'ജാട്ട് റെജിമെന്റല്‍ സെന്റര്‍, ബറേലി'. ബറേലി എന്ന പേര് കേള്‍ക്കുമ്പോള്‍ ഹിന്ദി അറിയാവുന്ന ഏതൊരാളുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് 1966-ല്‍ ഇറങ്ങിയ പഴയ ഒരു ഹിന്ദി സിനിമ പാട്ടാണ്. 'ജുംക ഗിരാ രെ ബറേലി കാ ബജാര്‍ മേം'. വലിയ അര്‍ത്ഥമൊന്നുമില്ലെങ്കിലും ആ ഒരു പാട്ടിലൂടെ തന്നെ ബറേലി എന്ന ബജാറും, അവിടുത്തെ ജുംകയും (കമ്മല്‍) ലോകപ്രശസ്തമാകുകയായിരുന്നു. നമ്മുടെ മലയാളത്തിലും അമ്മയുടെ കമ്മലിനെ കുറിച്ച് ഒരു സിനിമ പാട്ട് ഉണ്ടായിരുന്നു. കുറച്ചുകാലം അത് എല്ലാവരും പാടി നടന്നതാണെങ്കിലും, ഈ പാട്ട് അങ്ങനെയല്ല. കഴിഞ്ഞ 57 വര്‍ഷമായിട്ടും അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. 'മേരാ സായ' എന്ന ഹിന്ദി സിനിമക്കുവേണ്ടി ആശാ ബോസ്‌ലെ പാടിയ ഗാനം സാധന എന്ന നടി സിനിമയില്‍ തകര്‍ത്താടി. പാട്ടിലെ ജുംക്കയും ബറേലി ബജാറുമായി ഒരു ബന്ധമില്ലെങ്കിലും അതിനടിസ്ഥാനമാക്കി പല കഥകളും പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു ജവാന്റെ ഭാര്യയുടെ കമ്മല്‍ ബജാറില്‍ നഷ്ടപ്പെട്ടതിനെ അടിസ്ഥാനമാക്കിയാണ് ഈ പാട്ട് വന്നതെന്ന് ചിലര്‍ പറയുന്നുവെങ്കില്‍, മറ്റുള്ളവര്‍ അത് അമിതാബച്ചന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയകഥയുമായി ബന്ധപ്പെടുത്തിയും പറയുന്നുണ്ട്. ഏതായാലും ഒരു പാട്ടിലെ വരികള്‍ കാരണം ഒരു നഗരം തന്നെ പ്രസിദ്ധമാകുന്നത് ഇത് ആദ്യമായിട്ടായിരിക്കണം.

To advertise here,

ഇന്ന് ഞാന്‍ ഇതെഴുതുമ്പോള്‍ അറിയാന്‍ കഴിഞ്ഞത് രസകരമായ മറ്റൊരു വിവരമാണ്. ജുംക്ക കാരണം പ്രസിദ്ധമായ ബറേലിയില്‍ ഇന്ന് അവിടെ ലക്‌നോ ഡല്‍ഹി ഹൈവേയില്‍ ബറേലിയിലേക്ക് പ്രവേശിക്കുന്നിടത്ത് 14 മീറ്റര്‍ ഉയരത്തിലുള്ള ഒരു തൂണില്‍ 200 കിലോ ഭാരം ഉള്ള പിച്ചളയും ചെമ്പും ചേര്‍ത്ത് നിര്‍മിച്ച ഒരു വലിയ ജുംക്ക തന്നെ കെട്ടിത്തൂക്കിയിട്ട് ആ സ്ഥലത്തിന് 'ജുംക്ക ചോഹ്രായ' എന്ന് പേര് നല്‍കിയിട്ടുണ്ട് എന്നതാണ്. അത്യാവശ്യ സാധനങ്ങളുമായി എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ബാംഗ്ലൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ വിമാനമുള്ള റൂട്ട് ആകുമ്പോള്‍ നമുക്ക് അതില്‍ തന്നെ പോകേണ്ടതുണ്ട്. പ്രൈവറ്റ് എയര്‍ലൈന്‍സില്‍ പോയാല്‍ ചിലവ് ഗവണ്‍മെന്റ് തരില്ല. ഡല്‍ഹിയില്‍ നിന്നും ബറേലിയിലേക്ക് ട്രെയിനില്‍ ഒന്നാം ക്ലാസ് എസിയിലും മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. പക്ഷേ മുമ്പത്തെ പോലെ പുതുതായി ഒരു സ്ഥലത്തേക്ക് പോകുന്നതിന്റെ ഉത്സാഹം ഇല്ലായിരുന്നു. സുധയും, ശ്രദ്ധയും ബാംഗ്ലൂരില്‍. ശ്രീരാഗ് തമിഴ്‌നാട്ടില്‍. മറ്റു കുടുംബാംഗങ്ങള്‍ ഒക്കെ കണ്ണൂരില്‍. ഞാന്‍ ഇവരില്‍ നിന്നൊക്കെ വളരെ അകലത്തില്‍ ഉത്തര്‍പ്രദേശില്‍. കൂടാതെ ബറേലി എനിക്ക് ഒരു പുതിയ സ്ഥലമായിരുന്നില്ല. റാണിക്കേത്തില്‍ ഉള്ളപ്പോള്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി ലക്‌നൗവിലും ബറേലിയിലും പോയിട്ടുണ്ട്. ഉത്സാഹമില്ലായ്മയുടെ കാരണം കണ്ടെത്തി.

പതിവുപോലെയുള്ള റെയില്‍വേ സ്റ്റേഷനിലെ ചായ സല്‍ക്കാരവും കഴിഞ്ഞ്, ജിപ്‌സി സെന്ററിലേക്ക് പുറപ്പെട്ടു. ഒരു ജെ.സി.ഒ.യും രണ്ട് ജവാന്‍മാരും സ്റ്റേഷനില്‍ വന്നിരുന്നു. പോളിഷ് ചെയ്ത് മിനുക്കിയെടുത്ത, പിച്ചളയില്‍ തീര്‍ത്ത 'ജാട്ട്' എന്ന ഇംഗ്ലീഷില്‍ എഴുതിയ മൂന്ന് അക്ഷരം അവരുടെ യൂണിഫോമിന്റെ തോളത്തിരുന്നുകൊണ്ട് അഭിമാനം കൊള്ളുന്നുണ്ടായിരുന്നു. അവരോടൊപ്പം തന്നെ ഉയരമുള്ള പുതിയ ഓഫീസറിനെ കണ്ടപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമായി. 'തമ്പി ജാട്ട്'. പിന്നീട് പല ഓഫീസര്‍മാരും തമാശയായിട്ടെങ്കിലും എന്നെ അങ്ങനെ സംബോധന ചെയ്തിട്ടുണ്ട്.

ജാട്ട് ശക്തരാണ്, വിജയം ദൈവത്തിന് എന്ന് അര്‍ത്ഥം വരുന്ന യുദ്ധമുറവിളിയായ 'ജാട്ട് ബല്‍വാന്‍, ജയ് ഭഗവാന്‍' എന്നെഴുതിയ അലങ്കാര കവാടത്തോട് കൂടിയുള്ള വിശാലമായ ജാട്ട് റെജിമെന്റല്‍ സെന്ററിലേക്കുള്ള പ്രവേശനം തന്നെ കുരുക്ഷേത്രയിലെയും പാനിപ്പത്തിലെയും യുദ്ധങ്ങളുടെ സ്മരണയുണര്‍ത്തുന്നതായിരുന്നു. നാളെ നടക്കാന്‍ പോകുന്ന യുദ്ധങ്ങള്‍ക്ക് വേണ്ടി വാര്‍ത്തെടുക്കുന്ന, അവിടങ്ങളില്‍ നിന്നുമുള്ള കുറെ ജവാന്മാര്‍ വിശാലമായ മൈതാനത്ത് പരേഡ് ചെയ്യുകയാണ്. അടുത്താഴ്ച അവരുടെ പാസ്സിംഗ് ഔട്ട് പരേഡ് ആണ്. അതിനുവേണ്ടുന്ന ഫൈനല്‍ റിഹേഴ്‌സലുകള്‍ നടക്കുകയാണ്. രാജ്യത്തിനുവേണ്ടി ബലിദാനം ചെയ്യാന്‍ തയ്യാറാണ് എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട്, മഹത്തായ ജാട്ട് റെജിമെന്റിന്റെ ഭാഗമാകാന്‍ പോവുകയാണ്. ആ മഹത്തായ ചടങ്ങ് കാണാന്‍ ആ ദിവസം അവരുടെ നാട്ടില്‍ നിന്നും അവരുടെ അച്ഛനമ്മമാരും സഹോദരി സഹോദരന്മാരും ഒക്കെ വരും. ഡ്രില്‍, ആയുധ പരിശീലനം, ഫയറിങ്ങ്, എഴുത്ത് പരീക്ഷകള്‍, വേഗതയേറിയ ഓട്ടക്കാരന്‍ തുടങ്ങിയ പല ഇനങ്ങളിലും, ജനറല്‍ ഓഫീസറുടെ കൈയില്‍ നിന്നും അവര്‍ക്ക് മെഡല്‍ നല്‍കപ്പെടും. മറ്റുചിലര്‍ അവരുടെ കമ്പനികളെ പരേഡിന്റെ മുന്നില്‍ നിന്നും നയിക്കുന്നവര്‍ ആയിരിക്കാം. ഒരു വര്‍ഷം മുമ്പ് വരെ ജോലി ഇല്ലാത്തതിന് വീട്ടില്‍ നിന്നും വഴക്ക് വാങ്ങിച്ച അച്ഛന്റെ മുന്നില്‍വച്ച് ഇന്ന് പോക്കറ്റില്‍ മെഡല്‍ അണിയുമ്പോള്‍ അതിന്റെ സംതൃപ്തി ഒന്ന് വേറെ തന്നെയാണ്.

'അനൗണ്‍സ്‌മെന്റ് ചെയ്യുന്നയാള്‍ സാബിന്റെ നാട്ടുകാരനാണ്.' കൂടെയുണ്ടായിരുന്ന ജെ.സി.ഒ. എന്നോട് പറഞ്ഞു. ഗ്രൗണ്ടില്‍ നടക്കുന്ന പരേഡിന്റെ 'കമന്ററി' കൃത്യമായി ഹിന്ദിയില്‍ പറയുന്നുണ്ടായിരുന്നു. അത് ബറേലിയില്‍ തന്നെ ജനിച്ചുവളര്‍ന്ന മലയാളിയായ ഒരു അനില്‍ നായര്‍ ആയിരുന്നു. ബറേലി കന്റോണ്‍മെന്റ് ഏരിയയില്‍ ഇന്ന് നായര്‍ എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു പേരാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് അവിടെ ജോലിക്കായി വന്ന അനില്‍ നായരുടെ അച്ഛനും അമ്മയും അവിടെത്തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു. അവിടെ ജനിച്ചുവളര്‍ന്ന കലാകാരനായ അനില്‍ നായര്‍ കൂടെയുണ്ടായിരുന്ന ഒരു ബറീലിക്കാരി പെണ്ണിനെ തന്നെ കല്യാണം കഴിച്ച് അവിടെത്തന്നെ കൂടി. അനില്‍ നായരും, സ്ത്രീ സംവരണം വരുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും അവിടെ മാറിമാറി കന്റോണ്‍മെന്റ് വാര്‍ഡ് മെമ്പര്‍മാരാണ്. നല്ല ശബ്ദ ഗാംഭീര്യമുള്ള അനില്‍ നായരാണ് ഇങ്ങനെയുള്ള പരേഡുകളില്‍ കമന്ററി ചെയ്യാന്‍ വരാറുള്ളത്. ഇപ്പോള്‍ ഇംഗ്ലീഷിലുള്ള കമന്ററി അദ്ദേഹത്തിന്റെ മകളും ചെയ്യാന്‍ തുടങ്ങി. 

1795 മുതലാണ് ജാട്ട് റെജിമെന്റിന്റെ ചരിത്രം ആരംഭിക്കുന്നത്. ലോക്കല്‍ ഗാര്‍ഡ് ഡ്യൂട്ടിക്കായി പ്രസിഡന്‍സിയില്‍ 'കല്‍ക്കട്ട നേറ്റീവ് മിലീഷ്യ' എന്ന പേരില്‍ തുടങ്ങിയ സേനാ വിഭാഗം 1861-ല്‍ ഒരു സാധാരണ ഇന്‍ഫെന്ററി യൂണിറ്റായി രൂപപ്പെടുകയായിരുന്നു. പിന്നീട് 1923 മറ്റ് മൂന്ന് യൂണിറ്റുകളുമായി ചേര്‍ന്ന് ജാട്ട് റെജിമെന്റല്‍ സെന്റര്‍ ആവുകയായിരുന്നു. ഹരിയാന രാജസ്ഥാന്‍ ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹിന്ദു ജാട്ടുകള്‍ മാത്രം അടങ്ങുന്നതാണ് ജാട്ട് റെജിമെന്റുകള്‍. 24 ബറ്റാലിയനുകളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജാട്ടുകളെ കൂടാതെ രാജ്പുത്ത്, അഹിര്‍, ഗുര്‍ജര്‍ തുടങ്ങി മറ്റ് ജാതിക്കാരും ഉണ്ടെങ്കിലും 96% വും ജാട്ട് തന്നെയാണ്. ജാട്ട് റെജിമെന്റിന്റെ വലുതും ചെറുതുമായ ഏതൊരു കവാടത്തിന്റെയും, മൈതാനങ്ങളുടെയും, ഓഫീസുകളുടെയും, യുദ്ധ സ്മാരകത്തിന്റെയും ഒക്കെ മുന്നില്‍ തലപ്പാവ് ധരിച്ച ഒരു ജാട്ട് ജവാന്റെ മുഖചിഹ്നം കാണാം. അതിന്റെ പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്. 

ജാട്ട് റെജിമെന്റിന്റെ ഈ ചിഹ്നത്തിന് മൗജി രാം എന്നാണ് പേര്. മൗജി രാം 1907-ല്‍ ജാട്ട് റെജിമെന്റില്‍ ചേര്‍ന്ന ഒരു സിപ്പായി ആയിരുന്നു. 1926 മുതല്‍ 1931 വരെ അദ്ദേഹം ട്രെയിനിങ്ങ് ബറ്റാലിയന്റെ സുബേദാര്‍ മേജര്‍ ആയിരുന്നു. 1928 ഫെബ്രുവരിയില്‍ കിഴക്കന്‍ കമാന്റിന്റെ ജനറല്‍ ഓഫീസര്‍ ഇന്‍ ചീഫ് ആയ ലെഫ്റ്റനന്റ് ജനറല്‍ സര്‍ ജോര്‍ജ് ഡേ ബാറോ അദ്ദേഹത്തിന്റെ പത്‌നി മിസിസ് ജി ഡേ ബാറോയുമൊത്ത് ജാട്ട് സെന്റര്‍ സന്ദര്‍ശിച്ചു. മിസ്സിസ് ബാറോ നല്ലൊരു ചിത്രകാരിയായിരുന്നു. ജാട്ട് ജവാന്മാരുടെ വേഷവും അച്ചടക്കവും കണ്ട് അതില്‍ ആകര്‍ഷണീയയായി്, ജാട്ട് ജവാന്റെ ഒരു മാതൃകാ ചിത്രം നോക്കിവരക്കാന്‍ പറ്റിയ ഒരു ജവാനെ അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ സുബേദാര്‍ മേജര്‍ മൗജി രാം തന്നെ അതിന് തയാറാവുകയും ചെയ്തു. അവര്‍ മൗജി രാമിന്റെ അന്നത്തെ പ്രായത്തിലുള്ളതും, സങ്കല്പത്തിലൂടെ ചെറുപ്പകാലത്തെ മൗജി രാമിനേയും വരച്ചു. പിന്നീട് 1943-ല്‍ സെന്‍ട്രല്‍ കമാന്‍ഡന്റ് ആയിരുന്ന ലെഫ്റ്റനന്റ് കേണല്‍ ഡി ആര്‍ ആദംസിന്റെ ഭാര്യ മിസ്സിസ് ആദംസ്, ആ ചിത്രം വരച്ച മിസ്സിസ് ബാറോവിന്റെ കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ മിസിസ് ബാറോ ആ ചിത്രങ്ങള്‍ ജാട്ട് റെജിമെന്റ് സെന്ററിന് സമ്മാനമായി നല്‍കുകയും അത് ഓഫീസര്‍ മെസ്സ്‌സില്‍ സൂക്ഷിക്കുകയും ചെയ്തു. പിന്നീട് 1983-ല്‍ റെജിമെന്റല്‍ സെന്ററിന്റെ ഒരു മഹത്തായ ചടങ്ങായ രണ്ടാമത് 'കളര്‍ പ്രസന്റേഷനില്‍' 'ഫസ്റ്റ് ഡേ കളര്‍ സ്റ്റാമ്പ്' എന്ന രീതിയില്‍ ആലേഖനം ചെയ്യാനായി ഈ ചിഹ്നം തിരഞ്ഞെടുത്തു. 

പിന്നീടങ്ങോട്ട് കാലക്രമേണ മൗജിരാമിന്റെ ഈ 'മുഖചിഹ്നം' ജാട്ട് റെജിമെന്റല്‍ സെന്ററിന്റെ രണ്ടാം ചിഹ്നമായി മാറുകയായിരുന്നു. സുബേദാര്‍ മേജര്‍ മൗജീ രാമിന്റെ പുത്രന്‍ മേജര്‍ രണ്‍സിംഗ്, പൗത്രന്‍ കേണല്‍ ആര്‍ എസ് അഹലാവത്ത്, അദ്ദേഹത്തിന്റെ മക്കളായ രണ്ട് കേണല്‍മാര്‍ അങ്ങനെ ആ തലമുറ ഇന്നും ഇന്ത്യന്‍ ആര്‍മിയില്‍ സര്‍വീസ് ചെയ്യുന്നുണ്ട്. യുദ്ധരംഗത്തും കായികരംഗത്തും ജാട്ട് റെജിമെന്റ് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ ഹരിയാന സംസ്ഥാനം നല്‍കുന്ന സംഭാവന എല്ലാവര്‍ക്കും അറിയാമല്ലോ. അതുപോലെ തന്നെയാണ് അവിടെ നിന്നുള്ള ജവാന്‍മാരും. ഇവിടെയും ഒരു ബോയ്‌സ് സ്‌പോര്‍ട്‌സ് കമ്പനിയുണ്ട്. ഗുസ്തിയാണ് പരിശീലിപ്പിക്കുന്നത്. ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്മാരായ നായബ് സുബേദാര്‍ ദീപക്ക് പുനിയയും, സുബേദാര്‍ സന്ദീപ് കുമാറും ബോയ്‌സ് സ്‌പോര്‍ട്‌സ് കമ്പനി വഴി വന്നവരാണ്.  ഇത് ആര്‍മിയിലെ പുതിയ തലമുറയിലെ കായിക താരങ്ങളുടെ കഥ. അല്ലാതെ ആര്‍മിയില്‍ ചേര്‍ന്നതിനുശേഷം സ്വന്തം പരിശ്രമത്തിലൂടെ ഉന്നതിയിലെത്തിയ കുറേ കായിക താരങ്ങളുമുണ്ട്. മില്‍ഖാ സിങ് അതില്‍ ഒരാള്‍ മാത്രം. ആര്‍മിയില്‍ ഒരു സാധാരണ പാചകക്കാരന്‍ ആയിരുന്ന മില്‍ഖാ സിങ് അതിരാവിലെ മൂന്നു മണിക്കും മറ്റും എഴുന്നേറ്റ് ഓടി വന്നതിനുശേഷം ആയിരുന്നു ലങ്കറില്‍ മറ്റുള്ളവര്‍ക്കുള്ള രാവിലത്തെ പ്രഭാത ചായ മുതലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കിയിരുന്നത്. കോമണ്‍വെല്‍ത്തിന്റെയും ഏഷ്യന്‍ ഗെയിംസിന്റെയും മെഡലുകള്‍ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ ഒരുപാട് പരിശ്രമത്തിന്റെ  കഥകള്‍ ഉണ്ട്. സുബേദാര്‍ ഭിം സിംഗ്, ഒളിമ്പ്യന്‍മാരായ സുബേദാര്‍ മുഖ്ത്തിയാര്‍ സിംഗ്, ഹവില്‍ദാര്‍ രവീന്ദ്രര്‍ ഖത്രി തുടങ്ങിയവര്‍ ജാട്ട് റെജിമെന്റിന്റെ അഭിമാനമാണ്.

placeholder
മില്‍ഖാ സിങ് | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്‍

 ബറേലിയില്‍ എത്തിയ ഉടനെ തന്നെ ആദ്യമായി ചെയ്തത് ബാംഗ്ലൂരിന്റെ തുടര്‍ച്ചയായി മാലിന്യ നിര്‍മാര്‍ജ്ജന മാര്‍ഗങ്ങള്‍ തന്നെയായിരുന്നു. ജാട്ട് വര്‍ഗക്കാര്‍ പൊതുവെ സസ്യഭുക്കുകള്‍ ആണ്. മുന്‍കാലങ്ങളില്‍ ഒക്കെ ജാട്ട് റെജിമെന്റുകളില്‍ മാംസാഹാരങ്ങള്‍ തീരെ വര്‍ജ്ജിതമായിരുന്നു. ഞാനുണ്ടായിരുന്ന ആര്‍മഡ് റെജിമെന്റിലെ ഒരു സ്‌കോഡ്രണ്‍ ജാട്ട് സ്‌കോഡ്രണ്‍ ആണെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നല്ലോ. അവരുടെ ലങ്കറില്‍ മാംസാഹാരം തീരെ പാകം ചെയ്യാറില്ല. അത് അവരുടെ ഒരു അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ്. പക്ഷേ ഇപ്പോഴത്തെ പുതിയ തലമുറ ആഹാരരീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും 80% പേരും സസ്യഭുക്കുകള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ മാംസത്തിന് പകരം പാല് കൂടുതലായി വരുന്നത് കാരണം പാല്‍ പാക്കറ്റുകളുടെ എണ്ണവും വളരെ കൂടുതലാണ്. അത് കഴുകി വൃത്തിയാക്കി സ്റ്റോറില്‍ തിരിച്ചേല്‍പ്പിക്കാനുള്ള ഉത്തരവ് നല്‍കി. പിന്നീട് അത് മറ്റുള്ള മാലിന്യ ശേഖരണത്തിലേക്ക് വ്യാപിപ്പിക്കുകയും 'വേസ്റ്റ് മാനേജ്‌മെന്റ് സെന്റര്‍' എന്ന  പേരില്‍ ഒരു വിഭാഗം തന്നെ രൂപീകരിക്കുകയും ചെയ്തു. ആ കൊല്ലത്തെ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഓഫീസര്‍മാരെയും സെന്ററിലെ എല്ലാ സ്റ്റാഫിനെയും കുടുംബത്തെയും വിളിച്ച് ഒരു പ്രദര്‍ശനം നടത്തി മാലിന്യസംസ്‌കരണത്തിന്റെ ആവശ്യകതയെപ്പറ്റി അവരെ ബോധവല്‍ക്കരിക്കുകയും എല്ലാവര്‍ക്കും ഓരോ തുണിസഞ്ചി വിതരണം ചെയ്യുകയും ചെയ്തു. ഞാന്‍ ഈ ചെയ്യുന്നതൊക്കെ എന്റെ തൊഴിലിന്റെ ഭാഗമൊന്നുമല്ല. ഇത് എന്റെ ഒരു പ്രത്യേക താല്‍പര്യത്തിനു മുകളില്‍ ചെയ്യുന്നതാണ്.

പുതിയ കാര്‍ സുധക്ക് വേണ്ടി ബാംഗ്ലൂരില്‍ തന്നെ വിട്ടത് കാരണം ഇവിടെ എനിക്ക് ഒരു വാഹനത്തിന്റെ ആവശ്യകത തോന്നി. ഓഫീസിലേക്ക് വരാനും പോകാനും ആര്‍മിയുടെ വാഹനം വരുന്നുണ്ടെങ്കിലും എപ്പോഴും അതിനെ ആശ്രയിക്കുന്നത് ശരിയല്ല. പഴയ മാരുതി കാര്‍ വില്‍ക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നി. എന്റെ പ്രിയപ്പെട്ട ആ കാര്‍ ഇവിടെ നിന്നും 200 കിലോമീറ്ററിനുള്ളില്‍ തന്നെ ഉണ്ട്. റാണിക്കേത്തില്‍ തിവാരിയെ വിളിച്ച് കാര്‍  തിരിച്ച് നല്‍കുന്നുവോ എന്ന് ചോദിക്കാന്‍ പോലും തോന്നി. അവസാനം മറ്റൊരാള്‍ വഴി ഡല്‍ഹിയില്‍ നിന്നും ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഹ്യുണ്ടായ് സാന്‍ട്രോ കാര്‍ വാങ്ങി. എന്റെ മാരുതിയെക്കാള്‍ ഒരു കൊല്ലം ജൂനിയര്‍.  

ബറേലി കന്റോണ്‍മെന്റ് ആര്‍മിയെ സംബന്ധിച്ചിടത്തോളം എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കന്റോണ്‍മെന്റ് ആണ്. വിശാലമായ ഒരു ജിംനാഷ്യവും സ്വിമ്മിംഗ് പൂളും ഒക്കെയുണ്ട്. വൈകുന്നേരങ്ങളില്‍ ആര്‍മി സപ്ലൈയില്‍ നിന്നും വരുന്ന പച്ചക്കറികളും മറ്റും ചെക്ക് ചെയ്ത് അതിന്റെ ക്വാളിറ്റി ഉറപ്പുവരുത്തിയതിനുശേഷം നേരെ ജിമ്മിലേക്ക് പോകും. നടന്നിട്ട് തന്നെയാണ് പോവുക. അപ്പോള്‍ ഈവനിംഗ് വാക്ക് കൂടി ആകും. അത് കഴിഞ്ഞ് ജിമ്മും, പിന്നീട് സ്വിമ്മിംഗും എല്ലാം കഴിഞ്ഞിട്ടേ തിരിച്ചുവരൂ. ക്ലബ്ബില്‍ ആര്‍മി ഓഫീസര്‍മാരുടെ മാത്രമായിട്ടുള്ള പരിപാടികളും പാര്‍ട്ടികളും ഉണ്ടാകും. ഞാന്‍ പറയാറില്ലേ, കലാകാരന്മാര്‍ക്ക് കലയെ പിടിച്ചുനിര്‍ത്താന്‍ പ്രയാസമാണ്. ഒരു പ്രാവശ്യത്തെ പാര്‍ട്ടി 'ബോളിവുഡ് തീം' അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എനിക്ക് പെട്ടെന്ന് നമ്മുടെ പഴയ മലയാള നടന്‍ ജോസ് പ്രകാശിനെയാണ് ഓര്‍മ വന്നത്. മീശ ചുരുട്ടി മേലോട്ട് വെച്ച് തൊപ്പിയും, കണ്ണടയും, കൈയില്‍ ഒരു വാക്കിംഗ് സ്റ്റിക്കും, കഴുത്തില്‍ ഒരു കോളര്‍ ഡോഗും, ചുണ്ടില്‍ ഒരു സിഗര്‍ പൈപ്പും വെച്ചുകൊണ്ട് പഴയ വില്ലന്‍ വേഷത്തില്‍ പോവുകയും പുരുഷന്മാരുടെ കാറ്റഗറിയില്‍ ഞാന്‍ ഒന്നാമനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സമ്മാനമായി ബാബാ രാംദേവിന്റെ പതാഞ്ജലി ഉല്‍പ്പങ്ങളുടെ ഒരു 'ഗിഫ്റ്റ് ഹാംബര്‍' തന്നതായി ഓര്‍ക്കുന്നു.

placeholder
Priyanka Chopra | AP
പ്രിയങ്കാ ചോപ്ര | Photo: AP

ആര്‍മി ഓഫീസര്‍മാരും പുറത്തുനിന്നുള്ള സിവിലിയന്മാരും അടങ്ങുന്ന ബറേലി ക്ലബ്ബിലും മാസത്തില്‍ ഒന്നോ രണ്ടോ വിശേഷ പരിപാടികള്‍ ഉണ്ടാകും. രണ്ടായിരത്തില്‍ മിസ് വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്നത്തെ ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര ആദ്യമായി ഒരു സൗന്ദര്യമത്സരത്തില്‍ വിജയം നേടിയത് ബറേലി ക്ലബ്ബില്‍ വെച്ചാണ്. അവരുടെ അച്ഛന്‍ ആര്‍മിയില്‍ മെഡിക്കല്‍ ഓഫീസറായിരുന്നു. 

പാവങ്ങളോട് കാട്ടിയതിനെതുടര്‍ന്ന് പലപ്പോഴും ഞാന്‍ വഞ്ചിക്കപ്പെട്ടിട്ടുമുണ്ട്. ഇവിടുത്തെ ഒരു സംഭവം പറയട്ടെ. ബറേലിയിലെ ഒരു ചെറുപ്പക്കാരന്‍ ഒരു ദിവസം എന്റെ അടുത്തേക്ക് വന്നു. അവന്റെ അച്ഛന്‍ ആര്‍മിയില്‍ ആയിരുന്നെന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും മൂന്ന് നാല് സഹോദരിമാരെ സംരക്ഷിക്കേണ്ടത് അവന്റെ ചുമതലയാണെന്നും, അമ്മ ഓഫീസര്‍മാരുടെ വീട്ടില്‍ അടുക്കള ജോലിക്ക് പോയിട്ടാണ് ജീവിക്കുന്നതെന്നും, താമസിക്കുന്നത് തന്നെ ഓഫീസര്‍മാരുടെ സര്‍വന്റ് കോര്‍ട്ടറില്‍ ആണെന്നും, വളരെ ബുദ്ധിമുട്ടിലാണ്, എന്തെങ്കിലും ഒരു ജോലി എവിടെയെങ്കിലും തരണമെന്നും പറഞ്ഞ് അപേക്ഷിച്ചു. എന്ത് ജോലിയും ചെയ്യാമെന്നും കുക്കിംഗ് അറിയാമെന്നും ഒക്കെ പറഞ്ഞു. അത്യാവശ്യം വേണ്ടുന്ന ഇംഗ്ലീഷ് ഒക്കെ പറയുന്നുണ്ടായിരുന്നു. പാവം തോന്നിയ ഞാന്‍ അവനെ സീനിയര്‍ ഓഫീസറുമായി സംസാരിച്ച് ഓഫീസര്‍ മെസ്സില്‍ മെസ്‌ബോയിയായി നിയമിച്ചു. 

ഒരുമാസം മെസ്സില്‍ ജോലിചെയ്ത് കൂടുതല്‍ ഇടപഴകിയപ്പോള്‍ സംസാരത്തിനിടയില്‍ ഒരു കാര്യം കൂടി പറഞ്ഞു. അവന്റെ അച്ഛന്റെ പെന്‍ഷന്‍ വരുന്നുണ്ടെങ്കിലും, പണ്ടെപ്പോഴോ  വാങ്ങിയ 50,000 രൂപക്ക് മാസം 5000 രൂപ വെച്ച് പലിശ കൊടുക്കണമത്രെ. പഞ്ചമടിയില്‍ ചെയ്തതുപോലെ ഒരു സല്‍പ്രവൃത്തി കൂടി ചെയ്യാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ പറഞ്ഞു, ഓക്കെ പലിശക്കാരന് വേണ്ടി ഞാന്‍ 50,000 രൂപയുടെ ചെക്ക് തരാം. പലിശ കൊടുക്കുന്ന 5000 രൂപ വെച്ച് 10 മാസം എനിക്ക് തന്നാല്‍ മതി. അവന്റെ അമ്മയെയും മെസ്സില്‍ വിളിപ്പിച്ച് ഞാന്‍ 50,000 രൂപയുടെ ചെക്ക് അവര്‍ക്ക് കൊടുത്തു. ആദ്യത്തെ ഒന്ന് രണ്ട് മാസം എനിക്ക് 5000 രൂപ വെച്ച് ശരിക്കും തന്നു. അതിനിടയില്‍ പയ്യന്‍ മെസ്സിലെ പണിയും ഉപേക്ഷിച്ച് പോയി. പിന്നെ പിന്നെ എനിക്ക് ആളെ വിട്ട് പൈസ വാങ്ങിക്കേണ്ടുന്ന സ്ഥിതിയായി. പിന്നീടാണ് സത്യാവസ്ഥ അറിഞ്ഞത്. അവന്‍ എന്നെ പറ്റിക്കുകയായിരുന്നു. അവനെ വിളിക്കാന്‍ പറ്റിയ ഒരു ഉചിതമായ പേര് എനിക്ക് കിട്ടുന്നില്ല. അത്രയ്ക്ക് മോശക്കാരന്‍ ആയിരുന്നു ആ പയ്യന്‍. ആ 50,000 കൊണ്ടുപോയിട്ട് അവന്‍ അത് മുഴുവനും പലിശക്കാരന് കൊടുത്തില്ല. പകുതി കൊടുത്തിട്ട് പകുതികൊണ്ട് ഉല്ലാസജീവിതം നയിക്കുകയായിരുന്നു. മാത്രമല്ല അത് അവന്റെ യഥാര്‍ത്ഥ അമ്മയല്ലത്രെ. അവന്റെ അച്ഛനും അമ്മയും ചെറുപ്പത്തില്‍ മരിച്ചു പോയപ്പോള്‍, ആണ്‍കുട്ടികള്‍ ഇല്ലാത്ത ആ സ്ത്രീ അവനെ എടുത്തു വളര്‍ത്തിയതാണ്. ഇപ്പോള്‍ അവരെയെല്ലാം അവന്‍ അവന്റെ നിയന്ത്രണത്തില്‍ ആക്കി. അങ്ങനെ ജാട്ട് സെന്ററിലെ എന്റെ കാലാവധി കഴിയുന്നതുവരെ് 25000 രൂപ പിരിച്ച് കിട്ടി. ബാക്കി അവന്‍ കൊണ്ടുപോയി. ഞാന്‍ ഇത്രയും ചെയ്യാന്‍ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. ആ സ്ത്രീ ഇന്നും പലിശ അടക്കുന്നുണ്ടാവാം. 

ചിലര്‍ക്ക് ആളെ പറ്റിക്കാന്‍ ഒരു പ്രത്യേക കഴിവാണ്. അതവരുടെ ഹോബിയും, അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നവരുണ്ട്. പണ്ട് 80 കളില്‍ ആര്‍മിയില്‍ ചേര്‍ന്ന കാലത്ത് ഇതുപോലെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നല്ല വേഷം ധരിച്ച് എന്റെ അത്രതന്നെ പ്രായമുള്ള ഒരു പയ്യന്‍ യാത്ര പുറപ്പെടാന്‍ തയാറായി നില്‍ക്കുന്ന എന്റെ ട്രെയിനിന്  അടുത്ത് വന്ന് ഇതുപോലെ ഒരു നാടകം നടത്തിയിരുന്നു. പണം പോക്കറ്റ് അടിച്ചു പോയെന്നും നാട്ടിലേക്ക് പോകാന്‍ പൈസ ഇല്ല, എങ്ങനെയെങ്കിലും സഹായിക്കണം, ടിക്കറ്റ് എടുക്കാനും ചെലവിനുമായി കുറച്ച് പൈസ തരണം, നാട്ടില്‍ എത്തിയ ഉടനെ മണിയോര്‍ഡര്‍ അയച്ചുതരാം എന്നൊക്കെ പറഞ്ഞ് അഡ്രസ് വാങ്ങി ഞാന്‍ ഒരു 250 രൂപയോ മറ്റോ കൊടുത്തു. പിന്നീട് ഒരുമാസമായിട്ടും ഒരു വിവരവും കാണാതിരുന്നപ്പോള്‍, തന്ന അഡ്രസ്സില്‍ ഞാന്‍ ഒരു കത്ത് എഴുതി. ഈ അഡ്രസ്സില്‍ ഇങ്ങനെ ഒരാള്‍ ഇല്ല എന്ന് പറഞ്ഞ് കത്ത് തിരിച്ചുവന്നു. അങ്ങനെ അവന്റെ പേരുകളിലുള്ള എത്രയോ കത്തുകള്‍ തിരിച്ചുവന്നു കാണും.

ഞാന്‍ മനസ്സിലാക്കിയ ഒരുകാര്യമുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് വീണ്ടും വീണ്ടും ജോലി കിട്ടിക്കൊണ്ടിരിക്കും. ഏല്‍പ്പിച്ച ജോലി നല്ല രീതിയില്‍ ചെയ്തു കൊടുക്കുമ്പോള്‍ അടുത്ത ജോലി നമ്മെ വീണ്ടും കാത്തിരിക്കുന്നുണ്ടാകും. നേരെമറിച്ച് ഏല്‍പ്പിക്കുന്ന ജോലികള്‍ക്ക് തൃപ്തികരമായ ഒരു റിസള്‍ട്ട്  കൊടുക്കുന്നില്ല എങ്കില്‍, അത് ഓഫീസര്‍ ആയാലും, ജവാന്മാര്‍ ആയാലും, അങ്ങനെയുള്ളവരെ പിന്നെ കൂടുതല്‍ വിശ്വസിച്ച് ജോലികള്‍ ഏല്‍പ്പിക്കാറുമില്ല. ജാട്ട് ഓഫീസര്‍മാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ജാട്ട് റെജിമെന്റല്‍ സെന്ററിന്റെ മെസ്സ് സെക്രട്ടറിയായി ജാട്ട് ഓഫീസര്‍ അല്ലാത്ത എന്നെ നിയമിക്കാന്‍ അതായിരിക്കും കാരണം. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കീഴ്‌വഴക്കം എന്ന് തോന്നുന്നു. മെസ്സിനെ ഭംഗി കൂട്ടുന്ന കാര്യത്തില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. പണ്ട് ധരംഗ്ധരയില്‍ ലജീഷില്‍ നിന്നും മനസ്സിലാക്കിയെടുത്ത കുമിലും, ആര്‍മഡ് റെജിമെന്റില്‍ കണ്ട വാട്ടര്‍ കര്‍ട്ടനും, ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കൊണ്ടുള്ള എന്റെ മറ്റു കലാരൂപങ്ങളും ഒക്കെ ഞാന്‍ അവിടെ നിര്‍മിച്ചു. 

സൗത്ത് ഇന്ത്യന്‍ റെജിമെന്റില്‍ നിന്നും കണ്ടുപഠിച്ച വാഴപ്പോളകളിലും വാഴയിലകളിലും ചെയ്ത ഡെക്കറേഷനുകള്‍ ഞാനവിടെ അനുകരിച്ചു. പാര്‍ട്ടികളില്‍ ഫ്രൂട്ട് ഡെക്കറേഷന്റെയും വെജിറ്റബിള്‍ ഡെക്കറേഷന്റെയും ഒരു പാരമ്പര്യം തന്നെ ഞാന്‍ അവിടെ സൃഷ്ടിച്ചു. അവിടെ നല്ലവണ്ണം ചക്ക കിട്ടുമായിരുന്നു. അവിടത്തുകാര്‍ മസാലക്കറി പോലെയായിരുന്നു ചക്ക കറി വെച്ചിരുന്നത്. നമ്മുടെ നാട്ടില്‍ ചെയ്യുന്നതുപോലെ തേങ്ങ ചേര്‍ത്തും കടല ചേര്‍ത്തുമൊക്കെയുള്ള കേരള സ്‌റ്റൈല്‍ ചക്ക കറി ജാട്ടുകാരുടെ മെസ്സില്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഓഫീസര്‍മാരുടെയും അവരുടെ ഭാര്യമാരുടെയും ഇടയില്‍ പുതിയ ചക്കക്കറി പ്രസിദ്ധമായി. ഞാന്‍ പറഞ്ഞു കൊടുത്ത 'റെസിപ്പി' ഇന്ന് നോര്‍ത്ത് ഇന്ത്യയിലെ പല വീടുകളിലും പരീക്ഷിക്കുന്നുണ്ടാകും. പ്രൈവറ്റ് പാര്‍ട്ടികള്‍ നല്‍കുന്നതില്‍ എന്റെ താല്‍പര്യം ഞാന്‍ മുമ്പും സൂചിപ്പിച്ചിരുന്നല്ലോ. ഇത്തവണ ജാട്ട് ഓഫീസര്‍മാര്‍ക്ക് ഒരു സര്‍പ്രൈസ് കൊടുക്കാം എന്ന് ഞാന്‍ കരുതി. 

എന്റെ ഇരുപത്തിയഞ്ചാമത് വിവാഹവാര്‍ഷികമായിരുന്നു. സുധയും ശ്രദ്ധയും ബാംഗ്ലൂരില്‍ നിന്നും ബറേലിയിലിലേക്ക് വന്നു. ഞാന്‍ അവിടെ സിംഗിള്‍ ഓഫീസര്‍ അക്കമഡേഷനില്‍ താമസിക്കുന്നത് കൊണ്ട് ഓഫീസര്‍ മെസ്സില്‍ ഡിന്നര്‍ പാര്‍ട്ടി കൊടുക്കാമെന്ന് തീരുമാനിച്ചു. മെസ്സ് മുഴുവന്‍ ദീപത്താല്‍ അലങ്കരിച്ചു. പാര്‍ട്ടി ഗെയിമുകള്‍ വെച്ച് വിജയികള്‍ക്കൊക്കെ സമ്മാനം നല്‍കി. അതിനിടയില്‍ അവര്‍ നമുക്കൊരു സര്‍പ്രൈസ് തന്നു. ഞങ്ങള്‍ അറിയാതെ ശ്രദ്ധയുമായി ചേര്‍ന്ന് ഞങ്ങളുടെ ബന്ധുക്കളില്‍ നിന്നും, അവര്‍ ആശംസകള്‍ അര്‍പ്പിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ വരുത്തിച്ചു. ഫേസ്ബുക്കില്‍ നിന്നും പണ്ടുമുതലേ ഉള്ള കുറേ ഫോട്ടോകള്‍ എടുത്ത് എല്ലാം കൂട്ടിച്ചേര്‍ത്ത് വലിയ സ്‌ക്രീനില്‍ ഒരു വീഡിയോ പ്രസന്റേഷന്‍നടത്തി. ശ്രദ്ധക്ക് അറിയാമെങ്കിലും ഈ കാര്യങ്ങളൊക്കെ അവള്‍ ഞങ്ങളില്‍ നിന്നും ഒളിച്ചുവെച്ചു. ഇനിയാണ് എന്റെ സര്‍പ്രൈസ്. പാര്‍ട്ടി ഗെയിമും, സ്‌നാക്‌സും, ഡ്രിങ്ക്‌സും ഒക്കെ കഴിഞ്ഞതിനുശേഷം എല്ലാവരെയും ഡൈനിങ് ഹാളിലേക്ക് ഭക്ഷണത്തിനായി ക്ഷണിച്ചു. ഓഫീസര്‍ മെസ്സിലെ പ്രൈവറ്റ് പാര്‍ട്ടികളില്‍ പൊതുവേ ഭക്ഷണം 'ബോഫേ' രീതിയിലാണ് ഉണ്ടാകാറ്. വളരെ പ്രതീക്ഷകളോടുകൂടി ഡൈനിങ് ടേബിളിലേക്ക് കണ്ണോടിച്ച ഓഫീസര്‍മാരും ലേഡീസും ഒരു നിമിഷം സ്തംഭിച്ചു പോയി. ഡൈനിങ് ടേബിളില്‍ ഒന്നുമില്ല എല്ലാം കാലി. പകരം അവര്‍ കണ്ടത് ഡൈനിങ് ഹാള്‍ മുഴുവന്‍ നീളത്തില്‍ ഇട്ടിരിക്കുന്ന ടേബിളിനു മുകളില്‍  വാഴയിലകള്‍ നിരത്തിയിട്ടിരിക്കുന്നതാണ്. 

എല്ലാവര്‍ക്കും കാര്യം മനസ്സിലായി. കാരണം പലപ്പോഴും ഓണാഘോഷങ്ങളുടെ ഭാഗമായിട്ടും, മലയാളികളായ സുഹൃത്തുക്കളുടെ വീട്ടില്‍ വച്ചും മറ്റും അവര്‍ സദ്യ കഴിച്ചിട്ടുണ്ട്, കഴിക്കാത്തവര്‍ അതിനെപ്പറ്റി കേട്ടിട്ടുണ്ട്. കാര്‍മേഘം നീക്കി പുറത്തുവന്ന പൂര്‍ണചന്ദ്രനെ പോലെ എല്ലാവരുടെയും മുഖം ഒരു നിമിഷംകൊണ്ട് പ്രസന്നമായി. എല്ലാവരെയും ടേബിളിന് മുന്നില്‍ ഇട്ടിരിക്കുന്ന ചെയറില്‍ വിളിച്ചിരുത്തി. അതെ, ഞങ്ങളുടെ ഇരുപത്തിയഞ്ചാമത്തെ വാര്‍ഷികം രണ്ടുതരം പായസം അടക്കം, 25 തരം ഭക്ഷണത്തോടുകൂടിയുള്ള സദ്യയായി ആഘോഷിക്കുകയായിരുന്നു. നമ്മുടെ സെന്ററിന് തൊട്ട് തന്നെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പിന്റെ ഒരു യൂണിറ്റ് ഉണ്ടായിരുന്നു. എം.ഇ.ജി. സെന്ററിലെ എന്റെ പഴയ ബന്ധം വെച്ചുകൊണ്ട് അവിടെനിന്നും കുറച്ച് മലയാളി കുക്കുകളെയും ജവാന്‍മാരെയും വരുത്തിച്ച് അവരെ കൊണ്ടാണ് ഇതൊക്കെ ചെയ്യിച്ചത്. അവര്‍ക്ക് വേണ്ടുന്ന നിര്‍ദേശങ്ങളൊക്കെ സുധ നല്‍കിയിരുന്നു. 

ഉത്തര്‍പ്രദേശില്‍ വെച്ച് ഒരു കേരള സദ്യ നല്‍കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പായസത്തിന് വേണ്ടസ അട, രണ്ടുതരം ഉപ്പേരി, ചെറിയ പപ്പടം എന്നിവയൊക്കെ ഡല്‍ഹിയിലെ കേരള സ്റ്റോറില്‍ നിന്നും വരുത്തിച്ചിരുന്നു. പുതിയ രീതിയിലുള്ള ഭക്ഷണമാകുമ്പോള്‍ അതിന്റെ ഓരോന്നിന്റെയും പേര് ചോദിക്കുന്നത് ഭക്ഷണം കഴിക്കുന്നവരുടെ ഒരു സ്വഭാവമാണ്. അത് അറിഞ്ഞുകൊണ്ട് തന്നെ ഞാന്‍ ഒരു ബ്ലാക്ക് ബോര്‍ഡില്‍ ഒരു വലിയ വാഴയില ഒട്ടിച്ച്, അതില്‍ ഓരോ കറിയുടെ ഫോട്ടോയും അതിന്റെ പേരും കമ്പ്യൂട്ടറില്‍ നിന്നും പ്രിന്റ് എടുത്ത് പിന്‍ ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു. പിന്‍കാലങ്ങളില്‍ ജാട്ട് ഓഫീസര്‍മാര്‍ ആരുമായിട്ടും സംസാരിക്കുമ്പോള്‍ അവര്‍ എപ്പോഴും ഈ ഒരു സദ്യയെ പറ്റി പറയും.

ബറേലി കണ്‍ട്രോണ്‍മെന്റില്‍ വിശാലമായ റോഡുകള്‍ ആയിരുന്നു. സുധയും ശ്രദ്ധയും സ്‌കൂള്‍ തുറക്കുന്നത് വരെ എന്റെ കൂടെ അവിടെ തന്നെ ഉണ്ടായിരുന്നു. റാണിക്കേത്തില്‍ ആക്‌സിഡന്റിനുശേഷം നിര്‍ത്തിവെച്ച ശ്രദ്ധയുടെ ഡ്രൈവിംഗ് സാന്‍ട്രോ കാറില്‍ വീണ്ടും ആരംഭിച്ചു. ആദ്യം കണ്ടോണ്‍മെന്റിന് ഉള്ളിലും പിന്നീട് പുറത്ത് നാഷണല്‍ ഹൈവേയിലും ഓടിച്ച് അവിടുന്ന് പോകുമ്പോഴേക്കും അവള്‍ നല്ലൊരു ഡ്രൈവറായി മാറി. സര്‍വീസ് തീരാന്‍ ഇനി മൂന്നുവര്‍ഷം കൂടി മാത്രമേ ബാക്കിയുള്ളൂ. ഏതൊരു ചെറുപ്പക്കാരുടെയും ഏറ്റവും കുറഞ്ഞ സ്വപ്നങ്ങളാണ് നല്ലൊരു ജോലി, നല്ലൊരു ഭാര്യ, നല്ലൊരു കാര്‍, നല്ലൊരു വീട് എന്നത്. ഇതില്‍ അവസാനത്തെത് മാത്രം ബാക്കിയുണ്ടായിരുന്നു. ഇന്ന് അതും സഫലമായിരിക്കുന്നു. നാട്ടില്‍ വീട് വെച്ചിട്ട് ഞങ്ങള്‍ വെളിയില്‍ താമസിച്ചിട്ട് കാര്യമില്ലല്ലോ എന്ന് കരുതിയിട്ടാണ് അത്ര തിരക്കിട്ട് വീട് എടുക്കാതിരുന്നത്. എങ്കിലും വീട് പണി തുടങ്ങിയിട്ട് നാലുവര്‍ഷമായി. അമ്പതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പാലപ്പൂവും ഇലഞ്ഞി പൂവും പെറുക്കിയെടുത്ത് വലിയ മാലകള്‍ തീര്‍ത്തിരുന്ന ആ പറമ്പ്. ഗൃഹാതുരത്വം നിറഞ്ഞ ആ ഓര്‍മകള്‍ വലിയൊരു കുളിര്‍മ തരുന്നതായിരുന്നു. 

അച്ഛന്റെ ബന്ധുവായ അമ്മാളുയേച്ചിയില്‍ നിന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ സ്ഥലം ഞാന്‍ വാങ്ങിയിരുന്നു. അവിടെ അമ്മാളുയേച്ചിയുടെ മണ്ണ്കട്ടയും ചുണ്ണാമ്പും ചേര്‍ത്ത് നിര്‍മ്മിച്ച പഴയ ഒരു വീടുണ്ടായിരുന്നു. ആ വീടിന്റെ അടര്‍ന്നു തുടങ്ങിയ തെക്കുവശത്തെ കുമ്മായം തേച്ച ചുമര് നമ്മള്‍ കുട്ടികളുടെ ഡ്രോയിങ് ബുക്ക് ആയിരുന്നു. ഓട്ടുകഷണം ഉപയോഗിച്ച് വെള്ള കുമ്മായത്തിലൂടെ അമര്‍ത്തി വരച്ചപ്പോള്‍ അത് നാട്ടിലെ കുട്ടികള്‍ക്കുള്ള ചിത്ര പഠനാക്യാമ്പ് ആയി മാറുകയായിരുന്നു. മോറാഴ സ്‌കൂളിലെ ഡ്രോയിങ് മാഷ് ഹരിദാസന്‍ മാഷുടെ പണി കുറച്ചൊക്കെ എളുപ്പമായി കാണും. കാക്കയിലും പക്ഷിയിലും തുടങ്ങി, ചിത്രകലയിലെ എ,ബി,സി,ഡി ആയ, മത്സ്യം, വഴുതന, മാങ്ങ, കശുവണ്ടി, കൊടി അങ്ങനെ എല്ലാവരും അവനവന്റെ കഴിവ് തെളിയിച്ച ചുമരായിരുന്നു അത്. മുതിര്‍ന്ന കുട്ടികള്‍ താമരയെയും, ആനയെയും പോസ്റ്റുമാനെ വരെയും വരച്ചു. കുട്ടികളുടെ വളര്‍ച്ചയ്ക്കനുസരിച്ച് ചുമരിലെ ചിത്രങ്ങളും മുകളിലോട്ട് ഉയരാന്‍ തുടങ്ങി.

അതിരാവിലെ ഓടിച്ചെന്ന്, ഇലഞ്ഞിപ്പൂക്കള്‍ പെറുക്കിയെടുത്ത സ്ഥലം ചിലപ്പോള്‍ ഇന്ന് എന്റെ ബെഡ് റൂം ആയി മാറുകയായിരിക്കും. അമ്മാളുയേച്ചിയുടെ മകള്‍ ഗിരിജയുടെ കൂടെ ഊഞ്ഞാലുകെട്ടി ആടിയിരുന്ന സ്ഥലം ചിലപ്പോള്‍ ഇന്ന് എന്റെ അടുക്കളയാകാം. ഡ്രോയിങ് പഠിച്ച ചുമര് ഇരുന്ന ഭാഗം ഇന്ന് ചിലപ്പോള്‍ എന്റെ വീടിന്റെ ഡ്രോയിങ് റൂം ആയിരിക്കും. റാണിക്കേത്തില്‍ ഉള്ളപ്പോള്‍ ഒരു ലീവിന് പോയ സമയത്താണ് വീടിന് കുറ്റിയടിച്ചത്. ബാംഗ്ലൂരില്‍ ഉള്ളപ്പോള്‍ ഇടയ്ക്കിടയ്ക്ക് പോയി കാര്യങ്ങള്‍ നോക്കുന്നുണ്ടായിരുന്നു. സുഹൃത്ത് മോഹനന്‍ തന്നെയാണ് വീട് നിര്‍മാണം ഏറ്റെടുത്ത് ചെയ്തത്. മോഹനന്‍ ഇന്‍ഡോറിലെ ജോലിയൊക്കെ വിട്ടുവന്ന് ഇപ്പോള്‍ നാട്ടിലാണ്. മറ്റെന്തൊക്കെയോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ കെട്ടിട നിര്‍മാണത്തിന്റെ കോണ്‍ട്രാക്ട് ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കാര്‍ഡ് ബോര്‍ഡിലും തെര്‍മോക്കോളിലും വീടുകള്‍ നിര്‍മിച്ച് അന്യോന്യം മത്സരിച്ചിരുന്ന ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഇന്ന് സ്വന്തമായി എനിക്കുവേണ്ടി ഒരു വീടുണ്ടാക്കുകയാണ്. കലാകാരന്മാരായ ഞങ്ങള്‍ രണ്ടുപേരുടെയും ആശയങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ എന്റെ സങ്കല്പത്തില്‍ രൂപകല്‍പ്പന ചെയ്ത ആ വീട് യാഥാര്‍ത്ഥ്യമായി മാറി.

തയാറെടുപ്പുകള്‍ വളരെ മുന്‍കൂട്ടി തന്നെ ചെയ്യുന്നുണ്ടായിരുന്നു. പല സ്ഥലങ്ങളിലും ഇങ്ങനെ പോകുന്നത് കൊണ്ട് കരകൗശല സാധനങ്ങളുടെയും മറ്റുമായി ഒരുപാട് ശേഖരങ്ങള്‍ ഉണ്ടായിരുന്നു. റാണിക്കേത്തില്‍ ഉണ്ടായിരുന്നപ്പോള്‍ അവിടുത്തെ പൈന്‍ മരങ്ങളുടെ പുറംതോട് ചെത്തിയെടുത്ത്, ചെറിയ കഷണങ്ങളാക്കി അതിനെ ഭംഗിയാക്കി വാര്‍ണിഷ് ചെയ്ത് സൂക്ഷിച്ചിരുന്നു. അത് ഉപയോഗിച്ച് വീടിന്റെ സെന്റര്‍ ഹാളിലെ ഷോക്കേസുകള്‍ക്ക് മുകളിലും വശങ്ങളിലും ഒട്ടിച്ച് അലങ്കരിച്ചു. ഓരോ കിടപ്പുമുറിയും ഓരോ സംസ്ഥാനത്തെ പ്രതിപാദിക്കുന്ന രീതിയില്‍ അലങ്കരിച്ചു. മാസ്റ്റര്‍ ബെഡ്‌റൂം രാജസ്ഥാനി, മറ്റൊന്നില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പോലെ മുള കൊണ്ടുള്ള അലങ്കാരങ്ങള്‍, ഒരു റൂം കേരള സ്‌റ്റൈല്‍, ശ്രദ്ധയുടെ റൂമില്‍ അവള്‍ വരച്ച പെയിന്റിങ്ങുകളും  മറ്റും. വര്‍ഷങ്ങളായി സ്വപ്നം കണ്ടുകൊണ്ട് മനസ്സില്‍ പ്ലാന്‍ ചെയ്ത എല്ലാ കാര്യങ്ങളും ഇന്ന് യാഥാര്‍ത്ഥ്യമാക്കി. സുരേന്ദ്രന്‍, സുധ, ശ്രീരാഗ്, ശ്രദ്ധ എന്നീ ഞങ്ങളുടെ നാലുപേരുടെയും ഇംഗ്ലീഷിലെ ആദ്യ അക്ഷരമായ 'എസ്' ചേര്‍ത്ത് 4 എസ് എന്ന അര്‍ത്ഥത്തില്‍ 'ഫോറെസ് വില്ല' എന്ന് വീട്ടിന് പേരും നല്‍കി.

ഇതൊക്കെ കാണാന്‍ എന്റെ അച്ഛനും അമ്മയും ഇല്ല എന്ന ഒരു വിഷമം മാത്രം. ലാമിനേറ്റ് ചെയ്ത അമ്മയുടെ ഫോട്ടോ ഒരു ഭിത്തിയില്‍  തൂക്കി. ഞങ്ങളുടെ ചെറുപ്പകാലത്തെ മരിച്ച അച്ഛന്റെ ഫോട്ടോ പോലും ഇല്ലായിരുന്നു. അച്ഛന്റെ ആര്‍മി ഡിസ്ചാര്‍ജ് ബുക്കിലോ മറ്റോ  ഒരു ഏകമാത്ര പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഉണ്ടായിരുന്നു. അതും എങ്ങനെയോ നമ്മുടെ കൈയില്‍ നിന്നും നഷ്ടപ്പെട്ടത് കാരണം ആ കാലങ്ങളില്‍ എല്ലാവരും ചെയ്യുന്നത് പോലെ അച്ഛന്റെ ഒരു ഫോട്ടോ വരപ്പിക്കാന്‍ പോലും പറ്റിയില്ല. അമ്മ അഭിമാനപൂര്‍വം സൂക്ഷിച്ചുവച്ചിരുന്ന, രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തതിന് കിട്ടിയ അച്ഛന്റെ ഒരു മെഡല്‍ അച്ഛന്റെ പെട്ടിയില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ആ യുദ്ധ മെഡലിന്റെ ഇന്ന് കിട്ടാനില്ലാത്ത റിബണിന്റെ ഫോട്ടോ എടുത്ത് കളര്‍ റിബണുകള്‍ വാങ്ങി ടൈലറെകൊണ്ട് അതുപോലെ ഒരെണ്ണം ഉണ്ടാക്കി, മെഡല്‍ അതില്‍ തൂക്കി ഫ്രെയിം ചെയ്ത് അച്ഛന്റെ ഫോട്ടോയ്ക്ക് പകരം അമ്മയുടെ സൈഡില്‍ തന്നെ അതും തൂക്കി. അതില്‍ കൂടുതല്‍ വേറെ ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ലായിരുന്നു.

ആത്മകഥയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം.

സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ഇനി എനിക്ക് രണ്ടര വര്‍ഷമേ ഉള്ളൂ. 'ലാസ്റ്റ് ലെഗ് പോസ്റ്റിംഗ്' എന്ന ഒരു വ്യവസ്ഥ ഉണ്ട്. അവസാനത്തെ പോസ്റ്റിങ്ങ് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് വീട്ടിനടുത്തുള്ള ഏതെങ്കിലും സ്റ്റേഷനില്‍ അവകാശപ്പെടാം. മൂന്ന് സ്റ്റേഷനുകളുടെ പേരുകള്‍ നല്‍കണം അതില്‍ നിന്ന് ഒന്ന് കിട്ടും എന്നാണ് വ്യവസ്ഥ. എങ്കിലും അത് നിര്‍ബന്ധമായി കിട്ടണമെന്നില്ല. ആഗ്രഹിക്കുന്ന സ്റ്റേഷനുകളില്‍ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ എന്ന എന്റെ പ്രത്യേക പോസ്റ്റിന്റെ ഒഴിവും ഉണ്ടായിരിക്കണം. ഞാന്‍ കണ്ണൂര്‍, ബാംഗ്ലൂര്‍, വെല്ലിങ്ടണ്‍ എന്നീ സ്ഥലങ്ങളാണ് കൊടുത്തത്. കണ്ണൂരിലും വെല്ലിങ്ടണിലും എന്നെ നിയമിക്കാന്‍ പറ്റിയ ഓരോ സ്ഥലങ്ങള്‍ മാത്രമേ ഉള്ളൂ. അവിടെ ഇപ്പോള്‍ ഉള്ളവരുടെ കാലാവധി തീരുകയും വേണം. ബാംഗ്ലൂരില്‍ കൂടുതല്‍ ട്രെയിനിങ്ങ് സെന്ററുകളും മറ്റും ഉണ്ടെങ്കിലും ഞാന്‍ അവിടെനിന്നും വന്നതുകൊണ്ട് അങ്ങോട്ട് തന്നെ. അയക്കുകയുമില്ല. ഞാന്‍ അപേക്ഷിച്ചതിന്റെ പിന്നാലെ തന്നെ ലീവെടുത്ത് ഡല്‍ഹി ആര്‍മി ഹെഡ് ക്വാര്‍ട്ടറില്‍ പോയി കാര്യങ്ങള്‍ ഒന്നുകൂടി സ്ഥിരപ്പെടുത്താം എന്ന് കരുതി. 80 ശതമാനം അംഗവൈകല്യം ഉണ്ടായിട്ടും 'മെഡിക്കല്‍ ഗ്രൗണ്ടില്‍' ഞാന്‍ ഇതുവരെ ഒരു പോസ്റ്റിംഗും ആവശ്യപ്പെട്ടിട്ടില്ല.

ശ്രദ്ധയുടെ പത്താം ക്ലാസ് കഴിഞ്ഞ് ഉടനെ തന്നെ അവര്‍ കണ്ണൂരിലെ പുതിയ വീട്ടിലേക്ക് മാറിയിരുന്നു. അതുകൊണ്ടുതന്നെ ഇനി മറ്റൊരു സ്റ്റേഷനില്‍ ഫാമിലി വെക്കാന്‍ ഏതായാലും പറ്റില്ല. വളരെ പിരിമുറുക്കത്തോടുകൂടിയായിരുന്നു ഓരോ ദിവസവും നീക്കിയത്. അതിനിടയില്‍ സന്തോഷകരമായ ഒരു പോസ്റ്റിംഗ് ഓര്‍ഡര്‍ കണ്ടു. കണ്ണൂര്‍ ഡി.എസ്.സി. സെന്ററില്‍ ഉണ്ടായിരുന്ന ക്വാര്‍ട്ടര്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സാര്‍ത്ഥമായി ആവശ്യപ്പെട്ടത് പ്രകാരം ബോംബെയിലേക്കുള്ള പോസ്റ്റിംഗ് കിട്ടി. ഏതായാലും കണ്ണൂരില്‍ അങ്ങനെ ഒരു ഒഴിവുവന്നതുകൊണ്ട് എനിക്ക് വലിയ സമാധാനമായി.

അവസാനം കാത്തിരുന്ന പോസ്റ്റിഗ് വന്നു. ഭാഗ്യം സഹായിച്ചു. കണ്ണൂരിലേക്ക് തന്നെ. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ സെന്റര്‍ കണ്ണൂര്‍. സാന്‍ട്രോ കാര്‍ രണ്ടു കൊല്ലം ഇവിടെ ഉപയോഗിച്ച് അതിനുശേഷം ഇവിടെത്തന്നെ ആര്‍ക്കെങ്കിലും വില്‍ക്കാം എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പഴയതാണെങ്കിലും കാറിന്റെ പ്രവര്‍ത്തന നിലവാരം കണ്ടപ്പോള്‍ അത് വില്‍ക്കാന്‍ തോന്നിയില്ല. അതുകൊണ്ടുതന്നെ അതിനെ ട്രാന്‍സ്‌പോര്‍ട്ടര്‍ വഴി കണ്ണൂരില്‍ എത്തിക്കാന്‍ തീരുമാനിച്ചു. അവര്‍ക്ക് കൊടുത്ത പതിനഞ്ചായിരം രൂപ കൂട്ടിയാല്‍ തന്നെ നാട്ടില്‍ ഇങ്ങനെ ഒരു വണ്ടി കിട്ടില്ല. ഇപ്പോള്‍ അത് കണ്ണൂര്‍ ആര്‍.ടി.ഒ.വിന്റെ കീഴിലേക്ക് മാറ്റി ആദ്യം 20 വര്‍ഷത്തേക്കും പിന്നീട് 25 വര്‍ഷത്തേക്കും ഓടിക്കാനുള്ള അനുമതി വാങ്ങി. 

തുടരും