
മൂന്നാഴ്ചത്തെ അവധി കഴിഞ്ഞ് പുതിയ യൂണിറ്റിലേക്കുള്ള പുറപ്പാടായി. എവിടേക്കാണ് പോകേണ്ടത് എന്ന് പോലും കൃത്യമായി അറിയില്ല. ഓഫീസര്‍ ട്രെയിനിങ്ങ് അക്കാദമിയില്‍ നിന്നും കിട്ടിയ ഉത്തരവ് പ്രകാരം ജമ്മുവിലെ 'ട്രാന്‍സിറ്റ് ക്യാമ്പിലാണ്' റിപ്പോര്‍ട്ട് ചെയ്യേണ്ടത്. അവിടെനിന്നും യൂണിറ്റ് ഉള്ള സ്ഥലത്തേക്ക് അയക്കും. ഇതിനിടയില്‍ രണ്ട് സ്റ്റീല്‍ പെട്ടികളുടെ ഉടമസ്ഥനായെങ്കിലും ഒന്ന് വീട്ടില്‍ തന്നെ വിട്ട് ഒരു പെട്ടിയും മറ്റ് സാധനങ്ങളുമായി ജമ്മുവിലേക്കുള്ള വണ്ടി കയറി. കമ്മീഷന്‍ഡ് ഓഫീസര്‍ ആയത് കാരണം ഇനിയങ്ങോട്ട് എ.സി. കോച്ചിലാണ് യാത്രചെയ്യാനുള്ള അധികാരം. ഇന്‍ഫന്ററിയുടെ ഒരു 'ജാക്ക് റൈഫിള്‍സ്' റെജിമെന്റിലേക്കാണ് പോകേണ്ടത്. ജമ്മു ആന്‍ഡ് കശ്മീര്‍ എന്നതിന്റെ ചുരുക്കപേരാണ് ജാക്ക്.
ഇന്ത്യന്‍ ആര്‍മിയില്‍ ഓരോ സ്ഥാനിയക്കാര്‍ മാത്രം ഉള്‍ക്കൊള്ളുന്ന മദ്രാസ്, സിഖ്, ജാട്ട്, കുമയോണ്‍, ഗഡുവാള്‍, രാജപ്പൂത്ത്, ഗൂര്‍ഖ, ആസാമീസ് തുടങ്ങി പല റെജിമെന്റുകള്‍ ഉണ്ട്. അങ്ങനെയുള്ള റെജിമെന്റ്കളില്‍ ഒന്നാണിത്. ജമ്മു കശ്മീറിലെ ആര്‍മി ട്രാന്‍സിറ്റ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മുവിന് മുകളില്‍ യൂണിറ്റുകള്‍ ഉള്ള, എന്റെ കൂടെ ഓഫീസര്‍ ആയ മറ്റ് ചിലര്‍ കൂടി അന്ന് അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവിടെനിന്നും വിദൂരങ്ങളിലുള്ള യൂണിറ്റുകളിലേക്ക് ആര്‍മി ട്രക്കുകള്‍ കോണ്‍വോയ് ആയിട്ടാണ് പോവുക. സിവില്‍ ഡ്രസ് മാറി ആര്‍മി യൂണിഫോം ധരിച്ചു. ഓഫീസര്‍ ട്രെയിനിങ്ങ് അക്കാദമിയില്‍ കമ്മീഷന്‍ എടുത്ത ദിവസം കുറച്ച് സമയം യൂണിഫോം ധരിച്ചിരുന്നു എന്നല്ലാതെ പിന്നീട് ഓഫീസര്‍ യൂണിഫോം ധരിക്കുന്നത് ഇപ്പോഴാണ്. പലഭാഗങ്ങളില്‍ നിന്നുമുള്ള ജവാന്‍മാര്‍, അവരുടെ സല്യൂട്ടുകള്‍. ആ ജീവിതവുമായി പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ. കഴിഞ്ഞ പതിനാറ് വര്‍ഷമായി ഞങ്ങള്‍ സല്യൂട്ട് നല്‍കിയിരുന്ന സുബേദാര്‍ മേജര്‍ റാങ്കിലുള്ളവരെ കണ്ടപ്പോള്‍ പെട്ടെന്ന് വലതു കൈ ഉയരാന്‍ ശ്രമിച്ചെങ്കിലും അവരുടെ സല്യൂട്ട് ഇങ്ങോട്ട് കിട്ടിയപ്പോഴാണ് അതിനു മറുപടി സല്യൂട്ട് നല്‍കിയാണ് ചെയ്യാന്‍ ആരംഭിച്ച ഒരു തെറ്റ് തിരുത്തിയത്. എത്രമാത്രം സ്വയം അഭിമാനം തോന്നിയ നിമിഷമാണ് അത് എന്ന് പറയേണ്ടതില്ലല്ലോ.
Also Read
ജമ്മുവില്‍ നിന്നും ആര്‍മി കോണ്‍വോയ് വഴി ലേയില്‍ എത്തിപ്പെടാന്‍ ഒരാഴ്ചയോളം എടുക്കുമത്രേ. പട്ടാള കഥാപാത്രങ്ങള്‍ ഉള്ള പല മലയാള സിനിമകളിലും ലേ ലഡാക്ക് കഥകള്‍ പറയുന്നുണ്ടെങ്കിലും ആ സ്ഥലങ്ങളെപ്പറ്റി ഒരു വ്യക്തതയില്ലായിരുന്നു. പിന്‍കാലങ്ങളില്‍ ജമ്മുവെന്നും ലഡാക് എന്നും രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ, ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ വടക്കു കിഴക്കന്‍ മേഖലയാണ് ലഡാക്ക് എന്ന് പറയുന്ന സ്ഥലം. ലഡാക്കിലെ ഒരു ജില്ലയാണ് ലേ. റോഡ് മാര്‍ഗമുള്ള യാത്ര വളരെ ദുഷ്‌കരമാണ്. കൂടാതെ തീവ്രവാദികളില്‍ നിന്നുമുള്ള ഭീഷണിയും. ജോജിലാ പാസ് എന്ന മലയോര പാതയിലൂടെയാണ് ലേയിലേക്ക് പോകേണ്ടത്. ശീതകാലങ്ങളില്‍ പലപ്പോഴും മഞ്ഞുവീഴ്ച കാരണം അതുവഴി പോകാന്‍ പറ്റില്ല. അതിര്‍ത്തിയിലെ റോഡുകളുടെയും മറ്റ് നിര്‍മാണ പ്രവര്‍ത്തികളുടെയും ചുമതലയുള്ള 'ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍', വഴി തുറന്നുകൊടുത്താല്‍ മാത്രമേ അതുവഴി പ്രവേശനമുള്ളൂ.
ശീതകാലം കഴിഞ്ഞിരുന്നുവെങ്കിലും അതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തുടങ്ങിയിരുന്നില്ല. മറ്റൊരു വഴി ചണ്ഡീഗഡില്‍ നിന്നും വിമാനമാര്‍ഗം ലേയിലേക്ക് പോവുക എന്നതാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ലേയിലേക്ക് പോകേണ്ടുന്നവരെ ജമ്മുവില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ചണ്ഡീഗഡിലേക്ക് അയച്ചു. മോശം കാലാവസ്ഥ കാരണം ചണ്ഡിഗഡില്‍ നിന്നും ലേയിലേക്കുള്ള വിമാനം രണ്ടുദിവസം കഴിഞ്ഞാണ് പുറപ്പെട്ടത്. ഇന്ത്യന്‍ എയര്‍ഫോഴ്സ് കൈകാര്യം ചെയ്യുന്ന എ.എന്‍. 32 എന്ന ഒരു വിമാനത്തിലാണ് അവിടെ നിന്നും പോകേണ്ടത്. എ.എന്‍. 32 സാധാരണ മറ്റ് വിമാനങ്ങളെ പോലെയല്ല. രണ്ടു വശങ്ങളിലുമായി നീളത്തിലാണ് ഇരിപ്പിടങ്ങള്‍. മധ്യഭാഗങ്ങളില്‍ മുഴുവന്‍ ജവാന്മാരുടെ സാധനങ്ങളും ആര്‍മി യൂണിറ്റുകള്‍ക്ക് ആവശ്യമായ റേഷന്‍ സാമഗ്രികളും മറ്റും സൂക്ഷിക്കുവാനുള്ള ഇടമാണ്.
ആദ്യദിവസം വിമാനത്താവളത്തില്‍ പോയി കാത്തിരുന്നു. കാലാവസ്ഥ മോശമായത് കാരണം അന്ന് വിമാനം പുറപ്പെട്ടില്ല. ആദ്യമായിട്ടാണ് ഒരു വിമാനത്തില്‍ യാത്ര ചെയ്യാന്‍ പോകുന്നത്. അതിന്റേതായ എല്ലാ ഉത്സാഹവും ഉണ്ടായിരുന്നു. രണ്ടാമത്തെ ദിവസം വിമാനം കയറി. വെളുത്ത കാര്‍മേഘങ്ങള്‍ക്കിടയിലൂടെ, വെള്ള പുതപ്പ് പുതച്ച് കിടക്കുന്ന ചെറുതും വലുതുമായ മഞ്ഞുമലകള്‍ താണ്ടി ലേ വിമാനത്താവളം ലക്ഷ്യമാക്കി നമ്മുടെ വിമാനം പറന്നു. ചെറുപ്പത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. വിമാനത്തില്‍ പോകുന്നവര്‍ നമ്മുടെ വീടൊക്കെ കാണുമ്പോള്‍ സോപ്പ് പെട്ടി പോലെയാണ് തോന്നുക എന്ന്. ഇന്ന് ആ അനുഭവത്തിന് സാക്ഷ്യം വഹിക്കുകയാണ്. എനിക്കും പറയാമല്ലോ ലേലഡാക്ക് കഥകള്‍. കുറച്ച് സമയമായി ലേ വിമാനത്താവളത്തിന് മുകളില്‍ നമ്മുടെ വിമാനം വട്ടമിട്ട് പറക്കുകയായിരുന്നു. കാലാവസ്ഥ മോശമായത് കാരണം വിമാനം ഇറങ്ങാന്‍ പറ്റാതെ വീണ്ടും തിരിച്ച് ചണ്ഡിഗഡിലേക്ക് തന്നെ വന്നു. ലേ കണ്ട് തിരിച്ചുവന്നെങ്കിലും വിഷമം ഒന്നും ഉണ്ടായില്ല. സൗജന്യമായി ഒരു വിമാനയാത്ര കൂടിയാണല്ലോ ചെയ്യാന്‍ പോകുന്നത്.
കാലാവസ്ഥ നന്നായി വന്ന ഒരു ദിവസം ലേ വിമാനത്താവളത്തില്‍ ഞാന്‍ എന്റെ പഴയ സ്റ്റീല്‍ പെട്ടിയുമായി ഇറങ്ങി. പെട്ടിക്ക് കൂടി സ്ഥാനക്കയറ്റം കിട്ടിയിരിക്കുകയാണ്. ഇന്നത് ഒരു നായക്കിന്റെ പെട്ടി അല്ല. പെട്ടിക്ക് മുകളില്‍ പേര് വീണുകഴിഞ്ഞു. 'സെക്കന്‍ഡ് ലെഫ്റ്റനന്റ് സുരേന്ദ്രന്‍ എം.കെ.' വിമാനത്താവളത്തില്‍ നിന്നും ലേ ട്രാന്‍സിറ്റ് ക്യാമ്പിലേക്ക് കൊണ്ടുപോയി. അവിടെനിന്നും ജാക്ക് റൈഫിള്‍ റെജിമെന്റിലേക്ക് വിവരം അറിയിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ റെജിമെന്റിന്റെ ഒരു ജീപ്പ് വന്നെത്തി. ഫ്ലാസ്‌കില്‍ ചായയും, ഗ്ലൂക്കോസ് ബിസ്‌കറ്റും, ട്രേയും ഒക്കെയായി ഒരു ജൂനിയര്‍ കമ്മീഷന്‍ ഓഫീസറും, രണ്ട് ജവാന്‍മാരും വന്ന് പുതുതായി യൂണിറ്റിലേക്ക് വന്ന ഓഫീസറെ ഹൃദയപൂര്‍വം സ്വീകരിച്ചു.
