
കട്ടുവയില്‍ ഉണ്ടായിരുന്ന റെജിമെന്റിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഞങ്ങള്‍ കട്ടുവയിലേക്ക് വന്നു. പഠാന്‍കോട്ടിനും ജമ്മുവിനും ഇടയിലുള്ള ഒരു സ്ഥലമാണ് കട്ടുവ. ജമ്മുകശ്മീരിന്റെ ജില്ലകളില്‍ ഒന്നാണ്. ഇതുവരെ സമാധാനമേഖലകളില്‍ മാത്രം പ്രവര്‍ത്തിച്ച റെജിമെന്റ് ആദ്യമായാണ് ഒരു ഓപ്പറേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ജമ്മുകശ്മീരില്‍ ആണെങ്കിലും അധിക പ്രശ്‌നബാധിതമേഖല ആയിരുന്നില്ല. ഞങ്ങള്‍ സ്ഥലം മാറിയാലും അഡ്രസ്സില്‍ സ്ഥലപ്പേര് ഇല്ലാത്തതുകൊണ്ട് ഒരു റെജിമെന്റില്‍ എവിടെയായാലും ഒരേ അഡ്രസ് തന്നെയായിരിക്കും. അതുകൊണ്ട് ഞാന്‍ വരുത്തുന്ന കോമ്പിറ്റേഷന്‍ സക്‌സസ് മാസിക ഒക്കെ കൃത്യമായി കിട്ടുന്നുണ്ട്.
ഞങ്ങള്‍ അവിടെ ജമ്മുകശ്മീരിലെ തീവ്രവാദ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഓപ്പറേഷന്‍ രക്ഷക്കിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. കുറച്ചുകാലം ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദര്‍ എന്നുപറയുന്ന സ്ഥലത്ത് വിന്യസിക്കപ്പെട്ടു. രാത്രികാലങ്ങളില്‍ പട്രോളിങ്ങും അംബുഷും മാത്രമായുള്ള ജീവിതം. കുന്നിനുമുകളില്‍ ഉള്ള ചെറിയ ചെറിയ കുടിലുകളില്‍ അടുത്ത ദിവസത്തെ പ്രഭാതം കാണണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഉറങ്ങാന്‍ കിടക്കുന്ന സ്ഥലവാസികള്‍. സ്വന്തം മകന്‍ പോലും തീവ്രവാദ വിശ്വാസം കൊണ്ടുനടക്കുകയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്ത അച്ഛനമ്മമാര്‍.
Also Read
എവിടുന്നോ വന്ന ആര്‍ക്കൊക്കെയോ, അവരുടെ തോക്കിന്റെ പിന്‍ബലത്തില്‍ ഭക്ഷണം പാകം ചെയ്ത് വിളമ്പി കൊടുക്കേണ്ട ഗതികേടുള്ള അമ്മമാര്‍. രാത്രികാലങ്ങളില്‍ ഇറങ്ങി നടക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത യാന്ത്രിക ജീവിതം. നമ്മുടെ നാട്ടില്‍ രാത്രികാലങ്ങളില്‍ നാടകം കാണാനും ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ കാണാനും ഒക്കെയായി, തനിക്ക് വിശ്രമിക്കാനുള്ള പായയും കക്ഷത്തിലേന്തി പോയിരുന്ന മുത്തശ്ശിമാരെയാണ് ഞാന്‍ ഓര്‍ത്തുപോയത്. ഇവരൊന്നും കാണുകയോ കേള്‍ക്കുകയോപോലും ചെയ്യാത്ത ജീവിതത്തിന്റെ മറ്റൊരുവശം. തിരിച്ചുവരുന്നതിന് കുറച്ചുദിവസം മുമ്പ് ഒരു ഭീകരന്‍ നമ്മുടെ ഒരു ജവാന്റെ തോക്കിന് ഇരയായിട്ടുണ്ടായിരുന്നു.
സുധയെയും മകന്‍ ശ്രീരാഗിനേയും കട്ടുവയിലേക്ക് കൂട്ടി വന്നു. എം.എ.വരെ പഠിച്ചിരുന്നതുകൊണ്ട് അവള്‍ക്കും ജവാന്മാരുടെ ഭാര്യമാര്‍ക്കിടയില്‍ ഒരു നല്ല സ്ഥാനം ഉണ്ടായിരുന്നു. അതിനിടയില്‍ എനിക്ക് അടുത്ത ഒരു കോഴ്‌സുകൂടി വന്നു. അതിന് മധ്യപ്രദേശിലെ ജബല്‍പൂര്‍ എന്ന് പറയുന്ന സ്ഥലത്തേക്കാണ് പോകേണ്ടത്. താല്‍ബട്ടില്‍ ഉള്ളപ്പോള്‍ പുതിയ ഗണ്ണുകള്‍ കൊണ്ടുവരാന്‍ വേണ്ടി അവിടെ പോയിരുന്നു. പുതിയ കോഴ്‌സിന്റെ പേര് 'ക്വാര്‍ട്ടര്‍ മാസ്റ്റര്‍ കോഴ്‌സ്' എന്നാണ്. ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരു കോഴ്‌സ് തന്നെയായിരുന്നു ഇത്. കാരണം ഇതിലൂടെ 'ക്വാര്‍ട്ടര്‍ മാസ്റ്റര്‍' എന്ന ഓഫീസര്‍ ആകാന്‍ കുറച്ചുകൂടി എളുപ്പമാകും.
ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, റേഷന്‍, ക്ലോത്തിങ്ങ്, രാസവസ്തുക്കള്‍ തുടങ്ങിയ സാധനസാമഗ്രികള്‍ കൈകാര്യംചെയ്യാനും അതിന്റെ പരിപാലനവും ഒക്കെയാണ് ഈ കോഴ്‌സില്‍ പഠിപ്പിക്കുക. ഇത്തവണ സുധയെ അവിടെ തന്നെ വിടാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഏതായാലും കൂട്ടിന് ഒരാളുണ്ടല്ലോ. അല്ലെങ്കിലും ആര്‍മിയില്‍ ജവാന്‍ കൂടെയില്ലെങ്കില്‍ അവരുടെ കുടുംബത്തെ മറ്റുള്ളവര്‍ നല്ലവണ്ണം പരിപാലിക്കും എന്നതുകൊണ്ട് ഒന്നുംതന്നെ പേടിക്കാനില്ല.
ഇവിടെയും കോഴ്‌സില്‍ നല്ലവണ്ണം അധ്വാനിച്ചു. ഞായറാഴ്ചകളില്‍ പുറത്ത് സ്ഥലങ്ങള്‍ ഒക്കെ കാണാന്‍ പോകുമായിരുന്നു. വെളുത്ത മാര്‍ബിള്‍ കുന്നുകള്‍ക്ക് പ്രശസ്തമായ ബേടാഘട്ട് എന്ന് പറയുന്ന സ്ഥലവും അവിടുത്തെ പുകപോലെ തോന്നിക്കുന്നത് കാരണം ധുവാധര്‍ എന്ന പേര് വന്ന വെള്ളച്ചാട്ടവും ഒക്കെ കണ്ടു. മാര്‍ബിളില്‍ കൊത്തിയെടുത്ത ചില പ്രതിമകളും വാങ്ങി. കോഴ്‌സ് കഴിഞ്ഞ് യൂണിറ്റിലേക്ക് തിരിച്ചുവന്നു. അവിടുത്തെ റിസള്‍ട്ട് പിന്നീടാണ് അറിയിക്കുക.
