പുതിയ മാറ്റം പഞ്ചാബിലെ ജലന്തറിലേക്കാണ്. രണ്ട് യൂണിറ്റുകള്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്ഥലംമാറ്റമാകുമ്പോള്‍ ഔദ്യോഗികമായി പല കാര്യങ്ങളും ഏറ്റെടുക്കുകയും ഏല്‍പ്പിക്കേണ്ടതുമുണ്ട്. അതിനുവേണ്ടി ഒരു ഓഫീസറുടെ കീഴില്‍ കുറച്ചുപേര്‍ മുന്‍കൂട്ടി പുതിയ സ്ഥലത്തേക്ക് പോകണം. അതിനെ 'അഡ്വാന്‍സ് പാര്‍ട്ടി' എന്നാണ് വിളിക്കാറ്. അതുപോലെ എല്ലാ കാര്യങ്ങളും ഏല്‍പ്പിച്ച് തിരിച്ചുവരുന്നതുവരെ ഒരു പാര്‍ട്ടി പഴയ സ്ഥലത്ത് തന്നെ നില്‍ക്കും. അതിനെ 'റിയര്‍ പാര്‍ട്ടി' എന്നും വിളിക്കും. റെജിമെന്റിലെ പല ഉത്തരവാദപ്പെട്ട ചുമതല വഹിക്കുന്നവര്‍ ആയിരിക്കും ഇവര്‍. അതുകൊണ്ടുതന്നെ ഇതില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ഞാന്‍ എപ്പോഴും ഉണ്ടാവും. 

To advertise here,

ഇത്തവണ അഡ്വാന്‍സ് പാര്‍ട്ടിയിലാണ് ജലന്തറിലേക്ക് വന്നത്. കത്തുവയിലെ അവസാന നാളുകളില്‍ ഞാന്‍ സുധയെയും മകനെയും നാട്ടില്‍ വിട്ടിരുന്നു. ഫാമിലി ക്വാർട്ടറിന്റെ അഭാവംകൊണ്ടുതന്നെ എല്ലാ ജവാന്മാര്‍ക്കും സ്ഥിരമായി ഫാമിലി വെക്കാനുള്ള അവസരം കിട്ടാറുമില്ല. നിര്‍ബന്ധമുള്ളവര്‍ക്ക് വെളിയില്‍ വാടകയ്ക്ക് താമസിക്കാനുള്ള അനുമതി കിട്ടും. കട്ടുവയില്‍ രണ്ടുവര്‍ഷം സര്‍ക്കാര്‍ വകയുള്ള താമസസൗകര്യം ഉപയോഗിച്ചതുകൊണ്ട് തന്നെ ജലന്തറില്‍ എനിക്ക് പുറത്ത് വാടകയ്ക്ക് വീട് എടുക്കേണ്ടിവന്നു. വാടക വീട് റെജിമെന്റിന് പുറത്തുള്ള ഒരു ഗ്രാമത്തില്‍ ആയിരുന്നതുകൊണ്ട് തന്നെ പോകാനും വരാനുമുള്ള സൗകര്യത്തിനായി ഒരു സ്‌കൂട്ടര്‍ വാങ്ങാം എന്ന് തീരുമാനിച്ചു. അങ്ങനെ എന്റെ ആദ്യത്തെ വാഹനമായ ബജാജ് ചേതക്ക് സ്‌കൂട്ടര്‍ ജലന്തറില്‍വെച്ച് വാങ്ങി. അന്ന് ഡ്രൈവിംഗ് പഠിച്ചിരുന്നില്ല. സുഹൃത്തും 'സ്റ്റോര്‍ കീപ്പിംഗ് ടെക്‌നീഷ്യന്‍ ക്ലര്‍ക്കും' ആയിരുന്ന എറണാകുളംകാരന്‍ ഹവില്‍ദാര്‍ സുധീര്‍ ആണ് സ്‌കൂട്ടര്‍ വാങ്ങാന്‍ കൂടെ വന്നതും പിന്നീട് എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചതും.

അടുത്തവര്‍ഷത്തെ ഓഫീസര്‍ ടെസ്റ്റിനുള്ള പേര് വന്നു. ഇതിനിടയില്‍ പെന്‍ഷന്‍ കിട്ടാവുന്ന സേവനമായിക്കഴിഞ്ഞു. ഓഫീസര്‍ ആയില്ലെങ്കില്‍ നേരത്തെ തന്നെ നാട്ടില്‍ പോയി യു.പി.എസ്.സി, പി.എസ്.സി. അല്ലെങ്കില്‍ മറ്റ് പരീക്ഷകള്‍ ഏതെങ്കിലും എഴുതി എന്തെങ്കിലും നല്ല ജോലി നേടണം. ഇത്തവണ എനിക്ക് എസ്.എസ്.ബി. ഇന്റര്‍വ്യൂവിന് വന്നത് സെലക്ഷന്‍ സെന്റര്‍ സൗത്ത് ബെംഗളൂരുവിലാണ്. എയര്‍ഫോഴ്‌സില്‍ ഉള്ള സുഹൃത്ത്  രഘു ഇപ്പോള്‍ ബെംഗളൂരുവിലാണ്. അവന്‍ അവിടെ ഇപ്പോള്‍ കുടുംബസമേതം ആണ് താമസിക്കുന്നത്. രഘുവാണ് നമ്മുടെ കൂട്ടത്തിലെ സാമൂഹിക പ്രവര്‍ത്തകന്‍. കര്‍ണാടക എക്‌സ്പ്രസിന് ബുക്ക് ചെയ്ത് രഘുവിന് കത്തെഴുതി. ഒരു ദിവസം മുന്‍കൂട്ടി പോയി അവന്റെ കൂടെ കഴിയാം എന്ന് കരുതി. 