മെയ് മാസത്തില്‍ ഇത്രയും വലിയ തണുപ്പ് പ്രതീക്ഷിച്ചിരുന്നില്ല. മുന്‍കരുതലുകള്‍ ഒന്നും കൂടാതെ തന്നെ കണ്ണൂരില്‍ നിന്നും വണ്ടി കയറിയ ഞാന്‍ ഇവിടെ ഇനിയങ്ങോട്ട് എങ്ങനെ ജീവിക്കും. കാര്യങ്ങള്‍ മനസ്സിലാക്കിയ കമാന്‍ഡിങ്ങ് ഓഫീസര്‍ കേണല്‍ സന്ദീപ് സിംഗ് വൈകുന്നേരം ലേ ബസാറിലേക്ക് പോകുമ്പോള്‍ എന്നെ കൂടി വിളിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും സ്ഥലങ്ങളൊക്കെ കാണാനായി കുറച്ചുദിവസത്തേക്ക് അവിടെ വന്നിരുന്നു. അവരുടെ കൂടെ എന്നെയും കൂട്ടി. ചെറിയ ഒരു ബസാര്‍. അവിടത്തുകാരുടെ ഉപജീവനമാര്‍ഗം. സാധനങ്ങള്‍ക്ക് ഡല്‍ഹിയിലോ ചണ്ഡിഗഡിലോ കൊടുക്കേണ്ടതിന്റെ ഇരട്ടിയോളം വില കൊടുക്കണം. അവര്‍ക്ക് അത് അവിടെ എത്തിക്കാന്‍ അത്രയും ബുദ്ധിമുട്ടുണ്ടല്ലോ. കൈയില്‍ ഇടാനുള്ള ഗ്ലൗസ്, ചെവി മറിച്ചുകൊണ്ടുള്ള തലയുറ, ട്രാക്ക് സ്യൂട്ട് തുടങ്ങി തല്‍ക്കാലം തണുപ്പിനെ വെല്ലാനുള്ള കുറച്ച് സാധനങ്ങളൊക്കെ വാങ്ങി. പൊതുവേ എക്സ് എല്ലും, ഡബിള്‍ എക്സ് എല്ലും ധരിച്ചിരുന്ന എനിക്ക് ലാര്‍ജ് സൈസ് ട്രാക്ക് സ്യൂട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പിന്നെ കമാന്‍ഡിങ്ങ് ഓഫീസറിനോടൊപ്പം എസ്.ടി.ഡി. ബൂത്തിലേക്ക് പോയി അവിടെ നിന്നും സുധയുടെ വീട്ടിലുള്ള ലാന്‍ഡ് ലൈനിലേക്ക് ഫോണ്‍ ചെയ്തു.

കുറച്ചുദിവസം മാത്രമേ ഞങ്ങള്‍ ലേയിലുണ്ടായിരുന്നുള്ളൂ. അവിടെനിന്നും അതിര്‍ത്തിയിലേക്ക് പോകാനുള്ള ഉത്തരവായി. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിന്‍ മഞ്ഞുമലകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പാണ് അത്. അതിശൈത്യ മേഖലകളില്‍ ധരിക്കാനുള്ള പ്രത്യേകതരം വസ്ത്രങ്ങള്‍ നല്‍കപ്പെട്ടു. ലേയില്‍ നിന്നും കര്‍ത്തുംഗലാ പാത വഴി പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുള്ള തുര്‍ത്തുക്ക് എന്ന ഒരു ഗ്രാമപ്രദേശത്ത് വന്നെത്തി. ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ള തുര്‍ത്തുക്ക് പ്രദേശം 1971-ലെ യുദ്ധത്തിന് മുമ്പ് പാക്കിസ്ഥാന്റെ കൈവശമായിരുന്നു. ലഡാക്ക് പ്രദേശത്തുകൂടി വന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ഷയോക്ക് നദിയുടെ തീരത്താണ് ഇപ്പോള്‍ ഞങ്ങള്‍ ഉള്ളത്.
അവിടെ താമസം ടെന്റുകള്‍ക്കുള്ളില്‍ തന്നെയാണ്. ഷയോക്ക് നദിയുടെ ഒരു വശത്ത് താമസവും അതിന്റെ മറുവശത്ത് നമ്മുടെ ഓഫീസും മറ്റുകാര്യങ്ങളും. നദിക്ക് മുകളിലൂടെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ കെട്ടിയ ഇരുമ്പ് പാലത്തിലൂടെ കടന്നുപോകുമ്പോള്‍ കുറച്ചു നേരമെങ്കിലും ഒഴുകിക്കൊണ്ടിരിക്കുന്ന നദിയെ നോക്കി നില്‍ക്കുമായിരുന്നു. പ്രകൃതിയില്‍ നിന്ന് ഉത്ഭവിച്ച് പ്രകൃതിയില്‍ തന്നെ അലിഞ്ഞുചേരുന്ന ആ വെള്ളത്തിനുമുണ്ട് അതിന്റേതായ കഥ പറയാന്‍. ഇപ്പോള്‍ ഇവിടെയാണെങ്കില്‍ അടുത്ത മണിക്കൂറില്‍ അത് പാകിസ്ഥാനില്‍ ആയിരിക്കും. അതിനുള്ളിലെ മത്സ്യങ്ങളും, ആകാശത്തുകൂടി പറക്കുന്ന പറവകളും, വീശിക്കൊണ്ടിരിക്കുന്ന തണുത്ത കാറ്റും അതിര്‍ത്തികളില്ലാതെ ചുറ്റിക്കറങ്ങുകയാണ്.
മനുഷ്യര്‍ മനുഷ്യര്‍ക്ക് വേണ്ടി നിര്‍മിച്ച പ്രതിബന്ധങ്ങളും അതിര്‍ത്തികളും നമുക്കുള്ളത് മാത്രം. മൈനസ് താപനിലയില്‍ പല്ലുകള്‍ അന്യോന്യം കൂട്ടിമുട്ടുമ്പോഴും, നിര്‍ത്താതെ വീശുന്ന കാറ്റ് ശരീരത്തില്‍ നിന്നും യൂണിഫോമിനെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമ്പോഴും, ശക്തിയായി ഒഴുകുന്ന നദീജലം ഇരുമ്പ് തൂണുകളില്‍ തട്ടി ഉണ്ടാക്കുന്ന ശബ്ദവും കേട്ടുകൊണ്ട്, ഒഴുക്കിനിടയില്‍ അത് വലിയ കല്ലുകളില്‍ തീര്‍ക്കുന്ന താല്‍ക്കാലിക കലാരൂപങ്ങളും കണ്ടുകൊണ്ട് നില്‍ക്കുക എന്നത് ജീവിതത്തില്‍ മറക്കാന്‍ സാധ്യതയില്ലാത്ത ചില നിമിഷങ്ങളില്‍ ഒന്നായിരുന്നു.
പുതിയ ഓഫീസും പ്രത്യേക ഉത്തരവാദിത്വമുള്ള നിയമനവും തന്നു. ഓഫീസ് സഹായിയായി ഒരു ജവാനെയും നിയമിച്ചു. ഓഫീസ് സംബന്ധമായ ഭരണകാര്യങ്ങള്‍ മനസ്സിലാക്കി എടുക്കാന്‍ ഒന്നും അധികം സമയം വേണ്ടി വന്നില്ല. എന്റെ കാര്യത്തില്‍ വെളിയില്‍ നിന്നും പുതുതായി കമ്മീഷന്‍ എടുത്തുവരുന്ന ഒരു ഓഫീസറിനെ പോലെയല്ല. ആര്‍മിയിലെ ഇത്രയും കാലത്തെ പരിചയംകൊണ്ട് എല്ലാം മനസ്സിലാക്കി കഴിഞ്ഞിരുന്നു. ഇത്രയും കാലം ആര്‍ട്ടിലറിയില്‍ ആയിരുന്നതുകൊണ്ട് ഇന്‍ഫെന്ററിയുടേതായ ചില മാറ്റങ്ങള്‍ മാത്രമേ മനസ്സിലാക്കേണ്ടതുള്ളു. ഓഫീസര്‍മാരുടെ മുന്നില്‍ ഫയലുമായി ഒപ്പ് വാങ്ങിക്കാന്‍ കുറേ പ്രാവശ്യം പോയിട്ടുണ്ട്. ഇന്ന് എന്റെ ഒപ്പ് വാങ്ങിക്കാന്‍ മറ്റുള്ളവര്‍ വരികയാണ്. എഴുത്തുകള്‍ക്ക് അടിയില്‍ വലതുവശത്ത് പതിച്ച സ്റ്റാമ്പിന് മുകളിലായി ആദ്യത്തെ ഒപ്പുവച്ചപ്പോള്‍ അത് ഒരായിരം സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു.
പുതുതായി വരുന്ന ഓഫീസര്‍മാരെ സ്വീകരിക്കുന്നതിനായി ഓഫീസര്‍ മെസ്സില്‍ 'ഡൈനിങ് ഇന്‍' എന്ന ഒരു ചടങ്ങുണ്ട്. വലിയ ടെന്റിനുള്ളില്‍ ചെറിയ രീതിയില്‍ അലങ്കരിച്ചുണ്ടാക്കിയ ഓഫീസര്‍ മെസ്സ്. അതില്‍ എന്നെ ഡൈനിങ് ഇന്‍ ചെയ്യാനായി ക്ഷണിക്കപ്പെട്ടു. കഴിഞ്ഞ 16 വര്‍ഷമായി നോണ്‍ ഡ്രിങ്കര്‍ എന്ന സിദ്ധാന്തവുമായി നടക്കുകയായിരുന്നു. ഓഫീസര്‍ ആയി കഴിഞ്ഞാല്‍ എന്ത് വന്നാലും പാര്‍ട്ടികളില്‍ മദ്യം ഉപയോഗിക്കാതിരിക്കാന്‍ പറ്റില്ല എന്നാണ് പറഞ്ഞുകേട്ടിരുന്നത്. ആ രാത്രിയെ എങ്ങനെ തരണം ചെയ്യണമെന്ന പിരിമുറുക്കത്തില്‍ ആയിരുന്നു ഞാന്‍. ഒരു മാസം മാത്രം ഓഫീസര്‍ സര്‍വീസ് ഉള്ള ഞാന്‍ എങ്ങനെ കമാന്‍ഡിങ് ഓഫീസര്‍ അടക്കമുള്ള സീനിയര്‍ ഓഫീസര്‍മാരെ ധിക്കരിക്കും.
മെസ്സ് വെയ്റ്റര്‍ ഗ്ലാസില്‍ വിസ്‌കിയും ജഗ്ഗില്‍ സോഡയുമായി തന്റെ ട്രേ മുന്നോട്ട് നീട്ടി. എന്റെ തൊട്ടടുത്ത സീനിയര്‍ ഓഫീസര്‍ വിസ്‌കിയില്‍ സോഡ ചേര്‍ത്ത് ഗ്ലാസ് എനിക്ക് നല്‍കി. എല്ലാവരും കൂടി 'ചിയേഴ്സ്' പറഞ്ഞു. ഞാനും ഗ്ലാസ് ചുണ്ടിനോട് അടുപ്പിച്ച് കുടിക്കുന്നത് പോലെയുള്ള അഭിനയം നടത്തി. ഗ്ലാസിലെ വിസ്‌കി കുറേശ്ശെയായി നിലത്ത് വിരിച്ച കാര്‍പെറ്റില്‍ ആരും കാണാതെ ഒഴിച്ചു. മറ്റുള്ളവരോടൊപ്പം ഗ്ലാസ് കാലിയാക്കിയപ്പോള്‍ വീണ്ടും വിസ്‌കി വന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ആരോ പറഞ്ഞു 'നോണ്‍ ഡ്രിങ്കര്‍ എന്ന് പറഞ്ഞിട്ട് നല്ലവണ്ണം കുടിച്ചല്ലോ.' ഞാന്‍ ചിരിക്കുക മാത്രം ചെയ്ത് അതിനുള്ള ഉത്തരം നല്‍കി.

സിയാച്ചിന്‍ ഗ്ലേസിയര്‍ എന്ന മഞ്ഞുമലകളില്‍ ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പായിട്ട് നാട്ടില്‍ ലീവിന് പോയിട്ടു വരാന്‍ കമാന്‍ഡിങ് ഓഫീസര്‍ പറഞ്ഞു. പോകുന്ന വഴി പഴയ യൂണിറ്റുള്ള ജലന്ധര്‍ വഴി പോകാം എന്ന് തീരുമാനിച്ചു. പഴയ ആള്‍ക്കാരെ ഒക്കെ കാണാം, കൂടാതെ അവിടെ വച്ചിരുന്ന സ്‌കൂട്ടര്‍ നാട്ടിലേക്ക് കൊണ്ടുപോകണം. ജലന്ധര്‍ നാട്ടിലേക്കുള്ള പ്രധാന വഴിയില്‍ വരാത്തത് കാരണം റെയില്‍വേ വാറണ്ട് എന്ന ട്രെയിന്‍ യാത്രയ്ക്കുള്ള സൗജന്യ പാസ് അതുവഴി കിട്ടില്ല. ഇപ്പോള്‍ ഉള്ള സ്ഥലത്തിനടുത്തായി തോയ്സ് എന്ന ആര്‍മിയുടെ ഒരു എയര്‍ ബേസ് ഉണ്ട്. അവിടെ നിന്നും ചണ്ഡീഗഡ് വരെ ആര്‍മിയുടെ യാത്രാവിമാനം ഉണ്ട്. ചണ്ഡീഗഡിനുപകരം ജലന്ധറില്‍ നിന്നും കണ്ണൂരിലേക്കുള്ള വാറണ്ട് വാങ്ങി, ജലന്ധര്‍ വരെ ടിക്കറ്റ് എടുത്ത് യാത്രചെയ്തു.
ജവാനായി സര്‍വീസ് ചെയ്ത പഴയ യൂണിറ്റിലേക്ക് ഓഫീസര്‍ ആയിട്ട് ആദ്യമായി പോവുകയാണ്. അതിന്റേതായ ആവേശമുണ്ട്. ഇത് സാധാരണ രീതിയിലുള്ള ഒരു പ്രമോഷന്‍ മാതിരി അല്ല. ഒരു സാധാരണ പോലീസുകാരന്‍ ഐ.പി.എസ്. ഓഫീസര്‍ ആവുന്നതുപോലെയാണിത്. യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും ഓഫീസര്‍ ആണെന്ന് അറിഞ്ഞാല്‍ മറ്റുള്ളവര്‍ സല്യൂട്ട് ചെയ്യും. കണ്ടവരൊക്കെ സല്യൂട്ട് ചെയ്തു. സന്തോഷത്തിന്റെ അലതുള്ളിയ നിമിഷങ്ങള്‍ ആയിരുന്നു അതൊക്കെ. ഞാന്‍ ഓഫീസര്‍ ആയാല്‍ എന്റെ സഹായി ആയിവരും എന്ന് എന്നെ പരിഹസിച്ചിരുന്ന എന്റെ പഴയ രാജസ്ഥാനി ഹവില്‍ദാറിനെ(പേര് പറയുന്നില്ല) ഗേറ്റിനുള്ളില്‍ വഴിയില്‍ തന്നെ കണ്ടുമുട്ടി. ഇപ്പോള്‍ അദ്ദേഹം ജെ.സി.ഒ. ആയി കഴിഞ്ഞു.
'ജയ്ഹിന്ദ് സാബ്.'
അദ്ദേഹം ആര്‍മിയുടേതായ രീതിയില്‍ അഭിസംബോധന ചെയ്തുകൊണ്ട് എനിക്ക് സല്യൂട്ട് നല്‍കി ഹസ്തദാനം ചെയ്തു. ഞാനും ജയ്ഹിന്ദ് പറഞ്ഞു അദ്ദേഹത്തിന് സല്യൂട്ട് തിരിച്ച് നല്‍കി. എന്നെ മുമ്പ് കളിയാക്കിയതിനെ പറ്റി ഞാന്‍ എന്തെങ്കിലും ഒക്കെ പറയും എന്ന് പ്രതീക്ഷിച്ച അദ്ദേഹത്തോട് ഞാന്‍ സുഖവിവരങ്ങള്‍ അന്വേഷിച്ചു. ഞാന്‍ ഒന്നും പറയാതിരുന്നതുകൊണ്ട് തന്നെ അദ്ദേഹം സ്വയം പശ്ചാത്തപിക്കുന്നത് അദ്ദേഹത്തിന്റെ മുഖത്ത് നിന്നും എനിക്ക് മനസ്സിലാക്കാമായിരുന്നു. ഓഫീസ് പരിസരത്തുവെച്ച് സുബേദാര്‍ ചന്ദ്രശേഖരന്‍ സാബിനെ കണ്ടു. എന്റെ ബാറ്ററിയുടെ സീനിയര്‍ ജെ.സി.ഒ. ആണ്.
മലയാളികളോട് സ്നേഹം ഉണ്ടെങ്കിലും അത് ഹിന്ദിക്കാരെ കാണിക്കാതിരിക്കാന്‍ വേണ്ടി ഞങ്ങള്‍ മലയാളികള്‍ക്ക് അദ്ദേഹം പലപ്പോഴും കൂടുതല്‍ പണിഷ്മെന്റ് തരുമായിരുന്നു. അങ്ങനെ പലപ്പോഴും അദ്ദേഹത്തിന്റെ പണിഷ്മെന്റിന് ഇരയായിട്ടുള്ള ഞാന്‍ ഇന്ന് അദ്ദേഹത്തില്‍ നിന്നും ആദ്യത്തെ സല്യൂട്ട് സ്വീകരിച്ചു. ആ ആലിംഗനത്തിനിടയില്‍ ഞങ്ങള്‍ തമ്മില്‍ എന്തൊക്കെയോ പറയാതെ പറഞ്ഞു. ഓഫീസര്‍ മെസ്സില്‍ ഗസ്റ്റ് റൂം അനുവദിക്കപ്പെട്ടു. യൂണിറ്റ് സി.എസ്.ഡി.യില്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഓപ്പറേറ്റര്‍ സേവിയര്‍ ഇന്ന് ഇവിടുത്തെ മെസ്സ് ഹവില്‍ദാര്‍ ആണ്. സഹപ്രവര്‍ത്തകനായിരുന്ന ഒരാളെ ഇന്ന് മെസ്സിന്റെ അതിഥി ആയി സ്വീകരിക്കുന്നതില്‍ സേവിയര്‍ ഒരു അമാന്തവും കാണിച്ചില്ല. ഒരുകാലത്ത് ഭയബഹുമാനത്തോടുകൂടി മാത്രം കണ്ടിരുന്ന ഓഫീസര്‍ മെസ്സ്, ഇന്ന് ഞാന്‍ അവിടെ അതിഥിയായി താമസിക്കുകയാണ്. എന്തൊരു ഗൃഹാതുരത്വം.
കമാന്‍ഡിങ് ഓഫീസര്‍ മാറി പുതിയ ആള്‍ വന്നിരിക്കുന്നു. എന്നെപ്പറ്റി പറഞ്ഞുകേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അദ്ദേഹം എന്നെ ഓഫീസില്‍ വിളിപ്പിച്ചു. കഴിഞ്ഞദിവസം സൈനിക് സമ്മേളന്‍ ആയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു ഒരു ദിവസം മുന്നേ വന്നിരുന്നെങ്കില്‍ സൈനിക സമ്മേളനത്തില്‍ എന്നെ വിളിപ്പിക്കുമായിരുന്നു എന്ന്. വിദ്യാഭ്യാസവും കഴിവും ഉള്ള മറ്റു ജവാന്മാര്‍ക്ക് ഒരു പ്രചോദനം നല്‍കുവാന്‍ വേണ്ടിയായിരുന്നു അദ്ദേഹം അത് പറഞ്ഞത്.
ജലന്ധറില്‍ ഒരു ദിവസം താമസിച്ച് പിറ്റേന്ന് എന്റെ പഴയ നവയുഗ് എക്സ്പ്രസ്സില്‍ സ്‌കൂട്ടര്‍ ബുക്ക്ചെയ്തു അതേ ട്രെയിനില്‍ തന്നെ ഞാനും നാട്ടിലേക്ക് തിരിച്ചു. സ്‌കൂട്ടര്‍ തന്നെ ആഡംബരജീവിതത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്ന കാലമായിരുന്നു അത്. കൂട്ടുകാരുടെ വീട്ടിലും, പണ്ട് കളിച്ചുനടന്ന വണ്ണാത്തി പറമ്പിലും, സുധയുടെ വീട്ടിലുമൊക്കെ സ്‌കൂട്ടറില്‍ തന്നെയായിരുന്നു ആ ചുരുങ്ങിയ ദിവസങ്ങളിലെ യാത്ര. ലീവ് കഴിഞ്ഞ് വന്ന് വീണ്ടും ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി ഗ്രാമമായ തുര്‍തുക്കില്‍ എത്തി. ഇനി സിയാച്ചിന്‍ ഗ്ലേസിയറില്‍ ഉള്ള പോസ്റ്റുകളില്‍ മൂന്നുമാസത്തെ ഡ്യൂട്ടിക്ക് പോകണം. ഒരു വ്യക്തിയെ അവിടെ മൂന്നു മാസത്തില്‍ കൂടുതല്‍ വെക്കാന്‍ പാടില്ല എന്നാണ് നിയമം. അത് അവരെ ശാരീരികമായും മാനസികമായും ബാധിക്കും. സിയാച്ചിന്‍ മഞ്ഞുമലകള്‍ കയറുന്നതിനു മുമ്പ് പല തയാറെടുപ്പുകളും ഉണ്ട്. അതിലൊന്നാണ് സിയാച്ചിന്‍ ബാറ്റല്‍ സ്‌കൂളിലെ ട്രെയിനിങ്ങ്. പലതരത്തിലുള്ള ഐസ് മലകള്‍ കയറാനുള്ള ട്രെയിനിങ്ങ് ആണത്.
പര്‍വ്വതാരോഹണര്‍ക്കുള്ളത് പോലെയുള്ള പരിശീലനം തന്നെ. അതിനായുള്ള പ്രത്യേകതരം ബൂട്ടുകളും മറ്റ് ആയുധങ്ങളും നല്‍കപ്പെട്ടു. സിയാച്ചിനില്‍ ധരിക്കുവാനുള്ള വിവിധതരം ഡ്രസ്സുകളും കിട്ടി. ട്രെയിനിങ്ങ് കഴിഞ്ഞു. ഇനി മലമുകളിലേക്കുള്ള യാത്രയാണ്. ഇപ്പോള്‍ ഉള്ളത് 9000 അടി ഉയരത്തിലാണ്. 18000 അടിക്ക് മുകളിലാണ് പോകേണ്ടത്. അതുകൊണ്ടുതന്നെ കാലാവസ്ഥയുമായിട്ടും, പ്രകൃതിയുമായിട്ടും, അന്തരീക്ഷത്തിലെ പ്രാണവായുമായിട്ടും ഒക്കെ പൊരുത്തപ്പെട്ടുകൊണ്ട് മെല്ലെ മാത്രമേ പോകാന്‍ പറ്റൂ. മുകളിലേക്ക് പോകുന്തോറും തണുപ്പ് കൂടും, ഓക്സിജന്റെ അളവ് കുറയും. അതുമായി ശരീരത്തിനെ രൂപപ്പെടുത്തി കൊണ്ടുവരണം.
മെഡിക്കല്‍ കഴിഞ്ഞു. മേപ്പും കമ്പാസും ഒക്കെയായി ഞങ്ങള്‍ സിയാച്ചിനിലേക്ക് പോകാന്‍ നിയുക്തരായവരെല്ലാംകൂടി നടക്കാന്‍ തുടങ്ങി. ഞങ്ങളുടെ സാധനങ്ങള്‍ വഹിച്ചുകൊണ്ട് അവിടുത്തെ സ്ഥാനീയരായ പോര്‍ട്ടര്‍ എന്ന് പറയപ്പെടുന്ന ചുമട്ടുകാരും അവരുടെ കോവര്‍ കഴുതകളും നമ്മുടെ കൂടെയുണ്ട്. ഇവര്‍ക്കും ഇവരുടെ കോവര്‍ കഴുതകള്‍ക്കും ആര്‍മി വേതനം കൊടുക്കുന്നുണ്ട്. മേപ്പും കംപാസും വെച്ച് സ്ഥലങ്ങള്‍ കണ്ടുപിടിക്കുന്ന പുതുതായി വരുന്ന ഞങ്ങളെപോലെയുള്ളവരെ, സ്ഥിരമായി പോയും വന്നുംകൊണ്ടിരിക്കുന്ന ഈ കോവര്‍ കഴുതകള്‍ ഒരു സംശയവും ഇല്ലാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കും എന്നത് ഉറപ്പാണ്. വഴിയോരങ്ങളില്‍ ചെറിയ ക്യാമ്പുകളില്‍ ഭക്ഷണവും താമസസൗകര്യവും ഉണ്ട്. ഉയരം കൂടുന്നതിനനുസരിച്ച് ചില ക്യാമ്പുകളില്‍ ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ താമസിക്കേണ്ടതുണ്ട്. അവിടേക്ക് വേണ്ട റേഷന്‍ സാമഗ്രികളും ഈ കോവര്‍ കഴുതകള്‍ തന്നെയാണ് എത്തിക്കുന്നത്.
കല്ലുകളും കുന്നുകളും നിറഞ്ഞ മലപ്രദേശങ്ങള്‍ കഴിഞ്ഞു. ചിലരുടെ കൈയില്‍ താഴത്തുനിന്നും പൊട്ടിച്ചെടുത്ത മരക്കൊമ്പുകള്‍ ഊന്നുവടി പോലെ ഇപ്പോഴും സഹായത്തിനുണ്ട്. ഇനിയങ്ങോട്ട് വെളുത്ത മഞ്ഞുമലകള്‍ മാത്രം. ഗ്ലേസിയര്‍ അടുക്കുമ്പോഴേക്കും ജനവാസം തീരെ ഇല്ലാതായി. ഇന്നലെവരെ അത്യാവശ്യം കണ്ടിരുന്ന എണ്ണപ്പെട്ട കൃഷിക്കാരെയോ, ആടുകളെയോ, മരങ്ങളെയോ എന്തിനധികം ഒരു പക്ഷിയെ പോലും ഇന്ന് കാണാന്‍ കഴിഞ്ഞില്ല. എങ്ങ് നോക്കിയാലും ചെറുതും വലുതുമായ വെളുത്ത മഞ്ഞുമലകള്‍ മാത്രം. വെളുത്ത നിറമൊഴിച്ച് ഈ ലോകത്ത് വേറെ നിറമൊന്നുമില്ലേ എന്ന് തോന്നിപ്പോയി. അതിന് വിരോധമായി ആകെ കണ്ടത് ഏതെങ്കിലും യൂണിറ്റിന്റെ മന്ദിറിന് മുകളില്‍ കെട്ടിയ ചുവന്ന കൊടികള്‍ മാത്രമാണ്.

ശ്വാസത്തിനും മാറ്റം വന്നുതുടങ്ങി. ഒരു ശ്വാസതടസ്സം പോലെ. കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതിന്റെ പകുതിപോലും ഇന്ന് നടക്കാന്‍ കഴിഞ്ഞില്ല. തണുപ്പ് അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ പ്രഹരിക്കുകയാണ്. ഇനി എന്തൊക്കെ കാണാനിരിക്കുന്നു. വഴിയോരങ്ങളില്‍ പാക്കിസ്ഥാനെ ലക്ഷ്യംവെച്ചുകൊണ്ട് വിന്യസിച്ചിട്ടുള്ള മീഡിയം ഗണ്ണുകളും ഫീല്‍ഡ് ഗണ്ണുകളും അത്യാവശ്യം ബോഫേഴ്സ് ഗണ്ണുകളും അതില്‍ ജോലി ചെയ്യുന്ന ജവാന്‍മാരും മാത്രം. അതും മുകളില്‍ നിന്ന് നോക്കിയാല്‍ കാണാത്ത വിധത്തില്‍ വെളുത്ത പാരച്യൂട്ടുകൊണ്ട് മറച്ചിരിക്കുകയാണ്.
അങ്ങനെ അഞ്ചോ ആറോ ദിവസത്തിനുശേഷം നമ്മളുടെ ലക്ഷ്യസ്ഥാനം ആയ കിഴക്കന്‍ ഗ്ലേസിയറിലെ രീവാടി കോംപ്ലക്സ് എന്ന സ്ഥലത്തെത്തിയപ്പോള്‍ രാത്രിയായി തുടങ്ങിയിരുന്നു. ശരീരത്തിന് എന്തൊക്കെയോ അസ്വാസ്ഥ്യം തോന്നി. ഇപ്പോള്‍ 16000 അടി ഉയരത്തിലാണ് ഉള്ളത്. താപനില മൈനസ് 20. തണുപ്പ് കാരണം കരിങ്കല്ല് പോലെ ആയിത്തീരുന്ന ചില പച്ചക്കറികളെ, തിളപ്പിച്ച വെള്ളത്തില്‍ കുറേനേരംവെച്ചതിനുശേഷം എടുത്ത് മുറിച്ചുണ്ടാക്കുന്ന കറി, അതിന്റെ യഥാര്‍ത്ഥ സ്വാദില്‍ നിന്നും അങ്ങേയറ്റം മാറിയിരിക്കുന്നു. വിശപ്പടക്കാന്‍ രണ്ടുമൂന്നു ചപ്പാത്തി കഴിച്ചു. താമസസ്ഥലമായ ചെറിയ ഒരു ടെന്റ് കാണിച്ച് തന്നു. മടക്കിവെക്കാന്‍ പറ്റുന്ന ചെറിയ ഇരുമ്പ് പൈപ്പില്‍ തീര്‍ത്ത കട്ടിലുകള്‍. അതില്‍ ഒന്നില്‍ അവിടുത്തെ മെഡിക്കല്‍ ഓഫീസര്‍ ആണ്. മറ്റേത് എനിക്കായി അനുവദിച്ചു.
