ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്. അതിനെ നേരിടുക ഒരു കല തന്നെയാണ്. രണ്ടു പ്രധാന വെല്ലുവിളികളെ നേരിട്ട കഥ ഞാന്‍ പറഞ്ഞു. ഇനി ഏറ്റവും കഠിനമായ മൂന്നാം വെല്ലുവിളിയുടെ കഥയാണ് പറയാന്‍ പോകുന്നത്. വെല്ലുവിളികളെ നേരിടുക എന്നത് ഇതിനകം എന്റെ ഒരു വിനോദമായി മാറി എന്നുതന്നെ പറയാം. വിരമിച്ചതിനുശേഷം കുറച്ച് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുള്ള വിശ്രമ ജീവിതമായിരുന്നു ആഗ്രഹിച്ചിരുന്നത്. തളിപ്പറമ്പിലെ എയറോസിസ് കോളേജിന്റെ ഡയറക്ടറായി ചേര്‍ന്നു. കോളേജിലെ കാര്യങ്ങള്‍ക്ക് പുറമേ, സാമൂഹ്യപ്രവര്‍ത്തകനും കോളേജിന്റെ മാനേജിങ് ഡയറക്ടറുമായ ഡോ. ഷാഹുല്‍ ഹമീദിന്റെ കൂടെചേര്‍ന്ന് സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിച്ചു. അതിനിടയില്‍ സ്വന്തം ശരീരത്തില്‍ അസ്വഭാവികമായ ചില മാറ്റങ്ങള്‍ വരുന്നില്ലേ എന്ന് സംശയിച്ചു. അതായത് ഒരേ വഴി, ഒരേ ദൂരം, ഒരേസമയം, എന്നും ചെയ്യാറുള്ള വൈകുന്നേരത്തെ നടത്തത്തില്‍ ശ്വാസത്തിന്റെ വേഗതയില്‍ കുറച്ച് മാറ്റം വന്നിട്ടുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പിന്നീടത്, വയസ്സ് കൂടുമ്പോള്‍ ഉണ്ടാകുന്ന മാറ്റമല്ലേ എന്ന സ്വയം വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ആയിടയ്ക്കാണ് മകന്‍ ശ്രീരാഗിന്റെ കല്യാണം ശരിയായത്. ഇനി ഏതായാലും കല്യാണത്തിന്റെ തിരക്കൊക്കെ കഴിഞ്ഞ് ഏതെങ്കിലുമൊരു ഡോക്ടറെ ചെന്നുകാണാമെന്ന് കരുതി.

To advertise here,

ശ്രീരാഗ് ഹരിയാനയില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. അവന് പറ്റിയ പെണ്‍കുട്ടിയെ തന്നെ കിട്ടി. വര്‍ഷയുടെ അച്ഛന്‍ ബോംബെയില്‍ റെയില്‍വേയില്‍ ആയിരുന്നതുകൊണ്ട് വര്‍ഷ ജനിച്ചതും വളര്‍ന്നതുമൊക്കെ ശ്രീരാഗിനെ പോലെ തന്നെ ഉത്തരേന്ത്യയിലായിരുന്നു. മലയാളം രണ്ടുപേരുടെയും മൂന്നാം ഭാഷയായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു കല്യാണം. അത് കഴിഞ്ഞ് പിറ്റേന്ന് കണ്ണൂരിലെ ഡിഫന്‍സ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് റിസപ്ഷന്‍ പാര്‍ട്ടി കൊടുത്തു. എന്റെ സിദ്ധാന്തത്തിന് അനുസരിച്ച് തന്നെ ഒരു പാര്‍ട്ടി കൊടുക്കണം എന്നുണ്ടായിരുന്നു. പൂര്‍ണമായും പ്ലാസ്റ്റിക് രഹിതമായ ഒരു പാര്‍ട്ടിയായിരുന്നു. പ്രവേശന കവാടം മുതല്‍ വേദിയിലൊക്കെ പലതരത്തിലുള്ള ബോധവല്‍ക്കരണ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. 'ദേര്‍ ഈസ് നോ പ്ലാനറ്റ് ബി' എന്ന് തുടങ്ങി, 'ഒരു മരം നടുവാനുള്ള ഏറ്റവും നല്ല സമയം 20 വര്‍ഷം മുമ്പായിരുന്നു, അടുത്ത ഏറ്റവും നല്ല സമയം ഇപ്പോഴാണ്' തുടങ്ങിയ ബോര്‍ഡുകള്‍ കവാടത്തില്‍ തന്നെ സ്ഥാപിച്ചു. 

ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത, സോമാലിയയിലെ പട്ടിണി  മരണത്തിന്റെ അടയാളമായ, ഭക്ഷണമില്ലാതെ മരിക്കാന്‍ കാത്ത്കിടക്കുന്ന ഒരു കൊച്ചുകുട്ടിയെ, തന്റെ ഭക്ഷണമാക്കാന്‍ കാത്തുനില്‍ക്കുന്ന കഴുകന്റെ ഫോട്ടോയുടെ ഫ്‌ളക്‌സ് വെച്ചു. കൈ കഴുകുന്നിടത്ത് വെള്ളത്തിന്റെ ആവശ്യകതയെ അറിയിക്കുന്ന ഫ്‌ളക്‌സുകള്‍. പാര്‍ട്ടി കഴിഞ്ഞ് പോകുന്ന എല്ലാവര്‍ക്കും മുന്‍കൂട്ടി തയ്യാറാക്കിയ 'ഐ ആം നോട്ട് എ പ്ലാസ്റ്റിക് ബാഗ്' എന്ന് പ്രിന്റ് ചെയ്ത് ശ്രീരാഗിന്റെയും വര്‍ഷയുടെയും പേരോടു കൂടിയ ഒരു തുണി സഞ്ചിയും അതോടൊപ്പം ഓരോ മരത്തെയും വന്നവര്‍ക്കൊക്കെ സമ്മാനമായി നല്‍കി. ജില്ലാ ഫോറസ്റ്റ് ഓഫീസറെ കണ്ട് കാര്യങ്ങള്‍ പറഞ്ഞ് 500 ഓളം മരത്തൈകള്‍ ആദ്യമേ വരുത്തിയിരുന്നു. പാര്‍ട്ടിയില്‍ ബാക്കിവരുന്ന ഭക്ഷണം ഒരു അനാഥാലയത്തില്‍ എത്തിക്കാന്‍ വേണ്ടി മുന്‍കൂട്ടി ഏര്‍പ്പാടാക്കിയിരുന്നു.

ഇതിനിടയില്‍ കണ്ണൂരിലെ ഡിഫന്‍സ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഒരു റിട്ടയേര്‍ഡ് കേണലിനെ പരിചയപ്പെട്ടു. കേണല്‍ രാമചന്ദ്രന്‍. ആര്‍ട്ടിലറിയില്‍ റോക്കറ്റ് റെജിമെന്റില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. എന്റെ ആദ്യകാല മാതൃകാ പുരുഷനായിരുന്ന 35 വര്‍ഷം മുമ്പ് താല്‍ബട്ടില്‍ ഒന്നിച്ച് സര്‍വീസ് ചെയ്തിരുന്ന അന്നത്തെ ക്യാപ്റ്റന്‍ രാമചന്ദ്രനും ഗണ്ണര്‍ സുരേന്ദ്രനും ആയിരുന്നു ഞങ്ങള്‍. ജവാനില്‍ നിന്നും ഓഫീസറായിട്ട് കാണുന്ന ആദ്യത്തെ വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ അന്ന് ഞാന്‍ ഒരുപാട് ബഹുമാനിച്ചിരുന്നു. ഓഫീസര്‍ ആകാനുള്ള സ്വപ്നം ഞാന്‍ കണ്ടുതുടങ്ങിയത് അവിടെ നിന്നായിരുന്നു. ഇന്ന് അദ്ദേഹം കേണലും ഞാന്‍ ഒരു റാങ്ക് കീഴെ ലെഫ്റ്റ്‌നന്റ് കേണലും ആയി വിരമിച്ചു. എന്റെ സ്വപ്നസാക്ഷാത്കാരവും പരിശ്രമത്തിന് കിട്ടിയ ഫലവും കണ്ട് കേണല്‍ രാമചന്ദ്രന്‍ ഒരുപാട് സന്തോഷിച്ചു.

അടുത്താഴ്ച എനിക്ക് ശ്രീ ശ്രീ രവിശങ്കറിന്റെ 'ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ 'ഒരു ശില്പശാലയില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. കഴിഞ്ഞ 16 വര്‍ഷമായി ശ്രീ ശ്രീ രവിശങ്കറിന്റെ 'പ്രാണയാമ' പിന്തുടരുന്ന ഒരാളായിരുന്നു ഞാന്‍. പഞ്ചമടി എ.ഇ.സി. സെന്ററില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു ക്ലാസില്‍ പങ്കെടുത്തതായിരുന്നു. കുറെ വര്‍ഷമായതുകൊണ്ട് ഒന്നുകൂടി ക്ലാസ് ചെയ്യാമെന്ന് കരുതി. അവിടുത്തെ ഒരാഴ്ചത്തെ ക്ലാസ്സ് കഴിയുമ്പോഴേക്കും എന്റെ ശ്വാസത്തില്‍ വന്ന മാറ്റം ഞാന്‍ തിരിച്ചറിഞ്ഞു. പിറ്റേന്ന് തന്നെ ഒരു ഡോക്ടറെ കാണാന്‍ തീരുമാനിച്ചു.

കണ്ണൂരില്‍ പോയി മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റിനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. പരിയാരത്തെ മെഡിക്കല്‍ കോളേജിലോ മറ്റോ പോയി ഹൃദയസംബന്ധമായ എല്ലാ പരിശോധനയും നടത്താനായി അദ്ദേഹം എഴുതിത്തന്നു. ഞാന്‍ ഡോക്ടറോട് പറഞ്ഞു. 'ശ്വാസകോശത്തിന്റെ പ്രശ്‌നം എങ്ങിനെയാണ് അറിയുക, അതുകൂടി ഒന്നു നോക്കാം'. അദ്ദേഹം ഒരു എക്‌സറേ കൂടി എടുക്കാന്‍ നിര്‍ദേശിച്ചു. എക്‌സ്-റേയില്‍ സംശയം തോന്നിയ ടെക്‌നീഷ്യന്‍ അപ്പോള്‍ തന്നെ ഡോക്ടറെ വീണ്ടും കാണാന്‍ എന്നോട് നിര്‍ദേശിച്ചു. എക്‌സ്-റേ പരിശോധിച്ച ഡോക്ടര്‍ ഹൃദയത്തിന്റെ പരിശോധനയ്ക്ക് വേണ്ടി എഴുതിയതെല്ലാം തിരിച്ചുവാങ്ങി. നെഞ്ചിന്റെ സ്‌കാനിങ് ചെയ്യുവാന്‍ വേണ്ടി എഴുതിത്തന്നു. നെഞ്ചിനുള്ളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. സ്‌കാനിങ് ചെയ്യുവാന്‍ വേണ്ടി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോയി. സ്‌കാനിങ് ചെയ്ത് അവിടെ എന്നെ അഡ്മിറ്റ് ചെയ്തു. നെഞ്ചില്‍ കെട്ടിക്കിടക്കുന്ന വെള്ളം കുത്തിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുറച്ചെടുത്ത് മറ്റ് പരിശോധനകള്‍ക്കായി അയച്ചു. അവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് റിപ്പോര്‍ട്ടുകളെല്ലാം വന്നതിനുശേഷം വീണ്ടും പോകാന്‍ പറഞ്ഞു.

റിപ്പോര്‍ട്ടുകളെല്ലാം വന്നതിനുശേഷം ഞാനും സുധയും കൂടി അതുമെടുത്ത് കോഴിക്കോടുള്ള ഒരു പ്രമുഖ ആശുപത്രിയിലേക്ക് പോയി. റിപ്പോര്‍ട്ടുകള്‍ കണ്ട ഉടനെ തന്നെ അവര്‍ എന്നെ അവിടെ അഡ്മിറ്റ് ചെയ്തു. വീണ്ടും പല പരിശോധനകളും നടത്തി. 'പെറ്റ് സ്‌കാന്‍' എന്ന് പേരുള്ള ശരീരത്തിന്റെ മുഴുവന്‍ സ്‌കാന്‍ ചെയ്തു. ശ്വാസകോശത്തില്‍ നിന്നും കുത്തിയെടുത്ത കോശങ്ങള്‍ ബയോപ്‌സി ടെസ്റ്റിന് അയച്ചു. വലത് ശ്വാസകോശം മുഴുവന്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. അതിനുള്ളിലേക്ക് ഒരു ട്യൂബ് കടത്തി വെളിയില്‍ വച്ചിരിക്കുന്ന കുപ്പിയുമായി ഘടിപ്പിച്ചു. 24 മണിക്കൂറും അതില്‍ ഒരു തവിട്ട് നിറത്തിലുള്ള ലായനി വന്ന് നിറയും. ദിവസവും രാവിലെ നഴ്‌സ് വന്ന് അതിന്റെ കണക്ക് രേഖപ്പെടുത്തി കുപ്പി കാലിയാക്കി വീണ്ടും പൈപ്പുമായി ഘടിപ്പിക്കും.

ബയോപ്‌സി റിപ്പോര്‍ട്ട് വന്ന ദിവസം. ഞാനും സുധയും മാത്രം ഹോസ്പിറ്റലില്‍. നെഞ്ച് രോഗ വിദഗ്ധയായ ഒരു ലേഡി ഡോക്ടര്‍ വന്ന് സുധയെ വിളിച്ചു. വീട്ടില്‍ ആരൊക്കെ ഉണ്ട്, മക്കളുടെ കല്യാണം കഴിഞ്ഞുവോ എന്നൊക്കെ ചോദിച്ചു. അവരുടെ പെരുമാറ്റത്തില്‍ നിന്നും അവരുടെ കൈയിലുള്ള ബയോപ്‌സി റിപ്പോര്‍ട്ടിന്റെ റിസള്‍ട്ട് ഞാന്‍ വായിക്കാതെ തന്നെ മനസ്സിലാക്കി. ഡോക്ടര്‍ സുധയോട് ചോദിച്ചു.  
'വേറെ ആണുങ്ങള്‍ ആരെങ്കിലും കൂടെ ഉണ്ടോ?'
രോഗത്തിന്റെ തീവ്രത ഡോക്ടര്‍മാര്‍ പൊതുവേ രോഗിയോട് നേരിട്ട് പറയാറില്ലല്ലോ. എന്നെ അറിയാവുന്ന സുധ ഡോക്ടറോട് പറഞ്ഞു.
'സാരമില്ല ഡോക്ടര്‍, എന്തായാലും കേണല്‍ സുരേന്ദ്രനോട് തന്നെ പറഞ്ഞേക്കൂ'.
വിഷയം എങ്ങനെ അവതരിപ്പിക്കണം എന്ന് സംശയിച്ച ഡോക്ടര്‍ക്ക് ധൈര്യം കിട്ടി. അവര്‍ പറഞ്ഞു.
'ബയോപ്‌സി റിപ്പോര്‍ട്ട് വന്നു. റിസല്‍ട്ട് പോസിറ്റീവ് ആണ്'

എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്ന ഡോക്ടറെ, ഞങ്ങളുടെ പ്രതികരണം അത്ഭുതപ്പെടുത്തി എന്ന് തോന്നി. ഞങ്ങളുടെ രണ്ടുപേരുടെയും മുഖഭാവത്തില്‍ വലിയ വ്യത്യാസമൊന്നും ഡോക്ടര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. എല്ലാവരും ഭയക്കുന്ന ക്യാന്‍സറിനെ ഞാനെന്റെ ജീവിതത്തിലെ മൂന്നാമത്തെ വെല്ലുവിളിയായി നേരിടാന്‍ തന്നെ തീരുമാനിച്ചു. കാരണം പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന് എന്റെ ജീവിതത്തിലൂടെ എനിക്ക് മറ്റുള്ളവരെ കാണിച്ചുകൊടുക്കണം. പക്ഷേ സുധ ആ സന്ദര്‍ഭത്തെ എങ്ങനെ നേരിട്ടു എന്ന് എനിക്ക് ഇന്നും അതിശയമാണ്. ജനലിലൂടെ രണ്ടുപേരും കുറെ നേരം വെളിയിലേക്ക് നോക്കി നിന്നു. ചിലപ്പോള്‍ അവള്‍ ഞാന്‍ കാണാതെ കരയുന്നുണ്ടായിരിക്കും. അല്ലെങ്കില്‍ എല്ലാം ഉള്ളില്‍ ഒതുക്കി വിങ്ങിപ്പൊട്ടുന്നുണ്ടാകും. അതുമല്ലെങ്കില്‍ ഞാന്‍ ഇതിനെയും അതിജീവിക്കും എന്നുള്ള ആത്മവിശ്വാസം അവളില്‍ വന്നുകാണും. 

സുഹൃത്ത് പ്രകാശന്‍ സാബ് ആശുപത്രിയില്‍ എന്നെ സന്ദര്‍ശിച്ചു പോയതേ ഉണ്ടായിരുന്നുള്ളൂ. റെയില്‍വേ സ്റ്റേഷനില്‍ എത്തിയതേയുള്ളൂ. ആദ്യമായി ഞാന്‍ ഈ വിവരം പറയുന്നത് പ്രകാശന്‍ സാബിനോടാണ്. എത്രതന്നെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അന്ന് രാത്രി രണ്ടുപേരും ഉറങ്ങിയിട്ടില്ലെന്ന് തന്നെയാണ് തോന്നുന്നത്. ഇതുവരെ ശ്രദ്ധയില്‍പ്പെടാതിരുന്ന, ഹോസ്പിറ്റലിലെ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്നും 24 മണിക്കൂറും വരുന്ന ശബ്ദം വല്ലാത്ത അരോചകത്വം ഉണ്ടാക്കി. എന്റെ വലതുകൈ നേരത്തെ തന്നെ ചലനമറ്റതാണല്ലോ. ഇടതു കൈയില്‍ 'കാനൂല' ഇട്ട് പലപ്പോഴുമായി മരുന്ന് കയറ്റുന്നുണ്ടായിരിക്കും. കൂടാതെ ശരീരത്തിനുള്ളില്‍ നിന്നും ഒരു പൈപ്പ് പുറത്തേക്ക് ദ്രാവകം ശേഖരിക്കാനായി ഘടിപ്പിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഓക്‌സിജന്‍ മാസ്‌ക് വെച്ച് അതിലൂടെ എന്തോ ശ്വസിപ്പിക്കാന്‍ തരും. ഒന്ന് ചെരിഞ്ഞ് കിടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. കണ്ണ് തുറക്കുമ്പോള്‍ ഒക്കെ തലക്കു മുകളില്‍ തൂങ്ങി കിടക്കുന്ന സീലിംഗ് ഫാന്‍ സന്തതസഹചാരി എന്നപോലെ എപ്പോഴുമുണ്ടാകും. 

നാല് ചുമരുകള്‍ക്കുള്ളിലെ ബന്ധിക്കപ്പെട്ട ഈ ജീവിതം മടുത്തുതുടങ്ങി. രണ്ടുപേരുടെ ഫോണിലും നിര്‍ത്താതെയുള്ള വിളികള്‍. അതില്‍ നാട്ടില്‍ കാണുമ്പോള്‍ വെറും ഒരു ചിരിയില്‍ മാത്രം ഒതുക്കുന്ന പരിചയക്കാരുടെ വരെ വിളിയായി. അവര്‍ക്ക് പെട്ടെന്നുണ്ടായ സ്‌നേഹംകൊണ്ടൊന്നുമല്ല. വൈകാരികമായ ഒരു വാര്‍ത്തയുടെ സ്ഥിരീകരണം അറിയാനും അത് മറ്റുള്ളവരിലേക്ക് കൈമാറാന്‍ കൂടുതല്‍ ആധികാരികത വരുത്താനുമാണ്. ഒരു അവസരത്തില്‍ മൊബൈല്‍ ഫോണിലെ റിങ്ട്യൂണുകള്‍ പോലും മടുത്ത്, മറ്റൊരു ട്യൂണിലേക്ക് മാറ്റേണ്ടിവന്നു. പിന്നെ കാണാന്‍ വരുന്നവരുടെ ചോദ്യമായി 'മകനെ അറിയിച്ചിട്ടില്ലേ, അവന്‍ വരുന്നില്ലേ'. ഞാന്‍ അടുത്ത് തന്നെ മരിക്കാന്‍ പോവുകയാണെന്നും അവരൊക്കെ അതിനുമുമ്പ് വന്ന് കണ്ടോട്ടെ എന്നൊക്കെയാണ് ആ സംസാരത്തിലെ അര്‍ഥം. 

ഹോസ്പിറ്റലിന്റെ ഏഴാം നിലയിലെ കട്ടിലില്‍ കിടന്നുകൊണ്ട് തലമാത്രം ചെരിച്ച് ജനലിനുള്ളിലൂടെ താഴത്തേക്ക് നോക്കുമ്പോള്‍, വെള്ള വസ്ത്രം ധരിച്ച് ഡ്യൂട്ടിയിലേക്ക് വരികയും പോവുകയും ചെയ്യുന്ന നഴ്‌സുമാരും, കൂട്ടമായി പോകുന്ന നഴ്‌സിങ്ങിന് പഠിക്കുന്ന കുട്ടികളും. പൂന്തോട്ടത്തിലെ ഇരിപ്പിടങ്ങളിലും മരച്ചുവട്ടിലും ഇരുന്നുകൊണ്ട് തന്റെ ഉറ്റവര്‍ക്കുള്ള ചികിത്സാചെലവിനു വേണ്ടിയുള്ള പണത്തിന്റെയോ, അതല്ല രക്തത്തിന്റെയോ ഏര്‍പ്പാട് ചെയ്യുന്ന ബന്ധുക്കള്‍. കൈയില്‍ ഭക്ഷണപ്പൊതിയും ചായയുടെ ഫ്‌ളാസ്‌ക്കുമായി നീങ്ങുന്ന മറ്റ് ചിലര്‍. ജനക്കൂട്ടത്തിന്റെ ആ ഒഴുക്കിലെ ഒരു അംഗമാകാന്‍ ആഗ്രഹിച്ചുപോയി.

കാൻസര്‍ സാധാരണയായി നേരിട്ട് ശ്വാസകോശത്തില്‍ വരാറില്ലെന്നും, മറ്റെവിടെയെങ്കിലും വന്ന കാന്‍സര്‍ അത് ശ്വാസകോശത്തിലേക്ക് വ്യാപിച്ചതായിരിക്കാം എന്നും, അതുകൊണ്ട് ഇനിയും പല ടെസ്റ്റുകളും ചെയ്യേണ്ടതുണ്ട് എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കാൻസറിന്റെ സ്റ്റേജും മറ്റുമറിയാന്‍ വീണ്ടും പല ടെസ്റ്റുകളും നടത്തി. പെറ്റ് സ്‌കാന്‍ ചെയ്തതിനുശേഷവും എന്‍ഡോസ്‌കോപ്പിയും, കൊളോണോസ്‌കോപ്പിയും ഒക്കെ ചെയ്തു. അതിന്റെ ആവശ്യകത ഉണ്ടായിരുന്നവോ എന്ന് ഞാന്‍ പിന്നീട് പലപ്പോഴും സംശയിച്ചിട്ടുണ്ട്. ഒരാഴ്ചയോളം ഒരു ചികിത്സയും നടത്താതെ റിപ്പോര്‍ട്ട് വരാനുണ്ട് എന്നും പറഞ്ഞു അവിടെത്തന്നെ കിടത്തി. പിന്നീടാണ് അറിഞ്ഞത്, ഹോസ്പിറ്റലിലെ  റിപ്പോര്‍ട്ട് പരിശോധിക്കുന്ന യന്ത്രം തകരാറിലാണെന്ന്. കാര്യങ്ങള്‍ ഞങ്ങളില്‍ നിന്നും മറച്ചുവെച്ച് വെറുതെ കിടത്തിയത് കാരണം ഹോസ്പിറ്റലിനോടുള്ള ഞങ്ങളുടെ വിശ്വസ്തത നഷ്ടപ്പെട്ടു. ഞങ്ങളുടെയും കൂട്ടുകാരുടെയും നിര്‍ബന്ധപ്രകാരം ഞങ്ങള്‍ വാശിപിടിച്ച് കൊച്ചിയിലെ മറ്റൊരു പ്രമുഖ ഹോസ്പിറ്റലിലേക്ക് നിര്‍ബന്ധപൂര്‍വം ട്രാന്‍സ്ഫര്‍ വാങ്ങി. കോഴിക്കോട്ടെ ഡോക്ടര്‍മാര്‍ക്ക് അതൊരു അപമാനമാകുമെന്ന് കരുതി അവര്‍ ട്രാന്‍സ്ഫര്‍ തരാന്‍ കുറെ മടിച്ചു. രോഗി ചിലപ്പോള്‍ ജീവനോടുകൂടി കൊച്ചി ഹോസ്പിറ്റല്‍ വരെ എത്തില്ല എന്നുപോലും അവരെന്റെ കൂട്ടുകാരോട് പറഞ്ഞു. 

വയറിനുള്ളില്‍ ദ്വാരമുണ്ടാക്കി നെഞ്ചിലേക്ക് കടത്തിയ പൈപ്പും അതിന്റെ മറ്റേ അറ്റത്ത് ഇറ്റിറ്റ് വീഴുന്ന ലായനിയെ  ശേഖരിച്ചു കൊണ്ടുള്ള പ്ലാസ്റ്റിക് കുപ്പിയും ചേര്‍ത്ത് പിടിച്ചുകൊണ്ട് എന്നെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കൊച്ചിയിലേക്ക് തിരിച്ചു. കാറിനെ റോഡരികിലേക്ക് മാറ്റി, ചൂളമിട്ട് വരുന്ന ആംബുലന്‍സുകള്‍ക്ക് എന്നും വഴി കൊടുത്തിരുന്ന ഞാന്‍ ഇന്ന് സ്വയം ഒരു ആംബുലന്‍സില്‍ പറക്കുകയാണ്. എനിക്കുവേണ്ടി വഴി മാറിനില്‍ക്കുന്ന ആളുകളെയും വാഹനങ്ങളെയും കാണാമായിരുന്നു. ഒരിക്കലും സ്വപ്നം കാണാത്ത ഒരു ജീവിതമാണ് കഴിഞ്ഞ രണ്ടാഴ്ചയായി ജീവിക്കുന്നത്. സുധയെ കൂടാതെ അനിയന്‍ രഞ്ജിത്തും കൂട്ടുകാരന്‍ രഘുവും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. കൊച്ചിയിലെ ഹോസ്പിറ്റലില്‍ എത്തുമ്പോഴേക്കും രാത്രി 11:00 മണി കഴിഞ്ഞിരുന്നു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുന്ന കമ്പനികളെ പോലെ, ട്രെയിനുകള്‍ വന്നും പോയും കൊണ്ടിരിക്കുന്ന തിരക്കുപിടിച്ച റെയില്‍വേ സ്റ്റേഷനുകളെ പോലെ, ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കൊച്ചിയില്‍ ജോലി ചെയ്യുന്ന സുധയുടെ ജ്യേഷ്ഠന്റെ മകന്‍ ശരത് രാത്രി തന്നെ ഹോസ്പിറ്റലില്‍ വന്നു. സുഹൃത്ത് അരുണ്‍ എറണാകുളത്തായിരുന്നതുകൊണ്ട് അതും ഒരാശ്വാസമായി. ഹോസ്പിറ്റലില്‍ രണ്ടുപേരുടെയും സാന്നിധ്യം പലപ്പോഴുമുണ്ടായി.

പ്രസവിച്ച സ്ത്രീ തന്റെ കുഞ്ഞിനെയുംകൊണ്ട് കിടക്കുന്നത് പോലെ ദ്രാവകം നിറയുന്ന എന്റെ ട്യൂബിനും കുപ്പിക്കും ഒരു അനക്കവും തട്ടാതെ ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ എപ്പോഴും കിടന്നു. ദിവസങ്ങള്‍ വെറുതെ നീങ്ങുകയാണ്. കാൻസറിന് വേണ്ട ചികിത്സ ഒന്നും തുടങ്ങിയില്ല. കോഴിക്കോട്ടെ ഹോസ്പിറ്റലില്‍ നിന്നും എടുത്ത ശരീരത്തിലെ കാന്‍സര്‍ കോശങ്ങളുടെ ഒരു 'ബ്ലോക്ക്' ടെസ്റ്റ് ചെയ്യാന്‍ വേണ്ടി ഹരിയാനയിലുള്ള ഗുഡ്ഗാവ് എന്ന് പറയുന്ന സ്ഥലത്തുള്ള 'കോര്‍ ലാബില്‍' അവര്‍ അയച്ചിരുന്നു. അതിന്റെ റിസള്‍ട്ട് വന്നത് കാണിച്ചപ്പോള്‍ വീണ്ടും ടെസ്റ്റുകള്‍ ചെയ്യേണ്ടതുണ്ട്, അതുകൊണ്ട് ബ്ലോക്ക് ഇങ്ങോട്ടേയ്ക്ക് വരുത്തണമെന്ന് ആവശ്യപ്പെട്ടു. കോഴിക്കോട് ഹോസ്പിറ്റലിനെക്കൊണ്ട് അത് തിരിച്ചു വരുത്താന്‍ സാധ്യമാകുന്നില്ലായിരുന്നു. അവസാനം നാട്ടിലുള്ള സുഹൃത്ത് രഘു ഇടപെട്ട്, അവന്റെ ഡല്‍ഹിയിലുള്ള മറ്റൊരു സുഹൃത്തിനെ ഏര്‍പ്പാടാക്കി, അദ്ദേഹം ഗുഡ്ഗാവില്‍ പോയി വാങ്ങി കൊറിയര്‍ വഴി കൊച്ചിയിലേക്ക് അയച്ചു. 

കൊച്ചിയിലുള്ള സുഹൃത്ത് അരുണ്‍ കൊറിയര്‍ കമ്പനിയുമായി ബന്ധപ്പെട്ട് അതെത്തിയ ഉടനെ രാവിലെ അഞ്ചുമണിക്കുതന്നെ വാങ്ങി എന്നെ ഏല്‍പ്പിച്ചു. അപ്പോഴേക്കും ഹോസ്പിറ്റലില്‍ നിന്നും എന്നെ ഡിസ്ചാര്‍ജ് ചെയ്ത് അവരുടെ തന്നെ ഗസ്റ്റ് റൂമില്‍ താമസിക്കുകയായിരുന്നു. ബ്ലോക്ക് കൊണ്ടുവന്ന് കാന്‍സര്‍  വിഭാഗത്തിലെ ഡോക്ടറെ കാണിച്ചപ്പോള്‍ അടുത്ത ടെസ്റ്റ് ചെയ്യാന്‍ വേണ്ടി ആ ബ്ലോക്ക് വീണ്ടും ഗുഡ്ഗാവിലേക്ക് തന്നെ അയക്കണം എന്ന് പറഞ്ഞു. ഞാന്‍ കരുതിയത് അടുത്ത ടെസ്റ്റ് കൊച്ചിയില്‍ തന്നെയാണ് നടക്കേണ്ടത് എന്നാണ്. ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ ബ്ലോക്ക് ഇങ്ങോട്ട് വരുത്താതെ അവിടെനിന്ന് തന്നെ അടുത്ത ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് വരുത്തിയേനെ. എന്തൊരു വിരോധാഭാസം. കാന്‍സര്‍ രോഗിയുടെ ക്ഷമ പരീക്ഷണം നടത്തുകയാണോ? വൈകുന്നേരത്തെ കൊറിയര്‍ വഴി വീണ്ടും കോശമടങ്ങിയ ബ്ലോക്ക് ഗുഡ്ഗാവിലേക്ക് അയച്ചു. റിസള്‍ട്ട് വരാന്‍ രണ്ടാഴ്ചയോളം എടുക്കുമെന്നും നാട്ടില്‍ പോയി വരാനും നിര്‍ദേശം കിട്ടി.

റിസള്‍ട്ട് മെയില്‍ വഴി കിട്ടിയതിന്റെ പിറ്റേന്ന് വീണ്ടും കൊച്ചിയിലേക്ക് പുറപ്പെട്ടു. ഡോക്ടറെ കണ്ടു. ഒരു ഇഞ്ചക്ഷന്‍ തന്നു. അടുത്ത മൂന്ന് ദിവസം കഴിഞ്ഞിട്ടേ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആയ കീമോതെറാപ്പി തുടങ്ങാന്‍ പറ്റൂ എന്ന് പറഞ്ഞു. ഞങ്ങള്‍ അവിടുത്തെ ഗസ്റ്റ് റൂമില്‍ തന്നെ താമസിച്ചു. അങ്ങനെ കാന്‍സര്‍ കണ്ടുപിടിച്ചതിന്റെ കൃത്യം ഒരു മാസത്തിനുശേഷം അതിന്റെ ചികിത്സ തുടങ്ങി. കാന്‍സര്‍ സെല്ലുകള്‍ ഒരു മാസംകൊണ്ട് ചെയ്യാവുന്നതൊക്കെ വീണ്ടും ചെയ്തുകാണും. പിന്നീട് ഓരോ മൂന്നാഴ്ച കൂടുമ്പോഴും കൊച്ചിയില്‍ പോയി കീമോതെറാപ്പി ചെയ്തിട്ട് വരണം. അങ്ങനെ ഒരു പ്രാവശ്യത്തെ കീമോതെറാപ്പി കഴിഞ്ഞു വന്നപ്പോള്‍ ഡിസ്ചാര്‍ജ് സ്ലിപ്പ് നോക്കിയപ്പോഴാണ് മറ്റൊരു കാര്യം കൂടി ബോധ്യമായത്. ഇതുവരെ ഡോക്ടര്‍മാരോട് എന്റെ കാന്‍സറിന്റെ സ്റ്റേജിനെ പറ്റി അന്വേഷിക്കുമ്പോഴൊക്കെ അവര്‍ കൃത്യമായ ഒരു ഉത്തരം തരുമായിരുന്നില്ല. ഇപ്പോള്‍ അതില്‍ എഴുതിയിരിക്കുന്നത് ഞാന്‍ വായിച്ചു. സ്റ്റേജ് 4. 

ഒന്ന് ഞെട്ടിയെങ്കിലും തളര്‍ന്നില്ല. ദുര്‍ബലനായ ശത്രുവിനെ തോല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലത് ശക്തനായ ശത്രുവിനോട് മല്ലിട്ട് ജയിക്കുന്നതാണ് എന്ന് ഞാന്‍ തീരുമാനിച്ചു. കാരണം എനിക്ക് ഒരു അസുഖം മാറി വരിക എന്നതിലുപരി ഞാന്‍ അതിനെ മാറ്റിയെടുത്ത രീതി, മറ്റുള്ളവര്‍ക്ക് വെല്ലുവിളികളെ നേരിടാനുള്ള ഒരു പ്രചോദനം ആയിരിക്കണം. ഞാന്‍ നാലാം സ്റ്റേജ് കാന്‍സറിലാണ് ഉള്ളതെന്ന് എന്റെ കൂട്ടുകാര്‍ക്കൊക്കെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ഇതവരോട് പറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും കണ്ടില്ല. നാല് കീമോതെറാപ്പി കഴിഞ്ഞ് സി.ടി. സ്‌കാന്‍ എടുത്ത് നോക്കിയപ്പോള്‍ ഒരു വ്യത്യാസവും കണ്ടില്ല. പിന്നീട് പശ്ചാത്തപിക്കേണ്ട എന്നും ഒരു വിദഗ്ധ അഭിപ്രായം കൂടി നേടാം എന്നും കരുതി ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാന്‍സര്‍ ഹോസ്പിറ്റലായ, ബോംബെയിലെ ടാറ്റ മെമ്മോറിയല്‍ ക്യാന്‍സര്‍ ഹോസ്പിറ്റലില്‍ പോകാം എന്ന് തീരുമാനിച്ചു.

ബോംബെയിലും പല ടെസ്റ്റുകളും നടന്നു. രണ്ടുപ്രാവശ്യം ഗുഡ്ഗാവില്‍ അയച്ച ബ്ലോക്ക് ഇപ്പോള്‍ കൈയില്‍ തന്നെയുണ്ട്. പക്ഷേ അത് വെളിയില്‍ സൂക്ഷിച്ചത് കാരണം കൊണ്ടോ മറ്റോ അതില്‍ നിന്നും വിചാരിച്ച റിസള്‍ട്ട് കിട്ടിയില്ല. ശ്വാസകോശത്തില്‍ പൈപ്പുകള്‍ കടത്തി വീണ്ടും കോശങ്ങള്‍ ശേഖരിച്ചു. ഏതായാലും ഞാന്‍ ഒരു പരീക്ഷണവസ്തുവായി കഴിഞ്ഞു. കീമോതെറാപ്പിയിലെ മരുന്നുകളില്‍ മാറ്റം വരുത്തിയെങ്കിലും ഓരോ മൂന്നാഴ്ചയിലും കീമോതെറാപ്പി തുടരാന്‍ തന്നെ നിര്‍ദേശിച്ചു. ശ്രീരാഗിന്റെ ഭാര്യാപിതാവ് കുട്ടികൃഷ്ണനും കുടുംബവും ബോംബെയില്‍ തന്നെയായിരുന്നതുകൊണ്ട് എന്റെ കാര്യങ്ങളൊക്കെ എളുപ്പമായി. പോകുമ്പോഴൊക്കെ അവിടെയാണ് താമസിക്കാറ്. കൂടാതെ അദ്ദേഹം അവിടുത്തെ ഒരു പൗരപ്രമാണിയും എല്ലാവരുമായും നല്ല ബന്ധത്തിലുമാണ്. ആളുകളെ പരിചയപ്പെടാനും അവരെ കൈയിലെടുക്കാനും വളരെ സമര്‍ത്ഥനാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഹോസ്പിറ്റലിലും അധികം കാത്തിരിക്കേണ്ടി വരാറില്ല. 

ഓരോ തരത്തില്‍ പെട്ട കാന്‍സറിനും ഓരോ ഒ.പി.ഡി. ആണ്. അതിരാവിലെ തുടങ്ങുന്ന ഒ.പി.ഡി. വൈകുന്നേരം ഏറെ വൈകിയേ അവസാനിക്കൂ. രോഗികളുടെ ആധിക്യം കാരണം ഒ.പി.ഡി.ക്ക് മുന്നില്‍ കാത്തിരിക്കുന്ന രോഗികള്‍ക്ക് ഇരിക്കാന്‍ പോലും സ്ഥലം കിട്ടാറില്ല. ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഓരോ സ്റ്റേഷനിലും ഇറങ്ങുന്ന യാത്രക്കാരുടെ കാലിയാകുന്ന സീറ്റിനെ ലക്ഷ്യമാക്കി നില്‍ക്കുന്നതുപോലെയാണ് ഇവിടെ ഡോക്ടറെ കാണാന്‍ പോകുന്ന രോഗികളുടെ സീറ്റിനുവേണ്ടി കാത്തിരിക്കുന്നത്. കൂടെ വന്ന ആളുടെ കാര്യം പറയുകയേ വേണ്ട. ഒഴിവ് ഇല്ലാത്തത് കാരണം എന്റെ ആദ്യത്തെ കീമോതെറാപ്പി ചെയ്തത് ബോംബെയില്‍ മറ്റൊരിടത്ത് പുതുതായി തുടങ്ങിയ ഇവരുടെ വേറൊരു ഹോസ്പിറ്റലിലാണ്.

ജീവിതം ജീവിച്ച് തുടങ്ങിയിട്ട് പോലും ഇല്ലാത്ത മൂന്നും നാലും വയസ്സുള്ള, തല മുണ്ഡനം ചെയ്ത കുട്ടികളെയും എടുത്തുകൊണ്ടുള്ള അവരുടെ അമ്മമാര്‍, ഓരോ കീമോതെറാപ്പി കഴിയുമ്പോഴും അത് തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കിയ കുട്ടികള്‍, ആര് ചെയ്ത പാപത്തിന്റെ പ്രതിഫലമാണ് ഇത് എന്ന് പലപ്പോഴും ചോദിച്ചുപോകും. തല മൊട്ടയടിച്ചതും തുണികൊണ്ട് മറച്ച് വെച്ചതും വിഗ്ഗ് ധരിച്ചവരും  തൊപ്പിയിട്ടതുമായ കുറെ സ്ത്രീകളും പുരുഷന്മാരും. പലരും വീല്‍ചെയറില്‍ തന്നെയാണ്. ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയോടുകൂടി ഇതുവരെ സമ്പാദിച്ചത് കൂടാതെ, ഉള്ള സ്വത്തും വിറ്റ്, അച്ഛനെയും അമ്മയെയും ചികിത്സിക്കുന്ന മക്കള്‍. അവസാനം രണ്ടുമില്ലാതെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്കുള്ള യാത്ര. മരിച്ച അച്ഛന്റെ ബാക്കി വന്ന മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ തിരിച്ചേല്‍പ്പിച്ച്, കിട്ടുന്ന പണംകൊണ്ട് നാട്ടിലേക്ക് തിരിച്ച് പോകാന്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്ന മകള്‍. ചിലര്‍ ഓക്‌സിജന്‍ മാസ്‌കിലാണെങ്കില്‍ മറ്റു ചിലരുടെ മൂക്കിലൂടെയും വായിലൂടെയും ഉള്ള ട്യൂബുകളില്‍. 

ജീവിതത്തിന്റെ രണ്ട് മുഖങ്ങള്‍. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണത്തിന് സ്വാദ് പോരെന്ന് പറഞ്ഞ് ഭാര്യയോട് വഴക്കിടുന്ന ഭര്‍ത്താക്കന്മാരും, അമ്മയോട് വഴക്കിടുന്ന മക്കളുമാണ് ഒരു വശത്തെങ്കില്‍, എന്ത് ഭക്ഷണം ആയാലും ശരി, അത് മൂക്കിനുള്ളിലൂടെ കടത്തിവിടുന്ന ട്യൂബിനുള്ളിലെ ദ്രാവക ഭക്ഷണത്തിനു പകരം സ്വന്തം വായ വഴി കഴിക്കാനുള്ള കഴിവിന് വേണ്ടി മാത്രം പ്രാര്‍ഥിക്കുന്ന ചിലര്‍ മറുവശത്ത്. ഇത് വെറും ഒ.പി.ഡി.യിലെ കാഴ്ചയാണ്. സ്വന്തമായി ഒന്ന് എഴുന്നേറ്റ് ഇരിക്കാനും ഒന്ന് ചെരിഞ്ഞ് കിടക്കാനും കഴിയുന്നത് തന്നെ ഏറ്റവും വലിയ ആഡംബരജീവിതമായി സ്വപ്നം കാണുന്ന കുറെ പേര്‍ വാര്‍ഡിലും ഉണ്ട്. ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്, നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാകണമെങ്കില്‍ ഒരു ജയില്‍, ഒരു ഭ്രാന്താശുപത്രി, ഒരു ക്യാന്‍സര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഒരു പ്രാവശ്യമെങ്കിലും സന്ദര്‍ശിക്കേണ്ടതുണ്ട് എന്ന്. എനിക്ക് തോന്നുന്നത് കുറഞ്ഞപക്ഷം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വേണ്ടി കൊല്ലും കൊലയും നടത്തുന്നവരെ എങ്കിലും നിര്‍ബന്ധമായും ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കാണിക്കണം. ഇവിടെ ഒരു ജീവന്‍ രക്ഷിച്ചെടുക്കാന്‍ വേണ്ടി എത്രമാത്രം കഷ്ടപ്പെടുമ്പോഴാണ് നമ്മുടെ നാട്ടില്‍ മിനിറ്റുകള്‍ക്കകം ഒരു ജീവന്‍ വെട്ടിക്കുത്തി നശിപ്പിക്കുന്നത്.

അങ്ങനെ ഓരോ മൂന്നാഴ്ച കൂടുമ്പോഴും ഞാനും സുധയുംകൂടി ബോംബെയിലേക്കുള്ള പോക്ക് പതിവാക്കി. ആ സമയത്താണ് കോവിഡ് 19 അഥവാ കൊറോണ എന്ന മഹാരോഗം ലോകത്തെ കീഴടക്കിയത്. അതെനിക്ക് വെല്ലുവിളിയുടെ മേലെ മറ്റൊരു വെല്ലുവിളിയായിരുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യംതന്നെ നിയന്ത്രിച്ചിരുന്ന ഒരു സമയത്ത് പ്രതിരോധശക്തി നഷ്ടപ്പെട്ട കുറേ രോഗികളുള്ള ഒരു ഹോസ്പിറ്റലില്‍ ഇതുപോലെയുള്ള എനിക്കും ഇടയ്ക്കിടയ്ക്ക് പോകേണ്ടിവരുന്നു. ആ ഒരു കാലയളവ് ഞാന്‍ എത്രത്തോളം ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടിയാണ് കൈകാര്യം ചെയ്തതെന്ന് എനിക്കേ അറിയൂ. ശ്വാസകോശ രോഗികള്‍ എത്രയും ശ്രദ്ധിക്കേണ്ട ഒരു അസുഖമായിരുന്നു കോവിഡ്. ശ്വാസകോശ കാന്‍സറിനെ ഇത്രയും പിടിച്ചുനിര്‍ത്തിയ ഞാന്‍ കോവിഡ് വന്ന് മരിക്കരുത്. ദിവസവും രണ്ടുനേരം 'ഗാര്‍ഗ്ലിംഗ്' 'സ്റ്റീമിംഗ്' തുടങ്ങിയ കാര്യങ്ങള്‍ നിര്‍ത്താതെ ഒരു വര്‍ഷത്തോളം ചെയ്തു. 

വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്കയും ചെറുനാരങ്ങയും അതുകൂടാതെ മഞ്ഞളും ഇഞ്ചിയും ചേര്‍ത്ത വെള്ളം ദിവസേനയുള്ള ആഹാരത്തിന്റെ ഭാഗമാക്കി. പുറത്തുപോയി വന്നാല്‍ ഞാനും കുട്ടികൃഷ്ണനും തുണികള്‍ എല്ലാം അണുവിമുക്തമാക്കി നന്നായി സോപ്പിട്ട് കുളിച്ചതിനുശേഷം മാത്രമേ മറ്റ് പ്രവര്‍ത്തികളിലേക്ക് കടന്നിരുന്നുള്ളൂ. കൈവിട്ടാല്‍ പോയി. കോവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്ന പോലീസുകാരും, ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ പോലും കോവിഡ് വന്ന് മരിക്കാന്‍ തുടങ്ങി. കോവിഡിന് മാത്രമായി പ്രത്യേക വാര്‍ഡുകള്‍ രൂപപ്പെട്ടു. മുമ്പൊക്കെ കീമോതെറാപ്പി കഴിഞ്ഞ് വരുമ്പോള്‍ മുഖത്ത് മാസ്‌ക് വെച്ചിരിക്കുന്നത് കാണുമ്പോള്‍ ആളുകള്‍ എന്നെ തന്നെ നോക്കുമായിരുന്നു. ഇന്ന് ആരെങ്കിലും ഒരാള്‍ മാസ്‌ക് ഇല്ലാതെ നടക്കുമ്പോള്‍ എല്ലാവരും അദ്ദേഹത്തെ ആണ് നോക്കുന്നത്. പ്രകൃതി സൃഷ്ടിച്ച മറ്റൊരു വിരോധാഭാസം.

ഒരു പ്രാവശ്യം ബോംബെയിലേക്ക് ട്രീറ്റ്‌മെന്റിന് പോകുമ്പോള്‍ കുട്ടികൃഷ്ണനും ഭാര്യയും നാട്ടിലായിരുന്നതുകൊണ്ട് സുധയെ കൂട്ടാതെ അവരുടെ കൂടെ ഞാന്‍ ബോംബെയിലേക്ക് വന്നു. അന്നാണ് ആദ്യത്തെ 'ലോക്​ഡൗണ്‍' തുടങ്ങിയത്. സ്റ്റേഷനുകളില്‍ നിന്നും പുറപ്പെട്ട ട്രെയിനുകള്‍ മാത്രം ഓടാന്‍ അനുമതി. ബോംബെയിലെ വിശാലമായ പന്‍വല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ എങ്ങും ശമ്ശാനമൂകത മാത്രം. വിശാലമായ, എന്നാല്‍ ഇന്ന് വിജനമായ സ്റ്റേഷന്‍. കുറെ പോലീസുകാരും കുറച്ച് ആരോഗ്യ പ്രവര്‍ത്തകരും അടങ്ങുന്ന സംഘം മാത്രം. കാലിയായ ടിക്കറ്റ് കൗണ്ടറിന് പകരം റെയില്‍വേ സ്റ്റേഷന് മുന്നില്‍ നീണ്ടനിര. ട്രെയിന്‍ ഇറങ്ങുന്നവരുടെ വിശദവിവരങ്ങളും മൊബൈല്‍ നമ്പറും എഴുതിയെടുത്ത് ശരീര ഊഷ്മാവ് കൂടി അളന്നതിനുശേഷമേ പുറത്തേക്ക് വിട്ടുള്ളൂ. വീടുകളിലേക്ക് പോകുന്ന വഴിയും കടകളുമെല്ലാം അടഞ്ഞുകിടക്കുന്നു. ഏതാനും ദിവസത്തേക്ക് തുടങ്ങിയ ലോക്ഡൗണ്‍ പിന്നീട് അനിശ്ചിതമായി നീട്ടി. ട്രീറ്റ്‌മെന്റിനുശേഷം തിരിച്ചുവരാന്‍ ബുക്ക് ചെയ്ത ഫ്‌ളൈറ്റ് കൂടി കാന്‍സലായി. രാജ്യം നിശ്ചലമായപ്പോള്‍ ഞാനും ബോംബെയില്‍ തന്നെ കുടുങ്ങി.

രോഗത്തെയും ചികിത്സയെയും നേരിടുന്ന ചില രോഗികളുടെ മനോഭാവം ഡോക്ടര്‍മാര്‍ക്ക് നന്നായി ഇഷ്ടമാകും. അങ്ങനെ ഒരു പ്രാവശ്യത്തെ കീമോതെറാപ്പിക്ക് പോയപ്പോള്‍, ശ്വാസകോശ കാന്‍സറിന്റെ വകുപ്പ് തലവനായ ഡോക്ടര്‍ കുമാര്‍ പ്രഭാഷ്, അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധീകരിക്കുന്ന അവരുടെ ഒരു മാസികയില്‍ എന്റെ ഹോസ്പിറ്റല്‍ അനുഭവം എഴുതാന്‍ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ അവരുടെ 'കാന്‍സര്‍ റിസര്‍ച്ച് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ട്രീറ്റ്‌മെന്റ്' എന്ന ബുക്കില്‍ ഞാന്‍ ആദ്യമായൊരു ലേഖനം എഴുതി. ഈ പുരോഗമനയുഗത്തില്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ ആരായാലും നമ്മുടെ അസുഖത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ 'ഗൂഗിളില്‍' തിരയുക സാധാരണമാണ്. അങ്ങനെ നോക്കിയപ്പോള്‍ ഞാനും മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. 

സ്റ്റേജ് 4 ശ്വാസകോശ കാന്‍സറുമായിട്ട് ഏറ്റവും കൂടുതല്‍ ജീവിച്ചവര്‍ അഞ്ച് വര്‍ഷം വരെയാണ്. അതും രണ്ടോ മൂന്നോ ശതമാനം മാത്രമാണ്. ആ ലേഖനത്തില്‍ ഞാനെഴുതി. ഇതുവരെയുള്ള ചികിത്സാരീതി പ്രകാരം സ്റ്റേജ് 4 ശ്വാസകോശ കാന്‍സറുമായി അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ആരും ജീവിച്ചിട്ടില്ലെന്നും എന്നാല്‍ എന്റെ ഏക ലക്ഷ്യം ആ അഞ്ചുവര്‍ഷം കടത്തുക എന്നതാണെന്നും. കാരണം ഇത് കേണല്‍ സുരേന്ദ്രനാണ്. എന്നെ തോല്‍പ്പിക്കാന്‍ എനിക്ക് മാത്രമേ കഴിയൂ എന്ന ആത്മവിശ്വാസം എന്നും ഞാനെന്റെ കൂടെ കൊണ്ടുനടക്കുന്നുണ്ട്. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ജയില്‍പുള്ളികള്‍ രാഷ്ട്രപതിയുടെ ദയാഹരജിക്കായി കാത്തിരിക്കുന്നത് പോലെ ഞാന്‍ അവിടുത്തെ രോഗികളെ നോക്കി കണ്ടു. ഞാന്‍ അതിനിടയില്‍ എനിക്ക് ക്യാന്‍സര്‍ വരാനുണ്ടായ കാരണംകൂടി കണ്ടെത്തി. അതുകൂടി ഞാന്‍ എന്റെ ലേഖനത്തില്‍ ഉള്‍പ്പെടുത്തി.

ഇനി ഞാന്‍ വിശ്വസിക്കുന്ന, എനിക്ക് ക്യാന്‍സര്‍ വരാനുണ്ടായ കാരണം ഇവിടെ വിശദീകരിക്കട്ടെ. എന്റെ അസുഖത്തിന്റെ മൂലകാരണം ശാരീരികമല്ല മാനസികമാണ് എന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും? മിക്കവാറും എല്ലാ അസുഖങ്ങള്‍ക്കും കാരണം മാനസികമാണ് എന്ന് ആയുര്‍വേദം അംഗീകരിക്കുന്നുണ്ട്. പക്ഷേ അലോപ്പതി ഇന്നും അതില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് പറയുന്നത്. പേടിച്ചിട്ട് പനി വന്നു എന്ന് ഞങ്ങള്‍ പറയാറില്ലേ. അര്‍ദ്ധരാത്രിയില്‍ ശ്മശാന ഭൂമിക്കരികിലൂടെ വന്ന ഒരാള്‍ അവിടെ ഒരു രൂപം കാണുന്നു. കഥകളില്‍ നിന്നും കേട്ട് പഠിച്ച പ്രേതം, ഭൂതം എന്ന സങ്കല്‍പ്പികഥ അയാളുടെ മനസ്സില്‍ എത്തുന്നു. എങ്ങനെയൊക്കെ ഓടിച്ചാടി വീട്ടിലെത്തിയ  അയാള്‍ പിറ്റേന്ന് മുതല്‍ പനിച്ചു കിടക്കുന്നു. ഒരു വൈറസോ ബാക്ടീരിയോ പ്രവേശിക്കാതെയാണ് അയാള്‍ക്ക് അസുഖം വന്നിരിക്കുന്നത്. ഇതുതന്നെയാണ് ഞാന്‍ പറഞ്ഞ മാനസികം. അമിതമായ സമ്മര്‍ദത്തിലൂടെയും ചിന്തയിലൂടെയും വിഷാദരോഗം വന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. കാമുകിമാരാലും കാമുകന്മാരായാലും വഞ്ചിതരായി ഭ്രാന്ത് പോലും വന്ന ചെറുപ്പക്കാരെ കണ്ടിട്ടുണ്ട്. ഇതൊക്കെ നമ്മുടെ മനസ്സിന്റെ വ്യതിയാനങ്ങള്‍കൊണ്ട് സംഭവിക്കുന്നതാണ്. അവിടെയാണ് ഞാന്‍ എന്നെ വിലയിരുത്തിയത്. കാരണം പ്രതീകാത്മകമായ ഒരു ആരോഗ്യജീവിതമായിരുന്നു ഞാന്‍ നയിച്ചിരുന്നത്. 

ആത്മകഥയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം.

ഒരു ദിവസം കുറഞ്ഞത് 10000 ചുവട് നടക്കും. ദിവസവും ജിമ്മില്‍ പോകും. സൗകര്യമുള്ളിടത്ത് ആണെങ്കില്‍ സ്വിമ്മിംഗ് ചെയ്യും. ഒരു കൈകൊണ്ട് സൈക്കിളിങ് ചെയ്യുമായിരുന്നു. കഴിഞ്ഞ 16 വര്‍ഷമായി യോഗയും പ്രാണയാമവും ചെയ്യുന്നുണ്ട്. മദ്യപാനമോ പുകവലിയോ ഒരിക്കലും തുടങ്ങിയിട്ടില്ല. ആരോഗ്യ പരിപാലനത്തില്‍ മറ്റുള്ളവര്‍ക്ക് ഞാന്‍ ഒരു മാതൃകയായിരുന്നു. അങ്ങനെയുള്ള എനിക്കാണ് ശ്വാസകോശ ക്യാന്‍സര്‍ വന്നിരിക്കുന്നത് എന്നത് എന്നെ മാത്രമല്ല എന്റെ ചുറ്റുപാടുള്ളവരെയും അത്ഭുതപ്പെടുത്തി. അതുകൊണ്ടുതന്നെ, അതിന്റെ കാരണം കണ്ടെത്താന്‍ ഞാന്‍ തീരുമാനിച്ചു. പിന്നോട്ടുള്ള കണക്കുകൂട്ടല്‍ തുടങ്ങി. എന്റെ ശരീരത്തില്‍ വരാന്‍ തുടങ്ങിയ മാറ്റവും, അതിനോട് അനുബന്ധിച്ച സംഭവങ്ങളുമൊക്കെ ഞാന്‍ ആലോചിച്ച് കണ്ടെത്തി. അന്നത്തെ എന്റെ ശരീരത്തിന്റെ പ്രതിരോധശക്തി കൊണ്ടുതന്നെ, എനിക്ക് ക്യാന്‍സര്‍ വന്നപ്പോള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്നതുപോലെയുള്ള വലിയ ലക്ഷണങ്ങളൊന്നും കണ്ടില്ല. കിതപ്പിനൊപ്പം കുറച്ചുദിവസം കട്ടിയായ മഞ്ഞ നിറത്തിലുള്ള കഫം വന്നിരുന്നു. അത് തണുപ്പ് ബാധിച്ചതുകൊണ്ടായിരിക്കാം എന്ന് കരുതി സമാധാനിക്കുകയായിരുന്നു. ഈ സംഭവങ്ങളൊക്കെ കോര്‍ത്തിണക്കിയപ്പോഴാണ് മനസ്സിന് പ്രഹരമേല്‍പ്പിച്ച ആയിടെയുണ്ടായ ഒരു സംഭവം ഞാന്‍ ഓര്‍ത്തെടുത്തത്. നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലുമൊന്ന് അനിഷ്ടമായി സംഭവിച്ചാല്‍ അത് രണ്ട് മൂന്ന് ദിവസം മനസ്സില്‍ തന്നെ ഉരുണ്ടുകളിക്കും. അതെന്തുമായിക്കോട്ടെ. കൈയിലെ പണം നഷ്ടമായിക്കോട്ടെ, സ്വന്തം കാരണത്താല്‍ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും സംഭവിച്ചതിന്റെ പശ്ചാത്താപം ആകട്ടെ, നമ്മുടെ ഏതെങ്കിലും ഒരു തീരുമാനം കൊണ്ടുണ്ടായ മോശമായ ഫലംകൊണ്ടാവട്ടെ, സത്യസന്ധനായ ഒരാളെ കള്ളനെന്നും, ബ്രഹ്‌മചാരിയെ വ്യഭിചാരി എന്നും മുദ്രകുത്തപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഷമം ആകട്ടെ.  

വൈകാരിതകള്‍ക്ക് പെട്ടെന്ന് അടിമപ്പെടുന്ന സ്വഭാവമാണ് എന്റേത്. സര്‍വീസില്‍ ഉള്ളപ്പോള്‍ തന്നെയാണിത്. ഒരാള്‍ സൃഷ്ടിച്ച തമാശയില്‍ നിന്ന് ഉത്ഭവിച്ച ഒരു സംഭവം, മറ്റുള്ളവര്‍ ഏറ്റെടുത്ത് അതെന്റെ വ്യക്തിത്തത്തോടുള്ള ചോദ്യം ചെയ്യലായി മാറി. ചെറുപ്പകാലത്ത് അറിയാതെ ചെയ്തിരുന്ന ഒരു തെറ്റ്, പശ്ചാത്തപവും പേറി ഉപബോധമനസ്സില്‍ എവിടെയോ അടിച്ചമര്‍ത്തപ്പെട്ടിരുന്നത്, എന്റെ മനസ്സ് എങ്ങനെയോ ഇപ്പോഴത്തെ സംഭവമായി കൂട്ടിയിണക്കി. അത് കുറച്ചുദിവസം എന്റെ മനസ്സിലിരുന്നു വിങ്ങി പൊട്ടി. മനസ്സിന് സമ്മര്‍ദം സഹിക്കാന്‍ കഴിഞ്ഞില്ല. 'സ്ട്രസ്സ് ഹോര്‍മോണുകള്‍' എല്ലാം ഉണര്‍ന്നുപ്രവര്‍ത്തിച്ചു. എന്റെ ശരീരത്തിന്റെ 'ഡി.എന്‍.എ.' തന്നെ മാറ്റി മറിച്ചു. വിഷാദരോഗത്തിലേക്ക് പോവുകയാണോ എന്ന് സംശയിച്ചു. പക്ഷേ അത് എന്റെ ശരീരത്തില്‍ ഇങ്ങനെ ഒരു മാറ്റമാണ് വരുത്തിയത് എന്ന് പിന്നീടാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അങ്ങനെ ഞാന്‍ ഇന്ന് വഹിക്കുന്ന ഈ ക്യാന്‍സറിന്റെ കാരണം എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ മനപ്പൂര്‍വമല്ലാതെ ചെയ്ത തെറ്റിന്റെ ഫലമാണെന്ന് ഞാന്‍ പറയുമ്പോള്‍ എല്ലാവര്‍ക്കും അത് അംഗീകരിക്കാന്‍ കഴിയില്ല. പക്ഷേ എന്റെ ജഡ്ജി ഞാന്‍ തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ 'പോസ്റ്റ് ട്രോമാറ്റിക് ഡിസോഡര്‍ സിന്‍ഡ്രം' എന്നാണ് ഇതിനെ വിളിക്കാറ്. അതിനെപ്പറ്റി കൂടുതലൊന്നും ഞാനിവിടെ എഴുതുന്നില്ല.

ലോക്​ഡൗണില്‍ ഏകദേശം നീണ്ട 50 ദിവസം ഞാന്‍ കുട്ടികൃഷ്ണന്റെ വീട്ടില്‍ തന്നെ താമസിക്കേണ്ടി വന്നു. ലോക്കല്‍ ട്രെയിനുകളും ഇല്ലാതിരുന്നത് കാരണം പന്‍വലില്‍ നിന്നും കാറില്‍ തന്നെയാണ് ഹോസ്പിറ്റലില്‍ പോയി വന്നിരുന്നത്. റോഡില്‍ വാഹനങ്ങള്‍ കുറവായതുകൊണ്ട് വേഗത്തില്‍ എത്തുമായിരുന്നു. പോലീസ് ചെക്ക് പോസ്റ്റിലെല്ലാം ട്രീറ്റ്‌മെന്റിന്റെ പേപ്പറുകള്‍ കാണിച്ചാല്‍ മാത്രമേ കടത്തിവിടുകയുള്ളു. എന്നെ കണ്ടാല്‍ രോഗിയാണെന്നൊന്നും തോന്നില്ല. ചിലപ്പോള്‍ ടാറ്റാ ഹോസ്പിറ്റലിലേക്ക് എന്ന് പറയുമ്പോള്‍ തന്നെ ഞങ്ങള്‍ രണ്ടുപേരും അവിടുത്തെ സ്റ്റാഫ് ആണെന്ന് കരുതി നമ്മളെ തടഞ്ഞുനിര്‍ത്താറില്ല. മാര്‍ക്കറ്റുകള്‍ തുറക്കുന്നതിനും അടക്കുന്നതിനും ചില സമയങ്ങള്‍ ഉണ്ടായിരുന്നു. എവിടെയെങ്കിലും വഴിയില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കണ്ടാല്‍ അതും വാങ്ങിയാണ് വരാറ്. ബോംബെയിലെ ഫ്‌ളാറ്റിനുള്ളിലെ ലോക്​ഡൗണ്‍ ദിവസങ്ങള്‍ എങ്ങനെ ഉപയോഗപ്രദമാക്കണം എന്ന് ചിന്തിച്ചു. ജീവിതത്തിലെ ഒരു നിമിഷം പോലും വെറുതെ കളയാത്ത വ്യക്തിയാണ് ഞാന്‍. 

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കുറച്ചൊക്കെ എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുമായിരുന്നു. ടാറ്റാ ഹോസ്പിറ്റലിലെ മാസികയ്ക്കുവണ്ട ലേഖനം എഴുതിയത് ഈ സമയത്താണ്. പിന്നീട് 40 വര്‍ഷങ്ങള്‍ക്കു മുമ്പ് ചെയ്തിരുന്ന ചിത്രകലയിലേക്ക് വന്നു. കുട്ടികൃഷ്ണന്റെ തന്നെ ഒരു ഫോട്ടോ നോക്കി പെന്‍സില്‍കൊണ്ട് അതുപോലെ ഒരെണ്ണം വരച്ചുണ്ടാക്കി. അതും ആദ്യമായി ഇടതുകൈകൊണ്ട്. സൗന്ദര്യം കുറച്ച് കുറഞ്ഞു പോയെങ്കിലും കേവലം മോശമില്ലാതെ തന്നെ വരച്ചു. അവരുടെ വീട്ടില്‍ ഉണ്ടായിരുന്ന ചേതന്‍ ഭഗത്തിന്റെയും മറ്റും ചില ഇംഗ്ലീഷ് നോവലുകള്‍  വായിച്ചു. ഹോട്ടലുകളും ബേക്കറികളും സ്വീറ്റ് ഷോപ്പുകളും ഒന്നും തുറക്കാത്ത സമയം. കുട്ടികൃഷ്ണന്റെ മകന്‍ വരുണിന്റെ ജന്മദിനത്തില്‍ ഞാന്‍ തണ്ണിമത്തനില്‍ 'ഹാപ്പി ബര്‍ത്ത് ഡേ വരുണ്‍' എന്ന് കൊത്തിയെടുത്ത്  ഉണ്ടാക്കിയത് കേക്കിന് പകരമായി മുറിച്ചു. പിന്നീട് വിനോദം പാചകകലയിലേക്ക് നീങ്ങി. വരുണുമായി ചേര്‍ന്ന് ബട്ടര്‍ ചിക്കന്‍, കടായി ചിക്കന്‍, ചിക്കന്‍ ദോ പ്യാസ മാത്രമല്ല മറ്റ് മധുര വിഭവങ്ങളും യൂട്യൂബില്‍ നോക്കി ഞങ്ങളുണ്ടാക്കി. കുട്ടികൃഷ്ണന്റെ ഭാര്യ പ്രീതയുടെയും പണി എളുപ്പമായി.

കോവിഡ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്ത് സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ അനുമതിയോടുകൂടി അടിയന്തരമായ നീക്കങ്ങള്‍ അനുവദിച്ചു തുടങ്ങി. ആളുകളൊക്കെ കൂട്ടം ചേര്‍ന്ന്, വണ്ടികള്‍ വാടകയ്‌ക്കെടുത്ത് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കും ജമ്മുവില്‍ നിന്ന് ബോംബെയിലേക്കും ഒക്കെ പോയി തുടങ്ങി. ഏതെങ്കിലും വണ്ടി ബോംബെയില്‍ വരുന്നുണ്ടോ എന്നറിയാന്‍ നാട്ടില്‍ പലരുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് അറിയാന്‍ കഴിഞ്ഞത് കണ്ണൂര്‍ ഡി.എസ്.സി. സെന്ററില്‍, സര്‍വീസില്‍ നിന്നും വിരമിച്ചിട്ടും വീട്ടിലേക്ക് പോകാന്‍ പറ്റാതെ കുടുങ്ങിക്കിടക്കുന്ന കുറെ ജവാന്മാര്‍ മഹാരാഷ്ട്രയിലെ ദേവലാലി എന്ന സ്ഥലത്തേക്ക് ഒരു ടെമ്പോ ട്രാവലറുമായി വരുന്നുണ്ട് എന്നകാര്യം. നാട്ടിലേക്ക് പോകാനുള്ള അനുമതി വാങ്ങി, നാട്ടിലെ വണ്ടിയുടെ ഏജന്റുമായും വണ്ടി ഡ്രൈവറുമായും സംസാരിച്ച് വണ്ടി അവരെ വിട്ടുതിരിച്ചു പോകുന്ന സമയത്ത് ഞാന്‍ പുണെയില്‍ പോയി ആ വണ്ടിയില്‍ നാട്ടിലേക്ക് പോകാനുള്ള ഏര്‍പ്പാടുണ്ടാക്കി.

നാട്ടിലേക്ക് പോകാനുള്ള രണ്ട് മലയാളി നഴ്‌സുമാര്‍കൂടി അതില്‍ വരേണ്ടതായിരുന്നു. പക്ഷേ അവര്‍ക്ക് ബോംബെയില്‍ നിന്ന് പന്‍വേലിലേക്കോ പുണെയിലേക്കോ വരാന്‍ സാധിക്കാത്തത് കാരണം അവസാനം ഞാന്‍ മാത്രം ടെമ്പോ ട്രാവലറില്‍ പുണെയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു. കുട്ടികൃഷ്ണനും വരുണും ചേര്‍ന്ന് എന്നെ പുണെയില്‍ കൊണ്ടുവിട്ടിരുന്നു. കൈയില്‍ കുറേ ഫ്രൂട്‌സൊക്കെ കരുതിയിരുന്നു. വഴിയില്‍ ഹോട്ടലുകളും ഒന്നുമില്ലായിരുന്നു. ബോംബെയില്‍ നിന്നും നാട്ടിലേക്ക് വാടകയ്‌ക്കെടുത്ത ചില വാഹനങ്ങള്‍ വഴിയില്‍ കേടായിക്കിടക്കുന്നത് കണ്ടു. വഴിയില്‍ വര്‍ക്ക്‌ഷോപ്പുകളും ഇല്ല. റിക്കവറി ചെയ്യാനുള്ള വാഹനം ഇല്ല. എല്ലാറ്റിനും ഇരട്ടി പൈസയാണ് ഈടാക്കുന്നത്. കൊറോണ വൈറസ് ജനജീവിതത്തെ തകിടം മറിച്ചിരിക്കുന്നു. അങ്ങനെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഞാന്‍ നാട്ടില്‍ തിരിച്ചെത്തി.   

(തുടരും..... )