കുറേ വര്‍ഷത്തിനുശേഷമാണ് രഘുവിനെ കാണുന്നത്. ഞങ്ങള്‍ സര്‍വീസില്‍ ഉള്ളപ്പോള്‍ പരസ്പരം കണ്ടിട്ടുണ്ടെങ്കിലും രണ്ടുപേരും ഒരേസമയത്ത് നാട്ടില്‍ ലീവിന് പോയിട്ട് കുറച്ചുകാലമായി. ഞാന്‍ കത്തുവയില്‍ ഉള്ളപ്പോള്‍ രഘു ഡല്‍ഹിക്ക് അടുത്ത് ഫരീദാബാദ് എന്ന് പറയുന്ന സ്ഥലത്തായിരുന്നു. കട്ടുവയില്‍ നിന്നും ഞാന്‍ ആഗ്രയില്‍ ഒരു ഡ്യൂട്ടിക്ക് പോയപ്പോള്‍ ഫരീദാബാദില്‍ അവനെ കാണാന്‍ അവന്റെ എയര്‍ഫോഴ്‌സ് യൂണിറ്റില്‍ പോയിരുന്നു. ആദ്യമായി ഡല്‍ഹി കറങ്ങിയത് അവന്റെ കൂടെയായിരുന്നു. പിന്നീട് ഞാന്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ എന്നെ കാണാന്‍ അവന്‍ ഡല്‍ഹിയില്‍ എന്റെ യൂണിറ്റില്‍ വരികയും പിന്നീട് അവിടെ നിന്ന് ഞങ്ങള്‍ അവന്റെ പുതിയ യൂണിറ്റ് ആയ ചണ്ഡിഗഡിന് അടുത്ത രാജ്പ്പുര എന്ന സ്ഥലത്ത് പോവുകയും ചെയ്തിരുന്നു.

ഒരു ദിവസം മുന്നേ ബെംഗളൂരുവിൽ എത്തിയ എന്നെ രഘു സ്റ്റേഷനില്‍ വന്ന് കൂട്ടിയിട്ട് അവന്റെ വീട്ടിലേക്ക് പോയി. കുറെ കാലത്തിനുശേഷം കണ്ട ഞങ്ങള്‍, അവന്റെ ഭാര്യ കലയുടെ ഭക്ഷണ സല്‍ക്കാരവും സ്വീകരിച്ചുകൊണ്ട് രാത്രി വൈകുന്നതുവരെ  സംസാരിച്ചിരുന്നു. അടുത്തദിവസം ഇതേസമയം കര്‍ണാടക എക്‌സ്പ്രസ് വരുന്ന സമയത്താണ് എന്റെ  റിപ്പോര്‍ട്ടിംഗ് സമയം. സമയത്തിന്റെ വില നന്നായി അറിയാവുന്ന ഞാന്‍ എല്ലാ കാര്യത്തിലും കൃത്യനിഷ്ഠത പാലിച്ചിരുന്നു. പിറ്റേന്ന് കര്‍ണാടക എക്‌സ്പ്രസിന്റെ സമയം നോക്കി ഞങ്ങള്‍ രഘുവിന്റെ വീട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് തന്നെ വന്നു. പക്ഷേ പലപ്പോഴും താമസിച്ച് മാത്രം ലക്ഷ്യസ്ഥാനത്ത് എത്തുന്ന ട്രെയിന്‍ അന്ന് സമയത്തിന് മുന്‍പായി അവിടെ എത്തി. എസ്.എസ്.ബി. സെന്ററില്‍ നിന്നും വന്ന ബസ് കര്‍ണാടക എക്‌സ്പ്രസ്സില്‍ വന്ന എല്ലാ മത്സരാര്‍ഥികളെയും കൂട്ടി തിരിച്ചുപോയി. ഓഫീസറാകാന്‍ വന്ന എന്റെ പിരിമുറുക്കം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഞങ്ങള്‍ സ്റ്റേഷന് പുറത്തുവന്ന് ഒരു ഓട്ടോറിക്ഷ പിടിച്ചു. ഓട്ടോറിക്ഷയുടെ വേഗതയോടൊപ്പം എന്റെ ഹൃദയമിടിപ്പിന്റെ വേഗതയും വര്‍ധിച്ചു. ചുവപ്പ് കത്തുന്ന 'ട്രാഫിക് ലൈറ്റിന്' മുന്നില്‍ അത് പച്ചയാവാന്‍ വേണ്ടിയുള്ള കാത്തിരിപ്പ്, അത് മണിക്കൂറുകളുടെ ദൈര്‍ഘ്യം തോന്നിപ്പിക്കുന്നതായിരുന്നു. എന്നെ സെലക്ഷന്‍ സെന്റര്‍ സൗത്തിന്റെ ഗേറ്റിന് മുന്നില്‍ ഇറക്കിയിട്ട് ശരിക്ക് യാത്ര പോലും പറയാന്‍ സമയമില്ലാതെ രഘു അവന്റെ വീട്ടിലേക്ക് തിരിച്ചു. 

ഒരു ദിവസം മുന്‍കൂട്ടി വന്നിട്ട് കൂടി താമസിച്ചത് കാരണം ടെസ്റ്റിന് ഹാജരാകാന്‍ വിടില്ലേ എന്ന സംശയം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. കൃത്യനിഷ്ഠത ഇല്ലാത്ത ഒരാളെ ഓഫീസര്‍ ആയിട്ട് ആവശ്യമില്ല എന്ന് പറഞ്ഞാല്‍ പോരേ. ഭാഗ്യത്തിന് അതൊന്നും സംഭവിച്ചില്ല. മറ്റുള്ളവരൊക്കെ എഴുതിക്കൊണ്ടിരുന്നത് പോലുള്ള ഒരു ഫോറം എനിക്കും തന്നു. അടുത്തുണ്ടായിരുന്നത് തലശ്ശേരിക്കാരനായ രാമകൃഷ്ണന്‍ ആയിരുന്നു. ഇപ്പോള്‍ തുടങ്ങിയതേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് കുറച്ച് സമാധാനമായത് ടെസ്റ്റുകള്‍ തുടങ്ങി. എല്ലാം മനശാസ്ത്രപരമായ രീതിയില്‍. 

ഓരോരുത്തരുടേയും ബുദ്ധിശക്തി, നേതൃത്വം, യുക്തിവാദ കഴിവ്, ആവിഷ്‌കാരശക്തി, സാമൂഹിക പൊരുത്തപ്പെടല്‍, ഉത്തരവാദിത്വബോധം, സഹകരണം തുടങ്ങിയ ഒരുപാട് ഗുണങ്ങളുടെ ആഴം അറിയാനുള്ള പരീക്ഷണ രീതികള്‍. ഓരോ 15 സെക്കന്റിലും മാറിമാറി വരുന്ന വാക്കുകള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന വാചകങ്ങള്‍, ഓരോ മൂന്നു മിനിറ്റിലും മാറി വരുന്ന ചിത്രങ്ങളെ ആസ്പദമാക്കി എഴുതുന്ന കഥകള്‍. അതിലൊക്കെ ഞങ്ങളുടെ മനഃശാസ്ത്രം ഒളിച്ചിരിക്കുന്നുണ്ടത്രേ. ഒറ്റയായും കൂട്ടമായും പ്രതിസന്ധികളെ തരണം ചെയ്യുമ്പോള്‍ ഉള്ള ചുമതലാബോധം, ഗ്രൂപ്പ് ചര്‍ച്ചകളില്‍ കാണിക്കുന്ന നേതൃത്വപാടവം, അപ്പോള്‍ തരുന്ന വിഷയത്തെക്കുറിച്ചുള്ള പ്രസംഗം, കായിക മാനസികക്ഷമതാ പരീക്ഷണം, അവസാനം വ്യക്തിഗത അഭിമുഖം. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് അവസാനദിവസം ഫലപ്രഖ്യാപനം.

അധികം പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അലഹബാദില്‍ എല്ലാവരും പുതുക്കക്കാര്‍ ആയിരുന്നതുകൊണ്ട് എനിക്ക് കുറേക്കൂടി ശോഭിക്കാന്‍ കഴിഞ്ഞു. കൂടാതെ കോച്ചിംഗ് കഴിഞ്ഞുവന്ന സമയവുമായിരുന്നു. എന്നിട്ടും തിരഞ്ഞെടുക്കപ്പെട്ടില്ല. ഇവിടെയാണെങ്കില്‍ നാലും അഞ്ചും പ്രാവശ്യം എസ്.എസ്.ബി.ക്ക് ഹാജരായവര്‍. പി.എച്ച്.ഡി. വരെ പഠിച്ച മത്സരാര്‍ഥികള്‍.

അവസാനം ആകാംക്ഷയോടെ കാത്തിരുന്ന ആ സമയം വന്നെത്തി. റിസള്‍ട്ട് അറിയിക്കാനുള്ള ഓഫീസര്‍ കൈയില്‍ പട്ടികയുമായി വന്നു. തെരഞ്ഞെടുക്കപ്പെട്ടവരുടെ ചെസ്റ്റ് നമ്പറുകള്‍ പറയാന്‍ തുടങ്ങി. 'ദ ചെസ്റ്റ് നമ്പേഴ്‌സ് റെക്കമെന്റഡ് ഫോര്‍ ദ ഓഫീസേഴ്‌സ് ആര്‍, നമ്പര്‍ 2,3,5 ആന്‍ഡ് 18.' അറിയാതെ ഒന്നുകൂടി ധരിച്ചിരിക്കുന്ന ചെസ്റ്റ് നമ്പറിലേക്ക് നോക്കി പോയി. അതെ, തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്റെ ചെസ്റ്റ് നമ്പര്‍ 5 കൂടി പറഞ്ഞിരിക്കുന്നു. ജീവിതത്തിലെ ആ ഒരു നിമിഷത്തെ എങ്ങനെ ഇവിടെ എഴുതണം എന്നറിയില്ല. കണ്ണില്‍ ഇരുട്ട് കയറുകയാണോ അതോ പ്രപഞ്ചത്തിലെ എല്ലാ പ്രകാശവും ഒന്നിച്ച് എന്റെ കണ്ണില്‍ വന്ന് നിറയുകയാണോ ചെയ്തത്! കുറച്ച് നേരത്തേക്ക് പിന്നെ അവിടെ പറഞ്ഞതൊന്നും കേട്ടില്ല. നടന്നതൊന്നും കണ്ടില്ല. സന്തോഷംകൊണ്ട് കരഞ്ഞ രണ്ടാമത്തെ സന്ദര്‍ഭം. 

ആദ്യമായി കരഞ്ഞത് അന്ന് കണ്ണൂരില്‍വെച്ച് ആര്‍മിയില്‍ സെലക്ഷന്‍ ആയപ്പോഴായിരുന്നു. ഇന്ന് 16 വര്‍ഷത്തെ പരിശ്രമത്തിനുശേഷം ആ ജവാന്‍ ഓഫീസറായി സെലക്ഷന്‍ ആയിരിക്കുന്നു. എന്റെ പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടെത്തിയിരിക്കുന്നു. ഒരു നിമിഷംകൊണ്ട് എന്തൊക്കെയോ ആയി മാറുകയാണ്. ജീവിതത്തിന്റെ തന്നെ മൊത്തത്തിലുള്ള ഒരു മാറ്റം. ലോകം മുഴുവന്‍ കീഴടക്കി കഴിഞ്ഞ പ്രതീതി. 16 വര്‍ഷത്തെ കഠിന പരിശ്രമത്തിന്റേയും ദൃഢനിശ്ചയത്തിന്റെയും, അര്‍പ്പണ മനോഭാവത്തിന്റെയും, ക്ഷമയുടെയും എല്ലാം പര്യവസാനം. ഇനി മെഡിക്കല്‍ എന്ന കടമ്പ ഉണ്ടെങ്കിലും അത് പ്രശ്‌നമാകുമെന്ന് തോന്നുന്നില്ല. സന്തോഷം പങ്കിടാന്‍ ആരുമില്ല. 

placeholder
ചിത്രീകരണം: ബാലു വി.
ചിത്രീകരണം: ബാലു വി.

സുധ ജലന്തറില്‍ ആണ് ഉള്ളത്. ടെലിഫോണ്‍ ബൂത്തില്‍ പോയി എസ്.ടി.ഡി. ചെയ്യാം എന്ന് കരുതിയാലും അതിന് വീടുകളില്‍ എവിടെയും ടെലിഫോണ്‍ ഇല്ല. ഏതായാലും രണ്ടുദിവസം കഴിഞ്ഞ് ജലന്തറില്‍ എത്തിയാല്‍ സുധയും യൂണിറ്റിലുള്ള മറ്റുള്ളവരും അറിയും. ഇവിടെ ആകെ അറിയിക്കാനുള്ളത് സുഹൃത്ത് രഘുവിനെ മാത്രമാണ്. അവന്‍ വൈകുന്നേരം റെയില്‍വേ സ്റ്റേഷനില്‍ വരും. തിരിച്ചുപോകാനുള്ള റിസര്‍വേഷന്‍ ശരിയാക്കി തന്നത് തന്നെ രഘുവിന്റെ പരിചയത്തിന്റെ മേലെയായിരുന്നു. കൂടാതെ അന്ന് ഹോസൂറില്‍ ജോലി ചെയ്യുകയായിരുന്ന ശശിയും റെയില്‍വേ സ്റ്റേഷനില്‍ വന്നു. കൂട്ടുകാരന്‍ ഓഫീസര്‍ ആകുന്നു എന്ന് അറിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് അവരെന്നെ ഡല്‍ഹിയിലേക്കുള്ള കര്‍ണാടക എക്‌സ്പ്രസില്‍ കയറ്റിവിട്ടു. 

ഡല്‍ഹിയില്‍ നിന്നും മറ്റൊരു ട്രെയിനില്‍ ജലന്തറില്‍ വന്നിറങ്ങി. അവധി കഴിഞ്ഞ് വരുന്ന നമ്മുടെ യൂണിറ്റിലെ ചിലരൊക്കെ അതേ ട്രെയിനില്‍ തന്നെ ഉണ്ടായിരുന്നു. ഓഫീസറിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ടു എന്നും ഇനി മെഡിക്കല്‍ ബാക്കിയുണ്ടെന്നും അവരോട് പറഞ്ഞു. അവര്‍ക്കുവേണ്ടി വന്ന ആര്‍മി വണ്ടിയില്‍ ഞാനും യൂണിറ്റിലേക്ക് തിരിച്ചു. അവര്‍ യൂണിറ്റിലേക്കും ഞാന്‍ നേരെ എന്റെ  വാടക വീട്ടിലേക്കും പോയി. ഞാന്‍ ഒരാഴ്ചയായി വീട്ടില്‍ ഇല്ലാതിരുന്നതുകൊണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാനായി വന്ന സുഹൃത്ത് കെ.വി. സുരേഷും ഭാര്യയും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. എന്റെ വരവ് കണ്ടപ്പോള്‍ തന്നെ എല്ലാവര്‍ക്കും കാര്യം മനസ്സിലായി. എസ്.എസ്.ബി.യില്‍ സെലക്ഷന്‍ ആയ കാര്യം അറിയിച്ചു. അന്യോന്യം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു. സുധ ഒരു ജവാന്റെ ഭാര്യ എന്നതില്‍ നിന്നും ഓഫീസര്‍ ലേഡി എന്ന പദവിയിലേക്ക് ഉയരാന്‍ പോവുകയാണ്. നാലുവയസ്സുള്ള മകന്‍ ശ്രീരാഗിന്, സന്തോഷകരമായ എന്തോ ഒന്ന് നടന്നിട്ടുണ്ട് എന്നല്ലാതെ വേറെ ഒന്നും മനസ്സിലായില്ല. ഒരുവിധത്തില്‍ പറഞ്ഞാല്‍ ഇനി ശരിക്കുള്ള മാറ്റം വരേണ്ടത് അവന്റെ ജീവിതത്തിലാണ്. 
   
പിറ്റേന്ന് രാവിലെ കമാന്‍ഡിങ് ഓഫീസറുടെ ഇന്റര്‍വ്യൂ നടന്നു. ജവാന്മാര്‍ യൂണിറ്റ് വിട്ട്  വെളിയില്‍ പോകുമ്പോഴും വരുമ്പോഴും അദ്ദേഹത്തെ കാണേണ്ടത് നിര്‍ബന്ധമാണ്. സെലക്ഷനായ കാര്യമറിഞ്ഞ് എല്ലാ ഓഫീസര്‍മാര്‍ക്കും സന്തോഷമായി. താല്‍ബട്ടില്‍ നമ്മളെല്ലാം ചേര്‍ന്ന് പടുത്തുയര്‍ത്തിയ ഈ യൂണിറ്റിന്റെ 12 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ജവാന്‍ ഓഫീസര്‍ ആകാന്‍ പോകുന്നത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ റെജിമെന്റിന് തന്നെ വലിയൊരു അഭിമാനവും നേട്ടങ്ങളുടെ പട്ടികയില്‍ പെടുന്നതുമായ കാര്യമാണ്. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ മെഡിക്കല്‍ ചെയ്ത് അയക്കാനുള്ള ഉത്തരവ് വന്നു. ജലന്തര്‍ മിലിറ്ററി ഹോസ്പിറ്റലില്‍ പോയി എല്ലാ വിഭാഗത്തിലുമുള്ള ഡോക്ടര്‍മാരുടെ അഭിപ്രായം രേഖപ്പെടുത്തി അയച്ചുകൊടുക്കണം. ജലന്തര്‍ സ്റ്റേഷനില്‍ നിന്നും ഞങ്ങള്‍ മൂന്നുപേര്‍ ഇതുപോലെ സെലക്ട് ആയിരുന്നു. മറ്റൊരു എയര്‍ ഡിഫന്‍സ് യൂണിറ്റില്‍ ഉണ്ടായിരുന്ന റെജിമെന്റല്‍ ഹവില്‍ദാര്‍ മേജര്‍ റാങ്കിലുള്ള ഗണ്ണര്‍ ഇന്‍സ്ട്രക്ടറും, ഇ.എം.ഇ.യില്‍ നിന്നുള്ള ഒരു ഹവില്‍ദാറും. 

ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ചാണ് മെഡിക്കല്‍ ചെയ്യാന്‍ പോയത്. അതുപോലെ പോയവര്‍ഷം കമ്മീഷന്‍ എടുത്ത് ഇതുപോലെ പുതുതായി വന്ന ഒരു ഓഫീസറിന്റെ വീട്ടില്‍ ഞങ്ങള്‍ പോയി അദ്ദേഹത്തെ കണ്ട് ഉപദേശം തേടി. എല്ലാം ശരിയായാല്‍ ട്രെയിനിങ് തുടങ്ങാന്‍ ഇനിയും രണ്ടു മൂന്ന് മാസമുണ്ട്. അതൊരു വല്ലാത്ത കാലഘട്ടമായിരുന്നു. മാസങ്ങള്‍ കഴിഞ്ഞാല്‍ ഓഫീസര്‍ ആകാന്‍ പോകുന്ന ഒരു ജവാന്‍. അത്യധികം ബഹുമാനവും എന്നാല്‍ ഒരല്പം അസൂയയും നേരിടേണ്ടിവന്ന നാളുകള്‍. ട്രെയിനിങ്ങിന് പോകുന്നത് വരെ എന്നെ പ്രധാന ഓഫീസില്‍ ഡിസ്പാച്ചര്‍ ആയി നിയമിച്ചു. അവസാന ദിവസങ്ങളില്‍ ഞാന്‍ കുറച്ച് അവധിയെടുത്തു. പക്ഷേ യൂണിറ്റിലെ അവസാന ദിവസം എനിക്ക് എല്ലാ അര്‍ത്ഥത്തിലും ഒരു കരിദിനമായിരുന്നു.

തണുപ്പുകാലങ്ങളില്‍ യൂണിറ്റുകളില്‍ കത്തിക്കാന്‍ പ്രത്യേകമായി കല്‍ക്കരി വരും. ആര്‍മിയുടെ സപ്ലൈ ഡിപ്പോയില്‍ പോയി അത് ഞങ്ങള്‍ കൊണ്ടുവരണം. കല്‍ക്കരി ശേഖരണത്തിന് പോയിക്കഴിഞ്ഞാല്‍ ശരീരമാസകലം കല്‍ക്കരി പൊടിയായിരിക്കും. ജവാന്മാരുടെ ജോലികളില്‍ ഏറ്റവും ദുഷ്‌കരമായ ഒന്നായിരുന്നു അത്. ആളുകള്‍ ഇല്ല എന്ന കാരണത്താല്‍, പിറ്റേന്ന് ഓഫീസര്‍ ട്രെയിനിങ്ങിന് പോകേണ്ട എന്നെ കൂടി അന്ന് ആ ജോലിക്ക് നിയമിച്ചു. ഒരിക്കലും മറക്കാത്ത, കരിയില്‍ കുളിച്ച കരിദിനം തന്നെ.

ഓഫീസര്‍ ട്രെയിനിങ് അക്കാദമി ചെന്നൈയിലാണ് ഓഫീസര്‍ ട്രെയിനിങ്. അതിനുമുമ്പ് രണ്ടുമാസം ജബല്‍പൂരില്‍ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ കോഴ്‌സ് ചെയ്യണം. കാരണം ഞാന്‍ ഓഫീസര്‍ ആയിരിക്കുന്നത് ക്വാര്‍ട്ടര്‍ മാസ്റ്റര്‍ എന്ന വിഭാഗത്തിലേക്കാണ്. ഞാന്‍ മുമ്പ് ഈ കോഴ്‌സ് ചെയ്തതാണെങ്കിലും ഓഫീസര്‍ ആകുന്നതിന്റെ മുന്നോടിയായി മറ്റുള്ളവരോടൊപ്പം എനിക്ക് ഇത് വീണ്ടും ചെയ്യേണ്ടതുണ്ട്. പോകാനുള്ള അറിയിപ്പ് വന്നു. കോഴ്‌സിനും ട്രെയിനിങ്ങിനുമായി പോകുന്നതിന് മുന്‍പായി അന്ന് റെജിമെന്റില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും എന്റെ വക മദ്യവും, മദ്യം കഴിക്കാത്തവര്‍ക്ക് ലഡുവും വിതരണം ചെയ്തു. തൊട്ടടുത്ത യൂണിറ്റിന്റെ സുബേദാര്‍ മേജര്‍ മോഹനന്‍ സാബ് സുധയുടെ ഒരു ബന്ധുവായിരുന്നു. ഒരു യൂണിറ്റിലെ ജവാന്‍ റാങ്കിലെ ഏറ്റവും ഉയര്‍ന്ന പദവിയാണ് സുബേദാര്‍ മേജര്‍. 

റെജിമെന്റിന്റെ ഭരണകാര്യങ്ങളില്‍ കമാന്‍ഡിങ് ഓഫീസറെ സഹായിക്കുന്നത് സുബേദാര്‍ മേജര്‍ ആണ്. അദ്ദേഹത്തിന്റെ കൂടെ പോയി ആദ്യമായി ഒരു 'ലോങ്ങ് സ്യൂട്ട്' തൈപ്പിച്ചു. ട്രെയിനിങ്ങ് സമയത്ത് വേണ്ടുന്ന മറ്റ് ഡ്രസ്സുകളും വാങ്ങിച്ചു. സ്‌കൂട്ടര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചു. മറ്റ് സാധനങ്ങളൊക്കെ രണ്ടായി തിരിച്ചു. സുധയുടെ കൂടെ നാട്ടിലേക്ക് വിടേണ്ടതും എന്റെ കൂടെ കൊണ്ടുപോകേണ്ടതും. ആദ്യമായി സുധ പട്ടാളത്തിലേക്ക് വന്ന,  ആഴ്ചയില്‍ ഒരു ദിവസം മാത്രമുള്ള ജമ്മുകശ്മീര്‍ മംഗലാപുരം നവയുഗ് എക്‌സ്പ്രസ്  ട്രെയിന്‍ ജലന്തര്‍ വഴിയാണ് പോകുന്നത്. ആ ട്രെയിനില്‍ തന്നെ സുധയുടെ റിസര്‍വേഷന്‍ കണ്ണൂര്‍ വരേക്കും എന്റേത് ഇറ്റാര്‍സി എന്ന് പറയുന്ന സ്ഥലത്തേക്കും ചെയ്തു. എനിക്ക് ഇറ്റാര്‍സി ഇറങ്ങി അവിടുന്ന് മറ്റൊരു ട്രെയിനിലേക്ക് ജബല്‍പൂരിലേക്ക് പോകണം. സുധ ശ്രീരാഗിനെയും കൂട്ടി നേരെ നാട്ടിലേക്ക് പോയി.

രണ്ട് യൂണിറ്റുകളില്‍ ആയി ഉള്ള 16 കൊല്ലത്തെ ജവാന്‍ ജീവിതത്തിന് തിരശ്ശീല വീഴുകയാണ്. കുറഞ്ഞപക്ഷം ഒന്നിടവിട്ട ദിവസങ്ങളിലെ രാത്രികാലങ്ങളിലെ നാലുമണിക്കൂര്‍ ഉറക്കം ഒഴിഞ്ഞുള്ള നൈറ്റ് ഡ്യൂട്ടിയില്‍ നിന്നും മുക്തമായിരിക്കുന്നു. ഇനി അങ്ങോട്ട് മറ്റൊരു ജീവിതം. അത് കുറെ കണ്ടിട്ടുണ്ട്, പക്ഷെ അനുഭവിച്ചിട്ടില്ല. 16 വര്‍ഷം ഒരൊറ്റ അര്‍പ്പണ മനോഭാവത്തോടുകൂടി പ്രവര്‍ത്തിച്ചതിന്റെ ഫലം. ജബല്‍പൂരില്‍ ആര്‍മിയുടെ 'കോളേജ് ഓഫ് മെറ്റീരിയല്‍ മാനേജ്‌മെന്റ്' എന്ന ഒരു സ്ഥാപനത്തിലാണ് അടുത്ത രണ്ടുമാസത്തെ തൊഴില്‍ സംബന്ധമായ കോഴ്‌സ്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറോളം പേര്‍ അവിടെ എത്തിച്ചേര്‍ന്നു. 

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ തന്നെ ഞങ്ങള്‍ മലയാളികളുടെ ശതമാനം കൂടുതലായിരുന്നു. അതിലും കണ്ണൂര്‍ക്കാരായ ഞങ്ങള്‍ ഏഴ് പേരുണ്ടായിരുന്നു. കണ്ണൂരില്‍ നിന്നുള്ള, ബിരുദം എടുത്തതിനുശേഷം നേരിട്ട് ഹവില്‍ദാര്‍ ക്ലര്‍ക്ക് ആയി ആര്‍മിയില്‍ ചേര്‍ന്ന ഗംഗാധരനും, 'പേഴ്‌സണല്‍ അസിസ്റ്റന്റ്' തസ്തികയിലുണ്ടായിരുന്ന പ്രഭാകരനും,ബെംഗളൂരു  എസ്.എസ്.ബി.യില്‍വെച്ച് എന്റെ കൂടെ തിരഞ്ഞെടുക്കപ്പെട്ട തലശ്ശേരിയിലെ രാമകൃഷ്ണനും, പത്താം ക്ലാസില്‍ ഒരേ സ്‌കൂളില്‍ ഒരേ വര്‍ഷം പഠിച്ച ശിവദാസനും ഒക്കെ പുതിയ കൂട്ടുകാരായി. 

ഞാന്‍ മൂന്നുവര്‍ഷം മുമ്പ് ചെയ്തിരുന്ന ഒരു കോഴ്‌സ് ആയിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. എങ്കിലും അവിടെവെച്ച് എന്നെ വളരെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായി. എല്ലാം കഴിഞ്ഞ് പരീക്ഷാ സമയത്ത് എനിക്ക് തൊട്ടടുത്തിരുന്ന മറ്റൊരാള്‍ എന്നോട് ഉത്തരങ്ങള്‍ ചോദിച്ച് ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ആദ്യം 20 മാര്‍ക്കിന്റെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാത്രമുള്ള ഒരു ചോദ്യപേപ്പര്‍ ആയിരുന്നു. കുറെയൊക്കെ ഞാന്‍ പറഞ്ഞു കൊടുത്തെങ്കിലും അവസാനം ഞാന്‍ ദേഷ്യപ്പെട്ട് അദ്ദേഹത്തോട് 'എന്നെ ഒന്ന് എഴുതാന്‍ സമ്മതിക്കൂ' എന്ന് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന നമ്മുടെ പരീക്ഷ  പരിശോധകനായ ഒരു ക്യാപ്റ്റന്‍ ഞാന്‍ പറയുന്നത് മാത്രമേ കണ്ടുള്ളൂ. അയാള്‍ പകുതി എഴുതിയ എന്റെ പേപ്പര്‍ പിടിച്ചുവാങ്ങി. 

പിന്നെ എന്നെ എഴുതാന്‍ അനുവദിച്ചില്ല. ഞാന്‍ എത്ര പറയാന്‍ നോക്കിയെങ്കിലും എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ക്യാപ്റ്റന്‍ സമ്മതിച്ചില്ല. പരീക്ഷകളെ എന്നും ഉത്സാഹത്തോടുകൂടി മാത്രം കണ്ടിരുന്ന ഞാന്‍ ഇന്ന് ആദ്യമായി ഒരു പരീക്ഷയില്‍ നിന്നും പുറത്താക്കപ്പെടുകയാണ്. മാത്രമല്ല ഞാന്‍ ചെയ്യാത്ത ഒരു തെറ്റിന് മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ അപകീര്‍ത്തിപ്പെടുകയാണ്. 80 ശതമാനത്തിന് മേലെ മാര്‍ക്ക് വാങ്ങി 'എ' റിസള്‍ട്ട് വാങ്ങിയ ഒരു കോഴ്‌സ് ഇന്ന് മറ്റൊരു പേരിലാണ് ചെയ്യുന്നത് എങ്കിലും ഈ ഒരു കാരണത്താല്‍ ഞാന്‍ എത്രമാത്രം  തരംതാഴ്ത്തപ്പെടും എന്ന് ആലോചിച്ച് എന്റെ പിരിമുറുക്കം വല്ലാതെ കൂടി. ആ കാരണംകൊണ്ടുതന്നെ അടുത്ത പേപ്പറും എനിക്ക് നന്നായി എഴുതാന്‍ പറ്റിയില്ല.

ചെന്നൈയിലെ ട്രെയിനിങ്ങ് അധികകാലം നീണ്ടതായിരുന്നില്ല. കാരണം എല്ലാവരും തന്നെ ആര്‍മിയില്‍ വേണ്ടപ്പെട്ട ട്രെയിനിങ്ങ് ചെയ്ത് വന്നവരാണ്. ഓഫീസര്‍ ആകുമ്പോള്‍ ചെയ്യേണ്ട നീതിശാസ്ത്രവും, സംസ്‌കാരരീതിയും ഒക്കെയാണ് പ്രധാനമായും അറിയേണ്ടത്. എങ്കിലും ആര്‍മി ട്രെയിനിങ്ങ് എന്നത് പേരുപോലെതന്നെ കഠിനം തന്നെയാണ്. എല്ലാവര്‍ക്കും ഓരോ സൈക്കിള്‍ നല്‍കപ്പെട്ടു. ബാരക്കില്‍ നിന്നും ട്രെയിനിങ്ങ് സ്ഥലത്തേക്ക് പോകേണ്ടത് സൈക്കിളില്‍ മൂന്നു വരിയായിട്ടാണ്. അച്ചടക്കത്തിന് നിരക്കാത്ത എന്തെങ്കിലും കണ്ടുകഴിഞ്ഞാല്‍ അവിടെവെച്ച് തന്നെ ശിക്ഷ കിട്ടും. ചുണ്ടിന്റെ പകുതി ഭാഗവും മറച്ചിരുന്ന എന്റെ കട്ടി മീശ ഒരു ദിവസം മൈതാനത്ത് വെച്ച് തന്നെ മുറിപ്പിച്ച് പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയിലെ നായകന്റെ മീശ പോലെ ആക്കി. അത് ട്രെയിനിങ്ങ് കഴിയാറായ സമയം ആയതുകൊണ്ട് തന്നെ ഇനി നാട്ടിലേക്ക് പോകാന്‍ അധികം സമയമൊന്നും ഇല്ല.

അതുകൊണ്ടുതന്നെ മീശ ഇനി അങ്ങോട്ട് വളരാനുള്ള സാധ്യതയുമില്ല. മുന്നില്‍ നീട്ടി വളര്‍ത്തിയ മുടിക്കാണെങ്കില്‍ ബാര്‍ബര്‍ മുമ്പേതന്നെ കത്രിക വെച്ചിരുന്നു. എങ്കിലും നമ്മുടെ കൂട്ടത്തിലെ ചിലരോടുള്ള ബഹുമാനം കാരണം നമുക്ക് ട്രെയിനിങ്ങില്‍ കുറച്ചൊക്കെ അയവ് കിട്ടിയിരുന്നു. ഹോക്കിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഒളിമ്പിക്‌സില്‍ പോയിരുന്ന സുബ്രഹ്‌മണ്യനും, കായിക കഴിവുകള്‍കൊണ്ട് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ പേര് വന്ന മഹാരാഷ്ട്രക്കാരനായ സുഭാഷ് ഷാഷനെയും, നാല്പതാം വയസ്സില്‍ കമ്മീഷന്‍ എടുത്ത എജുക്കേഷന്‍ കോറിലെ ബാന്‍ഡ് മാസ്റ്റര്‍ ഗുരങ്ങും അവരില്‍ ചിലര്‍ ആയിരുന്നു.

പരീക്ഷകള്‍ മുഴുവന്‍ പാസായാല്‍ മാത്രമേ കമ്മീഷന്‍ ചെയ്ത് അവധിയോടുകൂടി പുതിയ യൂണിറ്റിലേക്ക് വിടുകയുള്ളൂ. അതുകൊണ്ടുതന്നെ കായികമായി സ്വയം ദുര്‍ബലം എന്ന് തോന്നിയ കാര്യങ്ങളൊക്കെ ഒഴിവുസമയത്ത് പോയി സ്വയം പരിശീലിച്ചു. മുപ്പത്തിയഞ്ചാം വയസ്സിലാണ് ഈ ട്രെയിനിങ്ങ് നടക്കുന്നത് എന്നുകൂടി ഓര്‍ക്കണം. ആ ഇടയ്ക്ക് സുധയുടെ വീട്ടില്‍ ടെലിഫോണ്‍ കിട്ടി. അത് വലിയൊരു ആശ്വാസമായി. ഒറ്റയ്ക്ക് എവിടെ പോകാനും അനുമതി ഇല്ലെങ്കിലും രാവിലെ പി.ടി.ക്ക് വരുന്നതിന് മുമ്പായിട്ട് മെയിന്‍ ഗേറ്റിലുള്ള എസ്.ടി.ഡി. ബൂത്തില്‍ പോയി അവളുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യുമായിരുന്നു.            

ഈ അവസരത്തില്‍ മറ്റൊരു വ്യക്തിയെ ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല. ഞങ്ങളുടെ മോറാഴ യു.പി. സ്‌കൂളില്‍ എനിക്ക് ജൂനിയര്‍ ആയി പഠിച്ച മറ്റൊരു സുരേന്ദ്രന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഇവിടെ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ആയിരുന്നു. എന്റെ നാട്ടിലേക്കുള്ള റിസര്‍വേഷന്റെ കാര്യത്തിലും മറ്റുമായി ഒരുപാട് സഹായിച്ചിട്ടുണ്ട്. സുരേന്ദ്രന്‍ കല്യാണം കഴിച്ചത് എന്റെ വീട്ടിനടുത്തുള്ള ഉഷ എന്ന കുട്ടിയെയായിരുന്നു. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ അറിയുന്നത് സുരേന്ദ്രന്‍ ചെന്നൈയില്‍ വെച്ച് രണ്ട് വര്‍ഷത്തിനുശേഷം ഒരു വാഹനാപകടത്തില്‍ പെട്ട് മരിച്ചുപോയെന്ന്. ഫിലേന്ദ്രനെ പോലെ തന്നെ മൂന്നര വയസ്സുള്ള പെണ്‍കുട്ടിയെയും ഉഷയെയും ഒറ്റക്കാക്കി നാലര വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് എവിടെയോ പോയി മറഞ്ഞ ആ ആത്മാവിനും എന്റെ പ്രണാമം. ഉഷ ഒരു എഴുത്തുകാരി ആണ്. പിന്നീട് അവള്‍ അവളുടെ എഴുത്തിന്റെ ലോകവുമായി തന്റെ മകളുമായി ജീവിച്ചു. ഫിലേന്ദ്രന്റെ ഭാര്യ മിനിക്ക് ആശ്രിതനിയമനം വഴി ജോലി കിട്ടിയിരുന്നെങ്കിലും ഉഷയുടെ കാര്യത്തില്‍ അതുണ്ടായില്ല.

ഓഫീസര്‍ ട്രെയിനിങ് അക്കാദമിയിലെ പരിശീലനം കഴിഞ്ഞ് ആ സുദിനം വന്നെത്തി. പിച്ചള നക്ഷത്രങ്ങള്‍ മിനുക്കിയെടുത്ത് തിളക്കം കൂട്ടിവെച്ചിരിക്കുകയാണ്. നാട്ടില്‍ നിന്നും സുധയും മകനും കൂടാതെ അവളുടെ അച്ഛനും എന്റെ അമ്മയും വന്നിട്ടുണ്ട്. സീനിയര്‍ ഓഫീസര്‍മാരും കുടുംബക്കാരും ഒക്കെ ചേര്‍ന്നാണ് ചുമലില്‍ നക്ഷത്രമണിയിക്കേണ്ടത്. എല്ലാവരുടെയും മുഖത്തെ സന്തോഷം കാണാവുന്നതാണ്. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഉറക്കം വരാതിരിക്കാന്‍ കട്ടന്‍ ചായ ഉണ്ടാക്കിത്തന്നിരുന്ന അമ്മ, ഐ.ടി.ഐ.യില്‍ വെല്‍ഡിങ്ങ് പഠിക്കുമ്പോള്‍ രാത്രി എഴുന്നേറ്റ് കണ്ണ് കഴുകി തന്നിരുന്ന അമ്മ ഇന്ന് എന്റെ ആര്‍മി യൂണിഫോമിന്റെ ചുമലില്‍ നക്ഷത്രം പിടിപ്പിച്ച് എന്നെ ഒരു ഗസറ്റഡ് ഓഫീസര്‍ ആക്കാന്‍ വന്നിരിക്കുകയാണ്. ദാരിദ്ര്യം കാരണം പാതിവഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് പതിനെട്ടാം വയസ്സില്‍ നാടുവിടേണ്ടി വന്ന ഞാന്‍ ഇതിലും വലിയ ഒരു സമ്മാനം അമ്മയ്ക്ക് എന്തുകൊടുക്കാനാണ്. സഹോദരിയുടെ പ്രസവശുശ്രൂഷക്കായി കോയമ്പത്തൂരില്‍ പോയിരുന്നു എന്നല്ലാതെ കേരളംവിട്ട് വേറൊരു സ്ഥലത്ത് അമ്മ പോകുന്നത് ഇത് ആദ്യമായിട്ടാണ്.

ഒരു വശത്ത് അമ്മയും ഒരു വശത്ത് സുധയും റാങ്ക് പിടിപ്പിച്ചു. അങ്ങനെ നായക്ക് സുരേന്ദ്രന്‍ ഇന്നുമുതല്‍ സെക്കന്‍ഡ് ലെഫ്റ്റനന്റ് സുരേന്ദ്രനായി കഴിഞ്ഞു. ചുമലില്‍ കിടന്ന് തിളങ്ങുന്ന നക്ഷത്രങ്ങളിലേക്ക് അറിയാതെ കണ്ണുകള്‍ വീണ്ടും വീണ്ടും പോയിക്കൊണ്ടിരുന്നു. കിട്ടുന്ന സല്യൂട്ടുകള്‍ക്കൊക്കെ മറുപടി സല്യൂട്ട് നല്‍കിക്കൊണ്ട് അക്കാദമിക്കുള്ളിലെ  റോഡുകളിലൂടെ നടക്കുമ്പോള്‍ ഇന്നലെവരെ വിയര്‍പ്പൊഴുക്കിയ അവിടുത്തെ വലിയ മൈതാനവും, ഉയരമുള്ള തൂണുകളില്‍ നിന്നും തൂങ്ങിക്കിടക്കുന്ന തടിച്ച കയറുകളും കുറച്ചുകൂടി ഓഫീസര്‍മാര്‍ക്ക് ജന്മം നല്‍കിയതില്‍ അഭിമാനം കൊള്ളുകയായിരുന്നു. 
കുറച്ച് ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വിട്ടു. അതുകഴിഞ്ഞ് നേരെ പോകേണ്ടത് പുതിയ യൂണിറ്റിലേക്ക് ആണ്. ഒരുവര്‍ഷം ഇന്‍ഫന്ററിയുടെ കൂടെ നിര്‍ബന്ധമായി ജോലി ചെയ്യണം. കുടുംബസമേതം ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. വരുന്ന വഴിയില്‍ കോയമ്പത്തൂരിലുള്ള സഹോദരി സൂരജയുടെ വീട്ടിലും ഒരു ദിവസം തങ്ങി.

ആത്മകഥയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം.

തുടരും