ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഔദ്യോഗിക ജോലിക്കായി സ്വന്തം നാട്ടിലേക്ക് വരുന്നത്. അതും വീട്ടില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെ. അതുകൊണ്ടുതന്നെ ഇത്രയും സന്തോഷകരമായ ഒരു പോസ്റ്റിങ് യാത്ര ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. കോഴിക്കോട്ടേയ്ക്കുള്ള വിമാനത്തിന്റെ സമയവും ശരിയായിരുന്നില്ല. അതുകൊണ്ട് ഞാന്‍ കോയമ്പത്തൂരിലേക്ക് ടിക്കറ്റ് എടുത്ത് അവിടെ അനുജത്തി സുരജയേയും കണ്ടിട്ട് ട്രെയിന്‍ വഴി കണ്ണൂരിലേക്ക് വരികയാണ് ചെയ്തത്. 

To advertise here,

വര്‍ഷങ്ങള്‍ക്കു മുമ്പ് നഗ്‌നപാദനായി ഹൈദരാബാദിലേക്ക് ട്രെയിന്‍ കയറിയ അതേ സ്റ്റേഷനില്‍ ഇന്ന് എല്ലാ ആഡംബരങ്ങളോടും കൂടി തന്നെ ട്രെയിന്‍ ഇറങ്ങി. ആര്‍മി ജിപ്‌സി റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിപ്പുണ്ടായിരുന്നു. സല്യൂട്ട് നല്‍കി അനുമതി ചോദിച്ചുകൊണ്ട് ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ആദ്യകാലങ്ങളില്‍ നടന്നും, ബസ്സിലും, പിന്നീട് ഓട്ടോയിലും അതുകഴിഞ്ഞ് സ്വന്തം കാറിലും സഞ്ചരിച്ചിരുന്ന വഴികളിലൂടെ ഇന്ന് ആദ്യമായി ഔദ്യോഗിക വാഹനത്തിലുള്ള യാത്ര. പരിചയക്കാര്‍ ആരെങ്കിലും വഴിയില്‍ കാണട്ടെ എന്ന് ആഗ്രഹിച്ചു. ജിപ്‌സി ഡി.എസ്.സി. സെന്ററിനെ ലക്ഷ്യമാക്കി നീങ്ങി. 36 വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്‍മിയില്‍ ചേരാനായി തന്റെ ഊഴവും കാത്ത് വെറും ഒരു അടിവസ്ത്രത്തില്‍ കുത്തിയിരുന്ന കോട്ടമൈതാനം ഒരു വശത്ത്. മറുവശത്തെ കവാടത്തില്‍, ഉയരം തിട്ടപ്പെടുത്താന്‍ കെട്ടിത്തൂക്കിയ ചരട് ഒരു സ്വപ്നത്തില്‍ എന്നപോലെ കാണാമായിരുന്നു. സെന്റ് മൈക്കിള്‍ സ്‌കൂള്‍ വഴി വന്നപ്പോള്‍, മെഡിക്കല്‍ കടക്കാന്‍ പറ്റാത്തതു കാരണം ഡോക്ടറോട് കെഞ്ചി അപേക്ഷിക്കുന്ന ഒരു പയ്യന്റെ ദീനരോദനം ഇപ്പോഴും അവിടെ കേള്‍ക്കുന്നതായി തോന്നി.

ഇവിടുത്തെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ മുമ്പേതന്നെ ബോംബെയിലേക്ക് പോസ്റ്റിങ് പോയിരുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങളൊക്കെ കുറച്ച് അസ്ഥിരമാണെന്നും എല്ലാം ഒന്ന് ശരിയാക്കിയെടുക്കേണ്ടതുണ്ട് എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. ജോയിന്‍ ടൈം ബാക്കിയുണ്ടെങ്കിലും ഇന്നുതന്നെ ഡ്യൂട്ടിയില്‍ ചേരാമെന്ന് കരുതി. എപ്പോഴും എന്റെ ഒരു പ്രത്യേക ശ്രദ്ധ ജവാന്മാരുടെ ഭക്ഷണകാര്യത്തില്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ റൂമില്‍ പോയി സാധനങ്ങള്‍ ഒക്കെവെച്ച് നേരെ ജിപ്‌സി അറവുശാലയിലേയ്ക്ക് തിരിച്ചു. അന്ന് 'ചിക്കന്‍ ഇഷ്യൂ ഡേ' ആയിരുന്നു അപ്രതീക്ഷിതമായ എന്റെ ചെക്കിങ് അവരെ അത്ഭുതപ്പെടുത്തി. പുതിയ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ വന്ന കാര്യം അവര്‍ അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ തൂക്കം കൂട്ടാന്‍ വേണ്ടി കരാറുകാരന്‍ ചിക്കനില്‍ കയറ്റിയ വെള്ളം തിരിച്ച് പുറത്തേയ്ക്ക് കളയേണ്ടി വന്നു. എന്റെ കൂടെ ജോലി ചെയ്യാന്‍ പോകുന്ന, എന്റെ കീഴിലുള്ളവരൊക്കെ എന്നെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.

ബറേലിയില്‍ നിന്നും അയച്ച സാന്‍ട്രോ കാര്‍ കണ്ണൂരില്‍ ഡെലിവറി ചെയ്തു. അത് വീട്ടില്‍ വിട്ട് വെര്‍ണ ഞാന്‍ കണ്ണൂരില്‍ വെച്ചു. ശ്രദ്ധ കണ്ണൂരില്‍ ആര്‍മി പബ്ലിക് സ്‌കൂളില്‍ പഠിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സുധയ്ക്കും ആര്‍മി സ്‌കൂളില്‍ ജോലി കിട്ടി. അതുകൊണ്ട് അവര്‍ക്കും ഒരു കാര്‍ ആവശ്യമാണല്ലോ. മാരീഡ് അക്കമഡേഷന് അപേക്ഷിച്ചിരുന്നെങ്കിലും സീനിയോറിറ്റിയില്‍ ഞാന്‍ വളരെ പിന്നിലായിരുന്നു. മെസ്സില്‍ രണ്ടു റൂമുകളോട് കൂടിയ ഒരു സിംഗിള്‍ ഓഫീസര്‍ അക്കമഡേഷന്‍ കിട്ടി. ചിലപ്പോഴൊക്കെ അവര്‍ എന്റെ കൂടെ വന്ന് താമസിക്കും. പാര്‍ട്ടികളും മറ്റുമുള്ള ദിവസങ്ങളില്‍ അവര്‍ അവിടെ തന്നെ താമസിക്കും. വാരാന്ത്യങ്ങളില്‍ ഞാന്‍ വീട്ടിലേക്ക് പോകും.  

ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ എന്നു പറയുന്നത് സാധാരണ ആര്‍മി പോലെയല്ല. ആര്‍മി, എയര്‍ ഫോഴ്‌സ്, നേവി എന്നിവിടങ്ങളില്‍ സര്‍വീസ് ചെയ്തിട്ടുള്ള സൈനികര്‍ സര്‍വീസ് പൂര്‍ത്തിയാക്കിയോ അല്ലാതെയോ വന്നതിനുശേഷം ഒരു രണ്ടാം ഊഴം എന്ന നിലയില്‍ ചേരുന്നതാണ് ഡിഫന്‍സ് സെക്യൂരിറ്റി കോര്‍. ജെ.സി.ഒ., അതേ ജൂനിയര്‍ കമ്മീഷന്‍ ഓഫീസേഴ്‌സ് റാങ്കിലും, ജവാന്‍മാര്‍ ഏത് റാങ്കില്‍ നിന്ന് വിരമിച്ചാലും അവര്‍ സിപ്പായിയുമായിട്ടാണ് ഡി.എസ്.സി.യില്‍ ചേരുന്നത്. എല്ലാവരും മുമ്പേതന്നെ പരിശീലനം ലഭിച്ച സൈനികര്‍ ആയതുകൊണ്ട് 8 ആഴ്ചയുടെ ഒരു ഓറിയന്റേഷന്‍ ട്രെയിനിങ് മാത്രമാണ് ഇവിടുത്തെ സെന്ററില്‍ നടക്കുന്നത്. അതുകഴിഞ്ഞ് അവരെ ആര്‍മി ഹെഡ് കോര്‍ട്ടേഴ്‌സ്, ഡിഫന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ഇന്ത്യന്‍ മിലിട്ടറി അക്കാദമി, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഓര്‍ഡിനന്‍സ് ഡിപ്പോകള്‍, ആമ്മ്യൂനിഷന്‍ ഡിപ്പോകള്‍, നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും തന്ത്രപ്രധാനമായ മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ സുരക്ഷയ്ക്കായി നിയമിക്കും.

ഇത്രയും പഴയൊരു സെന്ററായിരുന്നിട്ട് പോലും പാര്‍പ്പിടത്തിന്റെ കാര്യത്തിലും മറ്റും ഇപ്പോഴും വളരെ മോശമായ സ്ഥിതി തന്നെയാണ്. ജവാന്മാര്‍ താമസിക്കുന്ന ബാരക്കുകള്‍ വെല്ലസ്ലീ ലൈന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് ഭരണാധികാരിയായ വെല്ലസ്ലി പ്രഭു ഇവിടെ ഭരിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പട്ടാളം താമസിച്ചിരുന്ന ബാരക്കുകള്‍ ആയിരുന്നു. ഓഫീസര്‍മാരെ പോലെ തന്നെ ജവാന്‍മാര്‍ക്കും ആവശ്യമായ ഫാമിലി അക്കമഡേഷന്‍ വളരെ കുറവായിരുന്നു. കുറേയൊക്കെ ഒറ്റമുറി മാത്രമുള്ള വീടുകളായിരുന്നു. അങ്ങനെയുള്ള പല സ്ഥലങ്ങളിലും പൊതു കക്കൂസുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യംതന്നെ അവിടെ വീടിനോട് ചേര്‍ന്നുള്ള ശൗചാലയങ്ങള്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനമായിരുന്നു ഞാന്‍ ചെയ്തത്. മാലിന്യ സംസ്‌കരണം മുന്‍ സ്ഥലങ്ങളിലെ പോലെ തന്നെ തുടര്‍ന്നു. 

ഞാന്‍ വന്നതിനുശേഷം സെന്റര്‍ കമാന്‍ഡന്റായി പുതുതായി ചാര്‍ജെടുത്ത കേണല്‍ ശര്‍മ നല്ലൊരു വ്യക്തിയായിരുന്നു. ജവാന്മാരുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ പ്രത്യേക തല്‍പരനായിരുന്നു. അതുകൊണ്ടുതന്നെ അത് എനിക്കും വളരെ ഗുണം ചെയ്തു. റാങ്ക് കൊണ്ട് സീനിയര്‍ ആണെങ്കിലും എന്റെ സര്‍വീസും പ്രായവും പരിഗണിച്ച് ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സാര്‍ എന്നാണ് വിളിക്കാറ്. സെന്ററിലെ മാത്രമല്ല കണ്ണൂരിലെ വിമുക്തഭടന്മാരുടെ കൂടി ക്ഷേമത്തിനായി എന്തൊക്കെ ചെയ്യാം എന്ന് അദ്ദേഹം എന്നോട് അഭിപ്രായം ചോദിക്കുമായിരുന്നു. സെന്ററിനുള്ളിലെ സി.എസ്.ഡി. കാന്റീന്‍ 15,000-ത്തിന് മേലെയുള്ള വിമുക്തഭടന്മാരുടെ ആശ്രയകേന്ദ്രമാണ്. കാന്റീനിലെ തിരക്കുകള്‍ കുറയ്ക്കാനായി കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ബില്ലിംഗ് കൗണ്ടറുകള്‍ കൂട്ടി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം വിശാലമായ ശൗചാലയങ്ങള്‍ നിര്‍മിച്ചു. ബസ്സിലും മറ്റും വരുന്ന പ്രായം ചെന്നവര്‍ക്കായി ബസ്റ്റാന്റില്‍ നിന്നും കാന്റീനിലേക്കും തിരിച്ചും രണ്ട് ഇ- റിക്ഷകള്‍ വാങ്ങി ഫ്രീ സര്‍വീസ് നടത്തി.

ഡി.എസ്.സി.യിലെ എന്റെ സാന്നിധ്യം കണ്ണൂരില്‍ അറിയപ്പെടാന്‍ തുടങ്ങി. കണ്ണൂരിലെ ഡിഫന്‍സ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെക്രട്ടറിയായി എന്നെ നിയമിച്ചു. അവിടെയും കേണല്‍ ശര്‍മയുടെ നേതൃത്വത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ജവാന്മാര്‍ക്കും വിമുക്തഭടന്മാര്‍ക്കും വേണ്ടിയുള്ള സെന്ററിലെ ഗ്യാസ് ഏജന്‍സിയുടെ ഇന്‍ചാര്‍ജ്ജും ഞാന്‍ തന്നെയായിരുന്നു. ചാര്‍ജ് എടുത്തപ്പോള്‍, പ്രോഫിറ്റില്‍ കുറച്ച് അധികം തുക ഉപയോഗിക്കാതെ കിടക്കുന്നത് കണ്ടു. കമാന്‍ഡന്റിനോട് അനുമതി വാങ്ങി അവിടേക്കായി ഒരു ചരക്ക് ഓട്ടോ വാങ്ങി ജവാന്‍മാരുടെ വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ തുടങ്ങി. അതുവരെ അവര്‍ ഗോഡൗണില്‍ വന്ന് ഗ്യാസ് സിലിണ്ടര്‍ സൈക്കിളിലും മറ്റും കൊണ്ടുപോവുകയാണ് ചെയ്തിരുന്നത്. ഫാമിലി അക്കമഡേഷന്റെ അഭാവം കാരണം ഫാമിലി വെക്കാന്‍ പറ്റാത്ത ജവാന്‍മാര്‍ക്ക് സെന്ററിന് പുറത്ത് സിവില്‍ ഏരിയയില്‍ അക്കോമഡേഷന്‍ വാടകയ്‌ക്കെടുത്ത് താമസിക്കാനും അതിന്റെ നഷ്ടപരിഹാരം അവരുടെ ശമ്പളത്തിനോടൊപ്പം കൂട്ടിക്കൊടുക്കാനും ഉള്ള കാര്യങ്ങള്‍ ചെയ്തു. 

ലങ്കറിലെ ഭക്ഷണത്തില്‍ നല്ല പുരോഗതി കൊണ്ടുവന്നു. പ്രതിദിന ഭക്ഷണത്തിന്റെ പട്ടിക ഉണ്ടാക്കി ഓരോ ലങ്കറിലും കൊടുക്കുകയും അതുപ്രകാരമുള്ള ഭക്ഷണമാണ് ഉണ്ടാക്കുന്നത് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ലങ്കറിലേക്കുള്ള മസാലകള്‍ എത്തിക്കുന്നത് ഇതുവരെ ബനിയ കാന്റീന്‍ നടത്തിപ്പുകാരന്റെ കുത്തകയായിരുന്നു. ബനിയ കാന്റീനുകാര്‍ പലപ്പോഴും അവരുടെ ലാഭത്തിനുവേണ്ടി ഗുണമേന്മയില്ലാത്ത, മായം ചേര്‍ത്ത മസാലകളാണ് കൊടുക്കാറ്. ഞാനത് റാണിക്കേത്തില്‍ ഉള്ളപ്പോള്‍ തെളിയിച്ചതാണ്. മെസ്സ് കമ്മിറ്റിയുടെ മുമ്പില്‍വെച്ച് ലങ്കറില്‍ നിന്നും ശേഖരിച്ച മുളകുപൊടി ഞാന്‍ എന്റെ നാവില്‍ വെച്ച് കാണിച്ചിട്ടുണ്ട്. ഇവിടെ ഞാന്‍ ബനിയ കാന്റീന്‍കാരനെ ഒഴിവാക്കി  മൊത്ത വ്യാപാര കച്ചവടക്കാരനില്‍ നിന്നും മസാല വാങ്ങാന്‍ തുടങ്ങി. സെന്ററിനുള്ളില്‍ ജവാന്‍മാര്‍ക്കും, കാന്റീനില്‍ വരുന്ന വ്യമുക്തഭടന്മാര്‍ക്കുമായി ഒരു പച്ചക്കറിക്കട തുടങ്ങി. അതിന്റെ ചുമതല കമാന്‍ഡന്റ് എന്നെയാണ് ഏല്‍പ്പിച്ചത്. കാര്യക്ഷമത ഉറപ്പുവരുത്താനായി കണ്ണൂരിലെ പച്ചക്കറി മാര്‍ക്കറ്റില്‍ മറ്റുള്ളവരോടൊപ്പം ഞാനും പോയിട്ടുണ്ട്. ഓഫീസില്‍ എന്നതു പോലെതന്നെ ഓഫീസിന് വെളിയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുക എന്നത് എന്റെ പ്രവര്‍ത്തന രീതിയുടെ ഭാഗമാണ്.

സെന്ററിന്റെ ഭംഗി കൂട്ടാനുള്ള ഒരുപാട് കാര്യങ്ങള്‍ കേണല്‍ ശര്‍മ ചെയ്തു. കണ്ണൂര്‍  കീഴാറ്റൂര്‍കാരനായ ശിപ്പായി ഹരീന്ദ്രന്‍ എന്ന ജവാന്‍ ഒരു പ്രശസ്തനായ ശില്പി ആയിരുന്നു. പ്രശസ്തന്‍ എന്ന് പറയാന്‍ പറ്റില്ല. കാരണം ആര്‍മിക്കുള്ളിലെ നാല് ചുമരിനുള്ളില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുറംലോകം അറിയാത്തതുകൊണ്ട് തന്നെ ഹരീന്ദ്രന്‍ പുറത്ത് പ്രശസ്തനായിരുന്നില്ല. ഡി.എസ്.സി. സെന്ററിലേക്കും, പിന്നീട് കോഴിക്കോട്ടേക്ക് മാറിയ ടി.എ. ബറ്റാലിയനിലേക്കും (ടെറിട്ടോറിയല്‍ ആര്‍മി) ഒക്കെയുള്ള കവാടങ്ങളില്‍ നിര്‍മിച്ച പഴശ്ശിരാജയുടെ പ്രതിമകളെല്ലാം ഹരീന്ദ്രന്റെ കരവിരുതാണ്. ഒട്ടനേകം ബുദ്ധപ്രതിമകളും കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ശില്പങ്ങളും അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ശിപ്പായി ഹരീന്ദ്രനെ കൊണ്ട് സെന്ററിനുള്ളില്‍ പഴശ്ശിരാജയുടെ 40 അടി ഉയരമുള്ള ഒരു പ്രതിമ നിര്‍മിച്ചു. കണ്ണൂര്‍ സെന്റ് അഞ്ചലോ കോട്ടയില്‍ വരുന്നവര്‍ക്ക് അവിടെ നിന്നും നോക്കിയാല്‍ അത് കാണാം.

ഇവിടെയും ഓഫീസര്‍ മെസ്സിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായത് ഞങ്ങളുടെ സമയത്താണ്. അതുവരെ ഓഫീസര്‍ മെസ്സ് പ്രവര്‍ത്തിച്ചിരുന്നത് ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഒരു ഓഫീസര്‍ താമസിച്ചിരുന്ന 'ക്യാപ്റ്റന്‍ റെസിഡന്‍സി'യില്‍ ആയിരുന്നു. പുതിയ ഓഫീസര്‍ മെസ്സ് ഏറ്റെടുത്തതിനുശേഷം പഴയ മെസ്സ് ഡി.എസ്.സി. ഹൗസ് എന്ന പേരില്‍ സെന്റര്‍ കമാന്‍ഡന്റിന്റെ റെസിഡന്‍സിയാക്കി മാറ്റി. പുതിയ മെസ്സ് ബില്‍ഡിങ് അറബിക്കടലിന് അഭിമുഖമായി നില്‍ക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ കടലിനും മെസ്സിനും ഇടയിലുള്ള സ്ഥലം വേണ്ടപോലെ ഉപയോഗിച്ച് അവിടെ പൂന്തോട്ടങ്ങളും ജലധാരകളും ഉണ്ടാക്കി. പുതുതായി ആറ് ഗസ്റ്റ് റൂമുകള്‍ നിര്‍മിച്ചു. ആര്‍മിയില്‍ മറ്റെവിടെയും അറബിക്കടലിന്റെ തീരത്ത് ഇത്രയും നല്ല അന്തരീക്ഷത്തില്‍ ഇങ്ങനെയുള്ള ഗസ്റ്റ് റൂമുകള്‍ കാണില്ല. 

വശങ്ങളില്‍ ഭിത്തി കെട്ടി കടലിലേക്ക് ഇറങ്ങാനുള്ള സൗകര്യം ഉണ്ടാക്കി. മിനി പാര്‍ക്കുകള്‍ നിര്‍മിച്ചു. അവിടുത്തെ തെങ്ങുകളില്‍ നിന്നും തല്‍സമയം പറിച്ചെടുത്ത ഇളനീര്‍ വെള്ളവും രുചിച്ചുകൊണ്ട് സായാഹ്നങ്ങളില്‍ അസ്തമയ സൂര്യനെയും, പിന്നീട് തെളിഞ്ഞു വരുന്ന പൂര്‍ണചന്ദ്രനെയും നോക്കിയിരിക്കുമ്പോള്‍ കിട്ടുന്ന അനുഭൂതി ഏതൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലിനേക്കാളും കുറവായിരുന്നില്ല. ഔപചാരികമായ കൂടിച്ചേരലില്‍ ഡി.എസ്.സി. സെന്ററിന്റെ പൈപ്പ് ബാന്‍ഡില്‍ നിന്നും ഉയരുന്ന സംഗീതം കൂടിയാകുമ്പോള്‍ അതിനുമേലെ വേറെ ഒന്നുമില്ല. കൂട്ടുകാരെയും ബന്ധുക്കളെയും പലപ്പോഴായി ഇവിടെ കൊണ്ടുവന്ന് കാണിച്ചിട്ടുണ്ട്.

ഈ സമയത്താണ് ആര്‍മിയില്‍ ഉള്ള എല്ലാ അറവുശാലകളും പൂട്ടുകയും പകരം ഫ്രോസണ്‍ ചിക്കന്‍, ഫ്രോസണ്‍ മട്ടന്‍ എന്നിവ വരാനും തുടങ്ങിയത്. നിലവിലുള്ള അറവുശാലയുടെ കെട്ടിടങ്ങള്‍ എന്തുചെയ്യും എന്ന തീരുമാനം അറിയിക്കാന്‍ വേണ്ടി ഉത്തരവ് വന്നു. കേണല്‍ ശര്‍മ അവിടെയും നല്ലൊരു തീരുമാനത്തിലെത്തി. കുറച്ച് പണം ചെലവിട്ട് ഞങ്ങള്‍ അതിനെ പരിഷ്‌കരിച്ച് ശൗചാലയങ്ങളൊക്കെ നിര്‍മിച്ച് ജവാന്‍മാര്‍ക്ക് വേണ്ടുന്ന 9 ഫാമിലി അക്കമഡേഷനാക്കി മാറ്റി. അതുകൂടാതെ ഞങ്ങള്‍ പുറത്ത് കണ്ണൂര്‍ സിറ്റിയിലുള്ള അപ്പാര്‍ട്ട്‌മെന്റുകളില്‍ കുറച്ച് വീടുകള്‍ സ്ഥിരമായി വാടകയ്ക്കെടുത്തു. ഏതൊരു ജവാനും വിരമിക്കുന്ന സമയത്ത് ഡോക്യുമെന്റൊക്കെ ശരിയാക്കാനായി അവരുടെ ട്രെയിനിങ് സെന്ററില്‍ പോകേണ്ടതുണ്ട്. ഡി.എസ്.സി.യില്‍ നിന്നും വിരമിക്കുന്നവരൊക്കെ കണ്ണൂരില്‍ വന്നിട്ട് വേണം പോകാന്‍. അങ്ങനെ വിരമിക്കാന്‍ പോകുന്നവര്‍ക്ക് തന്റെ ഫാമിലിയെ കണ്ണൂര്‍ കാണിക്കുവാന്‍ കൂടെ കൊണ്ടുവരണമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തു ആ സൗകര്യം ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.

ഇന്ത്യയിലെ എല്ലാ കന്റോണ്‍മെന്റുകളും പിന്നീട് പ്രാദേശിക ഭരണകൂടത്തിന്റെ കീഴിലാക്കിയെങ്കിലും, കേരളത്തിലെ ഏക കന്റോണ്‍മെന്റ് ആയിരുന്നു കണ്ണൂരിലേത്. കന്റോൺമെന്റുമായി ചേര്‍ന്ന് മാലിന്യസംസ്‌കരണവും പല ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. സെന്ററിനുള്ളിലെ മാലിന്യ നിര്‍മാര്‍ജനം മറ്റു സ്റ്റേഷനുകളിലെ പോലെ തന്നെ ഞാനിവിടെയും തുടങ്ങിയിരുന്നു. ലോക പരിസ്ഥിതി ദിനത്തില്‍ എന്റെ നേതൃത്വത്തില്‍ കണ്ണൂരിലെ പയ്യാമ്പലം ബീച്ച് ശുചീകരിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍ ജില്ലാ കളക്ടറുടെ സാന്നിധ്യം കൂടി ഉണ്ടായിരുന്നു. ഞങ്ങള്‍ കടല്‍തീരത്തു നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് കണക്കില്ലായിരുന്നു. കുറച്ചുകാലം ബീച്ച് നല്ല വൃത്തിയായി തന്നെ തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ പഴയ സ്ഥിതി തന്നെ. ആര്‍മിക്കുള്ളിലും കന്റോണ്‍മെന്റിലും കൂടാതെ വെളിയില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ പത്രമാധ്യമങ്ങള്‍ വഴി ഞാന്‍ വീണ്ടും അറിയപ്പെടാന്‍ തുടങ്ങി.

അതിനിടയില്‍ നമ്മുടെ പ്രശസ്ത സിനിമാനടന്‍ മോഹന്‍ലാലും സംവിധായകന്‍ മേജര്‍ രവിയും കൂടി കണ്ണൂര്‍ ഡി.എസ്.സി. സെന്റര്‍ സന്ദര്‍ശിച്ച് രണ്ടുദിവസം കൂടെ കഴിഞ്ഞു. മോഹന്‍ലാലിന് ആര്‍മി, ഓണററി ലെഫ്റ്റ്‌നന്റ് കേണല്‍ പദവി നല്‍കിയതായിരുന്നല്ലോ. അദ്ദേഹം സിനിമയില്‍ പോയ സമയത്ത് തന്നെയാണ് ഞാന്‍ ആര്‍മിയിലേക്ക് പോയത്. എനിക്ക് സിനിമാ നടന്‍ ആകാന്‍ പറ്റിയില്ലെങ്കിലും അദ്ദേഹത്തിന് സിനിമ വഴി തന്നെ ലെഫ്‌നന്റ് കേണല്‍ ആകാന്‍ പറ്റി. ഞങ്ങളുടെ കൂടെ അദ്ദേഹം ഓഫീസര്‍മെസ്സ് പാര്‍ട്ടി, ബഡാ ഘാനാ, ചായ സല്‍ക്കാരങ്ങള്‍, വോളിബോള്‍ മത്സരം തുടങ്ങിയ പല വിശേഷ ചടങ്ങുകളിലും പങ്കെടുത്തു.

placeholder
ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.
മോഹന്‍ലാലിനൊപ്പം
| Photo: Special arrangement

ചില സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനും, സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ഡേയ്ക്കും സ്‌കൂളുകള്‍, കോളേജുകള്‍, ലയണ്‍സ് ക്ലബ്ബുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിശിഷ്ടാതിഥി എന്ന രീതിയിലും പലപ്പോഴും വിളിക്കപ്പെടുകയും പോവുകയും ചെയ്തു. അതിലൊരിക്കലും മറക്കാനാവാത്ത രണ്ട് അനുഭവങ്ങളുണ്ട്. അതിലൊന്ന്, പണ്ട് നാടകത്തില്‍ ലൂയി പാസ്റ്ററായി അഭിനയിച്ച സ്വന്തം സ്‌കൂളിന്റെ സ്റ്റേജില്‍, എന്നെ നമ്മുടെ സെന്ററിന്റെ ബാന്‍ഡ് അകമ്പടിയോടുകൂടി ആനയിക്കുകയും ആദരിക്കുകയും ചെയ്തതായിരുന്നു. എനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനവും സംതൃപ്തിയും തന്നതും കോളേജിലെ കുട്ടികള്‍ മുഴുവന്‍ എന്നില്‍ നിന്നും പ്രചോദനം കൊള്ളുകയും ചെയ്തതാണ് മറ്റൊന്ന്. ഞാന്‍ പറഞ്ഞത് ഓര്‍മയില്ലേ. എന്റെ കൂടെ എസ്.എസ്.എല്‍.സി.ക്ക് പഠിച്ച കൂട്ടുകാരൊക്കെ കണ്ണൂരിലെ ചിന്മയ മിഷന്‍ കോളേജില്‍ പോയപ്പോള്‍ പഠിപ്പിക്കാന്‍ പൈസ ഇല്ലാത്തത് കാരണം ഞാന്‍ വീട്ടില്‍ ഇരുന്ന് കരഞ്ഞ കഥ. അതെ ഇന്ന് 40 വര്‍ഷത്തിനുശേഷം ഞാന്‍ ആദ്യമായി ആ കോളേജിലേക്ക് പോവുകയാണ്. അവരുടെ വാര്‍ഷികാഘോഷത്തിന്റെ വിശിഷ്ടാതിഥിയായിട്ട്. 

പഠിക്കാന്‍ ആഗ്രഹിച്ച് അത് സാധിക്കാതെ പോയ കോളേജില്‍ അവരുടെ ആഘോഷത്തില്‍ വിശിഷ്ടാതിഥിയായി ഞാന്‍ ക്ഷണിക്കപ്പെടുന്നു. ഇതിലും വലിയൊരു സമ്മാനം എന്ത് കിട്ടാനാണ്. എന്റെ പ്രസംഗത്തില്‍ ഞാന്‍ കോളേജ് കുട്ടികളോട് ഈ കാര്യം പറഞ്ഞു. നിങ്ങള്‍ ക്ലാസ്സിലോ കോളേജിലോ ഒന്നാമന്‍ ആയിക്കൊള്ളട്ടെ, പക്ഷേ അതിന്റെ അര്‍ത്ഥം ജീവിതത്തില്‍ എന്നത്തേക്കും നിങ്ങള്‍ ഒന്നാമന്‍ ആണ് എന്നല്ല. അത് തീരുമാനിക്കുന്നത് നിങ്ങളുടെ പരിശ്രമവും ദൃഢനിശ്ചയവുമാണ്. എന്റെ ജീവിതകഥ എല്ലാവര്‍ക്കും ഒരു പ്രചോദനമായി മാറുകയായിരുന്നു. കോളേജുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ വിലപ്പെട്ട ഒരു വിശിഷ്ടാതിഥിയെ കിട്ടിയതില്‍ പ്രിന്‍സിപ്പാളും ടീച്ചര്‍മാരും സന്തോഷം പ്രകടിപ്പിച്ചു.

കണ്ണൂരിലെ പോസ്റ്റിങ് എല്ലാംകൊണ്ടും അഭിമാനവും സംതൃപ്തിയും നിറഞ്ഞതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലികിട്ടി ആര്‍മിയില്‍ പോയപ്പോള്‍ 'ഇതിനേക്കാള്‍ നല്ലത് ചെന്നൈയിലോ മറ്റോ ഒരു ബാര്‍ബര്‍ ഷോപ്പ് തുടങ്ങുന്നതായിരിക്കും' എന്ന് പരിഹസിച്ച ഒരു വ്യക്തിയുണ്ടായിരുന്നു നമ്മുടെ നാട്ടില്‍. തല്‍ക്കാലം അദ്ദേഹത്തെ ഞാന്‍ സുകുമാരന്‍ നമ്പ്യാര്‍ എന്ന് വിളിക്കാം. എന്റെ നാട്ടില്‍ ഇല്ലാത്ത ഒരു പേരാണിത്. അതുകൊണ്ട് ആര്‍ക്കും സംശയം വരില്ല. നല്ല ജോലിയുണ്ടായിരുന്ന സുകുമാരന്‍ നമ്പ്യാര്‍ക്ക് മറ്റുള്ളവരെയെല്ലാം വെറും നിസ്സാരമാണ്. ഞങ്ങള്‍ കുട്ടികള്‍ അദ്ദേഹത്തെ ലോക നിസാരി എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അഹങ്കാരം നിര്‍ത്തണമെന്ന് ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടി തീരുമാനിച്ചു. ആര്‍മിയില്‍, അത്യാവശ്യവേണ്ട പെയിന്റും ബ്രഷും ഉപയോഗിച്ചുള്ള എഴുത്ത് ജോലികളൊക്കെ  ഞാനും തോട്ടടയിലെ രമേശനുംകൂടിയാണ് ചെയ്യാറുള്ളത്. രമേശന്‍ എന്നെക്കാളും നന്നായി എഴുതും. കാര്‍പെന്ററെക്കൊണ്ട് മരത്തില്‍ ഒരു നെയിം ബോര്‍ഡ് ഉണ്ടാക്കി അതില്‍ കറുത്ത പെയിന്റ് അടിച്ച് വെളുത്ത അക്ഷരത്തില്‍ രമേശനെ കൊണ്ട് ഇങ്ങനെ എഴുതിച്ചു.
സി. സുകുമാരന്‍ നമ്പ്യാര്‍
(ലോകനിസാരി)

ആ ബോര്‍ഡ് ഞാന്‍ ലീവിന് വരുമ്പോള്‍ കൊണ്ടുവന്ന്, ഞങ്ങള്‍ കൂട്ടുകാര്‍ ഒരു രാത്രി അദ്ദേഹത്തിന്റെ വീടിന്റെ മുന്നില്‍ തൂക്കി. അന്നൊക്കെ നാട്ടിലെ കുട്ടികള്‍ മറ്റുള്ളവരുടെ തെങ്ങില്‍ കയറി രാത്രികാലങ്ങളില്‍ ഇളനീര്‍ മോഷ്ടിക്കുമായിരുന്നു. ഞങ്ങള്‍ക്ക് ആ സ്വഭാവം കുറവായിരുന്നെങ്കിലും, ഒരു ദിവസം ആരുടെയോ തെങ്ങില്‍ നിന്നും പറിച്ച ഒരു ഇളനീരും, കുറച്ച് ചെമ്പരത്തി പൂക്കളും, ചെക്കിപ്പൂക്കളും, ഭസ്മവും ഒക്കെ കൊണ്ടുപോയി അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് ഇട്ടു. ആരോ രാത്രി കൂടോത്രം ചെയ്തത് പോലെ തോന്നിക്കാന്‍ ആയിരുന്നു ഇത്. മറ്റുള്ളവരെ അദ്ദേഹത്തിന് അത്രയും പരിഹാസവും നിസ്സാരവും ആയിരുന്നു. ഇന്ന് ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ ഒരു ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തിന്റെ ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ എന്റെ ഔദ്യോഗിക വാഹനമായ ജിപ്‌സിയില്‍ തന്നെ പോയി അവരുടെ മുന്നില്‍ ഇറങ്ങി. ചെന്നൈയില്‍ ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ജിപ്‌സിയില്‍ വന്നിറങ്ങാന്‍ കഴിയുമായിരുന്നില്ല എന്ന് അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. അടിച്ചവന്‍ മറന്നു കാണുമെങ്കിലും അടി കൊണ്ടവന്‍ മറക്കില്ലല്ലോ. അദ്ദേഹം അതൊക്കെ മറന്നു കാണും. ഇന്ന് അദ്ദേഹത്തിന്റെ ബന്ധുവിന്റെ കല്യാണത്തിന്, ആര്‍മി ജിപ്‌സിയിലുള്ള എന്റെ വരവ് അദ്ദേഹത്തിനുകൂടി ഒരു അഭിമാനമായിരുന്നു. മധുരമായ പ്രതികാരം.

ഞാന്‍ കണ്ണൂരില്‍ സര്‍വീസ് ചെയ്യുമ്പോഴാണ് ഞങ്ങളുടെ കുടുംബത്തില്‍ ഏറ്റവും വലിയ ഒരു ദുരന്തം സംഭവിക്കുന്നത്. ഞങ്ങളുടെ എല്ലാവരുടെയും വ്യക്തിജീവിതത്തെ തകിടം മറിച്ച ഒരു സംഭവം. പത്രങ്ങളില്‍ പല ദുരന്തവാര്‍ത്തകളും ദിവസവും കേള്‍ക്കാറുണ്ടെങ്കിലും നമ്മള്‍ അതിനെ അങ്ങനെ വായിച്ച് തള്ളും. അതേസമയം നമ്മളുടെ സ്വന്തം ജീവിതത്തില്‍ അങ്ങനെ ഒരു ദുരന്തം സംഭവിക്കുമ്പോള്‍ മാത്രമാണ് അതിന്റെ ആഴം മനസ്സിലാക്കുക. അപ്പോള്‍ മനുഷ്യസഹജമായ അടുത്ത ചോദ്യം വരും. ഇതെന്തുകൊണ്ട് എനിക്ക് സംഭവിച്ചു, അല്ലെങ്കില്‍ എന്റെ കുടുംബത്തില്‍ സംഭവിച്ചു? അതാണ് ജീവിതം. ഞങ്ങള്‍ വിധിയെന്നു പേരിട്ടു വിളിക്കുന്ന ഇതിന് ഇത്രത്തോളം ക്രൂരനാകാന്‍ പറ്റുമെന്ന് തിരിച്ചറിഞ്ഞ ദിവസം. അതായിരുന്നു എന്റെ ജ്യേഷ്ഠന്റെയും ജ്യേഷ്ഠന്റെ മകന്‍ കുട്ടന്‍ എന്ന അര്‍ജുന്റെയും ബൈക്ക് ആക്‌സിഡന്റില്‍ ഒന്നിച്ചുള്ള മരണം. 

ജ്യേഷ്ഠന്‍ പോലീസില്‍ നിന്നും എസ്.ഐ. ആയി വിരമിച്ചതിനുശേഷം വിശ്രമജീവിതം നയിക്കാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. 21 വയസ്സുള്ള കുട്ടന്‍ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു. പയ്യന്നൂരിനടുത്ത് കരിവെള്ളൂരില്‍ താമസമാക്കിയിരുന്ന അവര്‍ പുതുതായി വാങ്ങിയ മൊബൈല്‍ ഫോണിന് കവര്‍ ഇടാന്‍ പയ്യന്നൂര്‍ ടൗണില്‍ പോയതായിരുന്നു. ചെറുതായി മഴയുണ്ടായിരുന്ന ഒരു സായാഹ്നം. പയ്യന്നൂരില്‍ നിന്നും തിരിച്ചു വരുമ്പോള്‍ മഴ കാരണം മോട്ടോര്‍ സൈക്കിള്‍  റോഡിൽ തെന്നി വീണു. എതിര്‍വശത്ത് നിന്നും അതിവേഗത്തില്‍ വന്ന ഒരു പിക്കപ്പ് രണ്ടുപേരുടെയും മുകളിലൂടെ കയറിയിറങ്ങി എന്നാണ് അറിയാന്‍ കഴിഞ്ഞത്. നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങേണ്ട എന്ന് കരുതി 15 മിനിറ്റോളം ഒരു വണ്ടിയും അവിടെനിര്‍ത്തി അവരെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ തയ്യാറായില്ലത്രേ.

ഞാനും സുധയും വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതാണ്. എന്റെ കൂടെ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന പയ്യന്നൂരിനടുത്തുള്ള ഒരു ജവാനാണ് ആദ്യമായി എന്നെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുന്നത്. ജ്യേഷ്ഠനും മകനും ആക്‌സിഡന്റ് ആയിട്ടുണ്ടെന്നും പരിയാരം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയിട്ടുണ്ട് എന്നുമാണ് പറഞ്ഞത്. ഞാന്‍ വീട്ടിലെത്തിയ ഉടനെ അനിയന്‍ രഞ്ജിത്തിനെയും കൂട്ടി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു. കാറ്റും മഴയും കാരണം അന്ന് അവിടെയൊന്നും കറന്റില്ലായിരുന്നു. കൂടുതലാണെങ്കില്‍  മംഗലാപുരത്തേക്ക് കൊണ്ടുപോകണം എന്നൊക്കെ ചിന്തിച്ചിട്ടാണ് പോകുന്നത്. അതിനിടയില്‍ ഞങ്ങള്‍ പലരുമായും സംസാരിക്കുന്നുണ്ടായിരുന്നു. ആരും കൃത്യമായി ഒന്നും പറയുന്നില്ല. കാര്‍ പാര്‍ക്ക് ചെയ്ത് ധൃതഗതിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് ഓടാന്‍ നോക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന നമ്മുടെ മറ്റു പരിചയക്കാര്‍ പറഞ്ഞു, അങ്ങോട്ട് പോകേണ്ട ആവശ്യമില്ല രണ്ടുപേരും മോര്‍ച്ചറിയിലാണ് ഉള്ളത് എന്ന്. അതൊരു പ്രഹരം തന്നെയായിരുന്നു. 

അതെങ്ങനെ ഞങ്ങള്‍ തരണം ചെയ്തു എന്നറിയില്ല. വളരെ പ്രതീക്ഷകളോടുകൂടിയായിരുന്നു ആശുപത്രിയിലേക്ക് കുതിച്ചത്. പക്ഷേ എല്ലാവരും എല്ലാം ഒളിപ്പിക്കുകയായിരുന്നു. കാര്യങ്ങള്‍ സമയത്ത് അറിയാതിരുന്നതുകൊണ്ട്, അവരുടെ ഏതെങ്കിലും അവയവങ്ങള്‍ ദാനം ചെയ്യാനോ, ഒന്നുമില്ലെങ്കില്‍ കണ്ണുകള്‍ എടുക്കാന്‍ പോലും പറ്റിയില്ല എന്ന കുറ്റബോധം ഇന്നുമുണ്ട്. ഞങ്ങള്‍ ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് തന്നെ സുധ പോലും മരണവിവരം അറിഞ്ഞിരുന്നു. അവളുടെ ചേച്ചി റോജ, പ്രാദേശിക ടെലിവിഷനില്‍ ഈ വിവരം എഴുതിക്കാണിക്കുന്നത് കണ്ട് അവളെ വിളിച്ചിരുന്നു.

ഒരു നിമിഷം കൊണ്ട് എല്ലാ ഉത്തരവാദിത്തങ്ങളും എന്റെ തലയില്‍ വന്നുചേര്‍ന്നു. ഒന്നല്ല, രണ്ടു മരണമാണ് കുടുംബത്തില്‍ സംഭവിച്ചിരിക്കുന്നത്. അതും കുടുംബനാഥന്റേയും മകന്റെയും. പാലക്കാട്ടുള്ള ജ്യേഷ്ഠന്റെ മകള്‍ അനുശ്രീയെ വിവരമറിയിക്കണം. എന്ത് പറയും. 'നിന്റെ അച്ഛനും അനുജനും മരിച്ചുപോയി' എന്നോ. എങ്ങനെയൊക്കെയോ അവളുടെ ഭര്‍ത്താവ് റിജേഷിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. അവരൊക്കെ അവരുടെ കുടുംബത്തില്‍ ഒരു കല്യാണത്തിന് വേണ്ടി ഗുരുവായൂരില്‍ വന്നതായിരുന്നു. റിജേഷും അനുശ്രീയും  റിജേഷിന്റെ അച്ഛനും അളിയനും കൂടി വിവരം കിട്ടിയ ഉടനെ നേരെ അവിടെ നിന്നും കണ്ണൂരിലേക്ക് തിരിച്ചു. അനുശ്രീയ്ക്ക് കാര്യങ്ങളൊന്നും പിടുത്തം കിട്ടിയില്ല. ഇവരുടെ ഭാവവ്യത്യാസത്തില്‍ നിന്നും വീട്ടിലുള്ള പ്രായമായ മുത്തശ്ശി മരിച്ചു കാണും എന്നാണ് അവള്‍ കരുതിയത്. ഏതാണ്ട് കോഴിക്കോട് എത്തിയപ്പോഴേക്കും കാര്യങ്ങളൊക്കെ പറയേണ്ടിവന്നു. ഇവിടെ അവളുടെ അമ്മയുടെ കാര്യമാണെങ്കില്‍ അതിലും കഷ്ടം. വൈകുന്നേരം മൊബൈലില്‍ കവര്‍ ഇടാന്‍ പോയ ഭര്‍ത്താവും മകനും രാത്രി ഏറെയായിട്ടും തിരിച്ചെത്തിയില്ല. ആരുമായിട്ടും ബന്ധപ്പെടാന്‍ പറ്റുന്നില്ല. 'മൊബൈലിന് കവര്‍ ഇടുന്നത് ആണെങ്കില്‍ ഇതിനു കൂടി ഇട്ടോ' എന്ന് പറഞ്ഞ് അവരുടെ മൊബൈല്‍ഫോണും കൂടെ കൊണ്ടുപോയിരുന്നു. 

വീട്ടില്‍ ഉണ്ടായിരുന്ന ലാന്‍ഡ് ലൈന്‍ കഴിഞ്ഞ മാസമാണ് കട്ട് ചെയ്തത്. ആരുമായും ബന്ധപ്പെടാന്‍ ഒരു വഴിയുമില്ല. റോഡിലൂടെ പോകുന്നവരോട് ഫോണിന് വേണ്ടി അപേക്ഷിച്ചപ്പോള്‍ കാര്യമറിയാവുന്ന അവരൊക്കെ ഫോണില്‍ ചാര്‍ജില്ല, ബാലന്‍സ് ഇല്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറി. വീട്ടിലേക്ക് പോകാന്‍ ആരും ധൈര്യപ്പെട്ടില്ല. ജ്യേഷ്ഠത്തിയമ്മയുടെ ജ്യേഷ്ഠന്റെ തൊട്ടടുത്തുള്ള വീട്ടില്‍ ആളുകള്‍ കൂട്ടം കൂടി. ടെലിവിഷന്‍ വഴി കാര്യങ്ങള്‍ അറിയാതിരിക്കാന്‍ ആരോ ബുദ്ധിപൂര്‍വം കേബിള്‍ ടി.വി കട്ട് ചെയ്തു. സമയം 9,10,11. അച്ഛനും മകനും മൊബൈല്‍ കവറുമായി ഇതുവരെ തിരിച്ചെത്തിയില്ല. പരിയാരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ രണ്ടുപേരും കിടക്കുന്ന കാര്യം പാവം ഈ അമ്മ അറിയുന്നില്ല. മോഹനേട്ടനും വിജയേട്ടനും (ജ്യേഷ്ഠത്തിയമ്മയുടെ ജ്യേഷ്ഠന്മാര്‍) കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുറച്ചുകൂടി കഷ്ടപ്പെടേണ്ടി വന്നു. ഹോസ്പിറ്റലിലെ കാര്യങ്ങള്‍ നോക്കണം, ഇവിടെ അനുജത്തിയെ ഏതെങ്കിലും വിധത്തില്‍ പറഞ്ഞ് മനസ്സിലാക്കിപ്പിക്കണം. അവസാനം വീട്ടില്‍ വന്ന്, യഥാര്‍ഥ കാര്യം മറച്ചുവച്ചുകൊണ്ട് ചെറിയ ആക്‌സിഡന്റ് ആയിട്ടുണ്ട്, അവര്‍ ആശുപത്രിയിലാണുള്ളത് എന്ന് ജ്യേഷ്ഠത്തിയമ്മയെ അറിയിച്ചു. രാത്രി ഒരു മണിയായപ്പോഴേക്കും അനുശ്രീയും  കുടുംബവും പാലക്കാട്ട്  നിന്നും എത്തിച്ചേര്‍ന്നു. പിന്നെ കാര്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ആരെക്കൊണ്ടും സാധിച്ചില്ല. 

അന്ന് രാത്രി കല്യാണവീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു കൈ കഴുകുമ്പോള്‍ അവിടുത്തെ തെങ്ങില്‍ നിന്നും ഒരു തേങ്ങ അനുശ്രീയുടെ തൊട്ടുമുന്നില്‍ വീണതും അവള്‍ എന്തോ ഒരു അനര്‍ത്ഥം വരുന്നതിന്റെ സൂചനയായി അതിനെ കാണുകയും ചെയ്തതായി പിന്നീട് അവള്‍ പറഞ്ഞിരുന്നു. ഇവിടെ അനര്‍ത്ഥം ഇതിനകം സംഭവിച്ചു കഴിഞ്ഞിരുന്നു. അതുപോലെതന്നെ അനുശ്രീയ്ക്കുശേഷം നമുക്കിനി വേറെ കുട്ടികള്‍ വേണ്ട എന്ന് ജ്യേഷ്ഠത്തിയമ്മ ജ്യേഷ്ഠനോട് പറയുമായിരുന്നു. ജ്യേഷ്ഠന്‍ അതിനു മറുപടിയായി പറയാറ് 'അവനെ അല്ലെങ്കില്‍ അവളെ നീ വളര്‍ത്തേണ്ട ഞാന്‍ നോക്കിക്കോളും' എന്നാണ്. ഇന്ന് അതുതന്നെ സംഭവിച്ചിരിക്കുന്നു. അതുവരെ നോക്കിയ അച്ഛന്‍ ഇന്ന് പോകുമ്പോള്‍ മകനെയും കൂടെ കൊണ്ടുപോയി. രണ്ട് ഭൗതികശരീരങ്ങളും ആദ്യം ജ്യേഷ്ഠന്‍ ജനിച്ചുവളര്‍ന്ന  തറവാട്ടിലും പിന്നീട് കരിവെള്ളൂരും പൊതുദര്‍ശനത്തിന് വെച്ചു. പോലീസിന്റെ ഔദ്യോഗിക ബഹുമതിയോടൊപ്പം ഞാനും എന്റെ ജ്യേഷ്ഠന് അവസാന സെല്യൂട്ട് നല്‍കി. അടുത്തടുത്ത രണ്ട് തീക്കൂമ്പാരങ്ങളില്‍ രണ്ടുപേരും എരിഞ്ഞമര്‍ന്നു.

ചെറുപ്പം മുതലേ അച്ഛന്‍ മരിച്ച ഞങ്ങളുടെ സഹോദരിമാര്‍ക്ക് ജ്യേഷ്ഠന്‍ എന്നും ഒരു അത്താണിയായിരുന്നു. ആ വിടവ് നികത്താന്‍ ഇനി എനിക്ക് ഒരാളെ കൊണ്ട് സാധിക്കില്ല. മാത്രമല്ല എനിക്കും ഇനി എല്ലാ തീരുമാനങ്ങളും ഒറ്റയ്ക്ക് തന്നെ എടുക്കേണ്ടതുണ്ട്. ഞാന്‍ ഇന്ന് ഈ നിലയില്‍ എത്താന്‍ എന്റെ ജ്യേഷ്ഠന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മലയാളം നിഘണ്ടുവില്‍ തുടങ്ങിയ എന്റെ തുടര്‍വിദ്യാഭ്യാസം തന്നെ ജ്യേഷ്ഠന്‍ വഴിയായിരുന്നു. ആര്‍മി റാങ്കിനെ പറ്റി നല്ലവണ്ണം അറിയാവുന്നതുകൊണ്ട് തന്നെ എന്റെ ഓരോ ഉയര്‍ച്ചയിലും എന്റെ ജ്യേഷ്ഠന്‍ വളരെയധികം അഭിമാനംകൊണ്ടിരുന്നു. പോലീസുകാര്‍ക്കിടയിലായാലും, അല്ലെങ്കില്‍ ജ്യേഷ്ഠത്തിയമ്മയുടെ കുടുംബത്തില്‍ ആയാലും, എന്റെ അനുജന്‍ ക്യാപ്റ്റനായി, അല്ലെങ്കില്‍ മേജറായി എന്ന് പറയുന്നതില്‍ വളരെ അധികം സന്തോഷവാനായിരുന്നു.

മരണം നടക്കുന്നതിന് 25 വര്‍ഷം മുമ്പ് ജ്യേഷ്ഠന്‍ ഒന്ന് മരിച്ച് ജീവിച്ചതായിരുന്നു. പയ്യന്നൂരിനടുത്ത് രാമന്തളിയില്‍ ഒരു അമ്പലത്തില്‍ ഉത്സവസമയത്ത് പോലീസ് ഡ്യൂട്ടിക്ക് പോയതായിരുന്നു. ഉത്സവസമയത്ത് പലപ്പോഴും അവിടെ കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്. ആ വര്‍ഷത്തെ ഉത്സവത്തിന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ചെന്ന പോലീസുകാരെ അവിടുത്തെ ഗുണ്ടകള്‍ അടിച്ച സമയത്ത് മറ്റുള്ള പോലീസുകാരൊക്കെ രക്ഷപ്പെട്ടപ്പോള്‍ ഒരു പോലീസുകാരന്‍ ഒറ്റയ്ക്കായി പോയി. അദ്ദേഹത്തെ രക്ഷിക്കാന്‍ വേണ്ടി ജ്യേഷ്ഠന്‍ അങ്ങോട്ടേക്ക് പോയി. പിന്നീട് ഗുണ്ടകളുടെ കൈയില്‍ കിട്ടിയത് ജ്യേഷ്ഠനെയാണ്. മറ്റുള്ള പോലീസുകാരെല്ലാം പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു. ജ്യേഷ്ഠനെ അവര്‍ മുന്‍കൂട്ടി കൈയില്‍ കരുതിയിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് തലക്കും ശരീരത്തിലും മുഴുവന്‍ അടിച്ചു. എന്നിട്ടും പകതീരാതെ, മരിച്ചെന്ന് കരുതിയ ജ്യേഷ്ഠന്റെ ശരീരത്തില്‍ മുഴുവന്‍ ചെത്ത് കല്ലുകള്‍ നിരത്തിവച്ചിട്ട് അവരെല്ലാം രക്ഷപ്പെട്ടു. ഗുണ്ടകളെ പേടിച്ച് പോലീസുകാരനെ രക്ഷിക്കാന്‍ ആരും വന്നില്ല. അവസാനം ക്രിമിനല്‍ പശ്ചാത്തലമുള്ള  ഒരാളാണ്‌ ധൈര്യപൂര്‍വം വന്ന് ജ്യേഷ്ഠനെ രക്ഷിക്കാന്‍ മുന്‍കൈ എടുത്തതും സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസുകാരെ വിളിച്ചുവരുത്തിയതും ഒക്കെ. മംഗലാപുരത്തുള്ള ആശുപത്രിയില്‍ കുറെ കാലം അബോധാവസ്ഥയില്‍ കിടന്നതിനുശേഷമാണ് ജ്യേഷ്ഠന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഞാനന്ന് കട്ടുവയിലായിരുന്നു. ഇതെല്ലാം കത്തുകള്‍ വഴി മാത്രമാണ് അറിഞ്ഞിരുന്നത്. 

ഇവിടെ സര്‍വീസില്‍ ഇരിക്കുമ്പോള്‍ തന്നെ മുന്നറിയിപ്പില്ലാതെ വന്ന, മനസ്സില്‍ തട്ടിയ മറ്റു ചില മരണത്തിന്റെ കൂടി കഥ പറയാം. ഡി.എസ്.സി. സെന്ററിന്റെ അഡ്ജുറ്റന്റ് ലീവിന് പോകുമ്പോള്‍ പലപ്പോഴും എനിക്കാണ് ചുമതല തരാറുള്ളത്. വിരമിക്കുന്നതിനു മുമ്പായി ഡി.എസ്.സിയിലുള്ള ജവാന്മാര്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. അവര്‍ ഒരു മാസത്തോളം ഇവിടെ ഉണ്ടാകും. ഞാന്‍ അഡ്ജുറ്റന്റിന്റെ ഡ്യൂട്ടി നോക്കുന്ന സമയത്ത് അങ്ങനെയുള്ള രണ്ട് ജവാന്മാരുടെ  മരണമാണ് സംഭവിച്ചിരുന്നത്. രണ്ട് കേസിലും ഹൃദയാഘാതം തന്നെ. 57 വയസ്സുവരെ സര്‍വീസ് ചെയ്തിട്ട് വീട്ടില്‍ പോകുന്നതിന്റെ ഒരാഴ്ചയോ രണ്ടാഴ്ചയോ മുമ്പ് ജീവിതം അവിടെ തന്നെ അവസാനിപ്പിക്കുന്നു. രണ്ടാഴ്ച കഴിഞ്ഞാല്‍ സ്വന്തം പെട്ടിയും തൂക്കി വീട്ടിലേക്ക് എത്തേണ്ടവരെ, ഞങ്ങള്‍ പെട്ടിയിലാക്കി വീട്ടിലേക്ക് അയക്കേണ്ടുന്ന അവസ്ഥ. ഇതൊക്കെ ചെയ്യേണ്ടത് അഡ്ജുറ്റന്റ് ആണ്. രണ്ട് കേസിലെയും ജവാന്മാര്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ളവരായിരുന്നു. ബോഡി പോസ്റ്റ്‌മോര്‍ട്ടം ചെയ്യിക്കണം, മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി എംബാമിംഗ് ചെയ്യണം, പിന്നെ വിമാനം വഴി ഡല്‍ഹിയിലും, ഡല്‍ഹിയില്‍ ഔദ്യോഗിക ബഹുമതി നല്‍കിയതിനുശേഷം ആംബുലന്‍സില്‍ അവരുടെ ജന്മസ്ഥലത്തേക്കും എത്തിക്കണം. 

ആ സ്റ്റേഷനുകളിലെ ഓഫീസറുമായി സംസാരിച്ച് ഇതൊക്കെ ഏകോപിക്കേണ്ടതുണ്ട്. സംവേദന ശീലമായ ഇങ്ങനെയുള്ള കാര്യങ്ങള്‍ വളരെ കൃത്യതയോടെക്കൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്. ആര്‍മിയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ അറിയിക്കുന്നതിന് ടെലിഫോണ്‍ കൂടാതെ, സിഗ്‌നല്‍ സംവിധാനങ്ങള്‍ കൂടിയുണ്ട്. അങ്ങനെ സിഗ്‌നല്‍ ചെയ്യാന്‍ വേണ്ടി ഞാന്‍, മരിച്ച ജവാന്റെ പേരും ആര്‍മി നമ്പറും അഡ്രസ്സും ഒക്കെ എടുത്തപ്പോഴാണ് വൈകാരികമായ ഒരു അനുഭവം ഉണ്ടായത്. മരിച്ച ജവാന്റെ (ഹവില്‍ദാര്‍) ആര്‍മി നമ്പര്‍ നോക്കിയപ്പോള്‍ അത് ഞാന്‍ ജവാനായിരുന്നപ്പോള്‍ ഉണ്ടായിരുന്ന എന്റെ ആര്‍മി നമ്പറിനടുത്തുള്ള മറ്റൊരു നമ്പര്‍. അതായത് 35 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ ഒന്നിച്ച് ട്രെയിനിങ്ങ് ചെയ്തവരാണ്. ഒരേ മൈതാനത്ത് ഒന്നിച്ച് വിയര്‍പ്പൊഴുക്കി ജവാനായി സത്യപ്രതിജ്ഞ ചെയ്ത ഒരാളുടെ, ജീവന്‍ വെടിഞ്ഞ ശരീരത്തെ ഇന്ന് മറ്റൊരാള്‍ അഡ്ജുറ്റന്റിന്റെ കസേരയില്‍ ഇരുന്നുകൊണ്ട് അയാളുടെ വീട്ടിലെത്തിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നു. എന്തൊക്കെയോ വൈരുധ്യങ്ങള്‍ നിറഞ്ഞ ജീവിതം!

(തുടരും)