താണ്ട് എണ്‍പതുകളുടെ മധ്യത്തോടെയാണ് കാസറ്റ് പ്ലെയറുകള്‍ ധാരാളമായി നാട്ടിലെത്തിത്തുടങ്ങുന്നത്. ഗള്‍ഫില്‍നിന്നും മറ്റു വിദേശരാജ്യങ്ങളില്‍നിന്നും വരുന്ന പ്രവാസിമലയാളികള്‍ അവിടെ നിന്നും കൊണ്ടുവരുന്ന ഓഡിയോ കാസറ്റ് പ്ലെയറുകളും വീഡിയോ കാസറ്റ് പ്ലെയറുകളും കേരളത്തിലെ പല വീടുകളിലെയും സാന്നിദ്ധ്യമായി മാറി. ഗ്രാമഫോണ്‍ പ്ലെയറുകള്‍ക്കും വാല്‍വ് ട്രാന്‍സിസ്റ്റര്‍ റേഡിയോയും കഴിഞ്ഞു വന്ന വിപ്ലവമായിരുന്നു സോണി, പാനാസോണിക് കമ്പനികള്‍ പുറത്തിറക്കിയ ഓഡിയോ കാസറ്റ് പ്ലെയറുകളും, വാക്ക്മാന്‍ പ്ലെയറുകളും. ഗള്‍ഫില്‍നിന്നും കൊണ്ടുവരുന്ന ഓഡിയോ കാസറ്റ് പ്ലെയറിലിട്ട് ഹിന്ദി, തമിഴ് ഗാനങ്ങള്‍ മലയാളികള്‍ കേട്ടാസ്വദിച്ചുതുടങ്ങിയ കാലമായിരുന്നു അത്. കിഷോര്‍ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്‌കറുടെയും ഗാനങ്ങള്‍ ഓഡിയോ കാസറ്റ് പ്ലെയറിലൂടെ മലയാളികള്‍ കേട്ടുതുടങ്ങിയ കാലം.

To advertise here,

എ.ഐ.ആറിലെ മലയാളപരിപാടികളിലെ രഞ്ജിനിയിലൂടെയും വിവിധ് ഭാരതിയിലൂടെയും മറ്റുമായിരുന്നു സിനിമാഗാനങ്ങള്‍ കേരളീയര്‍ കേട്ടിരുന്നതെങ്കില്‍, കാസറ്റ് പ്ലെയറിലൂടെ ആഗ്രഹിക്കുന്ന ഗാനങ്ങള്‍ കേള്‍ക്കാനും അവര്‍ക്ക് അവസരം കിട്ടി. അക്കാലത്ത് ഒരുപാട് കാസറ്റുകള്‍ വിപണിയിലിറങ്ങി. അങ്ങനെ കാസറ്റ് കടകളും നാട്ടിലെങ്ങും സജീവമായി. ഓണം, ക്രിസ്മസ്, പെരുന്നാള്‍ കാലത്തെ ആഘോഷങ്ങള്‍ക്കൊപ്പം ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായിരുന്നു ഉത്സവഗാനങ്ങള്‍. തരംഗിണി സ്റ്റുഡിയോക്കൊപ്പം നിരവധി മ്യൂസിക് കമ്പനികള്‍ ലളിതഗാനങ്ങളും സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമായി മത്സരരംഗത്തെത്തി.

കോമഡി, പാരഡി പ്രോഗ്രാമുകളുടെ കാസറ്റുകളുടെ വിപണിയും ഉയര്‍ന്നുപൊന്തിയ അക്കാലത്ത് ഞങ്ങളും നിരവധി പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് വിവിധ കാസറ്റുകള്‍ വഴി പുറത്തിറക്കിയിരുന്നു.

ഒരുപക്ഷേ, അക്കാലത്ത് ഏറ്റവുമധികം കോമഡി പ്രോഗ്രാമുകള്‍ കാസറ്റുകളിലൂടെ അവതരിപ്പിച്ചത് ഞാനും ജയറാമും സൈനുദ്ദീനും ആയിരിക്കാം. കെ.എസ്. പ്രസാദിനെയും അന്‍സാറിനെയും ചേര്‍ത്തും നിരവധി തമാശ സ്‌കിറ്റുകള്‍ ഓഡിയോ കാസറ്റിലൂടെ ഞങ്ങള്‍ അവതരിപ്പിച്ച് പുറത്തിറക്കിയിരുന്നു. വില്‍സണ്‍ കാസറ്റ്, അബുവിന്റെ സരിഗ മ്യൂസിക്, ജലീലും ജോഷിയും നേതൃത്വം നല്‍കിയ സ്വാതി ഓഡിയോ കാസറ്റ്, മമ്മി സെഞ്ച്വറിയുടെ കാസറ്റ് കമ്പനി വഴിയൊക്കെ എണ്ണമറ്റ കോമഡി ഓഡിയോ കാസറ്റുകള്‍ റിക്കാര്‍ഡ് ചെയ്ത് വിപണിയില്‍ ഇറക്കിയിരുന്നു. കലാഭവന്‍ മിമിക്സ് പരേഡ് ട്രൂപ്പിന്റെ കാസറ്റ് കലാഭവന്റെ റിക്കാര്‍ഡിങ് സ്റ്റുഡിയോയില്‍ നിര്‍മിച്ച് പുറത്തിറക്കിയിരുന്നു. ഈ ഓഡിയോ കാസറ്റുകളില്‍ ഭൂരിഭാഗവും ജനങ്ങള്‍ക്കിടയില്‍ വലിയ ഹിറ്റായിത്തീര്‍ന്നു. ശ്രോതാക്കള്‍ ഞങ്ങളുടെ കോമഡി പരിപാടികളുടെ ഓഡിയോ കാസറ്റുകള്‍ക്കായി കാത്തിരിക്കുന്ന ഒരു സുവര്‍ണകാലമായിരുന്നു അത്. ഇന്നസെന്റ്, മാമുക്കോയ, കുതിരവട്ടം പപ്പു, കുഞ്ചന്‍, മാള അരവിന്ദന്‍ എന്നിവരെ ഉള്‍പ്പെടുത്തി നിരവധി ഓഡിയോ കാസറ്റുകള്‍ ഞങ്ങള്‍ അക്കാലത്ത് വിപണിയിലിറക്കിയിരുന്നു.

1987-ല്‍ കലാഭവന്‍ ട്രൂപ്പിന്റെ ആദ്യ ഗള്‍ഫ് യാത്ര കഴിഞ്ഞ് പുറത്തിറക്കിയ വീഡിയോ കാസറ്റും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചുരുക്കത്തില്‍ ആ വീഡിയോ കാസറ്റ് കാണാത്ത മലയാളികളില്ല എന്നു പറയാം. കലാഭവന്‍ മിമിക്സ് പരേഡിന്റെ വീഡിയോ കാസറ്റ് വിപണിയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
സംവിധായകന്‍ പത്മരാജന്‍ അടുത്ത ചിത്രത്തിലേക്ക് പുതുമുഖ നായകനെ തേടുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ മലയാറ്റൂര്‍ രാമകൃഷ്ണനോടും ഈ വിവരം പറഞ്ഞിരുന്നു. അങ്ങനെ മലയാറ്റൂര്‍ പരിചയത്തിലുള്ള റിഷി എന്ന ചെറുപ്പക്കാരനെ പത്മരാജന്റെ അടുത്തേക്കു പറഞ്ഞുവിട്ടു. റിഷിയെ നേരില്‍ കണ്ടെങ്കിലും പത്മരാജന്‍ തൃപ്തനായിരുന്നില്ല. എങ്കിലും പിന്നീട് അറിയിക്കാമെന്നു പറഞ്ഞ് റിഷിയെ പറഞ്ഞയച്ചു.

placeholder
ജയറാം. ഫോട്ടോ: മാതൃഭൂമി

അടുത്ത ദിവസം തന്നെ മലയാറ്റൂര്‍ രാമകൃഷ്ണന്‍ പത്മരാജനെ വിളിച്ച് താന്‍ അയച്ച പയ്യന്റെ കാര്യം തിരക്കി. ആളെ കണ്ടെങ്കിലും സംതൃപ്തനല്ല എന്ന സത്യം പത്മരാജന്‍ മറുപടി നല്‍കി. കലാഭവനിലെ മിമിക്സ് പരേഡില്‍ കളിക്കുന്ന തന്റെ ബന്ധുകൂടിയായ ഒരു ചെറുപ്പക്കാരനുണ്ടെന്നും മലയാറ്റൂര്‍ അറിയിച്ചു.

ഈ ഫോണ്‍കോള്‍ വന്നതിനുശേഷം പത്മരാജന്‍, മകന്‍ അനന്തപത്മനാഭനോട് മലയാറ്റൂര്‍ പറഞ്ഞ ചെറുപ്പക്കാരന്റെ കാര്യം തിരക്കി. ആയിടെ പുറത്തിറങ്ങിയ വീഡിയോ കാസറ്റിലൂടെ കലാഭവന്റെ മിമിക്സ് പരേഡ്, മകന്‍ കണ്ടതായി പത്മരാജന് അറിയാമായിരുന്നു.

'അച്ഛന്‍ മലയാറ്റൂര്‍ അങ്കിളിനോടു ചോദിക്കണം പറഞ്ഞ ആളിന്റെ പേര് ജയറാം എന്നാണോ?' 

പത്മരാജന്‍ തിരികെ മലയാറ്റൂര്‍ രാമകൃഷ്ണനെ വിളിച്ചപ്പോള്‍ ആ ചെറുപ്പക്കാരന്‍ ജയറാമാണെന്ന് മറുപടിയും ലഭിച്ചു. മിമിക്സ് പരേഡില്‍ പങ്കെടുത്തിരുന്ന ആറുപേരില്‍ ഏറ്റവും ഉയരവും, ഗ്ലാമറും ഉള്ള ജയറാമിന്റെ പ്രകടനവും മികച്ചതാണെന്ന് അനന്തപത്മനാഭന്‍ കൂടി അറിയിച്ചതോടെ, പത്മരാജന്‍ നമ്പര്‍ തപ്പിയെടുത്ത് ജയറാമിനെ വിളിച്ച് ഉടനെ പൂജപ്പുരയിലെ വീട്ടിലെത്താന്‍ ആവശ്യപ്പെട്ടു.

പിറ്റേന്നുതന്നെ ജയറാം, പൂജപ്പുരയിലെത്തി പത്മരാജനെ നേരില്‍ കണ്ടു. അപരന്‍ എന്ന തന്റെ പുതിയ ചിത്രത്തിലെ വിശ്വനാഥന്‍ എന്ന കഥാപാത്രം ജയറാമില്‍ സുരക്ഷിതമെന്ന തീരുമാനത്തിലേക്ക് പത്മരാജന്‍ എത്തിച്ചേര്‍ന്നു.

ഈ പടത്തില്‍ ജയറാമിന്റേത് പ്രധാന കഥാപാത്രമാണെന്നും തത്കാലം ഇതാരോടും പറയാതെ മനസ്സില്‍ സൂക്ഷിച്ചാല്‍ മതിയെന്നും വലിയ താമസമില്ലാതെ വിളിച്ചോളാമെന്നും പത്മരാജന്‍ അറിയിച്ചതോടെ അതീവ സന്തോഷവാനായി ജയറാം തിരുവനന്തപുരത്തുനിന്നും പെരുമ്പാവൂര്‍ക്കു മടങ്ങി.

സാഹിത്യവുമായി  ബന്ധപ്പെട്ട വാര്‍ത്തകളും  ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

1987-ലെ ഗള്‍ഫ് യാത്ര പുറപ്പെടുന്നതിനുമുമ്പ് ജയറാം എന്നോടു മാത്രം ഈ സന്തോഷവാര്‍ത്ത രഹസ്യമായി അറിയിച്ചു. വേറെയാരെയും അറിയിക്കരുതെന്ന് ജയറാം പ്രത്യേകം പറഞ്ഞിരുന്നു. പത്മരാജന്റെ പടത്തില്‍ തുടക്കം കിട്ടിയാല്‍ അതിനപ്പുറം ഒരു കലാകാരന് എന്തുവേണമെന്നും  പ്രാര്‍ഥിക്കാമെന്നും ആത്മാര്‍ഥതയോടെ തന്നെ ഞാന്‍ ജയറാമിനോട് ഉറപ്പുനല്‍കി. ഈ ആഹ്ളാദമെല്ലാം മനസ്സില്‍ സൂക്ഷിച്ചാണ് ഞങ്ങള്‍ രണ്ടാളും ഗള്‍ഫിലേക്ക് വിമാനം കയറിത്. അക്കാലത്ത് ഞാനും ജയറാമും സൈനുദ്ദീനും തമ്മിലായിരുന്നു ഏറ്റവും സൗഹൃദമുണ്ടായിരുന്നത്. പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്ന ആളുകളായിരുന്നു ഞങ്ങള്‍ മൂവരും.

ഒരു ദിവസം ഞാന്‍ ജയറാമിനോടു പറഞ്ഞു: 'എടാ... എന്തായാലും പത്മരാജന്റെ ഈ സിനിമ നടക്കും. നമുക്കു സൈനുവിനെക്കൂടി ഈ വിവരം അറിയിക്കാം. അവനും സന്തോഷമാകും. നമ്മള്‍ മൂന്നുപേര്‍ മാത്രം ഈ വിവരം അറിഞ്ഞാല്‍ മതി.'

അങ്ങനെ ജയറാം ഈ കാര്യം സൈനുദ്ദീനോടും പറഞ്ഞു. അവനും വലിയ സന്തോഷമായി. പക്ഷേ, എന്തിലും ഏതിലും കോമഡി കണ്ടെത്തുന്ന സൈനുദ്ദീന്‍ മറ്റൊരു പുകില്‍ നിരന്തരം ഒപ്പിച്ചുകൊണ്ടിരുന്നു.

placeholder
അപരന്‍ എന്ന ചിത്രത്തില്‍ ജയറാം

പ്രോഗ്രാമിന്റെ ഇടവേളകളില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രമിരിക്കുമ്പോള്‍ ജയറാമിനെ ഒന്നു പിരികയറ്റി അസ്വസ്ഥനാക്കാന്‍ റസ്റ്റ് ഹൗസ് എന്ന ചിത്രത്തിലെ 'പൗര്‍ണമി ചന്ദ്രിക തൊട്ടു വിളിച്ചു, പത്മരാഗം പുഞ്ചിരിച്ചു' എന്ന ഗാനം വരികള്‍ ചെറുതായി ഒന്നു മാറ്റിപ്പിടിച്ച് സൈനു പാടുമായിരുന്നു. 
'പൗര്‍ണമി ചന്ദ്രിക തൊട്ടു വിളിച്ചു, പത്മരാജന്‍ പുഞ്ചിരിച്ചു,' ഇതു കേള്‍ക്കുമ്പോള്‍ ടെന്‍ഷനടിച്ച് ജയറാമിന്റെ മുഖഭാവം മാറുന്നതു കാണുമ്പോള്‍ സൈനുദ്ദീന് ഒരു മനഃസുഖം കിട്ടുന്നുണ്ടായിരുന്നു. ഗള്‍ഫ് യാത്രയ്ക്കിടയില്‍ സൈനുദ്ദീന് ഇത് സ്ഥിരം പരിപാടിയായിരുന്നു.

പ്രോഗ്രാമെല്ലാം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ ജയറാമിനോട്, പത്മരാജന്‍ അത്യാവശ്യമായി രണ്ടുമൂന്നു തവണ വിളിച്ചെന്ന് അമ്മ അറിയിച്ചു. ഗള്‍ഫിലെ നമ്പര്‍ കൈയിലില്ലാത്തതുകൊണ്ട് അമ്മയ്ക്ക് ഈ വിവരം ജയറാമിനെ അറിയിക്കാനും കഴിഞ്ഞില്ല.

ജയറാം ഉടന്‍ തന്നെ പെരുമ്പാവൂര്‍നിന്നും തോട്ടുമുഖത്തുള്ള എന്റെ വീട്ടിലെത്തി ഈ വിവരം പറഞ്ഞു. ഞങ്ങൾ ഉടനെത്തന്നെ ആലുവ റെയില്‍വേ സ്റ്റേഷന്റെ മുന്‍വശത്തെ എസ്.ടി.ഡി. ബൂത്തിലെത്തി. അവിടെനിന്ന് ജയറാം, പത്മരാജനെ ഫോണില്‍ വിളിച്ചു. 

'നീ എവിടെപ്പോയി കിടക്കുകയായിരുന്നു? ഞാനെത്ര പ്രാവശ്യം വിളിച്ചു' എന്നു ദേഷ്യത്തോടെ പറഞ്ഞ പത്മരാജന്‍ ജയറാമിനോട് വേഗം തിരുവനന്തപുരത്തെത്താന്‍ ആവശ്യപ്പെട്ടു.

അങ്ങനെ അന്നുതന്നെ അത്യാവശ്യം വസ്ത്രങ്ങളൊക്കെ എടുത്ത് ജയറാം, തിരുവനന്തപുരത്തേക്കു ട്രെയിനില്‍ യാത്രയായി. അവിടെ ചെന്നുകഴിഞ്ഞ് ജയറാമിനോട് നീന്തല്‍ പഠിക്കാനും പത്മരാജന്‍ നിര്‍ദ്ദേശിച്ചു. മസ്‌കറ്റ് ഹോട്ടലിലെ നീന്തല്‍ക്കുളത്തിലാണ് ജയറാം നീന്തല്‍ പരിശീലനം നടത്തിയത്.
അപരന്‍ എന്ന ചിത്രത്തിനുശേഷം പത്മരാജന്‍ സംവിധാനം ചെയ്യുന്ന മൂന്നാം പക്കം എന്ന സിനിമയിലേക്കും ജയറാമിനെ മുന്‍കൂട്ടി ഉറപ്പിച്ചതിനാലാണ് നീന്തല്‍ പഠിക്കാനയച്ചതെന്ന് പിന്നീടാണ് മനസ്സിലായതത്രെ. അപരന്റെ റിലീസോടെ ജയറാം മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറി...