഞു സ്വയം ദൈവങ്ങളാവുന്നത് പോലെയാണ് ഓരോ ഉറഞ്ഞാടാലുകളെയും പില്‍ക്കാലത്ത് ഞാന്‍ നോക്കിക്കണ്ടത്. 

എല്ലാ ശരീരങ്ങളില്‍ നിന്നും ഓരോ ദൈവങ്ങളായി ഇറങ്ങിപ്പോയിട്ടും ചേച്ചി മാത്രം ആ യക്ഷിക്കാഞ്ഞിരത്തില്‍നിന്നിറങ്ങിയില്ല. ചിരിച്ചും കരഞ്ഞും അലറിയും അവര്‍ അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അപ്പൂപ്പന്റെ മന്ത്രവിദ്യകള്‍ ചിലത് മാത്രം.കൈവശമുണ്ടായിരുന്ന കുടുംബത്തിലെ മുതിര്‍ന്ന ഒരാള് ഒരു നീളമുള്ള ചൂരലെടുത്ത് ചേച്ചിയിരിക്കുന്ന ചില്ലയുടെ താഴെ ചെന്ന് നിന്ന് ചേച്ചിയുടെ ഉള്ളം കാലില്‍ ശക്തമായി പ്രഹരിച്ചു. ഉറക്കെ അലറിക്കൊണ്ട് ചേച്ചി നിലത്തു വീണു. വീണു കിടക്കുന്ന ചേച്ചിയുടെ പാദത്തിലും തലയിലും തണുത്ത വെള്ളം
ഒഴിച്ച് കൊടുത്തപ്പോള്‍ യക്ഷി മെല്ലെ ശരീരം വിട്ടിറങ്ങി പോയത് ഞാന്‍ അത്ഭുതത്തോടെയാണ് കണ്ടുനിന്നത്. ചേച്ചിയെ ചൂരലുകൊണ്ടടിച്ച ആ മനുഷ്യനോട് എനിക്ക് വല്ലാത്ത അമര്‍ഷം തോന്നി. ആ ഒരൊറ്റ രാത്രികൊണ്ട് ഞാന്‍ ചേച്ചിയുടെ ആരാധികയായി മാറിയിരുന്നു. ചേച്ചിയുടെ കൈവിരലുകള്‍ കോര്‍ത്തു നടക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. ചേച്ചിക്ക് പകരം ഞാന്‍ കണ്ടിരുന്നത് യക്ഷിയെ ആയിരുന്നു. പിന്നീട് ഒരിക്കല്‍പ്പോലും അവരെ ഒരു മനുഷ്യ സ്ത്രീയായി കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.

എന്നോട് കൂടുതലായി കൂട്ടുകൂടാനും മിണ്ടാനും വന്നിരുന്നത് കൊച്ചച്ഛന്റെ രണ്ടു പെണ്മക്കളായിരിന്നു. സുമയും സുമിത്രയും. അവര്‍ക്ക് ഇളയ ഒരു സഹോദരനും കൂടിയുണ്ടായിരുന്നു. എന്റെ അടുത്തു വന്നിരിക്കുകയും സംസാരിക്കുകയും കഥകള്‍ പറഞ്ഞും പാട്ടു പാടിയും അവരെന്നെ സന്തോഷിപ്പിക്കുമായിരുന്നു. കൂട്ടത്തില്‍ ധൈര്യശാലിയും സാമര്‍ഥ്യക്കാരിയും സുമയായിരുന്നു. തടിച്ചുരുണ്ട ശരീരവും വിടര്‍ന്ന കണ്ണുകളുമുള്ള സുന്ദരിയായിരുന്നു അവള്‍. എന്നേക്കാള്‍ ആറു മാസത്തിനു ഇളയവള്‍ സുമയായിരുന്നു. കുട്ടിയായിരുന്നപ്പോഴേ അമ്മ നഷ്ടപ്പെട്ടതിന്റെയും താഴെയുള്ള സഹോദരങ്ങളുടെ രക്ഷകര്‍തൃത്വം ഏറ്റെടുക്കേണ്ടിവന്നതിന്റെ പാകതയും പക്വതയും അവള്‍ക്കുണ്ടായിരുന്നു. അതീവ ബുദ്ധിമതിയായിരുന്നിട്ടും ജീവിത പ്രാരാബ്ധങ്ങള്‍ മൂലം പഠനം പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 

അവളുടെ അമ്മയോളം അവള്‍ മറ്റാരെയും സ്‌നേഹിച്ചിരുന്നില്ല. വളരെ കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ അമ്മയോടൊത്ത് അവള്‍ക്ക് ജീവിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ എങ്കിലും ആ ഓര്‍മകളുടെ കരുത്തിലാണ് ഇന്നും അവള്‍ ജീവിക്കുന്നത്. അതീവ സുന്ദരിയായ അവരുടെ പേര് സുമതിയെന്നായിരുന്നു. കൊച്ചച്ചന്‍ പെരുമ്പാവൂരില്‍നിന്നു സുമതി ചിറ്റയെ കല്യാണം കഴിച്ചു കൊണ്ടുവന്ന അന്ന്മുതല്‍ അമ്മയുടെ കൂട്ടുകാരിയായിരുന്നു ചിറ്റ. ഒരനിയത്തിയോടോ മകളോടോ എന്നപോലെ അമ്മ ചിറ്റയെ സ്‌നേഹിക്കുന്നത് എന്റെ ഓര്‍മയിലുണ്ട്. അമ്മയല്ലാതെ മറ്റൊരു സ്ത്രീ എന്റെ കണ്ണെഴുതിക്കുന്നതും പൊട്ട് തൊടുവിക്കുന്നതും ചിറ്റയായിരുന്നു. അവര്‍ വളരെ അപൂര്‍വമായി മാത്രമേ ചിരിച്ചു ഞാന്‍ കണ്ടിട്ടുള്ളൂ. 

കൊച്ചച്ഛനില്‍നിന്ന് നിരന്തരമായി ഏല്‍ക്കേണ്ടിവന്ന മാനസിക ശാരീരിക ആഘാതങ്ങള്‍ കാരണമാകാം അവര്‍ ജീവിതത്തെവെറുത്തു. മൂന്നാമത്തെ കുട്ടി ജനിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ചിറ്റ കടുത്ത വിഷാദരോഗിയായി തീര്‍ന്നിരുന്നു. ചിറ്റയ്ക്ക് എല്ലാത്തിനോടും ഭയമായിരുന്നു. പലപ്പോഴും അമ്മയോട് മരണത്തെക്കുറിച്ചു മാത്രം സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അവസാനമായി സുമതിച്ചിറ്റ എന്റെ വീട്ടില്‍ വന്നപ്പോള്‍ അമ്മയെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞത് എന്റെ ഓര്‍മയിലുണ്ട്. അമ്മ കൊടുത്ത ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരടര്‍ന്നു പാത്രത്തില്‍ വീണുകൊണ്ടേയിരുന്നു. എന്തിനായിരുന്നു ചിറ്റ കരയുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നെങ്കിലും അവരുടെ
കണ്ണുനീര്‍ എന്നെയും വേദനിപ്പിച്ചിരുന്നു.

ഞങ്ങളോട് യാത്രപറഞ്ഞു തിരികെ പോകുമ്പോള്‍ വീടിന്റെ തെക്കേ തൊട്ടരികില്‍ നിന്ന ഒതളങ്ങ കായ ചിറ്റ കയ്യെത്തിച്ചു പറിച്ചു സാരികൊണ്ട് മറച്ചത് ഞാന്‍ കണ്ടിരുന്നു. അത് വിഷക്കായാണെന്നു എനിക്കറിവില്ലാതിരുന്നതിന്നാല്‍ ഞാനത് അമ്മയോട് പറഞ്ഞതുമില്ല. പിന്നീട് ഞാന്‍ കാണുന്നത് ചിറ്റയുടെ ജീവനറ്റ ശരീരമായിരുന്നു. ഒതളങ്ങ കഴിച്ചാണ് മരണപ്പെട്ടതെന്നു കരച്ചിലിനിടയില്‍ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. മരണശേഷം അച്ഛന്റെറെ കുടുംബവീട്ടിലെ മുറിയില്‍നിന്ന് കിട്ടിയ ആ വിഷക്കായ എന്നിലുണ്ടാക്കിയ ഞെട്ടല്‍ ഇന്നും അതുപോലെതന്നെയുണ്ട്. ഓരോ ഒതളമരം കാണുമ്പോഴും എനിക്ക് ചിറ്റയുടെ നീലിച്ചു മരച്ച മുഖം ഓര്‍മയില്‍ വരും. എന്നെയത് വല്ലാത്ത സങ്കടത്തിലാഴ്ത്തും. അത് വിഷക്കായ ആണെന്ന് അറിയുമായിരുന്നെങ്കില്‍ എന്റെ സഹോദരിമാര്‍ അവരുടെ ജീവിതത്തില്‍ അനുഭവിച്ച അരക്ഷിതാവസ്ഥയും അനാഥത്വവും ഒരുപക്ഷേ, ഉണ്ടാകുമായിരുന്നില്ലെന്നു ഇന്നും ഞാന്‍ വേദനയുടെ ഓര്‍ക്കുന്നു. 

പിന്നീടുള്ള പല രാത്രികളിലും ചിറ്റയുടെ മുഖം എന്നെ പിന്തുടര്‍ന്നു. ജീവിച്ചിരിക്കുന്നവരേക്കാള്‍ മരിച്ചവരുടെ കൂടെ ഞാന്‍ നേരം ചിലവഴിച്ചു. മരിച്ചുപോയ എന്റെ ഇടതുകാലും ജീവിച്ചിരിക്കുന്ന എന്റെ വലതുകാലും പോലെ മരണവും ജീവിതവും എന്നില്‍ ഇഴചേര്‍ന്നു കിടന്നു.