ഒരു ദിവസം ഉച്ചയ്ക്ക് ഓഫീസ് പരിസരത്തുകൂടി പോകുമ്പോള്‍ മേജര്‍ യാദവ് വിളിച്ചു. 'കണ്‍ഗ്രാജുലേഷന്‍സ് എം.കെ., വണ്‍സ് എഗൈന്‍ യു ഗോട്ട് എ'. എന്റെ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വന്ന ദിവസമായിരുന്നു. ഇതിലും എനിക്ക് 'എ' കിട്ടിയിരിക്കുന്നു. ഈ കോഴ്‌സില്‍ ടീച്ചിംഗ് പ്രാക്ടീസ് ഇല്ലാത്തതുകൊണ്ട് റിസള്‍ട്ട് ഒരു കാറ്റഗറിയില്‍ മാത്രമേ ഉള്ളൂ. വീണ്ടും അഭിനന്ദനങ്ങള്‍. സൈനിക് സമ്മേളനത്തില്‍ സമ്മാനം. നേട്ടക്കാരുടെ പട്ടിക എഴുതിച്ചേര്‍ത്ത പഴയ ബോര്‍ഡില്‍ എന്റെ പേരിന് മുന്നില്‍ ഒരു 'എ' കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു.
കോഴ്‌സുകളിലൊക്കെ നന്നായി ചെയ്യുന്നു എന്ന് കണ്ടപ്പോള്‍ എന്നെ കമാന്‍ഡിങ് ഓഫീസര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് വിളിപ്പിച്ചു. സീനിയര്‍ ഓഫീസര്‍ ജവാന്‍മാരെ ഓഫീസില്‍ ഔദ്യോഗികമായി വിളിപ്പിക്കുന്നതിന് ഇന്റര്‍വ്യൂ എന്നാണ് പറയാറ്. സ്‌കൂള്‍ ഓഫ് ആര്‍ട്ടിലറി ദേവലാലിയില്‍ നടക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള 'അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ഗണ്ണറി' എന്ന കോഴ്‌സിന് ഉള്ള പ്രവേശനപരീക്ഷയ്ക്ക് വേണ്ടി തയാറാകാന്‍ എന്നോട് പറഞ്ഞു. അതൊരു അഭിമാനകരമായ കോഴ്‌സ് ആണ് എന്നതിലുപരി അതിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ റെജിമെന്റല്‍ ഹവില്‍ദാര്‍ മേജര്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെടും.
ശമ്പളത്തിനും വലിയ വ്യത്യാസം ഉണ്ടാകും. ഡല്‍ഹിയിലുള്ളപ്പോള്‍ ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരു കോഴ്‌സ് ആയിരുന്നു ഇത്. കാരണം യൂണിറ്റ് ഇന്‍സ്ട്രക്ടര്‍ കോഴ്‌സില്‍ 'എ.എക്‌സ്' റിസള്‍ട്ട് വാങ്ങി വരുന്നവരെയൊക്കെ ഈ കോഴ്‌സിന് വിടാറുണ്ട്. പക്ഷേ എന്റെ കാര്യത്തില്‍ അത് ഉണ്ടായിരുന്നില്ല. കാരണം ഇതിന് പോകാന്‍ കുറഞ്ഞപക്ഷം ജവാന്മാരുടെ മൂന്നാമത്തെ റാങ്ക് ആയ ഹവില്‍ദാര്‍ റാങ്ക് ഉണ്ടായിരിക്കണം. അതുപോലെ യൂണിറ്റ് ഇന്‍സ്ട്രക്ടര്‍ കോഴ്‌സ് ചെയ്യാന്‍ രണ്ടാമത്തെ റാങ്ക് ആയ നായക്ക് വേണം. ഞാന്‍ അന്ന് ലാന്‍സ് നായക്ക് മാത്രമായിരുന്നു.
സീനിയോറിറ്റിയില്‍ വരാത്തവര്‍ക്ക് ശമ്പളമില്ലാത്ത താല്‍ക്കാലിക റാങ്ക് കൊടുക്കാനുള്ള അധികാരം കമാന്‍ഡിങ് ഓഫീസര്‍ക്ക് ഉണ്ട്. അങ്ങനെയാണ് എന്നെ താല്‍ക്കാലിക നായക്ക് ആക്കിയിട്ട് കോഴ്‌സിന് വിട്ടിരുന്നത്. എന്നാല്‍ ഗണ്ണറി കോഴ്‌സ് ചെയ്യാന്‍ കുറഞ്ഞപക്ഷം താല്‍ക്കാലിക ഹവില്‍ദാര്‍ എങ്കിലും ആയിരിക്കണം. അതുകൊണ്ടുതന്നെ എന്നെ ഒന്നാമത്തെ റാങ്കില്‍ നിന്നും മൂന്നാമത്തെ റാങ്ക് നല്‍കാന്‍ അന്നത്തെ കമാന്‍ഡിങ് ഓഫീസര്‍ തയാറായിരുന്നില്ല. ഇന്ന് ഞാന്‍ ശരിക്കുമുള്ള നായക്ക് ആണ്. അതുകൊണ്ട് ഹവില്‍ദാര്‍ റാങ്ക് നല്‍കി കോഴ്‌സിന് വിടാം എന്നാണ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ഹര്‍മീന്ദര്‍ സിംഗ് ഉദ്ദേശിച്ചത്. എനിക്ക് ഈ കോഴ്‌സ് ചെയ്യാന്‍ ഇപ്പോള്‍ താല്പര്യമില്ലെന്ന് ഞാന്‍ അദ്ദേഹത്തിനെ അറിയിച്ചു. ഞാന്‍ പോകണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.

'സര്‍, ഞാന്‍ ഫസ്റ്റ് വന്ന ക്ലാസ്സില്‍ എന്നെക്കാള്‍ കുറഞ്ഞ ഗ്രേഡിങ് വാങ്ങിയ ആള്‍ ഇന്ന് ദേവലാലില്‍ ഇന്‍സ്ട്രക്ടര്‍ ആണ്. നൗ ഐ ഡോണ്ട് വാണ്ട് ടു സ്റ്റഡി അണ്ടര്‍ ഹിം.' അദ്ദേഹത്തിന്റെ കീഴില്‍ എനിക്ക് പഠിക്കാന്‍ പറ്റില്ല എന്ന്, വികാരത്തിന് അടിമയായ ഞാന്‍ കമാന്‍ഡിങ് ഓഫീസറോട് ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു. എന്റെ മറുപടികേട്ട് ഇന്റര്‍വ്യൂവില്‍ കൂടെ ഉണ്ടായിരുന്ന സുബേദാര്‍ മേജര്‍ ആശ്ചര്യപ്പെട്ടു. കമാന്‍ഡിങ് ഓഫീസറോട് ഇംഗ്ലീഷില്‍ പറയാന്‍ ജവാന്മാര്‍ ധൈര്യപ്പെടാറില്ല. എന്റെ ഇംഗ്ലീഷിലുള്ള മറുപടി കേട്ടിട്ടോ, അദ്ദേഹം പറഞ്ഞത് അനുസരിക്കാതിരുന്നതുകൊണ്ടോ എന്തോ കേണല്‍ ഹര്‍മീന്ദര്‍ സിംഗിനും അത് അത്ര ഇഷ്ടമായില്ല. പക്ഷേ കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം എന്നെ എന്റെ ഇഷ്ടത്തിന് വിട്ടു.
അതിനിടയില്‍ ദുഃഖകരമായ മറ്റൊരു സംഭവം ഉണ്ടായി. ഞങ്ങള്‍ കുടുംബമായി താമസിക്കുന്നവര്‍ തമ്മില്‍ ഒരു പ്രത്യേക അടുപ്പം ഉണ്ടായിരിക്കും. പ്രത്യേകിച്ച് മലയാളികള്‍ ആകുമ്പോള്‍. അങ്ങനെ ഞാന്‍ താമസിക്കുന്ന വീടിനുമുന്നില്‍ ഫാമിലിവെച്ചിരുന്ന ഒരു മലപ്പുറംകാരനായ ഫിലേന്ദ്രന്‍ ഉണ്ടായിരുന്നു. അവന്റെ ഭാര്യ മിനി. മിനിയെ കൂട്ടി വരുമ്പോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു. പിന്നീട് അവര്‍ നാട്ടില്‍ പോയി, അവര്‍ക്ക് ഒരു മകന്‍ ജനിച്ചതിനുശേഷം വീണ്ടും കട്ടുവയിലേക്ക് വന്നു. ഒരു ദിവസം ഫിലേന്ദ്രന്‍ 'മേപ്പ് റീഡിങ്ങ്' എന്ന ക്ലാസ്സ് കഴിഞ്ഞ് ആര്‍മിയുടെ വാഹനത്തില്‍ തിരിച്ചുവരികയായിരുന്നു. എതിരെ വന്ന മറ്റൊരു ആര്‍മി വാഹനവുമായി ഫിലേന്ദ്രന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും അപകടത്തില്‍ ഫിലേന്ദ്രനെ നഷ്ടപ്പെടുകയും ചെയ്തു.
മലപ്പുറക്കാരനും അവന്റെ കൂട്ടുകാരനുമായിരുന്ന കെ.വി. സുരേഷിനെ അന്ന് അവന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. ഒരു വയസ്സുള്ള കുട്ടിയുമായി, ഉച്ചഭക്ഷണം തയാറാക്കി അവരെ കാത്തിരിക്കുകയായിരുന്ന മിനിക്ക് അതൊരു പ്രഹരമായിരുന്നു. കേരളംവിട്ട് ജമ്മുകശ്മീരില്‍ എത്തി, മൂന്നുവര്‍ഷം പോലും ഒന്നിച്ച് ജീവിക്കുന്നതിന് മുമ്പായി തന്റെ പ്രിയതമനെ തട്ടിയെടുത്ത ആ വിധിക്ക് മുന്നില്‍ മിനിയോടൊപ്പം ഞങ്ങള്‍ മലയാളികളും നിസ്സഹായകരായി നില്‍ക്കേണ്ടി വന്നു. ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിച്ച മിനി അന്ന് ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ തന്നെ ഒരു കുഞ്ഞിന്റെ അമ്മയും വിധവയും ആയി കഴിഞ്ഞു. ഭൗതികശരീരം വീട്ടില്‍ എത്തിക്കുക എന്നത് അക്കാലങ്ങളില്‍ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. വീട്ടില്‍ നിന്നും അവന്റെ അച്ഛനും അമ്മാവനും ഒക്കെ വന്ന് അവിടെത്തന്നെ ശവസംസ്‌കാരം നടത്തി തിരിച്ചുപോയി. പിന്നീട് മിനിയെ മലയാളികളായ ഹവില്‍ദാര്‍ സുധീറും, ഓപ്പറേറ്റര്‍ അനിലും ചേര്‍ന്ന് അവരുടെ എല്ലാ സാധനങ്ങളുമായി നാട്ടില്‍ കൊണ്ടുവിടുകയായിരുന്നു.
കട്ടുവയിലെ കഥ പറയുമ്പോള്‍ നമ്മുടെ 'ഷേരു' എന്ന റെജിമെന്റിന്റെ ദത്തുപുത്രനെ പറ്റി പറയാതിരിക്കാന്‍ പറ്റില്ല. യൂണിഫോം പോലുമില്ലാതെ ആരുടെയും അനുമതി ഇല്ലാതെ തന്നെ ഏതുസമയത്തും എവിടെയും കടന്ന് ചെല്ലാന്‍ അവകാശമുണ്ടായിരുന്നത് ഷേറുവിനു മാത്രമായിരുന്നു. തെറ്റിദ്ധരിക്കേണ്ട. ഷേരുജവാന്‍ ഒന്നുമല്ല, ഒരു നീല്‍ഗായി ആണ്. കാണാന്‍ പശുവിനെ പോലെ ആണെങ്കിലും ഇത് മാന്‍വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയാണ്. റെജിമെന്റ് ഇതിനുമുമ്പ് ഡല്‍ഹിയില്‍ ഉള്ളപ്പോള്‍ രാജസ്ഥാനില്‍ ഫയറിങ്ങിന് പോയ സമയത്ത് കിട്ടിയതാണ്. രാജസ്ഥാനില്‍ ഫയറിങ്ങിനും ക്യാമ്പിനുമായിട്ട് കുറെ ആര്‍ട്ടിലറി യൂണിറ്റുകള്‍ ഇടയ്ക്കിടയ്ക്ക് പോകും. അവര്‍ക്ക് വേണ്ടുന്ന റേഷന്‍ നല്‍കേണ്ടത് അവിടുത്തെ സപ്ലൈ യൂണിറ്റുകളാണ്. സപ്ലൈ യൂണിറ്റില്‍ നിന്നും പാല് വാങ്ങാന്‍വേണ്ടി അതിരാവിലെ പോകണം.
ഞങ്ങളുടെ യൂണിറ്റിലേക്ക് വേണ്ടുന്ന റേഷന്‍ കൊണ്ടുവരേണ്ടതും വിതരണം ചെയ്യേണ്ടതിനുമൊക്കെയുള്ള ഉത്തരവാദിത്വം മലയാളിയായ സുബേദാര്‍ നായര്‍ സാബിന് ആയിരുന്നു. നേരം വെളുക്കുന്നതിന് മുമ്പുതന്നെ ഒരു ദിവസം സപ്ലൈയില്‍ നിന്നും പാല് വാങ്ങി വരുന്ന വഴിയില്‍ റോഡരികില്‍ ഒരു നീല്‍ഗായി കുഞ്ഞ് അപകടാവസ്ഥയില്‍ കിടക്കുന്നത് കണ്ടു. ചിലപ്പോള്‍ ഏതെങ്കിലും ആര്‍മി വണ്ടിക്ക് മുട്ടിയതായിരിക്കാം. അങ്ങനെ ചിലപ്പോള്‍ വണ്ടിക്കടിയില്‍ പെടുന്ന മാനുകളെയൊക്കെ പലപ്പോഴും റെജിമെന്റില്‍ കൊണ്ടുവന്നിട്ട് അതിന്റെ മാംസം പാകംചെയ്ത് കഴിച്ചിട്ടുണ്ട്.
