തൊണ്ണൂറുകളുടെ ആദ്യകാലത്ത് ഞാനും ജഗതി ശ്രീകുമാറും കുറെയധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ലൊരു ബന്ധമുണ്ടായിരുന്ന കാലം. ഷൂട്ടിങ്ങിനായി എറണാകുളത്തു വരുമ്പോഴെല്ലാം അദ്ദേഹം താമസിക്കുന്ന ഹോട്ടലിലേക്കു എന്നെ വിളിക്കും. അമ്പിളിച്ചേട്ടനുമൊന്നിച്ച് നിരവധി തവണ കൂടിയിട്ടുള്ള അനുഭവങ്ങള്‍ ഏറെ രസകരമാണ്. ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും തന്റേതായ കാഴ്ചപ്പാടും അഭിപ്രായവുമുള്ള അമ്പിളിച്ചേട്ടന്‍ അതെല്ലാം ആരുടെ മുന്നിലും തുറന്നുപറയാനും മടികാട്ടാത്ത വ്യക്തിത്വത്തിനുടമയാണ്. അദ്ദേഹവുമായുള്ള സൗഹൃദം ഞാനേറെ ആസ്വദിച്ചിരുന്നു. ഒരു ദിവസം എറണാകുളത്തുവെച്ച് നേരില്‍ കണ്ടപ്പോള്‍ അമ്പിളിച്ചേട്ടന്‍ എന്നോടു പറഞ്ഞു: 'റഹ്‌മാനേ... കലാഭവനില്‍നിന്ന് ഒരുപാടു പേർ സിനിമയില്‍ വന്നല്ലോ... അതൊരു വലിയ സംഭവമല്ലേ? ഇതിന്റെയെല്ലാം പുറകിലുള്ള ആബേലച്ചനെ പരിചയപ്പെടണമെന്നുണ്ട്. കലാഭവനില്‍ ഒന്നു വരണമെന്ന് എനിക്കാഗ്രഹമുണ്ട്.'

To advertise here,

അമ്പിളിച്ചേട്ടന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കും വലിയ ഉത്സാഹമായി.
'അയ്യോ... അത് നമുക്കും വലിയ സന്തോഷമുള്ള കാര്യമല്ലേ. ചേട്ടനെന്നാണ് പോകേണ്ടതെന്നുവെച്ചാല്‍ പറഞ്ഞാല്‍ മതി. നമുക്കു പോകാം, അച്ഛനെ പരിചയപ്പെടുകയും ചെയ്യാം.'
'ഞാന്‍ അടുത്തതവണ ഇവിടെ വരുമ്പോള്‍ റഹ്‌മാനെ വിളിക്കാം. നമുക്കൊന്നിച്ചു പോകാം,' എന്നു വാക്കുതന്ന് അമ്പിളിച്ചേട്ടന്‍ എറണാകുളത്തുനിന്ന് മടങ്ങിപ്പോയി. 

കുറച്ചു നാളുകള്‍ക്കു ശേഷം എറണാകുളത്ത് വീണ്ടും എത്തിയപ്പോള്‍ അമ്പിളിച്ചേട്ടന്‍ വിളിച്ചു. ഷേണായീസ് തിയേറ്ററിനു മുമ്പിലുള്ള ക്വീന്‍സ് ഹോട്ടലിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ശബരിമലയ്ക്കു പോകാനായി മാലയിട്ടിരുന്നതുകൊണ്ട് കാവി ജൂബയും കാവി മുണ്ടും ധരിച്ച അമ്പിളിച്ചേട്ടനൊപ്പം കലാഭവനിലേക്ക് കാറില്‍ യാത്രയായി.

ഏതാണ്ട് ഉച്ചകഴിഞ്ഞ് നാലുമണിയോടെയാണ് ഞങ്ങള്‍ കലാഭവനിലെത്തിയത്. മെയിന്‍ റോഡില്‍നിന്നും ഉള്ളിലേക്കു കയറി. ജനലിന്റെ ഒരു വശത്തുകൂടി വന്ന് കോറിഡോറിലൂടെയാണ് ആബേലച്ചന്റെ മുറിയില്‍ കയറുന്നത്. ആ മുറിയില്‍ കയറുമ്പോള്‍ അച്ചനിരിക്കുന്ന കസേരയുടെ പുറകുവശമാണ് ആദ്യം കാണുക. അതിലൂടെ കയറി കസേരയുടെ മുന്‍ഭാഗത്തെത്തി അച്ചനു കാണാവുന്ന രീതിയില്‍ ജഗതിയെ ഞാന്‍ കസേരയില്‍ ഇരുത്തി.
അമ്പിളിച്ചേട്ടനെയും എന്നെയും കണ്ടെങ്കിലും കാണാത്ത രീതിയില്‍ ഏതോ സ്റ്റാഫംഗവുമായി ആബേലച്ചന്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എനിക്കെന്തോ ഒരു പന്തികേടു തോന്നി. അച്ചനിതെന്താ ഇങ്ങനെ പെരുമാറുന്നതെന്ന സംശയത്തിലും അമ്പിളിച്ചേട്ടന്‍ ഇതൊക്കെ എങ്ങനെ എടുക്കുമെന്ന ജാള്യതയിലും ഞാനവിടെ ഉരുകിനിന്നു.

പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഹാസ്യകലാകാരന്‍ സാക്ഷാല്‍ ജഗതി ശ്രീകുമാര്‍ ആബേലച്ചന്റെ മുറിയില്‍ എത്തിയതു കണ്ട് സ്റ്റാഫംഗങ്ങള്‍ അമ്പരന്നുനില്‍ക്കുന്ന കാഴ്ചയും അവിടെ കണ്ടു.

'അച്ചാ ജഗതി ശ്രീകുമാര്‍...' എന്ന് ഒരു സ്റ്റാഫ് ആംഗ്യഭാഷയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ആബേലച്ചന്‍ മുന്നിലുള്ള സ്റ്റാഫിനോട് വര്‍ത്തമാനം തുടരുകയാണ്. ഞാനാണെങ്കില്‍ അമ്പിളിച്ചേട്ടന്റെ മുഖത്തു നോക്കാനാവാതെ വിഷമിച്ചു നില്‍ക്കുകയാണ്. തന്നെപ്പോലൊരാള്‍ മുന്നില്‍ വന്നിട്ടും ഒട്ടും ഗൗനിക്കാതെ ആബേലച്ചന്‍ മറ്റൊരാളോടു സംസാരിക്കുന്നതു കണ്ട് അമ്പിളിച്ചേട്ടന്റെ മുഖവും വിവര്‍ണ്ണമായി.

കലാഭവനില്‍ പാട്ടും സംഗീത ഉപകരണങ്ങളും പഠിക്കാനെത്തുന്ന ധാരാളം വിദ്യാര്‍ഥി,  വിദ്യാര്‍ഥിനികളും പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്ന കലാകാരന്മാരും ആബേലച്ചന്റെ മുറിയുടെ ജനാലയുടെ പുറത്ത് പ്രിയങ്കരനായ ജഗതി ശ്രീകുമാറിനെ കാണാന്‍ തടിച്ചുകൂടിത്തുടങ്ങി.
ആളുകള്‍ ചുറ്റുവട്ടം കൂടിയതു കണ്ട്, അച്ചന് വന്നിരിക്കുന്ന അതിഥി അറിയപ്പെടുന്ന വ്യക്തിയാണെന്ന് ബോദ്ധ്യപ്പെട്ടുതുടങ്ങി. സിനിമയൊന്നും അധികം കാണാത്ത ആബേലച്ചന് ജഗതി ശ്രീകുമാറെന്ന ഹാസ്യസാമ്രാട്ടിനെ വലിയ പിടിയില്ലായിരുന്നു എന്നതായിരുന്നു സത്യം.

അച്ചന്‍ പെട്ടെന്നുതന്നെ കസേരയില്‍നിന്ന് എഴുന്നേറ്റ് എന്നെ നോക്കി. എന്നിട്ടു പറഞ്ഞു: 'റയിമാന്‍ ഇങ്ങുവന്നേ...'
ഞങ്ങള്‍ രണ്ടാളും മുറിക്കു പുറത്തേക്കിറങ്ങി. അകത്തോട്ടു വിരല്‍ചൂണ്ടി ആബേലച്ചന്‍ എന്നോടു ചോദിച്ചു:
'ഇത്?' 
'അച്ചാ ഇത് അമ്പിളിച്ചേട്ടന്‍...' ഞാന്‍ പതുക്കെ മറുപടി പറഞ്ഞു.
'ഇയാള് ഇത്രയ്ക്ക് പ്രശസ്തനാണോ?' വീണ്ടും അച്ചനു സംശയം.
'ഇതാണ് ജഗതി ശ്രീകുമാര്‍. മലയാളസിനിമയിലെ പ്രഗല്ഭനായ കൊമേഡിയന്‍.'
സംശയഭാവത്തില്‍ നിലയുറപ്പിച്ച അച്ചനോട് ഞാന്‍ കാര്യം വിശദമാക്കിക്കൊടുത്തു.
'ഓ... അതുശരി, അതുശരി.'
ചെറുചിരിയോടെ ആബേലച്ചന്‍ മറുപടി പറഞ്ഞുകൊണ്ടുതന്നെ തിരികെ നടന്ന് തന്റെ കസേരയിലേക്കിരുന്ന്, ജഗതിച്ചേട്ടനെ നോക്കി പുഞ്ചിരിച്ചു. പിന്നീട് ചിരപരിചിതനെപ്പോലെ അമ്പിളിച്ചേട്ടനോട് പെരുമാറാനാരംഭിച്ചു.
'ആ ജഗതി... ഞാനല്‍പ്പം തിരക്കിലായിപ്പോയി.'
അമ്പിളിച്ചേട്ടനും പിരിമുറുക്കമഴിഞ്ഞ് അച്ചനെ നോക്കി ഹസ്തദാനം നല്‍കി.
'നിങ്ങളുടെ ഒരുപാട് സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. തന്റെ അഭിനയം ഗംഭീരമാണ്.'
ആബേലച്ചന്‍ അമ്പിളിച്ചേട്ടനെ അഭിനന്ദിച്ചു സംസാരിച്ചുകൊണ്ടിരുന്നു. ജഗതി ശ്രീകുമാറിന്റെ എല്ലാ സിനിമകളും കണ്ടിട്ടുള്ള ആരാധകനെന്നകണക്കെയുള്ള ആബേലച്ചന്റെ വാക്ചാതുര്യം കേട്ട് ഞാനമ്പരന്നുനിന്നു.

'നല്ല കഥാപാത്രങ്ങള്‍ ഇനിയും അഭിനയിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ...' എന്നു പറഞ്ഞ് ജഗതി ശ്രീകുമാറിന്റെ തോളത്ത് സ്നേഹത്തോടെ തൊട്ടുതലോടിയും ആബേലച്ചന്‍ അനുമോദനങ്ങളും ആശംസകളും വാരിവിതറിക്കൊണ്ടിരുന്നു. ആ മുറിയില്‍വെച്ചുതന്നെ അമ്പിളിച്ചേട്ടനു ചായ നല്‍കിയും അച്ചന്‍ സത്കരിച്ചു. 

പിന്നീട് കലാഭവന്‍ മുഴുവന്‍ ജഗതി ശ്രീകുമാറിനോടൊപ്പം നടന്ന് പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കാണിച്ചുകൊടുത്തു. അദ്ദേഹത്തെ കലാഭവന്റെ സ്റ്റുഡിയോയ്ക്ക് അകത്തും കയറ്റി, അവിടുത്തെ സജ്ജീകരണങ്ങളെല്ലാം വിശദീകരിച്ചുകൊടുത്തു. പിന്നീട് കാറിനരികെ വരെ ഒപ്പം എത്തി വളരെ 
സ്നേഹത്തോടെ, ആദരവോടെ ജഗതി ശ്രീകുമാര്‍ എന്ന അതുല്യ കലാകാരനെ കലാഭവനില്‍നിന്നും യാത്രയാക്കി. 

അതാണ് ആബേലച്ചന്‍..!

കലാഭവന്റെ നേതൃത്വത്തില്‍ മിമിക്സ് പരേഡ് ആരംഭിക്കുന്നത് 1981- ലാണ്. ഉദ്ഘാടനത്തിനുശേഷം കേരളത്തിലങ്ങോളമിങ്ങോളം ധാരാളം പ്രോഗ്രാമുകള്‍ ലഭിച്ചിരുന്നുവെങ്കിലും കേരളത്തിനു പുറത്ത് ആദ്യമായി അവസരം ലഭിച്ചത് 1983-ലെ വിഷുക്കാലത്താണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഓഡിറ്റോറിയമായ ബോംബെ സയണിലുള്ള ശ്രീഷണ്‍മുഖാനന്ദാ ഫൈന്‍ ആര്‍ട്സ് ഹാളിലായിരുന്നു ഞങ്ങളെ മിമിക്സ് പരേഡ് അവതരിപ്പിക്കാനായി ക്ഷണിച്ചിരുന്നത്. 

സിദ്ദിഖ്, ലാല്‍, അന്‍സാര്‍, സൈനുദ്ദീന്‍, കെ.എസ്. പ്രസാദ്, സൗണ്ട് ഓപ്പറേറ്റര്‍ വര്‍ഗീസ് ചേട്ടന്‍, സ്റ്റേജ് ആന്‍ഡ് ലൈറ്റ് ക്രമീകരണങ്ങള്‍ നടത്തിയിരുന്ന ശൈലന്‍ എന്നിവരോടൊപ്പം ഞാനുമടങ്ങുന്ന സംഘം എറണാകുളത്തുനിന്നും ട്രെയിനിലാണ് ബോംബെയ്ക്കു തിരിച്ചത്. രണ്ടു ദിവസമെടുത്ത ആ യാത്രതന്നെ എല്ലാവര്‍ക്കും പുതിയ അനുഭവമായിരുന്നു.

ഷണ്‍മുഖാനന്ദാ ഫൈന്‍ ആര്‍ട്സ് ഹാളില്‍ 1983 ഏപ്രില്‍ 14നായിരുന്നു കലാഭവന്റെ മിമിക്‌സ് പരേഡ് പ്രോഗ്രാം നടന്നത്. മലയാളി സംഘടനയുടെ നേതൃത്വത്തില്‍ ടിക്കറ്റ് വെച്ചു നടത്തിയ മിമിക്സ് പരേഡിന്റെ ആദ്യപരിപാടിതന്നെ വന്‍വിജയമായിരുന്നു. പിന്നീടുള്ള ഇടവിട്ട ദിവസങ്ങളിലായിരുന്നു, അതേ ഹാളില്‍ പ്രോഗ്രാം നടത്താനായി ക്രമീകരിച്ചിരുന്നത്.

ഹാളിനോടു ചേര്‍ന്നുതന്നെയുള്ള സൗകര്യപ്രദമായ മുറികളിലായിരുന്നു ഞങ്ങളുടെ താമസവും ഒരുക്കിയിരുന്നത്. ആവശ്യത്തിനു മുറികള്‍ ഞങ്ങള്‍ക്ക് അനുവദിച്ചിരുന്നെങ്കിലും മിക്കപ്പോഴും എല്ലാവരും ഒരു മുറിയില്‍തന്നെ കമ്പനിയടിച്ച് സൗഹൃദം ആഘോഷമാക്കി കഴിയുകയായിരുന്നു പതിവ്. പ്രോഗ്രാമില്ലാതിരുന്ന ഒരു ദിവസം ഞങ്ങളെല്ലാവരും മുറിയില്‍ വെടിവട്ടവുമായി ഇരിക്കുമ്പോള്‍ അന്‍സാറിന്റെയും പ്രസാദിന്റെയുമൊപ്പം എറണാകുളം മഹാരാജാസില്‍ പഠിച്ച മുംബൈയില്‍ താമസമാക്കിയ മലയാളിയായ ബാലചന്ദ്രന്‍ ഞങ്ങളെ കാണാനെത്തി. എല്ലാവരുമായി സൗഹൃദസംഭാഷണം നടത്തവേയാണ് ബാലചന്ദ്രന്‍ ഞങ്ങളെയാകെ ത്രില്ലടിപ്പിക്കുന്ന ആ വിവരം അവിടെ പറഞ്ഞത്.
 
തൊട്ടപ്പുറത്തെ ഹാളിലെ സ്റ്റേജില്‍ നടക്കുന്ന സംഗീതപരിപാടിയുടെ റിഹേഴ്സല്‍ ക്യാമ്പില്‍ ഇന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനും പങ്കെടുക്കുന്നുണ്ടെന്ന വിവരമാണ് ബാലചന്ദ്രന്‍ അവിടെ പങ്കുവെച്ചത്.

ഷോലെ, ദീവാര്‍, കഭി കഭി, അമര്‍ അക്ബര്‍ ആന്റണി, ത്രിശൂല്‍, ഡോണ്‍, മിസ്റ്റര്‍ നട്​വർലാല്‍ തുടങ്ങി എത്രയോ ചിത്രങ്ങള്‍ എറണാകുളത്തെ തിയേറ്ററുകളില്‍ മഴയും വെയിലും കൊണ്ട് ജനസഞ്ചയത്തിന്റെ ഇടിയും തള്ളും വകവെക്കാതെ പോയി കണ്ട് കൈയടിച്ച് ആസ്വദിച്ചു കണ്ട ചരിത്രമുള്ള ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത് വന്‍ ലോട്ടറിയാണ് എന്ന തിരിച്ചറിവിന്റെ ആഹ്ലാദനിറവിലായിരുന്നു എല്ലാവരും. എല്ലാവര്‍ക്കും ദൂരെ നിന്ന് അമിതാഭ് ബച്ചനെ കാണണമെന്ന് ആഗ്രഹമായിരുന്നെങ്കില്‍ എനിക്കങ്ങനെ ആയിരുന്നില്ല. നേരില്‍ അടുത്തു പോയി പരിചയപ്പെടണമെന്ന എന്റെ ആഗ്രഹം സിദ്ദിഖും സംഘാംഗങ്ങളും എങ്ങനെയോ തിരിച്ചറിഞ്ഞു. അവര്‍ അല്‍പ്പം ആശങ്കയിലായി. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഒട്ടും പേടിയില്ലാത്ത ഒരു തന്റേടം അന്നൊക്കെ എനിക്കുണ്ടായിരുന്നു. എന്തിനും ഏതിനും ആദ്യം മുന്നിട്ടിറങ്ങുന്ന പ്രകൃതം ചില അവസരങ്ങളില്‍ ആബേലച്ചനെയും കൂട്ടുകാരെയും വിഷമവൃത്തത്തിലാക്കിയിരുന്നു.

ആദ്യം ചാടിയെഴുന്നേറ്റുനിന്ന ഞാന്‍ ഉത്സാഹത്തോടെ 'നമുക്ക് അമിതാഭ് ബച്ചനെ ഇപ്പോള്‍തന്നെ കാണണം,' എന്നു പറഞ്ഞപ്പോഴേ എന്റെ എടുത്തുചാടുന്ന സ്വഭാവമറിയാവുന്ന സിദ്ദിഖ് വിലക്കാന്‍ ശ്രമിച്ചു.

'നീ അങ്ങോട്ടുപോയാല്‍ പ്രശ്നമാകും റഹ്‌മാനേ, നമ്മുടെ നാടല്ല, പിന്നെ കനത്ത സെക്യൂരിറ്റിയുമുണ്ടാകും.'

സിദ്ദിഖിന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാതെ ഞാനെന്റെ സ്ഥിരം ലൈനില്‍ നിന്നു പറഞ്ഞു: 'അതൊന്നും പ്രശ്നമല്ല. ഞാനേതായാലും അമിതാഭ് ബച്ചനെ കാണാന്‍ പോകുകയാണ്.'

എന്റെ സ്വഭാവമറിയാവുന്ന സിദ്ദിഖ് ഇനി എന്തൊക്കെ പുകിലാണ് ഉണ്ടാകാന്‍ പോകുന്നതെന്ന ചിന്തയില്‍ തലയില്‍ കൈവെച്ച് നിന്നു.
ആ സമയങ്ങളില്‍ എന്റെ വേഷവിധാനത്തിലും ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. കാവി നിറത്തിലുള്ള മുണ്ടും കാവി ജുബ്ബയുമായിരുന്നു വേഷം. നീണ്ടുവളര്‍ന്ന മുടിയും താടിയുമുണ്ടായിരുന്ന എന്നെ കണ്ടാല്‍ ആദ്യ നോട്ടത്തില്‍തന്നെ ഒരു സ്വാമിയാണെന്നു തോന്നുമായിരുന്നു. എന്നെ അറിയാവുന്നവര്‍ക്ക് ഈ വേഷവും എന്റെ സ്വഭാവവും ചേര്‍ത്തുവെച്ച് നോക്കുമ്പോള്‍ ഒരു കുഴപ്പക്കാരനെന്ന ഫീല്‍ തോന്നിയിരുന്നുവെന്നതാണ് സത്യം.
ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനെ നേരില്‍ കാണാനായി മുറിയില്‍നിന്നിറങ്ങി തൊട്ടടുത്തുള്ള റിഹേഴ്സല്‍ നടക്കുന്ന സെന്‍ട്രല്‍ ഹാളിലേക്കു ആത്മവിശ്വാസത്തോടെ ഞാന്‍ നടന്നു. പിന്നാലെ ലാലും സൈനുദ്ദീനും അന്‍സാറും പ്രസാദും അതിനും പിന്നില്‍ സിദ്ദിഖും. ഹാളില്‍നിന്നും ഷാന്‍ എന്ന ചിത്രത്തിലെ 'ജാനു മേരി ജാന്‍' എന്ന പ്രശസ്ത ഗാനത്തിന്റെ ഈരടികളും മ്യൂസിക്കും കേള്‍ക്കുന്നുണ്ടായിരുന്നു. ആകാംക്ഷ അതിരുകടന്നു. ഹാളിലെ പ്രധാന വാതിലിനടുത്തെത്തി നേരെ സ്റ്റേജിലേക്കു നോക്കി. ജീവിതത്തിലെ മറക്കാനാവാത്ത കാഴ്ചയായി അത് ഇന്നും മനസ്സില്‍ മുദ്രിതമായിരിക്കുന്നു. മൈക്കുമേന്തി ഷണ്‍മുഖാനന്ദാ ഹാളിന്റെ വലിയ സ്റ്റേജില്‍ ഓര്‍ക്കസ്ട്രയുടെ നടുവില്‍ നിന്ന് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ സംഗീതപ്രോഗ്രാമിനായി പരിശീലനം നടത്തുന്നു! 

കാഴ്ച കണ്ടുകൊണ്ടുതന്നെ ഞാന്‍ മുന്നോട്ടു നടന്നു. സ്റ്റേജിന്റെ ഒത്ത നടുക്കു നിന്നിരുന്ന അമിതാഭ് ബച്ചന്‍ വലിയൊരു അടയ്ക്കാമരം പോലെ തോന്നിച്ചു. പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ഒപ്പം വന്നവരെയൊന്നും കാണാനില്ല. സിദ്ദിഖ് മാത്രം ഹാളിന്റെ ഏറ്റവും പിന്‍നിരയിലെ ബഞ്ചില്‍ ചിന്താധീനനായി, ഗൗരവത്തോടെ സ്റ്റേജിലേക്കു നോക്കി ഇരിപ്പുണ്ട്. അവനെന്താണാവോ ഇത്ര ഗഹനമായി ചിന്തിക്കുന്നതെന്ന് പിടികിട്ടിയില്ല. എന്താണെങ്കിലും അമിതാഭ് ബച്ചനെ കണ്ടേതീരൂ എന്ന തീരുമാനത്തിലുറച്ച് സ്റ്റേജിനടുത്തു നിന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ അരികിലേക്കു നടന്നു. അപ്പോഴേക്കും റിഹേഴ്സലിന്റെ ഇടവേളയില്‍ അമിതാഭ് ബച്ചന്‍ സ്റ്റേജിന്റെ തൊട്ടപ്പുറത്തുള്ള കസേരയിലേക്കു പോയി ഇരിപ്പുറപ്പിച്ചിരുന്നു.

ധൈര്യം സംഭരിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ മുന്നിലെത്തി എനിക്കറിയാവുന്ന ഹിന്ദിയില്‍ കാര്യം പറഞ്ഞ് അവതരിപ്പിച്ചു. കലാഭവന്‍ എന്ന വലിയൊരു സ്ഥാപനത്തിലെ മിമിക്രി ആര്‍ട്ടിസ്റ്റാണ് ഞാനെന്നും ഇതേ ഹാളില്‍ പ്രോഗ്രാം അവതരിപ്പിക്കാനെത്തിയതാണെന്നും ഒക്കെ പറഞ്ഞ് ഫലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അമിതാഭ് സാറിനെ കാണണമെന്നും പറഞ്ഞ് മനസ്സിലാക്കി. കാവി വസ്ത്രധാരിയായ ആളെ കണ്ട് ആദ്ധ്യാത്മികകാര്യങ്ങളില്‍ വിഹരിക്കുന്ന ഏതോ ഗുരുജിയാണെന്നോ മറ്റോ തെറ്റിദ്ധരിച്ച സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ എനിക്ക് അല്‍പ്പം ബഹുമാനമൊക്കെ തന്നു. ഒരല്‍പ്പം കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹം സ്റ്റേജില്‍ കയറി അമിതാഭ് ബച്ചന്റെ അരികിലെത്തി എന്റെ നേരെ കൈ ചൂണ്ടിക്കാണിച്ച് വിവരം പറയുന്നത് ആകാംക്ഷയോടെ കണ്ടുനിന്നു. അവിടെയിരുന്നുകൊണ്ടുതന്നെ അമിതാഭ് ബച്ചന്‍ കൈവീശി എന്നോട് അടുത്തേക്കു വരാന്‍ ആവശ്യപ്പെട്ടു. ശരിക്കും ഞാന്‍ പരിഭ്രാന്തനായത് അപ്പോഴാണ്. ആത്മവിശ്വാസം കാട്ടി ചാടിയിറങ്ങിയെങ്കിലും ഇത്രയും വലിയൊരു വ്യക്തിത്വത്തെ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ ഹൃദയമിടിപ്പ് കൂടിയെന്നതാണ് സത്യം.

രണ്ടും കല്‍പ്പിച്ച് സ്റ്റേജില്‍ കയറി അമിതാഭ് ബച്ചന്റെ അരികിലെത്തി. എഴുന്നേറ്റുനിന്ന അമിതാഭ് ബച്ചന്റെ ഏതാണ്ട് പകുതി പൊക്കമേ എനിക്കു തോന്നിച്ചുള്ളൂ. അദ്ദേഹം കൈ നീട്ടി. വിറയ്ക്കുന്ന കൈകളോടെ ഞാനാ സൂപ്പര്‍ സ്റ്റാറിന്റെ ഹസ്തദാനം സ്വീകരിച്ചു. കലാഭവന്റെ ആര്‍ട്ടിസ്റ്റാണ് ഞാനെന്ന്, ഹിന്ദിയും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തിപ്പറഞ്ഞ എന്റെ തോളത്തു തട്ടി ബച്ചന്‍, സ്‌ക്രീനില്‍ മാത്രം മുഴങ്ങിക്കേട്ട ഘനഗംഭീര ശബ്ദത്തില്‍ പറഞ്ഞു,
'വെരി ഗുഡ്... ഓള്‍ ദി ബെസ്റ്റ്.' ഇതെല്ലാം ശരിക്കും നടക്കുന്നതാണോ, അതോ സ്വപ്നമാണോ എന്നൊക്കെ ചിന്തിച്ച് തല മുകളിലേക്കുയര്‍ത്തി തേജസ്സാര്‍ന്ന അമിതാഭ് ബച്ചനെ നോക്കിക്കൊണ്ടുതന്നെ ഞാന്‍ നിന്നു. ഇന്നത്തെ കാലത്ത് വല്ലതുമായിരുന്നു ഈ കൂടിക്കാഴ്ചാരംഗങ്ങള്‍ നടന്നതെങ്കില്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അപ്പോഴേ സോഷ്യല്‍ മീഡിയായില്‍ അപ്ലോഡ് ചെയ്ത് വൈറലായി മാറിയേനേ എന്നുറപ്പാണ്.
ആഗ്രഹിച്ചപോലെ അമിതാഭ് ബച്ചനെ അടുത്തുകണ്ട് സംസാരിച്ച്, ഹസ്തദാനവും വാങ്ങിയ ഗര്‍വ്വില്‍ ഞാന്‍ സ്റ്റേജില്‍നിന്നിറങ്ങി ഹാളിലൂടെ നടന്നുനീങ്ങിയപ്പോള്‍ നേരത്തെ മുങ്ങിയ സംഘാംഗങ്ങള്‍ മുന്നില്‍ പൊങ്ങി.

'നിങ്ങളെന്ത് പരിപാടിയാ കാണിച്ചത്?', 'എന്നെ ഒറ്റയ്ക്കാക്കി പോയത് ഒട്ടും ശരിയായില്ല,' തുടങ്ങിയ പരാതികള്‍ ഞാന്‍ കെട്ടഴിച്ചു. അപ്പോഴും സിദ്ദിഖ് ഹാളിലെ പിന്‍ബെഞ്ചില്‍ ചിന്താമഗ്‌നനായി ഇരിപ്പുണ്ടായിരുന്നു. ഇതു കണ്ട ലാല്‍, സിദ്ദിഖിന്റെ അടുത്തെത്തി ചോദിച്ചു:'എന്താ മാഷേ..? എന്തുപറ്റി?' (മുമ്പ് പുല്ലേപ്പടി ദാറുല്‍ ഉലും ഹൈസ്‌കൂളില്‍ എല്‍.ഡി. ക്ലാര്‍ക്കായി ജോലിചെയ്തിരുന്ന സിദ്ദിഖിനെ പല സമയത്തും ലാല്‍ മാഷെ എന്നായിരുന്നു വിളിച്ചിരുന്നത്.)

ഗൗരവഭാവത്തിലിരുന്നുതന്നെ സിദ്ദിഖ് എന്റെ നേരെ തല തിരിച്ചുവെച്ച് മറുപടി പറഞ്ഞു, 'അല്ലെടാ... ഞാനീ റഹ്‌മാന്റെ മയ്യത്ത് ബോംബേന്ന് എങ്ങനെ ആലുവയിലെ വീട്ടിലേക്കു കൊണ്ടുപോകും എന്നാലോചിച്ച് ഇരുന്നതാ. ഇവനാ സെക്യൂരിറ്റിയുടെ അടുത്തു പോയി എന്തെങ്കിലും വിവരക്കേട് ചോദിക്കും, അവര് എതിര്‍ക്കും, പിന്നെ പ്രശ്നമാകും. റഹ്‌മാന്‍ വടിയാകും...'

സിദ്ദിഖിന്റെ കൗണ്ടര്‍ വലിയൊരു പൊട്ടിച്ചിരിയായി മാറി.