ബാറ്ററിയില്‍ നിന്നും പ്രകാശം നല്‍കപ്പെട്ട ചെറിയ ഒരു ബള്‍ബ്. അതിന്റെ വെളിച്ചത്തില്‍ തണുപ്പിന്റെ മേല്‍ കോട്ടും, ബൂട്ടും മാത്രം അഴിച്ചുവെച്ച് അതേ ഡ്രസ്സില്‍ തന്നെ 'സ്ലീപ്പിങ് ബാഗിനുള്ളില്‍' കയറി ഉറങ്ങാന്‍ കിടന്നു. ഉറക്കം തീരെ വന്നില്ല. സമുദ്രനിരപ്പില്‍ നിന്നും 16000 അടി ഉയരത്തിലെ ആദ്യത്തെ രാത്രിയാണ്. ഛര്‍ദിക്കാന്‍ വരുന്നതുപോലെ തോന്നിയെങ്കിലും ഛര്‍ദിച്ചില്ല. കുറച്ച് ഉറക്കം വന്നപ്പോഴേക്കും വയറ്റില്‍ വല്ലാത്ത അസ്വസ്ഥത. വയറിനുള്ളില്‍ തിരമാലകള്‍ അടിച്ചുകയറുന്നത് പോലെ. ഇത്രയും വസ്ത്രങ്ങളും സ്ലീപ്പിങ് ബാഗും കടന്ന് അതിന്റെ ശബ്ദം പുറത്തുകേള്‍ക്കാമായിരുന്നു. സമയം എത്രയായി എന്നറിഞ്ഞില്ല. വാച്ചിനുള്ളിലെ മെര്‍ക്കുറി പ്രകാശത്തിന്റെ ശക്തി പോയിരുന്നു. ഇനി തീരെ പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. വയറിളക്കം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ ആയിക്കൊണ്ടിരിക്കുകയാണ്. ശൗചാലയത്തിലേക്ക് പോയേ പറ്റൂ.
ടെന്റിനോട് മുട്ടി തന്നെ പഴയ പാരച്യൂട്ടുകള്‍ കൊണ്ട് മറച്ചുണ്ടാക്കിയ ചെറിയ ശൗചാലയങ്ങള്‍ രാത്രി ഉറങ്ങുന്നതിനുമുമ്പ് കണ്ടിരുന്നു. ഹെലികോപ്റ്ററില്‍ കൊണ്ടുവരുന്ന റേഷന്‍ സാധനസാമഗ്രികള്‍, ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ പറ്റാത്തത് കാരണം, അത് പാരച്യൂട്ടുകള്‍ ഉപയോഗിച്ച് 'എയര്‍ ഡ്രോപ്പ്' ചെയ്യുകയാണ് പതിവ്. ചാക്കുകള്‍ ഒക്കെ പൊട്ടി കുറെ റേഷന്‍ ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തില്‍ നഷ്ടപ്പെട്ട് പോകാറുണ്ട്. അങ്ങനെ റേഷനോടുകൂടി എയര്‍ ഡ്രോപ്പ് ചെയ്യുന്ന പാരച്യൂട്ടുകള്‍ ഇവിടെ സുലഭമാണ്. സ്ലീപ്പിങ് ബാഗിന്റെ ചെയിനുകള്‍ താഴ്ത്തി അതില്‍നിന്നും പുറത്തുവന്നു. കാലില്‍ ബൂട്ടുകള്‍ ധരിച്ച്, തലയും ചെവിയും വേണ്ടതുപോലെ മറച്ച്, തപ്പിത്തടഞ്ഞ് ശൗചാലയം ലക്ഷ്യമാക്കി നടന്നു. ടെന്റിലെ ബള്‍ബിന്റെ സ്വിച്ച് എവിടെയാണെന്ന് അറിയില്ല. അടുത്ത് കിടക്കുന്ന ഡോക്ടറെ വിളിക്കണമോ എന്ന് ചിന്തിച്ചെങ്കിലും പിന്നെ വേണ്ടെന്നുവച്ചു. കാരണം ആ അര്‍ധരാത്രിയില്‍ അത് പലര്‍ക്കും ബുദ്ധിമുട്ടാവും.
അദ്ദേഹം ഹവില്‍ദാര്‍ മേജറിനെ വിളിക്കും, ഹവില്‍ദാര്‍ മേജര്‍ ഒന്ന് രണ്ട് ജവാന്മാരെ വിളിക്കും. അവര്‍ പിന്നെ കോടാലിയും മഴുവുമായി വെളിയില്‍ ചെന്ന് ഐസ് മലകളില്‍ നിന്നും ഐസ് പൊട്ടിച്ചുകൊണ്ടുവന്ന് മണ്ണെണ്ണ സ്റ്റൗവില്‍വെച്ച് തിളപ്പിച്ച് വെള്ളമാക്കി എടുത്ത് കൊണ്ടുവന്ന് എനിക്ക് തരും. അതൊന്നും വേണ്ടെന്നുവെച്ചു. കൂടാതെ അതിനൊന്നും സമയവും ഇല്ലായിരുന്നു. പരന്നുകിടക്കുന്ന വെളുത്ത മഞ്ഞ് മലകളില്‍ നിന്നും വരുന്ന ചെറിയ പ്രകാശത്തില്‍ കാര്യം കഴിഞ്ഞുവെങ്കിലും ഇനി എന്ത് ചെയ്യും. നിവൃത്തിയില്ല ഒരു ദിവസത്തേക്ക് അമേരിക്കക്കാരന്‍ ആയേ പറ്റൂ. പക്ഷേ അതും എളുപ്പമായിരുന്നില്ല. പാരച്യൂട്ടിന്റെ തൂങ്ങിക്കിടക്കുന്ന വശങ്ങളില്‍ നിന്നും കഷണങ്ങള്‍ കീറിയെടുത്ത് ശരീരം വൃത്തിയാക്കി. ബാക്കിയുള്ള ശുചീകരണം ഇനി രാവിലെ നോക്കാം. ഏതായാലും ഇനി വരുന്ന മൂന്നുമാസം ഇങ്ങനെയൊക്കെ ഇവിടെ ജീവിച്ചേ പറ്റൂ. മെയ് മാസമാണ്. നാട്ടില്‍ ഫാനിന്റെ കീഴില്‍ കിടന്നുറങ്ങുന്ന വീട്ടുകാരും കൂട്ടുകാരും ഇതെന്തറിയുന്നു!
ആത്മകഥയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം.
തുടരും
Content Highlights: Lieutenant Colonel Surendran M.K. writes days in Leh Ladakh
Published: 15 Apr 2024, 06:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented