കോയമ്പത്തൂര്‍കാരനായ ഡ്രൈവര്‍ രാജകുമാറിനെയും കൂട്ടി ഞാനും സുധയും ശ്രദ്ധയും കൂടി റാണിക്കേത്തിലേക്ക് തിരിച്ചു. കുട്ടികള്‍ ഓരോരുത്തരായി ഞങ്ങളില്‍ നിന്നും അകലാന്‍ തുടങ്ങി. ഇനി ശ്രീരാഗിന് അവന്റെ കോളേജും ഹോസ്റ്റല്‍ ജീവിതവും. കഴിഞ്ഞ രണ്ടു വര്‍ഷം ഞാന്‍ ഒറ്റയ്ക്കും അവര്‍ ഒന്നിച്ചുമായിരുന്നു. റാണിക്കേത്ത് എന്ന സ്ഥലം ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഒരു ഹില്‍സ്റ്റേഷനാണ്. ഉത്തരാഖണ്ഡ് മുമ്പ് ഉത്തരപ്രദേശിന്റെ ഭാഗമായിരുന്നു. പുതിയ സംസ്ഥാനം രൂപം കൊണ്ടിട്ട് കുറച്ച് വര്‍ഷമേ ആയുള്ളൂ. ദേവഭൂമി എന്നാണ് ഉത്തരാഖണ്ഡിനെ വിളിക്കാറ്. അതായത് ദൈവങ്ങളുടെ നാട്. 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' ജനിച്ച ഞാന്‍ ഇനി 'ദൈവങ്ങളുടെ നാട്ടിലേക്ക്'. അതിരാവിലെ തന്നെ ഗ്വാളിയറില്‍ നിന്നും പുറപ്പെട്ടു.

To advertise here,

500 കിലോമീറ്ററില്‍ കൂടുതല്‍ പോകാനുണ്ട്. ഞങ്ങള്‍ മൂന്നുപേരും വണ്ടി മാറി മാറി ഓടിച്ചു. രാത്രികാലങ്ങളില്‍ റാണിക്കേത്തിലേക്ക് പോകാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. റാണിക്കേത്തിലേക്കുള്ള കുന്നുകള്‍ തുടങ്ങുന്നതിന് മുമ്പ് കാതുഗോദാം എന്ന് പറയുന്ന ഒരു സ്ഥലമുണ്ട്. അവിടെ ആര്‍മിയുടെ ഒരു ട്രാന്‍സിറ്റ് ക്യാമ്പ് ഉണ്ട്. കാതുഗോദാം ആ മേഖലയിലെ അവസാനത്തെ റെയില്‍വേ സ്റ്റേഷന്‍ കൂടിയാണ്. റാണിക്കേത്ത് യൂണിറ്റുകളിലേക്ക് പോകാനുള്ളവരൊക്കെ അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടാണ് പോവുക. അവിടെനിന്നും റാണിക്കേത്തിലേക്ക് 75 കിലോമീറ്റര്‍ ഉണ്ട്. രാത്രി അവിടെ താമസിച്ചിട്ട് പിറ്റേന്ന് രാവിലെ മാത്രം അവിടെ നിന്നും പോയാല്‍ മതിയെന്നാണ് എനിക്ക് കിട്ടിയ ഉത്തരവ്.

അത് പ്രകാരം പിറ്റേന്ന് രാവിലെ ഞങ്ങള്‍ ബ്രേക്ക്​ഫാസ്റ്റ് കഴിച്ച് കാതുഗോദാമില്‍ നിന്നും റാണിക്കേത്തിലേക്ക് തിരിച്ചു. ഇവിടെ നിന്നും 75-80 കിലോമീറ്റര്‍ ദൂരമേ ഉള്ളൂ എങ്കിലും യാത്ര രണ്ടര മണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കും എന്നാണ് അറിഞ്ഞത്. എന്തുകൊണ്ടോ എനിക്ക് കിട്ടിയ രണ്ടാമത്തെ ട്രെയിനിങ് സെന്ററും ഹില്‍ സ്റ്റേഷനില്‍ തന്നെ. പഞ്ചമടി 3500 അടി ഉയരത്തില്‍ ആണെങ്കില്‍ ഇത് 6000 അടിയില്‍ കൂടുതല്‍ ഉയരത്തിലാണ്. പഞ്ചമടിയേക്കാള്‍ പേടിപ്പെടുത്തുന്ന റോഡുകളും ഭൂപ്രകൃതിയുമാണ്. ഇപ്പോള്‍ മഴക്കാലം അല്ലാത്തതുകൊണ്ട് സാരമില്ല. മഴക്കാലങ്ങളില്‍ അപ്രതീക്ഷിതമായ മലയിടിച്ചിലുകളും റോഡ് തടസ്സങ്ങളും ഉണ്ടാവും. മലയിടിച്ചിലും, മഞ്ഞുവീഴ്ചയും മേഘ വിസ്ഫോടനങ്ങളും ഒക്കെ വര്‍ഷകാലത്ത് പതിവാണ്. തണുപ്പ് നന്നായി അനുഭവപ്പെടുന്നുണ്ടായിരുന്നു. മറ്റുള്ളവര്‍ പറഞ്ഞത് പ്രകാരം യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ തണുപ്പിന് ആവശ്യമായ ഡ്രസ്സുകള്‍ ഒക്കെ ധരിച്ചിരുന്നു.

റോഡിന്റെ രണ്ടു വശങ്ങളില്‍ മാത്രമല്ല കുന്നിന്‍ ചെരുവുകളിലും ഞങ്ങള്‍ ദേവദാരു, കാറ്റാടി എന്നൊക്കെ വിളിക്കുന്ന വലിയ പൈന്‍ മരങ്ങള്‍. വൈക്കോലിന് സമമായ അതിന്റെ വീണുകിടക്കുന്ന നേരിയ ഇലകള്‍ റോഡിന്റെ വശങ്ങളില്‍ കല്ലുമായി ചേര്‍ന്ന് ചെറിയ ചെറിയ കൂമ്പാരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചെറിയ കാറ്റില്‍ അന്യോന്യം ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്ന കാറ്റാടി മരങ്ങളിലെ ഇലകളും അത് നല്‍കുന്ന സംഗീതവും പുതിയൊരു അനുഭവമായിരുന്നു. റോഡിന്റെ മുന്നില്‍ മാത്രം നോക്കി വണ്ടി ഓടിക്കണം. റോഡിലെ വളവുകളില്‍ അറിയാതെ താഴത്ത് നോക്കിയാല്‍ ഹൃദയമിടിപ്പ് കൂടും. ഡ്രൈവര്‍ രാജ്​കുമാറിനും ഹില്‍ ഡ്രൈവിങ് അധികം പരിചയമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഉയര്‍ന്നതും താഴ്ന്നതുമായ റോഡുകളില്‍ അമിതമായി ബ്രേക്ക് ഉപയോഗിച്ചതുകൊണ്ടോ എന്തോ എന്റെ മാരുതി കാര്‍ എട്ടു വര്‍ഷത്തിനിടയില്‍ ആദ്യമായി ഞങ്ങളോട് പിണങ്ങാന്‍ തുടങ്ങി. വഴിയില്‍ കാര്‍ കാണിക്കാന്‍ പറ്റിയ വര്‍ക്ക്​ഷാപ്പുകൾ  ഒന്നുമില്ലായിരുന്നു. പിന്നീടങ്ങോട്ട് ഞങ്ങള്‍ കാര്‍ ഇടയ്ക്കിടെ നിര്‍ത്തി വളരെ സാവധാനത്തിലാണ് ഓടിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിയത്. സെന്ററിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെയാണ് ഓഫീസര്‍ മെസ്സ്. അവിടെ ഗസ്റ്റ് റൂമില്‍ താമസസൗകര്യം ഒരുക്കിയിരുന്നു. അവിടെ ഇപ്പോഴുള്ള ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ലെഫ്റ്റനന്റ് കേണല്‍ താപ്പയുമായി മൊബൈല്‍ ഫോണിലൂടെ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നു.

ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് വിശ്രമിച്ചതിന് ശേഷം ഞാന്‍ ഡ്രസ്സ് മാറ്റി സെന്ററിന്റെ ഭാഗത്തേക്ക് നടക്കാനായി ഇറങ്ങി. മറ്റ് സ്ഥലങ്ങളിലെ പോലെ വിശാലമായ സ്ഥലസൗകര്യങ്ങളോടുകൂടിയ ഒരു ട്രെയിനിങ് സെന്ററായിരുന്നില്ല ഇത്. സെന്റര്‍ ഹെഡ് കോര്‍ട്ടറും അഡ്മിനിസ്ട്രേഷന്‍ ബറ്റാലിയനും ഒരു കുന്നിന് മുകളില്‍ ആണെങ്കില്‍ ട്രെയിനിങ് ബറ്റാലിയന്‍ മറ്റൊരു കുന്നിന് മുകളിലാണ്. മെയിന്‍ ഗേറ്റിനോട് ചേര്‍ന്നുള്ള മൈതാനത്തില്‍ റിക്രൂട്ടുകള്‍ ട്രെയിനിങ് നടത്തുന്നതാണ് ആദ്യമായി കണ്ടത്. അവിടെ സ്ഥാപിച്ചിരുന്ന മാര്‍ബിള്‍ കല്ലിലെ എഴുത്തുകള്‍ വായിച്ചുനോക്കി. 'ശൈത്താന്‍ സിംഗ് ഗ്രൗണ്ട്'. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ കഥ അതില്‍ ചുരുക്കമായി എഴുതിയിട്ടുണ്ട്. അതെ. 1962 ഞാന്‍ ജനിച്ചവര്‍ഷം. ചൈനയുമായുള്ള യുദ്ധത്തില്‍ പരമോന്നത ത്യാഗം ചെയ്തുകൊണ്ട് 13,00 ചൈനീസ് ഭടന്മാരെ ഇല്ലാതാക്കിയതിനുശേഷം സ്വയം വീരമൃത്യു വരിക്കേണ്ടിവന്ന മേജര്‍ ശൈത്താന്‍ സിംഗ്.

രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതിയായ പരംവീര്‍ചക്ര മരണാനന്തര ബഹുമതിയായി ലഭിച്ച മേജര്‍ ശൈത്താന്‍ സിംഗ്. ഞാന്‍ ഈ ലോകത്ത് വന്ന വര്‍ഷം ഈ ലോകം വിട്ടുപിരിഞ്ഞ ആ ആത്മാവിന് എന്റെ പ്രണാമം നല്‍കിക്കൊണ്ട് മുന്നോട്ട് നടന്നു. അവിടെനിന്നും ചെന്നെത്തിയത് മറ്റൊരു മൈതാനത്തിനടുത്തേക്കായിരുന്നു. അവിടെ എഴുതിയിരിക്കുന്നു 'സോമനാഥ് ഗ്രൗണ്ട്'. മേജര്‍ സോമനാഥ് ശര്‍മയെക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ പരംവീര്‍ചക്ര നേടിയ ആളാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ഉടനെ തന്നെ 1947 നവംബര്‍ മൂന്നിന് ഉണ്ടായ ആദ്യയുദ്ധത്തില്‍ ശത്രു സൈന്യത്തില്‍ നിന്നും കശ്മീര്‍ താഴ​വരയെയും ശ്രീനഗര്‍ വിമാനത്താവളത്തെയും രക്ഷിച്ചെടുത്ത കമ്പനി കമാന്‍ഡര്‍. പാകിസ്താൻ പട്ടാളത്തിന്റെ പിന്തുണയോടു കൂടി ശ്രീനഗര്‍ എയര്‍പോര്‍ട്ട് പിടിച്ചെടുക്കാന്‍ വന്ന ലഷ്‌കര്‍ എന്ന 700 പേര്‍ അടങ്ങുന്ന പത്താന്‍ തീവ്രവാദികളെ വെറും 100 ഇന്ത്യന്‍ പട്ടാളക്കാരെ കൊണ്ടാണ് മേജര്‍ സോമനാഥിന് നേരിടേണ്ടി വന്നത്. അതും ഹോക്കി കളിക്കുമ്പോള്‍ പറ്റിയ ഒരു അപകടത്തിന്റെ മേലെ പ്ലാസ്റ്ററിട്ട ഒരു കൈയുമായാണ് അദ്ദേഹം ഈ പോരാട്ടത്തിന് മുന്‍കൈയെടുത്ത്. കശ്മീര്‍വാലി ഇന്നും അവിടെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് നാലാം കുമയോണ്‍ ബറ്റാലിയന്റെ ഡി കമ്പനി ചെയ്ത ത്യാഗത്തിന്റെ ഫലമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.

റാണിയുടെ ഖേത് ആണ് പിന്നീട് റാണിക്കേത്ത് ആയി മാറിയത്. പത്മിനി എന്ന അവിടുത്തെ ഒരു റാണിയുടെ കൃഷി സ്ഥലമായിരുന്നത്രെ ആ സ്ഥലം. ഏതൊരു പുതിയ റജിമെന്റിന്റെ ഭാഗമാകുമ്പോഴും ആ റജിമെന്റിന്റെ ചരിത്രം പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യന്‍ ആര്‍മിയുടെ ഏറ്റവും പഴയ ഇന്‍ഫന്ററി റെജിമെന്റുകളില്‍ ഒന്നാണ് കുമയോണ്‍ റെജിമെന്റ്. പഹാടികള്‍ എന്നറിയപ്പെടുന്ന ആ മലമ്പ്രദേശത്തെ നാട്ടുരാജ്യങ്ങളില്‍ ഒന്നായ കുമയോണിന്റെ പോരാട്ടവീര്യം നിറഞ്ഞ ജവാന്‍മാരാണ് കുമയോണ്‍ റെജിമെന്റുകളിലുള്ളത്. ഏതാനും ചില ബറ്റാലിയനുകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അഹീര്‍, രാജപുത്ത് എന്നീ വിഭാഗങ്ങളില്‍ പെട്ടവരും ഉണ്ട്. അങ്ങനെ 22 ഓളം കുമയോണ്‍ ബറ്റാലിയനുകളാണ് ഉള്ളത്. അതില്‍ മൂന്നെണ്ണം കുമയോണിന്റെ തന്നെ ഭാഗമായിട്ടുള്ള നാഗാ റെജിമെന്റുകളാണ്. ഈ ബറ്റാലിയനുകളിലേക്ക് വേണ്ട ജവാന്മാരെ വാര്‍ത്തെടുക്കാനുള്ള ട്രെയിനിങ് സെന്ററാണിത്.

ചിലപ്പോള്‍ അമേരിക്ക, റഷ്യ തുടങ്ങിയ മറ്റു രാജ്യങ്ങളും 'മൗണ്ടന്‍ വാര്‍ ഫെയര്‍' ട്രെയിനിങ്ങിനും സംയുക്ത യുദ്ധാഭ്യാസത്തിനുമൊക്കെയായി റാണിക്കേത്തിലും അതിനടുത്തുള്ള ചോപ്പാട്ടിയയിലും വരാറുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായ കുമയോണ്‍ റെജിമെന്റ് രണ്ടു ലോകമഹായുദ്ധങ്ങള്‍ ഉള്‍പ്പെടെ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെയും, ഇന്ത്യന്‍ ആര്‍മിയുടെയും എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിക്ക് മൂന്ന് കരസേന മേധാവികളെ നല്‍കിയിട്ടുണ്ട്. ജനറല്‍ ശ്രീനാഗേഷ്, ജനറല്‍ തിമയ്യ, ജനറല്‍ റെയ്ന എന്നിവര്‍ കുമയോണ്‍ റെജിമെന്റിന്റെ ജനറല്‍മാരാണ്. കായിക രംഗത്തും റെജിമെന്റ് പിന്നിലായിരുന്നില്ല. ഒളിമ്പ്യന്‍ ബോക്സര്‍ ആയ സുബേദാര്‍ മേജര്‍ സതീഷ് കുമാറും സമ്മര്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത മാരത്തോണ്‍ ഓട്ടക്കാരനായ സുബേദാര്‍ നിധേന്ദ്ര സിങ്ങും കുമയൂണ്‍ റെജിമെന്റ്കാരാണ്. പര്‍വതാരോഹണത്തില്‍ ലോകപ്രശസ്തി നേടിയ കേണല്‍ നരേന്ദ്രകുമാര്‍ കുമയോണ്‍ റെജിമെന്റിന്റെ അഭിമാനമാണ്. ഹിമാലയം കാരക്കോറം തുടങ്ങിയ വിവിധ പര്‍വതനിരകളിലൂടെയും, പിര്‍ പഞ്ചലുകള്‍, സാല്‍ട്ടോറോ പര്‍വ്വതനിരകള്‍ എന്നിങ്ങനെയുള്ള ഉപവിഭാഗങ്ങളിലൂടെയും അദ്ദേഹം നടത്തിയ പര്യവേഷണങ്ങള്‍ക്ക് പേരുകേട്ടതാണ്. 1984-ല്‍ ഓപ്പറേഷന്‍ മേഘദൂതില്‍ സിയാച്ചിന്‍ ഗ്ലേസിയറില്‍ ഇന്ത്യന്‍ സൈന്യത്തിന് ഫോര്‍വേഡ് പോസ്റ്റുകള്‍ വീണ്ടെടുക്കുന്നതിന് അദ്ദേഹത്തിന്റ രഹസ്യാന്വേഷണ ശ്രമങ്ങള്‍ വളരെ പ്രധാനമായിരുന്നു.

ഇത്രയും അലങ്കരിച്ച ഒരു ഓഫീസര്‍ മെസ്സ് ഇതിനു മുമ്പ് എവിടെയും കണ്ടിട്ടില്ല. ബ്രിട്ടീഷുകാരുടെ സമയത്തെ പുരാതന നിര്‍മിതിയിലുള്ള കെട്ടിടം. മെസ്സിലേക്ക് കയറുന്ന പ്രവേശനകവാടത്തില്‍ തന്നെ എട്ടടിയോളം നീളമുള്ള ഒരു 'സ്റ്റഫ്' ചെയ്തുണ്ടാക്കിയ കടുവ നില്‍ക്കുന്നതായി കാണാം. യഥാര്‍ത്ഥ കടുവയുടെ തോലും പല്ലും നഖങ്ങളും ഒക്കെ ചേര്‍ത്ത് നിര്‍മിച്ച ഒരു കൃത്രിമ കടുവ. അതിന്റെ വലതുവശത്തായി സ്റ്റഫ് ചെയ്ത മറ്റൊരു കരടിയെയും കാണാം. ഉള്ളില്‍ കടക്കുമ്പോള്‍ തന്നെ ആദ്യമായി കാണുന്നത് പഴയകാല ഓഫീസര്‍മാര്‍ വേട്ടയാടി സംഭാവനചെയ്ത കടുവകളുടെയും പുള്ളിപ്പുലികളുടെയും തോലുകള്‍ അലങ്കരിച്ച് തൂക്കിയ ചുമരുകള്‍. ആനക്കൊമ്പുകള്‍. പിന്നെ ഒരു സിംഹത്തിന്റെ തോലും കണ്ടു. അക്കാലങ്ങളില്‍ വേട്ടയാടുന്നതില്‍ നിയമ തടസ്സങ്ങളൊന്നും ഇല്ലാതിരുന്നതിന്റെ തെളിവാണിത്. പക്ഷേ ഇതൊക്കെ സൂക്ഷിക്കുവാന്‍ വേണ്ടി ഇപ്പോള്‍ വനവിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ നിയമവിരുദ്ധമാണ്. സില്‍വറിന്റെ ഒരുപാട് ശേഖരം തന്നെയുണ്ട്. ഇത്രയും മഹത്തായ ഒരു റെജിമെന്റല്‍ സെന്ററിന്റെ ക്വാര്‍ട്ടര്‍ മാസ്റ്ററായി പോസ്റ്റിങ് കിട്ടിയതില്‍ സ്വയം അഭിമാനം തോന്നി. മുന്‍ രാഷ്ട്രപതിമാരായ വി.വി ഗിരി, ഡോക്ടര്‍ രാജേന്ദ്ര പ്രസാദ്, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്നിവര്‍ ഒക്കെ തന്നെ ഈ സെന്റര്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു.

ജവാന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിന്റെ കാര്യത്തിലും സെന്റര്‍ വളരെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സെന്ററിനോട് തൊട്ടുതന്നെ ഒരു വാര്‍ വിധവാ ഹോസ്റ്റലും, ഒരു ബോയ്സ് ഹോസ്റ്റലുമുണ്ട്. രാജ്യത്തിനുവേണ്ടി വീരമൃത്യു നല്‍കേണ്ടി വന്ന കുമയോണ്‍ റെജിമെന്റിന്റെയും നാഗാ റെജിമെന്റിന്റെയും ജവാന്മാരുടെ വിധവകള്‍ക്ക് ഇവിടെ താമസിക്കാനും കുട്ടികളെ പഠിപ്പിക്കാനുമുള്ള സൗകര്യമുണ്ട്. അവര്‍ക്ക് സെന്ററില്‍ തന്നെ യൂണിറ്റ് കാന്റീനിലും, 'അവ' എന്ന് ചുരുക്കപ്പേരുള്ള 'ആര്‍മി വൈഫ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ' കീഴില്‍ സെട്ടര്‍ ഉണ്ടാക്കുക, തയ്യല്‍പ്പണി എന്നിങ്ങനെയുള്ള ജോലികളും കൊടുത്ത് അവരെ സംരക്ഷിക്കുന്നുണ്ട്.

ഇവിടെ പഠിച്ച് വളര്‍ന്ന പല കുട്ടികളും പിന്നീട് ആര്‍മിയില്‍ ഓഫീസറായി കമ്മീഷന്‍ എടുത്തുപോയിട്ടുണ്ട്. അതുപോലെതന്നെ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ ജവാന്മാരുടെ മക്കള്‍ ഇവിടെ ബോയ്സ് ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. നാട്ടിന്‍പുറങ്ങളില്‍ വിദൂരങ്ങളിലുള്ള നല്ല സ്‌കൂള്‍ സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത കുട്ടികള്‍ക്ക് ഇവിടുത്തെ ആര്‍മി സ്‌കൂളിലും മറ്റും ചേര്‍ന്ന് പഠിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് അത്. താമസസൗകര്യവും ഭക്ഷണവും എല്ലാം കൊടുക്കുന്നുണ്ട്. ഭക്ഷണത്തിനും മറ്റുമായി രക്ഷിതാക്കളില്‍ നിന്നും ചെറിയ ഒരു ഫീസ് വാങ്ങിക്കും. ആര്‍മി ക്യാമ്പിനുള്ളില്‍ വളരുന്ന കുട്ടികള്‍ക്ക് അതിന്റെതായ അച്ചടക്കവും ഉണ്ടാവും. അതുപോലെതന്നെ അവിടെ സെന്ററില്‍ സര്‍വീസ് ചെയ്യുന്ന ജവാന്മാര്‍ക്ക് സ്‌കൂള്‍ അവധിക്കാലത്തും മറ്റും താല്‍ക്കാലികമായി ഫാമിലിയെ കൊണ്ടുവരണമെങ്കില്‍ അതിനുള്ള സൗകര്യങ്ങളും ഉണ്ട്.

placeholder
വര: ഗിരീഷ് കുമാര്‍

ഇത്തവണ എനിക്ക് വളരെ താമസിച്ചാണ് മാരീഡ് അക്കമഡേഷന്‍ കിട്ടിയത്. രണ്ടുമാസത്തിനടുത്ത് ഓഫീസര്‍ മെസ്സിലെ ഗസ്റ്റ് റൂമില്‍ തന്നെയായിരുന്നു. ഇത്രയും കാലം ഒരേ രീതിയിലുള്ള നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം കഴിച്ച് മതിയായി. ഞാന്‍ പറഞ്ഞിരുന്നല്ലോ എവിടെ വീട് കിട്ടിയാലും ഞാന്‍ അതിനെ ഭംഗിയാക്കി എടുക്കുമെന്ന്. മുന്‍വശത്ത് അധിക സ്ഥലം ഒന്നുമില്ലാത്ത ഒരു വീടായിരുന്നു. പക്ഷേ ഞാന്‍ അതിനടുത്തുള്ള സ്ഥലങ്ങളൊക്കെ വൃത്തിയാക്കി നല്ല ഒരു ഗാര്‍ഡന്‍ നിര്‍മിച്ചു. യൂണിറ്റുകള്‍ക്കുള്ളില്‍ ഇങ്ങനെയുള്ള 'നോ മാന്‍ ലാന്‍ഡുകള്‍' കുറെ ഉണ്ടാകും. അതിനെ വൃത്തിയാക്കി വെക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് അതിന് അവകാശികള്‍ കുറവായിരിക്കും. കുന്നിന്‍ ചെരുവിലെ പൈന്‍ മരങ്ങള്‍ക്കിടയില്‍ ഉള്ള വീട്ടില്‍ നിന്നും നോക്കിയാല്‍ എന്റെ പഴയ സിയാച്ചിന്‍ ഗ്ലേസിയറിനെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ വിദൂരങ്ങളില്‍ വെളുത്ത മലകള്‍ കാണാം. വൈകുന്നേരങ്ങളില്‍ ഞാനുണ്ടാക്കിയ ഗാര്‍ഡനില്‍ ചെന്നിരുന്നാല്‍ അസ്തമയ സൂര്യന്റെ സൂര്യകിരണങ്ങള്‍ തട്ടി അലങ്കൃതമായ നന്ദദേവി, നന്ദാകോട്ടി, തൃശ്ശൂല്‍, കാമേത്ത് തുടങ്ങിയ ഒട്ടനവധി കൊടുമുടികള്‍ കാണാന്‍ പറ്റും. ഞാന്‍ രൂപകല്‍പന ചെയ്ത് ഉണ്ടാക്കിപ്പിച്ച ആ ഗാര്‍ഡന്‍ പിന്‍കാലത്ത് ഒരു ചില്‍ഡ്രന്‍ പാര്‍ക്കായി മാറിയതായി അറിയാന്‍ കഴിഞ്ഞു.

റാണിക്കേത്ത് ഒരു 'നോണ്‍ ഫാന്‍' സ്റ്റേഷനാണ്. അതായത് ഒരു കെട്ടിടത്തിലും ഫാനുകള്‍ കാണില്ല. ഇവിടുത്തെ കെട്ടിടങ്ങളില്‍ പലതും ബ്രിട്ടീഷുകാരുടെ സമയത്ത് ഉള്ളതാണ്. മരംകൊണ്ടുള്ള തൂണും ചുമരുകളും മാത്രമല്ല നിലം പോലും മരം പാകിയതാണ്. 1837-ല്‍ നിര്‍മിച്ച ജവാന്മാര്‍ താമസിക്കുന്നതിനുള്ള ഒരു വലിയ ബാരക് ഉണ്ട് ഇവിടെ. മുഴുവന്‍ നിര്‍മിതിയും മരത്തില്‍ തന്നെയാണ്. രണ്ടുനില കെട്ടിടമാണ്. മരത്തില്‍ നിര്‍മിച്ച കോണിപ്പടികളിലൂടെ തന്നെ ഒന്നാം നിലയില്‍ എത്തിയപ്പോള്‍ അതിന്റെ തറയും മരം പാകിയത് തന്നെയായി കണ്ടു. മേല്‍ക്കൂര മാത്രം അടിയില്‍ പ്ലൈവുഡും മുകളില്‍ ടിന്‍ഷീറ്റുമായിട്ടുള്ളതാണ്. അത് പിന്‍കാലത്ത് മാറ്റം വരുത്തിയതാണോ എന്നറിയില്ല. 'നൗലാക്ക' എന്നാണ് ആ ബാരക്കിന്റെ പേര്. ഹിന്ദിയില്‍ നൗ ലാഖ് എന്നാല്‍ ഒമ്പതു ലക്ഷം എന്നാണ് അര്‍ത്ഥം. ആ പേര് അങ്ങിനെ വീണതാണ്.

ഒൻപത് ലക്ഷം അന്ന് ഒരു വലിയ സംഖ്യയാണ്. അതുകൊണ്ടുതന്നെ ആയിരിക്കണം നിര്‍മാണച്ചെലവിന്റെ പേരില്‍ തന്നെ ഒരു കെട്ടിടം അറിയപ്പെടാന്‍ തുടങ്ങിയത്. ഓഫീസര്‍ അക്കമഡേഷന്‍ പലതും അങ്ങനെയുള്ളതാണ്. പുതിയതായാലും പഴയതായാലും എല്ലാ കെട്ടിടങ്ങളിലും, മുറികളില്‍ കല്‍ക്കരി കത്തിക്കാനുള്ള ചിമ്മിനികളുണ്ട്. സന്ധ്യയായാല്‍ എല്ലാ വീടുകളിലും കല്‍ക്കരി അടുപ്പുകള്‍ പുകയും. പ്രത്യേകിച്ച് ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍. അല്ലാതെ അവിടെ ജീവിക്കുവാന്‍ പ്രയാസമാണ്. അതിനായി പ്രത്യേകം കല്‍ക്കരി വരുമായിരുന്നു. എല്ലാ വീടുകളില്‍ നിന്നും പുക ഉയരുന്നത് കാണാം. അത്യാവശ്യമുള്ളവര്‍ മാത്രമേ പുറത്തിറങ്ങാറുള്ളൂ. പിന്നീട് കാലത്തിനനുസരിച്ച് പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കല്‍ക്കരി നിര്‍ത്തുകയും അതിനുപകരം കെറൊസിന്‍ ഓയില്‍ വരാനും തുടങ്ങി. അത് കത്തിക്കാനായി പ്രത്യേകതരം കേറോസിന്‍ ഹീറ്ററുകളുണ്ടാകും. രാത്രികാലങ്ങളില്‍ നന്നായി മഞ്ഞുവീഴ്ചയും ഉണ്ടാവും. മഴക്കാലങ്ങളില്‍ ആലിപ്പഴം നന്നായി വീഴുന്ന സ്ഥലമാണെങ്കിലും ഞങ്ങള്‍ ഉണ്ടായിരുന്ന വര്‍ഷങ്ങളില്‍ അത് വളരെ കുറവായിരുന്നു.

വന്യമൃഗങ്ങള്‍ ധാരാളമുള്ള സ്ഥലമാണ്. രാത്രികാല ഡ്യൂട്ടികളില്‍ മിക്കവാറും ഒരു പോസ്റ്റില്‍ രണ്ട് സംത്രിമാര്‍ (കാവല്‍ക്കാര്‍) ഒന്നിച്ചുണ്ടാകും. ഡ്യൂട്ടിയിലുള്ളവര്‍ പലപ്പോഴും കടുവയെയും പുള്ളിപ്പുലികളെയും മറ്റും കണ്ടിട്ടുണ്ട്. പക്ഷേ അവര്‍ അക്രമകാരികള്‍ അല്ല. അവരും നമ്മളും ഒന്നിച്ച് ജീവിക്കുന്ന ഒരു സ്ഥലമാണ് റാണിക്കേത്ത്. യഥാര്‍ഥത്തില്‍ അവരുടെ വാസസ്ഥലം ഞങ്ങളാണ് കൈയടക്കിയിട്ടുള്ളത്. എങ്കിലും അവിടുത്തെ പഹാഡികളായ കടുവകള്‍ക്കും പുള്ളിപ്പുലികള്‍ക്കും ഒക്കെ അറിയാം, നാളെ രാജ്യം കാത്തുസൂക്ഷിക്കേണ്ട പഹാഡികളായ കുമയോണിന്റെ ജവാന്മാര്‍ക്ക് ട്രെയിനിങ്ങ് നല്‍കുന്ന ട്രെയിനിങ് സെന്റര്‍ ആണ് ഇതെന്ന്. രാത്രികാലങ്ങളില്‍ മാത്രമല്ല പകല്‍ സമയങ്ങളിലും ഈ മൃഗങ്ങളെ കാണാനുള്ള ഭാഗ്യം ചിലര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ പെട്ടവരാണ് ഞങ്ങളും. ഞാനും സുധയും എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നടക്കാൻ പോകും. അഞ്ചോ ആറോ കിലോമീറ്റര്‍ നടക്കും. ആള്‍ സഞ്ചാരം കുറവുള്ള ചെറിയ റോഡാണ്. അത്യാവശ്യത്തിന് വാഹനങ്ങളും ഒക്കെ ഉണ്ടാകും.

ഒരു ദിവസം വൈകുന്നേരം ഞങ്ങള്‍ ഇതുപോലെ നിത്യവും പോകുന്ന റോഡിലൂടെ നടക്കുകയായിരുന്നു. സെന്റര്‍ ഓഫീസ് കഴിഞ്ഞിട്ടുള്ള വളവിലെത്തിയപ്പോള്‍ സുധ പെട്ടെന്ന് എന്റെ കൈ പിടിച്ച് പിന്നോട്ട് വലിച്ച് 'ലെപ്പേഡ്, ലെപ്പേഡ്' എന്ന് പറഞ്ഞ് ശബ്ദമുണ്ടാക്കി. ഞങ്ങള്‍ റോഡിന്റെ വലതുവശത്ത് കൂടെ നടക്കുകയായിരുന്നു. ആ വശത്തുള്ള കുന്നിന്‍ ചെരുവിലെ കുറ്റിക്കാട്ടിനുള്ളില്‍ നിന്നും ഒരു പുള്ളിപ്പുലി റോഡുകടന്ന് താഴത്തേക്ക് വരാന്‍ ശ്രമിക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ അത് പെട്ടെന്ന് പിന്മാറി തിരിച്ചുപോയി. സുധ അതിനെ നന്നായി കണ്ടെങ്കിലും എനിക്ക് അത് കാട്ടിലേക്ക് മറയുന്നതേ കാണാന്‍ പറ്റിയുള്ളൂ. റോഡിന്റെ മറുവശത്ത് ചെറിയ ഒരു തടാകമുണ്ട്. അവിടെ അത് വെള്ളം കുടിക്കാന്‍ പോകുന്നതായിരുന്നു. ഇങ്ങനെ പലപ്പോഴും പോകാറുണ്ടത്രെ.

അതുപോലെതന്നെ ഒരു ദിവസം കുമയോണ്‍ റെജിമെന്റിന്റെ ജവാന്മാരുടെ ഡോക്കുമെന്റുകള്‍ സൂക്ഷിക്കുന്ന റെക്കോഡ്  ഓഫീസ് വഴി നടന്നുപോകുമ്പോള്‍, കുറച്ച് പ്രായമുള്ള ഒരു പശുക്കുട്ടി റോഡരികില്‍ വീണുകിടന്ന് ശ്വാസത്തിനുവേണ്ടി ബുദ്ധിമുട്ടുകയായിരുന്നു. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അതിന്റെ ചെവിക്കടുത്ത് ചോരപ്പാടും കണ്ടു. ഏതോ കടുവയോ മറ്റോ ആക്രമിക്കാന്‍ വന്നതാണ്. ഒന്നുകില്‍ ഞങ്ങള്‍ വരുന്നത് കണ്ട് വിട്ടിട്ട് പോയതായിരിക്കണം, അല്ലെങ്കില്‍ കൊന്നിട്ടതിനുശേഷം രാത്രി വന്ന് കഴിക്കാമെന്ന് കരുതി പോയതായിരിക്കും. ഞാന്‍ റെക്കോഡ് ഓഫീസിന്റെ ഇന്‍ചാര്‍ജിനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു. അവരൊക്കെ വന്ന് നോക്കിയപ്പോഴേക്കും പശു അവിടെ ഇല്ലായിരുന്നത്രെ. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ നിന്നും ബോധം വന്നപ്പോള്‍ അത് തിരിച്ച് പോയിക്കാണും.

