
ഈ സമയത്താണ് കേരളം കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുന്നത്. അഞ്ഞൂറിനടുത്ത് ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് ജനങ്ങളെ ഭവനരഹിതരാക്കുകയും ചെയ്ത 2018-ലെ കേരളത്തിലെ വെള്ളപ്പൊക്കം. ആര്‍മിയും നേവിയും എയര്‍ഫോഴ്‌സും പോലീസും എന്തിനധികം, മത്സ്യത്തൊഴിലാളികള്‍ പോലും തങ്ങളുടെ ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ഒരു മഹാദുരന്തം. പ്രളയ ദുരിതാശ്വാസത്തിനായി ആര്‍മിയെ വിളിച്ചു എന്ന് അറിഞ്ഞപ്പോള്‍ തന്നെ നമ്മുടെ സ്വന്തം നാട്ടില്‍ എനിക്കും അതിന്റെ ഒരു ഭാഗമാകണം എന്നുള്ള ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ കമ്പനി കമാന്‍ഡര്‍മാരെ മാത്രമേ അയക്കൂ. ക്വാര്‍ട്ടര്‍ മാസ്റ്റര്‍ എന്ന് പറഞ്ഞാല്‍ ഒരു അഡ്മിനിസ്‌ട്രേറ്റീവ് പോസ്റ്റാണ്. കൂടാതെ ഞാനാണെങ്കിൽ 80 ശതമാനം അംഗവൈകല്യവുമുള്ള ഒരാളും. എന്തെങ്കിലും വിപരീതമായി സംഭവിച്ചാല്‍ നാളെ ഒരായിരം ചോദ്യങ്ങള്‍ വരും. പക്ഷേ അവസാനം ആഗ്രഹിച്ചത് പോലെ തന്നെ കാര്യങ്ങള്‍ നടന്നു.
കമ്പനി കമാന്‍ഡര്‍മാരായ ലെഫ്റ്റ്നന്റ് കേണല്‍ വികാസ് ഷാ, തീര്‍ത്താങ്കര്‍, അരുണ്‍കുമാര്‍ എന്നിവര്‍ ഡി.എസ്.സി.യിലെ സൈന്യവുമായി കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിങ്ങനെ പല ഭാഗങ്ങളിലായി വിന്യസിക്കപ്പെട്ടു. അവസാനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, കമാന്‍ണ്ടന്റ് കേണല്‍ ശര്‍മയെ വിളിച്ച് ഒരു പാര്‍ട്ടി കൂടി പോകേണ്ടതുണ്ട് എന്ന് അഭ്യര്‍ഥിച്ചു. അങ്ങനെയാണ് എന്റെ നമ്പര്‍ വന്നത്. കേണല്‍ ശര്‍മയും ഞാനും ഒരുപോലെ റിസ്‌ക്കെടുത്തു. ഓഗസ്റ്റ് 15-ന് ലീവ് ആയതുകാരണം ഞാൻ വീട്ടിലായിരുന്നു. കേണല്‍ ശര്‍മ എന്നെ വിളിച്ച് പോകാനുള്ള ഉത്തരവ് തന്നു. ഓഗസ്റ്റ് 16-ന് രാവിലെ അറുപതോളം ജവാന്മാരടങ്ങിയ ഒരു കോളവുമായി ഞാന്‍ കണ്ണൂരിലെ കൊട്ടിയൂര്‍ മേഖലയിലേക്ക് പുറപ്പെട്ടു. ഡി.എസ്.സി. സെന്റര്‍ മറ്റ് ഇന്‍ഫെന്ററി യൂണിറ്റുകളെ പോലെ അല്ലാത്തത് കാരണം ഞങ്ങളുടെ കൈയില്‍ മനക്കരുത്തല്ലാതെ മറ്റ് കാര്യമായ സാധനങ്ങളൊന്നും ഇല്ലായിരുന്നു. ഞങ്ങളുടെ വണ്ടികള്‍ കൂടാതെ ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ്സും ഞങ്ങള്‍ക്കായി വിട്ടുതന്നു.
Also Read
കൊട്ടിയൂര്‍ അമ്പലത്തിനടുത്തായിരുന്നു പോകേണ്ടിയിരുന്നത്. അവിടെ ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയായിരുന്നു. ബാവലിപ്പുഴയുടെ മറുവശത്തുള്ള പാലുകാച്ചി, തലക്കാണി എന്നീ സ്ഥലങ്ങളെ കൊട്ടിയൂര്‍ ഭാഗവുമായി ബന്ധിപ്പിക്കുന്നതും, ഇവിടെയുള്ള ആശുപത്രികളിലേക്കും സ്‌കൂളുകളിലേക്കും ഒക്കെ വരേണ്ടതും പുഴയ്ക്ക് മുകളിലുള്ള പാമ്പറപ്പാന്‍ എന്ന പാലം വഴിയാണ്. പാലത്തിന്റെ സ്ഥിതിവല്ലാത്തൊരു ദുരവസ്ഥയിലായിരിക്കുകയാണ്. വയനാട് വനമേഖലകളില്‍ നിന്നും മറ്റും കടപുഴകി വന്ന വലിയ വലിയ മരങ്ങളും, മഴപ്പാച്ചിലില്‍ നിലംപൊത്തിയ വീടുകളും മണ്ണിടിച്ചിലില്‍ വീണ വലിയ പാറക്കഷണങ്ങളും കൂടാതെ, ആന മതിലുകള്‍ക്കായി കെട്ടിയ കമ്പിവേലികളും കോണ്‍ക്രീറ്റ് തൂണുകളും എല്ലാം കൂടി കുഴഞ്ഞ് അട്ടഹസിച്ചുകൊണ്ട് ബാവലിപ്പുഴയിലൂടെ ഒഴുകിവന്ന് പാമ്പറപ്പാന്‍ പാലത്തില്‍ തലങ്ങും വിലങ്ങുമായി നില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വെള്ളം പാലത്തിന് മുകളിലൂടെയും രണ്ടു വശങ്ങളിലുമുള്ള കരയേയും കവര്‍ന്നെടുത്തു കൊണ്ട് ഒഴുകുകയായിരുന്നു.
ഒരുപാട് പേരുടെ സ്വപ്നങ്ങളും സമ്പാദ്യങ്ങളും ആ ചുവന്ന ചെളിവെള്ളത്തോടൊപ്പം അലക്ഷ്യമായി ഒഴുകുന്നുണ്ടായിരുന്നു. വന്‍മരങ്ങളെയും വലിച്ചുകൊണ്ടുവരുന്ന പുഴവെള്ളം, തളര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍ അതിനു പുറകെ വരുന്ന വെള്ളം, അതിന്റെ ലക്ഷ്യം വളപട്ടണം പുഴയോ അതല്ല അറബിക്കടലോ എന്നറിയാതെ ആ ജോലി ഏറ്റെടുക്കും. ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരവസ്ഥ. പാലത്തില്‍ തടഞ്ഞു നില്‍ക്കുന്ന വലിയ മരങ്ങളെയും മറ്റും വലിച്ച് കരയ്ക്കിടണം. അത് വെള്ളത്തിലൂടെ ഒഴുക്കിവിട്ടാല്‍ മറ്റൊരു സ്ഥലത്ത് പോയി തടസ്സങ്ങളുണ്ടാക്കും. നാട്ടിലുള്ള ജെസിബികളൊക്കെ കൊണ്ടുവന്ന് ഞങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. സഹായത്തിന് നാട്ടുകാരൊക്കെ കൂടെയുണ്ടായിരുന്നു. നാട്ടില്‍ ലീവിലുണ്ടായിരുന്ന ഒരു ജവാന്‍ അയാളുടെ സ്വന്തം ജീപ്പുമായി എന്റെ ആവശ്യങ്ങള്‍ക്കായി കൂടെത്തന്നെ നിന്നു. കൊട്ടിയൂര്‍ അമ്പലത്തിലെ വിശ്രമമുറികളും ഗസ്റ്റ് റൂമും ഞങ്ങളുടെ താമസത്തിനായി അനുവദിച്ചു. ദുരിതാശ്വാസ ക്യാമ്പ് നടത്തിയിരുന്ന ശ്രീനാരായണ എല്‍.പി. സ്‌കൂളില്‍ തന്നെ അവരുടെ കൂടെ ഞങ്ങളും ഭക്ഷണം കഴിച്ചു.
പിറ്റേദിവസം കുറച്ച് വെള്ളം ഇറങ്ങാൻ തുടങ്ങി. പാലത്തിന്റെ രണ്ടുവശങ്ങളിലുമുള്ള റോഡുകള്‍ കുറെയൊക്കെ പുഴവെള്ളം കൊണ്ടുപോയിരിക്കുന്നു. പാലത്തിന്റെ രണ്ടുവശങ്ങളിലുമുള്ള കൈവരികളും കുറെയൊക്കെ വെള്ളം കൊണ്ടുപോയി വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. താല്‍ക്കാലികശമനം എന്ന രീതിയില്‍ ഞങ്ങള്‍, മണ്ണിടിച്ചിലും മലയിടിച്ചിലും നടന്ന് ഗതാഗതം തടസ്സപ്പെട്ട റോഡുകളിലുള്ള വലിയ കല്ലുകളും മണ്ണുകളും കൊണ്ടുവന്ന് പാലത്തിന്റെ രണ്ടുവശങ്ങളിലും റോഡുകള്‍ ഒഴുകിപ്പോയ സ്ഥലങ്ങളില്‍ നിറച്ചു. പാലത്തിലെ കോണ്‍ക്രീറ്റ് കൈവരികള്‍ക്ക് പകരം കവുങ്ങ് മരങ്ങള്‍ വെട്ടിക്കൊണ്ടുവന്ന് കയറുമായി ബന്ധിച്ച് താല്‍ക്കാലിക നിര്‍മിതി നടത്തി. അടുത്ത ദിവസം മുതല്‍ വാഹനങ്ങള്‍ പോകാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു. ജില്ലാ കലക്ടറുടെ ഫ്‌ളഡ് റിലീഫിന്റെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. അതില്‍ ഞാന്‍ പാലത്തിന്റെ സ്ഥിതി 'ബിഫോര്‍' 'ആഫ്റ്റര്‍' എന്ന പേരില്‍ ഫോട്ടോകള്‍ ഇട്ടിരുന്നു. കലക്ടറില്‍ നിന്നും മറ്റെല്ലാവരില്‍ നിന്നും പ്രശംസനീയമായ അഭിപ്രായങ്ങള്‍ കിട്ടി.

പ്രളയദുരന്തമുഖത്തെ രണ്ട് വ്യത്യസ്തമായ അനുഭവങ്ങള്‍ ഇവിടെ പറയാതിരിക്കാന്‍ പറ്റില്ല. ജനങ്ങള്‍ രാഷ്ട്രീയവും മതവും എല്ലാം മറന്ന് ഒന്നിച്ചുകൈകോര്‍ത്ത് ദുരിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവര്‍ വീട്ടില്‍ നിന്നും ചായയും പലഹാരങ്ങളും ഉണ്ടാക്കി കൊണ്ടുവന്ന് ഞങ്ങള്‍ ആര്‍മിക്കാര്‍ക്ക് തന്നു. അവിടുത്തെ പോലീസുകാര്‍ വന്ന് ഞങ്ങളെ സഹായിച്ചു. എന്നാല്‍ സ്ഥിതിഗതികളൊക്കെ നേരെയായി വരുമ്പോള്‍ ഒരു ദിവസം കണ്ടത് ദുരിതാശ്വാസക്യാമ്പില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്ന രണ്ട് മതങ്ങളിൽപ്പെട്ട യുവാക്കള്‍ തമ്മിലുള്ള അടിപിടിയായിരുന്നു. ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട എന്തോ ഒരു പ്രശ്‌നം. മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പില്‍ നാണക്കേട് ഉണ്ടാക്കിയ ഒരു സംഭവം.
അഞ്ചാറ് ദിവസം അവിടെ താമസിച്ച് ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കിയതിനുശേഷം ഞങ്ങള്‍ കണ്ണൂരിലേക്ക് തിരിച്ചു. വരുന്ന ദിവസം രക്ഷാബന്ധന്‍ ആയിരുന്നു. അതുകൊണ്ടുതന്നെ വരുന്നതിന് മുമ്പായി അവിടുത്തെ സ്‌കൂള്‍ കുട്ടികള്‍ ഞങ്ങളെ ആദരിക്കുകയും എല്ലാ ജവാന്മാര്‍ക്കും രക്ഷാബന്ധന്‍ കെട്ടിക്കൊടുക്കുകയും ചെയ്തു. ആശുപത്രിയില്‍ കിടക്കുന്ന രോഗിക്ക് സ്വന്തം രക്തം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് പോലെയുള്ള ഒരു ഓര്‍മയാണ് കൊട്ടിയൂരിനെ പറ്റി ഇന്നും ആലോചിക്കുമ്പോള്‍. ഇതുവരെ പോകാന്‍ പറ്റാതിരുന്ന കൊട്ടിയൂരിലെ മഹാശിവക്ഷേത്രം കാണാനും ഈ ഒരു അവസരം ഉപയോഗിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെ പേരിലും എന്റെ പേര് സേനാ ബഹുമതിക്കായി അയച്ചിരുന്നെങ്കിലും കിട്ടിയില്ല. പക്ഷേ ഞാന്‍ ശുപാര്‍ശ ചെയ്ത എന്റെ ടീമില്‍ ഉണ്ടായിരുന്ന ഒരു ജവാന് ബഹുമതിപത്രം കിട്ടിയിരുന്നു. ഏതായാലും 38 വര്‍ഷം ആര്‍മിയില്‍ സര്‍വീസ് ചെയ്തിട്ട് വിരമിക്കുന്നതിന്റെ വെറും അഞ്ചു മാസം മുമ്പ് സ്വന്തം നാടിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന സംതൃപ്തിയും, ഒരു ആഗ്രഹ സഫലീകരണവും ആയിരുന്നു അത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് തിരിച്ചുവന്ന ഞങ്ങള്‍ നാല് ഓഫീസര്‍മാരെയും സെന്റര്‍ കമാന്‍ഡന്റിനെയും പല സംഘടനകളും ആദരിച്ചു. മുഖ്യമന്ത്രിയും കണ്ണൂരില്‍ വന്നപ്പോള്‍ ഞങ്ങളുടെ സെന്റര്‍ സന്ദര്‍ശിച്ച് ഒരു പ്രശംസാപത്രം നല്‍കി. പ്രളയത്തെ ആസ്പദമാക്കി പിന്നീട് ഇറങ്ങിയ 2018 എന്ന മലയാള സിനിമയില്‍ അതിന്റെ അവസാനഭാഗത്ത് കാണിക്കുന്ന പ്രളയത്തിന്റെ ഫോട്ടോകളില്‍ അവസാനത്തേതില്‍, കമാന്‍ഡന്റ് കേണല്‍ ശര്‍മയും ഞാനും മറ്റ് ചിലരും കൂടി മുഖ്യമന്ത്രിയുടെ പ്രശംസാപത്രം ഏറ്റുവാങ്ങുന്ന ഫോട്ടോ ഉണ്ടായിരുന്നു. അങ്ങനെ സിനിമയിലും സാന്നിധ്യമായി എന്ന് പറയുമ്പോള്‍ നിങ്ങള്‍ ആരും ചിരിക്കേണ്ട. അതിനിടയില്‍ ഡ്യൂട്ടി ആവശ്യങ്ങള്‍ക്കായി ചെന്നൈയിലും പുണെയിലും ഡല്‍ഹിയിലും പോകേണ്ടി വന്നു. പുണെയില്‍ മറ്റൊരു പ്രത്യേക കൂടിച്ചേരല്‍ ഉണ്ടായിരുന്നു. അത് ദക്ഷിണ കമാന്‍ഡിന്റെ കീഴിലുള്ള, യുദ്ധത്തില്‍ പരിക്കേറ്റവരുടെ ഒരു കൂടിച്ചേരല്‍ ആയിരുന്നു. അതില്‍ കണ്ണൂരില്‍ ഡി.എസ്.സി.യില്‍ നിന്ന് ഞാനും പിന്നെ എം.ഇ.എസി.ല്‍ നിന്ന്, മൈന്‍ പൊട്ടിത്തെറിച്ചത് കാരണം ഒരു കാല് മുറിച്ചു മാറ്റേണ്ടി വന്ന സുബേദാര്‍ വിനോദും ഉണ്ടായിരുന്നു.
രാജ്യത്തിനുവേണ്ടി തന്റെ ശരീരഭാഗങ്ങള്‍ സമര്‍പ്പിച്ച കുറെ ധീര സേനാനികളുടെ ഒരു കൂട്ടായ്മ. സുബേദാര്‍ മനീഷിന് വരാന്‍ പറ്റിയില്ല. കണ്ണൂര്‍കാരനായ സുബേദാര്‍ മനീഷ് ശൗര്യചക്ര, ഓപ്പറേഷന്‍ ബ്ലാക്ക് ടൊറന്‍ഡോയുടെ ഭാഗമായി ബോംബെ ഭീകരാക്രമണത്തില്‍ ഒബ്രോയ് ഹോട്ടലില്‍ കുടുങ്ങിയ ടൂറിസ്റ്റുകളെ ഒഴിപ്പിക്കുന്നതിനിടയില്‍ ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് അതിന്റെ ഒരു ഭാഗം ഇന്നും തലയില്‍ പേറികൊണ്ടാണ് നടക്കുന്നത്. അങ്ങനെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടതും നിര്‍ജീവമായ ശരീരഭാഗങ്ങള്‍ പേറി നടക്കുന്നതുമായ കുറേ പേരുടെ കലാപരിപാടികളും ഉണ്ടായിരുന്നു. വീല്‍ച്ചെയറില്‍ ഇരുന്നുകൊണ്ട് കൈകളുടെ ബലത്താല്‍ നടത്തിയ സംഘനൃത്തം ഒരിക്കലും മറക്കാന്‍ പറ്റുന്നതായിരുന്നില്ല. വിരമിക്കാനുള്ള ഉത്തരവ് വന്നു. 2019 ജനുവരി 31. സര്‍വീസിന്റെ 38 വര്‍ഷവും 39 ദിവസവും അന്നത്തേയ്ക്ക് തികയും. ആര്‍മിയില്‍ ഓരോ റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കും റാങ്കിന് അനുസരിച്ചുള്ള വിരമിക്കല്‍ പ്രായമുണ്ട്. ഞങ്ങള്‍ ക്വാര്‍ട്ടര്‍ മാസ്റ്റര്‍മാര്‍ക്ക് 57 വയസ്സ് ആണ്.
എന്റെ ജനനം ജനുവരിയില്‍ ആയതുകൊണ്ട് ആ മാസം അവസാനം വിരമിക്കുന്നു. ചില ഭാഗ്യപരീക്ഷണങ്ങള്‍ തൊട്ടടുത്തുകൂടി പോയാലും നമുക്ക് അതിനെ ഒന്നും ചെയ്യാന്‍ പറ്റില്ല. ജനുവരിയിലാണ് എന്റെ വിരമിക്കല്‍. അതിന്റെ അടുത്തമാസം ഫെബ്രുവരിയില്‍ എന്റെ കേണല്‍ റാങ്കിലേക്കുള്ള പ്രൊമോഷന്‍ ബോര്‍ഡ് ആണ്. ഒഴിവുകള്‍ കുറവായതുകൊണ്ട് പ്രമോഷന്‍ സാധ്യതയെ പറ്റി ഒന്നും പറയാന്‍ പറ്റില്ല. എങ്കിലും ഫെബ്രുവരിയില്‍ പ്രമോഷന് അര്‍ഹതയുള്ള ഒരാള്‍ ജനുവരിയില്‍ വിരമിക്കുക എന്ന് പറയുമ്പോള്‍ അത് കുറച്ചൊക്കെ അസ്വസ്ഥത നല്‍കുന്നതായിരുന്നു. അതാത് മാസങ്ങളില്‍ വിരമിക്കുന്ന ഓഫീസര്‍മാര്‍ ഡല്‍ഹി ആര്‍മി ഹെഡ് ക്വാർട്ടറില്‍ പോകേണ്ടതുണ്ട്. അതിനുവേണ്ട തീയതി കിട്ടി. അതില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഓരോ റാങ്കിലുമുള്ള ഒന്നോ രണ്ടോ ഓഫീസര്‍മാര്‍ സൈനിക മേധാവി അടങ്ങുന്ന സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് വിരമിക്കല്‍ പ്രസംഗം നടത്തേണ്ടതുണ്ട്.
ആ പട്ടികയില്‍ എന്റെ പേരുകൂടിയുണ്ടെന്ന് എന്നെ വിളിച്ചറിയിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച, ആദ്യത്തെ കരസേനാ മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ആയിരുന്നു അന്നത്തെ സൈനിക മേധാവി. അദ്ദേഹവും മറ്റ് ജനറല്‍മാരും അടങ്ങുന്ന ഒരു വലിയ സദസ്സിന് മുന്നില്‍ നല്ലൊരു പ്രസംഗം നല്‍കാന്‍ എനിക്ക് കഴിഞ്ഞു. ജനുവരി അവസാനവാരം. വിരമിക്കാനുള്ള ദിവസം അടുത്തെത്തി. ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ബ്രാഞ്ചിന്റെ പാര്‍ട്ടിയും, ലങ്കറിലെ ബഡാഘാനയും, ജെ.സി.ഒ. മെസ്സിലെ പാര്‍ട്ടിയും കഴിഞ്ഞു. എന്റെ ബ്രാഞ്ചിലെ ഫാമിലി അടക്കമുള്ള അമ്പതോളം പേരെ ഞാന്‍ നീലേശ്വരത്ത് കൊണ്ടുപോയി ഹൗസിംഗ് ബോട്ട് ചെയ്യിച്ചു. വരുന്ന വഴി എന്റെ വീട്ടില്‍ ചായ സല്‍ക്കാരവും നല്‍കി.
ഇനി ഓഫീസര്‍ മെസ്സില്‍ നിന്നുള്ള 'ഹി ഈസ് എ ജോളി ഗുഡ് ഫെല്ലോ' പറഞ്ഞുകൊണ്ടുള്ള പെന്‍ഷന്‍ ഔട്ട് പാര്‍ട്ടി. ഷോര്‍ണൂര്‍കാരനായ എന്റെ സീനിയര്‍ ലെഫ്റ്റ്‌നന്റ് കേണല്‍ ഹരിദാസന്‍ പുതിയ ക്വാര്‍ട്ടര്‍ മാസ്റ്ററായി ചാര്‍ജ് എടുക്കാന്‍ വന്നു. വൈകാരികമായ നാളുകള്‍. കഴിഞ്ഞ 38 വര്‍ഷമായി ശരീരത്തിന്റെ ഭാഗമായി കഴിഞ്ഞ യൂണിഫോമും, തൊപ്പിയും ബൂട്ടും ബെല്‍റ്റുമൊക്കെ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. തിളക്കമാര്‍ന്ന അശോകസ്തംഭങ്ങളും നക്ഷത്രങ്ങളും ഇനി പെട്ടിയിലെ ഏതെങ്കിലും ഒരു മൂലയില്‍ കിടക്കും. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദില്‍ നിന്നും വാങ്ങിയ, എന്നെപ്പോലെ തന്നെ വലിയ ഒരു അപകടം നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ആ പെട്ടി ഇപ്പോഴും എന്റെ കൈയില്‍ തന്നെയുണ്ട്. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് യൂണിഫോം ധരിക്കാന്‍ അനുമതി നല്‍കിയ അതേ സ്ഥലത്തുവെച്ച് തന്നെ ഞാന്‍ എന്റെ യൂണിഫോം അഴിക്കുകയാണ്. ശത്രു സൈന്യത്തിന്റെ വെടിയുണ്ട സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിയ അപൂര്‍വം ചില സൈനികരില്‍ ഒരാള്‍.
പുറകോട്ട് നോക്കുമ്പോള്‍ എന്തൊക്കെയോ നേടിയെടുത്തതിന്റെയും, ചെയ്തു തീര്‍ത്തതിന്റെയും ചാരിതാര്‍ഥ്യം. കണ്ണൂരില്‍ നിന്നും ഹൈദരാബാദിലേക്ക് ട്രെയിന്‍ കയറുമ്പോള്‍ ഒരു ജോലി കിട്ടി എന്ന സംതൃപ്തി മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍, ഇന്ന് എല്ലാം കഴിഞ്ഞ് കണ്ണൂരില്‍ തിരിച്ചെത്തിയപ്പോള്‍, സ്വപ്രയത്‌നത്തിലൂടെ പലതും നേടിയതിന്റെ സംതൃപ്തി. സ്വപ്നം കണ്ടതും ആഗ്രഹിച്ചതുമായ ജീവിതം കൈവശമാക്കിയതിന്റെ ചാരിതാര്‍ഥ്യം. മൂന്നക്ക ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ച ഞാന്‍ ഇന്ന് ആറക്ക ശമ്പളവുമായിട്ടാണ് വിരമിക്കുന്നത്. 175 രൂപ അടിസ്ഥാന ശമ്പളം വാങ്ങിയതിന്റെ 'പേ സ്ലിപ്പ്' ഇന്നും കൈയില്‍ സൂക്ഷിച്ചിട്ടുണ്ട്. നാടുവിടുമ്പോള്‍ മാതൃഭാഷ മാത്രമാണ് അറിയാമായിരുന്നതെങ്കില്‍ ഇന്ന് ഇപ്പോള്‍ ഏഴ് ഭാഷ സംസാരിക്കാന്‍ പഠിച്ചു.
പത്താം ക്ലാസ് മാത്രം കൈയിലുണ്ടായിരുന്ന എനിക്ക് ഇന്ന്, മാസ്റ്റര്‍ ഡിഗ്രി മുഴുമിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും ഒരു ബാച്ചിലര്‍ ഡിഗ്രി കൈയിലുണ്ട്. മദ്യപാനമോ പുകവലിയോ തുടങ്ങിയിട്ടില്ലെന്ന് മാത്രമല്ല, അത് ഉപയോഗിക്കുന്ന പലരെയും അതില്‍ നിന്ന് പിന്തിരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. 100 കിലോമീറ്ററിനപ്പുറം സഞ്ചരിക്കാത്ത ആള്‍, ഇന്ന് ഇന്ത്യ മുഴുവന്‍ കറങ്ങി തിരിച്ചുവന്നിരിക്കുന്നു. ആര്‍മി ജീവിതം പലതും നേടിത്തന്നിട്ടേ ഉള്ളൂ. എന്തെങ്കിലും ഒന്ന് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ശരീരത്തിന്റെ ഒരു ഭാഗം മാത്രമാണ്. പക്ഷേ അത് സ്വന്തം രാജ്യത്തിനുവേണ്ടിയുള്ള സമര്‍പ്പണം ആണല്ലോ എന്ന ചിന്ത നഷ്ടബോധത്തിന് പകരം അഭിമാനമേ തോന്നിയിട്ടുള്ളൂ.

ഇന്ത്യന്‍ ആര്‍മിയില്‍ 38 വര്‍ഷവും 39 ദിവസവും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എല്ലാ യൂണിറ്റിലെയും പോലെ ഒരു സ്മരണിക ഇവിടെനിന്നും കിട്ടും. എന്നാല്‍ എന്റെ ആര്‍മി ജീവിതത്തിന്റെ ഓര്‍മയ്ക്കായി യൂണിഫോമിനോട് വിടപറയുന്ന യൂണിറ്റില്‍ ഒരു സ്മരണിക അങ്ങോട്ട് നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചു. കൂട്ടുകാരനായ ആര്‍ട്ടിസ്റ്റ് ലക്ഷ്മണന്‍ നല്ലൊരു ശില്പിയാണ്. ഞാന്‍ പുതിയ വീടെടുത്തപ്പോള്‍ എല്ലാ ആര്‍ട്ട് വര്‍ക്കുകളും അദ്ദേഹമാണ് ചെയ്തിരുന്നത്. വീടിന്റെ മുന്നിലെ വരാന്തയില്‍ അദ്ദേഹം നിര്‍മിച്ച ഒരു ഭടന്‍ ഇന്നും കാവല്‍ നില്‍ക്കുന്നുണ്ട്. ആര്‍ട്ടിസ്റ്റ് ലക്ഷ്മണനെക്കൊണ്ട്, ഡി.എസ്.സി. സെന്ററിന്റെ ചിഹ്നം പതിപ്പിച്ച അഞ്ചടി ഉയരം വരുന്ന ഒരു വലിയ സ്മരണിക പ്രത്യേകം നിര്‍മിച്ച് എന്റെ പെന്‍ഷന്‍ ഔട്ട് പാര്‍ട്ടി കഴിഞ്ഞ് വിരമിക്കല്‍ പ്രസംഗങ്ങളും മറുപടി പ്രസംഗവുമൊക്കെ കഴിഞ്ഞതിനുശേഷം ഇങ്ങനെ ഒരു സമ്മാനം അവര്‍ക്ക് നല്‍കി എല്ലാവരെയും അമ്പരിപ്പിച്ചു.
2019 ജനുവരി 31 സര്‍വീസിന്റെ അവസാനം ദിവസം. എല്ലാ ഉത്തരവാദിത്തങ്ങളും ലെഫ്റ്റനന്റ് കേണല്‍ ഹരീന്ദ്രനെ ഏല്‍പ്പിച്ചിട്ട് ഓഫീസ് പടിയിറങ്ങി. ഓഫീസ് മുതല്‍ ഓഫീസര്‍ മെസ്സ് വരെയുള്ള റോഡിന്റെ ഒരു വശം മുഴുവന്‍ കൈയില്‍ പൂക്കളും മാലകളുമായി നിറഞ്ഞുനില്‍ക്കുന്ന ജവാന്മാരും ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍മാരും. എന്നെ അവസാനമായി റൂമിലെത്തിക്കാനുള്ള അലങ്കരിച്ച ജിപ്‌സിയും മറ്റു ഓഫീസര്‍മാരും കൂടെ തന്നെ. ഓരോ ജവാന്മാരുടെയും പൂമാലകളും അവസാനത്തെ സല്യൂട്ടും സ്വീകരിച്ചുകൊണ്ട് ഇതിനുമുമ്പ് പലപ്പോഴും സാക്ഷ്യംവഹിച്ച ആ വിരമിക്കല്‍ ചടങ്ങ് ഇന്ന് സ്വയം ഏറ്റുവാങ്ങുകയാണ്. ഓഫീസര്‍ മെസ്സിലെ അവസാനത്തെ ചായ സല്‍ക്കാരവും കഴിഞ്ഞ് എനിക്ക് കിട്ടിയ പൂമാലകളാല്‍ അലങ്കരിക്കപ്പെട്ട ജിപ്‌സിയുമായി റൂമിലേയ്ക്ക് തിരിച്ചു.
കൂട്ടുകാരന്‍ രഘുവിന്റെ നേതൃത്വത്തില്‍ നാട്ടില്‍ സ്വീകരണം ഒരുക്കിയിരുന്നു. സെന്ററിലെ ബാന്‍ഡ് പാര്‍ട്ടി മുന്‍കൂട്ടി തന്നെ അവിടെ എത്തിയിരുന്നു. വീടിനടുത്തുള്ള എസ്.ഐ. മുക്ക് എന്ന ജംഗ്ഷനില്‍ ജിപ്‌സിയില്‍ ചെന്നിറങ്ങി. അവിടെ പഞ്ചായത്ത് പ്രസിഡണ്ടും മറ്റുള്ള പൗരപ്രമാണിമാരും ചേര്‍ന്ന് എന്നെ സ്വീകരിച്ചു. പൈപ്പ് ബാന്‍ഡിന്റെ താളമേളത്തിനോടൊപ്പം ചുവടുവെച്ചുകൊണ്ട് അവിടെനിന്നും വീടുവരെ എല്ലാവരും എന്നെ അനുഗമിച്ചു. സെന്ററില്‍ നിന്നും ഓഫീസര്‍മാരും ജവാന്മാരും അവരുടെ ഭാര്യമാരുമൊക്കെയായി കുറച്ചുപേര്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ തന്ന പാലും കുടിച്ചിട്ടാണ് ഹൈദരാബാദിലേക്ക് പോകാനായി കണ്ണൂരിലേക്ക് ബസ് കയറിയിരുന്നത്. ചുമലില്‍ ആദ്യത്തെ നക്ഷത്രം വെച്ചുതന്നതും അമ്മയായിരുന്നു. ഇന്നിപ്പോള്‍ ഇതൊക്കെ കാണാന്‍ അമ്മയും എല്ലാത്തിനും കൂടെ നിന്നിരുന്ന ജ്യേഷ്ഠനും ഇല്ലല്ലോ എന്ന ഒരു സങ്കടം മാത്രം. എന്റെ ഉയര്‍ച്ചയും വളര്‍ച്ചയും കണ്ട എന്റെ നാട്ടുകാര്‍ അവരുടെ സന്തോഷം എന്നോടൊപ്പം പങ്കുവെച്ചു. അത്താഴവിരുന്ന് കഴിഞ്ഞ് എല്ലാവരും അവരവരുടെ സ്ഥലത്തേക്ക് പോയി. ഇത്രയും കാലം എന്നെയും വഹിച്ചുനടന്നിരുന്ന എന്റെ യൂണിഫോം അതിന്റെ യാത്ര അവസാനിപ്പിച്ച്, എന്റെ പട്ടാളപ്പെട്ടിയില്‍ അതിന്റെ വിശ്രമസ്ഥലം കണ്ടെത്തി.
(തുടരും)
Content Highlights: Lieutenant Colonel Surendran M.K.'s autobiography Jeevitham enna theekkadal- 27
Published: 23 May 2024, 12:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented