ധരംഗ്ധര. ആരും കേള്‍ക്കാത്ത ഒരു സ്ഥലം. ധരംഗ്ധര എന്നാല്‍ സംസ്‌കൃതത്തില്‍ കല്ലുകളുടെ ഭൂമി എന്നര്‍ത്ഥം വരുന്നതുകൊണ്ടാണ് അതിന് ആ പേര് വന്നതുതന്നെ. മേല്‍ഭാഗത്തെ കുറച്ച് മണ്ണുകള്‍ നീക്കിയാല്‍ ഭൂമി മുഴുവന്‍ മഞ്ഞനിറത്തിലുള്ള കല്ലുകളാണ്.  ബ്രിട്ടീഷ് ഭരണകാലത്ത് ധരംഗ്ധര സംസ്ഥാനത്തിന്റെ ഭരണകേന്ദ്രം ആയിരുന്നു അത്. സെറാമിക്കിന്റെ രാജധാനി എന്നറിയപ്പെടുന്ന മോര്‍ബി ഇതിനടുത്താണ്. അവിടെ നിന്നാണ്  നമ്മുടെ നാട്ടിലേക്ക് എന്നല്ല, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും വേണ്ട ടൈലുകള്‍ വരുന്നത്. ബോംബെയില്‍ നിന്നും ബുജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളും പിന്നെ ഇപ്പോഴുമുള്ള പഴയ മീറ്റര്‍ ഗേജിലൂടെ പോകുന്ന ഒരു ലോക്കല്‍ ട്രെയിനും ആണ് ആകെ അതുവഴി കടന്നുപോകുന്നത്. 

To advertise here,

ചക്ക്ത എന്ന സ്ഥാനീയ പേരുള്ള ഒരു മുചക്രവാഹനം അവിടുത്തെ മാത്രം പ്രത്യേകതയാണ് എന്നുതോന്നി. സാധാരണ ഓട്ടോറിക്ഷയെക്കാള്‍ കൂടുതല്‍ ഓടുന്നത് അതാണ്. എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളിന്റെ എന്‍ജിന്‍ രൂപമാറ്റംവരുത്തി നിര്‍മിച്ചതാണ് ഈ വണ്ടി. ഏതായാലും മറ്റെന്തോ ആവശ്യത്തിനുവേണ്ടി അഹമ്മദാബാദില്‍ വന്ന ഒരു ആര്‍മി ജിപ്‌സി തിരിച്ചുവരുമ്പോള്‍ എന്നെ കൂട്ടിവരാന്‍ വേണ്ടി നിര്‍ദേശിച്ചത് പ്രകാരം എന്റെ യാത്ര സുഖമമായി. എങ്കിലും എനിക്ക് നല്ലൊരു സ്വീകരണമായിരുന്നില്ല പുതിയ യൂണിറ്റില്‍ കിട്ടിയത്. അതിനു കാരണമുണ്ടായിരുന്നു. പുതിയ യൂണിറ്റിന്റെ സി.ഒ.യുടെ (കമാന്‍ഡിങ് ഓഫീസര്‍) കോഴ്‌സ് മേറ്റ് ആയിരുന്നു ഞാന്‍ വരുന്ന യൂണിറ്റിലെ 2 ഐ.സി. (സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്). 

പുതുതായി വരുന്ന ഓഫീസറെക്കുറിച്ച് അറിയാനായി സി.ഒ. തന്റെ കോഴ്‌സ് മേറ്റിന് ഫോണ്‍ ചെയ്തിരുന്നു. മനപ്പൂര്‍വമോ അല്ലാതെയോ ഉള്ള ഒരു തെറ്റിദ്ധാരണ എന്നെക്കുറിച്ച് രൂപപ്പെട്ടു. ഞാന്‍ ആഗ്രഹിച്ചത് തെക്കേ ഇന്ത്യയില്‍ എവിടെയെങ്കിലും പോകാന്‍ ആയിരുന്നെന്നും ഗുജറാത്തില്‍ പോകാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു എന്നും എല്ലാവര്‍ക്കും അറിയാം. പക്ഷേ അത് മറ്റൊരര്‍ത്ഥത്തില്‍ ആശയവിനിമയം ചെയത് ഞാന്‍ ആ യൂണിറ്റിലേക്ക് പോകാന്‍ ഇഷ്ടമില്ലാത്ത ആളാണ് എന്നും 80 ശതമാനം അംഗവൈകല്യമുള്ള ആളാണെന്നും അടുത്ത് തന്നെ പെന്‍ഷന്‍ പോകാന്‍ കാത്തിരിക്കുകയാണ് എന്നൊക്കെയാണ്. 

അടുത്തദിവസം കമാന്‍ഡിങ് ഓഫീസറുടെ ഇന്റര്‍വ്യൂവില്‍ നിന്നും മറ്റ് ഓഫീസര്‍മാരുടെ സംസാരത്തില്‍ നിന്നും എനിക്ക് അത് അറിയാന്‍ കഴിഞ്ഞു. പക്ഷേ, 'തിരിച്ചുപോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ സഹായിക്കാം' എന്നുപോലും പറഞ്ഞ കമാന്‍ഡിങ് ഓഫീസര്‍ എന്റെ പ്രവര്‍ത്തനശൈലി കണ്ടപ്പോള്‍ ഒരാഴ്ചകൊണ്ട് തന്നെ അദ്ദേഹത്തിന് പറ്റിയ തെറ്റ് മനസ്സിലായി. സാധാരണഗതിയില്‍ പുറത്തുനിന്നുള്ള ഓഫീസര്‍ക്ക് കൊടുക്കാത്ത, യൂണിറ്റ് സി.എസ്.ഡി.യുടെ ചാര്‍ജ് പോലും എനിക്ക് തന്നു. 

റോക്കറ്റ് റെജിമെന്റിന്റെ സി.എസ്.ഡി. സെയില്‍സ്മാനും പിന്നീട് ഇന്‍ ചാര്‍ജുമായിരുന്ന ഞാന്‍ ഇന്ന് മറ്റൊരു ആര്‍ട്ടിലറി റജിമെന്റിന്റെ സി.എസ്.ഡി. ഓഫീസറാണ്. മറ്റൊരു അഭിമാന മുഹൂര്‍ത്തം. പിന്നീട് അവരുടെ ഒരു ബാറ്ററി കമാന്‍ഡര്‍ കോഴ്‌സിന് പോയപ്പോള്‍ ഹെഡ്ക്വാര്‍ട്ടര്‍ ബാറ്ററിയുടെ താല്‍ക്കാലിക ബാറ്ററി കമാന്‍ഡറായി എന്നെ നിയമിച്ചു. ഒന്നരവര്‍ഷത്തോളം ഞാന്‍ ബാറ്ററി കമാന്‍ഡര്‍ ആയിരുന്നു. ഞാന്‍ ആര്‍ട്ടിലറിയില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ ഞാന്‍ ആര്‍ട്ടിലറി ഓഫീസര്‍ അല്ല. അങ്ങനെയുള്ള ഒരാളെ ആര്‍ട്ടിലറി റെജിമെന്റിന്റെ ബാറ്ററി കമാന്‍ഡര്‍ ആക്കുന്നത് വളരെ ചുരുക്കമാണ്. സി.ഒ. യ്ക്ക് എന്നോടുള്ള വിശ്വാസത്തിന്റെ മറ്റൊരു മാനദണ്ഡമാണത്. 

അതുപോലെ ഇങ്ങോട്ട് വരുമ്പോള്‍ എന്നെയും ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഞാനിപ്പോള്‍ ഉള്ള ഈ ഫീല്‍ഡ് റെജിമെന്റ് ഒരു 'തമ്പി' റെജിമെന്റ് ആണ്. അതായത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരള എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മാത്രം. തെലുങ്കാന പിന്നീട് രൂപപ്പെട്ടതാണല്ലോ. ഓഫീസര്‍ക്ക് അത് ബാധകമല്ല. ദക്ഷിണേന്ത്യക്കാരനായ ഓഫീസര്‍, തമ്പി യൂണിറ്റില്‍ പോയാല്‍ അവിടെ സര്‍വീസ് ചെയ്യാന്‍ പ്രയാസമായിരിക്കും എന്നും ജവാന്‍മാര്‍ വേണ്ടാത്ത നേട്ടങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുമെന്നുമൊക്കെയായിരുന്നു എന്നോടാരോ പറഞ്ഞ് ഫലിപ്പിച്ചിരുന്നത്.

അതുകൊണ്ടുതന്നെ ഞാന്‍, ഒരു സൗമ്യന്‍ അല്ലാത്ത, ആരോടും ദാക്ഷിണ്യം  കാണിക്കാത്ത ഒരു കേരളക്കാരന്‍ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ എന്റെ മുഖത്തിന്റെ ശൈലി തന്നെ ഒന്ന് മാറ്റി. നല്ല കട്ടിമീശ ഉണ്ടായിരുന്നത് മുഴുവന്‍ ക്ലീന്‍ ഷേവ് ചെയ്ത്, ഒരു വശത്തേക്ക് ചീകിയിരുന്ന മുടിയുടെ 'സ്‌റ്റൈല്‍' മാറ്റി നെറ്റിക്ക് മുകളിലോട്ടാക്കി ഒരു വടക്കേ ഇന്ത്യക്കാരന്‍ ഓഫീസറുടെ രൂപത്തിലേക്കും ഭാവത്തിലേക്കും വന്നു. ചിലപ്പോള്‍ രാജസ്ഥാനില്‍ ക്യാമ്പിലും മറ്റും പോകുന്ന സമയത്ത് ഞാന്‍ മീശ എടുക്കാറുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ എന്നെ തെറ്റിദ്ധരിപ്പിച്ചത് പോലെ ആയിരുന്നില്ല. ജവാന്മാരെ കൂടുതല്‍ അടുത്തറിയുന്നതോടൊപ്പം തന്നെ എന്റെ മീശയും വളരാന്‍ തുടങ്ങി. എന്നെ കൂടാതെ മറ്റൊരു മലയാളിയായ ലഫ്റ്റനന്റ് രാജീവ് കൂടി അതേ സമയത്ത് അവിടെ പോസ്റ്റിങ് വന്നു. ലെഫ്റ്റനന്റ് രാജീവും ജവാനില്‍ നിന്നും കമ്മീഷന്‍ എടുത്ത് ഓഫീസറായി ആദ്യത്തെ പോസ്റ്റിംഗ് ആയിരുന്നു അത്. രാജീവ് മുന്‍പ് ആര്‍മിയില്‍ പി.എ. ആയിരുന്നു. ഓഫീസര്‍ മെസ്സില്‍ രണ്ടുപേരുടെയും ഡൈനിങ് ഇന്‍ ഒന്നിച്ചാണ് നടന്നത്. 

ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ തെലുങ്ക് മാത്രമേ എനിക്ക് അറിയാതുള്ളൂ. അതുകൊണ്ടുതന്നെ ഞാന്‍ സീനിയര്‍ ജെ.സി.ഒ.വിനോട് പറഞ്ഞ് ആന്ധ്രക്കാരനായ ഒരു റാവുവിനെ എന്റെ ഹെല്‍പ്പര്‍ ആയി നിയോഗിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നൂറന്തപ്പയില്‍ നിന്നും കന്നട പഠിച്ചത് പോലെ റാവുവില്‍ നിന്നും തെലുങ്ക് പഠിക്കാന്‍ തുടങ്ങി. ചെറിയ ലീവ് കിട്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ ഗ്വാളിയറില്‍ പോകും. സ്‌കൂള്‍ അവധികാലങ്ങളില്‍ സുധയും മക്കളും ഇങ്ങോട്ട് വരും. ഗ്വാളിയറില്‍ നിന്നും ഡയറക്ട് ട്രെയിന്‍ ഇല്ല. ഭോപ്പാല്‍ വഴിയോ അല്ലെങ്കില്‍ ജയ്പൂര്‍ വഴിയോ വരണം. എന്നാലും ധരംഗ്ധരയിലേക്ക് വരാന്‍ പറ്റില്ല. സുരേന്ദ്ര നഗര്‍ സ്റ്റേഷനില്‍ ഇറങ്ങണം. ഞാന്‍ അവിടുത്തേക്ക് വണ്ടിയും കൊണ്ടുപോകും. കുറച്ചുകാലം അവിടെ താമസിച്ചിട്ട് പിന്നീട് ഞങ്ങള്‍ എല്ലാവരും കൂടി ഒന്നിച്ച് നാട്ടിലേക്ക് പോകും. ആകെ ഉണ്ടായിരുന്ന ഒരു ഗുണം അഹമ്മദാബാദില്‍ നിന്നും ബോംബെ വഴി കോഴിക്കോട്ടേക്കും അതുപോലെ തിരിച്ചും ഉള്ള വിമാനയാത്ര മാത്രമായിരുന്നു. കണ്ണൂരില്‍ എയര്‍പോര്‍ട്ട് പിന്നീടാണ് വന്നത്. കൊല്ലത്തില്‍ ഒരു പ്രാവശ്യം എല്ലാവര്‍ക്കും നാട്ടിലേക്ക് പോകാനുള്ള വിമാനയാത്ര സൗജന്യമായിരുന്നെങ്കിലും ഗ്വാളിയറിലുള്ളപ്പോള്‍ ആ സൗകര്യം ഉപയോഗിക്കാന്‍ പ്രയാസമായിരുന്നു.

ഇതൊരു തമ്പി യൂണിറ്റ് ആണെന്ന് ഞാന്‍ മുമ്പ് പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ അതിന്റേതായ പല സവിശേഷതകളും ഉണ്ട്. നല്ല വിദ്യാഭ്യാസമുള്ള ജവാന്‍മാരും അവരുടെ ഭാര്യമാരും. നല്ല സ്‌പോര്‍ട്‌സ്മാന്‍മാരും കലാകാരന്മാരും. യൂണിറ്റിന് അവരുടേതായ ജാസ് ബാന്‍ഡ് ടീം ഉണ്ട്. ഇത് അപൂര്‍വം ചില യൂണിറ്റുകള്‍ക്ക് മാത്രമേയുള്ളൂ. ചെറിയ ഒരു മാര്‍ഗനിര്‍ദേശത്തിന്റെ ആവശ്യമേയുള്ളൂ. കാര്യങ്ങളെല്ലാം അവര്‍ തന്നെ ചെയ്തുകൊള്ളും. ഇന്റര്‍ യൂണിറ്റ് മത്സരങ്ങളില്‍ പലപ്പോഴും ഒന്നാംസ്ഥാനം ഇവര്‍ക്ക് തന്നെയാണ്. അവരുടെ കഴിവ് മനസ്സിലാക്കിയ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ നവീന്‍ റാട്ടിക്ക് ഒരു പുതിയ ആശയം തോന്നി. ആര്‍മിയില്‍ വിശേഷ ദിവസങ്ങളില്‍ നടത്തുന്ന ബഡാഖാന എന്ന പതിവ് രീതിയില്‍ നിന്നും അദ്ദേഹം ഒന്ന് മാറ്റി ചിന്തിച്ചു. ആ വര്‍ഷത്തെ റെയ്സിങ് ഡേയ്ക്ക് ബഡാ ഖാനയ്ക്ക് പകരം ഓഫീസര്‍മാരെയും, അവരുടെ ലേഡീസിനെയും ജവാന്മാരെയും അവരുടെ കുട്ടികളെയും എല്ലാം ഒന്നിച്ച് ചേര്‍ത്തുകൊണ്ട് ഒരു 'സോഷ്യല്‍ ഈവനിംഗ്' നടത്താം എന്ന് തീരുമാനിച്ചു. 

സ്റ്റേജിലെ കലാപ്രകടനങ്ങളുടെ ഇന്‍ ചാര്‍ജ് എനിക്കായിരുന്നു. ബ്രിഗേഡ് കമാന്‍ഡര്‍ മുതല്‍ സ്റ്റേഷനിലെ എല്ലാ യൂണിറ്റുകളുടെയും ക്ഷണിക്കപ്പെട്ട വ്യക്തികളുടെ സദസ് ആണ്. ഓഫീസര്‍മാരും അവരുടെ ഭാര്യമാരും നല്ല പാട്ടുകള്‍ അവതരിപ്പിച്ചു. കുറച്ച് ജവാന്മാരെ ചേര്‍ത്ത് ഞാന്‍ ആര്‍മി രീതിയിലുള്ള ഒരു 'ഫാഷന്‍ ഷോ' സംഘടിപ്പിച്ചു. ആര്‍മിയിലുള്ള സമ്മര്‍ യൂണിഫോം, വിന്റര്‍ യൂണിഫോം, സെരിമോണിയല്‍ ഡ്രസ്സ്, ഹൈ ആള്‍ട്ടിറ്റ്യൂഡിലെയും സിയാച്ചിനിലെയും ഡ്രസ്സുകള്‍, യുദ്ധ ഡ്രസ്സുകള്‍, പി.ടി. ഡ്രസ്സുകള്‍ തുടങ്ങി ഓരോതരം വേഷങ്ങള്‍ ധരിച്ച ജവാന്മാര്‍, കൂടാതെ ഔദ്യോഗിക വേഷത്തിലുള്ള കുക്ക്, ബാര്‍ബര്‍, വാഷര്‍മാന്‍, സഫായി വാല ഇവരൊക്കെയായിരുന്നു നമ്മുടെ ഫാഷന്‍ ഷോയിലെ മത്സരാര്‍ഥികള്‍. ഞാനായിരുന്നു ഫാഷന്‍ ഷോയിലെ 'ഷോസ്റ്റോപ്പര്‍'. ആയിടെ ഇറങ്ങിയ പ്രിയങ്ക ചോപ്രയുടെ ഫാഷന്‍ എന്ന ഹിന്ദി സിനിമയിലെ 'ജെല്‍വ, ജെല്‍വ ജിഷ്‌മോം കാ ഹെ യെ ജെല്‍വ' എന്ന ഹിന്ദി പാട്ട് 'ബാക്ക് ഗ്രൗണ്ട് മ്യൂസിക്' കൂടിയായി വന്നപ്പോള്‍ ഫാഷന്‍ ഷോ ഗംഭീരമായി. കുറെ കാലത്തിനുശേഷം സ്റ്റേജില്‍ കയറാന്‍ എനിക്കും ഒരു സന്ദര്‍ഭം കിട്ടിയതായിരുന്നു. ഇത്രയും കൈയടി വാങ്ങിയ ഒരു സ്റ്റേജ് ഷോ ആര്‍മിയില്‍ വേറെ ഉണ്ടായിട്ടുണ്ടാവുമോ എന്ന് സംശയമാണ്.

പിന്നെ ഞാന്‍ മറ്റൊരു സ്‌കിറ്റ് കൂടി സംവിധാനം ചെയ്തു. അത് യഥാര്‍ഥത്തില്‍ എ.ഇ.സി. ട്രെയിനിങ് കോളേജ് ആന്‍ഡ് സെന്റര്‍ പഞ്ചമടിയില്‍ കണ്ടതിന്റെ ഒരു അനുകരണമായിരുന്നു. ജവാന്മാര്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റം പോകുമ്പോള്‍ ഉള്ള ബുദ്ധിമുട്ടിന്റെ മറ്റൊരു തുറന്നുകാട്ടല്‍. തൊപ്പി, ബൂട്ട്, ബെല്‍റ്റ്, ഷൂസ് കൂടാതെ പലതരത്തിലുള്ള യൂണിഫോമുകളും മറ്റ് 'എക്യുപ്‌മെന്റുകളുമായി' അനുവദിച്ചതില്‍ കൂടുതല്‍ തൂക്കവുമായി യാത്ര ചെയ്യുന്ന പട്ടാളക്കാരനെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ടി.ടി.ഇ. പിടിക്കുന്നതും അവസാനം ബൂട്ട് അടക്കം എല്ലാ ഡ്രസ്സുകളും സ്വന്തം ശരീരത്തില്‍ അണിഞ്ഞുകൊണ്ട് പെട്ടിയുടെ ഭാരം കുറയ്ക്കുകയും ശരീരത്തിന്റെ തൂക്കം കൂട്ടുകയും ചെയ്തുകൊണ്ട് ചന്ദ്രനില്‍ ആദ്യമായി പോയ ആംസ്‌ട്രോങ്ങിനെ പോലെ മുന്നോട്ടുള്ള യാത്ര തുടരുന്നതായിട്ടുള്ള ഒരു സ്‌കിറ്റ്.

സിഖ് യൂണിറ്റുകള്‍ ഗുരു നാനാക്ക് ജയന്തി ആയ ഗുരുപൂര്‍വും അവരുടെ പുതുവര്‍ഷമായ വൈശാഖിയും ഒക്കെ ആഘോഷിച്ച് യൂണിറ്റ് ഗുരുദ്വാരയില്‍ ലങ്കര്‍ ഉണ്ടാക്കുന്നതുപോലെ തന്നെ, തമ്പി യൂണിറ്റില്‍ ഓണവും പൊങ്കലുമൊക്കെ വിശേഷദിവസങ്ങളായി ആഘോഷിക്കും. അതിനുള്ള തയ്യാറെടുപ്പ് മുന്‍കൂട്ടി തന്നെ ചെയ്തുതുടങ്ങും. അവിടെ കിട്ടാത്ത ഉപ്പേരി, പപ്പടം, പഴം, പായസത്തിനുവേണ്ട അട തുടങ്ങിയ സാധനങ്ങളൊക്കെ ജവാന്‍മാരെ ആ സമയത്ത് നാട്ടില്‍ ലീവിന് വിട്ട് അവരോട് കൊണ്ടുവരാന്‍ പറയും. ചിലപ്പോള്‍ കഥകളി, കോല്‍ക്കളി, ചെണ്ട തുടങ്ങിയ കലാകാരന്മാരെ നാട്ടില്‍ നിന്നും വരുത്താറുണ്ട്. ഓണദിവസം റെജിമെന്റിന് അവധിയായിരിക്കും. അന്ന് ഉത്തരേന്ത്യക്കാരായ ഓഫീസര്‍മാരും മുണ്ടും ഷര്‍ട്ടും ഇട്ടുതന്നെയാണ് വരിക. ലേഡീസും മിക്കവാറും കേരള സാരിയില്‍  തന്നെയായിരിക്കും. അങ്ങനെ ഒരു വര്‍ഷത്തെ ഓണാഘോഷം അവസാനം ഒരു ദുരന്തമായി മാറുകയായിരുന്നു. 

ഓണാഘോഷത്തിലെ മത്സരങ്ങളില്‍ ഒന്നായിരുന്നു ഉറിയടി. വളരെ ഉയരത്തില്‍ തൂക്കിയ ഉറി ജവാന്മാര്‍ എല്ലാം ചേര്‍ന്ന് വട്ടമിട്ട് നിൽക്കും. അവരുടെ ചുമലില്‍ കുറച്ചുപേര്‍. പിന്നെ അവരുടെ ചുമലില്‍ മറ്റ് ചിലര്‍. അങ്ങനെ ഏറ്റവും മുകളിലുള്ള ആള്‍ വടികൊണ്ട് ഉറിയെ അടിച്ച് ഇടണം. നാല് ബാറ്ററിയില്‍ നിന്നും ഓരോ ടീം വീതം ഉണ്ടാകും. അന്നത്തെ ആ മത്സരത്തില്‍ ഒരു ടീമിന്റെ ബാലന്‍സ് തെറ്റി എല്ലാവരും കൂട്ടത്തോടെ താഴെ വീണു. അതില്‍ ഏറ്റവും മുകളില്‍ ഉണ്ടായിരുന്ന ലാന്‍സ് നായ്ക്ക് പാണ്ഡ്യ രാജന്‍ എന്ന തമിഴ്‌നാട്ടുകാരന്‍ മുകളില്‍ നിന്നും നേരെ തല അടിച്ചാണ് വീണത്. അദ്ദേഹത്തെ അപ്പോള്‍ തന്നെ മിലിട്ടറി ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. നമ്മുടെ എല്ലാവരുടെയും കണ്‍മുന്നില്‍ വെച്ചുള്ള ഒരു മരണം. 

placeholder
ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം

പിന്നീട് അദ്ദേഹത്തിന്റെ ഭൗതികശരീരം കേടുപാട് വരാതിരിക്കാന്‍ അഹമ്മദാബാദ് മിലിറ്ററി  ഹോസ്പിറ്റലില്‍ വെച്ച് 'എംമ്പാമിംഗ്' ചെയ്ത്, എയര്‍ ഇന്ത്യയുടെ വിമാനം വഴി നാട്ടിലേക്ക് അയപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ സി.ഒ. എന്നെയാണ് നിയോഗിച്ചത്. യൂണിറ്റിന്റെ സുബേദാര്‍ മേജര്‍ കണ്ണൂര്‍ കുറുമാത്തൂര്‍ക്കാരനായ ജനാര്‍ദനന്‍ സാബ് ആയിരുന്നു. ഇങ്ങനെയുള്ള പരിപാടികളൊക്കെ സംഘടിപ്പിക്കേണ്ടത് സുബേദാര്‍ മേജറിന്റെ ഉത്തരവാദിത്വത്തിലാണ്. 32 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കി അദ്ദേഹത്തിന് പെന്‍ഷന്‍ പോകാന്‍ വെറും എട്ട് മാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എല്ലാംകൊണ്ടും നല്ല കഴിവുള്ള, ആത്മാര്‍ത്ഥതയോടുകൂടി ജോലി ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു സുബേദാര്‍ മേജര്‍ ജനാര്‍ദനന്‍. പക്ഷേ ഈ ഒരു സംഭവം അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ എല്ലാ ഗുണമേന്മകള്‍ക്കും ഒരു കളങ്കമായി മാറുകയായിരുന്നു. സര്‍വീസില്‍ നല്ല പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ജെ.സി.ഒ.മാര്‍ക്ക് വിരമിക്കുന്ന സമയത്ത് ഹോണററി ഓഫീസര്‍ റാങ്ക് കൊടുക്കാറുണ്ട്. ഹോണററി ലഫ്റ്റനന്റ്, അല്ലെങ്കില്‍ ഹോണററി ക്യാപ്റ്റന്‍. ഈയൊരു സംഭവം കാരണമായിരിക്കണം അദ്ദേഹത്തിനത് നഷ്ടപ്പെട്ടു. 

ഒരു പ്രാവശ്യം സുധയും മക്കളും ഗ്വാളിയാറില്‍ നിന്നും വന്നപ്പോള്‍ സ്ഥലങ്ങളൊക്കെ ഒന്ന് ചുറ്റിക്കാണിക്കാം എന്ന് വിചാരിച്ചു. വിശാലമായ റണ്‍ ഓഫ് കച്ചിലേക്കാണ് ആദ്യത്തെ ദിവസം പോയത്. അവിടെ നിന്നും 3 മണിക്കൂറില്‍ കൂടുതല്‍ യാത്രയുണ്ടെന്നാണ് എന്റെ ഓര്‍മ. ചെറിയ കുറ്റിച്ചെടികള്‍ നിറഞ്ഞ മരുപ്പച്ചകളാല്‍ കിലോമീറ്ററുകളോളം ഒന്നുമില്ലാത്ത അവസ്ഥ. ഒരുകാലത്ത് അറബിക്കടലിന്റെ ഭാഗമായിരുന്ന ഭൂമി. കാലാനുസൃതമായി ചതുപ്പ് നിലമായി മാറിയ ഉപ്പുമരുഭൂമി. കണ്ണെത്താ ദൂരം വരെ വെളുത്ത ഉപ്പ് രസമുള്ള അനന്തമായ ഭൂമി, അതെവിടെയോ ചെന്ന് വെളുത്ത ആകാശവുമായി ഒത്തുചേരുന്നു. ശാന്തമായ അന്തരീക്ഷം. ചെറുപ്പകാലം മുതലേ മനസ്സില്‍ കൊണ്ടുനടന്ന ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ഈ ഭൂമി കഴിഞ്ഞാല്‍ പ്രപഞ്ചമെന്നും, പ്രപഞ്ചത്തിനപ്പുറം  ശൂന്യത എന്നും പറഞ്ഞ് തന്നിരുന്നു. അങ്ങനെ ഒരു ശൂന്യതയിലാണോ ഇപ്പോള്‍ നില്‍ക്കുന്നത് എന്ന് തോന്നി. 

കരയിലാണ് നില്‍ക്കുന്നതെങ്കിലും അനക്കമില്ലാത്ത വെള്ളക്കടലിന്റെ നടുക്കാണോ എന്ന തോന്നല്‍. കൂട്ടത്തോടെ ഓടി അകലുന്ന, വെള്ള കുതിരകള്‍ എന്ന് തോന്നിപ്പിക്കുന്ന കാട്ടുകഴുതകള്‍. നശിച്ചുകൊണ്ടിരിക്കുന്ന ഒരു വര്‍ഗത്തിന്റെ ആകെയുള്ള വാസസ്ഥലം. നിര്‍ദോഷികളായ അവയും അവിടെ വസിക്കുന്നത് ഭീകരരായ മനുഷ്യരെ ഭയന്നു കൊണ്ട് തന്നെയാണ്. വല്ലപ്പോഴുമുള്ള സന്ദര്‍ശകര്‍ അവരുടെ വണ്ടികളുമായി വലിയ വേഗതയില്‍ കഴുതക്കൂട്ടങ്ങളെ പിന്തുടരും. അവരില്‍ നിന്നും രക്ഷപ്പെടാന്‍ കഴുതക്കൂട്ടങ്ങള്‍ ഏതെങ്കിലും ഒക്കെ കുറ്റിക്കാടുകളില്‍ അഭയം പ്രാപിക്കും. ചെറിയ ചെറിയ ആദിവാസി കുഗ്രാമങ്ങള്‍, ഒരു കാലത്ത് പ്രസിദ്ധമായ കച്ച് എംബ്രോയ്ഡറി മുതല്‍ മണ്‍പാത്രങ്ങള്‍, തുകല്‍ വര്‍ക്ക്, പ്രശസ്തമായ റോഗന്‍ പെയിന്റിംഗ് എന്നിവയുടെ നിര്‍മാണത്തിന് പേരുകേട്ടതായിരുന്നു. റോഗന്‍ പെയിന്റിംഗ് ചെയ്യുന്ന ഒരേയൊരു വിദഗ്ധ കുടുംബമാണ് ഇപ്പോള്‍ അവിടെ അവശേഷിച്ചത് എന്ന് കേട്ടു. അവിടുന്ന് തിരിച്ചുവരുമ്പോള്‍ ഗാന്ധിജിയുടെ ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും ഒക്കെയായിരുന്നു മനസ്സില്‍.

മറ്റൊരു അവസരത്തില്‍ അഹമ്മദാബാദിലും ഗാന്ധിനഗറിലും പോയി. അഹമ്മദാബാദിലെ സബര്‍മതി നദിയുടെ തീരത്തുള്ള ഗാന്ധിജിയുടെ സബര്‍മതി ആശ്രമം മറക്കാന്‍ പറ്റാത്തതാണ്. ഗാന്ധിജി ഉപയോഗിച്ചിരുന്ന ചര്‍ക്ക കാണാനുള്ള ഭാഗ്യം കിട്ടി. അദ്ദേഹത്തിന്റെ ആശ്രമം ചുറ്റിക്കറങ്ങി പുറത്തുള്ള പൂന്തോട്ടത്തില്‍ കുറച്ച് സമയം ചെലവഴിച്ചു. 'മൈ ലൈഫ് ഈസ് മൈ മെസ്സേജ്' എന്ന ഗാന്ധിജിയുടെ സന്ദേശം എഴുതിയ ചുമരിന് മുന്നില്‍ നിന്നുകൊണ്ട് ഫോട്ടോ എടുത്തു. ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ട ആത്മാവാക്യങ്ങളില്‍ ഒന്നായിരുന്നു അത്. രാഷ്ട്രപിതാവിന്റെ സ്വന്തം നാട്ടിലാണ് ഇപ്പോള്‍ ഉള്ളതെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മയുമായി ബന്ധപ്പെട്ട എന്റെ മൂന്നാമത്തെ സന്ദര്‍ശന സ്ഥലമാണിത്. ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പോയിരുന്നു. പിന്നീട് പൂനയില്‍ പോയിരുന്നപ്പോള്‍ ഗാന്ധിജിയും ഭാര്യ കസ്തൂര്‍ബാ ഗാന്ധിയും ജയില്‍വാസം വഹിച്ച അഗാഖാന്‍ പാലസില്‍ പോയിരുന്നു. കസ്തൂര്‍ബാ ഗാന്ധി മരിച്ചത് അവിടെവെച്ചാണത്രെ. ഗാന്ധിജിയുടെ ആശ്രമം വിശദമായി ചുറ്റിക്കറങ്ങിയതിന് ശേഷം ഞങ്ങള്‍ തലസ്ഥാനമായ ഗാന്ധിനഗറിലെ പ്രശസ്തമായ അക്ഷരധം അമ്പലം കാണാന്‍ പോയി. 

placeholder
പ്രതീകാത്മക ചിത്രം. ഫോട്ടോ: പി. അനു | മാതൃഭൂമി
പ്രതീകാത്മക ചിത്രം. ഫോട്ടോ: പി. അനു | മാതൃഭൂമി

കൂട്ടുകാരന്‍ ഹരിയുടെ അനുജത്തി ദീപയും ഭര്‍ത്താവ് രാധാകൃഷ്ണനും അഹമ്മദാബാദിലായിരുന്നു. ഒരു ദിവസം ഔദ്യോഗികമായ ആവശ്യത്തിന് അഹമ്മദാബാദില്‍ പോയപ്പോള്‍ ആര്‍മി ജിപ്സി വണ്ടിയുമായി ഞാന്‍ അവരുടെ വീട്ടില്‍ പോയി. സിവില്‍ ഏരിയയില്‍ താമസിക്കുന്ന അവരുടെ വീട്ടുമുറ്റത്ത് ഒരു ആര്‍മി ജിപ്സി വന്നുനിന്നതും അതില്‍ നിന്നും യൂണിഫോമിട്ട ഒരു ആര്‍മി ഓഫീസര്‍ ഇറങ്ങി വന്നതും ഒക്കെ അവിടുത്തുകാര്‍ക്ക് ഒരു പുതുമയായിരുന്നു. മാത്രമല്ല ഗുജറാത്തികള്‍ക്ക് ആര്‍മിക്കാരോട് നല്ല ബഹുമാനവുമാണ്.

ഞങ്ങളുടെ വിവാഹവാര്‍ഷികം മെയ് മാസത്തിലാണ്. മെയിൽ സ്‌കൂള്‍ അവധിയായതുകൊണ്ട് ആ സമയങ്ങളില്‍ സുധയും മക്കളും അവിടേയ്ക്ക് വരും. പാര്‍ട്ടി കൊടുക്കുന്ന കാര്യത്തിലുള്ള എന്റെ താല്പര്യം ഞാന്‍ മുന്‍പേ പറഞ്ഞിരുന്നല്ലോ. എല്ലാവര്‍ക്കും പുതിയ ഒരു അനുഭവം നല്‍കിക്കൊണ്ട്, ധരംഗധരയ്ക്ക് അടുത്തുള്ള ഫല്‍ക്കു അണക്കെട്ടിലാണ് ഇത്തവണത്തെ വിവാഹവാര്‍ഷിക പാര്‍ട്ടി നടത്തിയത്.

ഒരുതവണ ഞങ്ങള്‍ ധരംഗ്ധരയില്‍ നിന്നും ഗ്വാളിയാറിലേക്ക് പോകുമ്പോള്‍ മറ്റൊരു പുതിയ സ്ഥലംകൂടി കണ്ടിട്ട് പോകാമെന്ന് വിചാരിച്ചു. മുമ്പ് മേവാര്‍ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന രാജസ്ഥാനിലെ ഉദയപൂര്‍. കൃത്രിമ തടാകങ്ങള്‍ക്കും പൂന്തോട്ടങ്ങള്‍ക്കും പുറമേ ആഡംബരമായ രാജകീയ വസതികള്‍ക്ക് പേരുകേട്ട സ്ഥലമായിരുന്നു ഉദയപൂര്‍.

ഓഫീസര്‍ ആയിട്ട് 13 വര്‍ഷം തികഞ്ഞു. വകുപ്പ് തല പരീക്ഷകള്‍ ഒക്കെ പാസായി, വേറെ പ്രതിബന്ധങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഇനി മേജറില്‍ നിന്നും ലെഫ്റ്റനന്റ് കേണല്‍ റാങ്കിലേക്കുള്ള പ്രമോഷന്‍ ആകും. വലതുകൈക്ക് പ്രവര്‍ത്തനം ഇല്ലാത്തതുകൊണ്ടും ഇടതുകൈകൊണ്ട് എഴുതുമ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ എഴുതിത്തീര്‍ക്കാന്‍ പറ്റില്ല എന്നതുകൊണ്ടും 'സ്‌ക്രൈബ്' അഥവാ സഹായത്തിന് ഒരു എഴുത്തുകാരനെ കൂട്ടിയിട്ടാണ് ഞാന്‍ പരീക്ഷ എഴുതിയിരുന്നത്. അത് ഏതെങ്കിലും ഒരു ജവാന്‍ ആയിരിക്കും. അതുകൊണ്ടുതന്നെ ഒന്നാമത്തെ പ്രാവശ്യം ഞാന്‍ ചെറിയ മാര്‍ക്കിന് തോറ്റുപോയിരുന്നു. 

പിന്നീട് സ്‌ക്രൈബിനെക്കൊണ്ട്, പറഞ്ഞുകൊടുത്ത് എങ്ങനെ എഴുതിക്കണമെന്ന് ഒരു ഐഡിയ എനിക്ക് കിട്ടി. പ്രമോഷന്‍ വെക്കുന്നത് യൂണിറ്റിന്റെ സി.ഒ. ആണ്. ആ സമയത്ത് റിയര്‍ പാര്‍ട്ടിയുടെ ചുമതല എനിക്ക് തന്നുകൊണ്ട് യൂണിറ്റ് എല്ലാം ക്യാമ്പില്‍ പോയിരുന്നു. അതിനാല്‍ സി.ഒ.യുടെ അനുവാദം വാങ്ങി ഞാന്‍ തനിയെ തന്നെ എന്നെ പ്രമോട്ട് ചെയ്തു. തിളങ്ങുന്ന അശോകസ്തംഭത്തിന് പിറകെ മറ്റൊരു നക്ഷത്രം കൂടി വന്നു. വലിയ ഒരു മാറ്റമാണ് വന്നിരിക്കുന്നത്. അഭിസംബോധന ചെയ്യുമ്പോള്‍ ഇനി കേണല്‍ എന്നേ വിളിക്കൂ.

രസകരം എന്ന് തോന്നിയ, എന്നാല്‍, തീരെ രസമല്ലാത്ത ഒരു കഥ കൂടി പറഞ്ഞ് കല്ലുകളുടെ നാട്ടിലെ കഥ അവസാനിപ്പിക്കാം. ഞാന്‍ അവിടെയുള്ള സമയത്താണ് നമ്മുടെ റെജിമെന്റിന് പുതിയ ഓഫീസര്‍ മെസ്സ് കെട്ടിടം പണിതത്. പണി നടക്കുമ്പോള്‍ തന്നെ അതിന്റെ ഗുണമേന്മ ശ്രദ്ധിക്കേണ്ടതും പിന്നീട് കെട്ടിടം ഏറ്റെടുക്കേണ്ടതുമൊക്കെ എന്റെ ചുമതലയാണ്. അതുകൂടാതെ എന്റെ കലയോടുള്ള താല്പര്യം കണ്ടുകൊണ്ട്, മെസ്സിന്റെ ചുറ്റുപാടുകള്‍ അലങ്കരിക്കാനുള്ള ചുമതല കൂടി എനിക്ക് സി.ഒ. തന്നു. കണ്ണൂര്‍ക്കാരനായ ഹവില്‍ദാര്‍ ലജീഷ് നല്ലൊരു കലാകാരനായിരുന്നു. ലജീഷ് ഒരു വാസ്തുശില്പി മാത്രമായിരുന്നില്ല അവന്‍ ഒരു വെല്‍ഡര്‍ കൂടിയായിരുന്നു. 

കൃത്രിമ കുമില്‍, ശംഖ്, വാട്ടര്‍ കര്‍ട്ടന്‍, ലൈറ്റുകളോട് കൂടിയ ഡാന്‍സ് സ്റ്റേജ് എന്നിവയൊക്കെ ലജീഷ് അവിടെയുണ്ടാക്കി. ആ വര്‍ഷത്തെ റേസിംഗ് ഡേയുടെ ഭാഗമായി മെസ്സ് പാര്‍ട്ടിക്കായി മെസ്സ് അലങ്കരിക്കുകയായിരുന്നു. ചുറ്റിലും ചിത്രങ്ങള്‍ വരപ്പിക്കാനായി എനിക്ക് കുറച്ച് വെളുത്ത തുണിയുടെ ആവശ്യമുണ്ടായിരുന്നു. എന്റെ ഇഷ്ടത്തിനുള്ള തുണി വാങ്ങാന്‍ വേണ്ടി ഞാന്‍ തന്നെ എന്റെ ഡ്രൈവറെയും കൂട്ടി മാര്‍ക്കറ്റില്‍ പോയി. വില കുറഞ്ഞ തരത്തില്‍പ്പെട്ട തുണികള്‍ക്കായി റോഡരികിലുള്ള ചെറിയ കച്ചവടക്കാരുടെ കടയില്‍ കയറി തുണി നോക്കുകയായിരുന്നു. ഏതോ ഒരു തുണിയില്‍ തമിഴ് അക്ഷരം എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതെടുത്തു നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. തമിഴ്നാട്ടില്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിത പാവങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ കൊടുത്തിരുന്ന മുണ്ടുകളും സാരികളും. ഒരു മുണ്ടിന് വെറും 30 രൂപ വീതം നല്‍കിയാണ് ഞാന്‍ അന്ന് കുറച്ച് മുണ്ടുകള്‍ മെസ്സിലെ അലങ്കാര ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്നത്. തമിഴ്നാട്ടില്‍ നിന്നും വന്ന ഒരു മുണ്ട് ഗുജറാത്തില്‍ മുപ്പത് രൂപയ്ക്ക് വില്‍ക്കാന്‍ പറ്റുമെങ്കില്‍ ഈ അഴിമതിയെ എന്ത് പേരിട്ട് വിളിക്കണം എന്ന് ഞാന്‍ ആലോചിച്ചു. തമിഴ്നാട്ടുകാരനായ എന്റെ ഡ്രൈവര്‍  ലജ്ജിച്ച് തല താഴ്ത്തി.

പ്രതീക്ഷിച്ചതുപോലെ തന്നെ പുതിയ പോസ്റ്റിങ് വന്നു. ഇന്‍ഫന്ററിയുടെ ഒരു വിഭാഗമായ കുമയൂണ്‍ റെജിമെന്റിന്റെ ട്രെയിനിങ്ങ് സെന്റര്‍. ഉത്തരാഖണ്ഡിലെ റാണിക്കേത്ത്. രണ്ടാമത്തെ സെന്റര്‍ പോസ്റ്റിങ്ങ് ആണ്. യൂണിറ്റുകളെ അപേക്ഷിച്ച് സെന്റര്‍ എല്ലാംകൊണ്ടും നല്ല പോസ്റ്റിങ് ആണ്. കഴിഞ്ഞ റേസിങ് ഡേ ദിവസം അടുത്തുള്ള മിലിറ്ററി ഹോസ്പിറ്റലില്‍ പോയി രക്തദാനംചെയ്ത് വന്നപ്പോള്‍ ഞങ്ങള്‍ ഓഫീസര്‍മാര്‍ക്ക് സി.ഒ. ഒരു സമ്മാനം തന്നിരുന്നു. ഞാന്‍ നേരത്തെ സൂചിപ്പിച്ച കച്ചിലെ ഒരു പ്രാദേശികമായി ലഭിക്കുന്ന കളിമണ്ണില്‍ മറ്റ് പലതും ചേര്‍ത്തുണ്ടാക്കുന്ന പരമ്പരാഗത മഡ്ഡ് പെയിന്റിങ്. 

ഗുജറാത്തിന്റെ ഓര്‍മ നിലനിര്‍ത്താനായി, ഭദ്രമായി പാക്ക് ചെയ്ത മഡ്ഡ് പെയിന്റിങ്ങുമായി അടുത്ത ചുമതലയിലേക്കുള്ള പുറപ്പാടായി. കുറെ പണികൾ ചെയ്തുതീര്‍ക്കാനുണ്ട്. ആദ്യം ഗ്വാളിയറില്‍ പോകണം അവിടെനിന്ന് സാധനങ്ങളെല്ലാം പാക്ക് ചെയ്ത് ട്രക്കില്‍ കയറ്റിവേണം റാണിക്കേത്തിലേക്ക് പോകാന്‍. സര്‍വീസ് കൂടുന്നതിന് അനുസരിച്ച് കൈയിലെ സാധനങ്ങളും കൂടാന്‍ തുടങ്ങി. ഇനി കാര്‍, സാധനങ്ങള്‍ കയറ്റുന്ന ട്രക്കില്‍ വരില്ല. അതുകൊണ്ടുതന്നെ കാര്‍ ഓടിച്ച് കൊണ്ടുപോകണം. കാര്‍ ഇത്രയും ദൂരം ഓടിച്ച് പോയിട്ടില്ല. കൂടാതെ റാണിക്കേത്ത്, പഞ്ചമടി പോലെ തന്നെ ഒരു ഹില്‍സ്റ്റേഷന്‍ കൂടിയാണ്. അതുകൊണ്ടുതന്നെ സഹായത്തിന് സി.ഒ. ഒരു ഡ്രൈവറെ തന്നു. ഇതിനിടെ ശ്രീരാഗിന് ഒരു ബര്‍ത്ത് ഡേ ഗിഫ്റ്റ് ആയിട്ട് ഞാന്‍ ഒരു അപ്പാച്ചി മോട്ടോര്‍സൈക്കിള്‍ വാങ്ങിയിട്ട് ബര്‍ത്ത് ഡേ ദിവസം തന്നെ ഗ്വാളിയറില്‍ ഡെലിവറി ചെയ്യിച്ചിരുന്നു. ഇന്നിപ്പോള്‍ ശ്രീരാഗിന് തമിഴ്നാട്ടില്‍ തിരുച്ചിരപ്പള്ളിയില്‍ എന്‍ജിനീയറിങ്ങിന് അഡ്മിഷന്‍ കിട്ടിയിരിക്കുന്നു. ശ്രീരാഗും അവന്റെ മോട്ടോര്‍സൈക്കിളും നാട്ടിലേക്കും ഞങ്ങളെല്ലാവരും കൂടി റാണിക്കേത്തിലേക്കും തിരിച്ചു.

(തുടരും.....)