കുമയോണ്‍കാരുടെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് വിജയദശമി അഥവാ ദസറ. വിജയദശമി ആഘോഷത്തില്‍ രണ്ട് ഐതിഹ്യങ്ങള്‍ ഉണ്ട്. വടക്കന്‍, മധ്യ, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഇത് അസുര രാജാവായ രാവണനെതിരേ ഭഗവാന്‍ രാമന്‍ നേടിയ വിജയത്തെ അനുസ്മരിക്കുന്നതാണ്. ആഘോഷത്തിന്റെ ഭാഗമായി ആ ദിവസം രാവണന്റെ ആകാശചുംബികളായ കോലങ്ങള്‍ ഉണ്ടാക്കി അതിനെ കത്തിക്കും. അധര്‍മ്മത്തിന്മേല്‍ ധര്‍മ്മത്തിന് ഉണ്ടായ വിജയം. എന്നാല്‍ ഉത്തരാഖണ്ഡ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ വിജയദശമി ദുര്‍ഗാ പൂജയുടെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ധര്‍മം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ദുര്‍ഗ്ഗാദേവി മഹിഷാസുരനെതിരെ നേടിയ വിജയത്തെ അനുസ്മരിക്കുന്നു. നമ്മുടെ നാട്ടിലെ നവരാത്രി ആഘോഷം പോലെ തന്നെ സസ്യാഹാരം മാത്രം കഴിച്ച് വ്രതം എടുക്കും. 9 ദിവസം വെള്ളം മാത്രം കുടിച്ച് ജീവിക്കുന്നവരും ഉണ്ട്. പഹാഡികള്‍ കാലാരാത്രി എന്നുപറയുന്ന ഒമ്പതാം ദിവസത്തെ രാത്രി അവര്‍ അമ്പലത്തില്‍ പോയി പൂജ നടത്തി ആടിനെ ബലിയര്‍പ്പിക്കും.

പിറ്റേന്ന് പത്താം ദിവസം അതായത് ദസറ ദിവസം സെന്ററിന്റെ മൈതാനത്ത് കുടുംബസമേതം എല്ലാവരും ഒത്തുചേര്‍ന്ന് അവിടെ പൂജ നടത്തും. അത് ട്രെയിനിങ് ബറ്റാലിയന്റെയും അഡ്മിനിസ്ട്രേഷന്‍ ബറ്റാലിന്റെയും മറ്റ് സെക്ഷനുകളുടെയും പ്രതിനിധികള്‍ അവിടെ എല്ലാവരുടെയും മുന്നില്‍ വെച്ച് ആടുകളെ ബലിയര്‍പ്പിക്കും. 30 വരെ ഒക്കെ ആടുകളെ വെട്ടിയ വര്‍ഷങ്ങള്‍ ഉണ്ട്. മൂര്‍ച്ച കൂടിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഒരു വെട്ടിന് ആ പാവം മൃഗങ്ങളുടെ ശരീരവും തലയും വേറെ വേറെ ആയി പിടയുന്നത് കാണാന്‍ എല്ലാവര്‍ക്കും പറ്റില്ല. യുക്തിവാദ ചിന്താഗതിയുമായി വളര്‍ന്ന എനിക്ക്, ആശാരിക്കോട്ടത്ത് കോഴി അറവ് പോലും നിര്‍ത്തിയ എനിക്ക്, ഇത് തീരെ സഹിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. പക്ഷേ കുട്ടികളൊക്കെ എന്ത് രസമായിട്ടാണ് മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നത് എന്ന് അറിയാമോ. എല്ലാം ദൈവത്തിന്റെ പേരില്‍. അവസാനം രാത്രി ലങ്കറിലെ ഭക്ഷണം മട്ടന്‍ കറി. ഇതിനായി സപ്ലൈയില്‍ നിന്നും 10 ദിവസം കോഴിയിറച്ചിയോ ആട്ടിറച്ചിയോ ഒന്നും വാങ്ങിക്കുകയില്ല. അതിന്റെ കണക്കുകള്‍ വെച്ച് ഒന്നിച്ച് ജീവനുള്ള ആടുകളെ അവസാനം ദിവസം കൊണ്ടുവരും.

വേനല്‍കാലങ്ങളില്‍ അവിടെയൊക്കെ തീ പിടിക്കുന്നത് നിത്യസംഭവമാണ്. അതും രാത്രികാലങ്ങളില്‍. അത് അവിടെയുള്ള സ്ഥാനിയക്കാര്‍ മനപൂര്‍വ്വം ചെയ്യുന്നതാണെന്ന് ആണ് അറിവ്. കര്‍ഷകരായ അവര്‍ നല്ല പുല്ലിനു വേണ്ടി ചെയ്യുന്നതാണ് ഇത്. ഉണങ്ങിയ പുല്ലുകള്‍ കത്തിച്ചു കളഞ്ഞാല്‍ അടുത്തവര്‍ഷം നന്നായി തളര്‍ച്ച് വളര്‍ന്ന് വരുമത്രേ. പക്ഷേ ഒരുപാട് പൈന്‍ മരങ്ങള്‍ ഇതുമൂലം കത്തിനശിക്കാറുണ്ട്. ഒരു ദിവസം ഞങ്ങളുടെ വീട്ടിനടുത്തും ഉണ്ടായി തീപിടുത്തം. നമ്മുടെ വീടിന്റെ താഴത്തുകൂടിയാണ് മാര്‍ക്കറ്റിലേക്കുള്ള റോഡ് പോകുന്നത്. റോഡ് സൈഡില്‍ ആരോ തീയിട്ടതായിരിക്കണം. അത് മുകളിലോട്ട് പടര്‍ന്നുപടര്‍ന്ന് സപ്ലൈ ഒ.സി. താമസിക്കുന്ന വീടിന്റെ ഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു. ഞങ്ങള്‍ പൊതുവേ താമസിച്ചുറങ്ങുന്നത് കൊണ്ട് അത് കാണാന്‍ കഴിഞ്ഞു. ഉടനെ തന്നെ ഞാന്‍ സപ്ലൈ ഒ.സി.യെ ഫോണില്‍ വിളിച്ച് അറിയിക്കുകയും സെന്ററില്‍ വിളിച്ച് വെള്ളം വണ്ടിയും ജവാന്മാരെയും വരുത്തി തീ അണക്കുകയും ചെയ്തു.

ഇവിടെ ഒരു ആയുര്‍വേദ ഹോസ്പിറ്റല്‍ ഉണ്ട്. നാട്ടിലെ പോലെ തന്നെയുള്ള എല്ലാ സൗകര്യങ്ങളും ഉള്ളതാണ്. വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ച് തുടങ്ങിയതാണെങ്കിലും പഞ്ചകര്‍മ ചികിത്സകളൊക്കെ നന്നായി ചെയ്യുന്നുണ്ട്. മലയാളിയായ ഒരു ഭാര്യയും ഭര്‍ത്താവും തന്നെയാണ് അവിടുത്തെ പ്രധാനികള്‍. എന്റെ ശാരീരിക പ്രശ്നങ്ങള്‍െകാണ്ട് രണ്ടുവര്‍ഷം ഞാന്‍ നാട്ടില്‍ പഞ്ചകര്‍മ ചികിത്സ ചെയ്തതാണ്. മൂന്നുവര്‍ഷം തുടര്‍ച്ചയായി ചെയ്യണം എന്നാണ് പറഞ്ഞിരുന്നത്. അങ്ങനെ ആ വര്‍ഷത്തെ ചികിത്സ അവിടെത്തന്നെ നടത്തി.

വടക്കേ ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം സൗത്ത് ഇന്ത്യന്‍ ഭക്ഷണം എന്ന് പറഞ്ഞാല്‍ ഇഡ്ഡലിയും, ദോശയും, കൂടിവന്നാല്‍ വടയും മാത്രമാണ്. ആ വര്‍ഷത്തെ ഞങ്ങളുടെ വിവാഹ വാര്‍ഷികത്തില്‍ എല്ലാവര്‍ക്കും ഒരു 'സര്‍പ്രൈസ്' കൊടുക്കാം എന്ന് വിചാരിച്ചു. ക്ഷണക്കത്തില്‍ ഡിന്നര്‍ എന്നതിന് പകരം സപ്പര്‍ എന്നെഴുതിയപ്പോള്‍ തന്നെ പലര്‍ക്കും സംശയമുണ്ടായിരുന്നു. ഇഡ്ഡലി, രണ്ടുതരം വട, കൂടാതെ മസാല ദോശ അടക്കം പലതരത്തിലുള്ള ദോശകള്‍, ചിക്കന്‍ ചേര്‍ത്ത കീമാ ദോശ, ഉത്തപ്പം, കൊഴക്കട്ട, പുട്ട്, കടലകറി, വെള്ളയപ്പം, ഇടിയപ്പം, ഉണ്ണിയപ്പം തുടങ്ങി നാട്ടില്‍ ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും, അവസാനം അടപ്പായസവും കഴിച്ചപ്പോള്‍ അവരെല്ലാം അന്തംവിട്ടു നിന്നുപോയി. സുധയുടെ നിര്‍ദേശത്തില്‍ അവിടെയുള്ള പാചകക്കാര്‍ തന്നെയാണ് ഇതെല്ലാം ഉണ്ടാക്കിയത്. ഭക്ഷണം പോലെ തന്നെ പരമ്പരാഗത ഡ്രസ്സ് ആയിരുന്നു പാര്‍ട്ടി തീം. പഞ്ചാബി ഡ്രസ്സ് ധരിച്ചുവന്ന സപ്ലൈ ഒ.സി.യും ഭാര്യയും ഒന്നാം സമ്മാനം നേടിയപ്പോള്‍ 'കൗ ബോയ്' ആയ കേണല്‍ കട്ടാരിയ ബാച്ചിലര്‍ ഓഫീസര്‍ക്കുള്ള സമ്മാനം വാങ്ങി.

ഈ സമയം കുക്ക് ലളിതിനെയും കുക്ക് ഗോപാലിനെയും കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ വയ്യ. ഡല്‍ഹിയിലോ മറ്റോ ഒരു ഓഫീസറുടെ വീട്ടില്‍ സഹായിയായി നിന്നിരുന്ന ലളിത് എന്ന പഹാഡി ചെറുപ്പക്കാരനെ സെന്ററിലെ ഏതെങ്കിലും ഒരു കുക്കുഹൗസില്‍ മെസ്സ് ബോയ് ആക്കി താമസിപ്പിക്കാനും അവിടെനിന്നും ദിവസവും പരിശീലനം ചെയ്ത് എങ്ങനെയെങ്കിലും ആര്‍മിയിലേക്ക് റിക്രൂട്ട്മെന്റ് സെലക്ഷന്‍ വരുമ്പോള്‍ അതിന് ശ്രമിക്കട്ടെ എന്നും പറഞ്ഞുകൊണ്ട് ആ ഓഫീസര്‍ എന്നെ വിളിച്ച് അഭ്യര്‍ത്ഥിച്ചു. സ്ഥിരമായിട്ടുള്ള കുക്ക്, സഫായിവാല, ബാര്‍ബര്‍, വാഷര്‍മാന്‍ എന്നിവയിലെ താല്‍ക്കാലിക ഒഴിവുകള്‍ നികത്താന്‍ ' ഔട്ട് സോഴ്സിംഗ്' വഴി താല്‍ക്കാലിക ജീവനക്കാരെ എനിക്ക് ആവശ്യമുണ്ടായിരുന്നു. കുമയോണ്‍ സെന്ററില്‍ ഔട്ട് സോഴ്സിംഗ് ആദ്യമായി നടപ്പാക്കിയത് ഞാന്‍ തന്നെയാണ്. അങ്ങനെ ആദ്യം മെസ്ബോയ് ആയും പിന്നീട് താല്‍ക്കാലിക കുക്ക് ആയും ഞാന്‍ ലളിതിനെ നിയമിച്ചു. എല്ലാംകൊണ്ടും നല്ല സ്വഭാവമുള്ള ഒരു ചെറുപ്പക്കാരന്‍ ലളിത്, ഒരു നല്ല കുക്ക് കൂടിയായി മാറി. എന്റെ വീട്ടില്‍ പാര്‍ട്ടി നടക്കുമ്പോഴൊക്കെ പലപ്പോഴും ഞാന്‍ അവനെ വിളിക്കാറുണ്ടായിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള അവന്റെ നൈപുണ്യം ഞാന്‍ മനസ്സിലാക്കി.

placeholder
colonel surendran m.k.
ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.(റിട്ട.)

പിന്നീട് ആര്‍മി ഹെഡ് കോര്‍ട്ടറുമായി ബന്ധപ്പെട്ട് നിലവിലുള്ള മൂന്ന് കുക്കുകളുടെ ഒഴിവുകള്‍ നികത്താനുള്ള അനുമതി വാങ്ങി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിച്ചു. പത്രങ്ങളില്‍ പരസ്യം നല്‍കി. തിരഞ്ഞെടുക്കപ്പെടാനായി വന്ന ഉത്തരാഖണ്ഡിലെ മറ്റു ചെറുപ്പക്കാരുടെ കൂട്ടത്തില്‍ ലളിതും കൂടി. ലളിത് ആ മൂന്നുപേരില്‍ ഒരാളായി മാറി. അങ്ങനെ ഇരുപത്തിയൊന്നാം വയസ്സില്‍ 60 വയസ്സ് വരെ ഉറപ്പുള്ള സെന്‍ട്രല്‍ ഗവണ്‍മെന്റ് ജോലി അവന് ഉറപ്പായി. മെസ്ബോയ്  ആയിട്ട് 2500 രൂപ വാങ്ങിയിരുന്ന ലളിത് ഇന്ന് 40000 രൂപ ശമ്പളം വാങ്ങുന്നുണ്ട്. ഞാന്‍ കുമയൂണ്‍ സെന്റര്‍ വിട്ടിട്ട് പത്ത് വര്‍ഷത്തിന് മേലെയായെങ്കിലും ഇന്നും ലളിത് എന്നെ ഫോണ്‍ ചെയ്യാറുണ്ട്. വിളിക്കുമ്പോള്‍ ഒക്കെ അവന്‍ 'സാര്‍ എന്റെ ദൈവമാണ്' എന്ന് ആത്മാര്‍ത്ഥതയോടുകൂടി പറയും. ശരിയാണ്, കാരുണ്യമയന്‍ ദൈവം

കുക്ക് ഗോപാല്‍ ഒരു സീനിയര്‍ സിവിലിന്‍ കുക്ക് ആണ്. അദ്ദേഹത്തിന്റെ സംസാരരീതി പലര്‍ക്കും ഇഷ്ടമല്ലാതിരുന്നതുകൊണ്ട് ഏത് കുക്ക് ഹൗസില്‍ വിട്ടാലും കുറച്ചുകാലമേ അവിടെ നില്‍ക്കൂ. ഇങ്ങനെയുള്ളവരെ നന്നായി കൈകാര്യം ചെയ്യാന്‍ എനിക്ക് അറിയാവുന്നതുകൊണ്ട് എന്നെ നല്ല ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ പഠിക്കുന്ന കാര്യത്തില്‍ വളരെ മുന്നിലായിരുന്നു. പലപ്പോഴും എന്റെ ഉപദേശം തേടുമായിരുന്നു. അങ്ങനെ അദ്ദേഹം തന്റെ മകനെ സൈനിക് സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഗോപാലും ഭാര്യയും ഒരു ആര്‍മി ഓഫീസറുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയും വാര്‍ത്തയും ന്യൂസ് പേപ്പറില്‍ കണ്ടപ്പോഴാണ് അറിയാന്‍ കഴിഞ്ഞത്, ആ കുട്ടി ആര്‍മിയില്‍ ഓഫീസര്‍ ആയി കമ്മീഷന്‍ എടുത്തെന്നും, ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്നും ആ വര്‍ഷം കമ്മീഷന്‍ എടുത്ത അവരുടെ ഒന്നാം സ്ഥാനക്കാരനായ ഗോള്‍ഡ് മെഡലിസ്റ്റ് ഗോപാലിന്റെ മകനായിരുന്നു എന്നും. ഞാന്‍ ഗോപാലിനെ വിളിച്ച് അഭിനന്ദിച്ചു. കുക്ക് ഹൗസിലും ഓഫീസര്‍ മെസ്സിലും മറ്റും പാചകക്കാരനായിരുന്ന ഗോപാല്‍ തന്റെ മകനെ പഠിപ്പിച്ച് ഓഫീസര്‍ ആക്കാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനംകൊണ്ടു. ഇതിനിടെ കുമയോണ്‍ സെന്ററുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഗോപാല്‍ സര്‍വീസ് മതിയാക്കി നാട്ടില്‍ പോയെന്നാണ്.

വലിയ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട കഥ പറയാം. ശ്രദ്ധ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഡ്രൈവിങ്  പഠിക്കാന്‍ തുടങ്ങിയിരുന്നു. തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു അത്. വെളിയില്‍ പോകാറില്ല. സെന്ററിനുള്ളില്‍ ഉള്ള റോഡില്‍ തന്നെതന്നെയായിരുന്നു ഡ്രൈവിംഗ്. മലമുകളിലുള്ള റോഡിലെ ഡ്രൈവിങും നിങ്ങള്‍ക്ക് അറിയാമല്ലോ. അവള്‍ ഒരുവിധം ഡ്രൈവിങ് പഠിച്ചു കഴിഞ്ഞിരുന്നു. പഠിപ്പിക്കുന്ന സമയത്ത് ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുമല്ലോ. എന്നാല്‍ പഠിച്ചു എന്നുള്ള ആത്മവിശ്വാസം വന്നപ്പോള്‍ എന്റെ 'ശ്രദ്ധ' എന്ന ഡ്രൈവറുടെ മേലെയുള്ള എന്റെ ശ്രദ്ധ വിട്ടുപോയി. ഒരു ദിവസം കാറുമായി അഡ്മിനിസ്ട്രേഷന്‍ ബറ്റാലിയനിലേക്കുള്ള റോഡ് വഴി പോവുകയായിരുന്നു. മുന്‍ സീറ്റില്‍ ഞാനും പിന്നില്‍ സുധയും ഉണ്ട്. മലപ്രദേശമായതുകൊണ്ട് പലയിടങ്ങളിലും 180 ഡിഗ്രി വളവുള്ള റോഡുകളാണ്. അങ്ങനെയുള്ള റോഡ് കയറിയ ഉടനെ കാറിന്റെ സ്റ്റിയറിങ് തിരിച്ച് നേരെയാക്കണമല്ലോ.

അവളെക്കൊണ്ട് അത് മുഴുവന്‍ തിരിച്ചുകൊണ്ടു വരാന്‍ പറ്റിയില്ല. അതുകാരണം കാറ് കയറ്റത്തില്‍ നിന്നും താഴത്തെ റോഡിലേക്ക് തന്നെവീഴുകയായിരുന്നു. എന്തോ ഭാഗ്യത്തിന് അവിടെ ഉണ്ടായിരുന്ന ഒരു വലിയ പൈന്‍ വൃക്ഷം നമ്മളെ രക്ഷിച്ചു. കാറ് പോയി മരത്തില്‍ തടഞ്ഞത് കാരണം താഴത്തെ റോഡിലേക്ക് വീഴാതെ രക്ഷപ്പെട്ടു. ഞാന്‍ കാര്‍ ഓഫ് ചെയ്ത് മെല്ലെ വാതില്‍ തുറന്ന് പുറത്തുവന്ന് രണ്ടുപേരെയും വെളിയിലേക്ക് ഇറക്കി. ആര്‍ക്കും ഒന്നും പറ്റിയില്ല. കാറിന് നല്ല അടി പെട്ടിരുന്നു. മുന്നിലെ ഗ്ലാസ് ഒക്കെ പൊട്ടിപ്പോയി. ഞാന്‍ പിന്നീട് ഫോണ്‍ ചെയ്ത് എന്റെ കീഴിലുള്ള ജെ.സി.ഓവിനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം കുറച്ച് ജവാന്‍മാരെയും കൂട്ടി വന്ന് കല്ലുകളും മരക്കഷണങ്ങളും ഒക്കെ ഇട്ട് കാറിനെ താഴത്തെ റോഡിലേക്ക് ഇറക്കി തന്നു. പിന്നീട് കുറച്ചുകാലത്തേക്ക് ശ്രദ്ധ ഡ്രൈവിംഗ് ഒന്നും ചെയ്തില്ലെങ്കിലും അവള്‍ പിന്‍കാലത്ത് ഒരു നല്ല ഡ്രൈവറായി മാറി.

ഉത്തരാഖണ്ഡ് ദൈവങ്ങളുടെ ഭൂമി എന്നാണ് അറിയപ്പെട്ടിരുന്നത് എന്ന് പറഞ്ഞല്ലോ. കേദാര്‍നാഥ്, ബദരിനാഥ്, ഗംഗോത്രി, യമുനോത്രി തുടങ്ങിയ ഒരുപാട് ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ നാടാണിത്. പോകണം പോകണം എന്ന് കരുതി നീട്ടി കൊണ്ടുപോയി അവസാനം ഒന്നിനും ഒരു സമയം കിട്ടിയില്ല. ഉത്തരാഖണ്ഡ് രൂപീകരണത്തിന് മുമ്പ് ഹരിദ്വാറില്‍ പോയതായി ഓര്‍മ്മയുണ്ട്. പിന്നെ ഉത്തര്‍പ്രദേശിലെ അലഹബാദിലെ ത്രിവേണി സംഗമവും കാശി എന്ന വാരണാസിയും കണ്ടിട്ടുണ്ട്. ഒരു പ്രാവശ്യം ശ്രീരാഗ് ലീവിന് വന്നപ്പോള്‍ എല്ലാവരും കൂടി നൈനിത്താളില്‍ പോയി. മലമുകളില്‍ ഒരു തടാകം. അതിനു ചുറ്റുമായി ഹിമാലയന്‍ റിസോര്‍ട്ട് പട്ടണം. വടക്കുവശത്തായി നൈന ദേവി ഹിന്ദു ക്ഷേത്രവും ബോട്ടിംഗ് സൈറ്റും. ടൗണില്‍ നിന്നും കുന്നിന്‍ മുകളിലുള്ള 'സ്നോ വ്യൂ' നിരീക്ഷണ കേന്ദ്രത്തിലേക്ക് ഒരു കേബിള്‍ കാര്‍ യാത്ര. ഉത്തരാഖണ്ഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ നന്ദാദേവി അടക്കമുള്ള പര്‍വതങ്ങളുടെയും പട്ടണങ്ങളുടെയും കാഴ്ച കണ്ടുകൊണ്ടുള്ള ഒരു കേബിള്‍ കാര്‍ യാത്ര.

കുമയോണ്‍ സെന്ററില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. പഞ്ചമടിയില്‍ ഉണ്ടായിരുന്നപ്പോള്‍ ആര്‍മി സപ്ലൈയുടെ കൂടി ചുമതല ഉണ്ടായിരുന്നതുകൊണ്ട് സപ്ലൈ പരമായ കുറെ കാര്യങ്ങള്‍ പഠിച്ചിരുന്നു. അതുകൊണ്ടുതന്നെ അത് പിന്നീടുള്ള സര്‍വീസില്‍ കുറെയധികം ഗുണം ചെയ്തിട്ടുണ്ട്. ഞാന്‍ പറയാന്‍ വിട്ടുപോയിരുന്നു. എമ്പതുകളില്‍ ഒക്കെ ഞാന്‍ ആര്‍മിയില്‍ ചേര്‍ന്ന സമയത്ത് ആട്ടിറച്ചി മാത്രമാണ് വരാറ്. പിന്നീട് കോഴിയിറച്ചി കൂടി വന്നുതുടങ്ങി. ആഴ്ചയിലെ ഏഴ് ദിവസത്തില്‍ നാലോ അഞ്ചോ ദിവസത്തെ കോഴിയിറച്ചിയും ബാക്കി ദിവസങ്ങളില്‍ ആട്ടിറച്ചിയും എന്ന കണക്കാണ് പൊതുവേ. അത് ജവാന്മാരുടെ താല്പര്യത്തിനനുസരിച്ചാണ്. അതിനുപകരം മുട്ട, മത്സ്യം എന്നിവ വാങ്ങാനുമുള്ള സംവിധാനങ്ങളുണ്ട്. പിന്‍കാലത്ത് 2 മുട്ട വീതം ഡെയിലി റേഷന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഇതൊന്നും ഇല്ലാത്ത സമയത്ത് തന്നെ ഇറച്ചിയുടെ വിഹിതം കുറച്ചിട്ട് ഞാന്‍ മുട്ടയും മീനും ജവാന്‍മാര്‍ക്ക് കൊടുക്കാറുണ്ടായിരുന്നു.

സിവിലിയന്‍ ട്രേഡുകളില്‍ ഉള്ള ഒഴിവുകള്‍ നികത്തി. സെന്ററിലെ സിവിലിയന്‍ സ്റ്റാഫ് മുഴുവന്‍ എന്റെ കീഴിലായിരുന്നു. അവര്‍ക്ക് വേണ്ടുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഒരുപാട് നടത്തി. 30- 40 വര്‍ഷം സര്‍വീസ് ചെയ്ത് പോകുന്ന അവരെ ആരും ശ്രദ്ധിക്കാറില്ലായിരുന്നു. ഞാന്‍ അവര്‍ക്കായി റിട്ടയര്‍മെന്റ് പാര്‍ട്ടി ആരംഭിച്ചു. ഉപഹാരങ്ങള്‍ നല്‍കുകയും ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്തപ്പോള്‍ അവര്‍ക്കതൊരു അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആയി മാറി.

റാണിക്കേത്ത് പോലെയുള്ള കുന്നിന്‍ പ്രദേശങ്ങളില്‍ ഇരിക്കുമ്പോള്‍ പല കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. വര്‍ഷകാലങ്ങളില്‍ കുന്നുകളും മണ്ണും ഇടിഞ്ഞ് ദിവസങ്ങളോളം റോഡ് ഗതാഗതം തടസ്സപ്പെടും. ചിലപ്പോള്‍ പാലങ്ങള്‍ അപകടത്തിലാവും. അതുകൊണ്ട് ജവാന്‍മാര്‍ക്ക് വേണ്ടുന്ന റേഷന്‍ മുന്‍കൂട്ടി കരുതി വെക്കണം. പാലിനു പകരം പാല്‍പ്പൊടിയും, അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി മറ്റ് ടിന്‍ ഫുഡും കരുതിവെക്കണം. പച്ചക്കറികളും മാംസവും  മാത്രമേ മുന്‍കൂട്ടി കരുതിവെക്കാന്‍ പറ്റാതെ ഉള്ളൂ. ഇങ്ങനെയുള്ള ഘട്ടത്തില്‍ മുന്‍കാലങ്ങളില്‍ ഹെലികോപ്റ്റര്‍ വഴി റേഷന്‍ എത്തിക്കേണ്ട സ്ഥിതി വന്നിട്ടുണ്ട്.

സെന്ററില്‍ ഞാന്‍ വരുമ്പോള്‍ ഒരുപാട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടായിരുന്നു. പുതിയ ബാരക്കുകള്‍, ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങി ഏതാനും കോടികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കേണ്ട ചുമതല മിലിറ്ററി എഞ്ചിനീയറിങ് സര്‍വീസിന്റെതാണെങ്കിലും (എം.ഇ.എസ്) ഉപഭോക്താവ് എന്ന രീതിയില്‍ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും തെറ്റുകള്‍ കണ്ടെത്തുകയും വേണ്ട സമയത്ത് വേണ്ടുന്ന ഉപദേശവും അഭിപ്രായങ്ങളും നല്‍കുകയും ചെയ്യേണ്ടത് ഞങ്ങളാണ്. അതൊക്കെ നല്ല രീതിയില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ എനിക്ക് കഴിഞ്ഞു. സെന്ററില്‍ റിക്രൂട്ടുകള്‍ക്ക് വേണ്ടിയുള്ള സ്വിമ്മിംഗ് പൂള്‍ നിര്‍മിച്ചത് എന്റെ സമയത്താണ്. ചൂടുവെള്ളത്തോട് കൂടിയ സിമ്മിംഗ് പൂള്‍. അല്ലാതെ അതില്‍ ഇറങ്ങാന്‍ പറ്റില്ല.

വര്‍ഷങ്ങളായി ഫയലില്‍ കെട്ടിക്കിടക്കുന്ന പഴയകാല 'ടെസ്റ്റ് ഓഡിറ്റ് റിപ്പോര്‍ട്ടുകളിലെ' എതിര്‍പ്പുകളില്‍ ഭൂരിഭാഗവും എന്റെ വ്യക്തവും വ്യക്തിപരവുമായ ഇടപെടലുകളിലൂടെയും, തിരുത്തല്‍ നടപടികളിലൂടെയും അവ എഴുതിത്തള്ളാന്‍ സാധിച്ചു. എന്റെ ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ സെന്റര്‍ കമാന്‍ഡന്റ് ആ വര്‍ഷത്തെ സൈനിക ബഹുമതിക്ക് വേണ്ടി എന്റെ പേര് ശുപാര്‍ശ ചെയ്തു. സര്‍വീസ് കാലയളവില്‍ ഏതെങ്കിലും ഒരു സൈനിക ബഹുമതി പ്രാപ്തമാക്കുക എന്നത് ഏതൊരു സൈനികന്റെയും സ്വപ്നമാണ്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയില്‍ വെച്ച് ശത്രുസൈന്യത്തിന്റെ വെടിയുണ്ട ഏല്‍ക്കേണ്ടി വന്നതുമായി ബന്ധപ്പെട്ട ഓപ്പറേഷനില്‍ എന്റെ പേര് 'ശൗര്യചക്ര' യ്ക്ക് വേണ്ടി ശുപാര്‍ശ ചെയ്തതായിരുന്നു. പക്ഷേ ഒന്നും കിട്ടിയിട്ടില്ല. ആകെ കിട്ടിയിരുന്നത് യുദ്ധത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന 'വൂണ്ട് മെഡല്‍' അഥവാ 'പരാക്രമം പതക്ക്' എന്ന യൂണിഫോമിന്റെ പോക്കറ്റിന് മുകളില്‍ കുത്താനുള്ള ഒരു മെഡലും റിബണും മാത്രമായിരുന്നു. ഏതെങ്കിലും ചെറിയ ബഹുമതിക്കാണ് അയച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കിട്ടുമായിരുന്നേനെ. ഏതായാലും ഇത്തവണ എനിക്ക് ശുപാര്‍ശ ചെയ്തത് പോലെ തന്നെ ആ വര്‍ഷത്തെ സ്വാതന്ത്ര്യദിന ആഘോഷവേളയില്‍ ആര്‍മി കമാന്‍ഡറുടെ 'കമാന്റേഷന്‍' എന്ന ബഹുമതി കിട്ടി. ഇത് സൈനിക ബഹുമതി പട്ടികയിലെ ഏറ്റവും താഴത്തേതാണ്. ഏതായാലും യൂണിഫോമില്‍ പോക്കറ്റിന് താഴെ ഒരു അലങ്കാരം കൂടി ചേര്‍ക്കപ്പെട്ടു.

ആത്മകഥയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം...

കുമയോണ്‍ സെന്ററില്‍ രണ്ടുവര്‍ഷമായി. ഇപ്പോള്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഒരു സ്ഥലത്ത് വെക്കാറില്ല. അതുകൊണ്ടുതന്നെ പുതിയ പോസ്റ്റിംങ്ങ് വരേണ്ട സമയമായിരിക്കുന്നു. ഏതൊരു സര്‍ക്കാര്‍ ഓഫീസിലും നമുക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും എന്നതില്‍ സംശയമില്ല. അതുപോലെ ഇവിടെയും സംഭവിച്ചു. എന്റെ അടുത്ത ക്വാര്‍ട്ടറില്‍ താമസിക്കുന്ന ഒരു 'റീ എംപ്ലോയ്മെന്റ്' ഓഫീസര്‍ ആയ കേണല്‍ ജോഷിയുടെ മകന്‍ ലെഫ്റ്റനന്റ് കേണല്‍ അനില്‍ ജോഷി ആര്‍മി ഹെഡ് കോര്‍ട്ടറില്‍ പോസ്റ്റിംങ്ങ് ബ്രാഞ്ചിലായിരുന്നു. എനിക്ക് എവിടെയെങ്കിലും ഒരു സൗത്ത് ഇന്ത്യന്‍ പോസ്റ്റിങ്ങ് തരപ്പെടുത്തി തരാന്‍ അച്ഛന്‍ മകനോട് പറഞ്ഞുവെച്ചിരുന്നു. കണ്ണൂരിനായിരുന്നു മുന്‍ഗണന. അല്ലെങ്കില്‍ ബാംഗ്ലൂര്‍. ആദ്യമായി ഓഫീസറായി വെടിയുണ്ട ഏറ്റ വര്‍ഷം സെക്കന്ദരാബാദിലേക്ക് ഒരു പോസ്റ്റിംങ്ങ് കിട്ടിയതാണ്. അതിനുശേഷം ഇതുവരെ അങ്ങോട്ടുള്ള ഒരു പോസ്റ്റിംങ് കിട്ടിയിട്ടില്ല. ഇനിയിപ്പോള്‍ സര്‍വീസും അധികമൊന്നും ബാക്കിയില്ല.

പറഞ്ഞതുപോലെ തന്നെ കാര്യങ്ങള്‍ സാധിച്ചു. എന്റെ പോസ്റ്റിംങ്ങ് 'മദ്രാസ് എന്‍ജിനീയറിങ് സെന്റര്‍' ബാംഗ്ലൂരിലേക്ക് വന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം. ബാംഗ്ലൂരിനോട് എനിക്ക് ഒരു പ്രത്യേക സ്നേഹവും നന്ദിയും ഉണ്ട്. എന്നെ ജവാനില്‍ നിന്നും ഓഫീസര്‍ ആക്കിയത് ബാംഗ്ലൂര്‍ നഗരമാണ്. 10 വര്‍ഷം കൂടെ കൊണ്ടുനടന്ന എന്റെ മാരുതി 800 കാര്‍ അവിടെത്തന്നെ വിറ്റിട്ട് പുതിയത് ഒന്ന് വാങ്ങാമെന്ന് കരുതി. റാണിക്കേത്തില്‍ നിന്നും അതിനെ ബാംഗ്ലൂരില്‍ എത്തിക്കുന്നത് തന്നെ ഒരു നല്ല ചെലവാണ്. ഇത്രയും ദൂരം ഡ്രൈവിംങ് ചെയ്യാനും പറ്റില്ല. ആര്‍മി കാന്റീന്‍ വഴി പുതിയ കാര്‍ ഹ്യുണ്ടായ് വെര്‍ണ ബുക്ക് ചെയ്തു. 

റാണിക്കേത്തില്‍ ഇരുന്നുകൊണ്ട്, ഡല്‍ഹിയിലുള്ള ഏജന്റ് വഴി, അഹമ്മദാബാദില്‍ നിന്നും വണ്ടിയെടുത്ത്, ഫരീദാബാദില്‍ രജിസ്ട്രേഷന്‍ ചെയ്ത് നേരെ ബാംഗ്ലൂരില്‍ എത്തിക്കുകയായിരുന്നു. ഏജന്റിന് അവരുടെ കമ്മീഷന്‍ കൊടുത്ത് തടി അനങ്ങാതെ എല്ലാ കാര്യങ്ങളും നടന്നുകിട്ടി. മാരുതി കാറിന്റെ എന്‍.ഒ.സി പഞ്ചാബില്‍ നിന്നും വരുത്തി. ഇത്രയും കാലം ഞങ്ങളോടൊത്ത് കഴിഞ്ഞ നമ്മുടെ ആദ്യത്തെ കാര്‍, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തിവാരി ഓടിച്ചുകൊണ്ട് തന്റെ വീട്ടിലേക്ക് പോകുമ്പോള്‍ എന്തോ വല്ലാത്ത ഒരു ദുഃഖം തോന്നി. പ്രായമായ അച്ഛനമ്മമാരെ വൃദ്ധസദനത്തിലേക്ക് വിടുന്ന മക്കള്‍ക്ക് ചിലപ്പോള്‍ ഇതുപോലെയുള്ള ഒരു കുറ്റബോധം തോന്നില്ലായിരിക്കാം.

(തുടരും......)