കലാഭവന്‍ റഹ്‌മാന്‍ എഴുതുന്ന പംക്തി കലാഭവന്‍ ഡയറീസ്...

To advertise here,

ബേലച്ചനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ തെളിയുന്ന കഥകളില്‍ ഏറെയും തമാശയും ഒപ്പം ചിന്തിക്കാനുള്ള വകയും ഏറെയുണ്ട്. അച്ചന്റെ സംഘാടനമികവുകൊണ്ടാണ് കലാഭവന്‍ എന്ന പ്രസ്ഥാനം മികവോടെ കേരളത്തിലെ കലാസാംസ്‌കാരിക മേഖലയില്‍ മുന്‍പന്തിയില്‍ എത്തിയതും അവിടെനിന്നുള്ള ഇത്രയധികം കലാകാരന്മാര്‍ സിനിമയിലടക്കം പ്രശസ്തിപഥത്തിലെത്തിയതും.

ആര്‍ട്ടിസ്റ്റുകള്‍ക്ക് പെട്ടെന്നുണ്ടാകുന്ന സാമ്പത്തികാവശ്യങ്ങള്‍ക്ക് മുന്‍കൂര്‍ വായ്പയായി കലാഭവനില്‍നിന്ന് കാശു വാങ്ങുന്ന പതിവുണ്ടായിരുന്നു. എണ്‍പതുകളിലൊക്കെ മിമിക്രി കലാകാരന്മാര്‍ക്ക് 150- 200 രൂപയൊക്കെയാണ് ഒരു പ്രോഗ്രാമില്‍ കളിച്ചാല്‍ ലഭിക്കുക. ഏതാണ്ട് 1500-2000 രൂപയൊക്കെയാണ് ഒരു പത്തു പ്രോഗ്രാമിനു ലഭിക്കുക. അന്നത്തെ കാലത്ത് ഈ തുകയെന്നു പറയുന്നത് ഒരു ബാങ്ക് ക്ലാര്‍ക്കിന്റെ ശമ്പളത്തിനു തുല്യമായ വലിയ വേതനമാണ്. വായ്പയായി ഒന്നിച്ചു ലഭിക്കുന്നത് പിന്നീട് പ്രോഗ്രാം കളിച്ച് വീട്ടുകയായിരുന്നു ആര്‍ട്ടിസ്റ്റുകള്‍ ചെയ്തിരുന്നത്.

കലാഭവന്റെ ഗാനമേളയ്ക്കിടയിലെ ഇടവേളകളില്‍ രണ്ടുപേര്‍ അവതരിപ്പിക്കുന്ന മിമിക്രിയും പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താറുണ്ടായിരുന്നു. അന്ന് ഇങ്ങനെ മിമിക്രി അവതരിപ്പിക്കാന്‍ സ്ഥിരമായി പോയിരുന്നത് കൊച്ചിക്കാരന്‍ ശിവദാസും ചേലക്കുളം റഹ്‌മാനും ആയിരുന്നു. അന്നത്തെ കാലത്തെ ഗാനമേളകള്‍ക്കിടയിലെ ഇവരുടെ പ്രോഗ്രാം കാണികള്‍ നന്നായി ആസ്വദിച്ചിരുന്നു.

ഇവരില്‍ ശിവദാസിന് ആസ്ത്മയുടെ അസുഖമുണ്ടായിരുന്നു. ആസ്ത്മ കൂടി ശ്വാസംമുട്ടലും വലിവും വന്ന് ശിവദാസന്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്ന കാലമായിരുന്നു അത്. പല ചികിത്സയും നടത്തി ഫലിക്കാതെ വന്ന അവസരത്തിലാണ് ശിവദാസിനോട് ആരോ ആന്ധ്രയിലെ ഒറ്റമൂലിപ്രയോഗത്തെക്കുറിച്ച് പറഞ്ഞത്. ആന്ധ്രാപ്രദേശില്‍ പോയി മീന്‍ വിഴുങ്ങിയാല്‍ ആസ്ത്മ ഭേദമാകും എന്ന വിവരമറിഞ്ഞ ശിവദാസും അതൊന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഇങ്ങനെ മീന്‍ വിഴുങ്ങി ആസ്ത്മ ഭേദമായവര്‍ പലരും ഉറപ്പു പറഞ്ഞതോടെ ശിവദാസന്‍ ഒട്ടും സമയം കളയാതെ ആന്ധ്രയിലേക്കു പോകാന്‍ റെഡിയായി. പക്ഷേ, യാത്രാച്ചെലവിന് ശിവദാസിന്റെ കൈയില്‍ കാശില്ല. പിന്നെ ശരണം ആബേലച്ചന്‍ മാത്രമാണ്. 

ആബേലച്ചനെ കാണാന്‍ ഒന്നുരണ്ട് പ്രാവശ്യം ശ്രമിച്ചെങ്കിലും പലരുമായും സംസാരിച്ചിരിക്കുന്ന അച്ചന്റെ തിരക്കൊഴിയാന്‍ ശിവദാസന്‍ കാത്തുനിന്നു. അങ്ങനെ അടുത്ത ദിവസം ആബേലച്ചന്‍ ഓഫീസില്‍ വലിയ തിരക്കില്ലാതെ ഒറ്റയ്ക്കിരിക്കുന്ന സമയത്ത് ശിവദാസ് പതുക്കെ അച്ചന്റെയടുത്തെത്തി മുരടനക്കി. അച്ചന്‍ തലയുയര്‍ത്തി ശിവദാസിനെ ഒന്നു നോക്കി.

'അച്ചാ എനിക്കൊരു ആവശ്യമുണ്ടായിരുന്നു,' മടിച്ചു മടിച്ച് ശിവദാസന്‍ പറഞ്ഞുതുടങ്ങി.
'ആ... എന്നാ ശിവദാസേ... പറഞ്ഞോ.'
'അല്ല... എനിക്കൊരു ആയിരം രൂപ വേണം.'
'ആയിരം രൂപയോ? അതെന്തിനാ?'
'ഇനിയിപ്പോള്‍ സീസനാണല്ലോ വരുന്നത്. പ്രോഗ്രാമൊക്കെ ഇഷ്ടംപോലെ കിട്ടും. എനിക്കൊരു ആയിരം രൂപ വളരെ അത്യാവശ്യമായി വേണം. അടുത്ത പ്രോഗ്രാമീന്നൊക്കെ അച്ചന്‍ പിടിച്ചോ...'

ഒറ്റശ്വാസത്തില്‍ ശിവദാസന്‍, അച്ചനോടു കാര്യം പറഞ്ഞു നിര്‍ത്തി. 
'എന്താ തന്റെയീ അത്യാവശ്യം?' അച്ചന്‍ വിടാനുള്ള ഭാവമില്ല.
'എനിക്ക് മീന്‍ വിഴുങ്ങാനാണച്ചോ.'
'ങാ... തനിക്ക് മീന്‍ വിഴുങ്ങാനാണോ?'

ഇതും പറഞ്ഞ ആബേലച്ചന്‍ മുറിയുടെ ഒരു വശത്തായി ഇരുന്നിരുന്ന കലാഭവനിലെ സ്റ്റാഫായ എല്‍സിയുടെ നേരെ തിരിഞ്ഞിട്ട് ഉടനെ പറഞ്ഞു.
'ആ... എല്‍സീ... ഈ ശിവദാസിനൊരു അന്‍പതു രൂപ കൊട്...' എന്നിട്ട് ശിവദാസിനെ നോക്കി പറഞ്ഞു:
'ശിവദാസേ... ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന ഏറ്റവും നല്ല മീന്‍ കരിമീനാ. അതിന് ഒരു കിലോയ്ക്ക് അന്‍പതു രൂപ വിലയാ. താന്‍ കടവന്ത്ര മാര്‍ക്കറ്റില്‍ പോയി നല്ല ഒരു കിലോ കരിമീന്‍ വാങ്ങി വിഴുങ്ങ്...'

അച്ചന്‍ തിരിഞ്ഞ് എല്‍സിയോട്: 'പാവം... വിശന്നിട്ടായിരിക്കും.'
ശിവദാസന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ അച്ചന്‍ മുകള്‍നിലയിലെ മുറിയിലേക്ക് ഉച്ചമയക്കത്തിനായി നടന്നുനീങ്ങി.

placeholder
ആബേലച്ചനൊപ്പം കലാഭവന്‍ റഹ്‌മാന്‍

ആദ്യമായി കാണുന്നവര്‍ക്ക് ഗൗരവമുള്ള കര്‍ശന ചിന്താഗതിക്കാരനായ ഒരാളായി തോന്നുമെങ്കിലും അസാമാന്യ നര്‍മ്മബോധവും ഉരുളയ്ക്കുപ്പേരി കണക്കെ മറുപടിയും നല്‍കാന്‍ സമര്‍ത്ഥനായ വ്യക്തിയുമായിരുന്നു ആബേലച്ചന്‍. ഈ നര്‍മ്മബോധം ഉള്ളിലുള്ളതുകൊണ്ടുതന്നെയാണ് കലാഭവന്റെ മിമിക്സ് പരേഡ് എന്ന ആശയം അദ്ദേഹം ആലോചിച്ചതെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. പലപ്പോഴും ആബേലച്ചന്‍ പലരോടും പൊടുന്നനെ പറയുന്ന ശരവേഗത്തിലുള്ള തമാശയില്‍ പൊതിഞ്ഞ കൗണ്ടര്‍ മറുപടികള്‍ കേട്ട് ഞങ്ങളെല്ലാം അന്തംവിട്ടു നിന്നിട്ടുണ്ട്.

മിമിക്സ് പരേഡ് കളിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഗാനമേളകളില്‍ സ്ഥിരമായി ഹിന്ദി പാട്ടുകള്‍ പാടി കൈയടി വാങ്ങിച്ചിരുന്നത് തൃശ്ശൂര്‍ സ്വദേശിയായ പീറ്ററായിരുന്നു. കിഷോര്‍കുമാറിന്റെ പ്രശസ്ത ഹിന്ദി ഗാനങ്ങള്‍ അതേ ഘനഗംഭീര്യ ശബ്ദത്തില്‍ അവതരിപ്പിച്ചിരുന്ന പീറ്റര്‍ അന്നും എന്നും കലാഭവന്റെ ഗാനമേള സംഘത്തിലെ മികച്ച ഗായകരില്‍ ഒരാളായിരുന്നു. കലാഭവന്റെ ആദ്യത്തെയും രണ്ടാമത്തെയും ഗള്‍ഫ് പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുവാങ്ങി തിളങ്ങിയത് പീറ്ററായിരുന്നു.

പീറ്റര്‍ ഒരു ദിവസം ആബേലച്ചന്റെ ഓഫീസ് മുറിയിലെത്തി വിനയപൂര്‍വ്വം ഒരാവശ്യം അറിയിച്ചു.

'അച്ചോ... എന്റെ വീടിനടുത്ത് ഒരു പാട്ടുകാരനുണ്ട്. അയാള് നന്നായിട്ട് പാടുമച്ചൊ. നമ്മുടെ ഏതെങ്കിലും ഒരു സ്റ്റേജില്‍ അയാള്‍ക്ക് അവസരം കൊടുക്കണം.'
ഒരല്‍പ്പം സംശയത്തോടെ പീറ്ററെ നോക്കി അച്ചന്‍ ചോദിച്ചു:
'പീറ്ററെ... തനിക്കുറപ്പാണോ? നന്നായിട്ട് പാടുമോ? കലാഭവനില്‍ പാടാനുള്ള സ്റ്റാന്‍ഡേര്‍ഡ് ഉണ്ടോ?'
'ഉണ്ടച്ചോ... ധൈര്യമായിട്ട് ഒരവസരം കൊടുത്തുനോക്ക്... അച്ചന് ഇഷ്ടപ്പെടും.' പീറ്റര്‍ പുതിയ ഗായകന്റെ കാര്യത്തില്‍ ആത്മവിശ്വാസത്തിലായിരുന്നു. ഗാനമേള ട്രൂപ്പിലെ പ്രശസ്തഗായകനായ പീറ്റര്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ ആബേലച്ചന് നിഷേധിക്കാന്‍ സാധിക്കില്ലായിരുന്നു.

'ങാ... എങ്കില്‍ അടുത്ത തിങ്കളാഴ്ച അയാളോട് വരാന്‍ പറ. നമുക്കു പ്രോഗ്രാമിനു കൊണ്ടുപോകാം.'
അച്ചന്റെ മറുപടി കേട്ട് സന്തോഷത്തോടെ പീറ്റര്‍ ഗായകനെ വിളിച്ച് വിവരം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ തന്നെ പീറ്റര്‍ പറഞ്ഞ ചെറുപ്പക്കാരനായ ഗായകന്‍ കലാഭവനിലെത്തി. അന്നു വൈകിട്ട് പത്തനംതിട്ടയിലാണ് ഗാനമേള ബുക്ക് ചെയ്തിരുന്നത്.
പീറ്റര്‍ ആബേലച്ചന്റെ മുറിയിലെത്തി ചോദിച്ചു: 'അച്ചാ... ആള് വന്നിട്ടുണ്ട്. അച്ചന് പാട്ടുകേള്‍ക്കണമെങ്കില്‍ പാടാന്‍ പറയാം.'
'തനിക്കുറപ്പുണ്ടെങ്കില്‍ എനിക്കു പ്രശ്നമില്ല പീറ്ററേ. അതു മതിയെടോ.'
പീറ്ററിന്റെ ആത്മവിശ്വാസത്തില്‍ ആബേലച്ചന് ഉറപ്പുണ്ടായിരുന്നു.

അപൂര്‍വ്വം ചില പരിപാടികള്‍ക്ക് ആബേലച്ചനും കലാകാരന്മാര്‍ക്കൊപ്പം വരാറുണ്ടായിരുന്നു. അന്നത്തെ പത്തനംതിട്ട പ്രോഗ്രാമിന് പോകാനായി കലാഭവനിലെ സംഘാംഗങ്ങള്‍ക്കൊപ്പം അച്ചനും വണ്ടിയില്‍ കയറി.

അങ്ങനെ കലാഭവന്റെ വാഹനം പത്തനംതിട്ടയിലെ പ്രോഗ്രാം സ്ഥലത്തെത്തി. വമ്പന്‍ ജനാവലി എത്തിച്ചേര്‍ന്ന സദസ്സിന്റെ മുന്‍നിരയില്‍തന്നെ ബഹുമാനപുരസ്സരം ആബേലച്ചനും സംഘാടകര്‍ ഇരിപ്പിടം നല്‍കി. അച്ചന്‍ വരുന്ന പ്രോഗ്രാം എന്നു പറയുമ്പോള്‍ കലാകാരന്മാര്‍ക്ക് ചങ്കിടിപ്പ് കൂടും. എല്ലാം വളരെ ശ്രദ്ധിച്ച് കാണുന്ന ആബേലച്ചന്‍ തെറ്റുകണ്ടാല്‍ പിന്നീടത് മുഖത്തുനോക്കി തുറന്നുപറയും. ആ മാനസികസമ്മര്‍ദ്ദം ഉള്ളിലൊതുക്കിയാണ് മിക്കവരും അത്തരം സ്റ്റേജുകളില്‍ അച്ചന്റെ മുന്നില്‍ പരിപാടി അവതരിപ്പിക്കുക.

വന്‍ ജനസഞ്ചയത്തിന്റെ മുന്നില്‍ പരിപാടി ആരംഭിച്ചു. നല്ല കൈയടിയും പ്രേക്ഷകരുടെ ഹര്‍ഷാരവവും നേടി ഗാനമേള വിജയകരമായി മുന്നേറിക്കൊണ്ടിരുന്നു. പത്തോളം ഗാനങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞ് പുതിയ ഗായകനെ പാടാനായി സ്റ്റേജിലേക്കു ക്ഷണിക്കുന്ന അനൗണ്‍സ്മെന്റ് മുഴങ്ങി. ആത്മവിശ്വാസത്തോടെ തന്നെ സ്റ്റേജിലെത്തിയ പുതിയ ഗായകന്‍ പാടിത്തുടങ്ങി. എന്താണ് കാരണമെന്നറിയില്ല പാട്ടു തുടങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ വലിയ കൂവലായിരുന്നു. അത്യാവശ്യം നന്നായിട്ടുതന്നെയാണ് പുതിയ ചെറുപ്പക്കാരന്‍ ഗാനം അവതരിപ്പിച്ചതെങ്കിലും അവിടെ കൂടിയ ജനാവലി അത് ഉള്‍ക്കൊണ്ടതായി തോന്നിച്ചില്ല.

മറ്റുള്ള കലാഭവന്റെ സ്ഥിരം ഗായകരുടെ ഗാനങ്ങളൊക്കെ സ്വീകരിക്കപ്പെട്ടപ്പോഴും പുതിയ ഗായകനെതിരെ ഉയര്‍ന്ന കൂക്കുവിളികള്‍ കല്ലുകടിയായി അവശേഷിച്ചു.

ഇതു കേട്ട് ഗായകന്‍ പീറ്റര്‍ അസ്വസ്ഥനായി. നന്നായി പാടുന്ന ആളെന്ന ഉത്തമബോദ്ധ്യത്തില്‍ തന്റെ ശുപാര്‍ശയില്‍ വന്ന ഗായകന് ഇതെന്തുപറ്റിയെന്ന ആശങ്കയിലും ആബേലച്ചന്‍ ഇനി എന്തു പറയുമെന്ന ഭയത്തിലും പീറ്റര്‍ ഉള്‍വലിഞ്ഞ് നിന്നു. പക്ഷേ, പീറ്റര്‍ കരുതിയപോലെ ഒന്നും സംഭവിച്ചില്ല. പ്രോഗ്രാം കഴിഞ്ഞ് എറണാകുളത്തേക്ക് വാഹനത്തില്‍ മടങ്ങവേ ആബേലച്ചന്‍ അന്നവിടെ നടന്ന സംഭവങ്ങളൊന്നും അറിഞ്ഞ മട്ട് കാണിച്ചില്ല. പീറ്റര്‍ ഒന്ന് ആശ്വസിച്ചു.

പിറ്റേ ദിവസവും കലാഭവന് ഗാനമേള ബുക്കിങ് ഉണ്ടായിരുന്നു. പോകാനുള്ള സമയമായപ്പോഴേക്കും ആര്‍ട്ടിസ്റ്റുകള്‍ ഓരോരുത്തരായി കലാഭവനിലേക്ക് വന്നുകൊണ്ടിരുന്നു. അച്ചന്റെ മുറിയില്‍ ഇരുന്നാല്‍ ഈ വരുന്നവരെയെല്ലാം കാണാവുന്ന രീതിയിലാണ് മേശയും കസേരയും സജ്ജീകരിച്ചിരുന്നത്.
ശ്രദ്ധയോടെ ഇരുന്ന അച്ചന്‍ നോക്കിയപ്പോള്‍ തലേന്ന് പത്തനംതിട്ടയില്‍ ഗാനം ആലപിച്ച അതേ ചെറുപ്പക്കാരനും എത്തിയിട്ടുണ്ട്. അന്നത്തെ പരിപാടിക്കും കക്ഷിയെ പീറ്റര്‍ വിളിച്ചിട്ടുണ്ടെന്ന് ആബേലച്ചനു മനസ്സിലായി. ഉടനെതന്നെ അച്ചന്‍ പീറ്ററിനെ ഓഫീസിലേക്കു വിളിച്ചുവരുത്തി. 
മുഖവുരയൊന്നുമില്ലാതെ ആബേലച്ചന്‍ പീറ്ററിനോടു പറഞ്ഞുതുടങ്ങി.

'അതേ... ഇന്നലെ പാടി കൂവല് കിട്ടിയ ആള് ദേ ഇന്നും വന്നിട്ടുണ്ടല്ലോ പീറ്ററേ? അയാളെ ഇനി പാടിക്കണോ? അതു വേണ്ട. ഇനി അവന്‍ ശരിയാകുമോ?'
അച്ചന്റെ ആവലാതി തിരിച്ചറിഞ്ഞ പീറ്റര്‍ സങ്കടത്തോടെ പറഞ്ഞു:
'അങ്ങനെ പറയല്ലെ അച്ചാ... വീട്ടിലൊക്കെ വല്യ ബുദ്ധിമുട്ടുള്ള ആളാ... സാമ്പത്തികപ്രശ്നമൊക്കെ ഉണ്ട്... വളരെ ബുദ്ധിമുട്ടി ജീവിക്കുന്ന ആളാ. ഒരു ചാന്‍സുകൂടി കൊടുക്കണമച്ചോ...'

അച്ചന്റെ അടുത്ത ചോദ്യം ഉടനെത്തി:
'പീറ്ററേ... ഇന്നു നമുക്ക് എവിടാ പരിപാടി?'
'അത്... പാവറട്ടി പള്ളിയില്...'
'ആഹ്... പാവറട്ടി പള്ളി നിങ്ങളുടെ നാട്ടിലല്ലേ? തൃശ്ശൂര്‍ ജില്ലേല്?'
അതെയെന്ന മട്ടില്‍ തലകുലുക്കിനിന്ന പീറ്ററോട് ആബേലച്ചന്‍ വീണ്ടും ചോദ്യമുയര്‍ത്തി.
'ഉദ്ദേശം എത്ര പേര് കാണും പാവറട്ടി പള്ളീലെ പരിപാടി കാണാന്‍?'
പുതിയ ഗായകന്റെ വിഷയം മറന്ന് അച്ചന്‍ വേറെ ചോദ്യങ്ങളിലേക്കു കടന്നതു കണ്ട പീറ്റര്‍ ഒന്നാശ്വസിച്ചു.

'അയ്യോ... പറയാനുണ്ടോ? അവിടെ ഭയങ്കര ആള് കൂടുന്ന സ്ഥലമല്ലേ? പത്തമ്പതിനായിരം പേരെങ്കിലും വരും...'
മുഖത്തു നിറഞ്ഞ ചിരിയോടെ പീറ്റര്‍ മറുപടി പറഞ്ഞു.

അച്ചന്റെ മറുപടി ഉടന്‍ വന്നു: 'അങ്ങനെയാണെങ്കില്‍ ഇപ്പറഞ്ഞ അമ്പതിനായിരം പേര് ബുദ്ധിമുട്ടണോ? അയാളുടെ വീട്ടുകാര് ബുദ്ധിമുട്ടണോ?'
പീറ്ററിന്റെ മുഖത്തെ ചിരി മാഞ്ഞു.
'പറഞ്ഞുവിട് പീറ്ററേ അയാളെ...'
ഇതും പറഞ്ഞ് കസേരയില്‍നിന്നെഴുന്നേറ്റ് ആബേലച്ചന്‍ മുറിക്കു പുറത്തേക്കു നടന്നു.

placeholder
ആബേലച്ചനൊപ്പം കലാഭവന്‍ റഹ്‌മാന്‍, കെ.എസ് പ്രസാദ്‌
 

ആബേലച്ചന്റെ സ്വഭാവം പ്രവചനാതീതമായിരുന്നു. വളരെ ക്ഷമയുള്ള ആളായിരുന്നെങ്കിലും പെട്ടെന്നായിരിക്കും ദേഷ്യം വരിക. എത്ര ദേഷ്യപ്പെട്ടാലും ഉള്ളിലൊരു സ്നേഹതിര അലയടിക്കുന്നത് ഞങ്ങള്‍ പല പ്രാവശ്യം നേരില്‍ കണ്ടിട്ടുണ്ട്. എപ്പോഴാണ് കൗണ്ടര്‍, തമാശയിലൂടെ പറയുന്നതെന്നു പറയാനാകില്ല. പക്ഷേ, വേണ്ട സമയത്ത് കൃത്യമായ അളവില്‍ കമന്റുകളും മറുപടികളും തമാശയിലൂടെ പറയാന്‍ സാധിക്കുന്ന ആബേലച്ചന്റെ കഴിവ് വിവരണാതീതമാണ്.

സുദീര്‍ഘമായ ഗള്‍ഫ് പരിപാടിയായിരുന്നു അത്. മസ്‌കറ്റില്‍നിന്നും അടുത്ത പ്രോഗ്രാമിനായി കലാഭവന്‍ സംഘം സലാലയിലേക്ക് ഒരു മിനി ബസ്സില്‍ റോഡുമാര്‍ഗ്ഗം യാത്രചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ അത്രയും വികസിച്ചിട്ടില്ലാത്ത ആ റോഡിന്റെ ഇരുവശവും നോക്കെത്താദൂരത്തില്‍ പൂഴിമണല്‍ നിറഞ്ഞ മരുഭൂമി മാത്രമാണ് കാണപ്പെട്ടിരുന്നത്. 10-12 മണിക്കൂര്‍ തുടര്‍ച്ചയായി യാത്ര ചെയ്താലേ സലാലയില്‍ എത്തിച്ചേരൂ. കുടിക്കാനുള്ള വെള്ളമൊക്കെ ടെംപോയില്‍ മുന്‍കൂട്ടി കരുതിവെച്ചാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്. കിലോമീറ്റര്‍ താണ്ടിക്കഴിയുമ്പോള്‍ ഇടയ്ക്കിടയ്ക്ക് കാണുന്ന ഹോട്ടലുകള്‍ ഒഴിച്ചാല്‍ കണ്‍മുന്നിലും ചുറ്റിലും തീ പാറുന്ന മണലാരണ്യം മാത്രമാണുണ്ടായിരുന്നത്. യാത്രയ്ക്കിടയിലെ ബോറടി മാറ്റാന്‍ തമാശയും വെടിവട്ടവും പറഞ്ഞിരിക്കണമെന്നുണ്ടെങ്കിലും ആബേലച്ചന്റെ സാന്നിദ്ധ്യം കാരണം ഞങ്ങള്‍ ആ ഉദ്യമത്തില്‍നിന്നും പിന്‍മാറി ടെംപോയില്‍ ഒതുങ്ങി ഇരുന്നു. എന്നാലും ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ ശബ്ദം താഴ്ത്തി പറയുന്ന കൊച്ചുതമാശകള്‍ കേട്ട് അച്ചന്‍ സ്വയം ചിരിക്കുന്നതും കാണാം. പിന്നീട് ചിരി മാഞ്ഞ് തികഞ്ഞ ഗൗരവത്തിലുമാകുന്നുണ്ട് ആബേലച്ചന്റെ മുഖം. 

ഈരണ്ടു പേര്‍ ഇരിക്കുന്ന സീറ്റുകളൊന്നില്‍ ജയറാമും സൗണ്ട് റിക്കാര്‍ഡിസ്റ്റ് രാമുവും തൊട്ടടുത്ത സീറ്റില്‍ ഞാനും സൈനുദ്ദീനുമാണ് ഇരുന്നത്. ഞങ്ങള്‍ രണ്ടാളും പരസ്പരം ഒതുക്കത്തില്‍ തമാശയൊക്കെ പറഞ്ഞ് മരുഭൂമിയിലെ യാത്രയിലെ ബോറടി പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

കുറച്ചു നേരമായി ആബേലച്ചന്‍ തെല്ലൊരു അസ്വസ്ഥതയോടെ ബസ്സില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. സീറ്റിലിരിക്കുന്ന ഓരോരുത്തരെയും അച്ചന്‍ നടത്തത്തിനിടയില്‍ ശ്രദ്ധിക്കുന്നുമുണ്ട്. അച്ചന്‍ നോക്കുമ്പോള്‍ ജയറാമും രാമുവും കുറേ നേരമായി അന്തം വിട്ട് എന്തോ ആലോചിച്ച് കണ്ണുവെട്ടിക്കാതെ മരുഭൂമിയിലോട്ടു നോക്കി ഒരേ ഇരിപ്പാണ്. ഇതു കണ്ട് അച്ചന്‍ അവരുടെ അടുത്തെത്തി ചോദിച്ചു:
'എന്താ രണ്ടുപേര്‍ക്കും ഒരു ടെന്‍ഷന്‍പോലെ? എന്താ പ്രശ്നം?'

'ഇല്ലച്ചാ... ഒന്നുമില്ല... ഞങ്ങള് വീട്ടിലെ കാര്യങ്ങളൊക്കെ ഓര്‍ത്തങ്ങ് ഇരുന്നതാണ്.'

ജയറാം അച്ചനെ നോക്കി മറുപടി പറഞ്ഞു. ഉടന്‍വന്നു ആബേലച്ചന്റെ കൗണ്ടര്‍ മറുപടി: 'അതൊന്നുമല്ല എന്ന് എനിക്കു മനസ്സിലായി. ഈ സ്ഥിരം അടിക്കുന്നവര്‍ക്ക് അടിച്ചില്ലെങ്കില്‍ ചില പ്രശ്നങ്ങളൊക്കെ ഉണ്ട്... ഹാ... ഒരുപണി ചെയ്യ്. ആരുമറിയണ്ട. ഈ പോകുന്ന വഴി ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുമ്പോള്‍ അവിടെങ്ങാനും വല്ല ബാറൊക്കെ കാണും. രണ്ടുപേരും കേറി ഈരണ്ടെണ്ണം അടിച്ചോ. മൂഡ് ഓഫില്‍ യാത്ര ചെയ്യണ്ട... ഉം...'

അച്ചനിങ്ങനെ പറയുമെന്നു പ്രതീക്ഷിക്കാത്ത ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.