ബെംഗളൂരു കെമ്പഗൗഡ എയര്‍പോര്‍ട്ടില്‍ ഞങ്ങളെ സ്വീകരിക്കാന്‍ എം.ഇ.ജി. ആന്‍ഡ് സെന്ററിലെ ഒരു ഓഫീസറും രണ്ട് ജവാന്‍മാരും വന്നിരുന്നു. ഞങ്ങള്‍ എത്തുന്നതിനു മുമ്പ് തന്നെ ഞങ്ങളുടെ പുതിയ ഹ്യുണ്ടായ് വെര്‍ന കാര്‍ ഞങ്ങളെ കാത്ത് ഓഫീസര്‍ മെസ്സിലെ ഷെഡ്ഡില്‍ കിടപ്പുണ്ടായിരുന്നു. സുധയുടെ ഇളയമ്മയുടെ മകള്‍ മിനിയുടെ ഭര്‍ത്താവ് എം.ഇ.ജിയില്‍ സുബേദാര്‍ ആയിരുന്നു. അദ്ദേഹം ആ സമയത്ത് ബെംഗളൂരു സെന്ററില്‍ പോസ്റ്റിങ്ങായിരുന്നു. അദ്ദേഹവും ഇപ്പോള്‍ എം.ഇ.ജി ആന്‍ഡ് സെന്ററില്‍ ഉള്ള ക്വാര്‍ട്ടര്‍ മാസ്റ്ററും ചേര്‍ന്ന് എല്ലാ സഹായവും ചെയ്തിട്ടുണ്ടായിരുന്നു. എം.ഇ.ജി. ആന്‍ഡ് സെന്റര്‍ വലിയ ട്രെയിനിങ് സെന്ററുകളില്‍ ഒന്നാണ്. രണ്ട് ട്രെയിനിങ് ബറ്റാലിയനുകള്‍ ഉള്‍പ്പെടെ മൂന്ന് ബറ്റാലിയനുകള്‍ ഉണ്ട്. മൂന്ന് ബറ്റാലിയനും ഓരോ ക്വാര്‍ട്ടര്‍  മാസ്റ്റര്‍ അവകാശപ്പെട്ടതാണെങ്കിലും ഇപ്പോള്‍ അവിടെ ഒരാള്‍ മാത്രമേ ഉള്ളൂ. ഒരു പരീക്ഷണം എന്ന നിലയില്‍ സെന്റര്‍ കമാന്‍ഡന്റ് എനിക്ക് രണ്ട് ബറ്റാലിയന്റെയും ചുമതല തന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് അത് ഒന്നിലേക്ക് തന്നെ ചുരുക്കി.

To advertise here,

ഇന്ത്യന്‍ ആര്‍മിയില്‍ മൂന്ന് എന്‍ജിനീയറിങ് ഗ്രൂപ്പുകള്‍ ആണുള്ളത്. മദ്രാസ് എന്‍ജിനീയറിങ്  ഗ്രൂപ്പ്, ബോംബെ എന്‍ജിനീയറിങ് ഗ്രൂപ്പ്, പിന്നെ ബംഗാള്‍ എന്‍ജിനീയറിങ് ഗ്രൂപ്പ്. അതില്‍ ഏറ്റവും പഴയതാണ് മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പ്. 1780-ല്‍ മദ്രാസ് പയനിയേഴ്‌സ് എന്ന പേരില്‍ രൂപംകൊണ്ട് പിന്നീട് പല പേര് മാറ്റങ്ങളും വന്ന് 1950 മുതലാണ് മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 1865-ലാണ് ഇന്നത്തെ ആസ്ഥാനമായ ബെംഗളൂരുവിലേയ്ക്ക് വന്നത്. യുദ്ധമുഖങ്ങളില്‍ പാലങ്ങളും താല്‍ക്കാലിക റോഡുകളും, ഹെലിപാഡുകളും നിര്‍മിക്കുക, വെള്ളത്തിലൂടെ പോകാനുള്ള മാര്‍ഗങ്ങള്‍ സൃഷ്ടിക്കുക, ശത്രുസൈന്യം വരാതിരിക്കാനുള്ള മൈന്‍ ഫീല്‍ഡുകള്‍ സൃഷ്ടിക്കുക, അതുപോലെ അവരുടെ മൈന്‍ ഫീല്‍ഡുകള്‍ നിര്‍ജീവമാക്കുക, യുദ്ധഭൂമികളിൽ ശുദ്ധജലമെത്തിക്കുക തുടങ്ങിയ എല്ലാ പ്രവൃത്തികളും ചെയ്യുന്നത് എന്‍ജിനീയറിങ് ഗ്രൂപ്പുകളാണ്.

മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പിനെ മദ്രാസ് സാപ്പേഴ്‌സ് എന്നാണ് വിളിക്കാറ്. ഇതിലെ ഓരോ വ്യക്തിയും 'തമ്പി' മാരാണ്. ഇനിയങ്ങോട്ട് ഞാനും തമ്പികളില്‍ ഒരാള്‍. മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പിന് എക്കാലവും പരിപാലിച്ചു പോരുന്ന ഒരു പാരമ്പര്യമുണ്ട്. എം.ഇ.ജി.യിലെ ജവാന്മാരുടെ ഡിസിപ്ലിന്‍ ഇന്ത്യന്‍ ആര്‍മി മുഴുവന്‍ പ്രശംസനീയമാണ്. റിപ്പബ്ലിക് ഡേ പരേഡിനും ആര്‍മി ഡേ പരേഡിനും ഇതുവരെയായി 10 തവണ പോയ എം.ഇ.ജി.യുടെ ഒരു മാര്‍ച്ചിങ് സംഘം പോലും മാര്‍ച്ചിങ്ങിൽ ഒന്നാം സ്ഥാനം അല്ലെങ്കില്‍ കുറഞ്ഞത് രണ്ടാം സ്ഥാനമെങ്കിലും വാങ്ങാതെ ഇതുവരെ തിരിച്ചുവന്നിട്ടില്ല. കായികരംഗത്ത് രാജ്യത്തിന് നല്‍കിയ സംഭാവനകളുടെ കണക്കെടുക്കുകയാണെങ്കില്‍ അത് പെട്ടെന്ന് എഴുതിത്തീര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല. ഒരു പത്മശ്രീയും അഞ്ച് ദ്രോണാചാര്യ അവാര്‍ഡുകളും 10 അര്‍ജുന അവാര്‍ഡുകളും നേടിയിട്ടുണ്ട്. 

ഇതുവരെയായി 13 പേര്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്. അതിലൊന്ന് എന്റെ കോഴ്‌സ്‌മേറ്റ് ആയിരുന്ന സുബ്രഹ്‌മണ്യം തന്നെയാണ്. സുബേദാര്‍ മേജര്‍ വി.ജെ. പീറ്റര്‍,1964-ല്‍ സ്വര്‍ണവും 1968-ല്‍ വെങ്കലവും നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗമായിരുന്നു. ഒളിമ്പ്യന്‍ ക്യാപ്റ്റന്‍  ടിര്‍ക്കിയെ അവിടെ വെച്ച് പരിചയപ്പെട്ടു. അന്ന് അദ്ദേഹം സുബേദാറായിരുന്നു. പിന്നീടാണ് അദ്ദേഹം കമ്മീഷന്‍ എടുത്ത് ഓഫീസറായത്. ഫിസിയോതെറാപ്പി റൂമില്‍ ഫിസിയോതെറാപ്പി ചെയ്യാന്‍ പോയപ്പോഴാണ് തമിഴ്‌നാട്ടുകാരനായ സാപ്പര്‍ അനന്തനെ പരിചയപ്പെടുന്നത്. അനന്തന്‍ അന്ന് മൈന്‍ പൊട്ടിത്തെറിച്ച് ഒരു കാല് നഷ്ടപ്പെട്ട് ചികിത്സ ഒക്കെ കഴിഞ്ഞ് സെന്ററില്‍ വന്നതേയുള്ളൂ. കാലില്‍ 'ബ്ലേഡ്' വെച്ച് 'ബ്ലേഡ് റണ്ണര്‍' ആയിട്ട് അത്ലറ്റിക്‌സിൽ പങ്കെടുക്കാനാണ് പ്ലാന്‍ എന്ന് എന്നോട് അന്ന് പറഞ്ഞു. അതുപോലെതന്നെ അദ്ദേഹം പ്ലാന്‍ ചെയ്തതൊക്കെ നേടിയെടുത്തു. പിന്നീട് അറിയാന്‍ കഴിഞ്ഞത് അനന്തന്‍ വേള്‍ഡ് മിലിറ്ററി ഗെയിമില്‍ മൂന്ന് ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു എന്നും, 400 മീറ്റര്‍ ഓട്ടത്തില്‍ രണ്ടുതവണ ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയ ആദ്യത്തെ ഇന്ത്യന്‍ ബ്ലേഡ് റണ്ണറായിരുന്നു എന്നുമാണ്. അതുകൊണ്ടുതന്നെ അനന്തന്‍ സുബേദാര്‍ റാങ്കിലേക്ക് ഉയര്‍ത്തപ്പെട്ടു.  

സുബേദാര്‍ അനുജ് കുമാറും സാപ്പര്‍ നായിഡുവും അടുത്ത കാലത്താണ് മിസ്റ്റര്‍ ഏഷ്യ, മിസ്റ്റര്‍ വേള്‍ഡ് എന്നീ ടൈറ്റിലുകള്‍ നേടിയത്. ഇപ്പോള്‍ റെജിമെന്റല്‍ സെന്ററുകളില്‍ ബോയ്‌സ് സ്‌പോര്‍ട്‌സ് കമ്പനികള്‍ ഉണ്ട്. 8നും 15നും വയസ്സിനിടയില്‍ പ്രായമുള്ള സ്‌പോര്‍ട്‌സില്‍ അഭിരുചിയും കായികക്ഷമതയുമുള്ള കുട്ടികളെ കണ്ടെത്തി അവരെ സെന്ററില്‍ തന്നെ താമസിപ്പിച്ച് പഠിപ്പിച്ച്, വേണ്ട കോച്ചിങ്ങും നല്ല രീതിയിലുള്ള ഭക്ഷണവും നല്‍കി, 17 വയസ്സ് കഴിഞ്ഞാല്‍ അവരെ ആര്‍മിൽ ചേര്‍ക്കുകയും കൂടുതല്‍ പരിശീലനത്തിനായി പുണെനെയിലുള്ള ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ചെയ്യുന്നു. ബോക്‌സിങ്, ഹോക്കി, സെയിലിങ്, സ്വിമ്മിങ്  തുടങ്ങിയ കായിക മത്സരങ്ങളിലേക്ക് വേണ്ട കുട്ടികളെയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. നാളത്തെ ഒളിമ്പിക്‌സ് മെഡലുകള്‍ ഇവരുടെ കൈയിലാണ്.

തൃഷ്ണ എന്ന ഹാച്ച് വള്ളത്തില്‍ 16 മാസത്തോളം സമുദ്ര പ്രദക്ഷിണം നടത്തിയ ഇന്ത്യന്‍ ആര്‍മിയുടെ എന്‍ജിനീയറിങ് ടീമിനെ നയിച്ചത് എം.ഇ.ജി.യുടെ മേജര്‍ (പിന്നീട് ലെഫ്റ്റ്‌നന്റ് ജനറല്‍) കെ.എസ്. റാവു ആണ്. ബെംഗളൂരു പോലുള്ള സിറ്റികളില്‍ മാരീഡ് അക്കമഡേഷന്‍ കിട്ടാന്‍ അത്ര എളുപ്പമല്ല. പോയ ഉടനെ താല്‍ക്കാലികമായി ഒരു ക്യാപ്റ്റന്‍ അക്കമഡേഷന്‍ കിട്ടിയിരുന്നു. പിന്നീട് ഒഴിവ് വന്നപ്പോള്‍ അവകാശപ്പെട്ട ക്വാര്‍ട്ടര്‍ തന്നെ കിട്ടി. അതിനുമുമ്പ് അവിടെ ഒരു ലേഡി ഓഫീസറും അമ്മയും മാത്രമായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ അതിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഞാന്‍ എന്റെ അഭിരുചിക്ക് അനുസരിച്ച് വീടിന്റെ രൂപം തന്നെ മാറ്റിയെടുത്തു. 

ബെംഗളൂരുവിലെ എന്റെ ഹെല്‍പ്പര്‍ ആയിരുന്ന കര്‍ണാടകക്കാരന്‍ സാപ്പര്‍ പാട്ടീല്‍ വളരെ സമര്‍ഥനായിരുന്നു. ഞാന്‍ ഉദ്ദേശിക്കുന്ന ഏത് കാര്യവും 100% ഭംഗിയാക്കിത്തരും. അവന്‍ ലാല്‍ബാഗ് പൂന്തോട്ടത്തില്‍ പോയി 'ബഫല്ലോ ഗ്രാസ്' എന്ന് പറയുന്ന പുല്ല് വാങ്ങിക്കൊണ്ടുവന്ന് വീടിന്റെ മുന്‍വശത്തെ  പൂന്തോട്ടം മുഴുവന്‍ വെച്ചുപിടിപ്പിച്ച് വെള്ളമൊഴിച്ച് പരിപാലിച്ചു. പിന്നീട് വിരമിച്ചതിനുശേഷം പലപ്പോഴും ബെംഗളൂരുവിൽ പോകേണ്ടി വന്നപ്പോള്‍ എം.ഇ.ജി. ഓഫീസര്‍ മെസ്സിന്റെ ഗസ്റ്റ് റൂമിലാണ് താമസിച്ചിരുന്നത്. അപ്പോഴൊക്കെ തന്നെ അതിനോടുചേര്‍ന്ന പ്രോമീനഡെ റോഡ് വഴി നടന്ന് തോമസ് ബേക്കറി ഭാഗത്തേക്ക് പോകുമ്പോള്‍ ഞാനെന്റെ പഴയ വീടും പരിസരവും കണ്ട് സംതൃപ്തനാകുമായിരുന്നു. പകുതി ഉണങ്ങിയിട്ടുണ്ടെങ്കിലും ഞാന്‍ വെച്ച് പിടിപ്പിച്ച പുല്ല് ഇപ്പോഴും അവിടെയുണ്ട്.

ഓരോ റെജിമെന്റിനും അവരുടേതായ ആചാര പാരമ്പര്യങ്ങള്‍ ഉണ്ട്. ആ റെജിമെന്റിന്റെ യൂണിഫോം ധരിക്കുന്നവര്‍ അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. എനിക്കാണെങ്കില്‍ എല്ലാ പാരമ്പര്യത്തിന്റെ ഭാഗമാകാനും അവരുടെ ആചാരങ്ങള്‍ മനസ്സിലാക്കാനും സാധിച്ചു. ഇന്ത്യന്‍ മിലിറ്ററി അക്കാഡമിയില്‍ നിന്നും പുതുതായി കമ്മീഷന്‍ എടുത്ത് മദ്രാസ് സാപ്പേഴ്​സിന്റെ ഭാഗമായി വരുന്ന ചെറുപ്പക്കാരായ ഓഫീസര്‍മാരെ മെസ്സില്‍ ഡൈനിങ് ഇന്‍ ചെയ്യുന്ന ഒരു ചടങ്ങുണ്ട്. പാവം തോന്നും. എന്നെപ്പോലെ മദ്യം ഉപയോഗിക്കാത്ത പയ്യന്മാരാണെങ്കില്‍ കാര്യം കഷ്ടം തന്നെ. സീനിയര്‍മാര്‍ നല്ലവണ്ണം കുടിപ്പിക്കും. ഒന്നും അറിയാത്ത അവര്‍ക്ക് അതിനെ എതിര്‍ക്കാന്‍ പറ്റില്ല. 1885-ല്‍ ബര്‍മ്മയില്‍ നിന്നും കൊണ്ടുവന്ന 60 കിലോയ്ക്ക് മുകളിൽ തൂക്കമുള്ള ഒരു മണി അവിടെ ഉണ്ട്. 'യങ്ങ് ഓഫീസേഴ്‌സ് ബെല്‍' എന്നാണ് അതിനെ വിളിക്കാറ്. 

അത് വെച്ചിരിക്കുന്ന ചെറിയ ടേബിളില്‍ നിന്നും അതിനെ ഉയര്‍ത്തി വീണ്ടും അവിടെത്തന്നെ വെക്കണം. അത് സാധിക്കാതെ വരുമ്പോള്‍ അവിടെ സ്റ്റഫ് ചെയ്തുവെച്ച കരടിയുടെ രൂപത്തിന് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ച് 'എനിക്ക് അതിനുവേണ്ട ശക്തി തരണമേ' എന്ന് പ്രാര്‍ഥിക്കണം. അത് കഴിഞ്ഞതിനുശേഷം സെന്‍ട്രല്‍ കമാന്‍ണ്ടന്റ് 'സാപ്പേള്‍സ് പഞ്ച്' എന്ന അവസാനത്തെ പെഗ്ഗ് നല്‍കും. അവസാനം 5 വിരലുകള്‍ക്കിടയിലും ഓരോ മുഴുനീളന്‍ മുളകിന്റെ പക്കുവട വെച്ചിട്ട് അത് ഓരോന്നായി കഴിക്കണം. ഇതൊക്കെ ഒരുതരം റാഗിങ്ങാണ്. മുമ്പൊക്കെ അതുകഴിഞ്ഞ് മെസ്സിലെ സിമ്മിംഗ് പൂളില്‍ കുളിപ്പിക്കാറും ഉണ്ട് എന്ന് കേട്ടിരുന്നു. പൈപ്പ് ബാന്റിന്റെ അകമ്പടിയോടുകൂടി '6 ബി' എന്ന പ്രത്യേകതരം യൂണിഫോം ധരിച്ച് 'ഡിന്നര്‍ നൈറ്റ്' എന്ന ഔപചാരികമായ ചടങ്ങിലൂടെ മഹത്തായ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പിലെ 'തമ്പി' ആയി മാറുകയാണല്ലോ എന്ന ചിന്ത എല്ലാ വേദനകളെയും അതിജീവിക്കും.

ഗാർബേജ് സിറ്റിയെ ഗാർഡൺ സിറ്റിയാക്കാൻ

ബെംഗളൂരുവിന്റെ മുഖം ആകെ മാറിയിരിക്കുന്നു. ഞാന്‍ 15 വര്‍ഷം മുമ്പ് കണ്ട ബെംഗളൂരു അല്ല ഇപ്പോള്‍. ഗാര്‍ഡന്‍ സിറ്റി, പൂന്തോട്ടങ്ങളുടെ നഗരം, ഇന്ന് ആ പേര് മാറ്റി ജനങ്ങള്‍ അതിനെ 'ഗാര്‍ബേജ്' സിറ്റി എന്ന് വിളിക്കാന്‍ തുടങ്ങി. അത്രയും മാലിന്യങ്ങളാണ് അവിടെ ദിനംപ്രതി കുന്നുകൂടുന്നത്. മാലിന്യം തള്ളുന്ന ഇടങ്ങളിലെ ജനങ്ങള്‍ക്ക് പലതരത്തിലുള്ള അസുഖങ്ങളും മറ്റ് വിഷമങ്ങളും വരാന്‍ തുടങ്ങിയപ്പോള്‍ അവിടെയുള്ളവര്‍ അതിന് സമ്മതിക്കാതെയായി. മാലിന്യം അതിന്റെ ഉത്ഭവ സ്ഥലത്ത് തന്നെ സംസ്കരിക്കണം എന്നൊരു ഉത്തരവ് വന്നു. ഇത് ബെംഗളൂരു സിറ്റിയെ പോലെ തന്നെ ആര്‍മിക്കുള്ളിലും വലിയൊരു പ്രശ്‌നമായി. കൂടാതെ പ്രധാനമന്ത്രി നടപ്പാക്കിയ 'സ്വച്ച് ഭാരത് അഭിയാന്‍' ന്റെ ഭാഗമായി ഭാരതം മുഴുവന്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സമയമായിരുന്നു. ബെംഗളൂരുവിൽ ആര്‍മിയുടെ വേറെയും റെജിമെന്റല്‍ സെന്ററുകളും റെജിമെന്റുകളും ഉണ്ട്. ഇവിടുത്തെ മാലിന്യങ്ങളൊക്കെ വെളിയിലായിരുന്നു പോയിക്കൊണ്ടിരുന്നത്. പ്രശ്‌നപരിഹാരത്തിനായി പലരും പല വഴിയും നോക്കിയപ്പോള്‍ എം.ഇ.ജി സെന്ററിനുള്ളിലെ ആ ജോലി ഞാന്‍ ഏറ്റെടുത്തു.  

മൂവായിരത്തോളം വരുന്ന ജവാന്മാര്‍, 500-ന് അടുത്ത് ഫാമിലി ക്വാർട്ടേഴ്​സ്. ഇവിടെ നിന്നും വരുന്ന മാലിന്യം ഉല്‍ഭവസ്ഥലത്ത് തന്നെ സംസ്‌കരിക്കാനുള്ള പദ്ധതി ഏര്‍പ്പാടാക്കി. മാലിന്യം മൂന്ന് ഭാഗങ്ങളായി തിരിച്ചു. ഖരമാലിന്യം, ജൈവമാലിന്യം കൂടാതെ ബാത്‌റൂം മാലിന്യങ്ങള്‍. കുക്ക് ഹൗസില്‍ ബാക്കിവരുന്ന ഭക്ഷണങ്ങള്‍ പുറത്തുള്ള ഒരു ഡയറി ഫാമുകാര്‍ കൊണ്ടുപോകും. ഫാമിലി കോര്‍ട്ടറുകളിലും മറ്റു ഉത്പാദിപ്പിക്കുന്ന ജൈവമാലിന്യങ്ങള്‍ ശേഖരിച്ചുകൊണ്ടുവന്ന്, ക്യാമ്പിനുള്ളില്‍ വീഴുന്ന ഉണങ്ങിയ ഇലകള്‍ മെഷീന്‍ ഉപയോഗിച്ച് പൊടിച്ച് ഇതിന്റെ കൂടെ ചേര്‍ത്ത് പ്രത്യേക അറകളിലാക്കി അതിനെ ജൈവവളമാക്കി മാറ്റി. ആ വളം അവിടെത്തന്നെ ഉപയോഗിക്കും. ഖരമാലിന്യം  ശേഖരിച്ച് അതിനെ പ്ലാസ്റ്റിക്, പേപ്പര്‍, ഇരുമ്പ്, കാര്‍ഡ് ബോര്‍ഡുകള്‍ തുടങ്ങി വേര്‍തിരിച്ച് വെക്കും. ഏറ്റവും പ്രധാനം പാല്‍ പാക്കറ്റുകള്‍ ആണ്. ഒരു ദിവസം 1000 ലിറ്ററോളം പാല്‍ വരും. അത് അര ലിറ്ററിന്റെ പാക്കറ്റ് ആകുമ്പോള്‍ 2000 പാല്‍ പാക്കറ്റുകള്‍ ഉണ്ടാകും. ഇതിനു മുമ്പ് ഈ പാക്കറ്റുകളൊക്കെ വെളിയില്‍ പലയിടങ്ങളിലായി ഉപേക്ഷിക്കുമായിരുന്നു. 

ഞാനൊരു പുതിയ ഉത്തരവ് കൊണ്ടുവന്നു. തലേന്നത്തെ പാലിന്റെ പാക്കറ്റുകള്‍ നമ്മുടെ സ്റ്റോറില്‍ തിരിച്ചുനല്‍കിയാല്‍ മാത്രമേ അന്നത്തെ  പാല്‍ കൊടുക്കുകയുള്ളൂ. അങ്ങനെ കുറഞ്ഞപക്ഷം ഒരു 90% ത്തോളം ഉപയോഗിച്ച പാല്‍ പാക്കറ്റുകള്‍ തിരിച്ചുവരാന്‍ തുടങ്ങി. അത് വൃത്തിയാക്കി ഉണക്കിവെക്കും. ഓഫീസുകളില്‍ ഉപയോഗിക്കുമ്പോള്‍ പാഴാകുന്ന പേപ്പറുകള്‍ മെഷീനിലൂടെ പൊടിച്ചെടുത്ത് വേറെ സൂക്ഷിക്കും. എല്ലാം കൂടി ആകുമ്പോള്‍ ആഴ്ചയില്‍ ഒരു പ്രാവശ്യം വെളിയില്‍ നിന്നും ആക്രിക്കച്ചവടക്കാര്‍ വന്ന് ഇത് ശേഖരിച്ചുകൊണ്ടുപോകും. അതില്‍നിന്നും നല്ലൊരു വരുമാനവും കിട്ടും. പിന്നെ ഫാമിലി ക്വാർട്ടറുകളില്‍ നിന്നും ശേഖരിക്കുന്ന പാഡുകള്‍, സാനിറ്ററി നാപ്കിന്‍ അടങ്ങുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ മഞ്ഞക്കളറിലുള്ള ബാഗുകളില്‍ പ്രത്യേകമായി സൂക്ഷിക്കും. ബെംഗളൂരുവിൽ  ഉള്ള ഐ.ടി.സി. കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ അവരുടെ വണ്ടി വന്ന് ദിവസവും ഇത് ശേഖരിച്ചു കൊണ്ടുപോയി അത് ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കും. അതിനായി ദിവസം 100 രൂപ വെച്ച് അവര്‍ക്ക് കൊടുക്കണം. അങ്ങനെ 3000 രൂപ അവര്‍ക്ക് മാസം കൊടുക്കുന്നുണ്ടെങ്കിലും പാല്‍ പാക്കറ്റും മറ്റു ഖരമാലിന്യങ്ങളും  വില്‍ക്കുന്ന വകയില്‍ എനിക്ക് മാസം 5000 രൂപയോളം കിട്ടും. ഇതില്‍ നിന്നും കിട്ടുന്ന പണം ഉപയോഗിച്ച് ജെ.സി.ഒ. മെസ്സില്‍ ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു.

സെന്ററില്‍ നിന്നും ഓഫീസര്‍ മെസ്സിലേക്ക് പോകാനുള്ള വഴി പൊതുറോഡിലൂടെയാണ്. അവിടെ ആര്‍മിയുടെ ചെറിയൊരു സ്ഥലമുണ്ടായിരുന്നു. പൊതുജനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും തള്ളി അത് അവരുടെ മാലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരുന്നു. ഞാന്‍ ജവാന്മാരെയും തൂപ്പുകാരേയുംകൊണ്ട് ആ സ്ഥലം വൃത്തിയാക്കിച്ചു. ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ ഉപയോഗിച്ച് അവിടെ കലാപരമായ ഒരു രൂപം നിര്‍മിച്ചു. രണ്ട് ദിവസം കൊണ്ട് വന്ന മാറ്റം അതുവഴി പോകുന്നവരെ അത്ഭുതപ്പെടുത്തി. മറ്റൊരു യൂണിറ്റില്‍ ഉണ്ടായിരുന്ന മലയാളിയായ കേണല്‍ തോമസും സാമൂഹ്യപ്രവര്‍ത്തകയും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 'പ്രോ വേസ്റ്റ്' എന്ന സ്ഥാപനത്തിന്റെ ഉടമയുമായ നുപുര്‍ തണ്ടന്‍ എന്നൊരു സ്ത്രീയും ഈ കാര്യത്തില്‍ എനിക്ക് കുറെ സാങ്കേതിക ഉപദേശങ്ങള്‍ തന്നിട്ടുണ്ട്. ഈ കാര്യങ്ങളൊക്കെ വെച്ചുകൊണ്ട് മലയാള പത്രത്തിന്റെ ബെംഗളൂരു പതിപ്പില്‍ 'മാലിന്യയുദ്ധത്തിന്' പട്ടാളം രംഗത്ത് എന്ന പേരില്‍ ഞങ്ങളുടെ ടീമിന്റെ ഫോട്ടോ സഹിതം ഒരു വാര്‍ത്തയുണ്ടായിരുന്നു. വിജയകരമായ ഈ സംരംഭത്തിന്റെ പേരില്‍, എന്റെ പേര് സേനാ ബഹുമതിക്ക് വേണ്ടി എം.ഇ.ജി. ആന്‍ഡ് സെന്റര്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും അവസാന പട്ടികയില്‍ സ്ഥാനം പിടിച്ചില്ല.

കഥയും കാര്യവുമായി സോണിയ ചെറിയാൻ

മാലിന്യ സംസ്‌കരണമായും മറ്റ് ഭരണപരമായ കാര്യങ്ങളുമായും ബന്ധപ്പെട്ടാണ് മലയാളിയും ലേഡി ഓഫീസറുമായ ലെഫ്റ്റ്‌നന്റ് കേണല്‍ സോണിയ ചെറിയാനെ പരിചയപ്പെടുത്തുന്നത്. സോണിയ ഒരു ഡെന്റല്‍ ഓഫീസറാണ്. എം.ഇ.ജി. ആന്‍ഡ് സെന്ററിനുള്ളില്‍ തന്നെ ആര്‍മിയുടെ ഒരു ഡെന്റല്‍ സെന്റര്‍ ഉണ്ട്. നമ്മുടെ സെന്ററിന് ഉള്ളില്‍ തന്നെ ആയതുകാരണം അവിടെ നിന്നുള്ള മാലിന്യങ്ങളും ഞാന്‍ എന്റെ മാലിന്യ ശേഖരണത്തിന്റെ ഭാഗമാക്കിയിരുന്നു. സോണിയ പോസ്റ്റിങ്ങിന് വരുമ്പോള്‍ മേജര്‍ ആയിരുന്നു. പിന്നീടാണ് അടുത്ത റാങ്ക് കിട്ടിയത്. അവര്‍ പല ആവശ്യങ്ങള്‍ക്കുമായി എന്റെ ഓഫീസില്‍ വരുമായിരുന്നു. ഇത്രയും വലിയ ഒരു എഴുത്തുകാരിയും ചിത്രകാരിയും ഒക്കെ ആയിരുന്നു സോണിയ എന്ന കാര്യം ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറിഞ്ഞത്.

placeholder
ലെഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍, പുസ്തകത്തിന്റെ കവര്‍ പേജ്‌ | ഫോട്ടോ: ഇ.വി. രാഗേഷ്

യൂണിഫോം ഇട്ടുകഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് മറ്റൊന്നിനും സമയമില്ല. കലയുടെയും സാഹിത്യത്തിന്റെയും അഭിരുചികളും അഭിനിവേശവും ഒക്കെ ഉള്ളില്‍ അടക്കി വെയ്ക്കുക തന്നെ. പിന്നീട് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ രണ്ടുപേരും വിരമിച്ചതിനുശേഷമാണ് സോണിയയുടെ എഴുത്ത് ഞാന്‍ മാതൃഭൂമി വാരാന്ത പതിപ്പുകളിലൂടെ വായിക്കുന്നത്. അപ്പോഴാണ് മുന്‍ പട്ടാളക്കാരിയായ ലെഫ്റ്റ്‌നന്റ് കേണല്‍ സോണിയ ചെറിയാനിലെ എഴുത്തുകാരിയെ കുറിച്ച് മറ്റ് മലയാളികളോടൊപ്പം ഞാനും അറിയുന്നത്. പിന്നീട് അതെല്ലാം ചേര്‍ത്ത് 'ഇന്ത്യന്‍ റെയിന്‍ബോ' എന്ന പേരില്‍ മാതൃഭൂമി തന്നെ ഒരു പുസ്തകമിറക്കി. മാസങ്ങള്‍ കൊണ്ടുതന്നെ മൂന്നാം പതിപ്പ് ഇറക്കിയ ഇന്ത്യന്‍ റെയിന്‍ബോ ഇന്ന് മലയാളികള്‍ ഇഷ്ടപ്പെട്ട ബുക്കുകളില്‍ ഒന്നാണ്. അതിനുള്ളിലെ കഥാപാത്രങ്ങളുടെ വരയും സോണിയ തന്നെയാണ് ചെയ്തിരിക്കുന്നത്. 

ആദ്യമായാണ് നാട്ടില്‍ ഇത്രയും അടുത്ത് ഒരു പോസ്റ്റിങ് കിട്ടുന്നത്. അതുകൊണ്ടുതന്നെ അതിന്റെ നേട്ടം പരമാവധി ഉപയോഗിക്കണം. നാട്ടില്‍ ലീവിന് പോകുമ്പോഴൊക്കെ പുതിയ കാറുമായി ഡ്രൈവ് ചെയ്തിട്ട് തന്നെയാണ് പോകാറ്. മാരുതി കാര്‍ 10 കൊല്ലം കയ്യിലുണ്ടായിരുന്നെങ്കിലും അതിന് നാട് കാണാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല. നാട്ടില്‍ നിന്നും ബന്ധുക്കള്‍ പലരും ബെംഗളൂരുവിൽ വന്ന് നമ്മുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. ഞങ്ങളുടെ ചെറുപ്പകാലത്ത് നാട്ടിലെ പത്തംഗ ടീമിനെ കുടുംബസമേതം ഞാന്‍ ബെംഗളൂരുവിലേയ്ക്ക്  ക്ഷണിച്ചു. ഒരു ക്രിസ്മസ് അവധിക്കാലത്ത് ബെംഗളൂരുവിൽ ഒരു ഒത്തുചേരല്‍ പരിപാടി തീരുമാനിച്ചു. നാട്ടില്‍ നിന്നുള്ള എല്ലാ സുഹൃത്തുക്കളും ഒരു ടെമ്പോ ട്രാവലര്‍ എടുത്ത് അങ്ങോട്ടേക്ക് വന്നു. മുംബൈയിൽ നിന്ന് രമേശനും ഫാമിലിയുമായി എത്തിച്ചേര്‍ന്നു. എല്ലാവര്‍ക്കും വേണ്ടി ഗസ്റ്റ് റൂം ബുക്ക് ചെയ്തിരുന്നു. ബെംഗളൂരുവിലൊക്കെ ചുറ്റിക്കറങ്ങി. ലാല്‍ബാഗ്, കബൺ പാര്‍ക്ക്, വിധാന്‍ സഭ, ബെംഗളൂരു പാലസ്, ഇസ്‌കോണ്‍ ടെംപിള്‍  തുടങ്ങി എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചു. 

രണ്ടുമൂന്നു ദിവസം നന്നായി ആസ്വദിച്ചു. എം.ഇ.ജി. ആന്‍ഡ് സെന്ററിനുള്ളിലും, ഓഫീസര്‍ മെസ്സിലും  ഒക്കെ കറങ്ങി ഫോട്ടോകള്‍ എടുത്തു. കുമയോണ്‍ സെന്‍ട്രലിലെ മെസ്സിലെ പോലെ തന്നെ ഇവിടെയും ഓഫീസര്‍ മെസ്സില്‍ സ്റ്റഫ് ചെയ്തുവെച്ച കടുവയും കരടിയും, കടുവത്തോലുകളും എല്ലാം ഇവര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. ആഫ്രിക്കന്‍ ആനകളുടെ അടക്കം ഒരുപാട് ആനക്കൊമ്പുകളുടെ ശേഖരം തന്നെയുണ്ട്  ഇവിടുത്തെ മെസ്സില്‍. എം.എ.ജി. ആന്‍ഡ് സെന്റര്‍ മ്യൂസിയവും കണ്ടു. മ്യൂസിയത്തില്‍ ഉണ്ടായിരുന്ന, ബ്രിട്ടീഷ് ഭരണകാലത്ത് സെന്ററിനുള്ളില്‍ തന്നെ സാധനങ്ങള്‍ കൈകാര്യം ചെയ്യാനും മറ്റും ഉപയോഗിച്ചിരുന്ന ട്രെയിനിന്റെ എന്‍ജിന് മുമ്പില്‍ നിന്നുകൊണ്ട് കുട്ടികള്‍ ഫോട്ടോ എടുത്തു. കൂട്ടുകാര്‍ മൈസൂരിന്റെയും ശ്രീരംഗപട്ടണത്തിന്റെയും ഒക്കെ യുദ്ധത്തിന്റെയും പരിവര്‍ത്തനത്തിന്റെയും ചരിത്രം വായിച്ചു മനസ്സിലാക്കി. കായികലോകത്ത് നല്‍കിയ സംഭാവനകളും അവിടെ സൂക്ഷിച്ചിരുന്ന ദ്രോണാചാര്യ അവാര്‍ഡും അര്‍ജുന അവാര്‍ഡും ഒക്കെ കണ്ടു. പണ്ടുകാലം മുതല്‍ ഉപയോഗിച്ചുവരുന്ന പല രീതിയിലുള്ള യൂണിഫോമുകള്‍ കൗതുകമുണര്‍ത്തി.

മദ്രാസ് സാപ്പേര്‍സ് ജലവുമായി ബന്ധപ്പെട്ട ട്രെയിനിങ്ങുകളും സെയിലിംഗ്, കയാക്കിംഗ് തുടങ്ങിയ കായിക മത്സരങ്ങളും പരിശീലിക്കുന്ന, സെന്ററിനോട് തൊട്ടുതന്നെയുള്ള തടാകമാണ് അള്‍സൂര്‍ ലേക്ക്. ചതുരാകൃതിയിലുള്ള വലിയ റബ്ബര്‍ ട്യൂബുകള്‍ പോലെയുള്ള ഫ്‌ലോട്ടിങ് യൂണിറ്റുകള്‍ കാറ്റ് നിറച്ച് അവ തമ്മില്‍ ബന്ധിപ്പിച്ച്, അതിനുമുകളില്‍ അലൂമിനിയം അലോയിൽ തീര്‍ത്ത ഫ്രെയിമുകള്‍ നിരത്തി പ്ലാറ്റ്‌ഫോം ഉണ്ടാക്കി, അതുവഴി ആര്‍മി ട്രക്കുകള്‍ മറുകരയിലേക്ക് കടത്തിവിടുകയും പാലങ്ങള്‍ നിര്‍മിക്കുകയും ഒക്കെ ചെയ്യുന്നത് അവിടെ കാണാമായിരുന്നു. അവിടേയ്ക്കും അവരെ കൊണ്ടുപോയി. ലേക്കിന്റെ മധ്യത്തിലുള്ള ചെറിയ ദ്വീപിലേക്ക് ബോട്ട് യാത്ര നടത്തി. അത് കഴിഞ്ഞ് പിറ്റേദിവസം രാവിലെ അവിടെ നിന്നും 37 കിലോമീറ്റര്‍ അകലെയുള്ള മഞ്ചംബല്ലേ എന്ന സ്ഥലത്തേക്ക് വന്നു. വരുന്ന വഴിയില്‍ ഒരു വളരെ പഴക്കം ചെന്ന മരം ഉണ്ട്. വലിയ ആല്‍മരം എന്നറിയപ്പെടുന്ന ഇതിന് 400 വര്‍ഷത്തെ പഴക്കമുണ്ടത്രെ. ആ ഒറ്റമരം തന്നെ മൂന്ന് ഏക്കര്‍ സ്ഥലത്ത് പരന്ന് നില്‍ക്കുന്നു. 

കുറച്ചുനേരം അവിടെ ചെലവഴിച്ചതിനുശേഷം മഞ്ചംബല്ലേയിലേക്ക് പോയി. അവിടെ ഒരു തടാകമുണ്ട്. എം.ഇ.ജി.യിലുള്ള കായികതാരങ്ങള്‍ പലതരത്തിലുള്ള തുഴയല്‍ മത്സരങ്ങള്‍ക്ക് പരിശീലനം നടത്താനായി അവിടെ ക്യാമ്പ് അടിച്ചിട്ടുണ്ട്. ഈ കാടും വെള്ളവും നിറഞ്ഞ സ്ഥലത്ത് എവിടെയാണ് രാത്രി താമസിക്കുക എന്ന് കൂട്ടുകാര്‍ വ്യാകുലപ്പെടുമ്പോഴേക്കും അവര്‍ക്കായി ചെറിയ ചെറിയ ടെന്‍ഡുകള്‍ വന്നു. അന്ന് രാത്രി എല്ലാവരും ടെന്‍ഡുകളില്‍ കഴിയുകയും ക്യാമ്പ് ഫയര്‍ നടത്തുകയും അവിടെയുണ്ടായിരുന്ന 'അഡ്വഞ്ചര്‍ ആക്ടിവിറ്റീസില്‍' ചിലതൊക്കെ ചെയ്യുകയും ചെയ്തു. സന്ദര്‍ഭവശാല്‍ ഹരിയുടെ വിവാഹ വാര്‍ഷികവും സുരേഷിന്റെ ജന്മദിനവും അന്നുതന്നെയായിരുന്നു ഞങ്ങള്‍ അതും ആഘോഷിച്ചു. കായികതാരമായിരുന്ന സുബേദാര്‍ പിള്ളയാണ് നമുക്ക് ഇതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നത്. ആ സ്ഥലം മൈസൂരിലേക്കുള്ള വഴിയിലാണ്. പിറ്റേന്ന് രാവിലെ നാട്ടില്‍ നിന്നും വന്നവരെല്ലാം നാട്ടിലേക്ക് തിരിക്കുകയും ഞാനും രമേശനും തിരിച്ച് എന്റെ കാറില്‍ ബെംഗളൂരുവിലേയ്ക്ക് വരികയും ചെയ്തു. എന്റെ കൂട്ടുകാര്‍ക്കും ഫാമിലിക്കും നല്‍കാന്‍ പറ്റിയ ഏറ്റവും വലിയ ഒരു സമ്മാനമായിരുന്നു ബെംഗളൂൂരു യാത്ര. പോകുന്ന സമയത്ത് എല്ലാവര്‍ക്കും ഞാന്‍ തലേന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോ ലാമിനേറ്റ് ചെയ്ത്  സമ്മാനമായി നല്‍കി. ഇന്നിത് എഴുതുമ്പോള്‍ നമ്മുടെ ആ കൂട്ടത്തില്‍ നിന്നും വിട്ടുപോയ സുഹൃത്ത് സി.വി.രമേശനും, ഹരിയുടെ ഭാര്യ വിദ്യയ്ക്കും പ്രണാമം അര്‍പ്പിക്കുന്നു.

ജവാന്മാരുടെ സഹനശക്തിയുടെ മറ്റൊരു ഉദാഹരണമാണ് ഇനി പറയുന്നത്. നമുക്ക് അവിടെ വലിയ ചപ്പാത്തി ഉണ്ടാക്കുന്ന ഒരു മെഷീന്‍ ഉണ്ടായിരുന്നു. 12 ലക്ഷത്തോളം വില വരുന്ന വലിയൊരു മെഷീനാണ്. ഗോതമ്പ് പൊടിയും വെള്ളവും മാത്രം ചേര്‍ത്തുകൊടുത്താല്‍ മതി. ബാക്കി എല്ലാ കാര്യങ്ങളും മെഷീന്‍ ചെയ്ത് ചൂടുള്ള ചപ്പാത്തിയായി കൈയില്‍ തരും. അതുകൊണ്ടുതന്നെ എല്ലാ കുക്ക് ഹൗസിലേക്കും വേണ്ട ചപ്പാത്തി ഇവിടെ ഒരിടത്ത് തന്നെയാണ് ഉണ്ടാക്കിയിരുന്നത്. അത് പ്രവര്‍ത്തിക്കുന്ന സമയത്ത് ഒന്ന് രണ്ട് ജവാന്‍മാര്‍ അതിന്റെ കൂടെ തന്നെ ഉണ്ടായിരിക്കണം. ഒരു ദിവസം വൈകുന്നേരം ചപ്പാത്തി എടുക്കുന്ന സമയത്ത് മെഷീന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു ഒരു ജവാന്റെ വലതുകൈ അബദ്ധത്തില്‍ മെഷിനുള്ളില്‍  കുടുങ്ങിപ്പോയി. അവന്റെ പേര് ഞാന്‍ മറന്നുപോയി തല്‍ക്കാലം തമ്പി എന്ന് തന്നെ വിളിക്കാം. 

നഷ്ടപ്പെട്ട കൈപ്പത്തിയും ജവാന്റെ ചങ്കൂറ്റവും

കൈ മെഷിനില്‍ ചതഞ്ഞ് വേദനകൊണ്ട് പുളയുകയായിരുന്നു സാപ്പര്‍ തമ്പി. എനിക്ക് സീനിയര്‍ ജെ.സി.ഒ.യുടെ ഫോണ്‍ വന്നു. ഞാന്‍ വീട്ടിലായിരുന്നു. കാറുമെടുത്ത് പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് പോയി ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥ. കമ്പനി കമാന്‍ഡറും, മെഡിക്കല്‍ ഓഫീസറും എല്ലാവരും ഉണ്ടായിരുന്നു. കോയമ്പത്തൂരിലുള്ള ഒരു കമ്പനിയാണ് ഇത് സപ്ലൈ ചെയ്തിരുന്നത്. അവരോട് വിളിച്ച് അന്വേഷിച്ചു. വിപരീത ദിശയില്‍ തിരിച്ചു ചുറ്റിയാല്‍ കൈ പുറത്തു വരും എന്ന് പറഞ്ഞു. അതിനായി മറു ദിശയിലേക്ക് ചുറ്റികകൊണ്ട് അടിച്ച് അതിനെ ചലിപ്പിക്കാന്‍ ശ്രമിച്ചു. മറ്റുള്ളവരെ കൊണ്ട് സാധിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ സാപ്പര്‍ തമ്പി ചുറ്റിക സ്വന്തം കയ്യില്‍ വാങ്ങി, ചതഞ്ഞരഞ്ഞ വലതു കൈ ഉള്ളില്‍ മെഷീനില്‍പ്പെട്ടു കൊണ്ട് തന്നെ, ഇടതു കൈകൊണ്ട് മെഷീന്റെ കൈപിടിയില്‍ ചുറ്റിക കൊണ്ട് അടിച്ച്, വേദന സഹിച്ചുകൊണ്ട് സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കാഴ്ച വളരെ ദയനീയമായിരുന്നു. എന്തിനെയും സഹിക്കാനും നേരിടാനും കഴിവുള്ള ഒരു ജവാന് മാത്രമേ ഇതൊക്കെ സാധിക്കുകയുള്ളൂ. അവസാനം വെല്‍ഡിങ് മെഷീന്‍ കൊണ്ടുവന്ന് കൈ കുടുങ്ങിയ ഭാഗത്തെ മെഷീന്‍ ഭാഗം മുറിച്ചെടുത്തിട്ടാണ് തമ്പിയെ അതില്‍ നിന്നും വിമുക്തനാക്കാന്‍ സാധിച്ചത്. എങ്കിലും സമയം കുറെ പാഴായത് കാരണവും, കൈപ്പത്തി ആ വിധത്തില്‍ അപകടത്തിലാകുകയും ചെയ്തതുകൊണ്ട് അവസാനം അവന്റെ വലതുകൈ മുട്ടിന് താഴെവെച്ച് മുറിക്കേണ്ടി വന്നു.

കൈയേറിപ്പോകുന്ന ഭൂമി

ഇത്രയും വലിയ ഒരു നഗരത്തിന് നടുവില്‍ ആര്‍മി യൂണിറ്റുകള്‍ ഉണ്ടാകുമ്പോള്‍ ഭൂമി കൈയേറ്റങ്ങള്‍ സ്വാഭാവികമാണ്. കുറച്ച് സിവില്‍ സ്റ്റാഫ് ഒഴിച്ച് ആര്‍മിയിലുള്ള ആരും തന്നെ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ സ്ഥിരമായി നില്‍ക്കുന്നില്ല. അത് മുതലെടുത്തുകൊണ്ട് തന്നെ പല സ്ഥലങ്ങളിലും ഭൂമി കൈയറ്റം നടക്കാറുണ്ട്. ഏതെങ്കിലും ഒരു ചുവന്ന കൊടിയും പ്രതിമയും സ്ഥാപിച്ച് അത് ക്രമേണ അമ്പലമായും പച്ചക്കൊടി നാട്ടി അത് മെല്ലെ പള്ളിയായും രൂപപ്പെട്ട കുറേ ചരിത്രങ്ങളുണ്ട്. ഓള്‍ഡ് മദ്രാസ് റോഡില്‍ നിന്നും എം.ജി റോഡിലേക്ക് പോകുന്ന പ്രധാന റോഡിന്റെ ഒരു വശത്ത് ബ്രിട്ടീഷുകാരുടെ സമയത്ത് അന്നത്തെ അലക്കുകാര്‍ ഉപയോഗിച്ചിരുന്ന 'ധോബി ഘാഡ്' എന്ന് പറയുന്ന, കോടിക്കണക്കിന് വിലമതിക്കുന്ന ഭൂമി ഇന്നും അവിടുത്തെ സ്ഥാനീയരായ അലക്കുകാരുടെയും ഭൂമാഫിയക്കാരുടെയും കൈകളിലാണ്. 

പ്രശസ്തമായ ചിന്നസ്വാമി സ്റ്റേഡിയം പോലും ഒരുകാലത്ത് ആര്‍മിയുടെ കൈയിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇതിന്റെയൊക്കെ കേസുകള്‍ കോടതിയിലുണ്ട്. നമ്മുടെ ഭൂമിയിലും പണ്ടുകാലം മുതലേ ഉള്ള ഒരു പ്രാര്‍ത്ഥനാസ്ഥലം ഉണ്ടായിരുന്നു. അമ്പലം എന്നൊന്നും പറയാന്‍ പറ്റില്ല ഒരു ആല്‍മരവും അതിന്റെ കീഴില്‍ കുറച്ച് വിഗ്രഹങ്ങളും. അമ്പലം നോക്കി നടത്തിപ്പുകാരി എന്ന നിലയില്‍ ഒരു സ്ത്രീ എല്ലാസമയവും അവിടെ കാവലുണ്ടാകും. പുറത്തുനിന്നുള്ളവര്‍ക്ക് വരാനും പ്രാര്‍ത്ഥന ചെയ്യാനുമുള്ള അനുമതി നല്‍കിയത് വഴി അത് ക്രമേണ അവരുടെ കൈയില്‍ തന്നെയായി. എം.ഇ.ജി. ആന്‍ഡ് സെന്ററിലെ ഭൂമിപരമായ കേസുകള്‍ കുറച്ചുകാലം കൈകാര്യം ചെയ്തിരുന്നത് ഞാനായിരുന്നു. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ആദ്യമായി കോടതിയിലെ സാക്ഷ്യപീഠത്തില്‍ കയറേണ്ടി വന്നു.

ബെംഗളൂരുവിൽ വെച്ചാണ് ബാല്യകാല സുഹൃത്തുക്കളില്‍ ഒരാളായ പ്രകാശനെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നത്. പലരും പല വഴിക്ക് തിരിഞ്ഞപ്പോള്‍ ബന്ധങ്ങളൊക്കെ വിട്ടുപോയിരുന്നു. ഞാന്‍ ആര്‍മിയില്‍ ചേര്‍ന്ന അതേ വര്‍ഷം തന്നെ പ്രകാശനും ആര്‍മിയില്‍ ചേര്‍ന്നിരുന്നു എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. ഏകദേശം 33 വര്‍ഷത്തിനുശേഷമാണ് ഇന്ന് സുബേദാര്‍ മേജര്‍ പ്രകാശനെ കണ്ടുമുട്ടുന്നത്. സുബേദാര്‍ മേജര്‍ പ്രകാശന്‍ ഇപ്പോള്‍ ബെംഗളൂരുവിലെ മിലിറ്ററി പോലീസ് ട്രെയിനിങ് സെന്ററിന്റെ സുബേദാര്‍ മേജറാണ്. ഞാന്‍ മുമ്പും പറഞ്ഞിരുന്നു. ജവാന്മാരുടെ ഏറ്റവും ഉയര്‍ന്ന റാങ്ക് ആണ് സുബേദാര്‍ മേജര്‍. പക്ഷേ സുബേദാര്‍ മേജര്‍ പ്രകാശന്‍  ഈ റാങ്കില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട ആളായിരുന്നില്ല. എന്നെക്കാളും മുമ്പേതന്നെ ഓഫീസറാകാനുള്ള ടെസ്റ്റ് എഴുതിയതായിരുന്നു. പരിശ്രമത്തിലൂടെയും സമര്‍പ്പണത്തിലൂടെയും വിജയം കണ്ടെത്തിയ ഒരു കുടുംബ പാരമ്പര്യമുള്ള പ്രകാശനെ പക്ഷേ എന്തുകൊണ്ടോ ഭാഗ്യം സഹായിച്ചില്ല. 

നീതിന്യായ വകുപ്പില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന പ്രകാശന്റെ ജ്യേഷ്ഠന്‍ രമേശന്‍ ഇന്നിപ്പോള്‍ കണ്ണൂരിലെ അറിയപ്പെടുന്ന വക്കീലന്മാരില്‍ ഒരാളും നോട്ടറിയും കൂടിയാണ്. നീതിന്യായ സംബന്ധമായതും അല്ലാതെയും ഉള്ള ഒരുപാട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. പ്രകാശനും എഴുത്തുകാരന്‍ തന്നെയാണ്. സര്‍വീസില്‍ ഇരിക്കുമ്പോള്‍ തന്നെ ചെറുകഥകള്‍ എഴുതി നാട്ടിലെ വാരികകളില്‍ പ്രസിദ്ധീകരിച്ച് പുരസ്‌കാരങ്ങള്‍ വാങ്ങിച്ചിട്ടുണ്ട്. സര്‍വീസില്‍ നിന്നും വിരമിച്ചതിനു ശേഷം ചെറുകഥാ സമാഹാരവും ഓര്‍മക്കുറിപ്പുകളുമായി രണ്ട് ബുക്കുകള്‍ ഇറക്കിയിട്ടുണ്ട്. പ്രകാശന്‍ സാബിനെ കാണാന്‍ വേണ്ടി ഒരു ദിവസം അങ്ങോട്ട് പോകണമെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു എന്റെ ഓഫീസിലേക്കുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വരവ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഫുട്‌ബോള്‍ കളിച്ച് നടന്ന സുരേന്ദ്രനും പ്രകാശനും അല്ല ഇന്നിപ്പോള്‍. രണ്ടുപേരുടെയും ചുമലില്‍ അശോകസ്തംഭങ്ങളുണ്ട്. അതുകൊണ്ടുതന്നെ അതിന്റേതായ ഔദ്യോഗികമായ പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ട്. പണ്ടത്തെ സുഹൃത്തുക്കള്‍ ഇന്ന് നീ എന്ന് വിളിച്ചു സംസാരിക്കരുത്. രണ്ടുപേരും 'സാബ്' എന്ന് വേണം സംബോധന  ചെയ്യാന്‍. 'ജയ്ഹിന്ദ് സാബ്' എന്ന് പറഞ്ഞുകൊണ്ട് സല്യൂട്ട് നല്‍കി പ്രകാശന്‍ സാബ് എന്റെ ഓഫീസിലേക്ക് കടന്നുവന്നു. നാട്ടുകാരനായ കൃഷ്‌ണേട്ടന് ശേഷം സ്വന്തം സുഹൃത്തില്‍ നിന്നും കിട്ടുന്ന ആദ്യത്തെ സല്യൂട്ട്. സംതൃപ്തിയുടെയും സന്തോഷത്തിന്റെയും വിലമതിക്കാനാവാത്ത അനുഭവം. മറുപടി സലൂട്ട് നല്‍കി, ചില 'പ്രോട്ടോക്കോളുകള്‍' തെറ്റിച്ചുകൊണ്ട് തന്നെ ഞാന്‍ എന്റെ പഴയ സുഹൃത്തിനെ സ്വീകരിച്ച് ഓഫീസില്‍ ഇരുത്തി ചായയൊക്കെ കുടിച്ചു.

ബെംഗളൂരുവിലെ സര്‍വീസ് കാലത്താണ് നാട്ടില്‍ അമ്മയുടെ മരണം സംഭവിക്കുന്നത്. അന്നും ഇന്നും അതിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ പശ്ചാത്താപം നിറഞ്ഞ ഒരു ദുഃഖസ്മരണയായി  അതെന്നും മനസ്സില്‍ കിടക്കുന്നുണ്ട്. അമ്മയ്ക്ക് ശ്വാസത്തിന്റെ പ്രശ്‌നം മുമ്പേ ഉണ്ടായിരുന്നു. ബാംഗ്ലൂരില്‍ എയര്‍ ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്റലില്‍ കാണിക്കാമെന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞിരുന്നെങ്കിലും അമ്മ കൂട്ടാക്കിയിരുന്നില്ല. ഈ വയസ്സുകാലത്ത് ഞാന്‍ ഇനി എങ്ങോട്ടുമില്ലെന്നാണ് അമ്മ പറയാറ്. അന്ത്യകാലം സ്വന്തം വീട്ടില്‍ തന്നെ ആയിരിക്കണം എന്ന അമ്മയുടെ ആഗ്രഹമാണ് അത് എന്ന് പിന്നീട് ഞങ്ങള്‍ക്ക് മനസ്സിലായിരുന്നു. അമ്മയ്ക്ക് കുറച്ച് അധികമാണെന്നും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണെന്നും അനിയന്റെ ഫോണ്‍ വന്നപ്പോള്‍, ഉടനെ തന്നെ ലീവെടുത്ത് കാറുമായി നേരെ ഹോസ്പിറ്റലിലേക്ക് തന്നെയാണ് വന്നത്. അപ്പോഴൊന്നും വലിയ കുഴപ്പമൊന്നും തോന്നിയില്ല. ഓക്‌സിജന്‍ നല്‍കുന്നുണ്ടായിരുന്നു. സോഡിയം കുറഞ്ഞത് കാരണം ഓര്‍മയിലും സംസാരത്തിലും ഒക്കെ പിശക് സംഭവിക്കാന്‍ തുടങ്ങിയിരുന്നു. 

ആത്മകഥയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം...

അനുജത്തി രജനിയെ മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍ ഇത് രജനി അല്ല, അവളുടെ വേഷം കെട്ടിനില്‍ക്കുന്ന മറ്റൊരു സ്ത്രീയാണ് എന്ന് പറഞ്ഞ അമ്മ, എന്നെ മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍ സുര ആണ് എന്ന് കൃത്യമായി പറഞ്ഞു. അമ്മയ്ക്ക് എന്നോടുള്ള സ്‌നേഹത്തിന്റെ ആധിക്യമാണ് എനിക്ക് അപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. പിന്നീട് അവിടുന്ന് അമ്മയെ ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടോ എന്ന സംശയത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ കുറെ ദിവസം അമ്മയെ ഐ.സി.യു.വില്‍ കിടത്തി. വെന്റിലേറ്ററില്‍ കിടത്തിയ അമ്മയെ ഒരു സുഖ മരണത്തിന് അനുവദിച്ചില്ല. 

ദയനീയമായ ആ മുഖത്ത് നോക്കിയപ്പോള്‍ അമ്മ എന്തൊക്കെയോ പറയാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നി. ബുദ്ധിമുട്ട് സഹിക്കാന്‍ വയ്യാതെ മുഖത്ത് നിന്നും ഓക്‌സിജന്‍ മാസ്‌ക് വലിച്ചെടുക്കാന്‍ ശ്രമിച്ച അമ്മയുടെ കൈകാലുകള്‍ അവര്‍ കട്ടിലുമായി ബന്ധിച്ചു. പൈപ്പ് വഴി വരുന്ന മൂത്രസഞ്ചി ചോര കലര്‍ന്നതാണെങ്കിലും നഴ്‌സുമാരോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് അത് കുടിച്ച മരുന്നിന്റെ കളര്‍ ആണെന്നാണ്. എത്രകാലം ഇങ്ങനെ കഴിയേണ്ടി വരും എന്ന് ഡോക്ടറോട് ചോദിച്ചു പോയതിന് അദ്ദേഹം എന്നെ  ശകാരിച്ചു. കുറച്ചുകാലം അമ്മക്ക് അങ്ങനെ തന്നെ കിടക്കേണ്ടിവന്നു. എന്റെ പെട്ടെന്നുള്ള ലീവ് കഴിഞ്ഞ് ഞാന്‍ ബെംഗളൂരുവിലേയ്ക്ക് തിരിച്ചുപോയി. 

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ജ്യേഷ്ഠന്റെ ഫോണ്‍ വീണ്ടും വന്നു. ഡോക്ടര്‍ പറയുന്നു വെന്റിലേറ്റര്‍ വഴി മൂക്കിലൂടെയുള്ള ശ്വാസം സാധ്യമാകുന്നില്ല, ഇനി തൊണ്ടയില്‍ കീറി, പൈപ്പ് അതുവഴി കൊടുക്കണമത്രെ. ഡോക്ടര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ഞങ്ങള്‍ എങ്ങനെ വേണ്ടെന്ന് പറയും. അമ്മ ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പോകുന്നില്ല എന്ന് അറിഞ്ഞ് കൊണ്ടുതന്നെ ഞങ്ങള്‍ അതും സമ്മതിച്ചു. ഇവിടെയാണ് ദയാവധത്തിന്റെ ആവശ്യകത. അമ്മയുടെ ഹോസ്പിറ്റല്‍ പ്രവേശനം, ഹോസ്പിറ്റല്‍ എന്ന ബിസിനസ് സ്ഥാപനത്തെക്കുറിച്ച് കുറെ മനസ്സിലാക്കാന്‍ കഴിഞ്ഞു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ജ്യേഷ്ഠന്റെ ഫോണ്‍ വീണ്ടും വന്നു. അമ്മ പോയി. അവസാനകാലത്ത് അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തിയതിന്റെ പശ്ചാത്താപവുമായി, ഞങ്ങള്‍ ബെംഗളൂരുവിൽ നിന്നും ഹെല്‍പ്പര്‍ പാട്ടീലിനും ലീവ് അനുവദിച്ച്, അവനെയും കൂട്ടി ഉടനെ തന്നെ നാട്ടിലേക്ക് തിരിച്ചു. പാട്ടീല്‍ ഒരു നല്ല ഡ്രൈവര്‍ കൂടി ആയിരുന്നതുകൊണ്ട് കാര്‍ അവനാണ് ഓടിച്ചത്. പല ആഗ്രഹങ്ങളും മനസ്സില്‍ വച്ചുകൊണ്ടാണ് അമ്മ പോയത്. എന്റെ പുതിയ വീട് പണി തുടങ്ങിയിട്ടുണ്ടായിരുന്നു. കുറച്ചു മാസം കൂടി കഴിഞ്ഞാല്‍ അതിന്റെ പാലുകാച്ചല്‍ ആകുമായിരുന്നു. അത് സാധിച്ചില്ല. ആദ്യത്തെ പേരക്കുട്ടി എന്ന നിലയില്‍ ജ്യേഷ്ഠന്റെ മകള്‍ അനുശ്രീയുടെ കല്യാണം കാണണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അതും നടന്നില്ല. അമ്മയുടെ നിര്‍ബന്ധം കേള്‍ക്കാതെ ബെംഗളൂരുവിൽ കൊണ്ടുവന്ന് അമ്മയെ ചികിത്സിച്ചിരുന്നെങ്കിൽ കുറച്ചുകാലം കൂടി ജീവിച്ചിരുന്നേനെ.

അച്ഛന്‍ മരിച്ചിട്ട് 38 വര്‍ഷമായി. ഇക്കാലമത്രയും അച്ഛന്റെയും അമ്മയുടെയും സ്ഥാനം വഹിച്ച, ഇന്നലെ വരെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന അമ്മയുടെ ചിതയ്ക്ക് തീക്കൊളുത്തി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച്, കാളപ്രംമൊട്ടയിലുള്ള സമുദായ ശ്മശാനത്തില്‍ നിന്നും തിരിച്ചു വരുമ്പോഴും, വേദനയെക്കാള്‍ ഏറെ പശ്ചാത്താപം തന്നെയായിരുന്നു ഉള്ളില്‍. ബെംഗളൂരു പോലെയുള്ള ഒരു സിറ്റിയില്‍ അധികകാലം തരില്ലെന്ന്  എനിക്കറിയാം. പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ പുതിയ പോസ്റ്റിങ് വന്നു. ഞാന്‍ അതിനിടയില്‍ എം.ബി.എയ്ക്ക് ചേര്‍ന്നിരുന്നു. ഒന്ന് രണ്ട് സെമസ്റ്റര്‍ എഴുതിയിരുന്നു. അതും പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. റാണിക്കേത്തില്‍ നിന്നും വന്ന എന്നെ അതിനടുത്തേക്ക് തന്നെ വീണ്ടും പറഞ്ഞയക്കുന്നു. ഇത്തവണ ഉത്തര്‍പ്രദേശിലെ ബറേലി എന്ന സ്ഥലത്തേയ്ക്ക്. പലര്‍ക്കും ഉള്ള ഒരു സംശയം തീര്‍ക്കട്ടെ. ബറേലിയും,  ഇന്ദിരാഗാന്ധിയുടെ മണ്ഡലമായ റായിബറേലിയും ഒരു സ്ഥലമല്ല. ഉത്തര്‍പ്രദേശിലെ 550 കിലോമീറ്റര്‍ അകലങ്ങളില്‍ ഉള്ള രണ്ട് ജില്ലകളാണ്.

നാട്ടില്‍ ഞാന്‍ വീടുപണി തുടങ്ങിയിരുന്നു. അത് ഏകദേശം പൂര്‍ത്തിയാകാറായിരിക്കുന്നു. ഈ സമയത്ത് കുടുംബത്തെ വീണ്ടും ഉത്തര്‍പ്രദേശിലേക്ക് മാറ്റുന്നതില്‍ യുക്തി ഉണ്ടെന്നു തോന്നിയില്ല. കൂടാതെ ശ്രദ്ധ പത്താം ക്ലാസിലേക്ക് കടന്നതേയുള്ളൂ. ബോര്‍ഡ് എക്‌സാം ആണ് ഈ വര്‍ഷം. അതുകൊണ്ടുതന്നെ ഫാമിലി അക്കോമഡേഷന്‍ അവിടെ തുടര്‍ന്നുകൊണ്ട് ഞാന്‍ മാത്രം ബറേലിയിലേക്ക് പോകാന്‍ തീരുമാനിച്ചു. സുധയും അവിടെ ആര്‍മി പ്രീ പ്രൈമറി സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. അവള്‍ക്ക് അത് തുടരുകയും ചെയ്യാം. മാത്രമല്ല നാട്ടില്‍ വീട് പൂര്‍ത്തിയാകുമ്പോള്‍ അവരെ അങ്ങോട്ടേയ്ക്ക് മാറ്റാമെന്നും കരുതി. ഇത് കഴിഞ്ഞാല്‍ എനിക്ക് ഒരു പോസ്റ്റിങ് മാത്രമേ ഉള്ളൂ. കാരണം സര്‍വീസ് തീരാനായി. അവസാനത്തെ പോസ്റ്റിങ് മിക്കവാറും നാടിനടുത്ത് തന്നെ കിട്ടും എന്നുള്ള പ്രതീക്ഷയും ഉണ്ട്.

(തുടരും......)