കൂടുതല്‍ പരിക്കുകള്‍ ഇല്ലാതിരുന്ന നീല്‍ഗായി കുഞ്ഞിനെ സുബേദാര്‍ നായര്‍ സാബ് റെജിമെന്റിലേക്ക് കൊണ്ടുവന്നു. റെജിമെന്റ് സ്റ്റോറിന്റെ ഇന്‍ചാര്‍ജ് ആയിരുന്ന നായര്‍സാബ് അതിനെ ശുശ്രൂഷിച്ച് സ്റ്റോറില്‍ തന്നെ വളര്‍ത്തി, ഷേരു എന്ന പേരും ഇട്ടു. ജവാന്‍മാര്‍ക്ക് വരുന്ന പാല് മാത്രമല്ല കമ്പിളിപ്പുതപ്പ് പോലും അതിന് നല്‍കി. പാല് കുടിച്ച് ആരോഗ്യം വന്നുതുടങ്ങിയപ്പോള്‍ മെല്ലെ പച്ചക്കറികളും തിന്നാന്‍ തുടങ്ങി. ലങ്കറിലേക്ക് വേണ്ടുന്ന പച്ചക്കറികള്‍ വിതരണം ചെയ്തുകഴിഞ്ഞാല്‍ അതിന്റെ പുറന്തോലും കേടുവന്നതും മറ്റുമായി കുറച്ച് അവശിഷ്ടങ്ങള്‍ അവിടെയുണ്ടാകും. അത് പിന്നീടങ്ങോട്ട് ഷേരുവിന്റെ ആഹാരമായി.
ക്യാമ്പ് കഴിഞ്ഞു വരുമ്പോള്‍ ഷേരുവിനെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. രാജസ്ഥാന്‍ മരുഭൂമിയില്‍ കഴിയേണ്ട ഷേരുവിന്റെ ബാല്യകാലം ഡല്‍ഹി എന്ന മഹാനഗരത്തിലായിരുന്നു. അവന്‍ അവിടെ ഓടാനും ചാടാനും ഒക്കെ പഠിച്ചു. റെജിമെന്റ് പി.ടി. പരേഡിന് വേണ്ടി 'ഫാളിന്‍' ആകുമ്പോള്‍ അവന്‍ അതിന്റെ പിന്നില്‍ വന്നുനില്‍ക്കും. ജവാന്മാര്‍ ഓടി തുടങ്ങുമ്പോള്‍ അവനും പിന്നാലെ ഓടും. അങ്ങനെ എല്ലാവരുടെയും കണ്ണിലുണ്ണിയായി വളര്‍ന്ന ഷേരു ഞങ്ങളുടെ കൂടെ കട്ടുവയിലേക്ക് വന്നു. ഇവിടെ വന്നതിനുശേഷം ഷേരുവിന്റെ സ്വഭാവം മെല്ലെ മെല്ലെ മാറാന്‍ തുടങ്ങി. ഇപ്പോള്‍ 5 വയസ്സ് കഴിഞ്ഞു.
പൂര്‍ണവളര്‍ച്ചയെത്തിയ ഒരു മൃഗം. അഞ്ചടി ഉയരവും 200 കിലോവിന് മേലെ ഭാരവും. സ്വന്തം വര്‍ഗത്തില്‍പ്പെട്ട ഒരു ജീവിയെ പോലും കാണാതെ, ജനങ്ങളുടെ ഇടയില്‍ ജീവിച്ച് വളര്‍ന്ന ഷേരു ഇന്ന് യുവാവാണ്. തന്റെ ഇണക്കുവേണ്ടിയുള്ള നൈസര്‍ഗികമായ വാസന ആയിരിക്കണം അവനെ കൂടുതല്‍ അക്രമാസക്തനാക്കിയത്. കൂടാതെ ചിലര്‍ അവനോട് കാണിക്കുന്ന പെരുമാറ്റം അവന് ഇഷ്ടമായില്ല. ഒരു ദിവസം ലങ്കറിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുകയായിരുന്ന ആസാമിയായ മാലിറാം ബോറ പോകുന്ന വഴിക്ക് ഷേരുവിനെ ഒന്ന് പ്രകോപിപ്പിച്ചു. മനസ്സില്‍ പക വെച്ച് നിന്ന ഷേരു ഭക്ഷണം കഴിച്ച് തിരിച്ചു വരികയായിരുന്ന മാലിറാം ബോറയെ കുത്തി വീഴ്ത്തി ആക്രമിച്ചു. മറ്റുള്ളവരൊക്കെ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. നിയന്ത്രണാധിതനായ ഷേരുവിനെ പിന്നീട് അവിടുന്ന് ഓടിക്കാന്‍ തുടങ്ങി.
അവന്‍ പിന്നീട് തൊട്ടടുത്ത ഒരു മീഡിയം റെജിമെന്റിലേക്ക് അഭയം പ്രാപിച്ചു. ടെന്റുകള്‍ വലിച്ചുകീറുകയും മറ്റുമായി ഷേരു അവിടെയും ആക്രമണങ്ങള്‍ തുടര്‍ന്നു. പിന്നീട് ഒരു ദിവസം കേള്‍ക്കുന്നത് തലേന്ന് രാത്രി അവന്‍ 'ക്രാസ്' എന്ന ആര്‍മി വാഹനം കയറി ചത്തുപോയെന്നാണ്. ക്രാസ് എന്ന് പറഞ്ഞാല്‍ 6 ചക്രങ്ങളുള്ള വലിയ ഒരു റഷ്യന്‍ നിര്‍മിത വാഹനമാണ്. മീഡിയം ഗണ്ണിനെ വലിച്ചുകൊണ്ടുപോകാനും വെടിക്കോപ്പുകള്‍ കൊണ്ടുപോകാനും ഒക്കെയാണ് അത് ഉപയോഗിക്കുന്നത്. എല്ലാ റെജിമെന്റും ആഴ്ചയില്‍ ഒരു ദിവസം നൈറ്റ് ട്രെയിനിങ്ങ് നടത്തും. അന്ന് രാത്രി നൈറ്റ് ട്രെയിനിങ്ങ് ആയിരുന്നു. ഗത്യന്തരമില്ലാതെ ഷേരുവിനെ മീഡിയം റെജിമെന്റ്കാര്‍ ക്രാസ് കയറ്റി കൊല്ലുകയായിരുന്നു എന്നാണ് ഞങ്ങള്‍ ഇന്നും വിശ്വസിക്കുന്നത്. ആ വര്‍ഷത്തെ ഓഫീസര്‍ ടെസ്റ്റിന് പോകാന്‍ താല്പര്യമുള്ളവരുടെ പേരുകള്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ റെജിമെന്റില്‍ നിന്നും എന്റെയും മറ്റു രണ്ടുപേരുടെയും പേരുകള്‍ പോയി. ആദ്യമായി കോര്‍പ്‌സ് ഹെഡ് ക്വാര്‍ട്ടറില്‍ ജനറല്‍ ഓഫീസര്‍ അടങ്ങുന്ന ടീമിന്റെ ഇന്റര്‍വ്യൂ ആയിരുന്നു. അവിടുന്ന് ഞങ്ങള്‍ മൂന്നുപേരില്‍ എന്റെ മാത്രം പേര് ശുപാര്‍ശ ചെയ്യപ്പെട്ടു.
ഇനി അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ എസ്.എസ്.ബി. ഇന്റര്‍വ്യൂവും ടെസ്റ്റുമാണ്. മറ്റ് സഹായങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഞാന്‍ ഒരു ടേപ് റിക്കോര്‍ഡര്‍ വാങ്ങിച്ചു. സ്വന്തമായി പ്രസംഗിച്ച് റെക്കോര്‍ഡ് ചെയ്ത് അത് വീണ്ടും കേട്ട് തെറ്റുകള്‍ മനസ്സിലാക്കും. ശാരീരിക ക്ഷമത കൂട്ടാനുള്ള അഭ്യാസങ്ങള്‍ തുടങ്ങി. ഇതുകൊണ്ട് മാത്രം കാര്യം നടക്കില്ലെന്ന് മനസ്സിലായി. എസ്.എസ്.ബി.യില്‍ എന്തൊക്കെയാണ് എന്ന് അറിയാന്‍ അതിന്റെ കോച്ചിങ്ങിന് പോകാന്‍ ആലോചിച്ചു. റെജിമെന്റില്‍ നിന്നും ഒരാഴ്ചത്തെ ലീവ് വാങ്ങിച്ച് ചണ്ഡീഗഡില്‍ ഉള്ള ഒരു പ്രൈവറ്റ് അക്കാദമിയില്‍ കോച്ചിങ്ങിന് പോകാന്‍ തീരുമാനിച്ചു.
പണ്ട് താല്‍ബട്ടില്‍ ഞങ്ങളുടെ യൂണിറ്റ് പുതുതായി രൂപംകൊണ്ടപ്പോള്‍ എന്റെ ഗണ്ണിന്റെ ഇന്‍ചാര്‍ജ് ആയ ഒരു ഹവില്‍ദാര്‍ ബല്‍വന്ത് സിംഗിനെ ഓര്‍മവന്നു. അദ്ദേഹം പെന്‍ഷന്‍ പോയിട്ട് കുറച്ച് വര്‍ഷങ്ങളായി. ഗണ്‍ ഇന്‍ചാര്‍ജിനെ ഞമ്മള്‍ 'നമ്പര്‍ വണ്‍' എന്നാണ് വിളിക്കുക. ഞാന്‍ അദ്ദേഹത്തിന്റെ 'നമ്പര്‍ ത്രീ' ആയിരുന്നു. അദ്ദേഹത്തിന്റെ വീട് ചണ്ഡീഗഡിന് അടുത്താണ്. എന്റെ ഇപ്പോഴത്തെ നമ്പര്‍ വണ്‍ സംക്രൂര്‍കാരനായ മറ്റൊരു സര്‍ദാര്‍ജി ഹവില്‍ദാര്‍ തെര്‍ലോച്ചന്‍ സിഗില്‍ നിന്നും അദ്ദേഹത്തിന്റെ അഡ്രസ്സ് വാങ്ങി ഞാന്‍ പോകുന്ന ദിവസംവെച്ചുകൊണ്ട് ഒരു കത്തെഴുതി. അദ്ദേഹത്തിന്റെ മറുപടി വരാന്‍ ഒന്നും സമയമില്ല. കൂടാതെ അദ്ദേഹത്തിന് ഹിന്ദിയില്‍ മറുപടി എഴുതാന്‍ അറിയുമോ എന്നും സംശയമാണ്.
ഏതായാലും മിനര്‍വ അക്കാദമിയില്‍ കൊടുക്കാനുള്ള പണവും, അവിടെ ധരിക്കാനുള്ള വെളുത്ത ഷര്‍ട്ടും, വെളുത്ത ട്രൗസറും, വെളുത്ത സോക്‌സും ഒക്കെയായി അവിടുന്ന് ബസ് കയറി. ആദ്യം ഹവില്‍ദാര്‍ ബല്‍വന്തിന്റെ വീട്ടില്‍ പോകാം, എന്നിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം. ഏതായാലും ഒരു പ്രാദേശിക രക്ഷാധികാരിയെ കിട്ടിയതല്ലേ. ഒരു ഗണ്ണില്‍ ആകുമ്പോള്‍ അതിലെ ഏറ്റവും സീനിയര്‍ ആയ വ്യക്തി മറ്റുള്ളവര്‍ക്ക് പിതൃതുല്യന്‍ തന്നെയാണ്. വര്‍ഷത്തിലെ 12 മാസത്തില്‍ 10 മാസവും ഇവരുടെ കൂടെയാണ് ജീവിക്കേണ്ടത്. വീട്ടിലെ ഓരോ പ്രശ്‌നങ്ങളും മേല്‍ ഉദ്യോഗസ്ഥര്‍ വരെ എത്തിക്കുന്നത് ഇവര്‍ വഴിയാണ്. പഴയകാലത്ത് തന്നെ ആര്‍മിയില്‍ ചേര്‍ന്നതുകൊണ്ട് ഇവര്‍ക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും ജീവിതാനുഭവങ്ങള്‍ ഒരുപാടുണ്ട്. ഇങ്ങനെയുള്ള പഴയ ഹവില്‍ദാര്‍മാരില്‍ ചിലര്‍, വൈകുന്നേരത്തെ നമ്മുടെ 'റോള്‍ കാള്‍' കഴിഞ്ഞാല്‍ അത് അവരുടെ അനുഭവങ്ങള്‍ പറയാനുള്ള വേദിയാക്കി മാറ്റും.
80-കളില്‍ ഞാന്‍ ആര്‍മിയില്‍ തുടക്കക്കാരനായിരുന്നപ്പോള്‍, ഞാന്‍ ജനിക്കുന്നതിനു മുമ്പ് ആര്‍മിയില്‍ ചേര്‍ന്ന രാജസ്ഥാനിയായ ഒരു നമ്പര്‍ വണ്‍ ഹവില്‍ദാര്‍ രാംകുമാര്‍ ഉണ്ടായിരുന്നു. യുദ്ധങ്ങളിലൊക്കെ പങ്കെടുത്ത ആളാണ്. അദ്ദേഹത്തിന്റെ പ്രഭാഷണം തുടങ്ങിക്കഴിഞ്ഞാല്‍ അത് മണിക്കൂറോളം നീളും. അന്നത്തെ പട്ടാളവും ഇന്ന് പട്ടാളത്തിന് വന്ന മാറ്റവും തുടങ്ങി ദിവസവും ഒരേ കഥതന്നെ ആയിരിക്കും അദ്ദേഹത്തിന് പറയാനുണ്ടാവുക. ഞങ്ങളുടെയൊക്കെ കണ്ണുകള്‍ അദ്ദേഹത്തിന്റെ മുഖത്ത് ആയിരിക്കുമെങ്കിലും മനസ്സ് മുഴുവന്‍ ലങ്കറില്‍ ആയിരിക്കും. അദ്ദേഹത്തിന്റെ പ്രഭാഷണം കഴിയുമ്പോഴേക്കും ലങ്കറിലെ അന്നത്തെ ഇറച്ചിക്കറി തീര്‍ന്നുപോകും അല്ലെങ്കില്‍ വെറും കറി മാത്രം ബാക്കിയുണ്ടാകും.
അദ്ദേഹം സസ്യഭുക്ക് ആയതുകൊണ്ട് പ്രശ്‌നമില്ല. ഹവില്‍ദാര്‍ രാംകുമാറിനെപ്പോലെയുള്ള കുറെപ്പേരെ സഹിച്ചിട്ടാണ് ഇന്ന് ഇവിടെയെത്തിയത്. തീരെ വിദ്യാഭ്യാസം ഇല്ലാത്തവരാണെങ്കിലും ഇങ്ങനെയുള്ളവരില്‍ പലരും നമ്മുടെ വകുപ്പുതല പരീക്ഷകള്‍ എഴുതിയിട്ട് സുബേദാര്‍ മേജര്‍ വരെ ആയിട്ടുണ്ട്. ഇംഗ്ലീഷ് തീരെ അറിയാത്ത ഇവര്‍ ജെ.സി.ഒ. ആയിക്കഴിഞ്ഞാല്‍ അവരുടെ ഡ്യൂട്ടി ദിവസങ്ങളില്‍ കുക്ക്ഹൗസിലെ ഭക്ഷണം സ്വാദ് നോക്കി 'റിമാര്‍ക്‌സ്' എഴുതേണ്ടതുണ്ട്. ഇംഗ്ലീഷില്‍ 'ഗുഡ്' എന്ന് എഴുതാന്‍ അറിയാത്തത് കാരണം നാലു പൂജ്യങ്ങള്‍ ഒന്നിച്ച് വരച്ച് ആദ്യത്തെ പൂജ്യത്തിന്റെ വലതുവശത്ത് നിന്നും താഴത്തേക്ക് ഒരു വരയും അവസാനത്തെ പൂജ്യത്തിന്റെ വലതുവശത്ത് നിന്ന് മേലോട്ടേക്ക് ഒരു വരയും വരക്കുന്നവരാണ് ഇവരില്‍ പലരും. ഹവില്‍ദാര്‍ ബല്‍വന്ത് സിംഗിന് ജെ.സി.ഒ ആവാന്‍ പറ്റിയിട്ടില്ല. തന്റെ സര്‍വീസ് പൂര്‍ത്തീകരിച്ച് ഇന്ന് നാട്ടില്‍ പോയി കൃഷിപ്പണികള്‍ നോക്കുകയാണ്.
ബസ് ചണ്ഡിഗഡില്‍ എത്തി. മൊഹാലിക്കടുത്ത ഒരു ചെറിയ കുഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ വീട്. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളി നടക്കുന്നത് കാരണം അന്ന് പൊതുവേ നല്ല തിരക്കുള്ള ദിവസമായിരുന്നു. അഡ്രസ്സ് കൈയിലുള്ളതുകൊണ്ട് ഓട്ടോ പിടിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. നഗരത്തിലെ പ്രധാന റോഡുകള്‍ വിട്ട് കൃഷിക്കാരുടെ ട്രാക്ടറുകള്‍ മാത്രം സഞ്ചരിച്ചിരുന്ന ചെറിയ റോഡുകളിലേക്ക് ഓട്ടോറിക്ഷ പോയിക്കൊണ്ടിരുന്നു. ചണ്ഡിഗഡ് പോലെയുള്ള നഗരമധ്യത്തില്‍ ഇങ്ങനെയൊരു ഗ്രാമം പ്രതീക്ഷിച്ചിരുന്നില്ല. വാഹനങ്ങളുടെ ശബ്ദവും അതിനേക്കാള്‍ ഉച്ചത്തിലുള്ള മത്സരിച്ചുള്ള 'ഹോണ്‍' അടിയുടെ ശബ്ദവും കേള്‍വിക്കപുറത്തായി. എങ്ങും മഞ്ഞപ്പൂക്കളോടുകൂടിയ പ്രായപൂര്‍ത്തിയായ കടുക് കൃഷി നിറഞ്ഞ വയലുകള്‍. അവിടെയൊക്കെയായി വേല ചെയ്യുന്ന കര്‍ഷകര്‍. വീടുകളിലെല്ലാം പശുക്കളും എരുമകളും. അവര്‍ക്ക് വേണ്ടുന്ന ഭക്ഷണത്തിനായി പച്ചയും ഉണങ്ങിയതുമായ വലിയ ചോള തണ്ടുകളെ 'ക്രഷര്‍ മെഷീനുകളിലൂടെ' പൊടിച്ചെടുക്കുന്ന കര്‍ഷകര്‍.
പെട്ടെന്ന് എന്തോ നാട്ടിലെ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലേക്ക് ചിന്തകള്‍ പോയി. അവിടുത്തെ യന്ത്രത്തില്‍പ്പെട്ട് മുത്തലീബിന്റെയും, കൃഷ്ണന്റെയും വിരലുകള്‍ പോയത് ഞാന്‍ ഓര്‍ത്തുപോയി. ഈ മെഷീനും പലപ്പോഴും അപകടകാരിയായിട്ടുണ്ട് എന്ന് ഞാന്‍ കേട്ടറിഞ്ഞത് കൊണ്ടായിരിക്കാം. ചിലര്‍ പശുക്കള്‍ക്ക് വെള്ളം കൊടുക്കുന്നു. സ്ത്രീകള്‍ ചാണകം വാരി സ്ഥലം വൃത്തിയാക്കുന്നു. സര്‍ദാര്‍ജി ഡ്രൈവര്‍ തന്നെ വഴി ചോദിച്ച് എന്നെ അവരുടെ വീട് വരെ എത്തിച്ചു. മുറ്റത്ത് എന്തോ ചെയ്തുകൊണ്ടിരുന്ന എന്റെ പഴയ നമ്പര്‍ വണ്ണിന് അദ്ദേഹത്തിന്റെ നമ്പര്‍ ത്രീയെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലും എനിക്ക് പെട്ടെന്ന് മനസ്സിലായില്ല. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്. ആര്‍മിയിലുള്ളപ്പോള്‍ അഞ്ചര മീറ്റര്‍ നീളമുള്ള തലപ്പാവും, വലയിട്ട് ഒതുക്കിവെച്ച താടിയും, ഇസ്തിരിയിട്ട വസ്ത്രവും മാത്രം ധരിച്ച് കണ്ടിരുന്ന നമ്പര്‍ വണ്‍ ആകെ മാറിയിരിക്കുന്നു. തലയില്‍ പേരിന് ഒരു തുണി കെട്ടിയിട്ടുണ്ട്. പകുതിയും വെളുത്ത നീണ്ട താടി അങ്ങനെ ആടി കിടക്കുന്നു.
'ജ്യംകെ' എന്ന് വിളിച്ചുകൊണ്ട് എന്നെ വന്ന് കെട്ടിപ്പിടിച്ചു. പുതിയ യൂണിറ്റിന് രൂപം കൊടുക്കാന്‍ ഞങ്ങളൊക്കെ താല്‍ബട്ടില്‍ പോസ്റ്റിങ്ങ് വന്ന കാലങ്ങളില്‍, അന്ന് ലെഫ്റ്റനന്റ് യാദവ് എന്നെ എം.കെ. എന്ന് വിളിച്ചിരുന്നത് കേട്ടിട്ട് ഇദ്ദേഹവും എന്നെ പഞ്ചാബി ചുവയില്‍ ജ്യംകെ എന്നാണ് വിളിച്ചിരുന്നത്. ഒരുകാലത്ത് വെളുത്ത തുണിയില്‍ തയ്ച്ച എന്നാല്‍ കൃഷിപ്പണി കാരണം ഇന്ന് നേരിയ മഞ്ഞനിറവുമായി തീര്‍ന്ന അദ്ദേഹത്തിന്റെ വിയര്‍പ്പോടുകൂടിയ പൈജാമയും ജുബ്ബയും എന്റെ ജീന്‍സും ടീഷര്‍ട്ടുമായി സംഗമിച്ചു.
മിനര്‍വ അക്കാദമി അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്താണ്. അവിടെ താമസസൗകര്യം ഉണ്ടെങ്കിലും എത്ര പറഞ്ഞിട്ടും അദ്ദേഹം എന്നെ അവരുടെ വീട്ടില്‍ തന്നെ താമസിക്കാന്‍ നിര്‍ബന്ധിച്ചു. എനിക്കായി എല്ലാസൗകര്യങ്ങളോടും കൂടിയ ഒരു മുറി തന്നു. അധികവും ചപ്പാത്തി മാത്രം കഴിക്കുന്ന അവര്‍ എനിക്കായി ചോറ് വെച്ചു. ചോറും, ചപ്പാത്തിയും, പരിപ്പുകറിയും, കോളിഫ്‌ലവര്‍ സബ്ജിയും, മുളക് അച്ചാറും ഒക്കെയായി സമൃദ്ധമായ അത്താഴ സദ്യ.
പിന്നീടാണ് തമാശ. ശൗചാലയം എവിടെയാണ് എന്ന് ഞാന്‍ അന്വേഷിച്ചപ്പോള്‍ അത് പുറത്ത് 'ഖേതി'യില്‍ പോകണം എന്ന് പറഞ്ഞു. ഖേതി എന്ന് പറഞ്ഞാല്‍ അവരുടെ കൃഷിഭൂമി തന്നെ. അവര്‍ക്ക് അതൊന്നും ഒരു പുതുമ അല്ലായിരുന്നെങ്കിലും മലയാളിയായ ഒരു യുവാവിന് അതൊരു ദുഃസ്വപ്നത്തെക്കാള്‍ കുറവായിരുന്നില്ല. കുളിമുറികള്‍ വീടിനോട് തൊട്ടുതന്നെ ഉണ്ടെങ്കിലും ശൗചാലയം അവര്‍ വീട്ടില്‍ നിര്‍മിക്കാറില്ല. എന്തും സഹിച്ച് ശീലമുള്ള ഞാന്‍ അതും സഹിക്കാന്‍ തീരുമാനിച്ചു. ആ ഒരു കാരണം പറഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലുള്ള താമസം വേണ്ടെന്ന് പറയാന്‍ എനിക്ക് തോന്നിയില്ല. രാജസ്ഥാനില്‍ പലപ്പോഴും ക്യാമ്പിന് പോകുമ്പോള്‍ ഇങ്ങനെയൊക്കെ തന്നെയായിരുന്നു ഞങ്ങളുടെ സ്ഥിതി. കുഴികള്‍ എടുത്ത് മുകളില്‍ ഷീറ്റ് വെച്ച് താല്‍ക്കാലികമായി ഉണ്ടാക്കുന്ന ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും വെളിയില്‍ പോകുമായിരുന്നു.
അദ്ദേഹം എനിക്കൊരു സൈക്കിള്‍ തന്നു. ഉച്ചത്തേക്ക് വേണ്ടുന്ന ചപ്പാത്തിയും കറിയും ഉണ്ടാക്കിത്തരുമായിരുന്നു. വീട്ടിലെ ഒരു അംഗത്തെ പോലെ എന്നെ സ്‌നേഹിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍മി വിട്ട അദ്ദേഹത്തിന് എന്റെ വരവ് വീണ്ടും ഒരു ഉണര്‍വായിരുന്നു. ഞങ്ങള്‍ പഴയ കഥകളും അദ്ദേഹം വന്നതിനുശേഷമുണ്ടായ സംഭവവികാസങ്ങളും ഒക്കെ പറഞ്ഞു. ഓഫീസര്‍മാര്‍ പി.ടി. സമയത്ത് ധരിക്കുന്ന വെള്ള വസ്ത്രമാണ് അവിടെ കോച്ചിങ് സെന്ററില്‍ വേഷം. അതും ധരിച്ച്, എന്നായിരിക്കും ഈ വസ്ത്രം ആധികാരികമായി ധരിക്കാന്‍ പറ്റുക എന്ന് ചിന്തിച്ചുകൊണ്ട് സൈക്കിളുമായി ഞാന്‍ മിനര്‍വ അക്കാദമി എന്ന കോച്ചിംഗ് സെന്ററിലേക്ക് പോയിത്തുടങ്ങി. എസ്.എസ്.ബി.യില്‍ അഞ്ച് ദിവസം നടക്കുന്ന കാര്യങ്ങളൊക്കെ അവിടെ പഠിപ്പിച്ചു. മറ്റുള്ളവരുമായി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തി. മൊത്തത്തില്‍ ഒരു ആത്മവിശ്വാസം കൂടി. ഒരാഴ്ച കഴിഞ്ഞു. ഹവില്‍ദാര്‍ ബല്‍വന്ത് സിംഗിന്റെ മകള്‍ക്ക് ചെറിയ ഒരു സമ്മാനവും കൊടുത്ത് അദ്ദേഹത്തോട് യാത്ര പറഞ്ഞു.
സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ അലഹബാദ് കേന്ദ്രത്തിലാണ് എസ്.എസ്.ബി. ഇന്റര്‍വ്യൂവിന് വിളിക്കപ്പെട്ടത്. മഹത്തായ ഹിന്ദു തീര്‍ത്ഥാടനകേന്ദ്രം. ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളും സംഗമിക്കുന്ന ത്രിവേണി. ചെറുപ്പത്തില്‍ കേട്ട ഒരു സിനിമാഗാനമാണ് പെട്ടെന്ന് മനസ്സില്‍ വന്നത്. ഏതായാലും പുതുതായി ഒരു സ്ഥലംകൂടി കാണാനുള്ള അവസരം ലഭിച്ചിരിക്കുന്നു. അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി എസ്.എസ്.ബി.യുടെ ബസ്സിനായി കാത്തിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ട സമയം മുന്‍കൂട്ടി അറിയിച്ചിരുന്നു. എല്ലാവരും എന്നെപ്പോലെ ഇന്റര്‍വ്യൂവിന് വന്നവര്‍ തന്നെ. അവരില്‍ പലരുടെയും ശരീരഭാഷയും ഇംഗ്ലീഷ് സംസാരിക്കുന്ന രീതിയും ഒക്കെ കണ്ടപ്പോള്‍ ഇവരെയൊക്കെയാണല്ലോ നാളെ മുതല്‍ ഞാന്‍ എതിരിടാന്‍ പോകുന്നത് എന്നോര്‍ത്ത് അല്പം ഭയക്കാതിരുന്നില്ല.
ആദ്യദിവസം സാമാന്യ പരിജ്ഞാനവും അതുമായി ബന്ധപ്പെട്ട പരീക്ഷകളും ആണ്. അവിടെ മൂന്ന് വിഭാഗത്തില്‍പ്പെട്ട ഓഫീസര്‍മാരാണ് നമ്മളെ പരീക്ഷിക്കുന്നത്. മനശാസ്ത്രജ്ഞന്‍, ഗ്രൂപ്പ് ടെസ്റ്റിംഗ് ഓഫീസര്‍, ഇന്റര്‍വ്യൂ ചെയ്യുന്ന ഓഫീസര്‍. അവര്‍ മൂന്നുപേരും മത്സരാര്‍ത്ഥികളെ സ്വന്തമായി വിലയിരുത്തി അവസാന ദിവസം ഒരു തീരുമാനത്തില്‍ എത്തുകയാണ് ചെയ്യുക. ഓഫീസര്‍ ആകാനുള്ള ഗുണമേന്മകളുടെ പട്ടിക വെച്ച് അവര്‍ ഓരോരുത്തരായി നമ്മളെ വിലയിരുത്തും. അതുകഴിഞ്ഞ് അവസാനദിവസത്തെ സമ്മേളനത്തിലാണ് എല്ലാവരും ഒത്തുചേരുക. ഓരോ മത്സരാര്‍ത്ഥിക്കും ഓരോ 'ചെസ്റ്റ് നമ്പര്‍' ഉണ്ടാകും. അവിടെവച്ചാണ് വിജയിച്ചവരുടെ ചെസ്റ്റ് നമ്പര്‍ പറയുക. അന്ന് റിസള്‍ട്ട് പറയാന്‍ വന്ന ഓഫീസര്‍ പറഞ്ഞു.
'ഇന്നത്തെ ടെസ്റ്റില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചിരിക്കുന്നത്. അത് ആരാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ? 'ഞങ്ങളെ എല്ലാവരെയും നോക്കി അദ്ദേഹം ചോദിച്ചു. അതിന് ഒരു ഉത്തരം പറയാന്‍ പറ്റില്ലെങ്കിലും പലരും എന്റെ മുഖത്തേക്ക് നോക്കി. എനിക്കും വിശ്വാസം കൂടി. കാരണം അവിടുത്തെ ടെസ്റ്റുകളും ചര്‍ച്ചകളും പ്രസംഗങ്ങളും എല്ലാം ഞാന്‍ നന്നായി ചെയ്തിരുന്നു. അത് എല്ലാവരും കണ്ടതാണ്. അവസാനം ഓഫീസര്‍ ചെസ്റ്റ് നമ്പര്‍ പറഞ്ഞു. പക്ഷേ അത് നിങ്ങളും ഞാനും വിചാരിച്ചതുപോലെ എന്റെ ചെസ്റ്റ് നമ്പര്‍ ആയിരുന്നില്ല.
ഓഫീസര്‍ ആകാനുള്ള സ്വപ്നം അസ്തമിച്ചു എന്ന് തോന്നി. പക്ഷേ വീറും വാശിയും കൂടുകയായിരുന്നു. അന്ന് ഓഫീസറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജവാനില്‍ പ്രത്യേകമായി ഞങ്ങള്‍ ഒന്നുംതന്നെ കണ്ടില്ല. അദ്ദേഹം ഒരു ദേശീയ കളിക്കാരന്‍ ആയിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. ഇദ്ദേഹത്തിന് ഓഫീസര്‍ ആകാന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ട് എനിക്ക് പറ്റില്ല എന്ന വെല്ലുവിളി ഏറ്റെടുത്ത് ലക്ഷ്യത്തിലേക്കുള്ള യാത്ര തുടര്‍ന്നു.
കട്ടുവയിലെ മൂന്നുവര്‍ഷത്തെ കാലാവധി കഴിയുമ്പോഴേക്കും യൂണിറ്റിന്റെ പുതിയ സ്ഥലമാറ്റം വന്നു. കട്ടുവയില്‍ കാര്യമായി കാണാന്‍ പറ്റിയ സ്ഥലങ്ങള്‍ ഒന്നുമില്ലെങ്കിലും യൂണിറ്റ് അവിടെ നിന്നും പോകുന്നതിന് മുമ്പായി ജമ്മുവിലെ പ്രശസ്തമായ വൈഷ്‌ണോ ദേവി അമ്പലം കാണാമെന്ന് കരുതി. യൂണിറ്റില്‍ നിന്നും കൃത്യമായി പദ്ധതി ഉണ്ടാക്കി ഓരോ ബാറ്ററിയില്‍ നിന്നും ഓരോ ആര്‍മി വണ്ടി ഏര്‍പ്പാടാക്കി. ജവാന്മാരുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി ഇങ്ങനെ ആര്‍മി വണ്ടികള്‍ ഉപയോഗിക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ട്.
കുടുംബത്തോടുകൂടി താമസിക്കുന്നവരില്‍ മിക്കവരും പോകാന്‍ തയ്യാറായി. കട്ടുവയില്‍ നിന്നും 130 ഓളം കിലോമീറ്റര്‍ അകലെ കത്ര എന്ന സ്ഥലം വരെയാണ് വണ്ടി പോവുക. അവിടെനിന്നും ശബരിമല പോലെ മേലോട്ടേക്ക് 12 കിലോമീറ്റര്‍ നടക്കണം. 5200 അടി ഉയരത്തിലുള്ള ത്രികൂട പര്‍വതത്തില്‍ ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഗുഹക്കുള്ളില്‍ ആണ് ഈ അമ്പലം. വൈകുന്നേരത്തോടെ കുടുംബസമേതം കത്രയില്‍ എത്തിയ ഞങ്ങള്‍ അവിടെനിന്നും കുന്നുകയറാന്‍ തുടങ്ങി.
ഹാവില്‍ദാര്‍ സുധീറും കുടുംബവും കൂടെയുണ്ടായിരുന്നു. രണ്ടുപേരുടെയും മക്കള്‍ ചെറുതായിരുന്നു. എല്ലാവരുംകൂടി ഒന്നിച്ച് 'ജയ മാതാ ദി' വിളികളുമായി ആസ്വദിച്ച് കുന്നുകള്‍ കയറിയപ്പോള്‍ നടത്തത്തിന്റെ വിഷമം മനസ്സിലായില്ല. കുട്ടികളെ അച്ഛനമ്മമാര്‍ മാറിമാറി എടുത്തു. തീരെ അവശരായവരെ കൊണ്ടുപോകാന്‍ കുതിരകളും കോവര്‍ കഴുതകളും ഒക്കെയുണ്ടായിരുന്നു. പുലര്‍കാലത്തിന് മുമ്പേ വൈഷ്‌ണോ ദേവി അമ്പലത്തിലെത്തി. മുകളില്‍ നിന്നും മലവെള്ളം വീഴുന്ന ഗുഹകള്‍ക്കുള്ളിലൂടെ ഞങ്ങള്‍ ഓരോരുത്തരായി കടന്ന് ദേവി ദര്‍ശനം നടത്തി.
ദുര്‍ഗയുടെ അവതാരമായി അറിയപ്പെടുന്ന വൈഷ്‌ണോ ദേവി അമ്പലത്തില്‍ മഹാകാളി, മഹാലക്ഷ്മി, മഹാ സരസ്വതി എന്നീ മൂന്ന് വിഗ്രഹങ്ങളും ആരാധിക്കപ്പെടുന്നുണ്ട്. വിഗ്രഹങ്ങള്‍ക്ക് തുല്യമായി വഴിയോരങ്ങളില്‍ നിര്‍മിച്ചുവെച്ചിരിക്കുന്ന പ്രതിമകള്‍ക്ക് മുന്നില്‍വെച്ച് ഫോട്ടോയെടുത്ത് തിരിച്ച് താഴത്തേക്കുള്ള യാത്രയായി. ശരീരമാസകലം വേദനയായിരുന്നു. ഒരു രാത്രികൊണ്ട് ഏകദേശം 24 കിലോമീറ്ററാണ് നടന്നതെന്ന് തോന്നുന്നു. ഞങ്ങളെ കൊണ്ടുവന്ന ആര്‍മി വണ്ടിയില്‍ കയറിയിരുന്നത് മാത്രമേ ഓര്‍മയുള്ളൂ. കട്ടുവയില്‍ തിരിച്ചെത്തിയതുതന്നെ അറിഞ്ഞില്ല.
തുടരും
ആത്മകഥയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം.
Content Highlights: Lieutenant colonel Surendran M.K. writes army in Jammu and Kashmir
Published: 10 Apr 2024, 10:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented